മനോജ് കുറൂര്‍

March 12, 2012

(08. 11. 2011 ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്)

തെക്കന്‍- വടക്കന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക്‌ വാസ്തവത്തില്‍ ശൈലീപരമായ പ്രസക്തിയാണുള്ളത്‌. എന്നാല്‍ ദേശപരമായ മിഥ്യാഭിമാനങ്ങളിലൂന്നിയാണ്‌ പലപ്പോഴും ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാറുള്ളത്‌. അതുകൊണ്ടുതന്നെ ഒരു സ്ഥലത്ത്‌ അന്യമെന്ന നിലയിലുള്ള പരിചരണവും മറുവശത്ത്‌ അന്ധമായ അഭിമാനബോധവും പുലര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക്‌ സൂക്ഷ്മമായ വിശകലനം സാധ്യമാകാതെ വരുന്നു. കഥകളിയുടെ ചരിത്രവും ഇവയെ ദേശഭേദങ്ങളെന്ന നിലയില്‍ കാണാനല്ല, ശൈലീഭേദങ്ങളായി കാണാനാണ്‌ പ്രേരിപ്പിക്കുന്നത്‌.

കഥകളിയുടെ ആദ്യരൂപങ്ങളെന്നു കരുതപ്പെടുന്ന രാമനാട്ടത്തിന്റെയും അമ്പലപ്പുഴ പ്രദേശത്തു നിലനിന്നിരുന്നതായി പറയുന്ന കൃഷ്ണനാട്ടത്തിന്റെയും രൂപവത്കരണത്തില്‍ ഫോക്ക്‌ കലാരൂപങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നു എന്നു കാണാം. ആ കലകളില്‍നിന്നു ഘടകങ്ങള്‍ സ്വീകരിക്കുകയും അവയെ നാട്യസിദ്ധാന്തങ്ങള്‍ക്കനുസൃതമായി പരുവപ്പെടുത്തിയെടുക്കുകയും ചെയ്യുക എന്നൊരു പ്രക്രിയ തെക്കന്‍ സമ്പ്രദായങ്ങളില്‍ കാണാം. ഇത്തരത്തില്‍ ശാസ്ത്രബദ്ധമാക്കുന്നതിന്‌ ബാലരാമഭരതകര്‍ത്താവായ കാര്‍ത്തിക തിരുനാള്‍, കര്‍ണാടകസംഗീതം, നൃത്തം എന്നിവയ്ക്കുവേണ്ടി കൃതികള്‍ രചിച്ച ഇരയിമ്മന്‍ തമ്പി എന്നിവരുടെ ഇടപെടലുകളും സര്‍വ്വോപരി തിരുവിതാംകൂര്‍‍, തൃപ്പൂണിത്തുറ കൊട്ടാരങ്ങളുടെ പിന്തുണയും കാര്യമായി സഹായിച്ചിട്ടുണ്ട്‌. പ്രയോഗപരമായി ശൈലീവത്ക്കരിക്കുന്നതിന്‌ ഭാരതപ്പുഴയുടെ തീരത്തുള്ള നെടുമ്പുര ദേശക്കാരായ കപ്ലിങ്ങാടു നമ്പൂതിരിയും ഇട്ടീരിപ്പണിക്കരും പ്രധാന സംഭാവനകള്‍ നല്‍കി. ഇട്ടീരിപ്പണിക്കര്‍ തൃപ്പൂണിത്തുറ കളിയോഗത്തില്‍നിന്ന്‌ കപ്ലിങ്ങാട്ടു നമ്പൂതിരി ആളയച്ചു വരുത്തിയ നാണുമേനോന്റെ ശിഷ്യനാണ്‌. (നാണുമേനോന്‍ ചാത്തുപ്പണിക്കരുടെ ശിഷ്യനാണ്‌. വെള്ളാട്ടു ചാത്തുപ്പണിക്കരാകട്ടെ അങ്ങാടിപ്പുറം സ്വദേശിയും തൃപ്പൂണിത്തുറ പെരുമ്പടപ്പു രാജാവിന്റെ രാമനാട്ടസംഘത്തില്‍ ആശാനുമായിരുന്നു. വെള്ളാട്ടു ചാത്തുപ്പണിക്കരിലൂടെയാണ്‌ കോട്ടയത്തു തമ്പുരാന്‍ തന്റെ സമ്പ്രദായം രൂപപ്പെടുത്തിയത്‌.) വെട്ടത്തു സമ്പ്രദായത്തിലൂടെയും കല്ലടിക്കോടന്‍ സമ്പദായത്തിലൂടെയും കഥകളിയുടെ തിളക്കം അതിനുമുമ്പുതന്നെ വര്‍ദ്ധിച്ചിരുന്നതായും കാണാം.

തെക്കന്‍ചിട്ടയുടെ ആധാരമെന്നു പറയാവുന്ന കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ ആവിഷ്കര്‍ത്താവായ കപ്ലിങ്ങാടു നമ്പൂതിരിയുടെ കലാസങ്കല്‍പം പരിശോധിച്ചാല്‍ നേരത്തെതന്നെയുള്ള കലാസങ്കല്പങ്ങള്‍ക്കോ അവതരണങ്ങള്‍ക്കോ ഒരു ബദല്‍ സൃഷ്ടിക്കുകയല്ല, അവയെ നവീകരിക്കുകയും അപ്രധാനമായിരുന്ന ചില ഘടകങ്ങള്‍ക്കു പ്രാധാന്യം നല്‍കുകയും പുതിയ കഥകളുടെ നവീനമായ ആവിഷ്കരണങ്ങളിലൂടെ കഥകളിയുടെ അവതരണത്തെ വിശാലമായ മാനങ്ങളിലേക്ക്‌ ഉയര്‍ത്തുകയുമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്നു കാണാന്‍ പ്രയാസമില്ല. ഉദാഹരണത്തിന്‌ തിരുവനന്തപുരത്തു താമസിക്കുന്ന കാലത്ത്‌ കാര്‍ത്തികതിരുനാള്‍ എഴുതിയ കല്യാണസൌഗന്ധികം ചിട്ട ചെയ്യാന്‍ കപ്ലിങ്ങാട്‌ തയ്യാറായില്ല എന്ന കാര്യം പ്രധാനമാണ്‌. ഇത്‌ കോട്ടയത്തു തമ്പുരാന്‍ നേരത്തെതന്നെ ആവിഷ്കരിച്ച സമ്പ്രദായത്തോട്‌ അദ്ദേഹത്തിനുണ്ടായ മമതയെ ആണു സൂചിപ്പിക്കുന്നത്‌. രാമനാട്ടകഥകളില്‍നിന്ന്‌ കോട്ടയം കഥകളിലേക്കെത്തുമ്പോള്‍ പച്ചവേഷങ്ങള്‍ക്ക്‌ കഥകളിയിലെ നായകസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പ്രതിനായകസ്ഥാനത്തുള്ള കഥാപാത്രങ്ങളിലാണ്‌ കപ്ലിങ്ങാടിന്റെ ദൃഷ്ടി പതിഞ്ഞത്‌. കഥകളിയിലെ പ്രധാന കത്തിവേഷങ്ങളുടെ ആവിര്‍ഭാവവും പഴയ കത്തിവേഷങ്ങളുടെ നവോത്ഥാനവും ഈ കാലഘട്ടത്തില്‍ത്തന്നെയാണു നടന്നത്‌.

കപ്ലിങ്ങാടിന്റെ പരിഷ്കാരങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1. ആഹാര്യം

വെട്ടത്തു സമ്പ്രദായം

അസുരകഥാപാത്രങ്ങള്‍ക്ക്‌ ആദ്യകാലത്തുണ്ടായിരുന്ന മുഖംമൂടിക്കു പകരം മുഖത്തു പച്ചതേച്ച്‌ കറുത്ത മഷികൊണ്ട്‌ മീശവരയ്ക്കുക (രാവണനും ഇന്ദ്രജിത്തിനും ചുവന്ന താടിയും), ഉടുത്തുകെട്ട്‌, കിരീടം, മെയ്യാഭരണങ്ങള്‍ തുടങ്ങിയവ ആകര്‍ഷകമാക്കുക.

കല്ലടിക്കോടന്‍ സമ്പ്രദായം

തേച്ച വേഷങ്ങള്‍ക്കു ചുട്ടി, വെളുത്ത ഉത്തരീയങ്ങള്‍ക്കൊപ്പം ചുവന്ന ഉത്തരീയങ്ങളും

കപ്ലിങ്ങാടന്‍ സമ്പ്രദായം

അരിമ്പോടുകൂടിയ ചുട്ടി, മൂക്കിലും നെറ്റിയിലും ചുട്ടിപ്പൂ, കിരീടത്തിനു പിന്നില്‍ കേശഭാരം. കത്തിയുടെ തേപ്പ്‌ ഒന്നുകൂടി പരിഷ്കരിച്ചു.

2. അവതരണം

വെട്ടത്തു സമ്പ്രദായം

അസുരവേഷങ്ങളുടെ രംഗപ്രവേശത്തിനു തിരനോക്ക്‌, അവരുടെ ആട്ടത്തിന്‌ ചെണ്ടയും ഉപയോഗിക്കുക

കല്ലടിക്കോടന്‍ സമ്പ്രദായം

കത്തിവേഷങ്ങള്‍ക്കു ശൃംഗാരപ്രധാനമായ പതിഞ്ഞ പദങ്ങളില്ല.

കപ്ലിങ്ങാടന്‍ സമ്പ്രദായം

(കപ്ലിങ്ങാടു നമ്പൂതിരിയും അദ്ദേഹത്തിനൊപ്പവും കാലശേഷവുമായി ഇട്ടീരിപ്പണിക്കരും നടപ്പില്‍ വരുത്തിയ പരിഷ്കാരങ്ങള്‍.)

മുദ്രകള്‍ മുട്ടുകള്‍ വിടര്‍ത്തി മാറിനുനേരേ കാണിക്കണം എന്ന പദ്ധതി നടപ്പിലാക്കി, ഹസ്തലക്ഷണദീപികയ്ക്കനുസരിച്ച്‌ (ബാലരാമഭരതത്തില്‍ സംയുതഹസ്തങ്ങളായി 67 മുദ്രകള്‍ പറയുന്നു. കഥകളി 24 അടിസ്ഥാനമുദ്രകളുള്ള ഹസ്തലക്ഷണദീപിക സ്വീകരിച്ചത്‌ ചിന്തനീയമാണ്‌.) പദാഭിനയവും കൂടാതെ ആട്ടങ്ങളും ക്രമപ്പെടുത്തി എന്നിവ പൊതുവായ പ്രത്യേകതകള്‍.

കത്തിവേഷങ്ങള്‍ക്ക്‌ തിരനോക്കിനുമുമ്പ്‌ തിരശ്ശീലയ്ക്കുള്ളില്‍ അലര്‍ച്ച.

കത്തിവേഷപ്രധാനമായ പുതിയ കഥകള്‍ രംഗത്തു വരുന്നു.

നരകാസുരവധം, രാജസൂയം- കാര്‍ത്തിക തിരുനാള്‍

രുക്മിണീസ്വയംവരം, പൂതനാമോക്ഷം- അശ്വതി തിരുനാള്‍

കാര്‍ത്തവീര്യാര്‍ജ്ജുനിജയം- പുതിയിക്കല്‍ തമ്പാന്‍ (കാര്‍ത്തിക തിരുനാളിന്റെ ആശ്രിതന്‍)

നരകാസുരവധം, രാജസൂയം, പൂതനാമോക്ഷം- ഈ കഥകള്‍ തിരുവനന്തപുരത്തുവച്ച്‌ ചിട്ടപ്പെടുത്തിയത്‌ കപ്ലിങ്ങാടു നമ്പൂതിരിയാണ്‌. അഭിനയപ്രാധാന്യമുള്ള, ശൃംഗാരപ്പദമുള്ള ആദ്യാവസാനവേഷമായതുകൊണ്ടാണ്‌ തെക്കന്‍ രാജസൂയത്തിലെ ജരാസന്ധന്‍ കത്തിവേഷമായത്‌. നരകാസുരവധത്തില്‍ ഇന്നു കാണുന്ന രീതിയില്‍ ‘ഉദ്യാനത്തിലേക്കു പ്രവേശിക്കുകയല്ലേ’ എന്നു കണ്ണുകൊണ്ടു നടിച്ച് നായികയുടെ സമ്മതം വാങ്ങി, പതിഞ്ഞ കിടതകധീമാമിനോടൊപ്പം പ്രവേശിക്കുന്നതായി വ്യവസ്ഥപ്പെടുത്തുക, പതിഞ്ഞ പദത്തിന്റെ ചൊല്ലിയാട്ടരീതി ക്രമപ്പെടുത്തുക (ഇതു പിന്നീട്‌ ഉത്തരാസ്വയംവരത്തില്‍ ദുര്യോധനന്‍ തുടങ്ങിയ പല കഥാപാത്രങ്ങളുടെയും പ്രവേശത്തിന്‌ ഉപയോഗിക്കുന്നുണ്ട്‌), നരകാസുരനും നക്രതുണ്ഡിയുമായുള്ള ഭാഗം പകര്‍ന്നാട്ടമായി വ്യവസ്ഥപ്പെടുത്തുക എന്നിവ പ്രധാനം.

നരകാസുരന്‌ പടപ്പുറപ്പാട്‌ പകര്‍ന്നാട്ടം. യോദ്ധാക്കള്‍ ആയുധങ്ങള്‍ തയ്യാറാക്കുന്നതായി അവതരണം. നരകാസുരവധത്തിലെ കേകിക്ക്‌ ഉത്തരാസ്വയംവരം, ദുര്യോധനവധം  എന്നീ കഥകളിലൂടെ തുടര്‍ച്ചയുണ്ടായെങ്കിലും സാങ്കേതികമായി അവ നരകാസുരവധത്തിന്റെ അനുകരണംതന്നെയാണെന്നു പറയാം. കംസവധത്തില്‍ ചമ്പ താളത്തിലുള്ള കേകി കൃഷ്ണവേഷമാണ്‌ അവതരിപ്പിക്കുന്നത്‌.

ഉദ്ഭവത്തിലെ തപസ്സാട്ടം, ബാലിവിജയത്തിലെ കൈലാസോദ്ധാരണം-പാര്‍വതീവിരഹം ആട്ടം എന്നിവ രൂപപ്പെടുത്തി. രാവണോദ്ഭവത്തില്‍ ബ്രഹ്മാവ്‌ മറയുന്നതിന്‌ ലക്ഷ്മിതാളം. അതിനു ലക്ഷ്മികാലം എന്നും പറഞ്ഞിരുന്നു.

തോരണയുദ്ധത്തില്‍ രാവണന്റെ ആട്ടം ചിട്ടപ്പെടുത്തിയതും കപ്ലിങ്ങാട്‌ ആണെന്നു കരുതപ്പെടുന്നു. ത്രിപുടതാളത്തിലുള്ള ആട്ടം കൂടിയാട്ടത്തിന്റെ സ്വാധീനഫലമാവാം. പില്‍ക്കാലത്ത്‌ കീചകവധത്തിലെ കീചകന്‍ മാലിനിയെക്കണ്ട ശേഷം ‘കിമിന്ദു കിം പദ്മം’ എന്ന ശ്ളോകം ആടുന്നതും ത്രിപുടതാളത്തില്‍ത്തന്നെ.

സാത്വികമായ ഭാവാഭിനയം വലിയ തോതില്‍ വികാസം പ്രാപിച്ചത്‌ കപ്ലിങ്ങാടിന്റെ പരിഷ്കരണഫലമായാണ്‌. കലാകാരന്‍മാരുടെ മനോധര്‍മ്മപ്രകടനത്തിന്‌ കൂടുതല്‍ അവസരമുണ്ടായി എന്നതും കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലൂടെ കഥകളിക്കു കൈവന്ന നേട്ടമാണ്‌. അപ്പോഴും അരങ്ങിലുള്ള മനോധര്‍മ്മത്തിനും ഔചിത്യത്തിനും തെക്കന്‍ സമ്പ്രദായക്കാര്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തു കാണാണുണ്ട്‌. (കൃഷ്ണന്‍കുട്ടി പൊതുവാള്‍ മേളപ്പദത്തില്‍ ഇക്കാര്യത്തില്‍ ‘തെക്കരെ’ അഭിനന്ദിച്ചതോര്‍ക്കാം) അരങ്ങവതരണങ്ങളില്‍ നടന്‍മാരുടെ ഔചിത്യമുള്ള മാറ്റങ്ങളെ രക്ഷാകര്‍ത്താക്കളും പ്രേക്ഷകരും സ്വാഗതം ചെയ്തിരുന്നു എന്നതും പ്രധാനമാണ്‌.

ഈ വ്യവസ്ഥപ്പെടുത്തലില്‍ പലയിടത്തും കൂടിയാട്ടത്തിന്റെ സ്വാധീനം വ്യക്തമാണ്‌. (ആശ്ചര്യചൂഡാമണിയും സുഭദ്രാധനഞ്ജയവും  പോലുള്ള സംസ്കൃതനാടകകൃതികളുടെ രചനാപരിസരവും പൊതിയില്‍, കിടങ്ങൂര്‍ തുടങ്ങിയ ചാക്യാര്‍ കുടുംബങ്ങളുടെയും തിരുവാര്‍പ്പ്, കിടങ്ങൂര്‍, ആര്‍പ്പൂക്കര, തിരുനക്കര, ഹരിപ്പാട്, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കൂത്തമ്പലങ്ങളുടെയും സാന്നിധ്യവും കൂടിയാട്ടത്തിന്റെ വര്‍ദ്ധിച്ച സ്വാധീനത്തിനു വഴി തെളിച്ചിരിക്കാം.) ഉള്ളടക്കത്തില്‍ ശൂര്‍പ്പണഖാങ്കം, കാത്വം സുന്ദരി ജാഹ്നവീ, ഹിമകര ഹിമഗര്‍ഭാ തുടങ്ങിയ ശ്ലോകങ്ങള്‍ എന്നിങ്ങനെ കൂടിയാട്ടത്തിലെ അഭിനയപ്രധാനമായ ഭാഗങ്ങളുടെ സ്വാധീനമുണ്ട്‌. സങ്കേതങ്ങളിലാണെങ്കില്‍ ത്രിപുടതാളത്തിലുള്ള ആട്ടങ്ങള്‍ ഉദാഹരണം. നാടോടിക്കലകളില്‍ ഏറെ പ്രധാനമായ ലക്ഷ്മിതാളം കൂടിയാട്ടത്തിലുണ്ട്‌. അതും കഥകളിയിലെത്തി. എന്നാല്‍ കൂടിയാട്ടത്തില്‍നിന്നു ഭിന്നമായി കഥകളിയുടെ സ്വത്വത്തിനു ചേര്‍ന്ന നിലയിലായിരുന്നു ഈ പരിഷ്കാരങ്ങള്‍ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. കൂടിയാട്ടത്തിലെപ്പോലെ മാറിലൊതുങ്ങിയുള്ള മുദ്രകള്‍ക്കു പകരം ആഹാര്യപരിഷ്കരണത്തിലൂടെ കഥകളിവേഷത്തിനു സംഭവിച്ച വലിപ്പത്തിനു ചേരുംവിധമാണ്‌ മുദ്രാവിന്യാസം നിര്‍വഹിക്കപ്പെട്ടത്‌ എന്നതു ശ്രദ്ധേയമാണ്‌. ഹസ്തലക്ഷണദീപികയുടെ ഉപയോഗവും കഥകളിയുടെ തനതായ രീതിയിലാണെന്നു കാണാം. കഥകളിയിലെ നായകസങ്കല്‍പത്തിനൊപ്പം പ്രതിനായകസങ്കല്‍പവും അവതരണത്തിലൂടെ പുഷ്ടിപ്പെട്ടു എന്നതാണ്‌ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ പ്രധാനനേട്ടം.

തുടര്‍ന്നുണ്ടായ കത്തിവേഷപ്രധാനമായ കഥകളും ഈ പാരമ്പര്യംതന്നെയാണ്‌ സ്വീകരിച്ചത്‌. ഇരയിമ്മന്‍ തമ്പിയുടെ കീചകവധം, ഉത്തരാസ്വയംവരം എന്നീ കഥകളിലൂടെ പതിഞ്ഞ പദമുള്ള കത്തിവേഷങ്ങള്‍ കഥകളിയില്‍ വലിയ പ്രാധാന്യം നേടി. ഉത്തരാസ്വയംവരത്തിലെ ഏകലോചനാഭിനയം മുഖാഭിനയത്തിന്റെ സാധ്യതകള്‍ അന്വേഷിച്ചു. കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ മുഖാഭിനയത്തിനു സിദ്ധിച്ച പ്രാധാന്യമാവാം ഇരയിമ്മന്‍ തമ്പിക്കും പുതിയിക്കല്‍ തമ്പാനും പ്രചോദനമായത്‌. രാവണവിജയം, കംസവധം, ബാണയുദ്ധം, ദുര്യോധനവധം തുടങ്ങിയ ഒട്ടേറെ കഥകള്‍ ഉദാഹരണം. രാവണവിജയം അതിന്റെ പേരിലൂടെത്തന്നെ പ്രതിനായകന്റെ വിജയം ഉദ്ഘോഷിക്കുന്നു. ഇന്ന് കൈലാസോദ്ധാരണം-പാര്‍വതീവിരഹം ആട്ടം രാവണവിജയത്തിലെ രാവണനും അവതരിപ്പിക്കാറുണ്ട്. പ്രമേയപരമായ ഔചിത്യം അതിനാണെന്ന് കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലുള്ള നടന്മാര്‍ വാദിക്കാറുമുണ്ട്.

കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ ചമ്പടതാളത്തിലാണ്‌ പ്രധാനമായും പതിഞ്ഞ പദങ്ങളുടെ അവതരണം. പദം- കലാശങ്ങള്‍- അവസാനത്തെ കലാശത്തോടുകൂടി ഇരട്ടി. ഈ പൊതുരൂപമാണ്‌ അവതരണത്തിന്‌.

കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടെ കഥകളി പൂര്‍ണത കൈവരിച്ചതായി അന്നത്തെ ആസ്വാദകര്‍ കരുതിയിരുന്നതായി കഥകളിരംഗത്തില്‍ കാണാം. കല്ലടിക്കോടന്‍ സമ്പ്രദായക്കാര്‍ക്ക് കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലെ പലതും സ്വീകാര്യമായില്ല എന്നും ഓര്‍മിക്കേണ്ടതുണ്ട്. എങ്കിലും കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്‌ ഒരു കാലത്ത്‌ കേരളമൊട്ടാകെ പ്രചാരമുണ്ടായിരുന്നു. കുറിച്ചി, മാത്തൂര്‍‍, കിടങ്ങൂര്‍‍, തകഴി എന്നിവ തെക്കന്‍ സമ്പ്രദായങ്ങളില്‍ പ്രധാനം. എന്നാല്‍ ഇത്തരം ശൈലീഭേദങ്ങള്‍ കാലാകാലങ്ങളില്‍ ഇതരശൈലികളുടെ കലര്‍പ്പുകളിലൂടെയാണ്‌ വികസിച്ചതെന്നു കാണാം. കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടെ കഥകളി ശൈലീവത്കരണത്തിലൂടെ അതിന്റെ ഏറ്റവും ഉയര്‍ന്ന വികാസദശയിലെത്തിയിരുന്നു എന്ന് അന്നത്തെ ആസ്വാദകരും പുരസ്കര്‍ത്താക്കളും കരുതിയിരുന്നു.

ഇതുവരെയുള്ള വികാസഘട്ടങ്ങള്‍ ഒന്നു സംഗ്രഹിച്ചാല്‍ കോട്ടയം കഥകളുടെ ശൈലീവത്കരണത്തിലൂടെ കല്ലടിക്കോടന്‍ സമ്പ്രദായം പച്ചവേഷങ്ങളുടെ നായകസ്ഥാനം നിര്‍ണയിച്ചു എന്നും കപ്ലിങ്ങാടന്‍ സമ്പ്രദായം കത്തിവേഷങ്ങളിലൂടെ പ്രതിനായകകഥാപാത്രങ്ങളുടെയും ശൈലീവത്കരണം പൂര്‍ത്തിയാക്കി എന്നു കാണാന്‍ പ്രയാസമില്ല. എന്നാല്‍ അവതരാണത്തെ സംബന്ധിച്ച്  ഈ സമ്പ്രദായങ്ങളുടെ ശൈലീഭേദങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. കല്ലടിക്കോടന്‍ സമ്പ്രദായമനുസരിച്ചു രൂപപ്പെട്ട കഥകളെ കപ്ലിങ്ങാടന്‍ സമ്പ്രദായവും കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലൂടെ നിലവില്‍ വന്ന കഥകളെ കല്ലടിക്കോടന്‍ സമ്പ്രദായവും അതതു സമ്പ്രദായങ്ങളുടെ അവതരണപരമായ പ്രത്യേകതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വാംശീകരിച്ചു എന്നു പറയുനതാവും കൂടുതല്‍ ശരി.

കല്ലടിക്കോടന്‍- കപ്ലിങ്ങാടന്‍ സമ്പ്രദായങ്ങളുടെ സമന്വയമാണ്‌ പില്‍ക്കാലത്തു രൂപപ്പെട്ട കല്ലുവഴി സമ്പ്രദായം. ഇട്ടീരിപ്പണിക്കരില്‍നിന്നാണ്‌ കല്ലടിക്കോടന്‍ സമ്പ്രദായക്കാരനായ ചെറിയ ഇട്ടീരിപ്പണിക്കര്‍ (നാണുമേനോന്റെ മരുമകനായ കുഞ്ഞുണ്ണിപ്പണിക്കരുടെ ശിഷ്യനാണ്‌ ഇദ്ദേഹം) തപസ്സാട്ടം അഭ്യസിച്ചത്‌. അത്‌ അദ്ദേഹം മരുമകനായ ശങ്കുപ്പണിക്കരെ പഠിപ്പിച്ചു. ഇട്ടിരാരിച്ചമേനോന്‍ ശങ്കുപ്പണിക്കരുടെ ശിഷ്യനാണ്‌. അദ്ദേഹത്തിന്റെ ശിഷ്യന്‍ പട്ടിക്കാന്തൊടി രാവുണ്ണിമേനോനിലൂടെയാണല്ലൊ കല്ലുവഴിച്ചിട്ടയുടെ ഇരുപതാം നൂറ്റാണ്ടിലെ വികസിതരൂപം ഉണ്ടാവുന്നത്‌. രാമനാട്ടകഥകളും കോട്ടയം കഥകളും കൂടാതെ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലൂടെ പ്രചാരം നേടിയ കത്തിവേഷപ്രധാനമായ കഥകളും ഈ സമ്പ്രദായത്തിലും പ്രധാനമാകുന്നുണ്ട്‌. കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ രൂപപ്പെട്ട കത്തിവേഷങ്ങളുടെ സാങ്കേതികമായ പ്രത്യേകതകളും പരിഷ്കൃതരീതിയില്‍ ഈ ചിട്ട ഉള്‍ക്കൊള്ളുന്നുണ്ട്‌.

കല്ലുവഴിച്ചിട്ടയുടെ വികാസദശയിലും ഇതരശൈലീഭേദങ്ങള്‍ കേരളത്തില്‍ പലയിടത്തായി അവശേഷിക്കുന്നുണ്ട്‌. കല്ലടിക്കോടന്‍ സമ്പദായത്തിന്റെ അവശിഷ്ടമാണ്‌ ഉത്തരമലബാറിലെ കടത്തനാടന്‍ സമ്പ്രദായം. കടത്തനാട്ട്‌ അനന്തന്‍ നായര്‍, ഒറ്റപ്പുരയ്ക്കല്‍ കൃഷ്ണന്‍ നായര്‍ എന്നിവര്‍ ഈ സമ്പ്രദായത്തിലെ പ്രധാനികളായിരുന്നു. കപ്ളിങ്ങാടിന്റെ പാരമ്പര്യത്തില്‍പ്പെട്ട കാവുങ്കല്‍ സമ്പ്രദായം മറ്റൊരുദാഹരണം. കാവുങ്കല്‍ കുഞ്ഞികൃഷ്ണപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍ എന്നിവര്‍ കത്തിവേഷങ്ങളില്‍ പ്രധാനികളായിരുന്നു. കല്ലുവഴിച്ചിട്ടയ്ക്ക്‌ പ്രാധാന്യം വരികയും കഥകളിസ്ഥാപനങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തതോടെ മറ്റു സമ്പ്രദായഭേദങ്ങള്‍ സൌന്ദര്യശാസ്ത്രപരവും സാംസ്കാരികവുമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്‌. മറ്റു സമ്പ്രദായങ്ങള്‍ പൊതുവെ വ്യക്തിപ്രഭാവമുള്ള നടന്‍മാരുടെ രംഗാവതരണങ്ങളിലൂടെയാണ്‌ പിടിച്ചുനിന്നത്‌. ഉദാഹരണത്തിന്‌ തെക്കന്‍ ശൈലിയില്‍ പ്രധാനപ്പെട്ട ഒരു കത്തിവേഷമായ ബാണന്റെ ഗോപുരം ആട്ടം സവിശേഷമാണ്‌. സാങ്കേതികമായ പ്രത്യേകതകള്‍ക്കുപരി നടന്‍മാരുടെ പ്രതിഭാഗുണമാണ്‌ ഈ ആട്ടത്തെ പ്രശസ്തമാക്കിയത്‌. ഘടോല്‍ക്കചന്‍ പ്രധാനകഥാപാത്രമായ സുന്ദരീസ്വയംവരം എന്ന കഥയാകട്ടെ നാടകീയവും കൌതുകകരവുമായ ഇതിവൃത്തത്തിലൂടെയാണ്‌ ശ്രദ്ധേയമായത്‌. പന്നിശ്ശേരി നാണുപിള്ളയുടെ നിഴല്‍ക്കുത്ത്‌ (ദുര്യോധനന്‍ പ്രധാനം) കഥകളിയുടെ ഉദ്ഭവകാലത്തെ നാടോടിബന്ധത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ നാടോടിപ്പാട്ടില്‍നിന്നു സ്വീകരിച്ച രസകരമായ ഒരു ഇതിവൃത്തത്തെ കഥകളിരൂപത്തിലാക്കുന്നു. ശൈലീപരമോ സാങ്കേതികമോ ആയ പ്രത്യേകതകള്‍ക്കുപരി ഇതരകാരണങ്ങളോ നടന്‍മാരുടെ വ്യക്തിപ്രഭാവമോ ആണ്‌ ഇത്തരം വേഷങ്ങള്‍ക്കു പ്രചാരം നല്‍കിയത്‌ എന്നു കാണാം. തകഴി കുഞ്ചുക്കുറുപ്പ്‌, മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍ (കാര്‍ത്തികതിരുനാള്‍ കൊട്ടാരം കളിയോഗത്തിന്റെ ചുമതലയേല്‍പ്പിച്ചത്‌ അന്നത്തെ മാത്തൂര്‍ പണിക്കരെയാണ്‌. കുഞ്ഞുപിള്ളപ്പണിക്കരുടെ കാലത്ത്‌ കൊട്ടാരം കളിയോഗം നാമമാത്രമായപ്പോള്‍ അദ്ദേഹം ഇടപ്പള്ളി രാജാവിന്റെ കളിയോഗത്തില്‍ ചേര്‍ന്നു), തോട്ടം ശങ്കരന്‍ നമ്പൂതിരി (തകഴി കേശവപ്പണിക്കര്‍, ചമ്പക്കുളം ശങ്കുപ്പിള്ള, മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍ എന്നിവരുടെ ശിഷ്യന്‍), ചെങ്ങന്നൂര്‍ രാമന്‍പിള്ള (തകഴി കേശവപ്പണിക്കര്‍, അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കര്‍ എന്നിവര്‍ ഗുരുക്കന്‍മാര്‍-മാത്തൂര്‍ കളരിയുടെ സ്വാധീനം), കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ (കല്ലടിക്കോടന്‍ സമ്പ്രദായത്തില്‍പ്പെട്ട ഈച്ചരമേനോന്റെ ശിഷ്യനായ കൂട്ടില്‍ കുഞ്ഞന്‍ മേനോന്റെ ശിഷ്യന്‍), പള്ളിപ്പുറം ഗോപാലന്‍നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരിഎന്നിവര്‍ ഉദാഹരണം. ഇവരില്‍ ചെങ്ങന്നൂരിന്റെയും മാങ്കുളത്തിന്റെയും ശിഷ്യ-പ്രശിഷ്യരാണ്‌ ഇന്നുള്ള പ്രധാനികള്‍. കലാമണ്ഡലം, മാര്‍ഗി, കലാഭാരതി തുടങ്ങിയ സ്ഥാപനങ്ങളില്‍ തെക്കന്‍ചിട്ടയ്ക്കു പ്രാധാന്യമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കലാമണ്ഡലത്തില്‍ മാത്രമാണെന്നു തോന്നുന്നു തെക്കന്‍ചിട്ട അഭ്യസിപ്പിക്കുന്നത്‌. കഥകളിയിലുള്ള സമ്പ്രദായഭേദങ്ങള്‍ ചരിത്രപരമായും സൌന്ദര്യശാസ്ത്രപരമായും സാംസ്കാരികമായും പ്രധാനമാണ്‌. കളരികളിലും അരങ്ങുകളിലും അവ സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്‌.

തെക്കന്‍ചിട്ടയിലുള്ള അവതരണക്രമങ്ങള്‍ പലതും സാങ്കേതികവും പ്രമേയപരവുമായ ഔചിത്യത്തോടെ നിര്‍വഹിച്ചതാണെന്നു കാണാം. ചമ്പടയിലുള്ള വട്ടംവച്ചുകലാശത്തിനു താളം പിടിക്കുന്ന രീതി ഉദാഹരണം. പദം പാടുമ്പോഴുള്ള ഒരു താളവട്ടത്തിന്റെ ദൈര്‍ഘ്യംതന്നെ ഇതിലൂടെ വട്ടംവച്ചു കലാശത്തിന്റെ ഒരു താളവട്ടത്തിനും കൈവരുന്നു. ഘടനാവൈവിധ്യമുള്ള 12 ചമ്പട കലാശങ്ങള്‍ അടിസ്ഥാനമായുണ്ട്‌. അഷ്ടകലാശത്തില്‍ ചമ്പയുടെ ഒന്നാമടിയില്‍ ആദ്യകലാശവും തുടര്‍ന്ന്‌ ഓരോ അക്ഷരകാലം പുറകിലായി കലാശമാരംഭിക്കുകയും എട്ടു കലാശങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിന്‌ രേഖീയമായ ഒരു ക്രമമുണ്ട്‌. വലിയ കലാശത്തിലെ തെയ്‌ തിത്തെയ്‌ പോലുള്ള കലാശങ്ങള്‍ പൂര്‍ണമാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌. നാട്യ-സംഗീതശാസ്ത്രങ്ങളില്‍ പ്രാമാണികപണ്ഡിതരായ പുരസ്കര്‍ത്താക്കളുടെയും ആട്ടക്കഥാകൃത്തുക്കളുടെയും സ്വാധീനം ഇത്തരം സങ്കേതങ്ങളെ ശാസ്ത്രബദ്ധമാക്കുന്നതിന്‌ സഹായിച്ചിട്ടുണ്ടാവണം. സാങ്കേതികമായ ഈ പ്രത്യേകതകള്‍ തീര്‍ച്ചയായും നിലനില്‍ക്കേണ്ടത്‌ ചരിത്രപരമെന്നതുപോലെ സൌന്ദര്യശാസ്ത്രപരവും സാംസ്കാരികവുമായ ആവശ്യമാണ്‌.

ആധാരഗ്രന്ഥങ്ങള്‍:

1. കഥകളിരംഗം- കെ. പി. എസ്. മേനോന്‍

2. കഥകളി- പി. കൃഷ്ണപിള്ള

3. കഥകളിസ്വരൂപം- മങ്കൊമ്പ് ശിവശങ്കരപ്പിള്ള, സി. കെ. ശിവരാമപിള്ള

4. കഥകളിയുടെ രംഗപാഠചരിത്രം- കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്, കലാമണ്ഡലം എം. പി. എസ്. നമ്പൂതിരി.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder