ഹേമാമോദസമാ – ഭാഗം ഒന്ന്

ഡോ. ഏവൂർ മോഹൻദാസ്‌

June 19, 2012

(കഥകളി.ഇന്‍ഫോയില്‍ നളചരിതം ആട്ടക്കഥയും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും ഒരു പരമ്പര ആരംഭിക്കുന്നു.)

ലേഖകനെക്കുറിച്ച്

ഔദ്യോഗിക നാമം ഡോ. കെ. എസ്‌ . മോഹന്‍ദാസ്‌ . ഔദ്യോഗികേതര രംഗങ്ങളില്‍ ഡോ. ഏവൂര്‍ മോഹന്‍ദാസ്‌ എന്നറിയപ്പെടാന്‍ ആഗ്രഹം. മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തെ ഏവൂര്‍ ഗ്രാമത്തില്‍ 1959ല്‍ ജനനം. ബിരുദതലം വരെ നാട്ടില്‍ പഠിച്ചു. ഇരുപതാം വയസ്സു മുതല്‍ പഠനവും ജോലിയുമായി കേരളത്തിന്‌ വെളിയില്‍ താമസം. ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാല, മദ്രാസ്‌ സര്‍വകലാശാല, കേംബ്രിഡ്ജ്‌ സര്‍വ്വകലാശാലകളില്‍ പഠനവും ഉപരിപഠനവും നടത്തി. 1984 മുതല്‍ കേന്ദ്ര ഗവണ്മെന്റ് സർവീസിൽ. കഥകളി പ്രധാന വഴിപാടായ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ബാല്യകൗമാര ജീവിതവും കറതീര്‍ന്ന കഥകളി ആസ്വാദകനായിരുന്ന അച്ഛന്റെ സാമീപ്യവും കഥകളി വിഷയത്തില്‍ താത്പര്യം ജനിപ്പിച്ചു. വേദാന്തം, സംഗീതം, സാഹിത്യം, കവിത, കഥകളി എന്നീ വിഷയങ്ങളില്‍ താത്പര്യവും സാഹിത്യഗവേഷണത്തില്‍ പ്രത്യേക താത്പര്യവും ഉണ്ട്‌. കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈ വിഷയങ്ങളിലെല്ലാം കൈവെച്ചിട്ടുണ്ട്‌. ഒരു സംഗീത വിദ്യാര്‍ത്ഥിയാണിപ്പോള്‍. അടുത്തകാലത്ത്‌ സ്വയം രചിച്ച ഭക്തിഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ‘ദേവായനം’ എന്ന പേരില്‍ ഓഡിയോ സി.ഡി നിര്‍മ്മിച്ചു പുറത്തിറക്കി.

കുടുംബം: ഭാര്യ, രണ്ടു ആണ്‍ മക്കള്‍. മൂത്തയാള്‍ ജോലി ചെയ്യുന്നു. ഇളയ ആള്‍ പ്ലസ്‌ ടു വിദ്യാര്‌ ത്ഥി. കുടുംബമായി മദ്രാസിനടുത്ത്‌ ജോലിസ്ഥലമായ കല്‍പാക്കത്ത്‌ താമസം.

ഇമെയില്‍: mkdas59 @yahoo.com

മലയാളസാഹിത്യത്തിലെ, പ്രത്യേകിച്ച്‌ ആട്ടക്കഥാസാഹിത്യത്തിലെ, അമൂല്യമായ കൃതികളിലൊന്നാണ്‌ ഉണ്ണായി വാര്യരുടെ “നളചരിതം ആട്ടക്കഥ”. ഇത്ര മാത്രം  ജനപ്രീതി നേടിയിട്ടുള്ള മറ്റൊരു ആട്ടക്കഥ ഉണ്ടെന്ന്‌ തോന്നുന്നില്ല. ജീവിതഗന്ധിയായ ഇതിവൃത്തവും  കവിയുടെ അനിതരസാധാരണമായ രചനാപാടവവും ആണ്‌ “നളചരിതം ആട്ടക്കഥ”യെ മറ്റു ആട്ടക്കഥകളില്‍ നിന്ന്‌ വ്യത്യസ്തമാക്കുന്നത്‌. ജീവിതഗന്ധിയായ കഥയാകയാല്‍ ഇക്കഥ, മാനുഷിക വ്യവഹാരങ്ങളുടെ പല ലൗകീകതലങ്ങളിലേക്കും അനുവാചകനെ നയിക്കുകയും അങ്ങിനെയുള്ള സന്ദര്‍ഭങ്ങളുമായി സംവദിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന്‌ കാണാം. രംഗാവതരണത്തിനുള്ള ഒരു ആട്ടക്കഥ എന്നതിലുപരി, മനുഷ്യമനസ്സുകളെ സ്വാധീനിക്കാന്‍ ശക്തിയുള്ള പല ഘടകങ്ങളും വേണ്ട അളവിലും തോതിലും ഈ ആട്ടക്കഥയില്‍ ഉണ്ണായിവാര്യര്‍ സന്നിവേശിപ്പിച്ചിട്ടുണ്ടെന്ന് ഇക്കഥ ശ്രദ്ധാപൂര്‍വ്വം വായിക്കുന്ന ഏതൊരാളിനും മനസ്സിലാകും. ഒരു കഥയുടെ ജനസമ്മതി ഒരു പരിധി വരെ വിഷയസൗകുമാര്യത്തെയും പാത്രഘടനയെയും ആശ്രയിച്ചിരിക്കും. ഇപ്പറഞ്ഞതു ശരിയാണെങ്കില്‍ നളചരിതം ആട്ടക്കഥയുടെ പാത്രസൃഷ്ടിയിലും പാത്രാവിഷ്കാരത്തിലും ഉണ്ണായിവാര്യര്‍ കാണിച്ചിട്ടുള്ള അനന്യസാധാരണമായ വൈഭവമാണ്‌ ഇക്കഥയെ ഇത്രമാത്രം ജനരഞ്ജകവും ആസ്വാദ്യകരവുമാക്കുന്നതെന്നു പറയാം. ഉല്‍കൃഷ്ടഗുണങ്ങളുള്ള കഥാപാത്രങ്ങളില്‍ കൂടി, പ്രത്യേകിച്ച്‌ നായികാനായകന്മാരില്‍ കൂടി, ഒരു കഥ പറഞ്ഞവതരിപ്പിക്കുമ്പോള്‍, അത്‌ അനുവാചകന്‌ ആസ്വാദ്യകരമായി അനുഭവപ്പെടാതിരിക്കാന്‍ തരമില്ല. ഇതിലുപരി ഇങ്ങിനെയൊരു കഥാഖ്യാനത്തിലൂടെ കവി, സംസ്കാരപോഷണം എന്ന കവിധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നതായും കാണാം.

“നളചരിതം ഒന്നാം ദിവസ”ത്തില്‍ “കുണ്ഡിനനായക നന്ദിനി” എന്നു തുടങ്ങുന്ന പ്രശസ്തമായ നളപദത്തില്‍

“പെണ്ണിലൊരാണിലൊരു പ്രേമതാമരയ്ക്കിന്നു
കന്ദര്‍പ്പന്‍ വേണമല്ലോ കന്ദം സമര്‍പ്പയിതും”

എന്ന രണ്ടു വരികള്‍ ഉണ്ട്‌. പെണ്ണിന്‌ ആണില്‍ പ്രേമം ജനിപ്പിക്കുവാന്‍ കാമദേവന്‌ മാത്രമേ കഴിയുകയുള്ളു എന്നു സാരം. ഇവിടെ കവി പ്രേമത്തെ താമരയോടെയാണ്‌ രൂപണം ചെയ്തിരിക്കുന്നത്‌. എന്തുകൊണ്ടായിരിക്കാം കവി ഇവ്വിധം ചെയ്തിരിക്കുന്നത്‌ എന്ന ചോദ്യത്തിന്‌ ശ്രീ. ശിരോമണി ദേശമംഗലം രാമവാര്യര്‍ (നളചരിതം ആട്ടക്കഥ, മാതൃഭൂമി പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി, 1945) താഴെക്കുറിക്കുന്ന വ്യാഖ്യാനം നല്‍കിയിരിക്കുന്നു:

‘തടാകത്തിന്റെ അടിത്തട്ടില്‍ നിന്നുല്‍ഭവിച്ച്‌ ആര്‍ക്കും ദൃഷ്ടിവിഷയമാകാതെ, ക്രമത്തിലുയര്‍ന്നും പൊങ്ങുംതോറും പങ്കബന്ധം വേര്‍പ്പെട്ടും ജലത്തിന്റെ ഉപരിതലത്തിലെത്തി വികസിച്ചു ശാന്തശീതളമായ സൗരഭ്യം പരത്തി വിളങ്ങുന ഒരു താമരപ്പൂവിന്റെ സമവസ്ഥയെ കവി രൂപകം കൊണ്ട്‌ പ്രേമത്തില്‍ സങ്കല്‍പ്പിക്കുന്നു. അനുരാഗവും താമരപ്പൂവ്‌ എന്ന പോലെ, ഹൃദയത്തിന്റെ അടിത്തട്ടില്‍ അങ്കുരിച്ച്‌, ക്രമത്തില്‍ ഗൂഢമായി വളര്‍ന്ന്, കാലം കൊണ്ടു പരിപൂര്‍ണ്ണ വികാസത്തെ പ്രാപിച്ച്‌, നിത്യവും നിര്‍മ്മലവുമായ പ്രേമമായി പരിണമിക്കണമെന്നും, അങ്ങിനെയുള്ള പ്രേമം മാത്രമേ യഥാര്‍ത്ഥവും കാമ്യവുമാകുന്നുവുള്ളു എന്നും വ്യംഗ്യം!’

നിര്‍മ്മലമായ പ്രേമത്തെ, ശാരീരിക രസാനുഭൂതി തലങ്ങള്‍ക്കപ്പുറമുള്ള അവാച്യമായ ഒരനുഭൂതിയായാണ്‌ നളചരിത കവി സങ്കല്‍പ്പിച്ചിരിക്കുന്നത്‌ എന്ന് നമുക്കിതില്‍ നിന്നും മനസ്സിലാക്കാം. അനന്യസാധാരണമായ ഗുണവൈശിഷ്ട്യങ്ങളുള്ള കമിതാക്കള്‍ക്കു മാത്രമേ താമരയോടുപമിയ്ക്കത്തക്ക വിധമുള്ള ഒരു അനുരാഗബന്ധത്തെ അനുഭവവേദ്യമാക്കാന്‍ കഴിയുകയുള്ളു എന്നു മനസ്സിലാക്കുമ്പോള്‍ നളചരിത നായികാനായകന്മാരില്‍ ഇങ്ങിനെയുള്ള ഉല്‍കൃഷ്ട ഗുണമഹിമകള്‍ സ്വാഭാവികമായും കാണേണ്ടിയിരിക്കുന്നു. ഈ വിഷയത്തെ കവിയുടെ വരികളില്‍ കൂടി തന്നെ അപഗ്രഥിക്കാനുള്ള ഒരെളിയ ശ്രമമാണിവിടെ നടത്തുന്നത്‌.

ആദ്യമായി നമുക്ക്‌ കഥാനായികയുടെ പാത്രസൃഷ്ടിയെ ഒന്നവലോകനം ചെയ്യാം. നളചരിതം ഒന്നാം ദിവസത്തിലെ ആദ്യ പദങ്ങളിലൊന്നായ ‘ഭീഷിതരിപുനികര’യില്‍ വൃന്ദാരകന്മാര്‍ക്കു പോലും മോഹം ഉദ്ദീപിച്ച സൗന്ദര്യധാമമാണ്‌ ദമയന്തി എന്ന് നാരദര്‍ പറയുന്നുണ്ട്‌. ‘ഒന്നാം ദിവസ’ത്തിലെ തന്നെ ‘കുണ്ഡിനനായക നന്ദിനി’ എന്ന പദത്തില്‍ നിന്നും ‘അനിതരവനിതാ സാധാരണങ്ങള്‍’ തികഞ്ഞ ഒരു സ്ത്രീ രത്നമാണ്‌ ദമയന്തി എന്നു നമുക്ക്‌ മനസ്സിലാക്കാം. ‘കാമിനി രൂപിണി ശീലവതീമണി’യും ‘ഹേമാമോദസമാ’യും ‘സാമരധാമവധൂമദഭൂമവിരാമദകോമളിമാ’യുമാണ്‌ ദമയന്തി എന്ന് ഹംസം. കലി പറയുന്നത്‌ ദമയന്തി ‘കാമനയീകത്തിന്‍ ധാമ’മാണെന്നാണ്‌.

ദമയന്തിയുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കുന്ന ഈ ‘ഒന്നാം ദിവസ’ പദവിശേഷങ്ങളുടെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കാന്‍ നാം ‘രണ്ടാം ദിവസ’ത്തിന്റെ അവസാനഭാഗത്ത്‌ ചേദി രാജ്ഞി, ദമയന്തിയോട്‌ ചോദിക്കുന്ന ചോദ്യം ഒന്നു ശ്രദ്ധിച്ചാല്‍ മതി. സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പരീക്ഷീണയായി തന്റെ സവിധത്തില്‍ എത്തിച്ചേര്‍ന്ന ദമയന്തിയോട്‌ ചേദി രാജ്ഞി ചോദിക്കുന്നതിപ്രകാരമാണ്‌.

‘കിം ദേവി? കിമു കിന്നരി? സുന്ദരി,

മന്നിലീവണ്ണമുണ്ടോ മധുരത രൂപത്തിന് !’

ചേദിരാജ്ഞി ഈ ചോദ്യം ദമയന്തിയോട്‌ ചോദിയ്ക്കുമ്പോഴുള്ള അവളുടെ അവസ്ഥ കൂടി മനസ്സിലാക്കിയാലേ ഈ ചോദ്യത്തിന്റെ ഭംഗി നമുക്ക്‌ ആസ്വദിക്കാന്‍ കഴിയൂ. ചൂതുകളിയില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട്‌ ഭര്‍ത്താവിനോടൊപ്പം കാട്ടില്‍ ആഹാരമോ വെള്ളമോ പോലും കിട്ടാതെ അലഞ്ഞു നടന്ന്, ഒടുവില്‍ ഭര്‍ത്താവിനാല്‍ കൊടുംകാട്ടില്‍ ഉപേക്ഷിക്കപ്പെട്ട്‌, അവിടെ നിന്നും പല യാതനകളും സഹിച്ച്‌ അങ്ങേയറ്റം അവശനിലയിലാണ്‌ ദമയന്തി ചേദിരാജ്ഞിയുടെ മുമ്പില്‍ ചെന്നു പെട്ടത്‌. ദമയന്തിയെ കാട്ടില്‍ വ്ച്ചു കണ്ടപ്പോള്‍ സാര്‍ത്ഥവാഹകസംഘത്തിലെ ചിലര്‍ ഇവള്‍ ഭ്രാന്തിയാണോ എന്നു പോലും സംശയിച്ചതാണ്‌. ഇങ്ങനെ ഹതാശയായി, പരീക്ഷീണയായി, നില്‍ക്കുന്ന ദമയന്തിയോടാണ്‌ ചേദി രാജ്ഞിയുടെ മേല്‍ ഉദ്ധരിച്ച ചോദ്യം എന്നു മനസ്സിലാക്കുമ്പോള്‍ ഇപ്പറഞ്ഞ ക്ഷീണാവസ്ഥകള്‍ക്കൊന്നും തന്നെ മങ്ങലേല്‍പ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല ദമയന്തിയുടെ സൗന്ദര്യം എന്നു കാണാന്‍ കഴിയും. ദമയന്തി ഒരു ‘ഭൂലോക സുന്ദരി’യായിരുന്നു എന്നു നമുക്ക്‌ ന്യായമായും അനുമാനിക്കാം. ദമയന്തിയുടെ മറ്റു ഗുണഗണങ്ങള്‍ എന്താണെന്ന് നോക്കാം.

‘വരിക്കണം നീ ഞങ്ങളില്‍ നാലരി-
ലൊരുത്തനെ’ എന്നുരയ്ക്ക ഭവാന്‍ പോയ്‌;

എന്ന ഇന്ദ്രാഭിലാഷം ദമയന്തിയെ അറിയിച്ച നളനോട്‌ ദമയന്തി ചോദിക്കുന്നത്‌

‘ഈശന്മാരെന്തു വിചാരലേശം കൂടാതെ അതി-
നീചയോഗ്യമാരംഭിച്ചതാചാരമിപ്പോള്‍?
രാജപുത്രി ഞാനിന്നൊരു രാജഭാര്യയെ-
ന്നാശയേ ധരിപ്പതിനെന്തു ക്ലേശം ദേവാനാം ?’
 എന്നാണ്‌.

ദേവന്മാരെയാണെങ്കിലും ശരിയല്ലാത്തതു പ്രവര്‍ത്തിച്ചാല്‍ വിമര്‍ശിക്കുന്നതിന്‌ കുലീനയായ ദമയന്തിക്ക്‌ ഒരു മടിയും ഇല്ല.

ഇന്ദ്രാദികളുടെ വിചാരലേശം കൂടാതെയുള്ള അഭിലാഷത്തിന്റെ ഔചിത്യത്തെയാണ്‌ ദമയന്തി ചോദ്യം ചെയ്യുന്നത്‌. ‘ഞാനിന്നൊരു രാജഭാര്യ’ എന്നു പറയുന്നതില്‍ നിന്നും, സ്വയംവരം കഴിഞ്ഞിട്ടില്ലെങ്കില്‍ കൂടി, താന്‍ നളനെ മനസാ വരിച്ച്‌ അദ്ദേഹത്തിന്റെ ഭാര്യയായി കഴിഞ്ഞവളാണെന്നും അങ്ങനെ ഒരാളിന്റെ ഭാര്യയായ തന്നെ നേടാന്‍ ശ്രമിക്കുന്നത്‌ നീചന്മാര്‍ക്കു മാത്രം യോജിച്ച നടപടിയാണെന്നുമാണ്‌. ദേവന്മാരെയാണെങ്കിലും ശരിയല്ലാത്തതു പ്രവര്‍ത്തിച്ചാല്‍ വിമര്‍ശിക്കുന്നതിന്‌ കുലീനയായ ദമയന്തിക്ക്‌ ഒരു മടിയും ഇല്ല. വിവാഹം കഴിഞ്ഞിട്ടില്ലെങ്കില്‍ പോലും നളനെ മനസ്സാ വരിച്ച്‌ അദ്ദേഹത്തിന്റെ ഭാര്യയായി കഴിഞ്ഞവളാണ്‌ താനെന്നു പറയുന്നതില്‍ കൂടി ദമയന്തിക്ക്‌ നളനോടുള്ള സ്നേഹവായ്പും ആ തീരുമാനത്തിലെ ദൃഢചിത്തതയും മനസ്സിലാക്കാം.

നേരത്തെ സൂചിപ്പിച്ച ചേദി രാജ്ഞിയുമായുള്ള രംഗത്തില്‍, ദമയന്തി ചേദിരാജ്ഞിയോടു പറയുന്ന ചില വാക്കുകളില്‍ നിന്നും ഉണ്ണായി വാര്യരുടെ ദമയന്തിയെ നമുക്ക്‌ കുറച്ചുകൂടി തെളിവോടെ മനസ്സിലാക്കാം. പരിക്ഷീണയായി തന്റെ അരികില്‍ എത്തിയ ദമയന്തിയോട്‌ ‘നീ ഇവിടെ എന്റെ കൂടെ സുഖമായി വസിച്ചു കൊള്ളു’ എന്ന് ചേദിരാജ്ഞി പറയുമ്പോള്‍, ‘അത്‌ സന്തോഷമുള്ള കാര്യം തന്നെ, പക്ഷേ ഞാന്‍

ഉച്ഛിഷ്ടം ഭുജിക്കയില്ലൊരുനാളുമേ ഞാന്‍
ഉരിയാടുകയുമില്ല പുരുഷന്മാരോടേ;
പ്രച്ഛന്നരതിക്കേകന്‍ പ്രാര്‍ത്ഥിച്ചാലവനെ
പ്രസഭം നീ വധിക്കേണം വസിപ്പിന്‍ ഞാനിവിടെ’

എന്നാണ്‌ മറുപടി പറഞ്ഞത്‌. അങ്ങേയറ്റത്തെ പരിതാപാവസ്ഥയിലും ഒരു സ്ത്രീ ഇങ്ങനെ പറയണമെങ്കില്‍ അവള്‍ അസാമാന്യ ധൈര്യശാലിയും കുലീനയും സദാചാരനിഷ്ഠ വ്രതമായി സ്വീകരിച്ചവളും ആയിരിക്കണം.

ഈ ധീരോദാത്ത നായികയില്‍ നിന്നും വളരെ വ്യത്യസ്തമായി, ഭര്‍ത്തൃഭക്തയായ ഒരു പരമസാധു സ്ത്രീയെയാണ്‌ നാം രണ്ടാം ദിവസത്തില്‍ നളനോടൊപ്പം കാട്ടില്‍ കാണുന്നത്‌. തന്നോടൊപ്പം ഈ കൊടുംകാട്ടിലലഞ്ഞ്‌ ഇങ്ങനെ കഷ്ടപ്പെടേണ്ടതില്ലെന്നും അതിനാല്‍ തന്നെ ഉപേക്ഷിച്ച്‌ എങ്ങനെയെങ്കിലും കുണ്ഡിനത്തിലേക്ക്‌ പോകാന്‍ തയ്യാറാകൂ എന്നും പറയുന്ന ദുഃഖിതനായ നളനോട്‌, ദമയന്തി പറയുന്നത്‌

‘പയ്യോ പൊറുക്കാമേ ദാഹവും ആര്യപുത്രാ ! …
കയ്യോ കാലോ തിരുമ്മി’

ഞാനങ്ങയുടെ കൂടെ കാട്ടില്‍ എങ്ങനെയെങ്കിലും കഴിഞ്ഞു കൊള്ളാം എന്നാണ്‌.

‘പാതിയും പുമാനു പത്നിയെന്നു വേദശാസ്ത്രാദി-
ബോധമുള്ളവര്‍ ചൊല്ലീടുന്നു,
ആധിവ്യാധികളിലും പ്രീതിദമൗഷധം കേള്‍
സ്വാധീനസഹധര്‍മ്മിണീതി നീ ധരിക്കേണം’

എന്നു തുടങ്ങിയ നല്ല വാക്കുകളാല്‍ നളനെ സമാശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ദമയന്തി, ഭാരതസ്ത്രീ സങ്കല്‍പ്പത്തിന്റെ, ഭാര്യാസങ്കല്‍പ്പത്തിന്റെ മനോഹരമായ പ്രതീകം തന്നെയാണ്‌. തന്നെ കൊടുംകാട്ടില്‍ ഉപേക്ഷിച്ചു പോയ നളനെ ഓര്‍ത്ത്‌ ദമയന്തി കേഴുന്നത്‌

‘ഒരു ഭൂതത്തിനാലേവം പരിഭൂതന്‍ മമ കാന്തന്‍
എരിതീയില്‍ പതിതനായ്‌ വരിക വഞ്ചകനവന്‍’

എന്നാണ്‌. നളനെ ഏതോ ഭൂതം ചതിച്ചതാണെന്നും, അങ്ങനെ ബുദ്ധിഭ്രമം സംഭവിച്ച തന്റെ പ്രാണനാഥന്‍ സ്വബോധമില്ലാതെ തന്നെ കാട്ടിലുപേക്ഷിച്ചു പോയതാണെന്നും അല്ലാതെ സ്വബോധത്തോടെ തന്റെ നാഥന്‍ ഇങ്ങനെ ഒന്നും പ്രവര്‍ത്തിക്കുന്നവനല്ല എന്നും ദമയന്തി ഉറച്ചു വിശ്വസിക്കുന്നു. ഈ സ്ത്രീരത്നത്തിന്‌ സ്വന്തം ഭര്‍ത്താവിലുള്ള സ്നേഹവും വിശ്വാസവും എത്ര ഉയരത്തിലാണ്‌ നില കൊള്ളുന്നത്‌ എന്നു തെളിയിക്കാന്‍ ഇനി വേറെ ഉദാഹരണങ്ങള്‍ നിരത്തേണ്ട ആവശ്യമുണ്ടോ ?

നാലാം ദിവസത്തിലെ
‘എന്‍കാന്തനെന്നോടുണ്ടോ വൈരം?

ഏതു ചെയ്താലും വന്ദിപ്പതിനിങ്ങധികാരം’

എന്ന പദം വീണ്ടും ദമയന്തിയുടെ ഭര്‍ത്തൃഭക്തിയെയാണ്‌ പ്രകടമാക്കുന്നത്‌. രണ്ടാം വിവാഹത്തിന്‌ ദമയന്തി സമ്മതിച്ചു എന്ന വാര്‍ത്തയറിഞ്ഞു കുപിതനായി

‘രതിരണവിഹരണവിതരണചണനിവന്‍
ഭൂമാവിഹ അണക നീയവനൊടു’

എന്നു ക്രൂരമായി പറയുന്ന നളനോട്‌

‘നാഥ ! നിന്നെക്കാണാഞ്ഞു ഭീതാ ഞാന്‍ കണ്ട വഴി
ഏതാകിലെന്തു ദോഷം? മാതാവെനിക്കു സാക്ഷി’

എന്നു ദമയന്തി ചോദിക്കുന്നതിലെ സത്യസന്ധതയും നിഷ്കളങ്കതയും മാനിയ്ക്കേണ്ടതല്ലേ ? അതേ സമയം, ആ ദൈന്യാവസ്ഥയിലും

‘ഞാനത്രേ സാപരാധയെന്നാകില്‍
ഞാനഖേദാ ധൃതമോദാ’

നളചരിതത്തിലെ ദിവ്യാനുരാഗത്തിന്റെ സ്വര്‍ണ്ണച്ചരട്‌ അല്‍പം പോലും നിറം മങ്ങാതെ ദമയന്തി സ്വന്തം കരളില്‍ സൂക്ഷിച്ചിരുന്നു; നല്ല കാലത്തും കഷ്ടകാലത്തും ഒരു പോലെ.

എന്നു പറയുന്ന ദമയന്തി, അബലയായ ഒരു സ്ത്രീയല്ല താന്‍, മറിച്ച്‌ സ്വന്തം സത്യസന്ധതയിലും പാതിവ്രത്യനിഷ്ഠയിലും അങ്ങേയറ്റം അഭിമാനം കൊള്ളുന്ന ഒരു സ്ത്രീരത്നമാണ്‌ എന്നു വീണ്ടും ഉറക്കെ പ്രഖ്യാപിക്കുകയാണ്‌. നളനെ വീണ്ടെടുക്കാന്‍ ഒരുപായമായി, രണ്ടാം വിവാഹമെന്ന ആശയം സൃഷ്ടിച്ച്‌, അത്‌ സുദേവബ്രാഹ്മണനില്‍ കൂടി പ്രാവര്‍ത്തികമാക്കി ഫലിപ്പിച്ചതു കാണുമ്പോള്‍, ദമയന്തിയില്‍ കുലീനത്വത്തോടൊപ്പം തന്നെ കാര്യശേഷിയും വേണ്ട അളവില്‍ സമ്മേളിച്ചിരിക്കുന്നു എന്നു കാണാം. അങ്ങനെ സൗന്ദര്യം, കുലീനത, ഭര്‍ത്തൃഭക്തി, ധൈര്യം, സ്വാഭിമാനം, സത്യസന്ധത, പാതിവ്രത്യനിഷ്ഠ, എന്നിങ്ങനെ നിരവധി ഗുണഗണങ്ങള്‍ ഒരു പോലെ സമ്മേളിക്കുന്ന ഒരു കഥാപാത്രമാണ്‌ ഉണ്ണായിവാര്യരുടെ ദമയന്തി. സൗന്ദര്യവും സ്വഭാവഗുണങ്ങളും ‘ഹേമാമോദസമ’യായിത്തന്നെ ദമയന്തിയില്‍ ചേര്‍ന്നിരിക്കുന്നു. നളചരിതത്തിലെ ദിവ്യാനുരാഗത്തിന്റെ സ്വര്‍ണ്ണച്ചരട്‌ അല്‍പം പോലും നിറം മങ്ങാതെ ദമയന്തി സ്വന്തം കരളില്‍ സൂക്ഷിച്ചിരുന്നു; നല്ല കാലത്തും കഷ്ടകാലത്തും ഒരു പോലെ.

ദമയന്തിയെപ്പോലൊരു സ്ത്രീരത്നത്തെ ശരിക്കും മനസ്സിലാക്കണമെങ്കില്‍ നാം നമുക്കു ചുറ്റുമുള്ള സമൂഹത്തിലേക്കൊന്നു കണ്ണോടിച്ചാല്‍ മതി. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും വികലമായ ദൃശ്യങ്ങളാണ്‌ സമൂഹത്തിലാകമാനം.

(“സാഹിത്യപോഷിണി” മാസികയില്‍ “നളചരിതത്തിലെ പ്രേമത്താമര” എന്ന പേരില്‍ പ്രസിദ്ധീകരണം ചെയ്തത്‌.)

Similar Posts

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

  • ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

    ഹേമാമോദസമാ – 15 ഡോ. ഏവൂർ മോഹൻദാസ് January 12, 2014  നളചരിതം  രണ്ടാം  ദിവസം  കഥയുടെ  എട്ടാം  രംഗത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദമയന്തിയുടെ വിചാരപദമാണ് ഇവിടെ പ്രതിപാദ്യവിഷയം. തന്നെ പെരുമ്പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാളൻ പ്രണയാഭ്യർത്ഥനയുമായി പിറകെ കൂടിയപ്പോൾ ദമയന്തി ചിന്തിക്കുന്ന പദമാണ്, അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂഅത് കേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂഅബലേ! നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-ന്നമരേന്ദ്ര വരമുന്നൊണ്ടതിന്നുപകരിപ്പൂ ‘നിന്റെ പാതിവ്രത്യവൃതഭഞ്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ’ എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ…

  • |

    ശിവരാമഭൂമികൾ ഉണ്ടാകുന്നത്

    ശ്രീചിത്രൻ എം ജെ July 24, 2011 ഒരു പൂവിന്റെ നിറം പറയാം. ശാസ്ത്രനാമം പറയാം. ഏതു സസ്യവര്‍ഗ്ഗത്തില്‍ നിന്നുല്‍ഭവിച്ചു എന്നു പറയാം. അങ്ങനെ പലതും പറയാം. ആ പൂവിന്റെ സൗന്ദര്യമെന്ത് എന്നു ചോദിച്ചാലോ?മുന്‍ ചൊന്നവയെപ്പോലെ ഒരുത്തരമുണ്ടാവില്ല. എല്ലാ അറിവുകളും വന്ധ്യമാകുന്ന ഇത്തരം ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു ശിവരാമന്‍. വാഗ്‌ദേവതയ്ക്കു കീഴ്പ്പെടാത്ത, വ്യവച്ഛേദനങ്ങള്‍ക്കു നിന്നുതരാത്ത ലാവണ്യാനുഭൂതികളുടെ വസന്തോല്‍സവമായിരുന്നു ശിവരാമന്‍. ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതത്തെ മുഴുവന്‍ പ്രസ്തരിക്കാന്‍ തന്റെ സൗന്ദര്യബോധമൊന്നാകെ അരങ്ങില്‍ ധൂര്‍ത്തടിച്ചവന്‍. ഇതളുകള്‍ അടര്‍ത്തിനോക്കിയാല്‍ പലയിടത്തും…

  • |

    നാൽവർചിഹ്നം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 9 ശ്രീവത്സൻ തീയ്യാടി April 22, 2013  ചിരട്ടക്കുള്ളിൽ പെട്ട വണ്ടിനെപ്പോലെ മദ്ധ്യമശ്രുതി അരങ്ങിൽ ഏങ്ങി. ആരുമില്ലേ എന്നെ രക്ഷിക്കാൻ എന്ന മട്ടിൽ അതിന്റെമാത്രം അലകൾ അഞ്ചെട്ടു നിമിഷം പുറത്തേക്ക് കേട്ടു. തറയിൽ ദമയന്തി ഏകയായി കിടന്നു. ശ്രുതിപ്പെട്ടിക്ക് ചേർന്ന് ആരും നിൽപ്പില്ലെന്നല്ല. മീശ ലേശം കിളിർത്തിട്ടുണ്ട് എന്നതൊഴികെ വേറെ വിശേഷമൊന്നുമില്ല എന്ന് തോന്നിക്കുന്ന ഒരു പയ്യനെ കാണാനുണ്ട്. കലാമണ്ഡലത്തിലെത്തന്നെ ഏതെങ്കിലും വിദ്യാർത്ഥിയാവണം. ആ സ്ഥാപനത്തിന്റെ ട്രൂപ്പ് കളിയാണല്ലോ ഇവിടെയിപ്പോൾ. ഏതായാലും രണ്ടും കൽപ്പിച്ചെന്നപോലെ പുതുമുഖം ശ്ലോകം…

  • നടകലിനളചരിതം

    കാവാലം നാരായണപ്പണിക്കര്‍ January 20, 2014 (കലിവേഷം എന്ന സ്വന്ത നാടകത്തിന് ഒരു മുഖവുര) ഉണ്ണായി വാര്യരുടെ പ്രഖ്യാതകൃതിയായ നളചരിതത്തെ കലി എന്ന കഥാപാത്രത്തിലൂടെയും, ആ കഥാപാത്രത്തിന്റെ ആവിഷ്‌കാരത്തിലൂടെയും പുനഃപരിശോധിക്കാന്‍ പുറപ്പെട്ടതിന്റെ അനുഭവമാണിവിടെ പരാമര്‍ശിക്കുന്നത്. അതാണ് കലിവേഷം എന്ന നാടകകൃതി. പ്രത്യേകിച്ചും ഭാരതീയമായ അഭിനയപ്രകാരങ്ങളെ കേരളീയരംഗശീലങ്ങളിലൂടെ എത്തിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിച്ച മനസ്സിന്റെ സര്‍ഗ്ഗാത്മകയാത്രയില്‍ പഴമയുടെ പുതുമയായി അടുങ്ങിവന്ന ഘടനയാണിവിടെ വിഷയം. കലികാലമാകയാല്‍ കലിയെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഫലമായാണ് നളചരിതത്തിന്റെ നടുക്കുറ്റി ആ കഥാപാത്രത്തില്‍തന്നെ കെട്ടിയിടാന്‍ തോന്നിയത്. അങ്ങനെയാണു കലിവേഷമെടുക്കുന്ന…

  • തെക്കന്‍ ചിട്ടയിലെ കത്തിവേഷങ്ങള്‍

    മനോജ് കുറൂര്‍ March 12, 2012 (08. 11. 2011 ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) തെക്കന്‍- വടക്കന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക്‌ വാസ്തവത്തില്‍ ശൈലീപരമായ പ്രസക്തിയാണുള്ളത്‌. എന്നാല്‍ ദേശപരമായ മിഥ്യാഭിമാനങ്ങളിലൂന്നിയാണ്‌ പലപ്പോഴും ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാറുള്ളത്‌. അതുകൊണ്ടുതന്നെ ഒരു സ്ഥലത്ത്‌ അന്യമെന്ന നിലയിലുള്ള പരിചരണവും മറുവശത്ത്‌ അന്ധമായ അഭിമാനബോധവും പുലര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക്‌ സൂക്ഷ്മമായ വിശകലനം സാധ്യമാകാതെ വരുന്നു. കഥകളിയുടെ ചരിത്രവും ഇവയെ ദേശഭേദങ്ങളെന്ന നിലയില്‍ കാണാനല്ല, ശൈലീഭേദങ്ങളായി കാണാനാണ്‌ പ്രേരിപ്പിക്കുന്നത്‌. കഥകളിയുടെ ആദ്യരൂപങ്ങളെന്നു…

മറുപടി രേഖപ്പെടുത്തുക