അശ്വതിതിരുനാളിന്റെ ആട്ടക്കഥാസാഹിത്യം

ശ്രീകൃഷ്ണൻ എ. ആർ.

June 17, 2013

ആട്ടക്കഥാസാഹിത്യം പൊതുവേ പിൻതുടരുന്ന ഒരു രചനാശൈലിയുണ്ട് – സാഹിത്യചമൽകാരത്തിന് വലിയ സ്ഥാനം നൽകാതെ അഭിനയത്തിനുള്ള വാചികതന്തു ആയിരിയ്ക്കുക  എന്ന നില. ഈ നിലയിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ രംഗവിജയം നേടിയ കഥകൾ ധാരാളം; ഇതിൽ നിന്ന് വ്യത്യസ്തമായി സാഹിത്യമെന്ന നിലയിൽ തന്നെ ആസ്വാദ്യമാവുകയും ആ ആസ്വാദ്യതകൊണ്ട് രംഗവിജയത്തിന് കൂടുതൽ ദീപ്തി കൈവരിയ്ക്കുകയും ചെയ്ത കുറച്ചു രചനകളുമുണ്ട്.  ഈ രണ്ടു വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ അശ്വതിതിരുനാളിന്റെ ആട്ടക്കഥകളെ ഉൾപ്പെടുത്തുന്നത് അപൂർണ്ണവും അതിലളിതവുമായ ഒരു വിലയിരുത്തലാകും; അതുകൊണ്ട് ഇവിടെ സൂചിപ്പിച്ച വർഗീകരണത്തിന്റെ ബാധ്യതകൾ തൽക്കാലം മാറ്റി നിറുത്തി, അശ്വതിക്കഥകളെ സ്വതന്ത്രമായി കാണാൻ ശ്രമിയ്ക്കാം.

പൂതനാമോക്ഷം, രുക്മിണീസ്വയംവരം, പൗണ്ഡ്രകവധം, അംബരീഷചരിതം എന്നിവയാണല്ലോ അശ്വതിതിരുനാളിന്റെ കഥകളിരചനകൾ. ഇതിവൃത്തസ്വഭാവത്തിലുള്ള സമാനതകൾ വ്യക്തം- നാലും ഭാഗവതകഥകൾ, അതിൽ തന്നെ മൂന്നും കൃഷ്ണാവതാരകഥകൾ. ഇതിവൃത്തത്തിൽ ഭാഗവതത്തിൽ നിന്ന് കാര്യമായ വ്യതിയാനമൊന്നും സ്വീകരിച്ചിട്ടില്ല എന്നതുകൊണ്ട് രചനാശൈലിയെപ്പറ്റിയുള്ള ചർച്ചയിൽ ആ ഘടകം അധികം വിശകലനം ചെയ്യേണ്ടതില്ല. പുതിയ ആശയമോ തികച്ചും പുതിയ കഥാസന്ദർഭങ്ങളോ അവതരിപ്പിയ്ക്കാൻ കവി ഉദ്യമിച്ചിട്ടില്ല. എങ്കിലും ഭാഗവതബാഹ്യമായ യവനയുദ്ധം അംബരീഷകഥയിൽ ഉൾക്കൊള്ളിച്ചു എന്നതു ശ്രദ്ധേയമാണ്. വിദേശീയരോടുള്ള ‘പദ്മനാഭദാസ’ന്റെ വിരോധമായിരിയ്ക്കാം ഈ രംഗത്തിന്റെ പ്രചോദനം.

പദങ്ങൾ പൊതുവേ കാവ്യസൗന്ദര്യത്തിനു സ്ഥാനമില്ലാത്ത ഋജുവായ ഭാഷണമോ ആത്മഗതമോ ആയിരിയ്ക്കെ, ശ്ലോകങ്ങളെ കൂടുതൽ കാവ്യാത്മകമാക്കുക എന്നൊരു രീതി പല ആട്ടക്കഥകളിലും സ്പഷ്ടമായി കാണാമല്ലോ. (ഈ വിവേചനത്തിനുള്ള കാരണങ്ങൾ പ്രത്യേകം വിശകലനം ചെയ്യപ്പെടാവുന്നതാണ്) ഈയൊരു സമീപനം അശ്വതിതിരുനാളിന്റെ രംഗകാവ്യങ്ങളിലും കാണാം – അതുകൊണ്ട് സാഹിത്യശൈലിയെപ്പറ്റിയുള്ള അവലോകനത്തിൽ പദങ്ങളേയും ശ്ലോകങ്ങളേയും വേർതിരിച്ച് പഠിയ്ക്കേണ്ടതുണ്ട്.

പദങ്ങളുടെ ശൈലി

പദങ്ങളുടെ പ്രധാനധർമ്മം അഭിനയത്തെ നയിയ്ക്കുക എന്നതാണല്ലോ – അതുകൊണ്ടു തന്നെ സാഹിത്യം അത്രതന്നെ പ്രാധാന്യമില്ലാത്ത ഘടകമാകുന്നു, രംഗഭാഷണത്തിൽ. അശ്വതിതിരുനാളിന്റെ ആട്ടക്കഥകളിൽ പദങ്ങൾ പൊതുവേ ധ്വന്യാത്മകത, അർത്ഥാലങ്കാരം തുടങ്ങിയവ നൽകുന്ന സാഹിത്യചമത്കാരം ഇല്ലാത്തവയാണ്. അർത്ഥക്ലിഷ്ടതയോ ഗൂഢതയോ ഇല്ലാത്ത, ‘നടസൗഹൃദം’ (ഇങ്ങിനെയൊരു വാക്ക് നിർദേശിയ്ക്കട്ടെ !) പുലർത്തുന്ന വരികൾ.  അനുപ്രാസം കൊണ്ടുള്ള ശബ്ദസൗന്ദര്യം പൊതുവേ ഉണ്ട്; എന്നാൽ വാക്കുകൾ സൂചിപ്പിയ്ക്കുന്നതിനതീതമായ ഒരു അർത്ഥതലമോ ഭാവതലമോ അധികം പദങ്ങളിലും ഇല്ല. “ചേദിമഹീപതി ആദികളായുള്ള മേദിനീപാലന്മാരെ മേദുരബാണങ്ങളെക്കൊണ്ടു സംസദി ഭേദിച്ചുടൻ സമരേ മോദമോടു നിന്നെ കൊണ്ടുപോം മുകുന്ദൻ” (രുക്മിണീസ്വയംവരം) എന്ന മട്ടിലുള്ള ലളിതമായ, അനലങ്കാരമായ അർത്ഥപ്രതിപാദനം.

അശ്വതിതിരുനാളിന്റെ ആട്ടക്കഥകളിൽ പദങ്ങൾ പൊതുവേ ധ്വന്യാത്മകത, അർത്ഥാലങ്കാരം തുടങ്ങിയവ നൽകുന്ന സാഹിത്യചമത്കാരം ഇല്ലാത്തവയാണ്.

പൂതനാമോക്ഷത്തിലെ ലളിതയുടെ അമ്പാടിഗുണവർണ്ണനവും തുടർന്നുള്ള നന്ദകുമാരവർണ്ണനവും, പക്ഷേ, ഇപ്പറഞ്ഞ പൊതുസ്വഭാവത്തിൽ നിന്നു വിഭിന്നമാണ്.  ഈ പദങ്ങളിൽ കവി തിരഞ്ഞെടുത്തിട്ടുള്ള വർണ്ണ്യവിഷയങ്ങൾ, അവയുടെ അവതരണശില്പം എന്നിവ ശബ്ദഭംഗിയും ഭാവഭംഗിയും നിറഞ്ഞ സാഹിത്യസൗഭഗത്തിന് ഉദാഹരണമായി കാണിയ്ക്കാവുന്നതാണ്. “എത്രയും നികടവർത്തി മത്തശിഖിനൃത്തമാർന്ന ഗോവർദ്ധനഗിരി”യും, “ദധിബിന്ദുപരിമള”വും, “ഹിമജലം കൊണ്ടു പുർണ്ണമാം അംബുജം” പോലെ കണ്ണീർകൊണ്ടു കലുഷമായ വദനവുമൊക്കെ കവി വളരെ ശ്രദ്ധാപൂർവം ആവിഷ്കരിച്ചിരിയ്ക്കുന്ന കാവ്യവർണ്ണനകളാണ്. ഈ വരികളിൽ നാട്യസൗന്ദര്യത്തെ കൂടുതൽ ഊർജ്ജിതമാക്കുന്ന പദഭംഗിയുണ്ട്, നാട്യമില്ലാതെത്തന്നെ ആസ്വദിയ്ക്കവുന്ന സാഹിത്യസൗന്ദര്യവുമുണ്ട്. പൂതനാമോക്ഷത്തിൽ ഈ രംഗം മാത്രം കൂടുതൽ പ്രചാരം നേടാനിടയായതിനുള്ള കാരണങ്ങളിലൊന്ന് ഈ സാഹിത്യസുഭഗതയായിരിയ്ക്കാം.  ഇതിനു തൊട്ടുമുൻപുള്ള, രംഗപ്രചാരമില്ലാത്ത പൂതന (പെൺകരി)യുടെ പദവും മറ്റൊരു നിലയിൽ ശ്രദ്ധേയമാണ് – ഈ രാക്ഷസി കാണുന്ന കാഴ്ചകളും (പെരുമ്പാമ്പിന്റെ വായിൽ പെടുന്ന ആനകൾ കൊമ്പുകൊണ്ടു പാമ്പിനെ പിളർന്നു പുറത്തുവരുന്നതും മറ്റുമായ ഭീകരദൃശ്യങ്ങൾ) അവൾ ‘ലളിത’യാകുമ്പോൾ ആസ്വദിയ്ക്കുന്ന മോഹനദൃശ്യങ്ങളും തമ്മിലുള്ള സംഭേദം – തുടർച്ചയായുള്ള ഈ രംഗങ്ങൾ രണ്ടും അവതരിപ്പിച്ചാൽ നല്ല നാട്യാനുഭവമാകുമെന്നു തോന്നുന്നു, ലളിത മാത്രമേ പതിവുള്ളൂ എങ്കിലും. (പൂതനയേയും ലളിതയേയും അവതരിപ്പിയ്ക്കുന്ന ശ്ലോകങ്ങളുടെ സ്വഭാവത്തിലും ഈ ഭീകരസൗമ്യഭേദം വ്യക്തമായി കാണാം – രണ്ടാമത്തേത് മലയാളമായതുകൊണ്ടു വിശേഷിച്ചും).

രംഗപ്രചാരം കുറവോ തീരെ ഇല്ലാത്തതോ ആയ ചില രംഗങ്ങളിൽ (പൗണ്ഡ്രകവധത്തിലടക്കം) മുൻപു പരാമർശിച്ച ലളിതശൈലിയിൽനിന്നു കുറച്ചു വിഭിന്നമായ, അലങ്കാരനിബിഡമായ ചില പദങ്ങൾ കാണാം. പൂതനാമോക്ഷത്തിലെ വസുദേവരുടെ ശൃംഗാരപ്പദം ഒരു ഉദാഹരണം.  പൗണ്ഡ്രകവധത്തിലെ,

“മിത്രപദവീഗതവിചിത്രമണികൂടനായ്
എത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ
വേലാവിലംഘിമദലോലമായ് വാഴുന്നു
നീലാചലാഭമിഭജാലമൊരു ഭാഗേ”

എന്നു തുടങ്ങുന്ന ദിവിദന്റെ പദം മറ്റൊരു ഉദാഹരണം.

ശ്ലോകസാഹിത്യം

ആട്ടക്കഥാകൃത്തുകൾ കവിധർമ്മപരമായ സ്വാതന്ത്ര്യം കൂടുതൽ അനുഭവിയ്ക്കുന്നത് ശ്ലോകരചനയിലാണ്. ഭാഷാപാണ്ഡിത്യം അനിവാര്യമല്ലാത്ത നടന് എളുപ്പത്തിൽ മനസ്സിലാക്കാനും, സ്വയം അനുഭവിയ്ക്കാനും പറ്റുന്ന തരത്തിലായിരിയ്ക്കണം അഭിനയത്തിനുള്ള പദങ്ങളുടെ രചന. അഭിനയിയ്ക്കപ്പെടേണ്ടാത്ത ശ്ലോകങ്ങൾക്ക് ഈയൊരു നിബന്ധനയില്ലല്ലോ – “കല്പദ്രുകല്പദ്രുപദേന്ദ്ര..”  എന്നും “വാന്താമൃതാ വാങ്മയകൗമുദീയം” എന്നുമൊക്കെയുള്ള പ്രയോഗങ്ങളുടെ കാവ്യഗാംഭീര്യം നടൻ അനുഭവിയ്ക്കുന്നില്ലെങ്കിലും അത് അഭിനയത്തെ ബാധിയ്ക്കില്ല; സാഹിത്യാസ്വാദകർക്ക് അതൊക്കെ ആഹ്ലാദകരമായിരിയ്ക്കുകയും ചെയ്യും. ശ്ലോകങ്ങൾ അധികവും സംസ്കൃതമാകാനുള്ള കാരണവും ഈ ന്യായത്തിൽ നിന്നുതന്നെ വരുന്നതായിരിയ്ക്കണം.  കവിത്വത്തെ കൂടുതൽ സ്പഷ്ടമാക്കാൻ ശ്ലോകങ്ങളെ വിനിയോഗിയ്ക്കുക എന്ന ഈ നടനകഥാശൈലി  അശ്വതിതിരുനാളും അനുവർത്തിയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്ലോകങ്ങളധികവും സംസ്കൃതത്തിലാണ് (ഇവിടേയും “കന്നൽകണ്ണികൾ മൗലിരത്നകലികാരൂപം” ധരിച്ച പൂതന വ്യത്യസ്തയായി നിൽക്കുന്നു, മണിപ്രവാളത്തിൽ).

സ്വയംവരദിനത്തിൽ പാർവതീക്ഷേത്രത്തിൽ നിന്നിറങ്ങുന്ന രുക്മിണിയെ കവി വർണ്ണിയ്ക്കുന്നത് അതിദീർഘങ്ങളായ ചില സമസ്തപദങ്ങളിലൂടെയാണ്.

അലങ്കാരവിമുഖമായ പദരചനയിൽ നിന്ന് അശ്വതിശ്ലോകങ്ങളെ വ്യത്യസ്തമാക്കുന്ന കാവ്യാലങ്കാരസുഭഗതയ്ക്ക് ഉദാഹരണങ്ങൾ ധാരാളമുണ്ട്.   “മധ്യേവാരിധി ബാഡവാനലശിഖാമാലാമിവാലോകിതാം” (രുക്മിണീസ്വയംവരം) – സ്വർണ്ണവർണ്ണയായ ദ്വാരക അകലെനിന്ന് സമുദ്രമധ്യത്തിൽ കാണപ്പെടുന്നതാണ് ഇവിടെ വർണ്യവിഷയം: ബാഡവാഗ്നിയുടെ ജ്വാലാമാലകൾ പോലെ കാണപ്പെടുന്ന ദ്വാരക എന്നാണ് വർണ്ണന. ഈയൊരു സമസ്തപദത്തിൽ കവി നഗരമാളികകളുടെ ഔന്നത്യവും, സ്വർണ്ണമയതയും, തേജസ്സും, സമുദ്രമധ്യസ്ഥിതിയും സുന്ദരമായി സമാഹരിച്ചിരിയ്ക്കുന്നു.  “സ്വൈരം കൈരവബന്ധുബന്ധുരകരശ്രേണീകൃപാണീലതാ-ലൂനപ്രൗശഢതമസ്തമാലഗഹനേ” എന്നാരംഭിയ്ക്കുന്ന രൈവതപർവതവർണ്ണന (പൗണ്ഡ്രകവധം) ശ്ലോകങ്ങളിൽ അശ്വതിതിരുനാൾ വിന്യസിയ്ക്കുന്ന കാവ്യസൗന്ദര്യത്തിന്റെ ഗാംഭീര്യത്തിനു മറ്റൊരു ഉദാഹരണമാണ്.

‘പൂതനാമോക്ഷ’ത്തിലെ ചില ശ്ലോകങ്ങൾ മേല്പുത്തൂരിന്റെ ‘നാരായണീയ’ത്തിന്റെ സ്പഷ്ടമായ സ്വാധീനം കാണിയ്ക്കുന്നുണ്ട്.

രുക്മിണിയും കൃത്യകയും സുദർശനവും

കൗതുകകരമായ വ്യത്യസ്തതകളുള്ള ചില അശ്വതിശ്ലോകങ്ങൾ ശ്രദ്ധിയ്ക്കാം. സ്വയംവരദിനത്തിൽ പാർവതീക്ഷേത്രത്തിൽ നിന്നിറങ്ങുന്ന രുക്മിണിയെ കവി വർണ്ണിയ്ക്കുന്നത് അതിദീർഘങ്ങളായ ചില സമസ്തപദങ്ങളിലൂടെയാണ്: “കർണ്ണാലങ്കാരഹീരാങ്കുരരുചിരരുചിപ്രോല്ലസദ്വക്ത്രപത്മാ…” എന്നിങ്ങനെ. സാധാരണ വീരരൗദ്രഭാവങ്ങൾക്കു പ്രാമുഖ്യമുള്ള രൂപവർണ്ണനകൾക്കാണ് ഇങ്ങിനെ ദീർഘമായ സമസ്തപദങ്ങൾ ഉപയോഗിയ്ക്കുക – കഥകളിയിൽ നിന്നുതന്നെയുള്ള ഉദാഹരണങ്ങൾ: “തത്കാലോദ്യത്പ്രകോപ..” എന്നുതുടങ്ങുന്ന വീരഭദ്രവർണ്ണന (ദക്ഷയാഗം),   “കല്പാന്തകാലോൽക്കടപവനലുഠത്….” എന്നൊക്കെ നീളുന്ന യുദ്ധോത്സുകനായ അർജ്ജുനന്റെ വർണ്ണന (ഉത്തരാസ്വയംവരം), “കല്പാക്ഷേപാതിരൂക്ഷക്ഷുഭിത്ഘനഘടാനിഷ്ഠുരാഘാത- ഭൂതധ്വാനസ്പർദ്ധ്യട്ടഹാസപ്രകടിതനിജദോർദണ്ഡചണ്ഡപ്രതാപ:*” -അശ്വതിയുടെ തന്നെ ജരാസന്ധൻ (രുക്മിണീസ്വയംവരം).

* കല്പാന്തത്തിൽ അതിഘോരമായി ക്ഷോഭിച്ച മേഘമാലകളുടെ സംഘട്ടനം കൊണ്ടുണ്ടാകുന്ന ഇടിമുഴക്കത്തോടെതിരിടുന്ന അട്ടഹാസത്തിലൂടെ തന്റെ ഭയങ്കരമായ കൈക്കരുത്തിനെ കാണിയ്ക്കുന്നവൻ.

ഇവിടെ രുക്മിണീചിത്രണത്തിൽ കവി തികച്ചും വ്യത്യസ്തമായ ഒരു സൗന്ദര്യവർണ്ണനയാണ് സമസ്തപദങ്ങളിലൂടെ സാധിയ്ക്കുന്നത്. ഇതിനു വിപരീതമായ രൗദ്രപ്രധാനയായ, ഭീകരസ്വരൂപിണിയായ കൃത്യകയെ (അംബരീഷചരിതം) അവതരിപ്പിയ്ക്കുന്നതോ ? കാര്യമായ  സമസതപദസ്പർശമില്ലാതെ  “ഘട്ടയന്തീ നദന്തീ ഘഡ്ഗം തീവ്രം വഹന്തീ” എന്നെല്ലാം ഹ്രസ്വപദങ്ങളിലൂടെയും. കൗതുകകരമായ ഒരു പരീക്ഷണം പോലെ ശ്രദ്ധേയമാണ് പദസംനിവേശശൈലിയിലുള്ള ഈ വ്യതിയാനം –  സ്വയംവരകന്യകയെ വർണ്ണിയ്ക്കാൻ ദീർഘമായ സമസ്തപദങ്ങൾ, സംഹാരരൂപിണിയുടെ ഘോരാകാരത്തെ ചിത്രീകരിയ്ക്കാൻ ചെറിയ ഒറ്റപ്പദങ്ങളും.

എന്നാൽ അംബരീഷചരിതത്തിൽ തന്നെ സുദർശനത്തെ അവതരിപ്പിയ്ക്കുമ്പോൾ കവി സമസ്തപദങ്ങളുടെ സ്വാഭാവികഗരിമയെ ഉപയോഗിയ്ക്കുന്നുണ്ട് – “സംഗ്രാമോദ്ഭടദൈത്യപുംഗവചമൂചക്രച്ഛിദാലമ്പടം…” എന്ന തുടക്കത്തോടെ. കൃത്യയേക്കാൾ ഉഗ്രതയുള്ളതാണ് സുദർശനമെന്ന സൂചനയും ഈ വ്യത്യാസത്തിൽ അന്തർലീനമായിരിയ്ക്കാം.

ശബ്ദസൗന്ദര്യം

ശബ്ദാലങ്കാരങ്ങളോട് പരിമിതമായ പ്രതിപത്തി ഈ കവി തന്റെ ശ്ലോകങ്ങളിൽ കാണിച്ചിട്ടുണ്ട്. “മന്ദമന്ദമരവിന്ദസുന്ദരദൃശം” എന്നു തുടങ്ങുന്ന നായികാവർണ്ണന(രുക്മിണീസ്വയംവരം) അനുപ്രാസസൗന്ദര്യത്തിനു മാതൃകയായി നിൽക്കുന്നു.  “രൂക്ഷൈരീക്ഷണജാശുശുക്ഷണികണൈർദിക്ഷുജ്വലത്ഭി: ക്ഷണാദ്” എന്നാരംഭിയ്ക്കുന്ന പൗണ്ഡ്രകവധത്തിലെ ഗരുഡവർണ്ണനയിലെ ശബ്ദാലങ്കാരവും അനുപ്രാസസമ്പന്നമാണ്.

ചിത്രശ്ലോകം

സംസ്കൃതത്തിലെ ചില മഹാകവികൾ പ്രദർശിപ്പിയ്ക്കുന്ന പദശക്തികൊണ്ടുള്ള അഭ്യാസങ്ങളിലൊന്ന് അശ്വതിതിരുനാളും പ്രയോഗിച്ചിട്ടുണ്ട്, “അതിരൂഢമജം” എന്നു തുടങ്ങുന്ന അംബരീഷചരിതശ്ലോകത്തിൽ. ഒരുപോലെ തോന്നുന്ന രണ്ടു ശ്ലോകപാദങ്ങൾക്ക് വ്യത്യസ്തമായ അർത്ഥമുണ്ടായിരിയ്ക്കുക എന്നതാണ് ഈ ശ്ലോകത്തിലെ വിശേഷം. ആശയചാരുതയുടെ ചമൽകാരമല്ല, പദസ്വാധീനത്തിന്റെ ഒരു പ്രതാപദർശനം മാത്രമേ ഇത്തരം പ്രയോഗങ്ങളിൽ പ്രതീക്ഷിയ്ക്കേണ്ടതുള്ളൂ. ഭാരവി, മാഘൻ, ശ്രീഹർഷൻ തുടങ്ങിയവർ വഴികാട്ടുന്ന ഒരു അലങ്കാരമാർഗമാണിത് (‘കവികുലഗുരു’വായ കാളിദാസൻ ഈ വഴിയിൽ നിന്നു മാറി നിന്നു..).

“നരകാശ്രയണോചിതക്രിയോപ്യഭജദ്രാമഹതോ ദിവം കപി:”  എന്നിങ്ങനെ ശ്ലേഷത്തോടുകൂടിയ വിരോധാഭാസം, തുടർന്നുവരുന്ന അർത്ഥാന്തരന്യാസത്തോടെ ദിവിദന്റെ സ്വർഗപ്രാപ്തിയെ വർണ്ണിയ്ക്കുന്നു (പൗണ്ഡ്രകവധം).

സംഗ്രഹം

അർത്ഥസൗന്ദര്യവും ശബ്ദഭംഗിയും വഴങ്ങുന്ന തനിയ്ക്ക് കാവ്യപരിചയവും ഭാഷാപാണ്ഡിത്യവും ധാരാളമുണ്ടെങ്കിലും പാത്രഭാഷണത്തിന്റെ സാഹിത്യഘടനയിൽ ഇതിനെല്ലാം പരിമിതമായ സ്ഥാനമേ താൻ നൽകുന്നുള്ളൂ എന്ന നിലപാടാണ് അശ്വതിതിരുനാളിന്റേത് എന്നാണ് അദ്ദേഹത്തിന്റെ  ആട്ടക്കഥകളുടെ സാഹിത്യാംശം സൂചിപ്പിയ്ക്കുന്നത്. കാവ്യഭംഗിയുടെ വിവിധതലങ്ങളിലുള്ള സ്ഫുരണവും, സാമ്പ്രദായികമായ അലങ്കാരവിന്യാസവും ഈ രചനകളിലുണ്ട്, പ്രത്യേകിച്ചും ശ്ലോകങ്ങളിൽ.  പദങ്ങൾ അധികവും  ലളിതമാണ്, കാവ്യാത്മകതയും ആശയഗാംഭീര്യവും പൊതുവേ അവയിൽ കുറവാണെങ്കിലും.

Similar Posts

  • |

    മേളായനം – ഒരു ആസ്വാദന കുറിപ്പ്

    സ്മിതേഷ് നമ്പൂതിരിപ്പാട് Friday, September 28, 2012 കാറല്‍മണ്ണയില്‍ ശ്രീ. കോട്ടക്കല്‍ ശിവരാമാശാന്റ്റെ അനുസ്മരണ ദിവസം ആണ് ഞാന്‍ ശ്രീ. കലാമണ്ഡലം ബലരാമാശാന്റ്റെ 60 ആം പിറന്നാള്‍  വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നുണ്ടെന്ന വിവരം ശ്രീ. വെള്ളിനേഴി ആനന്ദ്‌ പറഞ്ഞ് അറിഞ്ഞത്. “മേളായാനം” എന്ന പേരില്‍ ഷോര്‍ണ്ണൂര്‍, മയില്‍ വാഹനം കമ്മ്യൂണിറ്റി ഹാളില്‍ സെപ്തംബര്‍ 23 നു ഞായറാഴ്ച എന്നും പറഞ്ഞു. പരിപാടികളുടെ മറ്റു വിവരങ്ങള്‍ ഒന്നും അറിഞ്ഞില്ലെങ്കിലും, ഇത് മിസ്സ്‌ ചെയ്യരുത് എന്ന് ഞാന്‍ മനസ്സാല്‍ തീരുമാനം…

  • സെവൻ‌അപ്പ് ആനന്ദനൃത്തവും ആത്മരോഷങ്ങളും

    ശ്രീചിത്രൻ എം. ജെ. April 20, 2013 പെപ്‌സി‌കോ കമ്പനിയുടെ സെവൻ അപ് എന്ന ശീതളപാനീയത്തിന്റെ വീഡിയോപരസ്യത്തിൽ കഥകളിവേഷത്തിന്റെ ഉപയോഗം ഇപ്പോൾ വിവാദമായിരിയ്ക്കുന്നു. ഇതാ, അവസാനം കഥകളിയുടെ അഭിമാനസ്ഥാപനമായ കേരളകലാമണ്ഡലം പെപ്‌സി‌കോ കമ്പനിയുമായി കേസിനുപോകുന്നിടത്തെത്തിയിരിയ്ക്കുന്നു കാര്യങ്ങൾ. ഈ പരസ്യവും അനുബന്ധസംഭവങ്ങളും മറ്റേതൊരു സാമൂഹികസംഭവത്തെയും പോലെത്തന്നെ ഒറ്റപ്പെട്ട ഒന്നല്ല. കേരളീയകലാസ്വാദകരുടെ ഭാവുകത്വപരിണാമം, അഭിരുചികളുടെയും അവയുടെ ഊന്നലുകളുടെയും സവിശേഷതകൾ – ഇങ്ങനെ അനേകം അടരുകൾ ഇക്കാര്യത്തിലുണ്ട്. വൈകാരികവേലിയേറ്റങ്ങൾക്കപ്പുറം, അവ കൂടി പരിഗണിച്ചുകൊണ്ടുള്ള ആശയവ്യക്തതയ്ക്കുള്ള ഒരു ശ്രമമാണിത്. വിവാദമായ സെവൻ‌അപ് പരസ്യം…

  • ഒരു വള്ളി, രണ്ടു പൂക്കൾ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 4 ശ്രീവത്സൻ തീയ്യാടി July 25, 2012  കമന്ററി പറയാൻ പുറപ്പെട്ട കെ.പി.സി നാരായണൻ ഭട്ടതിരിപ്പാടിന് കണ്ഠം ഇടറി. മൈക്ക് കൈയിലേന്തിയ മുതിർന്ന പണ്ഡിതന് വാചകങ്ങൾ പലയിടത്തും മുഴുമിക്കാനായില്ല. അതല്ലെങ്കിൽക്കൂടി അന്നത്തെ ആട്ടം കണ്ട് പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു. കഥകളി കാണെ അതിലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളുമായി ഈവിധം താദാത്മ്യം പ്രാപിക്കുകയോ? എന്ത്? ‘ഉത്ഭവ’ത്തിലെ രാവണൻ സ്വന്തം തലകൾ ഒന്നൊന്നായി അറുക്കുമ്പോൾ മേളത്തിന്റെ തിമർപ്പിൽ നാമും അറിയാതെ (മനമുറഞ്ഞ്‌) തുള്ളിയെന്നു വരാം….

  • |

    ഓർമ്മകളുടെ സൗഭാഗ്യം

    ഏറ്റുമാനൂർ പി. കണ്ണൻ July 19, 2011 ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തിലാണ്‌. അതിഗംഭീരമായിക്കഴിഞ്ഞ ഒരു `നാലാംദിവസ`ത്തിനുശേഷം അണിയറയിലേയ്ക്കുവന്ന ശിവരാമനാശാന്‍ എന്നെ വിളിച്ചു പറഞ്ഞു, കുട്ടീ, എന്നെ ബസ്റ്റാന്റില്‍ കൊണ്ടുപോയി ബസ്സു കയറ്റി വിട്ടിട്ടേ പോകാവൂ, ട്ട്വോ? ഈ നിര്‍ദ്ദേശം വിദ്യാര്‍ത്ഥിയായ എനിക്കൊരു നിര്‍വൃതിയായിരുന്നു. കോട്ടയം കെ.എസ്‌.ആര്‍.ടി.സി.ബസ്സ്റ്റാന്റില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. ഉടന്‍ ബസ്സുകള്‍ ഒന്നും കണ്ടില്ല. ബസ്സ്റ്റാന്റിന്റെ ഉമ്മറത്തായി റോഡിനോടു ചേര്‍ത്ത്‌ ഉയര്‍ത്തിക്കെട്ടിയ ഒരു സിമന്റുതറയില്‍ ഇരിക്കാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. സാത്വികാഭിനയപൂര്‍ണ്ണമായ അര്‍ധോക്തികളായി…

  • തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും

    സുനിൽ April 9, 2012  എന്താണ് കഥകളി? തികച്ചും വ്യക്തിപരമായ ചോദ്യം. കുറഞ്ഞത് പത്ത് കളിയെങ്കിലും കണ്ടതിനുശേഷം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്. വിവിധ തലങ്ങളില്‍/നിലവാരങ്ങളില്‍ ആസ്വദിക്കാവുന്ന ബഹുമുഖമാര്‍ന്നയ ഒരു കലാരൂപമാണിത്. കഥകളി ഒരേ…

  • കാറും വെയിലും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 5 ശ്രീവത്സൻ തീയ്യാടി Thursday, September 6, 2012 ഇനി ഞാൻ കൂടെ വന്നിട്ടുള്ളവരെ പരിചയപ്പെടുത്താം… ആശാന്റെ ആ വാചകത്തിൽ രണ്ടു കൌതുകമാണ് തോന്നിയത്. ഒന്ന്, അദ്ദേഹത്തിൽ പൊതുവെ ശ്രദ്ധിച്ചിട്ടില്ലാത്ത ടീം ലീഡർ സ്പിരിറ്റ്‌. രണ്ട്, അതുവരെ പിന്തുടർന്ന അർദ്ധവള്ളുവനാടൻ വാമൊഴിയിനിന്ന് മുഴുവനായുള്ള വ്യതിയാനം. “ങ്ഹാ… നി ഓരോരുത്തരായ്ട്ട് ങ്ങ്ട് മുമ്പാക്കം വര്വോ….” വീണ്ടും തന്റെ കോതച്ചിറ മലയാളത്തിലേക്ക് വഴുതി കലാമണ്ഡലം ഗോപി. നാട്യം ഏതുമില്ലാത്ത ഭവ്യതയുമായി സഹകലാകാരന്മാർ അദ്ദേഹത്തിന്റെ കസേരക്കടുത്തെക്ക്…

മറുപടി രേഖപ്പെടുത്തുക