|

കീഴ്പ്പടം – വിശകലനവും ചില കാലികചിന്തകളും

ശ്രീചിത്രൻ എം. ജെ.

July 24, 2012 

പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്, പല മുഖങ്ങളുണ്ടായിരുന്നു. അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്. നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്. സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു. അരങ്ങിനെ നിത്യവും പരീക്ഷണശാലയായിക്കണ്ട,യാഥാസ്ഥിതികവും സങ്കുചിതവുമായ കഥകളിദർശനങ്ങളോടു മുട്ടുമടക്കാത്ത,പ്രാർത്ഥനാനിർഭരമായ മനസ്സും നിത്യനവീകരണക്ഷമമായ ധിഷണയും കാത്തുസൂക്ഷിച്ച ഒരു മുൻപേ പറന്ന പക്ഷിയുടെ മുഖം.അതു കൈമാറിയത് ഒരു വികൃതിക്കായിരുന്നു-കീഴ്പ്പടത്തിലെ കുമാരന്. ആ വികൃതിയാകട്ടെ,,മരണം വരെ തന്റെ കുറുമ്പുകൾ മാറ്റിയില്ല.പാരമ്പര്യവാദികളുടെ ജൽ‌പ്പനങ്ങൾക്ക് തരിമ്പുവില കൽ‌പ്പിക്കാത്ത ആ കലാപം,ചെയ്തു വെച്ചതെന്തെല്ലാമെന്ന് ഇനിയും കഥകളിലോകം പഠിക്കേണ്ടിയിരിക്കുന്നു.

എന്തുകൊണ്ട് കുമാരൻ നായർ?

കളിയരങ്ങിന്റെ വർത്തമാനം,രാവുണ്ണിമേനോന്റെ മുൻപുള്ള കല്ലുവഴിക്കളരിയുടെ ദർശനങ്ങളിലേക്ക്,ഒരുതരം ലാവണ്യൈകവാദത്തിലേക്ക്,പിന്മടങ്ങുകയാണോ എന്നു ഞാൻ സംശയിക്കുന്നു.ചിട്ടക്കുവേണ്ടിയുള്ളചിട്ട,ഫോമിലും പോസ്റ്ററിലും മാത്രമുള്ള അഭിരമണം-ഇതു സങ്കേതരാഹിത്യം പോലെത്തന്നെ അപായകരമായ ഒന്നാണ്.ഒരു പുതിയ ചലനത്തിനും ഒരു കല ശ്രമിക്കുന്നില്ലെങ്കിൽ അതിനർത്ഥം,ആ കല രോഗാതുരമാണ് എന്നാണ്.ഔദ്യോഗികവും അനൌദ്യോഗികവുമായ പുരസ്കാരങ്ങളിലാണ് കലാകാരന്റെ പ്രധാനശ്രദ്ധ.വാസ്തവത്തിൽ, സമ്മാനം വളരെ പഴയ ഏർപ്പാട് തന്നെയാണ്.അതു പട്ടായും വളയായും വീരശൃംഖലയായും പണ്ടുമുതലേ നൽകപ്പെട്ടുപോന്നിട്ടുണ്ട്.അവയെ പിന്നെപ്പിന്നെ പുച്ഛിച്ചു തള്ളിയ നാം,അവ തന്നെ കൂടുതൽ ആപൽകരമാം വണ്ണം എടുത്തണിയുകയാണുണ്ടായത്. നിരന്തരമായ സംവാദാത്മകതയാണ് കലയുടെ പരമമായ സാഫല്യം എന്ന സത്യത്തിൽ നിന്ന് കലാകാരനെ അപനയിക്കുന്നിടത്തെത്തിയിരിക്കുന്നു ഈ വീരശൃഖലകളും രാജസമ്മാനങ്ങളുമൊക്കെ!തീയിനെ ജയിച്ചതാണ് സ്വപ്നവാസവദത്തത്തിന്റെ വിജയമെന്ന് പണ്ഡിതർ പറയുമെങ്കിലും സാമാജികരുടെ പരിതോഷമാണ് എന്റെ ആവിഷ്കാരത്തിന്റെ വിജയമെന്ന ബോധം ഭാസനും കാളിദാസനുമൊക്കെയുണ്ടായിരുന്നു.ചതുരശ്രശോഭിയായ പ്രശസ്തിപത്രങ്ങളിലെ വാക്യങ്ങളാണ് ഇന്ന് കലാകാരന്മാരെ വ്യാമുഗ്ധരാക്കുന്നത്.ഇത്തരമൊരു പരിത്സ്ഥിതിയിൽ,പ്രശസ്തിപത്രങ്ങളിലും അജ്ഞാനികളിലും മുഖം പൂഴ്ത്താത്ത ഒരു ആചാര്യന്റെ ഓർമ്മയും ഔഷധമാണ്.

കീഴ്പ്പടത്തിന്റെ രംഗസുഷമകൾ

കീഴ്പ്പടത്തിന്റെ അരങ്ങുചരിത്രവും വ്യതിരിക്തതകളും വിശാലമാണ്.ഒരു പോസ്റ്റിലൊതുക്കാനാവാത്ത ജന്മസത്യങ്ങൾ.എങ്കിലും,സൌകര്യാർത്ഥം ഞാൻ കീഴ്പ്പടവഴികളെ രണ്ടു കൈവഴികളാക്കട്ടെ:

നൃത്തചാരുതകളുടെ രംഗനിറവ്

ജന്മസിദ്ധമായിത്തന്നെ,താളമൂർത്തിയായിരുന്നു കുമാരൻ നായർ.ഏതുകാലത്തിലും താളം പിഴക്കാത്ത മനീഷ.ചിലപ്പോഴൊക്കെ,ആ താളബോധം കുസൃതികൾക്കു വഴിമാറിയിരുന്നു.സന്താനഗോപാലം ബ്രാഹ്മണന്റെ ചമ്പ താളത്തിലുള്ള “ആഹാ! കരോമി കിമി” എന്ന പദത്തിൽ,‘എട്ടു ബാലന്മാരീവണ്ണം’ എന്നിടത്ത് കീഴ്പ്പടം കാണിച്ചിരുന്ന താളക്കെട്ട്, കണ്ടവരും മറക്കില്ല,കൊട്ടിയവരും മറക്കില്ല.നിലവിളക്കിന്റെ ഇത്തിരിവെട്ടത്തിലേ പറവട്ടത്തിനു സമ്പൂർണ്ണസാധുതയുള്ളൂ.വൈദ്യുതപ്രകാശത്തിന്റെ ഉജ്വലപ്രഭയിൽ,രംഗം നിറഞ്ഞാടുന്ന രീതിശാസ്ത്രമാണ് കീഴ്പ്പടം നിർമ്മിച്ചെടുത്തത്.അടക്കം,തോങ്കാരം തുടങ്ങിയ കേവലനൃത്തങ്ങളെക്കൂടി,കഥകളിയുടെ ഭാവതലത്തിലെക്കു സമന്വയിപ്പിക്കുന്ന രാസവിദ്യ അദ്ദേഹത്തിനു വശമായിരുന്നു.പട്ടിക്കാംതൊടി എഴുതിവെച്ച ആട്ടക്കുറിപ്പുകളിൽ “ബാലേ കേൾ നീ” എന്ന പതിഞ്ഞപദത്തിന്റെ പല്ലവിക്കു ശേഷമെടുക്കുന്ന വട്ടം വെച്ചു കലാശത്തിന്റെ ഭാവോന്മീലനശ്രദ്ധയെക്കുറിച്ചു പറഞ്ഞിരിക്കുന്ന കലാതത്വം വ്യക്തമാകാൻ കീഴ്പ്പടത്തിന്റെ കിർമീരവധം ധർമ്മപുത്രർ കാണണം.

വടക്കുള്ളവർക്കു മുഴുവൻ കലാശവുമെടുക്കാനറിയില്ല എന്ന വിമർശനത്തിനു മറുപടിയായി,കീഴ്പ്പടം രൂപം നൽകിയ അഷ്ടകലാശം,സവിശേഷമായ ഒരു നൃത്തശിൽ‌പ്പമാണ്.അനുക്രമവികാസസ്വഭാവമള്ള അഷ്ടകലാശശിൽ‌പ്പത്തെ വ്യത്യസ്തഘടനാബോധത്തോടെയാണ് കുമാരൻ നായർ സമീപിച്ചതെന്നു വ്യക്തം.എട്ടുകലാശവുമെടുക്കുന്ന തെക്കൻ അഷ്ടകലാശവുമായി രംഗപരിചരണസ്വഭാവത്തിൽ കീഴ്പ്പടം കലാശം പൂർണ്ണമായി വേറിട്ടുനിൽക്കുന്നു.അഷ്ടകലാശമെടുക്കേണ്ട സന്ദർഭങ്ങളെക്കുറിചുള്ള സമീപനമാകട്ടെ,കല്ലുവഴിക്കളരിയുടെ ശാഠ്യങ്ങളോട് അദ്ദേഹം സന്ധി ചെയ്തതുമില്ല.കല്ലുവഴിക്കളരി പാടില്ലെന്നു നിഷ്കർഷിച്ച സൌഗന്ധികം ഹനുമാനും,ലവണാസുരവധം ഹനുമാനും കീഴ്പ്പടം അഷ്ടകലാശമെടുത്തു.

തന്റെ പ്രവാസജീവിതം തനിക്കു സമ്മാനിച്ച മറ്റു നൃത്തരൂപങ്ങളുടെ അറിവ്,സമഞ്ജസമായി കീഴ്പ്പടം വിനിയോഗിച്ചിട്ടുണ്ട്.കഥകളിയുടെ മൌലികഘടനക്കു ക്ഷതമേൽ‌പ്പിക്കാത്ത ഏതു പറീക്ഷണത്തിനും ആ മനസ്സ് സജ്ജമായിരുന്നു.

അരങ്ങ് എന്ന പരീക്ഷണശാല

അരങ്ങ് എന്നാൽ ആവർത്തനസൌന്ദര്യം എന്നു നിർവ്വചിച്ച ആസ്വാദകനു മുന്നിലേക്കാണ് നിത്യവും പുനർനിർണ്ണയിക്കുന്ന ആട്ടക്രമങ്ങളുമ്മായി കീഴ്പ്പടം എത്തിച്ചേർന്നത്. ഓരോ അരങ്ങിലും ഓരോ പുതുമകൾ…തോരണയുദ്ധം ഹനുമാൻ,ലങ്കയിലെത്തിയശേഷം അസ്തമനസൂര്യന്റെ പൊൻപ്രഭയേറ്റു തിളങ്ങുന്ന മണ്ണ് കയ്യിലെടുത്താലോചിക്കും,എനിക്കീ മണ്ണിനോട് മമത തോന്നുന്നുവല്ലോ എന്ന്.“മനസ്സിലായി.പണ്ട് എന്റെ അച്ഛനും നാഗരാജാവായ അനന്തനും തമ്മിൽ ഒരു മത്സരം നടന്നു.ആർക്കാണ് കൂടുതൽ ശക്തി എന്നായിരുന്നു മത്സരം.അനന്തൻ മാഹേന്ദ്രപർവ്വതത്തിന്റെ ഓരോ കൊടുമുടികളിലും തന്റെ ഓരോ ശിരസ്സുകളമർത്തിക്കിടന്നു.അച്ഛനോട് ഒരു ശിരസ്സെങ്കിലും പൊക്കിക്കാണിക്കാനാവശ്യപ്പെട്ടു.എന്റെ പിതാവായ വായുദേവൻ ആഞ്ഞടിച്ചു.അനന്തന്റെ ഒരു ശിരസ്സു പോലും അനങ്ങിയില്ല.സൂത്രശാലിയായ അച്ഛൻ,പെട്ടെന്ന് അനങ്ങാതെ നിന്നു.എങ്ങും നിശ്ശബ്ദത… ഒരിലയനക്കം പോലുമില്ല.എന്താണ് സംഭവിച്ചതെന്നറിയാൻ അനന്തൻ മെല്ലെ ഒരു ശിരസ്സ് പൊക്കിനോക്കി.അച്ഛൻ ആ തക്കം നോക്കി ആഞ്ഞടിച്ചു.അനന്തന്റെ ആ ശിരസ്സ് കൊടുമുടിയോടുകൂടി ചെന്നു കടലിൽ വീണു.അതാണു ലങ്ക. അതായത്, എന്റെ അച്ഛന്റെ ഭൂമി.പിതൃസ്വത്ത്.അതാണെനിക്കീ മണ്ണിനോടു മമത തോന്നുന്നത്” എന്തൊരു അനന്യസാധാരണമായ ആട്ടം! ഇനി, അടുത്ത അരങ്ങിൽ ചെന്നാൽ,ലങ്കയിലെ മണ്ണ് കൈയ്യിലെടുത്ത്,ഒരോർമ്മ… “ആ, മനസ്സിലായി,എന്റെ അച്ഛൻ പണ്ട്…” അത്രയേ ഉള്ളൂ! കളിയരങ്ങിൽനിന്ന് കളിയരങ്ങിലേക്ക് നടന്നവർക്കു പൂർവ്വകഥ മനസ്സിലാക്കാം,അല്ലാത്തവർക്കു മിഴിച്ചിരിക്കാം!

കവിതയുടെ മുദ്രീകരണം

ആശയങ്ങളുടെ വിവരണസ്ഥലം മാത്രമായിരുന്നില്ല കീഴ്പ്പടത്തിനു മനോധർമ്മസ്ഥലികൾ.കാവ്യാത്മകമായ മനസ്സിന്റെ ഉത്സവം കൂടിയായിരുന്നു.

കുശലവന്മാരുടെ അസ്ത്രവർഷത്തിൽ,ഭൂമീദേവിയുടെ മാതൃവാത്സല്യം മുലപ്പാലായി ചുരന്നുവരുന്നതറിഞ്ഞു പുളകിതനാകുന്ന ലവണാസുരവധം ഹനുമാൻ,മാലിനിക്കു പൂവിറുക്കാൻ ചില്ല താഴ്ത്തിക്കൊടുക്കുന്ന കീചകൻ,മലങ്കള്ളുകുടിച്ച് ഉന്മത്തനാകുന്ന കാട്ടാളൻ,കൈകസിയുടെ കണ്ണുനീർമാല്യങ്ങൾ വീണു പൊള്ളി,എഴുന്നേൽക്കുന്ന ഉൽഭവം രാവണൻ,അസ്തമനഗിരിശൃംഗങ്ങളിൽ,സൂര്യചന്ദ്രന്മാർ ഒളിച്ചുകളിക്കുന്നതുകണ്ട് ഏതുപകലിനും രാത്രിയുണ്ടാകുമെന്നു തപ്തനാകുന്ന സൌഗന്ധികം ഭീമൻ…അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാ‍വ്യാത്മകകൽ‌പ്പനകളാണ് കുമാരൻ നായരിൽ വിരിഞ്ഞത്.കഥകളിക്കനുയോജ്യമായ നിയോക്ലാസിക്കൽ ബിംബാവലികളെ ഭാവനചെയ്യുകയും,അതേ ഊഷ്മാവിൽ അരങ്ങിലെത്തിക്കുകയും ചെയ്ത കാര്യത്തിൽ കീഴ്പ്പടം അനന്യനായിരുന്നു.ആ ധർമ്മത്തിനായി,അനുസ്യൂതം കീഴ്പ്പടം പുരാണവൈഖരികളിലൂടെയലഞ്ഞു.

ഭാവം-നൃത്തം-നാടകീയത

കേവലനൃത്തങ്ങളെ ഭാവവുമായിണക്കുന്ന കലാസിദ്ധിയെപ്പറ്റി മുൻപു പറഞ്ഞല്ലോ.നൃത്തവും ഭാവവും നാടകീയതയും സമന്വയിക്കുന്ന പരീക്ഷണങ്ങളിലും കീഴ്പ്പടം വ്യാപൃതനായിരുന്നു.ഒറ്റ ഉദാഹരണം:സന്താനഗോപാലം ബ്രാഹ്മണൻ “മൂഢാ!അതിപ്രൌഡമാം നിന്നുടെ” എന്ന പദത്തിനു ശേഷം,ഇതികർത്തവ്യതാമൂഡനായി നിൽക്കുന്ന അർജ്ജുനനോട് വലതുവശത്തേക്കു തിരിഞ്ഞുള്ള ഒരു സവിശേഷനൃത്തത്തിനു ശേഷം,“കുട്ടിയെ താ”എന്നു ദു:ഖത്തോടെയും,പെട്ടെന്ന് ഇടത്തോട്ടുതിരിഞ്ഞുനൃത്തമാവർത്തിച്ച്,“അല്ലെങ്കിൽ അഗ്നിയിൽ ചാട്”എന്നു ക്രോധത്തോടെയും കാണിക്കുന്നു.അനുക്രമമായി താളം മുനകൂർത്തുവരുംവിധത്തിൽ,ഇതാവർത്തിക്കുന്നു.അപൂർവ്വമായ ഒരു രംഗാനുഭവമാണത്.ബ്രാഹ്മണന്റെ കോപതാപങ്ങൾ സമന്വയിക്കുന്ന,ഭാവ-നൃത്ത-നാടകീയതലങ്ങളെ ഏകീഭവിപ്പിക്കുന്ന അരങ്ങനുഭവം. ഭാവമെന്നാൽ കേവലഭാവമല്ല,നൃത്താംശത്തോടും പാത്രസ്വഭാവത്തോടും ചേർന്നുപോകുന്ന ഭാവം.നൃത്തമെന്നാൽ കേവലനൃത്തമല്ല,അരങ്ങുസാധ്യതകളോടും ചൊല്ലിയാട്ടത്തിന്റെ ഘടനയോടും ചേർന്നുപോകുന്ന നൃത്തം.നാടകീയതയെന്നാൽ കേവലനാടകീയതയല്ല,പാത്രസ്ഥായിക്കും കഥകളീയതക്കുമനുയോജ്യമായ നാടകീയത.ഇങ്ങനെ കീഴ്പ്പടം രംഗദർശനത്തെ ചുരുക്കിപ്പറയാം.

കീഴ്പ്പടത്തിന്റെ ദർശനങ്ങളിലും രംഗപരിചരണത്തിലും പല കാര്യങ്ങളോടും എനിക്കു വിയോജിപ്പുമുണ്ട്.വിയോജിക്കാനുള്ള സാധ്യതകൾ കൂടി തരുന്നിടത്താണ് ഒരാൾ മഹാനായ കലാകാരനാകുന്നത്.ഇനി ഞാൻ പറയാൻ പോകുന്ന വിയോജിപ്പുകൾ,അതിനാൽ ആ യുഗപ്രഭാവന്റെ ന്യൂനതകളെയല്ല, മഹത്വത്തെയാണുൽഘോഷിക്കുന്നത്. വിയോജനത്തെ, സർഗ്ഗാത്മകമായ ഒരു ആദരവായാണ് ഞാൻ കാണുന്നത്.വിയോജിക്കാൻ എന്തെങ്കിലുമുള്ളതുകൊണ്ടാണല്ലോ വിയോജിക്കാനാവുന്നത്!ഒരു വിയോജിപ്പുമില്ലാത്തതായി വിയോജിക്കുക എന്ന നിലപാടുപോലുമില്ല.

നൃത്തഭാഷ്യങ്ങളിലെ വിയോജനങ്ങൾ

കീഴ്പ്പടത്തിന്റെ നൃത്തധാരണകൾ,ഇത്തിരിവട്ടം കണ്ടും അനുഭവിച്ചും ജീവിക്കുന്ന സാധാരണകഥകളിക്കാരന്റെയായിരുന്നില്ല.നീണ്ടകാലത്തെ പ്രവാസം,കുമാരൻ നായരിൽ ബഹുസ്വരതയാർന്ന നൃത്താനുഭവങ്ങൾ നിറച്ചു.ഭതനാട്യവും കുച്ചിപ്പുടിയും മുതൽ,കഥക്കും മണിപ്പുരിയും വരെ കീഴ്പ്പടത്തിലൂടെ കയറിയിറങ്ങിയിട്ടുണ്ട്.കൊടുങ്ങല്ലൂർ കളരിയിലേക്കു പോയ പട്ടിക്കാംതൊടിയും തിരിച്ചുവന്ന പട്ടിക്കാംതൊടിയും പോലെ,പ്രവാസത്തിനുമുൻപുള്ള കീഴ്പ്പടവും ശേഷമുള്ള കീഴ്പ്പടവും രണ്ടുപേരായിരുന്നിരിക്കണം.കഥകളിയുടെ നൃത്തഭാഷയെ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾക്കിടക്ക്,കീഴ്പ്പടത്തിന് പിശകുകളും സംഭവിച്ചിട്ടുണ്ട്.ഉദാഹരണത്തിന്,കാർത്തവീര്യാർജ്ജുനവിജയത്തിലെ ‘കമലദളം’എന്ന പതിഞ്ഞ ശൃംഗാരപ്പദത്തിനു ശേഷമുള്ള,“അദ്ഭുതമിതോർത്താലേവം”എന്ന പദത്തിൽ,“ദാസിയാകുമുർവ്വശിയിൽ”എന്ന ഭാഗത്തിൽ കീഴ്പ്പടം കൊണ്ടുവന്ന നൃത്തവിശേഷം.അത്യന്തം നാട്യധർമ്മിയായ ആ സന്ദർഭത്തിന്റെ മുഴുവൻ ചാരുതയേയും ചീന്തിക്കളയുന്ന ഒരു സാഹസമായിരുന്നു അത് എന്നാണ് എന്റെ അഭിപ്രായം.കഥകളിയുടെ സങ്കേതശിൽ‌പ്പത്തിനോട് ആവശ്യമില്ലാത്ത ഒരു ‘കീഴ്പ്പടംയുദ്ധ’മായിരുന്നു അത്.

താളത്തെ അനുസരിക്കാനും,താളത്തോടിടഞ്ഞുനിൽക്കാനും മികച്ച താളബോധമുള്ള ഒരു കഥകളിനടനു പറ്റും.കീഴ്പ്പടം പലപ്പോഴും രണ്ടാമത്തെ മാർഗം പിന്തുടർന്നു,അതിൽ വിസ്മയങ്ങളും സൃഷ്ടിച്ചു.എന്നാൽ ചിലപ്പോൾ,താളത്തിന്റെ അനുസരണത്തിൽ തന്നെ കഥകളിയുടെ അനുപമസൌന്ദര്യം ഇതൾ വിരിയുന്ന ചില സന്ദർഭങ്ങളിൽ,കീഴ്പ്പടം പുതുവഴികൾ തേടി നിറം മങ്ങി.നല്ലൊരുദാഹരണമാണ് തോരണയുദ്ധത്തിലെ ‘സമുദ്രലംഘനം’ആട്ടം.ലങ്കയിലേക്കു ഹനുമാൻ ചാടുന്നതോടെ ആരംഭിക്കുന്ന മുറിയടന്തമേളത്തോടൊപ്പം,താളത്തിനനുസരിച്ച് കാൽ വെച്ചുകൊണ്ട് മുമ്പിലേക്കുതിരിഞ്ഞ് പുറപ്പാടിലെ നാലാംനോക്കിന്റെ ക്രമത്തിൽ കാൽകുടഞ്ഞ്,അതിന്റെ ഒടുവിലത്തെ പത്തുകാലുകൾ ഇരട്ടിച്ച കാലത്തിൽ കുടഞ്ഞ്…ആ സമുദ്രലംഘനത്തിന്റെ സൌന്ദര്യം അനിർവ്വചനീയമാണ്.എന്നാൽ കീഴ്പ്പടം കണ്ടെത്തിയ സമുദ്രലംഘനരീതിയിലില്ലാത്തത് ഈ മനോഹാരിതയാണ്.

നൃത്തം അരങ്ങുനിറയുന്ന ഒരനുഭവമായി കീഴ്പ്പടം എതിർവായിച്ചപ്പോൾ,കല്ലുവഴിക്കളരിയുടെ ആധാരശിലകളിലൊന്നായി കെ.പി.എസ്.മേനോൻ നിർവ്വചിച്ച ‘ഒതുക്കം’ നഷ്ടമായോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.

കഥകളിയെ കാണാത്ത കാവ്യാത്മകത

അടിമുടി കവിത നിറഞ്ഞ കീഴ്പ്പടത്തിന് ചിലപ്പോൾ ശാപവുമായി.ത്രിപുടയുടെ നാലുകാലങ്ങളിലൂടെയും ക്രമാനുഗതമായി വളർന്ന്,ഉജ്വലമായ രാജസദീപ്തി സൃഷ്ടിക്കുന്ന രാവണോൽഭവത്തിലെ ‘തപസ്സാട്ട’ത്തിനിടക്ക്,അമ്മയുടെ കണ്ണുനീർമുത്തുകൾ കോർത്തെടുക്കുന്ന കണ്ണുനീർ മാല്യമെന്നു ഉപമിക്കുന്നതിന്റെ ഔചിത്യമെന്താണ്?നളദമയന്തിമാരെ കൂട്ടിയിണക്കാനായി ബ്രഹ്മാവയച്ച ഹംസം എന്ന വായന കൊള്ളാം,അതിന് ഹംസം ഇത്രക്കൊക്കെ തന്റേടാട്ടമാടിയാലോ?…അങ്ങനെ പലതും.

ബുദ്ധിമുട്ടിപ്പിക്കലുകൾ

കളിയരങ്ങ് ആർക്കും തർക്കിച്ചു ജയിക്കാനുള്ള ഇടമല്ല.പാത്രസ്ഥായിക്കും,കഥാസന്ദർഭത്തിനുമനുഗുണമായേ കഥകളിയിൽ മനോധർമ്മങ്ങൾ പാടൂ.കീഴ്പ്പടം പലയരങ്ങിലും ഇതു മറന്നു.ആ മറവികൾ,കഥകളിയുടെ വളർച്ചക്കൊരു സഹായവും ചെയ്യുന്നില്ല-കൂട്ടുവേഷക്കാരനെ വെള്ളം കുടിപ്പിക്കുകയല്ലാതെ.താളത്തിലിടഞ്ഞു കൊട്ടുകാരനെ,പുരാണജ്ഞാനം കൊണ്ടു വേഷക്കാരനെ… ഈ ബുദ്ധിമുട്ടിപ്പിക്കലുകൾക്ക് എന്തർത്ഥമാണുള്ളത്?

വിയോജിപ്പുകൾ നീട്ടുന്നില്ല. മഹാനായ ഒരു കലാകാരനെ സത്യസന്ധമായി വായിക്കാനുള്ള ഒരു ശ്രമം മാത്രമായി ഈ നിരീക്ഷണങ്ങളെ കാണുക.

പഴയ ഓർമ്മയും പുതിയ വെളിച്ചവും

കളിയരങ്ങിലെ പ്രകാശഗോപുരങ്ങൾ ഓരോന്നായി അണയുകയാണ്.പുതിയ നാമ്പുകൾ മുളപൊട്ടുന്നു..അരങ്ങുശാഠ്യങ്ങളുടെയും,സങ്കുചിതകലാദർശനത്തിന്റെയും,വരേണ്യവാദത്തിന്റെയും കാലവും അസ്തമിക്കുകയാണ്. കീഴ്പ്പടത്തെ മറന്ന് ഇനി കഥകളിക്കു മുന്നോട്ടു പോകാനാവുമെന്നു തോന്നുന്നില്ല.കഥകളിയുടെ ഉദ്ഗ്രഥനത്തിനായി ജന്മം നീക്കിവെച്ച ആ മഹാപ്രതിഭക്കു കോടി നമസ്കാരം.കളിവിളക്കുകളിരുളുന്ന ഈ കെട്ടകാലത്ത്,ആ ഓർമ്മകൾ നമുക്കു വാജീകരണമാകട്ടെ…

Similar Posts

  • തസ്മൈ ശ്രീ ഗുരവേ നമഃ

    ഡോ. സദനം കെ. ഹരികുമാരൻ July 29, 2012 കീഴ്പ്പടം കുമാരൻ നായരാശാനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്? എഴുതേണ്ടി വരുമ്പോൾ എഴുതേണ്ട ആളെക്കുറിച്ച് അറിയേണ്ടി വരുന്നു. അറിയുക എന്നാൽ ആയിത്തീരുക എന്നാണ് അർത്ഥം കല്പിക്കുന്നതെങ്കിൽ ഞാൻ ഇതിനു തുനിയുന്നത് മൌഢ്യമായിരിക്കും. അനുസ്മരണത്തിനു വേണ്ടി മാത്രമാണെങ്കിൽ ചില ശ്ലഥമായ ഓർമ്മകളെ ഇവിടെ അനാവരണം ചെയ്യാമെന്ന് മാത്രം. പൂച്ചയുടേതു പോലെ മാർദ്ദവമേറിയ പാദങ്ങളായിരുന്നു ആശാന്റേത്. അതിൽ നിറച്ച് ഊർജ്ജമുണ്ടായിരുന്നു. ആശാന്റെ കാൽ‌ചുവട്ടിൽ ഉഴിച്ചിലിന് കിടക്കുമ്പോൾ അനുഭവിക്കുന്നത് വേദനായിരുന്നില്ല. സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും നിറവ്…

  • ചുണ്ടപ്പുവും, കണ്ണ് ചുവക്കുന്നതും

    സി. പി. ഉണ്ണികൃഷ്ണന്‍ January 17, 2013 നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിന്‍റെ  വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്. നല്ലപോലെ വിടർന്ന പൂക്കൾ അവയുടെ ചെറിയ തണ്ട് (ഞെട്ടി/ഞെട്ട്)…

  • |

    പെരിയ നരകാസുരീയം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 16 ശ്രീവത്സൻ തീയ്യാടി February 16, 2014  അണിയറ ലേശം കുടുസാണ്; വെളിച്ചം കമ്മിയും. അതൊന്നും അപ്പോൾ നോക്കിയില്ല. ഒരു വെള്ളത്തോർത്ത് വെടിപ്പായി അഴക്കോലിൽ ഞാത്തിക്കണ്ടു. അതിനു താഴെ ഒരു കാവിമുണ്ടുവേഷക്കാരനെയും. അടുത്തു ചെന്ന് കാൽമുട്ടുകൾ നിലത്തുകുത്തി ഇരുന്നു. എന്നിട്ട് തൊണ്ട നേരെയാക്കി ചോദിച്ചു, “ഓർമ്മയുണ്ടോ?” മനയോലക്കുറുക്കഗ്രമുള്ള ഈർക്കില മടിയിലേക്ക് താഴ്ത്തി പെട്ടെന്നെന്നെ നോക്കി. മറുപടിക്ക് കാക്കാതെ ഞാൻ തുടർന്നു: “നമ്മള് അരണാട്ടുകരവച്ച് കണ്ടിരുന്നു അടുത്തിടെ. സ്കൂൾ ഓഫ് ഡ്രാമേല്…” ചെമപ്പൻ…

  • ഏഷണി(ഏഷണ)ക്ക് നടപ്പവൻ

    ഹേമാമോദസമാ – ഭാഗം 4 ഡോ. ഏവൂർ മോഹൻദാസ് August 3, 2012 ‘നളചരിതത്തിലെ പ്രേമത്താമര’ (ഹേമാമോദസമാ ഭാഗം ഒന്ന്, ഭാഗം രണ്ട്) തേടി പോയ വഴിയിൽ, ഈ കഥാതല്ലജത്തിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച്‌ പ്രശസ്തരായ പല സാഹിത്യ പണ്ഡിതന്മാരും എഴുതിയിട്ടുള്ള ലേഖനങ്ങൾ വായിക്കാൻ ഇടയായി. ഇങ്ങനെ ശ്രദ്ധയിൽ പെട്ട ചില ലേഖനങ്ങളിൽ നളചരിത സാഹിത്യത്തിൽ കവി ഉദ്ദേശിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമെന്നു തോന്നാവുന്ന ചില പരാമർശങ്ങൾ ഉണ്ടെന്നു തോന്നി. നാരദന്റെ ഏഷണ- ഏഷണി സ്വഭാവത്തെക്കുറിച്ചുള്ള വിഷയത്തെ ഗൗരവപൂർവ്വം ഒന്നപഗ്രഥിക്കേണ്ടതുണ്ടെന്ന്‌ തോന്നുന്നു. ‘നളനെയാർ…

  • ‘കാലം കുറഞ്ഞെങ്കിലുമെത്ര ദീര്‍ഘം!’: തിരനോട്ടത്തിന്റെ തൌര്യത്രികം ശില്പശാല

    മനോജ് കുറൂര്‍ April 5, 2012  തിരനോട്ടം ദുബായില്‍ സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയില്‍ ഞാനും കൂടണം എന്ന് ഇരിങ്ങാലക്കുട അനിയേട്ടന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചെങ്കിലും പരിപാടിയുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അല്പം പരിഭ്രമമായി. ഒന്നാമത് വിദേശം. എനിക്കാണെങ്കില്‍ വേണു വി. ദേശം എന്ന കവിയെയല്ലാതെ മറ്റു പരിചയമില്ല. ഓരോ കഥകളി അവതരണത്തിനും‌മുന്‍പ്  ആമുഖമായി സംസാരിക്കുക, കളി നടക്കുമ്പോള്‍ത്തന്നെ വിവരണം നല്‍കുക, അവതരണത്തിനു ശേഷമുള്ള ചര്‍ച്ചയ്ക്ക് മോഡറേറ്റര്‍ ആയി പ്രവര്‍ത്തിക്കുക എന്നിവയാണ് എന്റെ ചുമതലകള്‍. പിന്നെ പീശപ്പിള്ളി രാജീവന്‍, ഏറ്റുമാനൂര്‍…

  • അശ്വതിതിരുനാളിന്റെ ആട്ടക്കഥാസാഹിത്യം

    ശ്രീകൃഷ്ണൻ എ. ആർ. June 17, 2013 ആട്ടക്കഥാസാഹിത്യം പൊതുവേ പിൻതുടരുന്ന ഒരു രചനാശൈലിയുണ്ട് – സാഹിത്യചമൽകാരത്തിന് വലിയ സ്ഥാനം നൽകാതെ അഭിനയത്തിനുള്ള വാചികതന്തു ആയിരിയ്ക്കുക  എന്ന നില. ഈ നിലയിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ രംഗവിജയം നേടിയ കഥകൾ ധാരാളം; ഇതിൽ നിന്ന് വ്യത്യസ്തമായി സാഹിത്യമെന്ന നിലയിൽ തന്നെ ആസ്വാദ്യമാവുകയും ആ ആസ്വാദ്യതകൊണ്ട് രംഗവിജയത്തിന് കൂടുതൽ ദീപ്തി കൈവരിയ്ക്കുകയും ചെയ്ത കുറച്ചു രചനകളുമുണ്ട്.  ഈ രണ്ടു വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ അശ്വതിതിരുനാളിന്റെ ആട്ടക്കഥകളെ ഉൾപ്പെടുത്തുന്നത് അപൂർണ്ണവും അതിലളിതവുമായ…

മറുപടി രേഖപ്പെടുത്തുക