വാങ്മനസാതിവിദൂരൻ

ഹേമാമോദസമാ – ഭാഗം രണ്ട്

ഡോ. ഏവൂര്‍ മോഹന്‍‌ദാസ്

June 20, 2012

നമുക്ക്‌ നളചരിതത്തിലെ പ്രേമത്താമരയിലേക്ക്‌ തിരിച്ചുപോകാം. ഈ അനുരാഗകഥയിലെ നായകനായ നളന്‍ ആരായിരുന്നു ? ‘നളചരിതം’ പുറപ്പാട്‌ പദത്തില്‍ നളനെ അവതരിപ്പിക്കുന്നത്‌

‘ആസീല്‍ പുരാ പരമപാവനകീര്‍ത്തിഭൂമാ
നാകോപമേ നിഷധനിവൃതി നീതിശാലീ
രാജോ രതീശസുഭഗോ ജഗദേകവീരഃ
ശ്രീ വീരസേനതനയോ നളനാമധേയഃ’

(സകലരേയും പരിശുദ്ധരാക്കുന്ന കീര്‍ത്ത്യതിശയമുള്ളവനും നീതിമാനും കാമദേവനെപ്പോലെ സുന്ദരനും ലോകത്തിലെ മികച്ച വീരനുമായി വീരസേനന്റെ പുത്രനായി നളന്‍ എന്നു പേരുള്ള ഒരു രാജാവ്‌ പണ്ട്‌ സ്വര്‍ഗ്ഗത്തിനൊത്ത നിഷധരാജ്യം വാണിരുന്നു) എന്നാണ്‌. തുടര്‍ന്നു വരുന്ന പദങ്ങളില്‍ നിന്നും നളന്‍ ലോകത്തിന്റെ കരള്‍ കവരുന്ന സുന്ദരശരീരത്തിനുടമയും, പ്രസിദ്ധന്മാരായ മന്ത്രിമാരോടു കൂടിയവനും, അറിവിന്റെ കടലും, ഭൂമിയുടെ ഭരണം വ്രതമായി കൈക്കൊണ്ടവനും, കലിബാധയകറ്റുന്ന ഔഷധവും, ഇന്ദ്രനെപ്പോലെ പരാക്രമശാലിയും, വിഷ്ണുവിന്റെയും ശിവന്റെയും പാദങ്ങളെ ആരാധിക്കുന്നവനും, വാക്കു കൊണ്ടു വര്‍ണ്ണിപ്പാനോ, മനസ്സു കൊണ്ടു നിര്‍ണ്ണയിപ്പാനോ കഴിയാത്ത ഗുണഗണങ്ങള്‍ക്കുടമയും ആയിരുന്നു എന്നു കാണാം.

‘ഊര്‍ജ്ജിതാശയ ! പാര്‍ത്ഥിവ ! തവ
..
ഉപമാ നഹി തവ മൂന്നുലകിലും’

എന്നു തുടങ്ങുന്ന ഗംഭീര പദാവലികളിലൂടെ നളന്റെ ഗുണമഹിമകളുടെ ഒരു ഭണ്ഡാരം തന്നെ ‘നളചരിതം ഒന്നാം ദിവസ’ത്തില്‍ ഹംസം നമ്മുടെ മുമ്പില്‍ തുറന്നിടുന്നുണ്ട്‌.

തന്റെ പുരികക്കൊടിയുടെ ഇളക്കം കൊണ്ട്‌ ഭൂമിയെ ഭരിക്കുന്ന പ്രതാപവാനായ രാജാവാണ്‌ നളനെന്ന് ഹംസം പറയുന്നുണ്ട്‌ (“ഭൂതലമഖിലം ഭൂലതികാ പരിപാതി നൃപാധിപ, തേ..”). പക്ഷേ ഈ വീരശൂരപരാക്രമിയായ നളമഹാരാജാവിനെയല്ല ‘കുണ്ഡിനനായക നന്ദിനി’ എന്ന ആത്മഗതത്തില്‍ നാം കാണുന്നത്‌. ‘വിധുമുഖിയുടെ രൂപമധുരത കേട്ട്‌ വിധുരത വന്ന് കൃത്യചതുരത പോയ’ ഒരു സാധാരണ കാമുകനേ ഉള്ളൂ അവിടെ. പ്രജാക്ഷേമതല്‍പരനായ ഒരു മഹാരാജാവിന്‌ ഇത്‌ ചേര്‍ന്നതാണോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌. പക്ഷേ ‘വൃന്ദാരകന്മാര്‍ക്കു പോലും മോഹം ഉദിപ്പിച്ച’ ഒരു ഭൂലോകസുന്ദരിയാണ്‌ നളന്റെ കൃത്യചതുരതാലോപത്തിന്‌ ഹേതു എന്നു കാണുമ്പോള്‍ നമുക്ക്‌ അദ്ദേഹത്തിനോട്‌ പരിഭവത്തിനു കാരണമില്ല. രാജാവാണെങ്കിലും നളനും ഒരു പച്ചമനുഷ്യന്‍ തന്നെ. മാനുഷികമായ വികാരങ്ങള്‍ക്ക്‌ അടിമപ്പെടുക സ്വാഭാവികം മാത്രം.

‘വചനാകൗശലേന കാമിനീമാര്‍മണിയെ
വശഗയാക്കി മമ തരിക സഖേ നീ’

എന്നു നളമഹാരാജാവ്‌ ഹംസത്തിനോട്‌ യാചിക്കുന്നത്‌ കാണുമ്പോള്‍ ഇദ്ദേഹം ദമയന്തിയില്‍ എത്രമാത്രം അനുരക്തനായിരുന്നു എന്നു നമുക്ക്‌ മനസ്സിലാക്കാം.

ദമയന്തിയെ മനസ്സില്‍ താലോലിച്ചു കൊണ്ടു നടക്കുമ്പോഴാണ്‌ ആ സൗന്ദര്യധാമത്തെ ‘വേള്‍പ്പതിനുള്ള താല്പരിയം’ ഇന്ദ്രാദികള്‍ നളനോട്‌ പറഞ്ഞത്‌. എന്നു മാത്രമല്ല ഈ ‘താല്പരിയം’ നളന്‍ തന്നെ ചെന്ന് ദമയന്തിയെ അറിയിക്കണം പോലും! ആര്‍ക്കാണെങ്കിലും പറഞ്ഞവരോട്‌ നീരസവും ദ്വേഷവും തോന്നേണ്ട കാര്യമാണിത്‌. പക്ഷേ നളന്‍

‘ഭൈമീകാമുകനല്ലോ ഞാനും
ദേവസ്വാമികളേ കരുണ വേണം’

എന്നൊരപേക്ഷ നടത്തി നോക്കിയതല്ലാതെ മറ്റൊരു വിരോധഭാവവും ഇന്ദ്രാദികളോടു കാട്ടിയില്ല. എന്നു മാത്രമല്ല അവരുടെ ആഗ്രഹം പോലെ ആ ‘താല്പരിയം’ ദമയന്തിയെ ഒരു ദൂതഭാവത്തില്‍ തന്നെ അറിയിക്കുകയും ചെയ്തു. ദേവന്മാരുടെ ദൂതനാകുന്നതില്‍ തെറ്റില്ല എന്ന് മനുഷ്യനായ നളന്‍ ചിന്തിച്ചിരിക്കണം. നളന്റെ ധര്‍മ്മനിഷ്ഠയ്ക്കുള്ള ഒരു ഉത്തമോദാഹരണമാണിത്‌.

വീരശൂര പരാക്രമിയായ നളന്‍ ദമയന്തിയെക്കുറിച്ചുള്ള ചിന്തകളില്‍ എത്ര മാത്രം മങ്ങിമയങ്ങിപ്പോയി എന്നു നമ്മള്‍ കണ്ടതാണ്‌. ഇനി രണ്ടാം ദിവസത്തിലെ ‘കുവലയവിലോചനേ’ മുതല്‍ ‘ദയിതേ’ വരെയുള്ള പദങ്ങളും ശ്ലോകങ്ങളും അവലോകനം ചെയ്താല്‍ നളമഹാരാജാവിന്‌ രാജ്യഭരണം മാത്രമല്ല, ഒരു പുതുമണവാളന്റെ ഉടുപ്പും നന്നായി ചേരും എന്നു മനസ്സിലാകും.

പുഷ്കരനോട്‌ ചൂതില്‍ തോറ്റ്‌, വനപ്രദേശത്ത്‌ നായാടിയെപ്പോലെ അലയുമ്പോല്‍ നളന്‍ നടത്തുന്ന

‘അന്തകവൈരി പദചിന്തന കുറകയോ
ബന്ധമെന്തെനിയ്ക്കേവം സന്താപം വരുത്തുവാന്‍’

എന്ന വിലാപത്തില്‍ നിന്നും അദ്ദേഹത്തിന്റെ കറ കളഞ്ഞ ഈശ്വരഭക്തിയാണ്‌ വെളിപ്പെടുത്തുന്നത്‌. ഭൈമീ പരിണയത്തിനു ശേഷം വിഷയാസക്തനായിട്ട്‌ ശ്രീ പരമേശ്വരന്റെ കാലടികളെ ചിന്തിക്കുന്നതില്‍ വന്ന ഉദാസീനതയായിരിക്കുമോ തന്റെ ഈ ദുഃഖാവസ്ഥയ്ക്കു ഹേതു എന്നാണ്‌ നളന്‍ ചിന്തിക്കുന്നത്‌. തികഞ്ഞ ഒരു ഈശ്വരഭക്തനു മാത്രമേ ഇവ്വിധം ചിന്തിക്കാന്‍ കഴിയൂ.

ആ ‘ഘോരവിപിന’ത്തിലെ സഞ്ചാരത്തിനിടയില്‍ വനഭംഗികളുമായി താദാത്മ്യം പ്രാപിക്കുകയും ആ ഉള്‍ക്കാഴ്ചയില്‍ കൂടി ശുഭ്രമായ വനഭംഗികളേയും ദുരിതപൂര്‍ണ്ണമായ നഗരജീവിതത്തേയും താരതമ്യപ്പെടുത്തുന്നതും കാണുമ്പോള്‍ ഉണ്ണായിവാര്യരുടെ നളന്‍ ഒരു തത്വചിന്തകന്റെ തലത്തിലേക്ക്‌ ഉയരുന്നതായാണ്‌ അനുഭവപ്പെടുന്നത്‌.

ദമയന്തിയോടുള്ള നളന്റെ അളവില്ലാത്ത സ്നേഹത്തിന്റെയും ആത്മാര്‍ത്ഥതയുടേയും ശീതളരശ്മികളാണ്‌ നളചരിതം മൂന്നാം ദിവസ പദങ്ങളില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത്‌. ‘ലോകപാലന്മാരെ’ എന്നു തുടങ്ങുന്ന പദത്തില്‍ ലോകപാലന്മാരോട്‌ നളന്‍ യാചിക്കുന്നത്‌ തന്റെ പതിദേവതയ്ക്ക്‌ ദുഃഖം വരുത്തരുതേ’ എന്നാണ്‌. അത്യാപത്തില്‍ കിടന്നു നീറുമ്പോഴും നളന്റെ മനസ്സു മുഴുവന്‍ ദമയന്തിയും അവളെക്കുറിച്ചുള്ള വേവലാതികളുമാണ്‌. ‘ഇന്ദുമൗലീഹാര’മായ കാര്‍ക്കോടകനോടുള്ള പ്രാര്‍ത്ഥനയിലും തന്റെ പ്രാണനാഥയുമായി ‘മുന്നേപ്പോലെ മന്ദിരത്തില്‍ ചെന്നു വാഴാനു’ള്ള ഉല്‍ക്കടമായ അഭിവാഞ്ഛയാണ്‌ പ്രകടമാക്കുന്നത്‌.

സാകേതത്തില്‍ ഋതുപര്‍ണ്ണരാജാവിന്റെ സൂതനായി കഴിയവേ ഒരു നാള്‍ നളന്‍ നടത്തുന്ന ‘വിജനേ ബത’ എന്ന ഹൃദയഭേദകമായ വിലാപം ആരുടെ കരളാണ്‌ അലിയിക്കാത്തത്‌ ?

“പ്രിയേ, നിന്നെ ഞാന്‍ കാട്ടില്‍ വിട്ടു പോന്നിട്ട്‌ നിന്റെ ഗതി പിന്നെന്തായി? ചെന്നായ്‌ മുതലായ ദുഷ്ടമൃഗങ്ങളുള്ള കൊടുംകാട്ടില്‍ നിന്നെ രക്ഷിക്കാന്‍ ആരുണ്ട്‌ ? അതോ ഏതെങ്കിലും വിധത്തില്‍ നീ ബന്ധുഗൃഹത്തില്‍ എത്തപ്പെട്ടോ ? നിനക്കു വിശപ്പുമാറ്റാന്‍ കാട്ടില്‍ എന്തെങ്കിലും കിട്ടിയോ ?

ആര്‍ക്കറിയാം? എന്തായാലും നീ ചെയ്തിട്ടുള്ള സല്‍ക്കര്‍മ്മങ്ങളും നിന്റെ കറതീര്‍ന്ന വിഷ്ണുഭക്തിയും പാതിവ്രത്യനിഷ്ഠയും സദാചാരതല്‍പ്പരതയും നിനക്കെന്നും എവിടെയും തുണയായിരിക്കും എന്നെനിയ്ക്കുറപ്പുണ്ട്‌.”

ഈ പുണ്യവാന്‌ എത്ര വിശ്വാസമാണ്‌ സ്വന്തം ഭാര്യയെ? ആരായിരുന്നു നളന്‍ എന്നറിയണമെങ്കില്‍ നാം വീണ്ടും നമുക്കു ചുറ്റുമുള്ള സമൂഹത്തിലേക്കു തിരിഞ്ഞുനോക്കിയാല്‍ മതി. പരപുരുഷന്റെ മുഖത്ത്‌ അറിയാതെങ്കില്‍ പോലും ഒന്നു നോക്കിപ്പോയാല്‍ അതിലും ഭാര്യയുടെ ചാരിത്രഭംഗം ദര്‍ശിക്കുന്ന മനോരോഗികളായ പല ഭര്‍ത്താക്കന്മാരെയും നമുക്കവിടെ കാണാം. നമുക്ക്‌ നളനിലേക്കു തിരിച്ചു പോകാം. ദമയന്തിയുടെ രണ്ടാം വിവാഹവാര്‍ത്തയറിഞ്ഞ്‌ നളന്‍ ചിന്തിക്കുന്നത്‌

‘അതൊഴികെ അനുചിതമൊരുനാളും
അപഥിഷുമതിഗതി അവള്‍ക്കില്ല
അതിപരിചിതമെനിക്കവള്‍ ശീലം;
അലമലമതിചല വിലപിത വിലസിതമിതു നൂനം’

എന്നു മാത്രമാണ്‌. അങ്ങേയറ്റം ദുഃഖഭാരം പേറുന്ന ദമയന്തി, ഏറ്റവും ചാഞ്ചല്യത്തോടു കൂടിയ വിലാപത്തില്‍ ഫലമായി ‘മറ്റൊരാളെ വരിക്കാം’ എന്നു വെറുതെ ഒന്നു പറഞ്ഞിരിക്കാം. അതില്‍ കൂടുതലായി വലിയ കഴമ്പൊന്നും ആ വാര്‍ത്തയില്‍ കാണില്ല എന്നു നളന്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌ ‘അതിപരിചിതമെനിയ്ക്കവള്‍ ശീലം’ എന്നു പറയുന്നത്‌. എനിയ്ക്കറിയാത്തവളാണോ എന്റെ ഭാര്യ അവളുടെ മനസ്സും ? ഹാ ദമ്പതികളെ ! നളചരിതം മനസ്സിരുത്തി രണ്ടാവര്‍ത്തി വായിക്കൂ. എന്നാല്‍ പിന്നെ വിവാഹമോചനവും കുടുംബകോടതിയും ഒന്നും ഈ നാട്ടില്‍ ഇനി വേണ്ടി വരില്ല !

തന്നെ ക്രൂരനായി ഉപദ്രവിച്ചവനെങ്കിലും കലിയെ, നളന്‍ വധിയ്ക്കാതെ വിട്ടയയ്ക്കൂന്നതു കാണുമ്പോള്‍ നളന്‍ ഒരു ദയാലു ആണെന്നു മനസ്സിലാക്കാം. ആ ക്ഷമ കൊടുക്കലിനിടയിലും

‘ജനത്തിനി നിന്‍ ബാധയരുതേ
യഥാകാലമഥവായഥാരുചി
വിവൃത്തനാകിലും സുവൃത്തകാരികളൊ-
രുത്തരെയും ഉപദ്രവിക്കൊലാ;’

എന്നു കലിയെ താക്കീതു ചെയ്യുന്നതില്‍ നിന്നും നളന്‍ ദയാലു മാത്രമല്ല, ജനക്ഷേമതല്‍പരനായ ഒരു നല്ല ഭരണാധിപനും മനുഷ്യനും ആണെന്നു കൂടി കാണാം. തന്റെ പ്രാണനാഥനെ എങ്ങിനെയെങ്കിലും കണ്ടുപിടിക്കാനായി താന്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഒരു നാടകം മാത്രമായിരുന്നു ‘രണ്ടാം സ്വയംവരം’ എന്ന വാര്‍ത്ത എന്ന ഭൈമിയുടെ സത്യസന്ധമായ വാക്കുകള്‍ കേട്ടിട്ടൊന്നും കലിയടങ്ങാതെ

‘അഭിലാഷം കൊണ്ടു തന്നെ ഗുണദോഷം വേദ്യമല്ല;
..
തരുണീ നാം മനസ്സില്‍ മേവും കുടിലങ്ങള്‍ ആരറിഞ്ഞു?’

എന്നും ‘രതിരണവിഹരണ വിതരണചരണനാ’യ ആ ഋതുപര്‍ണ്ണരാജാവിനോടൊപ്പം നീ പോയി വസിക്ക എന്നും മറ്റുമുള്ള പരുഷവാക്കുകള്‍ പ്രയോഗിക്കുന്ന നളനോട്‌ ആദ്യം നമുക്കല്‍പം ഈര്‍ഷ്യ തോന്നാം. പക്ഷേ അദ്ദേഹം കടന്നുപോയ അങ്ങേയറ്റം കഷ്ടകരവും സങ്കടകരവുമായ അവസ്ഥകളെ ഒന്നാലോചിച്ചു നോക്കുമ്പോള്‍ മറിച്ചു ചിന്തിക്കുവാനേ നമുക്കു കഴിയൂ. ‘എനിയ്ക്കറിയാത്തവളാണോ എന്റെ ഭാര്യയും അവളുടെ മനസ്സും’ എന്ന് അല്‍പം മുമ്പു വരെ ചിന്തിച്ചിരുന്ന ആ നളന്‍ തന്നെയാണ്‌, ഈ പരുഷവാക്കുകള്‍ പറയുന്നതെന്നു കാണുമ്പോള്‍ അത്‌ ആത്മാവില്‍ നിന്നുയരുന്ന ക്രുദ്ധവചനങ്ങളല്ല, മറിച്ച്‌ താനനുഭവിച്ച സങ്കടാവസ്ഥകളില്‍ നിന്നുളവായ ഒരു വികാരവിസ്ഫോടനം മാത്രമായിരുന്നു എന്നു മനസ്സിലാക്കാം. അതുകൊണ്ടു തന്നെയാണ്‌ വൈകാരികത നിറഞ്ഞ ആ സന്ദര്‍ഭത്തില്‍ ആ ദിവ്യമായ ഇടപെടല്‍ ഉണ്ടായതും നളനും ദമയന്തിയും വീണ്ടും ഒന്നാകാന്‍ കഴിഞ്ഞതും. സ്നേഹിക്കുന്നവരെ പിരിക്കാന്‍ ദൈവത്തിനു പോലും കഴിയില്ല. അങ്ങനെ നിര്‍മ്മലപ്രേമത്തിന്റെ സ്വര്‍ണ്ണത്താമര വീണ്ടും പ്രശോഭിതമായി.

സമസ്തസൗന്ദര്യങ്ങളോടും വിടര്‍ന്നുല്ലസിച്ച്‌ ശാന്തശീതളമായ പ്രേമഗന്ധം പരത്തി പ്രശോഭിക്കുന്ന ഈ ‘നളചരിത താമര’യുടെ മണം ആസ്വദിക്കാന്‍ നമ്മുടെ നാസാരന്ധ്രങ്ങള്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ ! ഉത്തമസാഹിത്യകൃതികള്‍ അനുവാചകന്റെ ആത്മോല്‍ക്കര്‍ഷത്തിനും സാമൂഹ്യനന്മയ്ക്കും ഉപകരിക്കും എന്നതിന്‌ ഉത്തമദൃഷ്ടാന്തം കൂടിയാണ്‌ ‘നളചരിതം ആട്ടക്കഥ’.

‘സാഹിത്യപോഷിണി’യില്‍ ഈ ലേഖന പരമ്പര വന്നപ്പോള്‍ അതിനെ സംബന്ധിച്ചു കൊണ്ട്‌ പ്രശസ്ത സാഹിത്യകാരനായ ശ്രീ പി. നാരായണ കുറുപ്പ്‌ എഴുതിയ കുറിപ്പും ഇതിനോടൊപ്പം ചേര്‍ക്കുന്നു.

പ്രേമത്താമരയെപ്പറ്റി

പി. നാരായണക്കുറുപ്പ്‌

സാഹിത്യപോഷിണിയില്‍ ഈ ചര്‍ച്ച ഉന്നയിച്ച ഡോ. ഏവൂര്‍ മോഹന്‍ദാസിന്‌ അഭിനന്ദനം. സാഹിത്യസൗരഭം കണ്ടെത്താനുള്ള നിഷ്ഠ ഇക്കാലത്ത്‌ എത്ര വിരളം !

പെണ്ണിനൊരാണിനൊരു പ്രേമതാമരയ്ക്കിന്നു
കന്ദര്‍പ്പന്‍ വേണമല്ലോ കന്ദം സമര്‍പ്പയിതും

എന്നാണ്‌ കവിതാഭാഗം. സാഹിത്യദൃഷ്ട്യാ ധ്വനിയുടെ സൗഭാഗ്യം ശ്രദ്ധേയമാണ്‌. താമര, സൃഷ്ടിയുടെ ആസ്ഥാനമാണ്‌. ബ്രഹ്മാവിന്റെ പീഠമാകയാല്‍ സരസ്വതിയുടെ (കലയുടെ)യും ഉല്‍ഭവകേന്ദ്രമാണ്‌. പെണ്ണിന്‌ ആണിനോടുള്ള മമതാബന്ധം, ജൈവനൈരന്തര്യത്തിനും ജീവിതത്തെ കലാസുന്ദരമാക്കുക, കലാസൗന്ദര്യത്തിലൂടെ ബ്രഹ്മാനുഭൂതിയില്‍ എത്തിക്കുക, എന്നിങ്ങനെ മാനുഷികവൃത്തിയുടെ സാക്ഷാല്‍ക്കാരത്തിന്‌ ആവശ്യമാകുന്നു എന്ന് അര്‍ത്ഥം ഗ്രഹിക്കാം.

രംഗകലയില്‍ ഈ സാഹിത്യം പ്രയോഗിക്കുമ്പോഴാണ്‌ വിഷമം. ‘പ്രേമതാമര’ (പ്രേമം ആകുന്ന താമര) രൂപകാലങ്കാരമാണ്‌. ‘പ്രേമത്തിനു തുല്യമായ താമര’ എന്നേ അഭിനയത്തിലും മുദ്രയിലും കാണിക്കാന്‍ പറ്റൂ. താമരയെ സംബന്ധിച്ച്‌ മുന്‍പറഞ്ഞ അര്‍ത്ഥവ്യാപ്തിയാകട്ടെ, അഭിനയിച്ചു കാണിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഒരു നടനും അതിനു ശ്രമിച്ചിട്ടുമില്ല. പ്രേമം അഭിനയിച്ചു കാണിക്കും. തുടര്‍ന്ന് താമര മേല്‍പോട്ട്‌ വളര്‍ന്ന് പൂ വിടരുന്നത്‌ കാണിക്കും. പ്രേമമാകുന്ന താമര എന്ന് സദസ്യര്‍ അനുമാനിച്ചു കൊള്ളണം. ബാക്കിയുള്ള ഭാഗമാണ്‌ കൂടുതല്‍ ദുര്‍ഘടം. കന്ദര്‍പ്പന്‍ (കാമദേവന്‍) വിത്തു കൊണ്ടു വന്ന് ഹൃദയത്തില്‍ നിക്ഷേപിക്കേണ്ടതായിട്ടുണ്ട്‌ എന്ന കവിസങ്കല്‍പ്പം എങ്ങിനെ അരങ്ങില്‍ കാണിക്കും? കന്ദര്‍പ്പന്‍ പഞ്ചബാണം തൊടുത്തു വിടുന്നതിനേ ചിട്ടയുള്ളു. ഇവിടെ പഞ്ചബാണം ഇല്ല. മല്‍സ്യമുദ്രയിലൂടെ പഞ്ചബാണനെ കാണിക്കും. അതു മനസ്സിലാകും. അയാള്‍ വിത്തു കൊണ്ടുവരുന്നതോ നിക്ഷേപിക്കുന്നതോ നൃത്തത്തിന്റെ ചിട്ടയില്‍ പെടുന്ന കാര്യമല്ല. ഇപ്പോള്‍ പല നടന്മാരും കാണിക്കുന്നത്‌ (അല്‍പം പരിഭവത്തോടെ) “എടാ കന്ദര്‍പ്പാ, നീ എളുപ്പം വിത്ത്‌ (കല്ല് എന്ന മുദ്ര) ഇവിടെ കുഴിച്ചിടുക” എന്നാണ്‌. കാല്‍ കൊണ്ട്‌ ചവുട്ടി വിത്ത്‌ താഴ്ത്തുന്നതായിട്ടാണ്‌ കാണിക്കുന്നതും. ഇത്‌ തീരെ ഉചിതമല്ല. കാലുകൊണ്ടുള്ള വിത്തുനടീല്‍ എങ്ങുമില്ല. നൃത്തചലനത്തിന്‌ അത്‌ ഇണങ്ങുകയുമില്ല. കവി വിവക്ഷ അനുസരിച്ചാണെങ്കില്‍ പുണ്യവസ്തുവെപ്പോലെ ഒരു താലത്തില്‍ വിത്തു വഹിച്ച്‌ അത്‌ തടാകത്തില്‍ സമര്‍പ്പിക്കണം. ആ വിത്ത്‌ മുളച്ച്‌ നാമ്പിട്ടു വളര്‍ന്ന് ജലോപരി വികസിക്കണം. നളചരിതം ഒന്നാം ദിവസം ആടാന്‍ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ 60 കൊല്ലമേ ആയിട്ടുള്ളു. മാത്തൂര്‍ കുഞ്ഞുപ്പിള്ളപ്പണിക്കരുടെ ചിട്ടയാണ്‌ പിന്തുടരുന്നത്‌. കലാമണ്ഡലം കൃഷ്ണന്‍ നായരും മാങ്കുളവും അതില്‍ മാറ്റമൊന്നും വരുത്തിയില്ല. കാലപ്രമാണത്തിനകത്ത്‌ (താളവട്ടത്തില്‍ കൊള്ളിച്ച്‌) ഇതില്‍ കൂടുതല്‍ കാണിക്കാന്‍ വയ്യെന്നാണെങ്കില്‍ കാലു കൊണ്ടുള്ള വിത്തിടീല്‍ (കരയില്‍ അല്ലല്ലൊ താമര വിതയ്ക്കേണ്ടത്‌) മാറ്റി ജലത്തില്‍ സമര്‍പ്പിക്കുന്ന മട്ടില്‍ ആക്കാവുന്നതാണ്‌.

സാഹിത്യത്തിന്റെ ധ്വനിസൗന്ദര്യം കാട്ടാനുള്ള അവസരം പദം ആടിക്കഴിഞ്ഞുള്ള ഇളകിയാട്ടത്തിലാണ്‌ ഉണ്ടാവുക. ഇളകിയാട്ടത്തിന്റെ ഉദ്ദേശ്യം തന്നെ ഇതാണ്‌. എന്നാല്‍ ഇന്ന് ഇളകിയാട്ടത്തില്‍ നായികയെ അംഗപ്രത്യംഗം വര്‍ണ്ണിച്ച്‌ നായകന്‍ രോമാഞ്ചം കൊള്ളുന്നതും, സാങ്കല്‍പ്പിക സംഭോഗ ശൃംഗാരത്തില്‍ കാമോദ്വേഗം പ്രകടിപ്പിക്കുന്നതും മാത്രമാണ്‌ കാണുന്നത്‌. താമര അവിടെ സൗകര്യപൂര്‍വ്വം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അതായത്‌ സാഹിത്യഭംഗി പകുതിയിലേറെ രംഗത്ത്‌ ചോര്‍ന്നുപോകുന്നു. ശ്രദ്ധിച്ചാല്‍ ഈ നഷ്ടം പരിഹരിക്കാവുന്നതു മാത്രമാണ്‌.

Similar Posts

  • അരങ്ങേറ്റം

    നന്ദകുമാർ ചെറമംഗലത്ത് June 4, 2011 കഥകളി അതിസങ്കീര്‍ണവും കഠിനവുമെന്ന വാദം നിരത്തി ദുരെ മാറി നില്‍ക്കുന്നവര്‍ക്ക്‌ അരങ്ങത്തേയ്ക്ക്‌ ഒന്നെത്തിനോക്കാനെങ്കിലും പ്രചോദനമാവട്ടെ എന്ന സദുദേശത്തിന്റെ പരിണാമ ഫലമാണ്‌ ഈ അരങ്ങേറ്റം. അതിപ്രഗല്‍ഭരായ പലരും തങ്ങളുടെ രചനകളിലൂടെ ഉല്‍ഘോഷിച്ചത്‌ വായിക്കാന്‍ തെല്ലും സമയം ലഭിക്കാത്ത ഏതെങ്കിലും ഒരു ‘കളിഅരസികന്‍’ ഇതുവായിച്ച്‌ കളികാണാന്‍ താല്‍പര്യപ്പെടുമെന്ന ആത്യാഗ്രഹവും ഇല്ലാതില്ല. ‘കഥ’യും ‘കളി’യും ഇഴപിരിയാതെ കിടക്കുന്ന കഥകളിയിലെ കഥകള്‍ ഏതൊരു മലയാളിക്കും സുപരിതങ്ങളാവേണ്ടതാണ്‌. ഇനി ‘കാല വിഷമം കൊണ്ട’ു‍ അത്‌ സാധിക്കാത്തവര്‍ കഥയറിഞ്ഞ്‌…

  • മത്തവിലാസം കഥകളി

    സുരേഷ് കുമാർ ഇ.ബി/രേണുക വര്‍മ്മ/മോഹന്‍ കുമാര്‍ പി. Monday, October 8, 2012 മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍…

  • |

    ഉത്സവ പ്രബന്ധം 2013

    ദുബായ് അന്തര്‍ദ്ദേശീയ കഥകളി & കൂടിയാട്ടം ഉത്സവം 2013 ഒരു ചെറിയ അനുഭവകുറിപ്പ് സുനിൽ മുതുകുറിശ്ശി December 13, 2013 ഉത്സവങ്ങളും പൂരങ്ങളും ഒന്നും എന്നെ പോലെ ഉള്ള പ്രവാസികള്‍ക്ക് അധികം തരമാവാറില്ല. അപ്പോള്‍ പിന്നെ കഥകളി കൂടിയാട്ടം എന്നിങ്ങനെയുള്ളവയുടെ കാര്യം പറയുകയേ വേണ്ട. ദുബായില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ കൂടിയാട്ടം & കഥകളി ഉത്സവത്തിനുപോകാന്‍ മുന്നേ തന്നെ മനം ഉണ്ടായിരുന്നു. കളിക്കാരും കാണികളും പ്രവാസികളായ ഒരു ഉത്സവം. അതിനാല്‍ തന്നെ കളി ഇല്ലാത്ത സമയത്ത് പലരുമായും ആശയവിനിമയം നടത്താന്‍…

  • |

    ഒക്ടോബര്‍ ഒമ്പത് – ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്….

    എം.കെ. അനിയന്‍ October 8, 2013 കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന “കുറുപ്പ്സംഗീതം” അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി. കാല്‍നൂറ്റാണ്ടിനുശേഷവും ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതത്തെ അന്വേഷിക്കുകയും, ആസ്വദിക്കുകയും, ആരാധിയ്ക്കുകയും ചെയ്യുന്നവരില്‍ പുതു തലമുറയില്‍പ്പെട്ടവരും ഉണ്ടെന്നത്…

  • |

    നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ

    ശ്രീചിത്രൻ എം. ജെ. March 12, 2013 കളിയരങ്ങിന്റെ ഒരു മഹാചരിത്രഘട്ടം പര്യവസാനിച്ചു. കഥകളികാലകാളിന്ദിയിലെ  ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്‌ഠവും, അവസാനത്തേതുമായ കണ്ണി. ഈ വിയോഗത്തോടെ ധനാശിയേൽക്കുന്നത് ഒരു ആചാര്യനല്ല, അനന്യസാധാരണമായിരുന്ന ഒരു ബൃഹദ്‌പാരമ്പര്യത്തിനാണ്. കഥകളിയുടെ പുതിയ ഭാവുകത്വം തന്നെ പുനർനിർമ്മിച്ച ആ മഹാരഥികളുടെ തിരുശേഷിപ്പായി ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന് ആശ്വസിയ്ക്കാൻ ഇനി രാമൻകുട്ടിനായരുടെ ജീവൽസാനിദ്ധ്യമില്ല. കാലത്തിന്റെ പെരുംകോപ്പറയിലേക്കു മറഞ്ഞ ആ യുഗപ്പെരുമാളിനു മുന്നിൽ സ്മരണാഞ്ജലികൾ ! എന്നാൽ,…

  • ദ്വിബാണീ സംഗമം

    ശ്രീവൽസൻ തീയ്യാടി August 19, 2017 കഥകളിയിലെ രണ്ടു പോയകാല വിപ്ലവ നാദശാഖകൾ ശാന്തമായി ഉൾച്ചേരുന്ന സംഗീതതടമാണ് പത്തിയൂർ ശങ്കരൻകുട്ടി. അരങ്ങിലെന്നപോലെ ഏറ്റമില്ലാത്തതാണ് ആ വ്യക്തിത്വും.ഇക്കൊല്ലം വർഷക്കാലം തുടങ്ങിയതിനു പിറ്റേ വാരത്തിൽ ഒരു കഥകളിപ്പദ സീഡി ഇറങ്ങുകയുണ്ടായി. പോയകാലത്തെ ഒരു സംഗീതജ്ഞൻറെ. രണ്ടുവർഷം മുമ്പ് അന്തരിച്ച കലാമണ്ഡലം ഗംഗാധരൻ അര ഡസൻ ആട്ടക്കഥകളിൽ പാടിയതിൻറെ ശ്രവ്യാൽബം. അതിൽ അവസാനം വരുന്നത് മംഗളരാഗമായ മദ്ധ്യമാവതിയാണ്. ആശാന് കൂടെപ്പാടിയിട്ടുള്ളത് കലാമണ്ഡലം ഹൈദരാലി. ‘മംഗളശതാനി’ എന്നവസാനിക്കുന്ന മേളപ്പദ ഭാഗം. പൊന്നാനി-ശങ്കിടിമാർ ഒരുപോലെ കൊഴുപ്പിക്കുന്നുണ്ട്…

മറുപടി രേഖപ്പെടുത്തുക