തിരുവല്ല ഗോപിക്കുട്ടൻ നായർ

April 11, 2014 

നീലമ്പേരൂർ കുട്ടപ്പപ്പണിക്കരാശാനൊപ്പം പാട്ട് പാടിക്കൊണ്ടിരിക്കുന്ന കാലത്താണ് കൃഷ്ണൻ നായരാശാനെ ആദ്യമായി കാണുന്നത്.  എനിക്കന്നു ഏതാണ്ട് ഇരുപതു വയസ്സ് പ്രായം. കുറിച്ചി കുഞ്ഞൻ പനിക്കരാശാൻ അതിനു കുറച്ചുകാലം മുൻപ് തന്നെ കൃഷ്ണൻ നായരാശാനെ തെക്കൻ അരങ്ങുകളിലേക്ക് കൊണ്ടുവന്നിരുന്നു. അതിനുശേഷം ആശാന്റെ പല വേഷങ്ങൾക്കും  കുട്ടപ്പപ്പണിക്കരാശാനും തകഴി കുട്ടൻപിള്ള ആശാനും ഒപ്പം  പാടാൻ എനിക്കവസരമുണ്ടായി. വലിയ കലാകാരനാനെന്നറിയാമായിരുന്നതിനാൽ പാടുമ്പോൾ ആദ്യമൊക്കെ ഉള്ളിൽ പേടി തോന്നിയിരുന്നു. അദ്ദേഹത്തിൻറെ സ്നേഹപൂർവമായ പെരുമാറ്റം കാരണം കാലക്രമേണ പേടിയെല്ലാം മാറി അദ്ദേഹത്തിനു വളരെ ഇഷ്ട്ടപ്പെട്ട ഒരു പാട്ടുകാരനായി എനിക്ക് പിൽക്കാലത്തു മാറാൻ കഴിഞ്ഞു. അതെന്റെ മഹാഭാഗ്യം.

ഇക്കാലത്താണ് അവിചാരിതമായി ഞാനും ആശാനും തമ്മിൽ ഇടയാൻ ഒരു കാരണമുണ്ടായത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ കളിസ്ഥലത്തു വെച്ചാണ്‌ സംഭവം നടന്നത്. ഇതിനു കുറെ നാൾ മുൻപ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചു ആശാന്റെ നളചരിതം രണ്ടാം ദിവസത്തിലെ നളനു ‘കുവലയ വിലോചനേ’ അടന്ത 56 അക്ഷരകാലത്തിൽ ഞാൻ പാടിയിരുന്നു. ഞാൻ പാടിയതു വല്ലാതെ പതിഞ്ഞു പോയി എന്ന്‌ ആശാൻ  കുട്ടൻപിള്ള ആശാനോട് പരാതിയും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അമ്പലപ്പുഴ കളി നടക്കുന്നത്. ഈ കളിക്ക് രണ്ടു ദിവസം മുൻപ് ആശാന് ഒരു കത്തു കിട്ടിയത്രേ! ‘താനൊരു വലിയ കഥകളിക്കാരൻ ആണെന്നുള്ള അഹംഭാവം കാണും. പക്ഷെ ഞങ്ങടെ തിരുവല്ല ഗോപിയുടെ പാട്ടിനു ആടാൻ തനിക്കു കഴിയുമോ? പദം പതിഞ്ഞു പോയി എന്ന് പറഞ്ഞു നടക്കയല്ല വേണ്ടത്, അതിനൊത്ത് ആടാൻ കഴിവു  കാണിക്കയാണ് വേണ്ടത്”…….. ഇങ്ങിനെപോയി കത്തിലെ വരികൾ. ഇതൊന്നും അറിയാതെ ഞാൻ അമ്പലപ്പുഴ കളിദിവസം അണിയറയിലേക്ക് കയറി ചെന്നു. തേച്ചു കൊണ്ടിരുന്ന ആശാൻ എന്നെക്കണ്ടതും തേപ്പു നിർത്തി കൈകൂപ്പി വണങ്ങിക്കൊണ്ടു പറഞ്ഞു ”ഓ, ഗോപിക്കുട്ടനാശാൻ വന്നാട്ടെ. ഈയുള്ളവനൊന്നും അങ്ങയെപ്പോലെ മഹാരഥനായ ഒരു ഭാഗവതർക്കൊപ്പം കളിക്കാനുള്ള കഴിവൊന്നും ഇല്ലേ? അരങ്ങത്തു വല്ല തെറ്റും പറ്റിയാൽ ദയവായി ക്ഷമിക്കണേ ……….”. എനിക്കൊന്നും പിടി കിട്ടിയില്ല. ഞാൻ വളരെയധികം സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യന്ന ആശാൻ ഇങ്ങനെയൊക്കെ മറ്റുള്ളവരുടെ മുൻപിൽ വച്ചു പറയുന്നത് കേട്ടു വല്ലാതെ വിഷമിച്ചു. കളിക്ക് പോകുന്നതിനു മുൻപ് പള്ളിപ്പും ആശാൻ എന്നോടു പറഞ്ഞു ” എന്തോ വലിയ  തെറ്റിദ്ധാരണ ഉണ്ട്‌ അദ്ദേഹത്തിന്. അതെല്ലാം ഇന്ന് അരങ്ങത്തു പ്രതിഫലിക്കും. നീ സൂക്ഷിച്ചു കണ്ടു നിന്നോണം”.

ഹരിശ്ചന്ദ്രചരിതമാണ് കഥ. കളി തുടങ്ങി. സൂചിയിട്ടാൽ നിലത്തു വീഴാത്ത വിധം കാണികൾ  മുൻപിൽ. ഞാൻ “ചിത്രമിദം വചനം” എന്ന് പാടും; ആശാൻ മുദ്ര കാണിച്ച്, ദേഷ്യത്തോടെ ബഞ്ച് വലിച്ചു നീക്കി എന്നെ തിരിഞ്ഞു നോക്കും. പിന്നെയും ഞാൻ പാടും, അദ്ദേഹം അത് തന്നെ ചെയ്യും. ഇത് തന്നെ പല പ്രാവശ്യം തുടർന്നപ്പോൾ പ്രേക്ഷകരിൽ ആശയക്കുഴപ്പമായി. എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കി അവർ തമ്മിൽ തമ്മിൽ കുശുകുശുക്കാൻ തുടങ്ങി. അടുത്ത പ്രാവശ്യം എന്റെ നേരെ തിരിഞ്ഞപ്പോൾ ” എന്റെ മുഖത്തോട്ടല്ല, അരങ്ങത്തോട്ടു നോക്കി ആട്‌, അവിടാ ജനം  ഇരിക്കുന്നേ” എന്ന് ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ആശാന് എന്റെ വികാരം മനസ്സിലായി. പിന്നീടു കളി ഭംഗിയായി നടന്നു. കളി കഴിഞ്ഞു എന്നോടൊന്നും മിണ്ടാതെ ആശാൻ അണിയറയിലേക്കും പോയി.

കളി കഴിഞ്ഞാൽ കുളിയും തേവാരവും പൂജയും ആശാന് നിർബന്ധമാണ്. ഇതെല്ലാം കഴിഞ്ഞ് ക്ഷേത്ര ദർശനവും നടത്തി ആശാൻ ദേവസ്വം ഓഫീസിൽ വരുമ്പോൾ ഞാൻ അവിടെ നിൽപ്പുണ്ട്. എന്നെ ഒന്നു  തുറിച്ചു നോക്കിയിട്ട് അടുത്തു വന്ന് കയ്യിലിരുന്ന ചന്ദനം എടുത്ത് എന്റെ നെറ്റിയിൽ തൊടുവിച്ചു. എന്നിട്ട് ദേവസ്വക്കാരനോട് ഒരു രണ്ടു വാക്കും, “അൽപ്പം ശുണ്ടി കൂടുതൽ ഉണ്ടെന്നേയുള്ളൂ, ആൾ മിടുക്കനാ”.  എനിക്ക് വല്ലാത്ത സമാധാനവും സന്തോഷവും തോന്നി. ഇതിനുള്ളിൽ കത്തിന്റെ വിവരവും മറ്റും എനിക്ക് കിട്ടിയിരുന്നു. പക്ഷെ അത് ആര് എഴുതിയതാണെന്ന്  മനസ്സിലായും ഇല്ല.

ഞാൻ വീട്ടിൽ  തിരികെ എത്തിയ ശേഷം  ആശാന് ഒരു കത്തെഴുതി. “ആരോ എഴുതിയ കത്തിന്റെ പേരിൽ  അങ്ങെന്നെ  തെറ്റിദ്ധരിച്ചിരിക്കയാണ്. ഞാൻ ദൈവത്തെപ്പോലെ കരുതുന്ന ഗുരുസ്ഥാനീയനായ അങ്ങയെപ്പോലൊരു മഹാനുഭാവനോടു ഞാൻ ഇങ്ങിനെ ചെയ്യുമെന്നു കരുതുന്നുണ്ടോ?  ഞാനല്ല അത് ചെയ്തത്. അങ്ങെന്നെ വിശ്വസിക്കണം. അമ്പലപ്പുഴ വച്ചു നടന്ന സംഭവത്തിൽ ഞാൻ അങ്ങയോടു ക്ഷമ ചോദിക്കുന്നു”.  

എന്റെ കത്തു  കിട്ടിയ ശേഷം അദ്ദേഹം രണ്ടു കത്തിലെയും കൈപ്പട ഒത്തുനോക്കിയപ്പോൾ ആ കത്തെഴുതിയ ആൾ ഞാനല്ലെന്നു മനസ്സിലായി. പിന്നീടുള്ള അന്വേഷണങ്ങളിൽ ആ കത്തിന്റെ ചുരുൾ അഴിഞ്ഞു വന്നു. തന്നെ ‘പൂതന കൃഷ്ണൻ’ എന്നു വിളിച്ചു കളിയാക്കി എന്നാരോപിച്ച്  ആശാൻ, പൊതുവാളാശാനുമായി ഇടഞ്ഞു നിൽക്കുന്ന കാലമായിരുന്നു അത്. പൊതുവാളാണ് ചെണ്ടക്കെങ്കിൽ തന്നെ കളിക്ക് വിളിക്കരുത്‌ എന്ന് ആശാൻ പറഞ്ഞിരുന്ന കാലം. പൊതുവാളാശാൻറെ ശിഷ്യനായ ഒരു തെക്കൻ മേള വിദഗ്ദന് ഇതിൽ കൃഷ്ണൻ നായരാശാനോടു നീരസം തോന്നി, അദ്ദേഹത്തെ ഒന്ന് ചെറുതാക്കാനായി  ചെയ്ത ചെയ്തിയായിരുന്നത്രേ ആ കത്ത്. ഞാൻ പതിഞ്ഞ പദം  പാടിയ വിഷയം അറിയാമായിരുന്ന മേളക്കാരൻ അത് ഭംഗിയായി പ്രയോജനപ്പെടുത്തുകയായിരുന്നു!  

വിവരങ്ങളെല്ലാം ബോധ്യപ്പെട്ടു കഴിഞ്ഞപ്പോൾ ആശാന്  എന്നോടുള്ള വിരൊധമെല്ലാം മാറി, നേരത്തെ  ഉണ്ടായിരുന്നതിലും കൂടുതൽ അടുപ്പമായി ഞങ്ങൾ തമ്മിൽ. പല സ്ഥലങ്ങളിലും ഞാൻ മതി പാട്ടിനെന്നു പറയാൻ തുടങ്ങി. പലപ്പോഴും ‘പാട്ടിനവൻ മതി, അവനാണെങ്കിൽ എല്ലാം ഭംഗിയാവും. ആനക്ക് ആനയുടെ വലിപ്പം അറിയില്ല’ തുടങ്ങിയ  അഭിപ്രായങ്ങൾ എന്നെക്കുറിച്ച് ആ മഹാനുഭാവൻ നടത്തിയിട്ടുള്ളത് ഞാൻ അറിഞ്ഞിരുന്നു. എന്നോടുള്ള ആ വാത്സല്യവും കൃപയും കൊണ്ടാകാം, അദ്ദേഹത്തിൻറെ അവസാന അരങ്ങിനും (തിരുവന്തപുരത്ത്-ഹരിശ്ചന്ദ്രചരിതം) പാടാൻ എനിക്കു ഭാഗ്യമുണ്ടായത്‌.

കഥകളിക്കുവേണ്ടി ബ്രഹ്മാവു സൃഷ്ടിച്ച ഏക നടൻ കൃഷ്ണൻ നായർ ആശാനായിരുന്നു എന്നാണെന്റെ ഉറച്ച വിശ്വാസം. ആ മഹാനുഭാവന്റെ സ്മരണക്കു മുൻപിൽ എന്റെ ശതകോടി പ്രണാമങ്ങൾ. 


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder