സി. പി. ഉണ്ണികൃഷ്ണന്‍

January 17, 2013

നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിന്‍റെ  വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്.

നല്ലപോലെ വിടർന്ന പൂക്കൾ അവയുടെ ചെറിയ തണ്ട് (ഞെട്ടി/ഞെട്ട്) പോകാതെ പറിച്ചെടുക്കുക. ഓരോ പൂവിന്റെയും വിത്തുണ്ടാകുന്ന വെളുത്തഭാഗവും (ഓവറി) അതിനുതൊട്ടുതാഴെയുള്ള പച്ചനിറത്തിലുള്ള അല്പം ഭാഗവും മാത്രം വേർപെടുത്തിയെടുക്കുക. ഈ ഭാഗം, നല്ലപോലെ വൃത്തിയാക്കിയ ഉള്ളംകയ്യിൽവച്ച്, മുറകയ്യിന്റെ ചൂണ്ടാണിവിരൽകൊണ്ട് മൃദുവായി തിരുമ്മുക. കയ്യിലുള്ള ഉരുണ്ട വസ്തു കൂടുതൽ മൃദുവായി മാറിക്കൊണ്ടിരിക്കും. അവസാനം, അത് കറുത്ത്, ഞെക്കിയാൽ പൊട്ടാതെ, അമരുന്ന പാകത്തിലാവും. (പോട്ടാതിരിക്കുവാനാണ് ‘പച്ചനിറത്തിലുള്ള അല്പം ഭാഗവും’ ചേർത്തെടുക്കുന്നത്. പോട്ടിയാൽ ചെറിയ വിത്തുകൾ പുറത്തേക്കുവരും. പിന്നെ, ബാക്കിഭാഗം തിരുമ്മിയിട്ടു കാര്യമില്ല). ഈ അവസ്ഥയിൽ തിരുമ്മിയവിരൽ കണ്ണിൽ തൊട്ടാൽ കുറച്ചെങ്കിലും ചുവക്കും. ആവശ്യമെങ്കിൽ, അപ്പോൾതന്നെ ഉപയോഗിക്കാം. അല്ലെങ്കിൽ നല്ലപോലെ ഉണങ്ങിയ വെളുത്ത പരുത്തിത്തുണിയിൽ പൊതിഞ്ഞു സൂക്ഷിക്കാം. ദീർഘകാലം സൂക്ഷിക്കുവാനാണെങ്കിൽ കുറച്ച് പശുവിൻനെയ്യിൽ, വൃത്തിയാക്കിയ,  (കുപ്പി, സ്റ്റീല്‍ , പിച്ചള) പാത്രത്തിൽ സൂക്ഷിച്ചുവയ്ക്കാം.

വേഷത്തിന്റെ മുഖത്തെ അണിയലെല്ലാം കഴിഞ്ഞശേഷം ചുണ്ടപ്പൂവ് (പുഷ്പത്തിന്റെ ഒരുചെറിയ ഭാഗം മാത്രമണെങ്കിലും ‘ചുണ്ടപ്പൂവ്’ എന്നാണ് പറയാറുള്ളത്) കണ്ണിലിടാം. സൂക്ഷിച്ചിരിക്കുന്ന പൂവ് വലുതാണെങ്കിൽ അത് ആവശ്യാനുസരണം മുറിക്കാം. നല്ലപോലെ തിരുമ്മിയ നല്ല പൂവാണെങ്കിൽ, വളരെ ചെറിയ ഭാഗം മതിയാവും; മൊട്ടുസൂചിയുടെ തലപ്പിനോളം തന്നെ വേണമെന്നില്ല. രണ്ട് കണ്ണിലേക്കു ആവശ്യമുള്ള രണ്ടെണ്ണം ഉള്ളംകയ്യിൽവച്ച് അല്പം വെള്ളംചേർത്ത് മൃദുവായി തിരുമ്മുക. കുറച്ചു സമയം മതി. പൂവ് കട്ടിയായിട്ടുണ്ടെങ്കിൽ അത് മൃദുവാകാനും, നെയ്യിന്റെ അംശമുണ്ടെങ്കിൽ അത് മാറ്റുവാനും വേണ്ടിയാണ് തിരുമ്മുന്നത്. ചൂണ്ടാണി വിരൽതുമ്പിൽ പൂവെടുത്ത് കണ്ണിന്റെ വെള്ളയിൽ വെച്ച്, താഴത്തെ കൺപോളയുടെ പീലികൾ പതുക്കെ പുറത്തേക്കു വലിച്ച്, ദൃഷ്ടി താഴേക്കാക്കിയാൽ ചുണ്ടപ്പൂവ് താഴത്തെ കൺപോളയ്ക്കുള്ളിൽ എത്തും. കണ്ണുകൾ അടച്ച്, കുച്ചുനേരം കണ്ണുകൾ വട്ടത്തിൽ ചുറ്റിച്ചാൽ ചുവന്നു തുടങ്ങും. ക്രമത്തിൽ നിറം വർദ്ധിച്ച്, മറ്റ് ആഭരണമെല്ലാം ധരിച്ച് അരങ്ങത്തെത്തുമ്പോഴേക്കും കടുത്ത ചുവപ്പുനിറത്തിലെത്തും.

ചുണ്ടയടങ്ങുന്ന സസ്യകുടുംബത്തിൽ ‘ആൽക്കലോയ്ടുകൾ’ എന്ന രാസവസ്തു ധാരാളമുണ്ട്. അവ രക്തക്കുഴലുകളിലൂടെയുള്ള പ്രവാഹം കൂടുതൽ ശക്തമാക്കുന്നു; രക്തക്കുഴലുകളെ അല്പം വിസിപ്പിക്കുന്നു. ഇത്രയും വസ്തുതകൾ മുൻ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

അടുത്തകാലത്ത് സി. പി. ഉണ്ണിക്കൃഷ്ണനും ഡോ. ശശികുമാറും (ചൈതന്യ ഹോസ്പിറ്റൽ, രവിപുരം, എറണാകുളം) നടത്തിയ പ്രാഥമിക പഠനത്തിന്റെ ഫലമായി ഏതാനും വസ്തുതകൾ അറിയുവാൻ കഴിഞ്ഞു. കണ്ണിന്റെ പുറത്തുള്ള നേർത്ത സുതാര്യമായ പാടപോലെയുള്ള രണ്ട് ഭാഗങ്ങളിൽ, നഗ്‌നനേത്രങ്ങൾകൊണ്ട് മുഴുവനും കാണുവാൻ സാധിക്കാത്ത ധാരാളം വളരെ ചെറിയ രക്തക്കുഴലുകളുണ്ട്. ചുണ്ടപ്പൂവിടുന്നതിന്റെ ഫലമായി ആ രക്തക്കുഴലുകൾ കൂടുതൽ പ്രകടമാകുന്നു. ഇതാണ് കണ്ണ് ചുവക്കുവാൻ കാരണം. ജൈവരസതന്ത്ര സിദ്ധാന്തമനുസരിച്ച് ചുണ്ടയിലുള്ള ‘അട്രോപിൻ’ എന്ന രാസവസ്തു, കൃഷ്ണമണിയുടെ നടുവിലുള്ള പ്രകാശം കടത്തിവിടുന്ന ചെറിയ ദ്വാരത്തിന്റെ (പ്യൂപിൾ) വലുപ്പം കൂട്ടേണ്ടതാണ്. അപ്രകാരം സംഭവിച്ചാൽ കണ്ണിന്റെ സൂക്ഷ്മമായി കാണുവാനുള്ള ശേഷി (ഫോക്കസിങ്) താൽക്കാലികമായി തടസ്ഥപ്പെടും. കുറച്ചു ദിവസങ്ങൾക്കുശേഷമേ അത് ശരിയാവുകയുള്ളൂ.  എന്നാൽ, ചുണ്ടപ്പൂവുപയോഗിക്കുന്നവരാരും പ്രസ്തുത അവസ്ഥയുണ്ടായതായി പറയാറില്ല. ചുണ്ടപ്പൂവിട്ടാല്‍ ‘പ്യൂപിൾ’ വികസിക്കുന്നല്ല എന്നും, കണ്ണിന്റെ സമ്മർദ്ദം വർദ്ധിക്കുന്നില്ല എന്നുമാണ് കണ്ടെത്തിയത്. ഭൌതികശാസ്ത്രസമ്മതങ്ങളായ ഗവേഷണ പദ്ധതികളിലൂടെയുള്ള പഠനങ്ങൾ തുടരുന്നുണ്ട്.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder