ഓർത്താൽ വിസ്മയം തന്നെ

എം. ടി. വാസുദേവൻ നായർ

January 4, 2013

ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന്‌ ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു. അരങ്ങേറ്റത്തില്‍ ഹൈദരാലി പൊന്നാനിയും പില്‍ക്കാലത്ത് വിഖ്യാതനായ ശങ്കര എമ്പ്രാന്തിരി ശിങ്കിടിയുമാബണമെന്നും നമ്പീശന്‍ നിശ്ചയിച്ചപ്പോള്‍ അദ്ദേഹമൊരു ശിഷ്യനിലുള്ള വിശ്വാസം നിശ്ശബ്ദമായി പ്രഖ്യാപിക്കുകയായിരുന്നു.

ക്രമത്തില്‍ ഹൈദരാലി പ്രശസ്തനായി. കഥകളി ആസ്വാദകരുടെ മുഴുവന്‍ അഭിനന്ദനങ്ങള്‍ക്ക് പാത്രമായി. കലാമണ്ഡലം ഹൈദരാലിയുടെ ആത്മകഥയ്ക്ക് “ഓര്‍ത്താല്‍ വിസ്മയം” എന്ന ശീര്‍ഷകം തികച്ചും യോജിക്കും. പറയുന്നത് ആത്മകഥയല്ല, കഥകളി ജീവിതത്തിലെ അവിസ്മരണീയമായ ചില അനുഭവങ്ങള്‍ വിവരിക്കുന്ന ചില ലേഖനങ്ങളുടെ സമാഹാരമാണ്‌. കൂട്ടത്തില്‍ കഥകളി അവതരണത്തേയും സംഗീതത്തെയും പറ്റിയുള്ള ചില വീണ്ടുവിചാരങ്ങളും.

ഈ ലേഖനങ്ങളിലൂടെ പ്രശസ്തരായ പലരുടേയും ചിത്രങ്ങള്‍ നമുക്ക് കിട്ടുന്നു. കൃഷ്ണന്‍ നായര്‍ ആശാന്‍, നമ്പീശന്‍, കൃഷ്ണന്‍ കുട്ടി പൊതുവാള്‍, ഉണ്ണിക്കൃഷ്ണക്കുറുപ്പ്, എം.കെ.കെ. നായര്‍, യേശുദാസ് തുടങ്ങിയവരെ പറ്റി വിദഗ്ദ്ധമായി വരച്ച ചില രേഖാചിത്രങ്ങള്‍.

കഥകളിസംഘത്തിന്‍റെ കൂടെ വിദേശത്തുപോയ അനുഭവങ്ങള്‍ ഹൈദരാലി വിവരിക്കുന്നു. അവിടത്തെ നിറഞ്ഞ സദസ്സുകളും തണുത്ത കാലാവസ്ഥയില്‍ ക്യൂ നില്‍ക്കുന്ന ആസ്വാദകരും നാട്ടില്‍ ആസ്വാദകര്‍ കുറഞ്ഞുവരുന്ന ദയനീയാവസ്ഥയെപ്പറ്റിയാണ്‌ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. കൈലാസമെടുത്ത് അമ്മാനമാടിയവരും സമുദ്രലംഘനം ചെയ്തവരും, സ്വര്‍ഗ്ഗാധിപതികളായി അരങ്ങത്ത് വരുന്നവരും ജീവിക്കാന്‍ വേണ്ടി പടുപണികള്‍ ചെയ്യുന്ന അവസ്ഥയെപ്പറ്റി ഹൈദരാലി ദു:ഖത്തോടെ പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് പാരീസില്‍ വെച്ച് ഞാന്‍ മാര്‍ട്ടൈന്‍ ഷെമാനയെ കണ്ടു. യാദൃച്ഛികമായി ഞാനവിടെ ഉണ്ടെന്ന് അറിഞ്ഞ് തേടിപ്പിടിച്ച് വന്നതായിരുന്നു. കേരളത്തില്‍ വന്ന് താമസിക്കുകയും പ്രൊഫ. വി.ആര്‍. പ്രബോധനചന്ദ്രന്‍ നായരുടെ കീഴില്‍ മലയാളം പഠിക്കുകയും, പല ഗുരുക്കാന്മാരില്‍ നിന്നുമായി കഥകളി അഭ്യസിക്കുകയും ചെയ്ത ഒരു ഫ്രഞ്ചുകാരി മുമ്പ് കോഴിക്കോട് മാതൃഭൂമി ആപ്പീസില്‍ എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ മലയാളത്തില്‍ മറുപടി പറഞ്ഞ് എന്നെ അത്ഭുതപ്പെടുത്തി. അവര്‍ പറഞ്ഞു: പാരീസിലെ ഏറ്റവും വലിയ തീയേറ്ററുകളിലൊന്നാണ്‌ കഥകളിയും കൂടിയാട്ടവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ തായമ്പകയും നടത്താറ്‌. ടിക്കറ്റ് മാസങ്ങള്‍ക്ക് മുമ്പേ റിസര്‍വ്വ് ചെയ്ത്പോകും. ഹൈദരാലിയുടെ കഥകളിപ്പാട്ടിന്‍റെ മാധുര്യത്തേയും ഗാംഭീര്യത്തേയും പറ്റിയും അവര്‍ പറഞ്ഞു.

എന്നെ കാണാന്‍ വന്ന ഒരു മലയാളി അടുത്തുണ്ട്. അയാള്‍ എല്ലാം കേട്ടുകൊണ്ടിരുന്നു.

“ശങ്കരന്‍കുട്ടിയുടെ തായമ്പകയ്ക്കും നിറഞ്ഞ സദസ്സായിരുന്നു. അടുത്ത ഇടയ്ക്കാണ്‌ ശങ്കരന്‍കുട്ടി വന്നുപോയത്.”

മലയാളി സുഹൃത്ത് പതുക്കെ:

“എം.ടി.സാര്‍, ആരെപ്പറ്റിയാണ്‌ അവര്‍ പറയുന്നത്?”

ശങ്കരന്‍കുട്ടി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ചെണ്ട.”

“അടിച്ചു പൊളിക്ക്ണ്ടാവും അല്ലെ?”

എന്നോടാണ്‌!

ഞാന്‍ ഒന്നും മിണ്ടിയില്ല.

കഥകളി അവതരണത്തിലെ ചില പാകപ്പിഴകളെപ്പറ്റി താന്‍ ചിന്തിച്ചുപോയത് ഹൈദരാലി എഴുതിയപ്പോള്‍ ഉണ്ടായ വാദകോലാഹലങ്ങള്‍ ഞാനോര്‍ക്കുന്നു. എനിക്ക് വലിയ അറിവുള്ള വിഷയങ്ങളല്ലെങ്കിലും ഞാന്‍ ആ ലേഖനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. സംഗീതാലാപനത്തിലെ അക്ഷരവൈകല്യങ്ങളെപ്പറ്റി ഹൈദരാലി എഴുതിയപ്പോള്‍ ഞാന്‍ വിചാരിച്ചു: എനിക്കും തോന്നിയതാണല്ലൊ ഈ കാര്യങ്ങള്‍ ‘പനിമതി മുഖി ബാലേ’യെ ‘പാനിമതി’യാക്കുന്നത് ഞാനും എത്രതവണ കേട്ടിരിക്കുന്നു. കഥകളി സംഗീതത്തിലെ മാത്രമല്ല, ശാസ്ത്രീയസംഗീതത്തിലേയും സിനിമാ നാടകഗാനങ്ങളിലേയും സ്ഥിര അക്ഷരവൈകല്യങ്ങള്‍ ഹൈദരാലി അക്കമിട്ട് നിരത്തുന്നു.

കളിയരങ്ങിലേയും സംഗീതത്തിലേയും വൈകല്യങ്ങളെപ്പറ്റി ഹൈദരാലി പറയുമ്പോള്‍ പാരമ്പര്യവാദികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാവുന്നത് സ്വാഭാവികമാണ്‌. പക്ഷെ, വാദകോലാഹലത്തിലൂടെ ഒച്ചപ്പാടുണ്ടാക്കി ശ്രദ്ധപിടിച്ച് പറ്റാനല്ല ഹൈദരാലി ശ്രമിക്കുന്നത് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. യോജിച്ചാലും വിയോജിച്ചാലും വേണ്ടില്ല, നിസ്സാരമായി തള്ളിക്കളയാവുന്നതല്ല ഈ അഭിപ്രായപ്രകടനങ്ങള്‍ എന്ന് വ്യക്തമാക്കുന്നു.

കഥകളിയോടും സംഗീതത്തോടുമുള്ള ഹൈദരാലിയുടെ പ്രതിബദ്ധതയെ നമുക്ക് നിഷേധിക്കാനാവില്ല. അതാണ്‌ ഹൈദരാലിക്ക് ജീവിതം തന്നെ.

അനുഗ്രഹീതനായ ഈ കലാകാരനില്‍ നിന്ന് ഇനിയും പല വിസ്മയങ്ങളും ആസ്വാദകര്‍ക്ക് ലഭിക്കുമെന്ന് നാം പ്രത്യാശിക്കുക.

(പ്രണത ബുക്ക്സ് 2004 ഡിസംബറില്‍ പ്രസിദ്ധീകരിച്ച “ഓര്‍ത്താല്‍ വിസ്മയം” എന്ന കലാമണ്ഡലം ഹൈദരാലിയുടെ ലേഖനസമാഹാരത്തിന്‌ എം.ടി വാസുദേവന്‍ നായര്‍ എഴുതിയ ആമുഖം. പുസ്തകത്തിന്‍റെ വില 60 രൂപ. പ്രണത ബുക്സ്, കൊച്ചിയുടെ ഫോണ്‍: 0484-2390179. ഇ-മെയില്‍ വിലാസം:[email protected])

Similar Posts

  • ശിവമയം

    ഇന്ദിരാ ബാലന്‍ July 7, 2011 അന്തരിച്ച കോട്ടക്കൽ ശിവരാമൻ(ശിവരാമേട്ടൻ) എന്റെ അച്ഛന്റെ (“പത്മശ്രീ”വാഴേങ്കട കുഞ്ചു നായർ ) പ്രിയ ശിഷ്യനും മരുമകനുമാണ്‌. കുട്ടിക്കാലം മുതലേ ആ അഭിനയ പാടവം കണ്ടു വളർന്നവളാണ്‌ ഞാനും. ഞങ്ങളുടെ കുടുംബത്തിൽ നിന്നും അദ്ദേഹം എന്നേക്കുമായി വിട പറഞ്ഞു. ഈ നിമിഷങ്ങളിൽ നിങ്ങളോടൊപ്പം എന്റെ കണ്ണീരിന്റെ അക്ഷരങ്ങളും ഇവിടെ കുറിക്കട്ടെ.) ഭാവങ്ങൾ തൻ മഴവില്ലു തീർത്തുനടനവൈഭവ കാന്തി പരത്തിഅഭിനയ ലാവണ്യത്തിൻ തങ്ക-ത്തിടമ്പഴിച്ചു വെച്ചു യാത്രയായി……………. അടർന്നു വീഴുന്നു ശിവമയമാംസൗഗന്ധിക നിമിഷങ്ങൾ, ഹന്തതേങ്ങുന്നു…

  • |

    ആ പുഴയുടെ വക്കത്തിരുന്ന്…

    വെണ്മണി ഹരിദാസ് സ്മരണ – 1(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ ശശിധരൻ May 30, 2017  ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു…

  • കഥാപാത്രത്തിന്റെ അവസ്ഥാനുസരണം

    കലാമണ്ഡലം വാസു പിഷാരോടി June 27, 2017 വെണ്മണി ഹരിദാസ് സ്മരണ – 3(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) വളരെയധികം കഥകളിയുടെ ഉള്ളിലേക്കിറങ്ങിച്ചെന്നിട്ടുള്ള ഒരു ഗായകനാ‍ണ് ഹരിദാസൻ. അതിന്റെ എല്ലാ അംശങ്ങളിലും. പിന്നെ അഭിനയത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധയും താല്പര്യവുമുള്ളയാളാണ്. ഓരോ കഥാപാത്രത്തിനേയും നല്ലോണം ഉൾക്കൊണ്ടിട്ടുണ്ട് ഹരിദാസൻ. നല്ല സാഹിത്യവാസനയുണ്ട്, പുറമേ സംഗീതവും. ഭാവത്തിന്റെ പരമാവധി, അത് വേണ്ടതരത്തിൽ ഉപയോഗിക്കാൻ ഹരിദാസന് മറ്റു പലരേക്കാളും മിടുക്കുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും ഭാവംന്ന് പറഞ്ഞ് വളരെയങ്ങ് പോവും. ശോക ഭാവം…

  • കോട്ടക്കല്‍ ശിവരാമന് ശ്രദ്ധാഞ്ജലി

    സദനം ഭാസി July 20, 2011 കോട്ടക്കല്‍ ശിവരാമന്‍ എന്ന കലാകാരനെ ഞാന്‍ എന്നും ഓര്‍ക്കുന്നത് എന്നെ കഥകളിരംഗത്തേയ്ക്കു കൊണ്ടുവന്ന ആള്‍ എന്ന നിലയ്ക്കാണ്. പത്താം ക്ലാസ് കഴിഞ്ഞ് കഥകളി പഠിയ്ക്കണം എന്ന മോഹവുമായി പല ശ്രമങ്ങളും നടത്തി നോക്കി. വീട്ടുകാര്‍ക്കടക്കം ആര്‍ക്കും ഞാനൊരു കഥകളിക്കാരനാവുന്നതില്‍ അന്നു യോജിപ്പുണ്ടായിരുന്നില്ല. സ്വയം ശ്രമിച്ച്, കലാമണ്ഡലത്തിലും കോട്ടക്കലും എല്ലാം കഥകളി വിദ്യാര്‍ത്ഥിയാവാന്‍ നോക്കി. ഒന്നും നടന്നില്ല. അങ്ങനെയിരിയ്ക്കുന്ന സമയത്താണ്, എന്റെ അച്ഛന്‍ വഴി ഒരകന്ന ബന്ധുകൂടി ആയ കോട്ടക്കല്‍ ശിവരാമനെ…

  • |

    കളിയരങ്ങിലെ സ്ത്രീപക്ഷം

    ഇന്ദിരാ ബാലൻ Thursday, July 19, 2018 പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു. അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു.  കഥകളിയെന്ന സങ്കേതബദ്ധമായ കല അഭ്യസിക്കുന്നത് കൂടുതലും പുരുഷന്മാരാണ്‌. എന്നാൽ മറ്റേതൊരു മേഖലയിലും പോലെ കഥകളി രംഗത്തേക്കും സ്ത്രീകളുടെ ചുവടുവെയ്പ്പു ഇന്നു ധാരാളമാണ്‌. ഈ ലേഖനത്തിലൂടെ പരാമർശിക്കുന്നത് ഒരു സ്ത്രീ കലാകാരിയെയല്ല. പുരുഷനായിനിന്നുകൊണ്ട് തന്നെ സ്ത്രീയുടെ താളം ഏറ്റുവാങ്ങി, കഥകളിയരങ്ങുകളിൽ സ്ത്രീപക്ഷസമരം നയിച്ച അന്തരിച്ച അതുല്യനടൻ ശ്രീ കോട്ടക്കൽ ശിവരാമനെയാണ്‌….

  • മറക്കാനാവാത്ത കൃഷ്ണൻ നായരാശാൻ

    തിരുവല്ല ഗോപിക്കുട്ടൻ നായർ April 11, 2014  നീലമ്പേരൂർ കുട്ടപ്പപ്പണിക്കരാശാനൊപ്പം പാട്ട് പാടിക്കൊണ്ടിരിക്കുന്ന കാലത്താണ് കൃഷ്ണൻ നായരാശാനെ ആദ്യമായി കാണുന്നത്.  എനിക്കന്നു ഏതാണ്ട് ഇരുപതു വയസ്സ് പ്രായം. കുറിച്ചി കുഞ്ഞൻ പനിക്കരാശാൻ അതിനു കുറച്ചുകാലം മുൻപ് തന്നെ കൃഷ്ണൻ നായരാശാനെ തെക്കൻ അരങ്ങുകളിലേക്ക് കൊണ്ടുവന്നിരുന്നു. അതിനുശേഷം ആശാന്റെ പല വേഷങ്ങൾക്കും  കുട്ടപ്പപ്പണിക്കരാശാനും തകഴി കുട്ടൻപിള്ള ആശാനും ഒപ്പം  പാടാൻ എനിക്കവസരമുണ്ടായി. വലിയ കലാകാരനാനെന്നറിയാമായിരുന്നതിനാൽ പാടുമ്പോൾ ആദ്യമൊക്കെ ഉള്ളിൽ പേടി തോന്നിയിരുന്നു. അദ്ദേഹത്തിൻറെ സ്നേഹപൂർവമായ പെരുമാറ്റം കാരണം കാലക്രമേണ…

മറുപടി രേഖപ്പെടുത്തുക