|

ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

രവീന്ദ്രൻ പുരുഷോത്തമൻ

January 20, 2013

തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ ഇടയ്ക്കിടെ വന്മഴിയില്‍ പോകുമായിരുന്നു. 6-7കി.മി.ദൂരമേയുള്ളൂ.പുരുഷോത്തമന്‍ പിള്ളയുടെ മകന്‍ എന്ന പരിഗണന തന്നിരുന്നെങ്കിലും നേരത്തെ സൂചിപ്പിച്ചപോലെ അടുത്തിടപെടാനുള്ള സ്വാതന്ത്ര്യം ഞാന്‍ എടുത്തിരുന്നില്ല.ആശാന്‍ എന്റെ അപ്പൂപ്പന്റെ -താഴാവന രാമന്‍ ആശാന്‍- ചിരന്തന സുഹൃത്തായിരുന്നു.അപ്പോള്‍ അകലത്തിന്റെ കാരണം മനസ്സിലായികാണുമല്ലോ.നല്ല ഫലിതക്കാരനായിരുന്നു.ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ആശാന്‍ നിയമസഭാംഗം ആയിരുന്നെങ്കില്‍ ചോദ്യോത്തര വേളയില്‍ തിളങ്ങുമായിരുന്നെന്ന്. ഞാനിത് ഗദാധരനോട്‌ (കൊച്ചുമകന്‍)ഒരിക്കല്‍ സൂചിപ്പിച്ചു.ഞാനീ പറഞ്ഞത് ആശാന്‍ പിന്നീട് അറിഞ്ഞു എന്നെനിക്കുമാനസ്സിലായി.’ചെങ്ങന്നൂരില്‍ അടുത്ത തവണ പുരുഷോത്തമന്‍ പിള്ളയല്ല എന്നെ സ്ഥാനാര്‍ഥിയാക്കാനാണ് മകന്‍ തീരുമാനിച്ചിരിക്കുന്നത്’ എന്നൊരിക്കല്‍ എന്റെ സാന്നിധ്യത്തില്‍ അച്ഛനോട് പറഞ്ഞു. ആശാന്റെ ഫലിതത്തിന്റെ ഒന്ന് രണ്ടു സാമ്പിള്‍. തകഴി കുട്ടന്‍ പിള്ളയുടെ പാട്ടിനെപറ്റി ചോദിച്ചപ്പോള്‍ ആശാന്റെ മറുപടി:” കുട്ടപ്പന്റെ പാട്ടിന് ഒരു ഗുണമുണ്ട്,വെളുക്കുവോളം പാടിയാലും ഒരു രാഗമാണെന്നെ തോന്നൂ” ഒരു ശിഷ്യന്റെ ആട്ടത്തെകുറിച്ചു ചോദിച്ചപ്പോള്‍ “വിതച്ചപ്പോള്‍ ഒരു പറ, കൊയ്തപ്പോഴും ഒരു പറ.” തിരുനെല്ലൂര്‍ കരുണാകരന്‍ യുനിവേഴ്സിറ്റി അധ്യാപകനായിരുന്നപ്പോള്‍ മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമായി ഒരഭിമുഖത്തിന് ആശാനെ ക്ഷണിച്ചു. എം.എ. വിദ്യാര്‍ഥികളല്ലേ, ആശാന്‍ പതറുമോ എന്നൊരു ശങ്ക തിരുനെല്ലൂരിന്‌.അച്ഛന്‍ തിരുനെല്ലൂരിനു ധൈര്യം കൊടുത്തു.”മഹാരാജാവായ ഋതുപര്‍ണനു ഇടത്തരം വേഷം,വിരൂപിയായ തേരാളി ബാഹുകന്‌ ഒന്നാന്തരം, ഇത് ഔചിത്യ പരമാണോ?”ഒരു വിദ്വാന്റെ ചോദ്യമാണ്.ഉരുളക്ക് ഉപ്പേരി പോലിരുന്നു ആശാന്റെ മറുപടി.”അങ്ങനെയെങ്കില്‍ ദിഗ്വസനനായി നിന്നൂ നളന്‍ ദീനനായി,എങ്ങനെയാണ് ഔചിത്യ പൂര്‍വ്വം ആടുന്നത്? തോട്ടം പോറ്റിയുടെ അലര്‍ച്ചയെകുറിച്ച് ആശാന്റെ കമന്റ് :”പോറ്റിയുടെ അലര്‍ച്ചയ്ക്ക് ഒരു തരി കുറവാ.” കഥ ഉത്തരാസ്വയംവരം ആശാന്‍ ദുര്യോധനന്‍, ചവറ പാറുക്കുട്ടി ഭാനുമതി.അച്ഛന്‍ ചോദിച്ചു ഈ പ്രായത്തില്‍ ചെറുപ്പക്കാരിയോടൊപ്പം സംഭോഗശൃംഗാരമാടാന്‍ മടി തോന്നുന്നില്ലേ, ആശാന്റെ മറുപടി: ആദ്യ കാലങ്ങളില്‍ കൂടെ സ്ത്രീവേഷം ചിറ്റപ്പനായിരുന്നു.ദമയന്തി നാണു പിള്ള എന്നറിയപ്പെട്ടിരുന്ന ചെങ്ങന്നൂര്‍ നാണുപിള്ള.80 വര്‍ഷത്തോളം അരങ്ങത്ത് ആശാന്‍ നിറഞ്ഞു നിന്ന്. ആശാന്‍ വീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അശാനെകൊണ്ട് അലറിക്കുമായിരുന്നു.ആശാന്റെ അലര്‍ച്ചയുടെ തനിപകര്‍പ്പായിരുന്നു മടവൂരിന്റെത്.അഞ്ചെട്ടു വര്‍ഷം മുമ്പുവരെ.എന്റെ അമ്മൂമ്മ പറയുമായിരുന്നു-പമ്പയാറ്റിലെ ചില്ലറ വെള്ളമല്ല വാസുദേവന്‍ കുടിച്ചിരിക്കുന്നതെന്ന്‍.

ഒരിക്കല്‍ ചെങ്ങന്നൂര്‍ രാമന്‍ പിള്ളയാശാനോട്  കളിയരങ്ങിന്റെ (സ്റ്റേജ് ) ഉയരത്തെക്കുറിച്ച് ചോദിക്കാന്‍ ഒരസുലഭ സന്ദര്‍ഭം എനിക്ക് ലഭിച്ചു. 1976-ലോ 77-ലോ ആണ്. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആദ്യ രൂപമായ deshabhimani study circle സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളത്ത് വെച്ച് ഒരു സംസ്ഥാന ക്യാമ്പ് നടന്നു. ആശാനാണ് ക്യാമ്പ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ആശാനെ വന്മഴിയില്‍ നിന്ന് (ചെങ്ങന്നൂരിനു സമീപമുള്ള പ്രദേശം. ആശാന്റെ ജന്മ സ്ഥലം)കൂട്ടി കൊണ്ട് പോയതും തിരികെ കൊണ്ട് വിട്ടതും ഞാനായിരുന്നു.എത്ര അകലെയിരുന്ന് കഥകളി കാണണം, അരങ്ങിനു എത്ര ഉയരം ആവാം -ഇതായിരുന്നു എന്റെ സംശയം. സ്വതസിദ്ധമായ പുഞ്ചിരിയോട് ആശാന്‍ പറഞ്ഞത് : അരങ്ങിനു 3 അടിയില്‍ കൂടുതല്‍ പാടില്ല, അകലം 2 ദണ്ഡ് .(ഇപ്പോള്‍ ഇലക്ട്രിക് വെളിച്ചമുള്ളതുകൊണ്ട് 20 അടിയായി നമുക്ക് വകയിരുത്താം. 76-77 കാലഘട്ടം ഇലക്ട്രിക്‌ യുഗം തന്നെ ആയിരുന്നെ!)

ആശാന്റെ കത്തി വേഷം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. മരിക്കുമ്പോള്‍ 98 വയസ്സാണ്. 80 വര്ഷം അരങ്ങത് നിറഞ്ഞു നിന്നു.ഇത്ര നീണ്ട കാലം കഥകളി രംഗത്ത് നില നിന്ന ഒരു കലാകാരന്‍ ഉണ്ടോ എന്ന് സംശയം. രൗദ്രഭീമന്‍,ബലഭദ്രര്‍, തുടങ്ങിയ വേഷങ്ങളും കെട്ടിയിരുന്നതായി കേട്ടിട്ടുണ്ട്. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ കഴിഞ്ഞാല്‍ ആശാന്റെയായിരുന്നു “കോട്ടം തീര്‍ന്ന” ഹംസം. കുഞ്ഞന്‍ പണിക്കരുടെ ഹംസം, പക്ഷി സഹജമായ ഒരുപാട് ചേഷ്ടകള്‍ കാണിക്കുമായിരുന്നത്രേ. കൊക്ക് കൊണ്ട് ചിറകു മിനുക്കുന്ന കൂട്ടത്തില്‍ പേനിനെ കൊത്തിപ്പെറുക്കി തിന്നുന്നതായും മറ്റും. അങ്ങനെയുള്ള ചേഷ്ടകളൊന്നും ആശാന്‍ കാണിക്കുകയില്ല. ഗദാധരന്റെ അമ്മൂമ്മ-ആശാന്റെ മകള്‍-പറയുമായിരുന്നു അച്ഛന്റെ ഹംസം ബ്രാഹ്മണനായിരുന്നെന്ന്.

ആശാന്റെ പ്രസിദ്ധമായ വേഷങ്ങളിൽ ഒന്ന് തെക്കന്‍ രാജസൂയത്തിലെ ജരാസന്ധൻ ആണ്. തന്നെ സമീപിച്ച കപട ബ്രാഹ്മണ വേഷ ധാരികള്‍ ശ്രീകൃഷ്ണനും പാണ്ഡവന്‍മാരുമായിരുന്നെന്ന് മനസ്സിലാവുമ്പോള്‍ കൃഷ്ണനെ നോക്കി പരിഹാസത്തോടെ പുച്ഛിച്ച് ചിരിച്ചുകൊണ്ടുള്ള ഒരലര്‍ച്ചയുണ്ട്. കാണേണ്ടതു തന്നെയെന്നാണ് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുള്ളത്. ആശാന്റെ കീചകനും ചെറിയ നരകാസുരനുമാണ് എനിക്ക് പഥ്യമായിരുന്നത്.വലലന്റെ കരവലയതിലമര്‍ന്ന്‍ ശ്വാസം മുട്ടി മരണമടയുന്ന രംഗം ഒന്ന് കാണേണ്ടതു തന്നെയാണ്. അലര്‍ച്ച നേർത്ത് നേര്‍ത്തു വരും. അവസാനം കോഴികുഞ്ഞു കരയുന്ന പോലിരിക്കും.കരചരണങ്ങളുടെ ചലനവും അത് പോലെയിരുന്നു.

ആശാന്റെ തിരനോക്കിനും ഉണ്ടായിരുന്നു പ്രത്യകത.ഒറ്റക്കാലില്‍ നിന്ന് ഇടതു കൈ കൊണ്ട് തിരശീല അരക്കൊപ്പം ഉയര്‍ത്തിപിടിച് വലതു കൈ കൊണ്ട് വിശറി പോലെ ഉത്തരീയം വീശി ഒരു നില്പുണ്ട്. അതി ഗംഭീരമാണ്. തൊണ്ണൂറ്റെട്ടാം വയസ്സിലും ഒരൊറ്റ പല്ലുപോലും പോയിരുന്നില്ല. നല്ല വെള്ളി പോലെ തിളങ്ങും.പ്രതിഫലം കണക്കു പറഞ്ഞു മേടിക്കാന്‍ ആശാന്‍ വിമുഖനായിരുന്നു. ഉടമസ്ഥന്‍ (നടത്തിപ്പുകാര്‍) കൊടുക്കുന്നത് വാങ്ങിച്ച് മടിയില്‍ വെക്കും. ഉടമസ്ഥന്‍ പറയുന്ന വേഷം കെട്ടാനും ആശാന് മടിയില്ല.ഇന്നയാള്‍ ദുശാസനന്‍ ആണെങ്കില്‍ താന്‍ ദുര്യോധനന്‍ കേട്ടില്ല എന്നൊന്നും ആശാന്‍ പറയില്ല. ഒരിക്കല്‍  ശ്രീ.എം.കെ.കെ.നായര്‍ക്ക് ഒരാഗ്രഹം. പുഷ്ക്കരന്‍ കത്തി ആയാലെന്താ.ആശാന് എതിര്‍പ്പില്ല. കളി കഴിഞ്ഞു എന്റെ അച്ഛന്‍  ചോദിച്ചു,ആശാനെ പുഷ്കരന് കത്തി വേണോ, പച്ച പോരെ?പുരുഷോത്തമന്‍ പിള്ള ശ്രദ്ധിച്ചോ, തിരനോക്കിലല്ലാതെ ഞാനലറിയോ? ആശാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

തിരുവല്ല അമ്പലത്തിലെ ഒരു കളി.ആശാന്റെ അഴക്‌ രാവണന്‍. ആശാന്‍ ഒരു കലാശമെടുത്തപ്പോഴോ മറ്റോ മുന്‍ നിരയില്‍ നിലത്തിരുന്ന ഒരു തലേക്കെട്ടുകാരന്‍ ‘ച്ഛെ’ എന്ന് പറഞ്ഞു.കളി കഴിഞ്ഞു അച്ഛനെ കണ്ടപ്പോള്‍ ആശാന്‍ ചോദിച്ചു മുന്നിലിരുന്ന തലേക്കെട്ടുകാരന്‍ ആരാണെന്ന്. തിരുവല്ല ചന്തയിലെ ഒരു വെറ്റില കച്ചവടക്കാരനാ, ഐസക്ക് മാപ്പള, അച്ഛന്‍ പറഞ്ഞു. “കിടതിംതാം എടുത്തപ്പോള്‍ ഒരക്ഷരം ഞാന്‍ വിട്ടുപോയി-” കൂട്ട് വേഷക്കാരെ മാത്രമല്ല അരങ്ങിലുള്ളവരും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുമായിരുന്നു.അവര്‍ ഏതു പ്രകൃതത്തിലുള്ളവര്‍ ആണെങ്കിലും അവരുടെ അഭിപ്രായത്തെ അദ്ദേഹം മാനിക്കുമായിരുന്നു. ആശാന്റെ ഗുരുക്കന്മാരില്‍ ഒരാളായിരുന്നു തകഴി കേശവ പണിക്കര്‍. ഭീമന്‍ കേശവ പണിക്കര്‍, ആശാരി കേശവ പണിക്കര്‍ എന്നൊക്കെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പണിക്കരുടെ അന്ത്യദശ, രാമന്‍ പിള്ള ആശാനോടൊത്തായിരുന്നു. ഗുരുവിന്റെ അന്ത്യം വരെ ആ വത്സല ശിഷ്യന്‍ തികച്ചും ആത്മാര്‍ഥതയോടെ ശുശ്രൂഷിച്ചു. ആട്ടക്കാരനൊന്നുമായിരുന്നില്ലെങ്കിലും ആശാനെ കുറിച്ച് പറയുമ്പോള്‍ എന്റെ അച്ഛനു അനന്തന്റെ നാവാണ്. ഒരിക്കല്‍ ആശാനോട് ആരോ ചോദിച്ചു “നമ്മുടെ എം.എല്‍.എ. ഒരു കഥകളി ഭ്രാന്തനാണല്ലേ” എന്ന്. ഭ്രാന്തൊന്നുമില്ല, നല്ല കളി കാണുന്നത് പുരുഷോത്തമന്‍ പിള്ളക്ക് ഇഷ്ടമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃഷ്ണന്‍ നായരുടെ ആട്ടത്തെകുറിച്ച് ആരാഞ്ഞ സുഹൃത്തിനോട്‌ അച്ഛന്‍ പറഞ്ഞ മറുപടി’ ഞാന്‍ കൃഷ്ണ ഭക്തനല്ല, രാമഭാക്തനാണ്’ എന്നായിരുന്നു. ആശാന്റെ മരണ ശേഷം ദേശാഭിമാനി വാരികയില്‍ ” എന്റെ രാമന്‍ പിള്ളയാശാന്‍”എന്നൊരു ലേഖനം അച്ഛന്‍ എഴുതിയിരുന്നു. ഉജ്ജ്വല ലേഖനമായിരുന്നു അത്.

Similar Posts

  • ഒരു കഥകളി യാത്രയുടെ ഓർമ്മ

    ഓർമ്മയിലെ കളി അരങ്ങുകൾ – ഭാഗം 2 വി. പി. നാരായണൻ നമ്പൂതിരി June 28, 2012  വർഷം 1975-76. കളി കണ്ട ഓർമ്മയല്ല. കളി കാണാൻ ഉള്ള യാത്രയാണ്‌ ഓർമ്മയിൽ. വൈക്കത്ത്‌ അടുത്ത്‌ വെള്ളൂർ (കേരള ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം) എന്ന സ്ഥലത്തോട്‌ ചേർന്ന്‌ തോന്നല്ലുർ എന്നൊരു ഗ്രാമം. അവിടെ ആക്യക്കാവ്‌ എന്ന ക്ഷേത്രത്തിൽ കളിയുണ്ട്‌ എന്ന്‌ കേട്ട്‌ ഒരു സുഹൃത്തിനോടൊപ്പം യാത്ര തുടങ്ങി. എന്റെ സ്ഥലത്ത്‌ നിന്നും ഏതാണ്ട്‌ 15-16…

  • എങ്ങിനെ ഞാൻ ഒരു കഥകളി ഭ്രാന്തനായി ?

    കളിയരങ്ങുകളുടെ മുന്നില്‍ – 1 രാമദാസ്‌ എൻ. June 25, 2012  (കഥകളി.ഇന്‍ഫോയില്‍ ശ്രീ രാമദാസ്‌ എന്‍. എഴുതിയ കളിയനുഭവങ്ങളുടെ ഒരു പുതിയ പരമ്പര ആരംഭിക്കുന്നു.) കഥകളിയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരു കളിക്കമ്പക്കാരനായി ജീവിക്കാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യം. അങ്ങനെ ഒരു കളിഭ്രാന്തനാകാന്‍ ഇടയാക്കിയ ഒരു അരങ്ങിനെ അനുസ്മരിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ. ചേര്‍ത്തല മരുത്തോര്‍വട്ടം ക്ഷേത്രത്തിനടുത്ത്‌ ജനിച്ചു വളര്‍ന്ന എനിക്ക്‌ കുട്ടിക്കാലത്ത്‌ കുറെ കളിയരങ്ങുകള്‍ക്ക്‌ മുന്നില്‍ ഇരുന്നും കിടന്നുറങ്ങിയും ഉള്ള പരിചയം ഉണ്ട്‌. പള്ളിപ്പുറം ഗോപാലന്‍ നായര്‍, മാങ്കുളം വിഷ്ണു…

  • “ആരാ, യീ സോമനാ? “

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം മൂന്ന് ശ്രീവല്‍സന്‍ തീയ്യാടി July 1, 2012  തോളോട്‌ തോള്‍ ചേര്‍ന്നാണവര്‍ നില്‍ക്കുന്നത്‌. കെട്ടിപ്പിടിച്ചും ചിരിച്ചും ആണ്‌ ക്യാമറയിലേക്ക്‌ നോക്കുന്നത്‌. കലാമണ്ഡലം ഗോപിയും മോഹന്‍ലാലും. അന്നത്തെ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിലെ ഒന്നാം പേജ്‌ ഫീച്ചര്‍ ആണ്‌. 2008 ജൂണ്‍ 15. വേറെയുമുണ്ട്‌ കളര്‍ ഫോട്ടോകള്‍. വള്ളുവനാട്ടിലെ ഒറ്റപ്പാലത്തിനടുത്തുള്ള വരിക്കാശ്ശേരി മനയില്‍ നടക്കുന്ന മറ്റൊരു പടത്തിന്റെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ്‌. അവിടെ സംഗമിച്ചതാണ്‌ ഈ രണ്ടു താരങ്ങള്‍. കഥകളിയാചാര്യനും സിനിമാനടനും പരസ്പരമുള്ള ബഹുമാനവും ആരാധനയും ലേഖനത്തില്‍…

  • |

    മദലുളിതം മൃദുലളിതം ഗുണമിളിതം

    പി.ജി. പുരുഷോത്തമൻ പിള്ള June 20, 2014 (പി.ജി. പുരുഷോത്തമൻ പിള്ള -പുരോഗമന രാഷ്ട്രീയ പ്രവർത്തകനും, പത്രാധിപരും, മുൻ എം.എൽ.എ.യുമായ ശ്രീ. പി.ജി. പുരുഷോത്തമൻ പിള്ള ഒന്നാംതരം കഥകളി പ്രേമിയും നല്ല നർമ്മരസികനും സരസനായ ലേഖകനുമാണ്. നളചരിതത്തിലെ ഹംസത്തെ മുൻനിർത്തിയുള്ള ചില നിരീക്ഷണങ്ങളാണ്  ഈ ലേഖനത്തിൽ അവതരിപ്പിക്കുന്നത്.) കഥകളിക്ക്  ഇന്ന്  ശുക്രദശയാണ്‌.  ഹാസ്യ സമ്രാട്ടായ കുഞ്ചൻ നമ്പ്യാർ ചുട്ടിച്ചിരട്ടയും മുരിക്കിൻ പെട്ടിയുമായി വീടു തോറും കയറി ഇറങ്ങുന്ന കഥകളിക്കാരെ പരിഹസിച്ചിട്ടുണ്ട്. ഫലിതാഗ്രണിയായ ഇ.വി. കൃഷ്ണപിള്ളയും “അർശോരോഗിയുടെ ചുണ്ടുള്ള”…

  • വാങ്മനസാതിവിദൂരൻ

    ഹേമാമോദസമാ – ഭാഗം രണ്ട് ഡോ. ഏവൂര്‍ മോഹന്‍‌ദാസ് June 20, 2012 നമുക്ക്‌ നളചരിതത്തിലെ പ്രേമത്താമരയിലേക്ക്‌ തിരിച്ചുപോകാം. ഈ അനുരാഗകഥയിലെ നായകനായ നളന്‍ ആരായിരുന്നു ? ‘നളചരിതം’ പുറപ്പാട്‌ പദത്തില്‍ നളനെ അവതരിപ്പിക്കുന്നത്‌ ‘ആസീല്‍ പുരാ പരമപാവനകീര്‍ത്തിഭൂമാനാകോപമേ നിഷധനിവൃതി നീതിശാലീരാജോ രതീശസുഭഗോ ജഗദേകവീരഃശ്രീ വീരസേനതനയോ നളനാമധേയഃ’ (സകലരേയും പരിശുദ്ധരാക്കുന്ന കീര്‍ത്ത്യതിശയമുള്ളവനും നീതിമാനും കാമദേവനെപ്പോലെ സുന്ദരനും ലോകത്തിലെ മികച്ച വീരനുമായി വീരസേനന്റെ പുത്രനായി നളന്‍ എന്നു പേരുള്ള ഒരു രാജാവ്‌ പണ്ട്‌ സ്വര്‍ഗ്ഗത്തിനൊത്ത നിഷധരാജ്യം വാണിരുന്നു) എന്നാണ്‌….

  • |

    കറുത്തമ്മ 

    സദു ഏങ്ങൂര്‍ June 17, 2012 കഥകളിയെ സാധാരണ ജനങ്ങളിലേക്ക് എന്ന് ദൌത്യവുമായി കഴിഞ്ഞ ആറുവർഷമായി പ്രവർത്തിക്കുന്ന “കളിമണ്ഡലം തൃപ്രയാർ” സ്കൂൾ തലത്തിൽ നിന്ന് തന്നെ ആണ് പ്രവർത്തനം ആരംഭിച്ചത്. മുൻപ് തിരനോട്ടം ദുബായുടെ പ്രവർത്തകനായതിനാൽ അതിലൂടെയുള്ള അനുഭവസമ്പത്ത് സഹായകരമായി. തൃപ്രയാർ കേന്ദ്രീകരിച്ച് മണപ്പുറത്തെ സ്കൂൾ കുട്ടികൾക്കായി വർഷം തോറും കഥകളി ശില്പശാല നടത്തുന്നുണ്ട്. കൂട്ടത്തിൽ നമ്മുടെ പൈതൃക കലകളെ മാറിമാറി ഓരോവർഷവും, കൂടിയാട്ടം, മുടിയേറ്റ് എന്നിങ്ങനെ, പരിചയപ്പെടുത്തുന്നു. എന്നാൽ ഇന്നത്തെ സാധാരണ ജനങ്ങളും നമ്മുടെ തനതായ…

മറുപടി രേഖപ്പെടുത്തുക