കലാമണ്ഡലം ഗോപി

പി.ജി. പുരുഷോത്തമൻ പിള്ള

August 28, 2014

“പട്ടിക്കാംതൊടി രാവുണ്ണിമേനോൻ്റെ ഉടലിന്മേൽ കുഞ്ചുക്കുറുപ്പിന്റെ തല വെച്ചുപിടിപ്പിച്ചാൽ”… എന്ന്  വള്ളത്തോൾ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്.  പട്ടിക്കാംതൊടിയുടെ കയ്യും മെയ്യും കുറുപ്പിന്റെ രസവാസനയുമാണ്  മഹാകവി വിശേഷമായി കണ്ടത്. ഏതാണ്ട്  അതുപോലൊരു പരാമർശം ഈയിടെ ഒളപ്പമണ്ണ നടത്തുകയുണ്ടായി. രാമൻകുട്ടിനായരും കൃഷ്ണൻനായരും ചേർന്നതാണ്  കലാമണ്ഡലം ഗോപി എന്ന്.  ഒക്റ്റോബർ 18-ന്  കലാമണ്ഡലത്തിലെ അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അസാമാന്യമായ വേഷഭംഗി, നല്ല മെയ്യൊതുക്കം, ചന്തമേറിയ അംഗചലനങ്ങൾ, ഒന്നാംതരം കണ്ണ്, തികഞ്ഞ അഭ്യാസബലം എന്നിവയെല്ലാം ഗോപിയുടെ കൈമുതലാണ്.  അവാർഡ്  ദാനത്തിൻനാൾ ഗോപിയുടെ കാലകേയവധത്തിൽ അർജ്ജുനൻ കണ്ടവർക്കെല്ലാം ഈ സംഗതികൾ ബോദ്ധ്യമായി. ആദ്യാവസാന പച്ച കത്തി വേഷങ്ങൾ എല്ലാം ഗോപി കെട്ടും. എങ്കിലും പച്ചയാണ്  ഗോപിക്ക്  കൂടുതൽ ഇഷ്ടം. കാഴ്ചക്കാർക്കും. ഗോപിയുടെ രണ്ടാം ദിവസത്തെ നളൻ പലവുരു ഞാൻ കണ്ടിട്ടുണ്ട്.  

കുഞ്ചുക്കുറുപ്പാശാൻ്റെ വേഷവും ആട്ടവും ഓർത്തുപോയി അപ്പോഴെല്ലാം. ചൂതിൽ തോറ്റു സർവസ്വവും നഷ്ടപ്പെടുമ്പോഴെക്കും നളൻ്റെ ശരീരം തന്നെ ചെറുതാകുന്നതായി നമുക്ക്  തോന്നും. വേര്പാടും ബഹുകേമമാണ്. ഏറ്റവും ശോഭിക്കുന്ന ഗോപിയുടെ മറ്റൊരു വേഷമാണ്  രുഗ്മാംഗദൻ. “തന്മകൻ ധർമ്മാംഗദനെ ചെമ്മേ വാളാൽ വെട്ടാൻ” ഒരുങ്ങുമ്പോൾ മുഖത്തു വരുന്ന ഭാവങ്ങൾ കണ്ടുതന്നെ രസിക്കണം. വ്യക്തി എന്ന നിലയിൽ വളരെ നല്ല സുഹൃത്തും നിഷ്ക്കളങ്ക പ്രകൃതിയുമാണ്  അദ്ദേഹം. ഗോപിക്ക്  ആരാധകരല്ല. സുഹൃത്തുക്കൾ ആണ്.  കുറച്ചുനാൾ മുമ്പ്  വരെ ഗോപിക്ക്  ഒരു ദൌർബല്യം ഉണ്ടായിരുന്നു – വാരുണീസേവ. അത്തരം കാര്യങ്ങൾ മറ്റുള്ളവരുടെ ചെലവിൽ മാത്രം നടത്തുന്ന ചില “കലാകാരന്മാർ” ഉണ്ടല്ലോ. ഗോപി അക്കൂട്ടത്തിൽ ആയിരുന്നില്ല.

ഒടുവിൽ ഗോപി എന്ന വി.എം. ഗോവിന്ദൻ നായരെ രണ്ടു മാസത്തോളം സസ് പെൻഷനിൽ നിർത്താൻ കലാമണ്ഡലം ഭരണസമിതി നിർബന്ധിതമായി. പിന്നെ ഒരു ഇംക്രിമെന്റ്  മാത്രം തടഞ്ഞു തീരുമാനം എടുക്കുകയും അദ്ദേഹം അർഹിച്ചിരുന്ന പ്രൊഫസർ സ്ഥാനത്തേക്കുള്ള കയറ്റം അനുവദിക്കുകയും ചെയ്തു.  ഈ ശിക്ഷാ നടപടി നളനു കിട്ടിയ കാർക്കോടക ദംശനം പോലെ അനുഗ്രഹമായി ഗോപിക്ക്.  ഇന്ന് അക്കാര്യത്തിൽ ഗോപി പഴയ ഗോപിയല്ല. 1937 മെയ് 25-ന്  പാലക്കാടു ജില്ലയിലെ കോതച്ചിറയിൽ വടക്കടത്തു ഗോപാലൻ നായരുടേയും മണാളത്ത്  ഉണ്യാതി നങ്ങമ്മയുടെയും മകനായിട്ടാണ് കഥാപുരുഷൻ ജനിച്ചത്.  

പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ആദ്യം കച്ചകെട്ടിയത് തുളളലിനാണ്.  രണ്ടുവർഷം കഴിഞ്ഞ്  തേക്കിൻകാട്ടിൽ രാമുണ്ണിനായർ നടത്തിവന്ന ഗുരുകുലത്തിൽ ചേർന്ന്  കഥകളി അഭ്യാസം ആരംഭിച്ചു – 11ആം വയസ്സിൽ. മൂന്നു കൊല്ലം അവിടെ പഠിച്ച ശേഷം ആണ്  കലാമണ്ഡലത്തിൽ ചേർന്നത്. രാമൻകുട്ടി നായരും പത്മനാഭൻ നായരും ആയിരുന്നു കലാമണ്ഡലത്തിലെ മുഖ്യ ആശാന്മാർ. അവാർഡ്  വാങ്ങുന്നതിനുമുമ്പായി ഗുരുസ്മരണ എന്ന നിലയിൽ  രണ്ട്  ആശാന്മാർക്കും പൊന്നാട സമർപ്പിച്ചുകൊണ്ട്  ദണ്ഡനമസ്ക്കാരം ചെയ്തപ്പോൾ അവിടെ കൂടിയിരുന്ന രണ്ടായിരത്തോളം ആളുകൾ ആനന്ദാശ്രു പൊഴിച്ചു. 

ഗോപി കലാമണ്ഡലത്തിൽ അദ്ധ്യാപകനായി ചേർന്നത്  1958-ൽ ആണ്. അങ്ങനെ 1983-ൽ അവാർഡ്  കിട്ടിയത്  സേവനത്തിൻ്റെ രജതജൂബിലി വർഷത്തിലാണ്. കലാമണ്ഡലം അവാർഡ്  കിട്ടിയിട്ടുള്ളവരിൽ ഏറ്റവും ചെറുപ്പത്തിലെ അത്  നേടുവാൻ ഭാഗ്യം ഉണ്ടായത്  ഗോപിക്കാണ്  എന്നത്  എടുത്തുപറയേണ്ട കാര്യം തന്നെ. ഇനി കിട്ടാനിരിക്കുന്ന പല പുരസ്ക്കാരങ്ങളുടെയും മുന്നോടിയും ആവാം ഇത്. 

കലാമണ്ഡലം സംഘത്തോടൊപ്പം ഇന്ത്യയിൽ മിക്കയിടത്തും വെളിയിലും ഗോപി പര്യടനം നടത്തിയിട്ടുണ്ട്. രണ്ട്  ആണ്‍കുട്ടികളുടെ പിതാവായ ഗോപിയുടെ ജീവിതസഖി ആരേക്കത്തു ചന്ദ്രികയാണ്. ഗോപിക്കു മേൽക്കുമേൽ ഐശ്വര്യം നെരാത്തവരായി കളിക്കമ്പക്കാർ ആരും കാണുകയില്ല എന്ന്  തീരത്തു പറയാം.

 

Similar Posts

  • തൃപ്പൂണിത്തുറയിലെ മൂന്നാം ദിവസം

    -സു- May 15, 2011  തൃപ്പൂണിത്തുറ കഥകളി കേന്ദ്രംമേയ് 14, 2011നളചരിതം മൂന്നാം ദിവസംവെളുത്ത നളന്‍- കലാ.ശ്രീകുമാര്‍ബാഹുകന്‍-കലാ. വാസു പിഷാരോടിസുദേവന്‍-ഫാക്റ്റ് പദ്മനാഭന്‍ദമയന്തി-ചമ്പക്കര വിജയന്‍ഋതുപര്‍ണ്ണന്‍-പേരറിയില്ലപത്തിയൂര്‍ ശങ്കരന്‍ കുട്ടി/നെടുമ്പള്ളി രാം മോഹന്‍/..പേരറിയില്ല 🙂ശങ്കര വാര്യര്‍കുറൂര്‍ വാസുദേവന്‍ നമ്പൂതിരി വൈകുന്നേരം അഞ്ച്മണിക്ക് തുടങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും അല്‍‌പ്പം വൈകിയാണ് തുടങ്ങിയത്. കളി നടന്നത് കളിക്കോട്ട് പാലസിലായിരുന്നു. അവിടത്തെ സ്റ്റേജ് വളരെ ഉയരമുള്ളതായിരുന്നതിനാല്‍ കസേരയില്‍ ഇരുന്ന് കളികണ്ടാലും മുകളിലേക്ക് നോക്കിയേ കാണാന്‍ പറ്റൂ. 🙂 ഒട്ടും തന്നെ കഥകളിക്കനുയോജ്യമല്ലാത്ത ഒരു സ്റ്റേജ് ആയിട്ടാണ്…

  • ഓര്‍മ്മ – ആസ്വാദന കുറിപ്പ്

    സ്മിതേഷ് നമ്പൂതിരിപ്പാട് July 23, 2012 കാറല്‍മണ്ണയില്‍ 19-07-2012 – നു നടന്ന ശ്രീ കോട്ടക്കല്‍ ശിവരാമന്‍ അനുസ്മരണ കുറിപ്പ്….. ഓര്‍മ്മ എന്ന് പേരില്‍ ശ്രീ കോട്ടക്കല്‍ ശിവരാമന്‍ രണ്ടാം ചരമ വാര്‍ഷികം ജൂലായ്‌ 19നു കാറല്‍മണ്ണയില്‍ ശ്രീ വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ നടക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ അതിനു പോകണം എന്ന് തീരുമാനിച്ചു. ശ്രീ കോട്ടക്കക്കല്‍ ശിവരാമനോടു ബഹുമാനം ഉണ്ടെങ്കിലും , അതിനു മേല്‍ അത് കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ വെച്ച് …

  • ഉത്സവ പ്രബന്ധം 2011

    എം ബി സുനിൽ കുമാർ November 15, 2011 തിരനോട്ടം ഉത്സവം 2011 അനുഭവക്കുറിപ്പ് ഉത്സവം 2011ന്റെ നോട്ടീസ്  കിട്ടിയപ്പോള്‍ തന്നെ പോകണം എന്ന് മനസ്സില്‍ കരുതിയിരുന്നു. ആദ്യം നോക്കിയത് നടത്താനിരിക്കുന്ന കഥകള്‍ ഏതൊക്കെ എന്നായിരുന്നു. കാലകേയവധം, കിര്‍മ്മീരവധം, ഉത്തരാസ്വയംവരം എന്നൊക്കെ കണ്ടപ്പോള്‍ തന്നെ തീരുമാനത്തിനു ശക്തി കൂടി. ആര്‍ട്ടിസ്റ്റുകള്‍ ആരൊക്കെ എന്നതിനെ പറ്റി എനിക്ക് വലിയ പരിഭ്രമം ഉണ്ടായിരുന്നില്ല. കാരണം, തിരനോട്ടം സംഘാടകര്‍ അതില്‍ നല്ലോം മനസ്സിരുത്തിയിട്ടുണ്ടാവും എന്ന ധാരണ തന്നെ.കൊട്ടിനോട് വലിയ ഭ്രമം ഇല്ല…

  • കണ്ണൂർ ചിറക്കൽ ധന്വന്തരീക്ഷേത്ര ഉത്സവക്കളി – കുചേലവൃത്തം.

    ദീപ കോടീരി October 28, 2016 കണ്ണൂർ ചിറക്കൽ ധന്വന്തരീക്ഷേത്ര ഉൽസവ ക്കളി :കഥ – കുചേലവൃത്തം.( കുചേലൻ: വെള്ളിനേഴി ഹരിദാസ് ,കൃഷ്ണൻ: കലാ .പ്രദീപ്, രുഗ്മിണി : സദനം സദാനന്ദൻ, പാട്ട്: കോട്ടക്കൽ നാരായണൻ ,പനയൂർ കുട്ടൻ ,ചെണ്ട: ശിവദാസൻ : മദ്ദളം: കലാ.അജിത്ത് )  അമ്മയുടെ ഹോസ്പിറ്റൽ വിഷയങ്ങളും ഫോൺ വിളികളുമായി എത്താൻ വൈകി.. “ദാനവാരി” കഴിഞ്ഞിരുന്നു.. അമ്പലത്തിനു മുൻപിലുള്ള ചിറയുടെ ഒരു കോണിലെത്തിയപ്പോഴേ മങ്ങി കേട്ടിരുന്നു പുന്നാഗവരാളി.. ത്തിരി വെഷമം തോന്നി.. വണ്ടിക്ക്…

  • കാലകേയവധം – വേദിക. ഒക്റ്റോബർ 30, 2016 വിവേകോദയം സ്കൂൾ തൃശൂർ

    ജയശ്രീ കിരൺ November 2, 2016 നാട്ടിൽ അങ്ങോളമിങ്ങോളം കഥകളി രാവുകൾ!പക്ഷെ എന്തു ചെയ്യാം?… ” അത്തിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്” അതന്നെ… കുറെ ദിവസ ങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഒക്ടോബർ 30 നു പോവാനുള്ള ഒരുക്കങ്ങൾ.. രാവിലെ തന്നെ പദങ്ങൾ വായിച്ച് ഒരു നോട്ട് ഉണ്ടാക്കി കയ്യിൽ കരുതി.. 2 മണിക്ക് തന്നെ ഇറങ്ങാൻ വാശി പിടിച്ച്, കുട്ട്യോളെ പല കാര്യങ്ങൾ പറഞ്ഞ് (തെറ്റി )ധരിപ്പിച്ച് ഇറങ്ങി !!. കളിക്ക് പോവാൻ ഉള്ള ഒരു…

  • കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം ദിവസം

    രവീന്ദ്രനാഥ് പുരുഷോത്തമൻ November 3, 2015 ഇന്ന്  വിശ്വകലയായി തീർന്നിരിക്കുന്ന, കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളർച്ചയ്ക്ക് പ്രതിഭാധനരായ ഒട്ടനവധി ആചാര്യന്മാരുടെയും, വള്ളത്തോളിനെപ്പോലുള്ള ആസ്വാദക വരേണ്യരുടേയും സ്തുത്യർഹമായ പങ്കുപോലെതന്നെ അവിസ്മരണീയമാണ് നാട്ടിലുടനീളവും, ചില വിദേശ രാജ്യങ്ങളിലുമുള്ള ക്ലബ്ബുകളുടെ സംഭാവനകളും.  ആട്ടക്കഥ, കഥകളി, അഭിനയം, മുദ്രകൾ അങ്ങനെ ഈ കലാരൂപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സാധാരണക്കാർക്കു  കൂടി മനസ്സിലാവുന്ന തരത്തിൽ പരിചയപ്പെടുത്തുവാൻ കഥകളി ക്ലബ്ബുകൾ സ്വീകരിച്ചു വരുന്ന നടപടികൾ ശ്ലാഘനീയമാണ്. പ്രചുരപ്രചാരം നേടിയവ കൂടാതെ ഇന്ന്  അരങ്ങിൽ വളരെ വിരളമായി അവതരിപ്പിച്ചു…

മറുപടി രേഖപ്പെടുത്തുക