ഒ. എം. അനുജൻ

August 13, 2012

1916ൽ കലാഗ്രാമമായ വെള്ളിനേഴിയിൽ ഒരു സാധാരണകുടുംബത്തിലാണ് കുമാരൻ നായർ ജനിച്ചത്. ബാല്യത്തിൽ അവിടുത്തുകാർക്ക് രണ്ട് വഴികളാണ് തുറന്ന് കിടന്നിരുന്നത്. ഒന്നുകിൽ അടുത്തുള്ള ഗവണ്മെന്റ് വിദ്യാലയത്തിൽ ചേരുക, അല്ലെങ്കിൽ അടുത്തുള്ള കാന്തള്ളൂരമ്പലത്തിൽ വെച്ചുള്ള കഥകളി കളരിയിൽ ചേരുക. പൊതുവാളാണെങ്കിൽ കാരണവന്മാരുടെ കീഴിൽ ചെണ്ടകൊട്ട് പഠിക്കാം. ബാലനായ കുമാരൻ കഥകളിക്കാരനാകാനാണ് വിധിക്കപ്പെട്ടത്. കഥകളിയുടെ സർവ്വാംഗീണ സൌന്ദര്യത്തിന്റേയും പൂർണ്ണതയുടേയും പര്യായമായ കല്ലുവഴി ചിട്ടയുടെ ഗുരുവും പ്രയോക്താവുമായ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴിൽ നിശിതവും നിഷ്കൃഷ്ടവുമായ അഭ്യാസം നേടി ആശാന്റെ പ്രീതിയ്ക്കു പാത്രമായി. ആശാന്റെ ആദ്യവസാന വേഷങ്ങൾക്ക് കൂട്ടുവേഷമായി കുമാരൻ വളർന്നു. സൌഗന്ധികത്തിൽ ആശാന്റെ ഭീമന് കുമാരന്റെ ഹനുമാൻ മതി എന്ന് ഒരിക്കൽ അദ്ദേഹം പറയുകയും അത് നടപ്പാക്കുകയും ചെയ്തു. കുമാരൻ നായർക്ക് ഇരുപത് വയസ്സുതികഞ്ഞ കാലത്ത് തന്നെ അദ്ദേഹം ഇടത്തരത്തിൽ നിന്ന് ആദ്യവസാനത്തിലേയ്ക്ക് കാലെടുത്ത് വെച്ച് കഴിഞ്ഞിരുന്നു.

അക്കാലത്ത് രാഗിണീദേവി എന്ന ഇന്ത്യൻ നാമം സ്വീകരിച്ച് പാശ്ചാത്യ നർത്തകി കഥകളിയിൽ ആകൃഷ്ടയാവുകയും ഗുരു ഗോപിനാഥിന്റെ സഹായത്തോടെ ഒരു കഥകളി ട്രൂപ്പ് സംഘടിപ്പിച്ച് യൂറോപ്യൻ യാത്രയ്ക്ക് ഇറങ്ങുകയും ചെയ്തിരുന്നു. കുമാരൻ നായരെയും സഹപാഠിയായ കരിയാട്ടിൽ (ലണ്ടൻ) കുമാരൻ നായരേയും അതിലുൾപ്പെടുത്തി. പലയിടത്തും കഥകളി അവതരിപ്പിച്ചുവെങ്കിലും ആ വിദേശപര്യടനം വലിയൊരു സാമ്പത്തികനഷ്ടമായിരുന്നു. ഈ കലാകാർന്മാർ നിരാലംബരായി പാരീസ്സിൽ ഉപേക്ഷിക്കപ്പെടുകയും അന്ന് ലണ്ടനിൽ ഉണ്ടായിരുന്ന ചില മലയാളികളുടെ സഹായത്തോടെ അവർ നാട്ടിലേക്ക് കപ്പൽ കയറുകയും ചെയ്തു എന്നാണ് കേട്ടിട്ടുള്ളത്.

നാട്ടിലെത്തിയ കുമാരൻ നായർക്ക് കഥകളി കൊണ്ട് രണ്ടറ്റം മുട്ടിച്ചു ജീവിക്കാൻ കഴിയാത്ത നിലയായിരുന്നു. രണ്ടാം‌ ലോകമഹായുദ്ധത്തിന്റെ വറുതിയിൽ കലകളെല്ലാം കരിഞ്ഞമർന്നു. ഇക്കാലത്തെ മറ്റു പല കലാകാരന്മാരും എന്ന പോലെ കുമാരൻ നായരും നാട് വിട്ടു. ഉത്സവം നടത്തിയിരുന്ന ക്ഷേത്രങ്ങളും കളിയരങ്ങുകൾ നടത്തിയിരുന്ന ജന്മിഗൃഹങ്ങളും ദേവസ്വങ്ങളും പഴയ പ്രൌഢി നിലനിർത്താൻ പാടുപെട്ടു പരാജയപ്പെട്ടു. കലാകാരന്മാർ നാട് വിട്ട് സിനിമയിലും സാങ്കേതികത കുറഞ്ഞ നൃത്തരൂപങ്ങളിലും അഭയം പ്രാപിച്ചു. കഥകളി പഠിച്ചവർക്ക് ഇതര ലഘുനൃത്തരൂപങ്ങൾ എളുപ്പം പഠിക്കാൻ കഴിയുമായിരുന്നു.

യൂറോപ്പിലകപ്പെട്ട തന്നെ സുരക്ഷിതമായി നാട്ടിലെത്തിച്ച വെള്ളിനേഴിക്കാരൻ ഡോ. ചേലനാട്ട് അച്യുതമേനോൻ മദിരാശി സർവ്വകലാശാലയിൽ മലയാളത്തിന്റെ ചുമതല വഹിച്ച് വരികയായിരുന്നു. നൃത്തത്തിൽ ഗവേഷണം ചെയ്യുന്ന നടൻ രഞ്ചന് തന്റെ ഗവേഷണത്തിൽ സഹായിക്കാൻ കുമാരൻ നായരെപ്പോലെ ഒരാൾ വേണ്ടിയിരുന്നു. ഇങ്ങനെയാണ് കുമാരൻ നായർ മദിരാശിയിലെത്തിപ്പെട്ടത്.

കച്ചവട സിനിമയിൽ പല നൃത്തരംഗങ്ങളും ഗാനരംഗങ്ങളും പ്രസക്തമായും അപ്രസക്തമായും സന്നിവേശിപ്പിച്ചിരുന്നു. ഇവയുടെ ചുമതല പലരും കുമാരൻ നായരിലർപ്പിച്ചു. അക്കാലത്ത് കോയമ്പത്തൂരും സേലത്തും മദിരാശിയിലുമായി നിർമ്മിച്ചിരുന്ന സിനിമകളിലെല്ലാം കെ.ആർ.കുമാർ എന്ന കലാകാരന്റെ കൈമുദ്ര ഉണ്ടായിരുന്നു.

മദിരാശി ദക്ഷിണേന്ത്യയുടെ കലാതലസ്ഥാനമായിരുന്നു. നമ്മുടെ പ്രകടനങ്ങൾക്കെല്ലാം വലിയൊരു പാരമ്പര്യമുണ്ടെങ്കിലും അതിലെ സാങ്കേതികവശങ്ങളെക്കുറിച്ചുള്ള അറിവ്‌ അധികം പേർക്കും ഇല്ലായിരുന്നു. താൻ നേടിയ പുതിയ അറിവുകളുടെ വെളിച്ചത്തിൽ നമ്മുടെ താളപദ്ധതിയെക്കുറിച്ച് നല്ല പോലെ പഠിക്കുകയും അതിന്റെ വെളിച്ചത്തിൽ തന്റെ കല സാങ്കേതികഭദ്രമാക്കുകയും ചെയ്തു കുമാരാൻ നായർ.

വളരെയധികം വിദേശപര്യടനം നടത്തിയിട്ടുള്ള ആളാണ് കുമാരൻ നായർ. അവിടങ്ങളിൽ നിന്ന് ലഭിച്ച പല അറിവുകളും ഒരു മുഴുവരങ്ങായ (ടോട്ടൽ തീയറ്റർ) കഥകളിയെ ശില്പഭദ്രമാക്കാൻ ഉപകരിക്കുന്നവയാണ്. അവയെക്കുറിച്ചെല്ലാം സംസാരിക്കാനുണ്ടെങ്കിലും നമ്മുടെ യഥാസ്ഥിതികത്വവും പരിമിത വിഭവത്വവും അതിന് അനുവദിക്കുന്നില്ല.

പട്ടിക്കാംതൊടി ആശാന് സ്വതേ ഡാൻസ് എന്ന് കേട്ടാൽ പുച്ഛമായിരുന്നു. കുമാരൻ നായർ ഒരിക്കൽ ആശാനെ താൻ രചിച്ച ചില ഡാൻസ് ഇനങ്ങൾ കാണിച്ച് കൊടുത്തുവത്രെ. ആശാൻ “ഇങ്ങനെയൊക്കെയാണെങ്കിൽ ഡാൻസ് തരക്കേടില്ല” എന്ന് സന്തോഷപൂർവ്വം പറഞ്ഞുവത്രെ. അങ്ങനെ ശിഷ്യൻ ഗുരുപ്രീതി സമ്പാദിച്ച് തൃപ്തനായി.

ജീവിതനിലവാരം ഭേദമായതോടെ കുമാരൻ നായർ പരദേശവാസം ഉപേക്ഷിച്ചു നാട്ടിൽ നിലയുറപ്പിച്ചു. അന്നേക്ക് കേരളത്തിന്റേയും കഥകളിയുടേയും സ്ഥിതി ആകെ മാറിയിരുന്നു. അരങ്ങത്ത് പല പ്രതിഭകളും നിലയുറപ്പിച്ച് കഴിഞ്ഞു. അടിയുറച്ച ശിക്ഷണവും വിപുലമായ അരങ്ങുപരിചയവും പശ്ചാത്തലമായുള്ള കുമാരൻ നായർക്ക് അരങ്ങും കളരിയും തിരിച്ച് കിട്ടുവാൻ പ്രയാസമില്ലായിരുന്നു. കോട്ടയ്ക്കൽ, കലാമണ്ഡലം, സദനം എന്നിവിടങ്ങളിലെല്ലാം ആശാൻ പ്രശസ്തസേവനം നിർവ്വഹിച്ചിട്ടുണ്ട്. എല്ലാ കലാകാരന്മാർക്കും ആദരണീയനായിരുന്നു കുമാരൻ നായർ. അദ്ദേഹത്തിന്റെ സേവനം പൂർണ്ണമായി ഉപയോഗപ്പെട്ടത് പേരൂർ ഗാന്ധിസേവാസദനത്തിനാണ്. തേക്കിൻ‌കാട്ടിൽ രാവുണ്ണി നായർ അടിത്തറയിട്ട സദനം കളരി അദ്ദേഹത്തെ രണ്ട് കയ്യും നീട്ടി സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് സ്വന്തം വിശേഷ ശൈലിയിൽ കഥകളി അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തു. സദനം ബാലകൃഷ്ണൻ, കൃഷ്ണൻ കുട്ടി, നരിപറ്റ തുടങ്ങിയ പ്രഗത്ഭരേയും അവരുടെ പിൻ‌ഗാമികളായ സദനം ഹരികുമാറിനേയും കാലോചിതമായി പരിഷ്കരിക്കപ്പെട്ട തനതു ശൈലിയിൽ കഥകളി അവതരിപ്പിക്കാനും ആ ശൈലിക്ക് അംഗീകാരവും ആധികാരികതയും നല്‍കുവാനും കുമാരൻ നായർക്ക് കഴിഞ്ഞു.

സഹജമായ താളബോധമാണ് കുമാരൻ നായരുടെ വിജയത്തിന്റെ ഏറ്റവും പ്രധാനമായ അടിത്തറ. രാമൻകുട്ടി നായരെപ്പോലെ താളംകൊണ്ടും ഈരേഴുലോകവും ജയിച്ച ഒരു പ്രതിഭയാണദ്ദേഹം.  താളപ്രയോഗത്തിൽ പരീക്ഷണം നടത്തിയ കലാകാരനാണദ്ദേഹം. ലോകപരിചയവും പുരാണപരിചയവും കലാപരിചയവും പാത്രബോധവും ഒത്തിണങ്ങിയ കുമാരൻ നായർ കഥകളിയെ കാലോചിതമായി പരിഷ്കരിക്കുന്നതിലും സംസ്കരിക്കുന്നതിലും സദാ നിഷ്ണാതനായിരുന്നു.

1975 മുതൽ 1981 വരെ ദൽഹിയിലെ അന്താരാഷ്ട്രകഥകളി കേന്ദ്രത്തിലെ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇഷ്ട ശിഷ്യനായ ബാലകൃഷ്ണനുമൊത്ത് അദ്ദേഹം കഥകളി മാദ്ധ്യമത്തിൽ പല പുതിയ കഥകളും അവതരിപ്പിച്ചിട്ടുണ്ട്. കഥകളി കണ്ട് ശീലിച്ചവരല്ല മറുനാട്ടിലെ മലയാളികൾ പോലും. അവർക്കും ആസ്വദനീയമാക്കി അവതരിപ്പിക്കാൻ കഴിഞ്ഞാലേ ആധികാരികമായ കഥകളി അവർക്ക് ആസ്വാദ്യമാവൂ. സാങ്കേതികതയുടെ ആവരണം നീക്കി അനാവശ്യമായ വെച്ചുകെട്ടലുകൾ അഴിച്ച് മാറ്റി ആവർത്തനങ്ങളും നീണ്ട ഇളകിയാട്ടങ്ങളും ചുരുക്കി അവതരിപ്പിക്കണമെന്നു മാത്രം.

പഴയ കഥകൾ പഴയ സാങ്കേതികതയോടെ വിവരണത്തോടെ അവതരിപ്പിച്ചു. പുതിയ കഥകൾ കണ്ടെടുത്തും പുതുതായി രചിച്ചും അരങ്ങേറ്റി. അവയിൽ ചിലതിനു ആശാൻ തന്നെ വേഷമിട്ടു.

ആനാരോഗ്യം ആശാനെ ചെറുപ്പം മുതലേ ശല്യം ചെയ്തിരുന്നു. കഥകളി വേഷം കെട്ടുക ക്ലേശകരമാണെന്നു പറയേണ്ടതില്ലല്ലൊ. എന്നിട്ടും ആശാന് താൻ ചെറുപ്പത്തിൽ വിട്ട് പോയ അരങ്ങുതിരിച്ച് പിടിക്കാൻ പ്രയാസമുണ്ടായില്ല. ദൽഹിയിൽ നിന്ന് നാട്ടിലെത്തിയതിനുശേഷമുള്ള ഇരുപതിലേറെ വർഷങ്ങളിൽ അദ്ദേഹത്തിന് തന്റേതുമാത്രമായ സങ്കേതഭദ്രമായ ശൈലി വേരുറപ്പിച്ചു നിർത്താൻ പ്രയാസമുണ്ടായില്ല.

ഏതൊരു ശൈലിയും ശിഷ്യരിലൂടെയും കളരിയിലൂടെയും മാത്രമേ ജീവിക്കുകയുള്ളൂ. ആശാന് കളരിയും ശിഷ്യസമ്പത്തുമുണ്ട്. എത്ര വാസനാസമ്പന്നരും കഴിവുറ്റവരും വ്യക്തിത്വമുള്ളവനുമായാലും പരമ്പരയില്ലാത്ത ശൈലിയുടെ ഉടമയായ നടന്റെ കഴിവ് അയാളുടെ ജീവിതത്തോടെ അസ്തമിക്കും. കുമാരൻ നായരുടെ ശൈൽക്ക് ആധികാരികതയുണ്ട്, വ്യക്തിത്വമുണ്ട്. കല്ലുവഴി ചിട്ടയുടെ ഈ കൈവഴിയും അതുവെട്ടിത്തെളിച്ച കീഴ്പ്പടം കുമാരൻ നായരും കഥകളിയുള്ളിടത്തോളം കാലം നിലനിൽക്കും.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder