പാതിമുദ്ര

രവി കവനാട്

July 8, 2011

ആടിക്കാറ്റിന്‍റെ താളത്തില്‍
കലാശംവച്ചു കാലവും
കൂടുവിട്ടു പറന്നേപോയ്‌
മിനുക്കിന്‍ ശിവപക്ഷിയും

മനയോല മിഴിത്തുമ്പു
തുടയ്ക്കുന്നുണ്ടു മൂകമായ്
മൊഴിമുട്ടി വിതുമ്പുന്നു
മിഴിവിന്‍റെ ചിലങ്കകള്‍

ഭാവപൂര്‍ണ്ണിമയുള്‍ക്കൊണ്ട
പാതിമുദ്ര നിലയ്ക്കവേ
വിജനേബത യെന്നെങ്ങും
നളവിഹ്വലവീചികള്‍

കലതന്‍ വസ്ത്രമാണിന്നു
കൊണ്ടുപോയതു പത്രികള്‍
കാണികള്‍ക്കു തിരുത്തീടാ-
നാവുമോ കഥയല്‍പവും

രുക്മാംഗദനകക്കാമ്പി-
ലുണ്ടാകില്ലിനി മോഹിനി
സുഖമോദേവി എന്നാരോ –
ടിനിചൊല്ലുമരങ്ങുകള്‍

തെക്കോട്ടേയ്ക്കു പുറപ്പെട്ട
വണ്ടി കൈകാട്ടിനിര്‍ത്തിയും
ഒരുസീറ്റിനു കെഞ്ചുന്നു –
ണ്ടാവാം ഉര്‍വ്വശിരംഭമാര്‍.

നക്ഷത്രക്കണ്ണുകള്‍പ്പൂട്ടി
നിദ്രതേടുന്നു കൈരളി
ഇനിയൊന്നുണരാനെത്ര
യുഗം നാം കാത്തിരിയ്ക്കണം

Similar Posts

  • ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ – കൃതഹസ്തനായ കഥകളി ഗായകൻ

    പി. രവീന്ദ്രനാഥ് December 7, 2013 കേരളത്തിലെ കലകളുടേയും, സാഹിത്യത്തിന്റേയും പഴയകാല ചരിത്രം പഠിച്ചാൽ അതാതു കാലങ്ങളിൽ, ഓരോ രീതിയിലുള്ള ഗാന സമ്പ്രദായം ഇവിടെ നില നിന്നിരുന്നതായി കാണാൻ കഴിയും. ഇവയിൽ പലതും ദൃശ്യ കലകൾ അവതരിപ്പിക്കുവാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതായിരുന്നു. ഇതിൽ കേരളത്തിന്റെ തനതു കലയായ കഥകളിക്കു വേണ്ടിയുള്ള ഗാന ശാഖയാണ്‌ കഥകളി പാട്ട്. കൈകൊട്ടിക്കളി പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട് എന്നിങ്ങനെ മറ്റു ഗാന ശാഖകളും ഉണ്ട്. ഇപ്പോഴത്തെ സമ്പ്രദായത്തിലുള്ള കർണ്ണാടക സംഗീതത്തിന് പ്രചാരം കിട്ടുന്നതിന് മുമ്പാണ്…

  • ഓർത്താൽ വിസ്മയം തന്നെ

    എം. ടി. വാസുദേവൻ നായർ January 4, 2013 ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന്‌ ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു. അരങ്ങേറ്റത്തില്‍ ഹൈദരാലി…

  • നാദം ചുറ്റിയ കണ്ഠം

    ശ്രീവത്സൻ തീയ്യാടി April 26, 2015 എന്നാണ് ആശാനെ ഒടുവിൽ കാണുന്നത്? കണ്ണട ധരിച്ചുള്ള പണ്ടത്തെ തുടുത്ത മുഖത്തിന് ആ കറുത്തഫ്രെയിമുള്ള ചില്ലകം ഇടയിലെന്നോ ഏറെയും ഇല്ലാതായിത്തുടങ്ങിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്; പക്ഷെ ഓർമച്ചെപ്പിലേക്ക് സൂക്ഷ്മം ലെൻസ്‌ പിടിച്ചുനോക്കിയിട്ടും ഇക്കാര്യം തെളിഞ്ഞുകിട്ടുന്നില്ല.  എന്നാൽ ആദ്യം ദർശിച്ചത് എന്നു വിശ്വസിക്കുന്ന അരങ്ങ് ഇന്നും വ്യക്തം!  നാലോളം ദശാബ്ദം മുമ്പാവണം. 1970കളുടെ രണ്ടാംപാതി. ഏഴെട്ടു വയസ്സേ എനിക്ക് പ്രായം കാണൂ. തൃപ്പൂണിത്തുറ കഥകളി ക്ലബ്ബിന്റെ വാർഷികമാണ്. കലാമണ്ഡലം മേജർ സെറ്റ്. പട്ടണത്തിലെ പൂർണത്രയീശക്ഷേത്രത്തിലെ…

  • ഊഷരതയിൽ പെയ്തിറങ്ങിയ നനവിന്റെ സ്മൃതി പ്രണാമങ്ങൾ 

    ഇന്ദിരാ ബാലൻ June 30, 2012  (നാട്യാചാര്യൻ “പദ്മശ്രീ ” വാഴേങ്കട കുഞ്ചുനായരെക്കുറിച്ച്‌ മകൾ അനുസ്മരിക്കുന്നു.) നടന വൈഭവം കൊണ്ടും, രസസ്ഫൂർത്തികൊണ്ടും അഭിനയത്തികവിനാലും ആഹാര്യശോഭയിൽ പ്രോജ്വലിക്കുന്ന തൗര്യത്രികത നിറഞ്ഞ്‌ അച്ഛനാടിയ അവിസ്മരണീയ മുഹൂർത്തങ്ങളുടെ സ്മരണകളൊന്നും ഈ മകളുടെ മനസ്സിലില്ല.അതിനാൽ തന്നെ ഈ ഓർമ്മകൾക്ക്‌ വിഷാദച്ഛവിയേറിയിരിക്കും. പക്ഷേ മനസ്സിന്റെ കളിയരങ്ങിൽ അച്ഛന്റെ നിരവധി കഥാപാത്രങ്ങൾ നിരന്തരം നിറഞ്ഞാടി. കവി ഗതമനുസരിച്ച്‌ സൂക്ഷ്മസ്ഥൂലോപാധികളിലൂടെ കഥാപാത്രത്തെ അനുസന്ധാനം ചെയ്ത്‌ ഇതിവൃത്തത്തിന്‌ അർത്ഥവും കഥാപാത്രത്തിന്‌ മിഴിവും നൽകിയ അച്ഛന്റെ അഭിനയ പാടവം കേട്ടുപരിചയത്തിലും…

  • | |

    കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

    പി.എം. നാരായണൻ & കെ.ശശി, മുദ്രാഖ്യ March 4, 2015 “ഈയിടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വായനശാലയിൽവെച്ച്‌ ഒരു കളിയുണ്ടായി. കഥകളിയിലെ പ്രഥമസ്ഥാനീയരായവരെ മാത്രമേ ആ കളിയിൽ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ നമ്പീശൻ മാത്രം തൃക്കുലശേഖരപുരത്തെ കളിക്കു പോയി. അദ്ദേഹമൊഴിച്ച്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നു. നമ്പീശൻ ഭാഗവതർ ഇല്ലാത്ത കുറവ്‌ അറിയരുതെന്ന്‌ ഞാൻ ഉണ്ണിക്കൃഷ്ണനെ വിളിച്ച്‌ സ്വകാര്യത്തിൽ പറഞ്ഞു. അന്ന്‌ അയാൾ പാടിയതുപോലൊരു പാട്ട്‌ അടുത്ത കാലത്തൊന്നും കേൾക്കുകതന്നെ ഉണ്ടായിട്ടില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറുത്ത നളനായിരുന്നു അന്നത്തെ വേഷം….

  • |

    ശങ്കരപ്രഭാവം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 15 ശ്രീവത്സൻ തീയ്യാടി November 14, 2013 പുറപ്പാട് ആടിത്തീർത്ത് കൃഷ്ണവേഷങ്ങൾ പോയി. പൂർണത്രയീശക്ഷേത്രത്തിലെ നെടുങ്കൻ ഊട്ടുപുരയിൽ വീണ്ടും തിരശീലമറ. പാതിര പിന്നിട്ട നേരം; പൂഴിയിട്ടാൽ തറയിൽ വീഴാത്ത തിരക്ക്. കഥ തുടങ്ങുകയായി. നളചരിതം രണ്ടാം ദിവസം. ആദ്യ രംഗത്തിനുള്ള രാഗാലാപനം തുടങ്ങി. തൽക്കാലം ശങ്കിടിയേ പാടുന്നുള്ളൂ. എന്തോ, എന്റെ കൗമാരമനസ്സിന് ഒരൂർജം കിട്ടുന്നില്ല. സംഗീതം നന്ന്, അല്ലെന്നല്ല. മുമ്പ് പുറപ്പാടിന് പാടിയ ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും മെച്ചം; പക്ഷെ ഒരു ഗുമ്മില്ല….

മറുപടി രേഖപ്പെടുത്തുക