എനിക്കു പ്രിയപ്പെട്ട വേഷം

വാഴേങ്കട കുഞ്ചു നായർ

December 25, 2012 

പുരാണേതിഹാസാദികഥകളിൽ, അഥവാ കഥകളിയിൽ, പലപല കഥാനായകന്മാരും നായികമാരുമുണ്ട്. എന്നാൽ അതാതു കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ബോധം മനസ്സിലുദിക്കുന്നതോടു കൂടി നമ്മളിൽ പലർക്കും അവരവരുടെ ആസ്വാദനരീതിയനുസരിച്ച് ചിലചില കഥാപാത്രങ്ങളോട് എന്തോ ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിത്തീരുന്നത് സാധാരണയാണ്‌. അക്കൂട്ടത്തിൽ കുട്ടിക്കാലം മുതല്ക്കേ എന്റെ പ്രത്യേക പ്രതിപത്തിയ്ക്ക് പാത്രീഭവിച്ച ഒരു കഥാപാത്രമാണ്‌ നിഷധേശ്വരനായ നളമഹരാജാവ്‌. അതിൽ പ്രത്യേകിച്ചും കാർക്കോടക ദംശനത്താൽ സ്വബോധം (സുബോധം) ഉദിച്ച ശേഷം വീണ്ടും തന്റെ ജീവിതേശ്വരിയോട് ചേരുന്നതു വരെയുള്ള കാലഘട്ടം ആലോചിക്കുമ്പോൾ എന്തെന്നില്ലാത്ത ബഹുമാനാദരമാണ്‌ എനിക്കദ്ദേഹത്തോട് തോന്നുന്നത്. അതായത്, കഥകളിയിൽ കാണാറുള്ള ആ ‘ബാഹുക’നോടു തന്നെ. ഈ ഘട്ടത്തിൽ ഞാൻ ഓർക്കുകയാണ്‌: നാട്യാചാര്യൻ ശ്രീ രാമുണ്ണിമേനോനാശാൻ എന്നെ അഭ്യസിപ്പിക്കുന്ന കാലത്ത് ബാഹുകനോടുള്ള പ്രതിപത്തി കാരണമായി ഞാൻ ഒരിയ്ക്കൽ “ഋതുപർണ്ണ ധരണീപാല” എന്നു തുടങ്ങുന്ന ഒരു പദം സ്വയം മൂളിപ്പാട്ടിന്നുവേണ്ടി തോന്നിക്കുകയുണ്ടായി. അശാൻ അതെങ്ങിനെയോ മനസ്സിലാക്കി. ശിവ ശിവ ! അതിന്നൊരു ശകാരമുണ്ടായിട്ടുണ്ട് ! താൻ പഠിപ്പിക്കുന്ന ഭാഗങ്ങൾ വല്ലതും തോന്നിക്കുവാനല്ല, “മറ്റു ചിലതി”ന്നാണ്‌ വാസന എന്നാണദ്ദേഹത്തിന്റെ കുറ്റാരോപണം ! ഏതായാലും ഞാൻ അതിന്നുപകരമായി അദ്ദേഹത്തിന്നേറ്റവും പ്രിയപ്പെട്ട കിർമ്മീരവധത്തിൽ അതേരാഗത്തിലും താളത്തിലുമുള്ള “മാധവജയശൗരേ” എന്ന സുദർശനത്തിന്റെ പദം പഠിക്കുക കൂടി ഉണ്ടായിട്ടുണ്ട് !

അതുകൊണ്ട്, ഈ ‘ബാഹുകൻ’ അഭ്യാസക്കളരികളുമായി അത്ര ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറവാൻ ഞാൻ തയ്യാറുമില്ല.

നായകനിഷ്ഠമായ രസഭാവനയെമാത്രം അടിസ്ഥാനപ്പെടുത്തിയിട്ടാണ്‌ ഞാൻ പറയുന്നത്. അടിസ്ഥാനത്തിന്റെ വെളിച്ചത്തിൽ കുലമഹത്വം, വിദ്യ, ഐശ്വര്യം, സൗന്ദര്യം, സഹനശക്തി, ദൈവഭക്തി, ധർമ്മാചരണം, ധൈര്യം, ദൃഢാനുരാഗം മുതലായ ഉത്തമഗുണങ്ങളുടെ വിളഭൂമികളായ പ്രശസ്ത, പ്രൗഢ, പ്രഗല്ഭ, നായികാനായകന്മാരാണ്‌, ദമയന്തീനളന്മാർ. അവിചാരിതമായി, ഈശ്വരകല്പിതത്താൽ, വന്നുചേർന്ന ആ ആപത്തുകളിൽ അവരുടെ സഹനശക്തി അന്യാദൃശമാണ്‌. അവരുടെ ഉദാത്തവും പരിപാവനവുമായ ആ പ്രേമശൃംഖലാബന്ധം വജ്രായുധത്താൽ പോലും ഭേദിപ്പാനാവാത്തതാണ്‌ ; വാസ്തവത്തിൽ തങ്ങളുടെ സമാശ്ലേഷാവസ്ഥയിൽ നിന്നും തികച്ചും അപ്രതീക്ഷിതമായി, വിധിവൈപരീത്യത്താൽ വന്നുചേരുന്ന വിശ്ലേഷണത്തിന്നുശേഷമാണ്‌ യഥാർത്ഥാനുരാഗികളായ നായികാനായകന്മാരുടെ ആത്മീയമായ ആ അനുരാഗാമൃതം തികച്ചും ആസ്വാദ്യമാകുന്നത്. അപ്പോഴാണ്‌ പരമാനന്ദകരമായ തങ്ങളുടെ അനുരാഗസുധ അവർ അന്യോന്യം പകർന്നുകൊടുത്താസ്വദിച്ച് ആത്മസംതൃത്പി നേടുന്നത്. പ്രസ്തുത തത്വങ്ങൾ പരിപൂർണ്ണമായി കാണിക്കപ്പെടുന്ന രണ്ടു കഥാപാത്രങ്ങളാണ്‌ നളനും ദമയന്തിയും.

മേൽപ്പറഞ്ഞ ലക്ഷണങ്ങളൊക്കെത്തന്നെയാണ്‌ എനിക്ക് ബാഹുകനോട് ഒരു പ്രത്യേക പ്രതിപത്തിയുണ്ടാകാനുള്ള കാരണം.

ഇത്രയൊക്കെപ്പറഞ്ഞാലും ആ കഥാപാത്രത്തോട് നീതി പുലർത്തുന്നതിൽ ഇതുവരേയും ഞാൻ കൃതാർത്ഥനായിട്ടുമില്ല !

(22-11-1965)

Similar Posts

  • |

    കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത

    മനോജ് കുറൂർ July 20, 2011  നന്നേ ചെറുപ്പത്തില്‍ മധ്യോത്തര തിരുവിതാംകൂര്‍ പ്രദേശത്ത് ഞാന്‍ കണ്ട കഥകളികള്‍ക്ക് ശൈലീപരമായ വൈവിധ്യമുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍, മാങ്കുളം, പള്ളിപ്പുറം, രാമന്‍‌കുട്ടി നായര്‍, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഗോപി, മങ്കൊമ്പ്, സദനം കൃഷ്ണന്‍‌കുട്ടി, വാസു പിഷാരടി എന്നിങ്ങനെയുള്ള പുരുഷവേഷക്കാര്‍. അവര്‍ക്കൊപ്പം അന്നു സ്ത്രീവേഷങ്ങളവതരിപ്പിച്ചിരുന്നത് പ്രധാനമായും കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി എന്നീ നടന്മാരാണ്. കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു‌. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം,…

  • ഓർമ്മയുടെ ഉത്ഭവം

    എം.വി നാരായണൻ June 19, 2013 മലയാളത്തിൽ ഇത്തരമൊരു സാസ്മ്കാരിക പഠനം ആദ്യമാണെന്നു തോന്നുന്നു. കലയും കാലവും കൂട്ടിക്കുഴയ്ക്കുകയും അത് കേരളത്തിന്റെ ഭാഗധേയനിർണ്ണയ ശ്രേണികളില്‍  കണ്ണികളാകുകയും ചെയ്യുന്നത് അസാധാരണ പാടവത്തോടെ ലേഖകൻ പരിശോധിക്കുന്നു –സമകാലീന മലയാളം സെപ്റ്റംബർ 2005 (പത്രാധിപർ) ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്കാരം ‘അതു യഥാർത്ഥത്തിൽ എങ്ങനെ ആയിരുന്നു’ എന്ന് കണ്ടെത്തലല്ല, മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തിൽ മിന്നിമറയുന്ന ഓരോർമ്മയെ കൈയ്യെത്തിപ്പിടിക്കലാണ്. -വാൾട്ടർ ബൻമിയൻ,തീസിസ് ഓൺ ദ് ഫിലോസഫി ഓ ഹിസ്റ്ററി ദ്രാവിഡമനസ്സിന്റെ ഇരുണ്ട അകത്തളങ്ങളിൽ…

  • |

    വൈയ്ക്കം തങ്കപ്പന്‍പിള്ള

    മണി, വാതുക്കോടം August 8, 2014 ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കഥകളിഗായകനാണ് ശ്രീ വൈയ്ക്കം തങ്കപ്പന്‍പിള്ള. ശാരീരഗുണം കുറവാണെങ്കിലും ധാരാളം കഥകള്‍ തോന്നുകയും ഉറച്ചചിട്ട ഉള്ളതുമായ ഒരു ഗായകനാണിദ്ദേഹം. വടക്കന്‍ ചിട്ടയും തെക്കന്‍ ചിട്ടയും പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് തങ്കപ്പന്‍പിള്ള. കോട്ടക്കല്‍ വാസുനെടുങ്ങാടി, കോട്ടക്കല്‍ ഗോപാലക്കുറുപ്പ്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ ഉത്തരകേരളത്തിലെ ഗായകരോടോപ്പവും, ചെമ്പില്‍ വേലപ്പന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള തുടങ്ങിയ ദക്ഷിണകേരളത്തിലെ ഗായകര്‍ക്കൊപ്പവും, വൈക്കം തങ്കപ്പന്‍പിള്ള ധാരാളമായി പാടിയിട്ടുണ്ട്. വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും…

  • |

    കലാമണ്ഡലം ഹൈദരാലി അനുസ്മരണം

    ഫാക്റ്റ് ജയദേവ വർമ്മ January 4, 2013 കഥകളിയില്‍ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഞാന്‍ 1973ലാണ്‌ പഠനവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഫാക്റ്റ് കഥകളി വിദ്യാലയവുമായി അടുക്കുന്നത്. വേഷത്തിന്‌ കലാമണ്ഡലം കരുണാകരനാശാനും, കുടമാളൂരാശാനും.. പാട്ടിന്‌ ഹൈദരാലിയാശാനും എമ്പ്രാന്തിരിയാശാനും. ചെണ്ടക്ക് കേശവനാശാന്‍, മദ്ദളത്തിന്‌ ചാലക്കുടി നമ്പീശനാശാനും. കുടമാളൂരിന്‍റെ വിരമിയ്ക്കലില്‍ ഫാക്റ്റ് ഭാസ്കരനാശാനും. ആശാന്‍-ശിഷ്യന്‍ എന്ന ബന്ധത്തില്‍ ആറ്‌ കൊല്ലശേഷം അവിടെ നിന്നു പോന്നു എങ്കിലും എല്ലാവരുമായി നല്ലൊരു ബന്ധം ഉണ്ടായിരുന്നു. ജീവിതവൃത്തിയ്ക്കായി ഈശ്വരന്‍ തന്നൊരു തൊഴിലെന്ന…

  • നളചരിതത്തിലെ പുഷ്ക്കരൻ

    ഹേമാമോദസമാ – 14 ഡോ. ഏവൂർ മോഹൻദാസ് November 14, 2013  നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം ‘നളോപഖ്യാന’ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം. നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): ‘വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം’  എന്ന് ചിന്തിച്ച കലി ‘ഭൈമിയൊത്തു നളൻ സുഖിക്കൊല’ എന്നു  മനസ്സിൽ  ഉറപ്പിച്ചു  ‘നീയും…

  • |

    അന്തരീക്ഷം, അത് താനെയുണ്ടാവും

    വെണ്മണി ഹരിദാസ് സ്മരണ – 4(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ പി.ഡി. നമ്പൂതിരി July 3, 2017 ഹരിദാസേട്ടന്റെ കൂടെ പാടുമ്പം വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല. സ്റ്റേജില് വേഷക്കാരൻ ചെയ്യുന്നതെന്താണെന്ന് നോക്കുകല്ലാണ്ട് വേറൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഈ പാട്ടിങ്ങനെ ഞാനാസ്വദിക്കും. പിന്നെയത് പാടാൻ ശ്രമിക്കും. ഇതു മാത്രമാണ് പാട്ടുകഴിയുന്നതു വരെ. വേറൊരു ചിന്തയില്ലാന്നുള്ളതാ. വേറാരു പാടുകാണെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നോക്കാം. ഇതതു പറ്റില്ല. പുള്ളീടെ പാട്ടിന്റെ കേമത്തരമതാ. നമുക്കതു മാത്രേ ശ്രദ്ധിക്കാൻ തോന്നൂ. അത്ര… ഒരു…

മറുപടി രേഖപ്പെടുത്തുക