‘കാലം കുറഞ്ഞെങ്കിലുമെത്ര ദീര്‍ഘം!’: തിരനോട്ടത്തിന്റെ തൌര്യത്രികം ശില്പശാല

മനോജ് കുറൂര്‍

April 5, 2012 

തിരനോട്ടം ദുബായില്‍ സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയില്‍ ഞാനും കൂടണം എന്ന് ഇരിങ്ങാലക്കുട അനിയേട്ടന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചെങ്കിലും പരിപാടിയുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അല്പം പരിഭ്രമമായി. ഒന്നാമത് വിദേശം. എനിക്കാണെങ്കില്‍ വേണു വി. ദേശം എന്ന കവിയെയല്ലാതെ മറ്റു പരിചയമില്ല. ഓരോ കഥകളി അവതരണത്തിനും‌മുന്‍പ്  ആമുഖമായി സംസാരിക്കുക, കളി നടക്കുമ്പോള്‍ത്തന്നെ വിവരണം നല്‍കുക, അവതരണത്തിനു ശേഷമുള്ള ചര്‍ച്ചയ്ക്ക് മോഡറേറ്റര്‍ ആയി പ്രവര്‍ത്തിക്കുക എന്നിവയാണ് എന്റെ ചുമതലകള്‍. പിന്നെ പീശപ്പിള്ളി രാജീവന്‍, ഏറ്റുമാനൂര്‍ കണ്ണന്‍, കലാമണ്ഡലം മനോജ് എന്നീ നടന്മാരാണ് ഒപ്പമുള്ളത്. അരങ്ങത്ത് ആംഗികം മാത്രമേ ഉള്ളൂ എങ്കിലും അതിനു മുന്‍പും പിന്‍പുമുള്ള സദസ്സുകളില്‍ വാചികത്തില്‍ പണ്ടേ കഴിവു തെളിയിച്ചവര്‍. അവരുടെ സാന്നിധ്യത്തില്‍ വേണം ഞാന്‍ സദസ്സിനെ കൈകാര്യം ചെയ്യാന്‍! ശില്പശാലയില്‍ പങ്കെടുക്കുന്നതിനു കുട്ടികളുമുണ്ട്. പ്രധാനമായും അവരെ ഉദ്ദേശിച്ചുവേണം സംസാരിക്കാന്‍. എങ്ങനെയാവുമെന്ന് ഒരു നിശ്ചയവുമില്ല. പോകും‌മുന്‍പുതന്നെ അനിയേട്ടനോടും പ്രൌഢമായും ലളിതമായും  സദസ്സറിഞ്ഞു സംസാരിക്കുന്നതില്‍ക്കൂടി വിദഗ്ധനായ രാജാനന്ദേട്ടനോടും സംസാരിച്ച് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കി.  അതായത് ധാരണയൊക്കെയുണ്ടായി. പക്ഷേ അതൊക്കെ ചെയ്യുക എന്നതാണല്ലൊ എനിക്കു പ്രശ്നം!

പിന്നെ, കൂടെയുള്ളവരെല്ലാവരും മറ്റു നാടുകള്‍ ഈ നാടിനെക്കാള്‍ പരിചയമുള്ളവര്‍. പാട്ടിനു കലാമണ്ഡലം ജയപ്രകാശും സദനം ജ്യോതിഷ് ബാബുവും. ചെണ്ടയ്ക്കു കലാമണ്ഡലം നന്ദകുമാറും മദ്ദളത്തിനു കലാമണ്ഡലം വേണുവും. അണിയറ പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍. ഷാര്‍ജയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നെങ്കിലും നാട്ടില്‍ മികച്ച കലാകാരനെന്നു പേരെടുത്ത നീലം‌പേരൂര്‍ ജയന്‍ ആണു ചുട്ടി. പറഞ്ഞുവന്നത്, സ്വന്തം മേഖലയില്‍ പണ്ടേ കഴിവു തെളിയിച്ച ഇവരോടൊപ്പം എന്നെ ഏല്‍പ്പിച്ച കാര്യം എങ്ങനെ ഭംഗിയാക്കും എന്ന എന്ന ഉത്കണ്ഠയായിരുന്നു എപ്പോഴും. പിന്നെ എന്നെക്കൊണ്ടു സാധിക്കില്ല എന്നു ഞാന്‍ തീരുമാനിച്ചിട്ടുള്ള പലതും എന്നെ വിശ്വസിച്ച് ഏല്പിച്ചിട്ടുള്ള പല സാഹസികരുമുണ്ട്. എന്റെ സംസാരരീതിയൊക്കെ നന്നായി അറിയുന്ന അനിയേട്ടനും അവരില്‍ ഒരാളായതില്‍ അദ്ഭുതവും തോന്നി! പരിപാടിക്കുമുന്‍പ് ചാറ്റില്‍ കാണുമ്പോഴൊക്കെ തിരനോട്ടത്തിന്റെ അവിടുത്തെ സംഘാടകന്‍ രമേശന്‍ നമ്പീശന്‍ പങ്കുവച്ച മാനം മുട്ടുന്ന പ്രതീക്ഷകള്‍ കൂടി കേട്ടപ്പോള്‍ പരിഭ്രമം ഇരട്ടിയായി എന്നു പറഞ്ഞാല്‍ മതിയല്ലൊ.

കൂടെയുള്ളവരെയല്ലാതെ അവിടെ ആരെയും പരിചയമില്ല. എങ്കിലും കൊച്ചി വിമാനത്താവളം മുതല്‍ കഥകളിക്കാര്‍ കൂടെയുള്ളത് വലിയ ആശ്വാസമായി. ഒരേ ഗോത്രമാണല്ലൊ എന്ന ഒരു ധൈര്യം. വളരെ ആഹ്ലാദകരമായ ഒരു യാത്ര. അങ്ങനെ ഷാര്‍ജ വിമാനത്താവളത്തിലെത്തി. പിന്നെ തിരനോട്ടം പ്രവര്‍ത്തകനായ പ്രദീപേട്ടന്റെ വീട്ടില്‍ കാപ്പി. രാമു, സുനില്‍, ശ്രീരാമേട്ടന്‍, രമ ശ്രീരാമന്‍ എന്നിങ്ങനെ തിരനോട്ടം പ്രവര്‍ത്തകരില്‍ പലരെയും അവിടെവച്ചു പരിചയപ്പെട്ടു. തുടര്‍ന്ന് ഡ്യൂണ്‍സ് എന്ന ഹോട്ടലിലെ മൂന്നു മുറികളിലായി താമസം. ഇടയ്ക്ക്  ജയപ്രകാശും ഞാനുംകൂടി ബിജു മേനോന്‍ എന്ന സുഹൃത്തിന്റെ വണ്ടിയില്‍ മീഡിയ സിറ്റി വരെ ഒന്നു പോയി. ഒരു എഫ്. എം. റേഡിയോയില്‍ അഭിമുഖത്തില്‍ പങ്കെടുക്കാന്‍. ജയപ്രകാശ് ചില കഥകളിപ്പദങ്ങള്‍ പാടി. ഞാന്‍ തിരനോട്ടം പരിപാടികള്‍ വിശദീകരിച്ചു. വൈകീട്ട് മുറിയില്‍ തിരനോട്ടം പ്രവര്‍ത്തകരെത്തി. ശില്പശാലയെക്കുറിച്ച് വിശദമായി സംസാരിച്ചു. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മലയാളം അറിയുമോ, കഥകളിയില്‍ പ്രചാരത്തിലുള്ള കഥകളറിയുമോ, കഥകളി സങ്കേതങ്ങളെക്കുറിച്ചു സംസാരിച്ചാല്‍ മനസ്സിലാവുമോ എന്നൊക്കെയുള്ള ശങ്കകള്‍ വീണ്ടും കൂടി. എങ്കിലും ആ വെല്ലുവിളികള്‍ക്ക് അത്തരം സദസ്സില്‍ സംസാരിക്കുന്നതിന്റെ ഒരു ത്രില്ലും ഉണ്ടാക്കാനായി എന്നതു സത്യം!

29 ആം തീയതി വൈകുന്നേരം പരിപാടികള്‍ തുടങ്ങി. ഞാനും വേണുവും ജയപ്രകാശും ജ്യോതിഷ് ബാബുവും കൂടി കേളി കൊട്ടി. തുടര്‍ന്ന് ഉദ്ഘാടനം. പിന്നെ സന്താനഗോപാലം കഥയ്ക്ക് ആമുഖമായി സംസാരിച്ചു. കുട്ടികളുമായി ഒരടുപ്പം ഉണ്ടാക്കുക, ലളിതമായി വിശദീകരിക്കുക എന്നൊക്കെയുള്ള അത്യാഗ്രഹം മൂലം ആമുഖം കുറച്ചു നീണ്ടുപോയി. ‘കിടതകധിം താം’ എന്ന പ്രവേശനരീതി, ചില താളങ്ങളുടെ ഘടന എന്നിവയൊക്കെ വിശദീകരിച്ചുകൊണ്ട് ഒരു മണിക്കൂറോളം സംസാരിച്ചു. അരങ്ങത്തുപോവാന്‍ നടന്മാര്‍ നേരത്തെതന്നെ വേഷം തീര്‍ന്നിരിക്കുന്നു. ഇയാള്‍ ഇത് എവിടെ നിര്‍ത്തും എന്നും ആകെ ‘കിടതകധിം താം’ ആവുമോ എന്നുമൊക്കെ സംഘാടകര്‍ക്കും സംശയമുണ്ടായിട്ടുണ്ടാവും! എന്തായാലും ഒരു വിധത്തില്‍ ആമുഖം അവസാനിപ്പിച്ചു. കളി തുടങ്ങി.

ഏറ്റുമാനൂര്‍ കണ്ണന്റെ അര്‍ജ്ജുനന്‍, കലാമണ്ഡലം മനോജിന്റെ ശ്രീകൃഷ്ണന്‍, പീശപ്പള്ളി രാജീവന്റെ ബ്രാഹ്മണന്‍. അര്‍ജ്ജുനന്റെ സത്യം വരെ കഥ. കഥകളി തുടങ്ങിയതോടെ ഞാന്‍ രക്ഷപ്പെട്ടു. ഒന്നിനൊന്നു മെച്ചമായ വേഷക്കാര്‍. ഇരുത്തം വന്ന, കരുത്തുള്ള പാട്ടും ഊര്‍ജ്ജമുള്ള മേളവും. സദസ്സ് അവതരണത്തില്‍ ഭ്രമിച്ചു. രസിച്ചു. അവതരണസമയത്ത് സ്റ്റേജിന്റെ താഴെ ഒരു വശത്തു സജ്ജമാക്കിയ സ്ക്രീനില്‍ എല്‍. സി. ഡി. പ്രൊജക്ടര്‍ ഉപയോഗിച്ച് അവതരണഭാഗങ്ങള്‍ എഴുതിക്കാണിക്കുന്നതിലൂടെ വിവരണം എന്ന എന്റെ ചുമതലയും നിര്‍വഹിച്ചുകൊണ്ടിരുന്നു. ആദ്യരംഗത്തില്‍ പദത്തിനുശേഷമുള്ള ആട്ടത്തില്‍ അഭിമന്യുവിന്റെ മരണവും ആ സമയത്തു ശ്രീകൃഷ്ണന്‍ ചെയ്ത സഹായവും ആണ് കണ്ണന്‍ അവതരിപ്പിച്ചത്. തുടര്‍ന്നുള്ള കഥഗതിയുമായി ചേര്‍ന്നുപോകുന്ന ആ ആട്ടം ഭംഗിയായി. അടുത്ത രംഗത്തില്‍ പീശപ്പള്ളി രാജീവന്റെ ബ്രാഹ്മണന്‍ ഭാവാഭിനയത്തിലും സാങ്കേതികമായ തികവിലും മികവു പുലര്‍ത്തി. അര്‍ജ്ജുനനും ബ്രാഹ്മണനും ചേര്‍ന്നുള്ള ആട്ടവും നന്നായി. ബ്രാഹ്മണന്റെ ദു:ഖവും പരിഭ്രമവും അര്‍ജ്ജുനന്റെ ആത്മവിശ്വാസവും തമ്മിലുള്ള ഉരസലാണല്ലൊ ആ ആട്ടത്തിന്റെ നാടകീയതയും ആകര്‍ഷണീയതയും. ഇരുവരും അത് ഭംഗിയായി അവതരിപ്പിച്ചു.

അവതരണത്തിനു ശേഷമുള്ള ചര്‍ച്ചയോടെ ആശങ്കകള്‍ അകന്നു തുടങ്ങി. കുട്ടികള്‍ ശ്രദ്ധിച്ചു കളി കണ്ടു. സംശയങ്ങള്‍ ചോദിച്ചു. മുതിര്‍ന്ന ആസ്വാദകരും അവരുടെ അനുഭവം പങ്കുവച്ചു. വേഷത്തിനു ശേഷം കണ്ണനും രാജീവനും മനോജും കൂടി സംസാരിക്കാന്‍ ചേര്‍ന്നതോടെ ചര്‍ച്ച സജീവമായി. അങ്ങനെ ഒന്നാം ദിവസം കഴിഞ്ഞു. എങ്കിലും സ്ക്രീനില്‍ മലയാളത്തില്‍ എഴുതിക്കാണിക്കുന്നതു മനസ്സിലാവാത്ത കുട്ടികളും ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇംഗ്ലീഷില്‍ത്തന്നെ എഴുതിക്കാണിക്കാം എന്ന തീരുമാനമായി. ഒഴിവുസമയത്തെല്ലാം അതിന്റെ ഒരുക്കങ്ങളായി പിന്നെ. പദങ്ങള്‍ ഇംഗ്ലീഷിലേക്കു മൊഴി മാറ്റി. സന്ദീപിന്റെ ലാപ് ടോപ്പില്‍ അതു ടൈപ്പ് ചെയ്തു ഓരോ സ്ലൈഡ് ആക്കി മാറ്റി. ആട്ടം ലൈവ് ആയിത്തന്നെ പിറ്റേന്ന് നോട്ട് പാഡില്‍ ടൈപ്പു ചെയ്തു കാണിച്ചുകൊണ്ടിരുന്നു. അത് കളി കാണുന്നവര്‍ക്കു സഹായകമായി എന്നു തോന്നുന്നു. അവതരണത്തിനിടയില്‍ മൈക്കിലൂടെ സംസാരിക്കുന്നതില്‍ രണ്ടു പക്ഷമുണ്ടല്ലൊ. ഇങ്ങനെ ലൈവ് ആയി സ്ക്രീനില്‍ കാണിക്കുന്നത്  നാട്ടിലുള്ള കളികള്‍ക്കും ചെയ്യാവുന്നതാണല്ലൊ എന്നു പലരും പിന്നീടു പറഞ്ഞു.

30 നു ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ചയിരുന്നു ശില്പശാല‍. രാവിലെ കീചകവധം തിരനോക്ക്, പതിഞ്ഞ പദം, സൈരന്ധ്രിയുടെ മറുപടി, തുടര്‍ന്നുള്ള ആട്ടം എന്നിവയായിരുന്നു അവതരണഭാഗങ്ങള്‍. കലാമണ്ഡലം മനോജിന്റെ കീചകനും പീശപ്പിള്ളിയുടെ സൈരന്ധ്രിയും. ഒതുക്കവും പ്രൌഢിയുമുള്ള കീചകന്‍. പതിഞ്ഞ പദവും ആട്ടവും നന്നായി. ‘മാലിനീ നീ ചൊന്നൊരു മൊഴിയിതു’ എന്ന പദം രാജീവന്‍ അവതരിപ്പിച്ചതില്‍ ചില പ്രത്യേകതകളുണ്ടായിരുന്നു. ആദ്യഭാഗത്തു ഭയമോ ക്രോധമോ അല്ല, കൌശലവും നയവും ഉപയോഗിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ബുദ്ധിമതിയായിട്ടാണ് സൈരന്ധ്രിയെ അവതരിപ്പിച്ചത്. ആ വ്യാഖ്യാനം നന്നായിട്ടാണ് അനുഭവപ്പെട്ടത്. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ കുട്ടികള്‍ സംശയങ്ങള്‍ വാരിവിതറി. അവതരണഭാഗങ്ങളെക്കുറിച്ചു മാത്രമല്ല, ഒരു കൈയില്‍ മാത്രം നഖമിടുന്നത്, ‘ചിലങ്ക’ ഡാന്‍സില്‍നിന്നു വ്യത്യസ്തമായി മുട്ടിനു താഴെ കെട്ടുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വരെ അവര്‍ ചോദിച്ചുകൊണ്ടിരുന്നു. കണ്ണനും രാജീവനും ഞാനും മറുപടി പറഞ്ഞുകൊണ്ടിരുന്നു. കുട്ടികളുടെ ഉത്സാഹം കലാകാരന്മാര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കി എന്നു പറയേണ്ടതില്ലല്ലൊ.

ഉച്ച കഴിഞ്ഞു കാലകേയവധം ആയിരുന്നു കഥ. ഇന്ദ്രാണിയുമായുള്ള രംഗം, സ്വര്‍ഗവര്‍ണന, ഉര്‍വശി എന്നീ ഭാഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. അഷ്ടകലാശമുള്‍പ്പെടുന്ന ആദ്യരംഗം കണ്ണന്‍ നന്നായി അവതരിപ്പിച്ചു. സ്വര്‍ഗവര്‍ണനയില്‍ പതിവുള്ള ഭാഗങ്ങള്‍ കൂടാതെ ചലനാത്മകമായ ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് കണ്ണന്‍ ശ്രമിച്ചത്. ഐരാവതം ഉച്ചൈശ്രവസ്സിനെ കുളിപ്പിക്കുന്നതായി കാണുന്ന കാഴ്ച ഉദാഹരണം.  കൂടാതെ വിശ്വാവസു എന്ന ഗന്ധര്‍വന്‍ കൃഷ്ണഗീതികളാലപിക്കുമ്പോള്‍ ദേവന്മാര്‍ക്കും സ്ത്രീകള്‍ക്കും ഋഷിമാര്‍ക്കുമുണ്ടാകുന്ന വികാരഭേദങ്ങളും അവതരിപ്പിച്ചു. മിതവും സൂക്ഷ്മവുമായ അവതരണംകൊണ്ട് അര്‍ജ്ജുനവേഷം ശ്രദ്ധേയമായി. പീശപ്പിള്ളിയുടേതായിരുന്നു ഇന്ദ്രാണിയും പിന്നെ ഉര്‍വശിയും. ചിട്ടപ്രധാനമായ രംഗത്ത് മനോധര്‍മ്മാവിഷ്കാരത്തിനുള്ള ഇടം കണ്ടെത്തുന്ന രാജീവന്‍ അനുകരിക്കാവുന്ന ഒരു മാതൃകയാണ്. ചൊല്ലിയാട്ടത്തിന്റെ ഭദ്രതയും വികാരാവിഷ്കാരത്തിനുള്ള കഴിവും ഒത്തുചേര്‍ന്ന ഉര്‍വശി സദസ്സിനെയാണു വശീകരിച്ചത്! പാട്ടും മേളവും ഗംഭീരമായി എന്നുകൂടി പറയാതെ പൂര്‍ണമാവില്ല.

വൈകുന്നേരം തോരണയുദ്ധമായിരുന്നു കഥ. സമുദ്രവര്‍ണന, സമുദ്രലംഘനം, ലങ്കാപ്രവേശം എന്നിവ ഉള്‍പ്പെടുന്ന ആട്ടം.  കലാമണ്ഡലം മനോജിന്റെ ഹനുമാന്‍. രാമന്‍‌കുട്ടി നായരാശാന്റെ ഹനുമാന്‍ എന്റെ ഒരു ദൌര്‍ബല്യമാണ്. മനോജ് പിന്തുടര്‍ന്നത് ആശാന്റെ അവതരണരീതിയാണെന്നു തോന്നി. ആ സമ്പ്രദായം വീണ്ടും കാണാന്‍ കഴിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. മനോജാകട്ടെ തന്റെ വേഷം നന്നായി അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു ചര്‍ച്ച. ഒരേ ദിവസം മൂന്നു പതിഞ്ഞ പദങ്ങള്‍ കാണുകയും ഓരോ അവതരണത്തിനും ശേഷം നിര്‍ത്താതെ സംശയക്കെട്ടുകളഴിക്കുകയും ചെയ്ത കുട്ടികള്‍ ശരിക്കും അദ്ഭുതപ്പെടുത്തി.  കണ്ണനും രാജീവനും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. കുട്ടികളുടെ ചോദ്യത്തെത്തുടര്‍ന്ന് രാജീവന്റെ നര്‍മ്മം കലര്‍ന്ന സംസാരത്തിനൊപ്പമുള്ള നവരസാഭിനയം അവര്‍ ശരിക്കും ആസ്വദിച്ചു.

തിരനോട്ടം പ്രവത്തകരായ സ്വാമിയേട്ടന്‍, കൂടല്ലൂര്‍ നാരായണേട്ടന്‍, എന്നിങ്ങനെ പലരെയും അവിടെ കണ്ടു. നാരായണേട്ടന്‍ തന്ന വെറ്റിലയും അടയ്ക്കയും ജീവന്‍ രക്ഷാ മരുന്നുകള്‍ പോലെ  ഉപകാരപ്പെട്ടു എന്നു പറയാതെവയ്യ! സതീഷ് കുമാര്‍, മനോജ് മേനോന്‍, രഞ്ജിനി നായര്‍, ദീപു, അബുദബിയില്‍‌നിന്നു കാഞ്ഞിരക്കാട് ജയന്‍ ചേട്ടന്‍ എന്നിവരെയും അവിടെ കണ്ടു.

ശില്പശാലയുടെ മൂന്നാം ദിവസം രാവിലെ കുട്ടികള്‍ അണിയറയിലെത്തി മുഖത്തെഴുത്ത്, ആടയാഭരണങ്ങള്‍ എന്നിവ പരിചയപ്പെട്ടു. തുടര്‍ന്ന് സുഭദ്രാഹരണമായിരുന്നു കഥ. പീശപ്പിള്ളി രാജീവന്റെ ബലഭദ്രനും കലാമണ്ഡലം മനോജിന്റെ കൃഷ്ണനും. പദാവതരണവും ആട്ടവും ആകര്‍ഷകമായി. കൃഷ്ണന്‍ നായരാശാന്റെ ചില ആട്ടങ്ങള്‍, ഗോപിയാശാന്റെ ചില നിലകള്‍ എന്നിവ രാജീവന്റെ ബലഭദ്രന്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു. കൊണ്ടും കൊടുത്തുമുള്ള ആട്ടങ്ങളാണ് ആ രംഗത്തിന്റെ ആകര്‍ഷണീയത. അതു നന്നായി നിര്‍വഹിക്കപ്പെട്ടു.

ഉച്ച കഴിഞ്ഞ് മനോജിന്റെ ബകവധത്തില്‍ ആശാരി. നര്‍മ്മം അതിരുവിടാതെ, ഗോഷ്ടികൊണ്ട് വല്ലാതെ അലങ്കോലമാകാതെ പക്വമായ അവതരണം‌കൊണ്ട് ആശാരി ശ്രദ്ധേയമായി. സദസ്സ് നന്നായി രസിച്ചു. എങ്കിലും മുഖത്തെഴുത്തില്‍ ലേശംകൂടി പ്രസന്നത സൂചിപ്പിക്കുന്ന തരത്തില്‍ ഒരല്പം മാറ്റമാവാം എന്നു തോന്നി.

ഇതോടെ തിരനോട്ടത്തിന്റെ അരങ്ങുകളും ചര്‍ച്ചയും അവസാനിച്ചു. സമാപനസമ്മേളനത്തില്‍ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കലാകാരന്മാര്‍ക്കു പൊന്നാട നല്‍കി ആദരിക്കുകയും ചെയ്തു. കലാകാരന്മാര്‍ക്കും സംഘാടകര്‍ക്കും ആസ്വാദകര്‍ക്കും വളരെ തൃപ്തിയും സന്തോഷവും നല്‍കിയ ശില്പശാലയായിരുന്നു എന്നാണ് ഓരോരുത്തരുമായുള്ള സംസാരത്തില്‍നിന്ന് മനസ്സിലാക്കാനായത്.

വൈകുന്നേരം ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ പുറപ്പാട്-മേളപ്പദത്തോടെ കുചേലവൃത്തം കഥകളി. ബൃഗകളും താളക്കെട്ടുകളുമൊക്കെയായി കലാമണ്ഡലം ജയപ്രകാശും ജ്യോതിഷ് ബാബുവും മേളപ്പദം നന്നായി പാടി. നന്ദകുമാറും വേണുവും ചേര്‍ന്ന മേളവും ആസ്വാദ്യമായി. കുചേലവൃത്തം കഥയില്‍ മനോജിന്റെ കുചേലന്‍ ‘ദാനവാരി മുകുന്ദനെ’ എന്ന പദത്തില്‍പ്പോലും സജീവമായ ഭാവാവിഷ്കരണം നടത്തിയത് ഉചിതമായി. പലപ്പോഴും ആ രംഗം നിര്‍ജ്ജീവമാകാറുണ്ട് എന്നതാണനുഭവം.  കണ്ണന്റെ ‘കലയാമി സുമതേ’ എന്ന പദത്തിന്റെ അവതരണം എടുത്തുപറയാതെവയ്യ. ശ്രീകൃഷ്ണാ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികൂടിയായ പീശപ്പിള്ളിയുടെ രുക്മിണിയും നന്നായി. തിരക്കുകളും ടെന്‍ഷനും ഒഴിഞ്ഞപ്പോള്‍ രമേശന്‍ നമ്പീശനൊക്കെ ‘തല പോയാലും വേണ്ടില്ല ബലേ!’ എന്ന മട്ടില്‍ കളിയാസ്വദിക്കുന്നതു കണ്ടു!

തിരക്കുകളെല്ലാമൊഴിഞ്ഞു. പിറ്റേന്നു തിരനോട്ടം പ്രവര്‍ത്തകരുമായി ഒരു ഒത്തുചേരല്‍. ഒരു പരിപാടി കഴിഞ്ഞാല്‍ അടുത്തത് എന്ന മട്ടില്‍ ഭാവിപരിപാടികളെക്കുറിച്ചാണ് അവര്‍ക്ക് എപ്പോഴും ആലോചന. ഈ ആവേശം കലാകാരന്മാരുള്‍പ്പെടെ മറ്റുള്ളവരിലേക്കും പകരുന്നതില്‍ അദ്ഭുതമില്ല. തുടര്‍ന്നു രാത്രിയില്‍ രമേശന്‍ നമ്പീശന്റെ വണ്ടിയില്‍ ജുമൈറാ കടല്‍ത്തീരം വരെ ഒരു യാത്ര. ശാന്തമായ കടല്‍ത്തീരം. ഭാര്യയും കുട്ടികളുമായി കടല്‍ത്തീരത്തു രാത്രിജീവിതത്തിനെത്തുന്ന അറബികള്‍. ചുറ്റും നഗരത്തിലെ വമ്പന്‍ കെട്ടിടങ്ങളിലെ വിളക്കുകള്‍ കൊണ്ട് ഇലക്ട്രിക്ക് ദീപാവലി! കടലും നിലാവും ഒന്നിച്ചുകണ്ടപ്പോള്‍ മതിമറന്ന എന്നെ നിലാവില്‍ അലിഞ്ഞു ചേരും‌മുന്‍പേ തിരിച്ചെത്തിച്ചു എന്നാണ് കണ്ണന്‍ പറഞ്ഞത് 🙂

രണ്ടാം തീയതി വൈകുന്നേരം തിരിച്ചു വിമാനത്താവളത്തിലേക്ക്. ഒരു ചുട്ടിപോലും അടരാതെ, കിരീടം ഇളകുകപോലും ചെയ്യാതെ, വേഷത്തിലും അവതരണത്തിലുമുള്ള ഭംഗികൊണ്ട് മികച്ചുനിന്ന മൂന്നു ദിവസം. ഒരു കുറവും വരാതെ ക്ഷേമാന്വേഷണങ്ങളും ഒപ്പം വേണ്ട കാര്യങ്ങളുടെ ഒരുക്കലുമായി ക്ഷീണിക്കാത്ത മനസ്സും ശരീരവുമായി തിരനോട്ടം പ്രവര്‍ത്തകര്‍. വിമാനത്താവളം വരെ രമേശന്‍, പ്രദീപേട്ടന്‍, സ്വാമിയേട്ടന്‍, സന്ദീപ്, ബിജു, ജ്യോതിഷ്, ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ അവരില്‍ കുറച്ചുപേര്‍ കൂടെ വന്നു. സത്യത്തില്‍ കുറച്ചു ദിവസം‌കൊണ്ടുതന്നെ ഇവരോടൊക്കെ നന്നായി അടുത്തു കഴിഞ്ഞിരുന്നു.

ഇന്നലെ സന്ദീപിന്റെ ഒരു മെയില്‍:

‘എല്ലാവരും സുഖമായി അവിടെ എത്തി എന്ന് കരുതുന്നു.  എന്തായാലും എനിക്ക് വലിയ ഒരു അനുഭവം ആയിരുന്നു നിങ്ങളുടെ കൂടെയുള്ള ഈ ദിവസങ്ങള്‍.  ഇപ്പോള്‍ പോയി കഴിഞ്ഞപ്പോള്‍ വലിയ വിഷമം.’

ഈ സ്നേഹത്തിന് എങ്ങനെയാണു നന്ദി പറയുക! നാട്ടില്‍ വരുമ്പോള്‍ വിളിക്കുക. ‘പരിചില്‍ കണ്ടീടാം പിന്നെ’ 🙂

Similar Posts

  • വൃഥാ ഞെട്ടും ദമയന്തി

    ഹേമാമോദസമാ – ഭാഗം 3 ഡോ. ഏവൂർ മോഹൻദാസ്‌ July 16, 2012  നളചരിതം മൂന്നാം ദിവസത്തിലെ ‘യാമി യാമി’ എന്ന പ്രസിദ്ധമായ സുദേവബ്രാഹ്മണ പദത്തിലെ ‘വേളി നാളെ’ യും അതുകേട്ടു ദമയന്തിക്കുണ്ടാകുന്ന ഞെട്ടലും ഒന്നാം ഭാഗത്തിൽ ചർച്ചയ്ക്ക്‌ വന്നിരുന്നു. ഈ വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ അന്വേഷിക്കുവാനുള്ള ശ്രമമാണീ ഭാഗത്തിൽ നടത്തുന്നത്‌. നളചരിതം ആട്ടക്കഥയുടെ പുരാണപശ്ചാത്തലം മഹാഭാരതം വനപർവത്തിലെ നളോപാഖ്യാനം ആണല്ലോ. ഈ വിഷയം എങ്ങിനെ അവിടെ അവതരിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കാം. ദമയന്തി പറഞ്ഞു: “സുദേവ, നീയയോദ്ധ്യക്കു പോയിട്ടാപ്പുരി…

  • കഥകളിപ്രവർത്തനം – ഫലവും പ്രസക്തിയും

    ഏറ്റുമാനൂര്‍ പി. കണ്ണന്‍ June 7, 2012 2012 മാര്‍ച്ച് 29, 30, 31 ദിവസങ്ങളില്‍ ദുബായില്‍വച്ച് തിരനോട്ടം സംഘടിപ്പിച്ച തൗര്യത്രികത്തില്‍ പങ്കെടുത്ത് നാട്ടിലെത്തിയിട്ട് ഇന്ന് 25 ദിവസങ്ങള്‍ പിന്നിട്ടു. (ഏപ്രില്‍ 27 ന് എഴുതിയത്) ആ യാത്രയെക്കുറിച്ച് എഴുതണം എന്ന് ഞാന്‍ കരുതിയിരുന്നു. കാരണം, അതിലൂടെ ചില പ്രത്യേകതകള്‍ ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. എന്നാല്‍ നാട്ടിലെത്തിയ ഉടന്‍ എഴുതാനുള്ള സാവകാശം കിട്ടിയില്ല. നാട്ടില്‍ ഇറങ്ങിയ ദിവസംതന്നെ കൊല്ലം പുതിയകാവില്‍ കളിക്കു പോയി. തൊട്ടടുത്ത ദിവസം കോഴിക്കോട്…

  • |

    നാൽവർചിഹ്നം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 9 ശ്രീവത്സൻ തീയ്യാടി April 22, 2013  ചിരട്ടക്കുള്ളിൽ പെട്ട വണ്ടിനെപ്പോലെ മദ്ധ്യമശ്രുതി അരങ്ങിൽ ഏങ്ങി. ആരുമില്ലേ എന്നെ രക്ഷിക്കാൻ എന്ന മട്ടിൽ അതിന്റെമാത്രം അലകൾ അഞ്ചെട്ടു നിമിഷം പുറത്തേക്ക് കേട്ടു. തറയിൽ ദമയന്തി ഏകയായി കിടന്നു. ശ്രുതിപ്പെട്ടിക്ക് ചേർന്ന് ആരും നിൽപ്പില്ലെന്നല്ല. മീശ ലേശം കിളിർത്തിട്ടുണ്ട് എന്നതൊഴികെ വേറെ വിശേഷമൊന്നുമില്ല എന്ന് തോന്നിക്കുന്ന ഒരു പയ്യനെ കാണാനുണ്ട്. കലാമണ്ഡലത്തിലെത്തന്നെ ഏതെങ്കിലും വിദ്യാർത്ഥിയാവണം. ആ സ്ഥാപനത്തിന്റെ ട്രൂപ്പ് കളിയാണല്ലോ ഇവിടെയിപ്പോൾ. ഏതായാലും രണ്ടും കൽപ്പിച്ചെന്നപോലെ പുതുമുഖം ശ്ലോകം…

  • ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

    ഹേമാമോദസമാ – 15 ഡോ. ഏവൂർ മോഹൻദാസ് January 12, 2014  നളചരിതം  രണ്ടാം  ദിവസം  കഥയുടെ  എട്ടാം  രംഗത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദമയന്തിയുടെ വിചാരപദമാണ് ഇവിടെ പ്രതിപാദ്യവിഷയം. തന്നെ പെരുമ്പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാളൻ പ്രണയാഭ്യർത്ഥനയുമായി പിറകെ കൂടിയപ്പോൾ ദമയന്തി ചിന്തിക്കുന്ന പദമാണ്, അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂഅത് കേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂഅബലേ! നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-ന്നമരേന്ദ്ര വരമുന്നൊണ്ടതിന്നുപകരിപ്പൂ ‘നിന്റെ പാതിവ്രത്യവൃതഭഞ്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ’ എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ…

  • കാറും വെയിലും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 5 ശ്രീവത്സൻ തീയ്യാടി Thursday, September 6, 2012 ഇനി ഞാൻ കൂടെ വന്നിട്ടുള്ളവരെ പരിചയപ്പെടുത്താം… ആശാന്റെ ആ വാചകത്തിൽ രണ്ടു കൌതുകമാണ് തോന്നിയത്. ഒന്ന്, അദ്ദേഹത്തിൽ പൊതുവെ ശ്രദ്ധിച്ചിട്ടില്ലാത്ത ടീം ലീഡർ സ്പിരിറ്റ്‌. രണ്ട്, അതുവരെ പിന്തുടർന്ന അർദ്ധവള്ളുവനാടൻ വാമൊഴിയിനിന്ന് മുഴുവനായുള്ള വ്യതിയാനം. “ങ്ഹാ… നി ഓരോരുത്തരായ്ട്ട് ങ്ങ്ട് മുമ്പാക്കം വര്വോ….” വീണ്ടും തന്റെ കോതച്ചിറ മലയാളത്തിലേക്ക് വഴുതി കലാമണ്ഡലം ഗോപി. നാട്യം ഏതുമില്ലാത്ത ഭവ്യതയുമായി സഹകലാകാരന്മാർ അദ്ദേഹത്തിന്റെ കസേരക്കടുത്തെക്ക്…

  • നളചരിതത്തിലെ പുഷ്ക്കരൻ

    ഹേമാമോദസമാ – 14 ഡോ. ഏവൂർ മോഹൻദാസ് November 14, 2013  നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം ‘നളോപഖ്യാന’ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം. നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): ‘വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം’  എന്ന് ചിന്തിച്ച കലി ‘ഭൈമിയൊത്തു നളൻ സുഖിക്കൊല’ എന്നു  മനസ്സിൽ  ഉറപ്പിച്ചു  ‘നീയും…

മറുപടി രേഖപ്പെടുത്തുക