ശിവരാമസ്മരണ

വി. എം. ഗിരിജ

July 26, 2011

കോട്ടയ്ക്കൽ ശിവരാമൻ എന്നാൽ കഥകളിപ്രേമികൾക്ക്‌ സ്ത്രീവേഷം തന്നെയാണ്‌. പ്രത്യേകിച്ചും കുടമാളൂരിന്റേയും കൃഷ്ണൻ നായരുടേയും വളരെ അധികം കീർത്തിപ്പെട്ട സ്ത്രീവേഷങ്ങൾ ഒക്കെ കാണാതെ കേൾക്കുക മാത്രം ചെയ്തവർക്ക്‌… എന്നേപ്പോലുള്ളവർക്ക്‌.

ശിവരാമൻ അന്തസ്സത്തയിൽ സ്വന്തം അമ്മാമനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നെയാണ്‌ പിന്തുടർന്നത്‌. അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവഗതിക്ക്‌ അനുയോജ്യമല്ലാത്ത ഭാവസ്ഫുരണമോ ശിവരാമൻ സ്വീകരിച്ചിട്ടേ ഇല്ല.

കഥകളി ആസ്വാദകർക്കിടയിൽ വെള്ളം പോലെ തെളിഞ്ഞ, കല മുൻപ്‌ എന്ന ആസ്വാദനരീതി ദുർല്ലഭമാണ്‌. ഒരു പാട്‌ മുൻ ധാരണകളും ഗ്രൂപ്പ്‌ വഴക്കങ്ങളും ഒക്കെ ആസ്വാദകർക്കിടയിൽ ഉണ്ട്‌. കലാമണ്ഡലം രാമൻ‌കുട്ടി നായർ, കലാമണ്ഡലം ഗോപി, ഉണ്ണികൃഷ്ണക്കുറുപ്പ്‌ എന്നിങ്ങനെ പലർക്ക്‌ വേണ്ടിയും ആസ്വാദകർ ഘോരഘോരം വാദിക്കും. ആ ഏതു ഗ്രൂപ്പിനും ശിവരാമന്റെ കാര്യത്തിൽ ഏകാഭിപ്രായം ആയിരുന്നു. പഴയ ചില സ്ത്രീവേഷക്കാരുടെ പേരു കേട്ടിട്ടുണ്ട്‌… പിന്നീട്‌ കലാമണ്ഡലം കൃഷ്ണൻ നായർ തന്നെയാണ്‌ എല്ലാം തികഞ്ഞ വേഷക്കാരൻ ആയിരുന്നത്‌. പക്ഷെ പോകെ പോകെ ആകാരഗാംഭീര്യം മൂലം കൃഷ്ണൻ നായർക്ക്‌ സ്ത്രീവേഷങ്ങൾ പറ്റാതായത്രെ.. പിന്നെ കുടമാളൂർ കരുണാകരൻ നായർ. കുടമാളൂരിന്റെ ഔചിത്യഭാസുരവും അന്തസ്സാർന്നതുമായ സ്ത്രീവേഷത്തിനുശേഷം ശിവരാമനാണ്‌ ആട്ടക്കഥകളിലെ പെണ്ണിന്റെ ഭാഗം തിളക്കിയത്‌.

മറ്റുവേഷങ്ങളും ശിവരാമൻ കെട്ടിയിരുന്നു. ഞാൻ തന്നെ ശിവരാമന്റെ കൃഷ്ണനും കരിവേഷവും കണ്ടിട്ടുണ്ട്‌. പിന്നെ കണ്ടിട്ടുള്ള വേഷങ്ങൾ ഏത്‌ കഥകളിപ്രേമിക്കും അറിയാവുന്നവ തന്നെ എങ്കിലും ഓർത്തെടുത്ത്‌ എഴുതുവാൻ ഒരു വേദനയുള്ള സുഖം. കാരണം ഒരു പാട്‌ ദിക്കുകൾ കളികൾ ഗായകർ ചെണ്ട മദ്ദളം കലാകാരന്മാർ അവരുടെ നിൽപ്പുകൾ എല്ലാം അതിന്റെ ഭാഗം ആണല്ലൊ. നീലകണ്ഠൻ നമ്പീശൻ, പൊതുവാൾമാർ, കുറുപ്പാശാൻ, രാമൻ‌കുട്ടി വാരിയർ,അച്ചുണ്ണിപ്പൊതുവാൾ,ചന്ദ്രമന്നാടിയാർ,കലാമണ്ഡലം ഗംഗാധരൻ, ശങ്കരൻ എമ്പ്രാന്തിരി, ഹൈദരാലി തുടങ്ങി എത്ര എത്ര പേർ.. അവർ കാലയവനികക്കുള്ളിൽ മറഞ്ഞവരോ ഇപ്പോഴും അരങ്ങത്ത്‌ സജീവമായുള്ളവരോ എന്ന് പലപ്പോഴും ഓർമ്മ വരാറില്ല. ഒരു പക്ഷേ ഒരിക്കലും കണ്ടിട്ടേയില്ലാത്ത പട്ടിക്കാംതൊടി രാമുണ്ണിമേനോൻ, വെങ്കിടകൃഷ്ണ ഭാഗവതർ, മൂത്തമന, വെങ്കിച്ച സ്വാമി, ആശാരിക്കോപ്പൻ എന്നിവരും കൂടി മിത്തിന്റെ രൂപത്തിൽ ഉള്ളിൽ വരും… മറ്റെല്ലാ കലകളെയും പൊതുമണ്ഡലങ്ങളെയും പോലെ കഥകളി ആസ്വാദകരുടെ മനസ്സിൽ പകുതി സ്വപ്നവും പകുതി യാഥാർഥ്യവുമാവും. ഒരുപാട്‌ ഐതിഹ്യങ്ങൾ പ്രചരിക്കും. സിനിമ സാഹിത്യം പാട്ട്‌ ചിത്രകല രാഷ്ട്രീയം എന്നിവ പോലെ  കഥകളിയും ആസ്വാദകർക്കിടയിൽ പലപല കഥകളും അത്ഭുതങ്ങളും ഒക്കെ പരത്തുന്നുണ്ട്‌ എന്നർത്ഥം.

കോട്ടയ്ക്കൽ ശിവരാമന്റെ ദമയന്തി (നാലുദിവസങ്ങൾ),ദ്രൗപദി (ദുര്യോധനവധത്തിലെ പാഞ്ചാലിയാണതിൽ ഏറ്റവും ഉള്ളിൽ),സൈരന്ധ്രി,സീത,കുന്തി,സതി,പൂതന,മോഹിനി,ഉർവശി,കിർമ്മീരവധത്തിലെ ലളിത, കാട്ടാളത്തി,രംഭ.. ഓരോ വേഷവും ഉള്ളിൽ ഉണ്ട്‌. എൻ.വി കൃഷ്ണവാരിയരുടെ ചിത്രാംഗദ അരങ്ങേറിയപ്പോൾ ചിത്ര ശിവരാമൻ ആയിരുന്നു എന്നും അത്‌ വളരെ നന്നായിരുന്നു എന്നും എന്റെ അച്ഛൻ പറഞ്ഞിട്ടറിയാം. കുഞ്ചുനായരാശാനാണ്‌ അത്‌ ചിട്ടപ്പെടുത്തിയത്‌. ചിത്രയുടെ ഭാവമാറ്റങ്ങൾ അനായാസമായി ശിവരാമൻ ഉൾക്കൊണ്ടു. കലാമണ്ഡലം ഗംഗാധരനായിരുന്നു പാടിയിരുന്നത്‌. പാട്ട്‌ ഇപ്പോഴും കേൾക്കാൻ പറ്റും. ഒളപ്പമണ്ണയുടെ അംബ ഞാൻ തന്നെ കലാമണ്ഡലത്തിൽ വെച്ച്‌ കണ്ടിട്ടുണ്ട്‌. ഗോപ്യാശാന്റെ സാല്വനും രാമൻകുട്ടിയാശാന്റെ ഭീഷ്മരും.. അങ്ങനെ. അതും പിന്നെ കണ്ടിട്ടില്ല എങ്കിലും മനസ്സിൽ ഉണ്ട്‌.

ദക്ഷയാഗത്തിലെ സതി, കീചകവധത്തിലെ സൈരന്ധ്രി, നാലാം ദിവസത്തിലെ ദമയന്തി എന്നിവയാണ്‌ എനിക്കേറ്റവും പ്രിയപ്പെട്ട വേഷങ്ങൾ. ലവണാസുരവധത്തിലെ സീതയും അങ്ങിനെ തന്നെ. കീചകൻ ഹനുമാൻ ഇവ രാമൻ‌കുട്ടിയാശാനും നാലാം ദിവസത്തിലെ ബാഹുകൻ ഗോപ്യാശാനും തന്നെ ആവണം. കുഞ്ചുനായരുടെ ശിഷ്യനായി ഗ്രഹിച്ച കലാപാടവം ഓരോ ചലനത്തിനേയും സുന്ദരമാക്കും. പട്ടിക്കാംതൊടി ആ കഥാപാത്രമാവുന്നതിൽ തപസ്സുപോലത്തെ നിഷ്ഠ പുലർത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്‌. അറിവ്‌ കലാപരമായ സർഗാത്മകത ആവുന്ന നിമിഷം. ശിവരാമൻ മദ്യപാനത്തിൽ മുഴുകിയിരുന്ന നാളുകളിൽ പോലും താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക്‌ വിസ്മയകരമായി കൂടുമാറിയിരുന്നു. കൂട്ടുവേഷക്കാരൻ അനൗചിത്യം കാട്ടിയാലും അദ്ദേഹം പിന്തുടർന്നിരുന്നുമില്ല. ശിവരാമൻ അരങ്ങത്ത്‌ ഉണ്ടെങ്കിൽ ചൊല്ലിയാട്ടത്തികവ്‌ മുദ്രക്കൈകളുടെ വെടിപ്പ്‌ തുടങ്ങി ആസ്വാദകർ തലയാട്ടുന്ന സൂക്ഷസൗന്ദര്യങ്ങൾക്കുമപ്പുറം മനസ്സ്‌ പറക്കും! സ്ത്രീകളായ എന്നെ പോലുള്ളവർക്ക്‌ ഉള്ളലിവ്‌ തോന്നും ഏത്‌ വേഷത്തിനോടും. എന്താണീ മനസ്സിനെ ശിവരാമനോടടുപ്പിക്കുന്ന സവിശേഷത എന്ന് ഞാൻ പലകുറി ആലോചിച്ചിട്ടുണ്ട്‌.

സ്ത്രീമനസ്സിലെ വൈകാരികവിക്ഷുബ്ധതകൾ പിടിച്ചെടുത്ത അഭിനയരീതി തന്നെ. ഒന്നാം ദിവസത്തിൽ നാം ദമയന്തിയെ ആദ്യം കാണുമ്പോൾ അനുരാഗത്തിൽപ്പെട്ട ഒരു കന്യക.. അർണ്ണവം തന്നിലല്ലോ എന്ന ഉറപ്പുള്ള പ്രണയിനി, ഈശ്വരന്മാർ അതിനീചമായി തുടങ്ങാമോ എന്ന് അവരോടും കയർത്തവൾ, സ്വയംവരസദസ്സിൽ മനസാ വാചാ വപുഷാ നളനെ മാത്രമേ സ്വീകരിക്കൂ എന്ന് ഉറപ്പുള്ള ധീര.. ഒന്നാം ദിവസം തുടങ്ങി നാലാം ദിവസം അവസാനം വരെ നമ്മൾ ദമയന്തിയുടെ ഒപ്പം സഞ്ചരിക്കും. അന്തസ്സുള്ളവൾ അഭിമാനിനി എന്ന് മാത്രമല്ല സ്വന്തമായ മനസ്സും വികാരലോകവും ഉള്ളവൾ.. അതാണ്‌ ശിവരാമന്റെ ദമയന്തി. ഉണ്ണായിവാര്യർ ജീവിച്ചിരുന്നുവെങ്കിൽ പുതിയ ലോകത്തിന്റെ ദമയന്തിയെ കണ്ട്‌ ആഹ്ലാദിച്ചേനേ. കാണാനുള്ള ശ്രീയല്ല ഉള്ളിൽ നിന്ന് പ്രസരിക്കുന്ന ചൈതന്യമാണ്‌ ശിവരാമന്റെ സവിശേഷത. നല്ല സാഹിത്യമാണ്‌ നല്ല നായികയെ സൃഷ്ടിച്ചത്‌. ദേവയാനി, സതി തുടങ്ങിയ ഇത്‌ പോലെ വൈകാരിക സങ്കീർണ്ണതകൾ ഉള്ള സ്ത്രീയെ അത്രകണ്ട്‌ ആഴപ്പെടാഞ്ഞത്‌ ആട്ടക്കഥാകാരന്റെ കുഴപ്പമല്ലേ?

1998ലോ മറ്റോ തൃശൂരിൽ സ്ത്രീ നാടക പണിപ്പുര നടന്നപ്പോൾ അദ്ദേഹം പങ്കെടുത്തിരുന്നു. പറ്റാവുന്നത്ര പുസ്തകങ്ങൾ വായിക്കാനും പുരാണകഥകൾ പിന്തുടരാനും ഇതിഹാസാധിഷ്ഠിത നോവലുകൾ വായിക്കാനും ഒക്കെ അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു എന്ന് മനസ്സിലായി. സ്ത്രീമനസ്സ്‌ അറിയാൻ ശ്രമിച്ചിരുന്നു. പുതിയ ലോകത്തിലെ അഭിമാനിയായ സ്ത്രീയായി ഇന്നും അദ്ദേഹത്തിന്റെ ദമയന്തി സീത സൈരന്ധ്രി ഒക്കെ നമ്മുടെ ഉള്ളിൽ ഉണ്ടാവുന്നത്‌ അതാവാം.

ഒരു കലയും ഒരാളെ മാത്രം ഓർത്ത്‌ എടുത്ത്‌ അടച്ച്‌ വെക്കാൻ പറ്റില്ല. ഒരൊഴുക്കാണത്‌.. മിത്തുക്കൾ സ്വപ്നങ്ങൾ നേരും നുണയും കൂടിക്കലർന്നുണ്ടായ മാന്ത്രിക രാത്രി ലോകം. അതാണ്‌ കഥകളിയുടെ ആവിഷ്കാരം ആസ്വാദനം എന്നിവയിലെ ആനന്ദഘടകം. തപസ്സ്‌ കർശനമായ അഭ്യാസം എന്നിവയെ പൂർണ്ണമാക്കുന്ന ഒരു മൗലികതാസ്പർശം. കോട്ടയ്ക്കൽ ശിവരാമൻ ആ ലോകത്ത്‌ ഉണ്ട്‌.

Similar Posts

  • |

    ശിവരാമഭൂമികൾ ഉണ്ടാകുന്നത്

    ശ്രീചിത്രൻ എം ജെ July 24, 2011 ഒരു പൂവിന്റെ നിറം പറയാം. ശാസ്ത്രനാമം പറയാം. ഏതു സസ്യവര്‍ഗ്ഗത്തില്‍ നിന്നുല്‍ഭവിച്ചു എന്നു പറയാം. അങ്ങനെ പലതും പറയാം. ആ പൂവിന്റെ സൗന്ദര്യമെന്ത് എന്നു ചോദിച്ചാലോ?മുന്‍ ചൊന്നവയെപ്പോലെ ഒരുത്തരമുണ്ടാവില്ല. എല്ലാ അറിവുകളും വന്ധ്യമാകുന്ന ഇത്തരം ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു ശിവരാമന്‍. വാഗ്‌ദേവതയ്ക്കു കീഴ്പ്പെടാത്ത, വ്യവച്ഛേദനങ്ങള്‍ക്കു നിന്നുതരാത്ത ലാവണ്യാനുഭൂതികളുടെ വസന്തോല്‍സവമായിരുന്നു ശിവരാമന്‍. ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതത്തെ മുഴുവന്‍ പ്രസ്തരിക്കാന്‍ തന്റെ സൗന്ദര്യബോധമൊന്നാകെ അരങ്ങില്‍ ധൂര്‍ത്തടിച്ചവന്‍. ഇതളുകള്‍ അടര്‍ത്തിനോക്കിയാല്‍ പലയിടത്തും…

  • തസ്മൈ ശ്രീ ഗുരവേ നമഃ

    ഡോ. സദനം കെ. ഹരികുമാരൻ July 29, 2012 കീഴ്പ്പടം കുമാരൻ നായരാശാനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്? എഴുതേണ്ടി വരുമ്പോൾ എഴുതേണ്ട ആളെക്കുറിച്ച് അറിയേണ്ടി വരുന്നു. അറിയുക എന്നാൽ ആയിത്തീരുക എന്നാണ് അർത്ഥം കല്പിക്കുന്നതെങ്കിൽ ഞാൻ ഇതിനു തുനിയുന്നത് മൌഢ്യമായിരിക്കും. അനുസ്മരണത്തിനു വേണ്ടി മാത്രമാണെങ്കിൽ ചില ശ്ലഥമായ ഓർമ്മകളെ ഇവിടെ അനാവരണം ചെയ്യാമെന്ന് മാത്രം. പൂച്ചയുടേതു പോലെ മാർദ്ദവമേറിയ പാദങ്ങളായിരുന്നു ആശാന്റേത്. അതിൽ നിറച്ച് ഊർജ്ജമുണ്ടായിരുന്നു. ആശാന്റെ കാൽ‌ചുവട്ടിൽ ഉഴിച്ചിലിന് കിടക്കുമ്പോൾ അനുഭവിക്കുന്നത് വേദനായിരുന്നില്ല. സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും നിറവ്…

  • കലാമണ്ഡലം ഹൈദരാലി എന്ന ഗവേഷകന്‍

    രാജശേഖര്‍ പി. വൈക്കം January 4, 2013  കലാലോകത്തിനെന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്‌  കലാമണ്ഡലം ഹൈദരാലിയുടെ വിയോഗം. ഒരു ഗായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ  കഴിവ്‌ എന്തായിരുന്നുവെന്ന്‌  ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ പാട്ട്‌ കേട്ടിട്ടുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷെ തന്‍റെ മറ്റുപല സിദ്ധികളും പുറം ലോകമറിയും മുന്പ്‌ അദ്ദേഹം യാത്രപറഞ്ഞു. കിട്ടേണ്ടിയിരുന്ന പലേ ബഹുമതികളും വേണ്ടന്നു വച്ച്‌ ആ പ്രതിഭാശാലി  നടന്നകന്നു. ഉന്നത കലാകാരന്മാര്‍ നല്ല ഗവേഷകരാകുന്നത് അപൂര്‍വ്വമാണ്‌. വരും തലമുറക്കുവേണ്ടി കഥകളി സംഗീതത്തെ ക്കുറിച്ച്‌ ഒരു ഉത്തമ ഗ്രന്ഥത്തിന്റെ രചന…

  • പാതിമുദ്ര

    രവി കവനാട് July 8, 2011 ആടിക്കാറ്റിന്‍റെ താളത്തില്‍കലാശംവച്ചു കാലവുംകൂടുവിട്ടു പറന്നേപോയ്‌മിനുക്കിന്‍ ശിവപക്ഷിയും മനയോല മിഴിത്തുമ്പുതുടയ്ക്കുന്നുണ്ടു മൂകമായ്മൊഴിമുട്ടി വിതുമ്പുന്നുമിഴിവിന്‍റെ ചിലങ്കകള്‍ ഭാവപൂര്‍ണ്ണിമയുള്‍ക്കൊണ്ടപാതിമുദ്ര നിലയ്ക്കവേവിജനേബത യെന്നെങ്ങുംനളവിഹ്വലവീചികള്‍ കലതന്‍ വസ്ത്രമാണിന്നുകൊണ്ടുപോയതു പത്രികള്‍കാണികള്‍ക്കു തിരുത്തീടാ-നാവുമോ കഥയല്‍പവും രുക്മാംഗദനകക്കാമ്പി-ലുണ്ടാകില്ലിനി മോഹിനിസുഖമോദേവി എന്നാരോ –ടിനിചൊല്ലുമരങ്ങുകള്‍ തെക്കോട്ടേയ്ക്കു പുറപ്പെട്ടവണ്ടി കൈകാട്ടിനിര്‍ത്തിയുംഒരുസീറ്റിനു കെഞ്ചുന്നു –ണ്ടാവാം ഉര്‍വ്വശിരംഭമാര്‍. നക്ഷത്രക്കണ്ണുകള്‍പ്പൂട്ടിനിദ്രതേടുന്നു കൈരളിഇനിയൊന്നുണരാനെത്രയുഗം നാം കാത്തിരിയ്ക്കണം

  • നീണ്ടനാളത്തെ ദേശാടനത്താവളങ്ങൾ

    ശ്രീവല്‍സന്‍ തീയ്യാടി July 2, 2016 ഓർമകൾക്കൊരു കാറ്റോട്ടം – 19 അര നാഴികയോളം ദൂരമുണ്ട് ആശാൻറെ വീട്ടിലേക്ക്. പുതുതായി കിട്ടിയ സൈക്കിളിലാണ് കലാമണ്ഡലം കേശവപ്പൊതുവാളുടെ ചെണ്ടക്കളരിയിലേക്ക് പോവുക. വെളുപ്പിന് അഞ്ചര മണിക്ക്. മൂന്നുനാലാള് വേറെയുമുണ്ട് കൊട്ടു പഠിക്കാൻ. തൃപ്പൂണിത്തുറതന്നെ കോട്ടയ്ക്കകത്തെ പല വീടുകളിൽനിന്ന്. ഒരാൾ അമ്മാവൻ. കൊച്ചിൻ റിഫൈനറിയിൽ അക്കാലത്തുമാത്രം ജോലിയായി കൊച്ചിനാട്ടിൽ വന്നെത്തിയത്. ആളുടെ സ്വദേശം തൃശ്ശൂരിനു ലേശം വടക്ക്. മുളംകുന്നത്തുകാവ് തീയ്യാടി രാമൻ. പിന്നെ രണ്ടുമൂന്നു പേര് എന്നെക്കാൾ ലേശം പ്രായം കുറഞ്ഞവർ….

  • ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ – കൃതഹസ്തനായ കഥകളി ഗായകൻ

    പി. രവീന്ദ്രനാഥ് December 7, 2013 കേരളത്തിലെ കലകളുടേയും, സാഹിത്യത്തിന്റേയും പഴയകാല ചരിത്രം പഠിച്ചാൽ അതാതു കാലങ്ങളിൽ, ഓരോ രീതിയിലുള്ള ഗാന സമ്പ്രദായം ഇവിടെ നില നിന്നിരുന്നതായി കാണാൻ കഴിയും. ഇവയിൽ പലതും ദൃശ്യ കലകൾ അവതരിപ്പിക്കുവാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതായിരുന്നു. ഇതിൽ കേരളത്തിന്റെ തനതു കലയായ കഥകളിക്കു വേണ്ടിയുള്ള ഗാന ശാഖയാണ്‌ കഥകളി പാട്ട്. കൈകൊട്ടിക്കളി പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട് എന്നിങ്ങനെ മറ്റു ഗാന ശാഖകളും ഉണ്ട്. ഇപ്പോഴത്തെ സമ്പ്രദായത്തിലുള്ള കർണ്ണാടക സംഗീതത്തിന് പ്രചാരം കിട്ടുന്നതിന് മുമ്പാണ്…

മറുപടി രേഖപ്പെടുത്തുക