ശ്രീചിത്രന്‍ എം ജെ

March 14, 2012

അപ്രതീക്ഷിതങ്ങളെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് മികച്ച ഏതു കലയിലുമുണ്ട്. കഥകളിയും അതില്‍ നിന്ന് വിഭിന്നമല്ല. അവിചാരിതപരിസരങ്ങളില്‍, തീര്‍ത്തും അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ പലപ്പോഴും വിസ്മയിപ്പിക്കുന്ന രംഗാനുഭവം കഥകളി സമ്മാനിക്കാറുണ്ട്. അത്തരമൊന്നായിരുന്നു 2012 മാര്‍ച്ച് 12 ന് ചെത്തല്ലൂരില്‍ നടന്ന രാവണോല്‍ഭവം. കലാമണ്ഡലം പ്രദീപിന്റേതായിരുന്നു രാവണന്‍. കലാ.ബാലസുന്ദരനും സദനം രാമകൃഷ്ണനും ചെണ്ടയിലും കലാ. വേണുവും സദനം പ്രസാദും മദ്ദളത്തിലും മേളമൊരുക്കി. നെടുമ്പള്ളി രാംമോഹനും കോട്ടക്കല്‍ വേങ്ങേരി നാരായണനും ആയിരുന്നു സംഗീതം. കേട്ടക്കല്‍ കൃഷ്ണദാസ്, കലാമണ്ഡലം ബാജിയോ എന്നിവര്‍ യഥാക്രമം കുംഭകര്‍ണ്ണനും വിഭീഷണനും ആയി വേഷമിട്ടു.

സുനിയതവും ക്രമബദ്ധവുമായ താളാംഗഘടന, പൂര്‍വ്വനിശ്ചിതവും സുഘടിതവും ആവര്‍ത്തനങ്ങളിലൂടെ ഉറപ്പിക്കപ്പെട്ടതുമായ പ്രമേയപരിചരണവ്യവസ്ഥ, ആരോഹണക്രമത്തിലുള്ള താളപ്രരോഹത്തെ പ്രത്യക്ഷീകരിക്കുന്നതും ഓരോ സൂക്ഷ്മചലനത്തെയും മുന്‍പേ ചെത്തിമിനുക്കിയതുമായ ശരീരവിന്യാസശില്‍പ്പം എന്നിവ കൊണ്ട് രാവണോല്‍ഭവം മറ്റേത് കഥകളി അവതരണത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു. പല മഹാചാര്യന്മാരാല്‍ നിര്‍ണ്ണയിക്കപ്പെട്ട രാവണോല്‍ഭവത്തിന്റെ അവതരണസ്വരൂപം ആവശ്യപ്പെടുന്ന ചില അടിസ്ഥാന സൗന്ദര്യഘടകങ്ങള്‍ ചരിത്രപരമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. ക്രമികമായി വികസിക്കുന്ന വീരം, ശരീരചലനങ്ങളില്‍ കത്തിവേഷം ആവശ്യപ്പെടുന്ന പരിചരണം –- രാവണോല്‍ഭവത്തിന്റെ കാര്യത്തില്‍ ഇവയെപ്പറ്റിയെല്ലാമുള്ള സങ്കല്‍പ്പനങ്ങള്‍ ഏറെക്കുറെ ഇളക്കാനാവാത്ത വിധം ഉറച്ചിരിക്കുന്നു. ശരീരസ്ഥജ്ഞാനം, ആവര്‍ത്തനനിഷ്ഠം എന്നിങ്ങനെയുള്ള സംജ്ഞകള്‍ കൊണ്ട് ഈ ഇളക്കാനാവാത്ത പാരമ്പര്യ അസ്ഥിവാരത്തെ കാനോനീകരിക്കാന്‍ ഇപ്പോഴും പണ്ഡിതപ്രഭൃതികള്‍ നിഷ്കര്‍ഷിക്കുന്നുമുണ്ട്.

പ്രദീപിന്റെ ഉല്‍ഭവം രാവണന്‍, പ്രകടമായിത്തന്നെ ഈ  പാരമ്പര്യ അതിവാദത്തിനോട് ഇടഞ്ഞുനില്‍ക്കുന്നു. പ്രമേയത്തിലും തല്‍ജന്യമായ പ്രകാരത്തിലും സ്വകീയവും ബോധപൂര്‍വ്വമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും സധൈര്യം പ്രദീപ് നടത്തുന്നുണ്ട്. എന്നാല്‍ അതിനു മറുപുറത്ത്, കഥകളിത്തം എന്ന സംജ്ഞകൊണ്ട് ഉല്‍ഭവം ആവശ്യപ്പെടുന്ന പാരമ്പര്യശൈലീസുഷമകളില്‍ മിക്കതിനേയും ചേതോഹരമാം വിധം തൃപ്തിപ്പെടുത്തുന്നുമുണ്ട്. തീര്‍ച്ചയായും അവതരണത്തിന്റെയും ആഖ്യാനരീതിശാസ്ത്രത്തിന്റെയും ആധുനികമായ കലാവീക്ഷണം ഉള്‍ക്കൊള്ളുന്ന പ്രകടനമായി പ്രദീപിന്റെ ഉല്‍ഭവം മാറുന്നത് അങ്ങനെയാണ്.

നിലകളുടെ പുനര്‍വായനകള്‍

ഒന്നേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഉല്‍ഭവത്തിലെ ആദ്യഭാഗമായ തപസ്സാട്ടം, കല്ലുവഴിക്കളരിയുടെ പൂര്‍വ്വാചാര്യന്മാര്‍ ചിന്തേരിട്ടു ചെത്തിമിനുക്കിയെടുത്ത കലാശില്‍പ്പമാണ്. ത്രിപുടയുടെ നാലുകാലങ്ങളിലൂടെയും വികസിക്കുന്ന തപസ്സാട്ടത്തിന്റെ ഓരോ മുക്കും മൂലയും ശൈലീകരിക്കാതെ വിട്ടിട്ടില്ല ആ മഹാപ്രതിഭകള്‍. ത്രിപുട ഒന്നാംകാലം തുടങ്ങും മുന്‍പുള്ള  നിശ്ശബ്ദതയില്‍ ഉത്തരീയം വൃത്താകൃതിയില്‍ ചുഴറ്റിയെടുക്കുന്ന വിധം മുതല്‍, മുകളിലേയ്ക്കുയര്‍ത്തിയ ഉത്തരീയനിലയില്‍ കൃത്യമായി ഘടിപ്പിച്ച അലര്‍ച്ച വരെ. ഈ ഇഴചേര്‍ന്നു ബദ്ധദാര്‍ഢ്യം പൂണ്ട ശില്‍പ്പാകാരത്തിലെ നിരവധി സര്‍ഗാത്മകമായ പഴുതുകള്‍ കണ്ടെത്തുകയും, അവിടങ്ങളെല്ലാം ചേതോഹരമായ നിലകള്‍ കൊണ്ട് പൂരിപ്പിയ്ക്കുകയും ചെയ്യാന്‍ പ്രദീപിന്റെ രാവണന്‍ നിഷ്കര്‍ഷിക്കുന്നു. മികച്ചതെന്നു തോന്നുന്ന ഒരുദാഹരണം വിശദീകരിയ്ക്കാം -– കൈകസിയായി പൂര്‍വ്വസംഭവങ്ങള്‍ പകര്‍ന്നാടുന്ന സമയത്ത് വൈശ്രവണന്‍ പുഷ്പകവിമാനത്തിലേറി ആകാശമാര്‍ഗത്തിലൂടെ പോകുന്നത് കണ്ട്, അവന്‍ ( വൈശ്രവണന്‍) ഇത്രമേല്‍ പ്രതാപിയായിരിക്കുമ്പോള്‍ ഇവന്‍ (രാവണന്‍) ഇത്രമേല്‍ നിസ്സാരനായിരിക്കുന്നല്ലോ എന്ന് കൈകസി പ്രലപിക്കുന്നത് അഭിനയിക്കുന്ന സന്ദര്‍ഭം. ഈ സമയത്ത് വൈശ്രവണനെ ചൂണ്ടി അവന്‍ എന്ന മുദ്ര മേളത്തിന്റെ സാഹായത്തോടെ അതിഖരമായും രാവണനെ ചൂണ്ടി ഇവന്‍ എന്ന് മാര്‍ദ്ദവമാര്‍ന്നും കാണിക്കുന്നതിന് പൂര്‍വ്വസൂരികള്‍ നിഷ്കര്‍ഷിച്ചു രൂപപ്പെടുത്തിയ ഒരു മനോഹരഘടനയുണ്ട്. ഇതിനു പൂര്‍വ്വാധികം ശക്തികിട്ടാനായി പ്രദീപ് ചെയ്യുന്നത് ഒരു ചെറിയ മാറ്റം മാത്രമാണ്. സാധാരണ പുഷ്പകവിമാനം നോക്കിക്കാണുമ്പോള്‍ ഏകദേശം മദ്ധ്യത്തില്‍ ( അരങ്ങിനു നേരെ നടന്‍ വരുന്ന അവസ്ഥയില്‍ ) ആണ് മുന്‍ചൊന്ന ആവിഷ്കാരം പതിവുള്ളത്. പ്രദീപ് അതിന്റെ സ്ഥാനം അല്‍പ്പം കൂടി ഇടത്തോട്ടേയ്ക്ക് മാറ്റുന്നു. പറയുമ്പോള്‍ ചെറുതെന്നു തോന്നുന്ന ഈ മാറ്റം തുടര്‍ന്നുണ്ടാക്കുന്ന പ്രകടനശക്തിക്കു നല്‍കുന്ന ശക്തി ചെറുതല്ല. അല്‍പ്പനേരം കൂടി ശ്രവണാനന്ദകരമായ വിമാനഗമനവാദനം നീളുന്നു എന്നതു ആദ്യത്തെ കാര്യം. പ്രധാനം മറ്റൊന്നാണ്. അവന്‍ എന്ന മുദ്ര മുകളിലേക്കു ശക്തിയായി പ്രക്ഷേപിക്കുമ്പോള്‍ അരങ്ങിന്റെ ഒരുകോണിലേക്കു കൂടുതല്‍ നീളവും ദൈര്‍ഘ്യപ്രതീതിയും സൃഷ്ടിക്കാന്‍ കഴിയുന്നു. അതിനനുസരിച്ച് അല്‍പ്പം പിന്നിലേക്കു മലച്ച് ഒരു കോണിലേക്കു നല്‍കുന്ന ശരീരനില, വല്ലാത്തൊരു ദൈര്‍ഘ്യാനുഭവം പ്രസ്തുത മുദ്രയ്ക്കു നല്‍കുന്നു. ഇത്തരത്തില്‍ സൂക്ഷ്മമായ അനേകം നിലകളുടെ ചാരുതയാര്‍ന്ന നിര്‍മ്മിതി കൊണ്ട് സമൃദ്ധമായിരുന്നു ആദ്യന്തം പ്രദീപിന്റെ രാവണന്‍. വിസ്താരഭയത്താല്‍ അവയെല്ല്ലാം പറയുന്നില്ല. ഒന്ന് എടുത്തെഴുതിയെന്നു മാത്രം.

മുദ്രകളുടെ സബോധാവിഷ്കരണം

ഓരോ മുദ്രയും ആവര്‍ത്തിതാഭ്യാസം കൊണ്ട് ശരീരനിഷ്ഠമാക്കുകയും വള്ളിപുള്ളി വ്യത്യാസം വരാതെ ഒരു കണ്ണാടിപ്പതിപ്പ് അരങ്ങില്‍ ബോധമനശ്ചര്യകളെ ദുര്‍ബലമാക്കി സൃഷ്ടിക്കുകയും ചെയ്യുക എന്ന പാരമ്പര്യവാദികളുടെ  ഉല്‍ഭവമാതൃക പ്രദീപിന്റെ രാവണന്‍ അംഗീകരിക്കുന്നില്ല എന്നു നിശ്ചയം. ഓരോ മുദ്രയെപ്പറ്റിയും കൃത്യവും നിയതവുമായ ബോദ്ധ്യം പ്രദീപിനുണ്ട് എന്നു പ്രകടനം തെളിയിക്കുന്നു. അവയെല്ലാം കുത്തും കുനിപ്പും മാറാതെ അരങ്ങിലെഴുതാനല്ല പ്രദീപിന്റെ തീരുമാനം. സര്‍ഗാത്മകമാം വിധം രാവണസ്വരൂപത്തെ ബോധത്തിലും ശരീരത്തിലും ഉള്‍ക്കൊണ്ട് രംഗരചന നടത്താനാണ്. സ്വാഭാവികമായും അനേകം വ്യതിയാനങ്ങള്‍ ആദ്യന്തം സംഭവിക്കുന്നു. കല്ലുവഴിക്കളരിയുടെതായി കീഴ്പ്പടം കളരിയുടെ സദ്ഫലങ്ങള്‍ അവതരിപ്പിച്ച ഉല്‍ഭവങ്ങളാണ് മുന്‍പ് വ്യതിയാനങ്ങളുള്ളതായി കണ്ടിട്ടുള്ളത്. അവയെല്ലാറ്റിലും കൂടുതലും തലസ്പര്‍ശിയുമാണ് പ്രദീപിന്റെ മാറ്റങ്ങള്‍.

ഒന്നിന്നിന്നൊന്നിലേക്ക് അനുസ്യൂതം ഒഴുകുന്ന പാരമ്പര്യ ഉല്‍ഭവം നല്‍കുന്ന സംഫണിയുടെ അനുഭൂതി നഷ്ടമാകുന്നു എന്നത് ഒരു കുറവായി പറയാം. എന്നാല്‍, ഉല്‍ഭവത്തിന്റെ സൗന്ദര്യസംസ്കൃതിയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയൊരു വ്യവഹാരത്തിനൊരുങ്ങുന്ന പ്രദീപിന്റെ രാവണനെ ഈ അനുഭൂതിനഷ്ടം കാര്യമായി ബാധിക്കുന്നില്ല.  അതിനുകാരണം, കഥകളിയുടെ ശരീരപാഠം ആവശ്യപ്പെടുന്ന വായുവിന്റെ ഊര്‍ജ്ജം, ബലിഷ്ഠമായ പരിചരണസിദ്ധി, കൃത്യമായ താളസമന്വയം, കത്തിവേഷചലനങ്ങളുടെ ഘടനാസൗന്ദര്യം, ശരീരനിലയിലും മുദ്രാവ്യവഹാരത്തിലുമുള്ള വൃത്തി തുടങ്ങിയ ഘടകങ്ങള്‍ എല്ലാം പ്രദീപില്‍ വേണ്ടുവോളമുണ്ട് എന്നതാണ്.

പ്രമേയ – പ്രകാര പൊളിച്ചെഴുത്തുകള്‍

തപസ്സാട്ടത്തിലും തുടര്‍ന്നും ഉല്‍ഭവം രാവണന്‍ അനുവര്‍ത്തിക്കേണ്ട പ്രമേയസമീപനത്തെ സാഹസികമാം വിധം പ്രദീപ് പലയിടത്തും പൊളിച്ചുപണിയുന്നുണ്ട്. ചിലപ്പോഴെങ്കിലും കടുത്തവിമര്‍ശനസാദ്ധ്യത അതു നല്‍കുന്നുമുണ്ട്. വരങ്ങളെല്ലാം വാങ്ങിയശേഷം “എന്തേ പോയില്ലേ? പോ”എന്ന് ബ്രഹ്മാവിനെ പുച്ഛിച്ചു വണങ്ങാതെ യാത്രയാക്കുന്ന രാവണനു പകരം, പുച്ഛമുണ്ടെങ്കിലും വന്ദിച്ചുയാത്രയാക്കുന്ന രാവണനാക്കി മാറ്റിയതുപോലെ ചിലത് ദഹിക്കാതെ കിടക്കുകയും ചെയ്യുന്നു. അനുജന്മാരോട് നിങ്ങള്‍ തപസ്സിനുവരുന്നില്ലേ എന്നു എന്നു ചോദിച്ച് സമ്മതം ശ്രവിച്ച് ഒപ്പം കൂട്ടുന്നതിനു പകരം നിങ്ങള്‍ എന്നോടൊപ്പം തപസ്സിനു പുറപ്പെട്ടാലും എന്നു കാണിച്ചത് മറ്റൊരുദാഹരണം. എന്നാല്‍ സുപ്രധാനമായ വസ്തുത, പ്രമേയത്തെ പ്രദീപ് സമീപിക്കുന്നത് പ്രകാരത്തിനുള്ള ഒരു ആയുധം എന്ന നിലയ്ക്കാണ് എന്നതാണ്. സവിശേഷമാം വിധം ലാവണ്യവത്തായി തന്റെ പ്രകടനം നിലനിര്‍ത്താന്‍ സഹായിക്കാത്ത ഏത് പ്രമേയത്തെയും പൊളിച്ചുപണിയാന്‍ പ്രദീപ് മടികാണിക്കുന്നില്ല. തപസ്സിനുള്ള ഒരുക്കങ്ങളുടെ സമയത്ത് സ്നാന – ഭസ്മലേപനാദികര്‍മ്മങ്ങള്‍ പരമാവധി ന്യൂനീകരിച്ചത് ഉദാഹരണം. ത്രിപുടയുടെ കാലപ്രരോഹം ത്രസിച്ചുനില്‍ക്കുന്ന ആ സമയത്ത് ഇത്തരം അനുഷ്ഠാനാത്മകക്രിയകളെ ന്യൂനീകരിച്ച് കാലം വലിയാതെയും ശബ്ദശില്‍പ്പം താറുമാറാകാതെയും നോക്കുക എന്നതാണു പ്രധാനം എന്നു പ്രദീപിനറിയാം. ഇത്തരത്തില്‍, പ്രമേയവും പ്രകാരവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തി രൂപീകരിക്കുന്ന രംഗബോധം പ്രദീപിന്റെ രംഗരചനയ്ക്ക് സര്‍ഗാത്മകമായ മൂല്യം സമ്മാനിക്കുന്നു.

സൂക്ഷ്മസ്പര്‍ശിനികളുള്ള ഭാവനാത്മകത

ഏതു സുഘടിത – പൂര്‍വ്വനിശ്ചിത കലാവ്യവഹാരത്തിലും സൂക്ഷ്മമായ ചില ഭാവനാത്മകമായ കൈയ്യൊപ്പുകള്‍ നല്ല കലാകാരന്മാര്‍ പതിപ്പിക്കാറുണ്ട്. പലപ്പോഴും അതിന്റെ അനുഭവമായിരിക്കും പിന്നീടു മനസ്സില്‍ തങ്ങി നില്‍ക്കുക. ഉല്‍ഭവവും അതില്‍ നിന്ന് പണ്ടേ വ്യത്യസ്തമല്ല. ബ്രഹ്മാവു പ്രത്യക്ഷപ്പെടാത്തതില്‍ നിരാശനായി തപസ്സുനിര്‍ത്തി മടങ്ങുന്ന കലാ. രാമന്‍കുട്ടിനായരാശാന്റെ ദൃശ്യം മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. കളരിയിലുള്ളതെങ്കിലും, ബ്രഹ്മാവു വരുന്നുണ്ടോ എന്ന് എത്തിനോക്കുന്ന ആ ദൃശ്യം ഇത്രമേല്‍ സൂക്ഷ്മസൗന്ദര്യവാഹിയായി പിന്നീടൊരിക്കലും കാണാനായിട്ടില്ല.

സൂക്ഷ്മസ്പര്‍ശിയായ ഇത്തരം നിരവധി അഭിനയസന്ദര്‍ഭങ്ങള്‍ പ്രദീപിലെ മികച്ച നടന്‍ സമ്മാനിക്കുന്നുണ്ട്. ഏറ്റവും മനസ്സില്‍ തട്ടിയ ഒന്ന് പറയാം – സോദരന്മാരേ എന്നു ചൊല്ലിവട്ടം തട്ടിയ ശേഷം കൈയ്യില്‍ സോദരന്മാര്‍ എന്നു മുദ്രപിടിച്ച്, അതു പൂര്‍ത്തിയാക്കും മുന്‍പ് ലജ്ജാവഹമായ വരങ്ങള്‍ വാങ്ങി മുന്നില്‍ നില്‍ക്കുന്ന സോദരന്മാരേയും തന്റെ കയ്യില്‍ ഉള്ള സോദരന്മാര്‍ എന്ന മുദ്രയേയും മാറിമാറി നോക്കുന്ന ഒരു അഭിനയം. സോദരന്മാരേ നോക്കുമ്പോഴുള്ള അവജ്ഞയും കയ്യിലെ സോദരമുദ്രയിലേക്കു നോക്കുമ്പോള്‍ തന്റെ സോദരന്മാരാണല്ലോ ഇവര്‍ എന്ന മനസ്താപവും തനിക്കു സോദരന്മാരേപ്പറ്റിയുണ്ടായിരുന്ന പ്രതീക്ഷകളും കലര്‍ന്ന്, ഒരു വിസ്മയകരമായ ഭാവാനുഭവം സൃഷ്ടിക്കുന്നു. കലാ. വാസുപ്പിഷാരടിയുടെ രാവണന്‍ സൂചികാമുഖമുദ്രയില്‍ വിശേഷം എന്നു പിടിച്ച്, ക്രമമായി ഏറ്റിച്ചുരുക്കി, അവസാനം ച്ഛീ എന്ന് അവജ്ഞയോടെ അവസാനിപ്പിക്കുന്ന മറ്റൊരു പഴയ അവതരണാനുഭവം ഓര്‍മ്മവന്നു.

പ്രദീപിനു സഹജമായ നര്‍മ്മബോധവും നാടകീയാനുഭവസൃഷ്ടിക്കുള്ള പ്രാഗത്ഭ്യവും ഉല്‍ഭവത്തിലേക്കെത്തുമ്പോള്‍ ഒരു പ്രതിസന്ധി നേരിടുന്നുണ്ട്. നാടകീയതയെപ്പറ്റിയുള്ള പുതിയ അവതരണരീതിശാസ്ത്രത്തില്‍ നിന്നും സമീപനത്തില്‍ നിന്നും വ്യത്യസ്തമായി നിര്‍വ്വഹണരീതിയിലും നിയോക്ലാസിക്കല്‍ സമീപനത്തിലും രൂപപ്പെടുത്തിയ ഉല്‍ഭവത്തിന്റെ നാടകീയതയോട് അത് പലപ്പോഴും ഇടഞ്ഞു നില്‍ക്കും. ഇക്കാര്യത്തെ സമര്‍ത്ഥമായി നേരിടാന്‍ ഇനിയും കൂടുതല്‍ നിഷ്കര്‍ഷയും ആലോചനകളും ആവശ്യമാണെന്നു തോന്നുന്നു.

മറ്റൊരു എടുത്തുപറയേണ്ട കാര്യം മെയ്ക്കോപ്പുകളുടെ കാര്യത്തില്‍ പ്രദീപിനുള്ള അതിശയിപ്പിക്കുന്ന സ്വാധീനമാണ്. പലപ്പോഴും വിസ്മയാവഹമാണത്. പ്രവൃത്തിയിലെ വെടിപ്പും ഒതുക്കവും തന്റെ ശരീരത്തിലുള്ള മെയ്ക്കോപ്പുകളിലും ഒരുക്കത്തിലും പ്രദീപിനു സ്വായത്തമാണ്.

മേളത്തിന്റെ സമൃദ്ധമായ സഹായമില്ലെങ്കില്‍ ഒരിക്കലും ഉല്‍ഭവം വിജയമാവുകയില്ല. ബാലസുന്ദരനും രാമകൃഷ്ണനും  അറിഞ്ഞ് പ്രവര്‍ത്തിച്ചു. ഒരു കപടവുമില്ലാത്ത, ചെണ്ടയുടെ തനതുസൗന്ദര്യം ആവഹിക്കുന്ന വാദനവുമായി ബാലസുന്ദരനും  ഇരട്ടിമറിഞ്ഞു തടംതല്ലിപ്രവഹിക്കുന്ന ഉരുള്‍കോല്‍ സാധകവുമായി രാമകൃഷ്ണനും പ്രദീപിനൊത്ത മേളം സമ്മാനിച്ചു. ഓരോ ഇടയിലും അമര്‍ന്ന നാദവുമായി വേണുവിന്റെ മദ്ദളവും പ്രവര്‍ത്തിച്ചു. നെടുമ്പള്ളി രാമന്റെ ചേതോഹരവും സാധകശുദ്ധവും സന്ദര്‍ഭോചിതമാം വണ്ണം വീരോത്കര്‍ഷം നിറഞ്ഞതുമായ ആലാപനം ചൊല്ലിയാട്ടത്തെ കൂടുതല്‍ അനായാസവും ഉജ്ജ്വലവുമാക്കി.

ആധുനികകാലത്തിനും വ്യവഹാരത്തിനുമനുസരിച്ച് പുതിയ സൗന്ദര്യസമീപനങ്ങളുമായി കഥകളിയുടെ പുതുതലമുറ സാനിദ്ധ്യമറിയിക്കുകയാണ്. അത് പാരമ്പര്യത്തിന്റെ ഊട്ടിമിനുക്കിയ ലാവണ്യഘടകങ്ങളെ തിരസ്കരിച്ചാവുന്നുമില്ല എന്നിടത്താണ് പ്രദീപിനെപ്പോലുള്ള മികച്ച കലാകാരന്മാരുടെ വിജയം. പത്താമത്തെ തലയും വെട്ടാന്‍ സ്വയം ഇനിയും രാവണന്മാര്‍ നമ്മുടെ പുതുതലമുറയിലേക്കു വന്നുല്‍ഭവിക്കുന്ന ഈ ശുഭോദര്‍ക്കദൃശ്യം തരുന്ന സന്ദേശം അതാണ്.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder