ഒരു കഥകളി യാത്രയുടെ ഓർമ്മ

ഓർമ്മയിലെ കളി അരങ്ങുകൾ – ഭാഗം 2

വി. പി. നാരായണൻ നമ്പൂതിരി

June 28, 2012 

വർഷം 1975-76. കളി കണ്ട ഓർമ്മയല്ല. കളി കാണാൻ ഉള്ള യാത്രയാണ്‌ ഓർമ്മയിൽ.

വൈക്കത്ത്‌ അടുത്ത്‌ വെള്ളൂർ (കേരള ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം) എന്ന സ്ഥലത്തോട്‌ ചേർന്ന്‌ തോന്നല്ലുർ എന്നൊരു ഗ്രാമം. അവിടെ ആക്യക്കാവ്‌ എന്ന ക്ഷേത്രത്തിൽ കളിയുണ്ട്‌ എന്ന്‌ കേട്ട്‌ ഒരു സുഹൃത്തിനോടൊപ്പം യാത്ര തുടങ്ങി. എന്റെ സ്ഥലത്ത്‌ നിന്നും ഏതാണ്ട്‌ 15-16 km ദൂരമുണ്ട്‌.. എനിക്കാണെങ്കിൽ അച്ഛൻ സ്ഥലത്തില്ലാത്തതിനാൽ പകരം ശാന്തിക്ക്‌ പോകണം. രാത്രി അത്താഴപൂജ കഴിഞ്ഞാണ്‌ യാത്ര. വെളുപ്പിനെ നാലര മണി ആവുമ്പോഴേക്കും ക്ഷേത്രത്തിൽ തിരിച്ചു ശാന്തിക്ക്‌ എത്തണം. ആ കാലത്ത്‌ സന്ധ്യ കഴിഞ്ഞാൽ ഈ പറഞ്ഞ സ്ഥലത്തിനടുത്തേക്ക്‌ വാഹന സൗകര്യം ഇല്ല. ഫലത്തിൽ ഈ ദൂരം മുഴുവൻ നടക്കുകയാണ്‌. എങ്കിലും പോവാൻ തീരുമാനിച്ചു.

ഏതാണ്ട്‌ പകുതി വഴി പിന്നിട്ടപ്പോൾ തുടർന്ന്‌ ഒരു പൂഴിയിട്ട നാട്ടുവഴിയാണ്‌ വെളിച്ചം തീരെയില്ല. അങ്ങിങ്ങ്‌ അകലെയായി ചില വീടുകളിലെ വിളക്കിന്റെ ചെറിയ വെളിച്ചം മാത്രം (ആദ്യമായാണ്‌ ഞാനും സുഹൃത്തും ഈ വഴി യാത്ര ചെയ്യുന്നത്‌).

കുറച്ചു ദൂരം ചെന്നപ്പോൾ ഞങ്ങൾ ആകെ പരിഭ്രമിച്ചു. ദൂരെ നിന്നും ഒരു തീ ഗോളം പോലെ എന്തോ വളരെ വേഗത്തിൽ പറന്നു വരുന്നത്‌ പോലെ. ഭയപ്പെട്ടില്ല എന്ന്‌ പറഞ്ഞാൽ തികഞ്ഞ അസത്യമാകും. എവിടേക്കും പോകാനാവാതെ മുൻപോട്ടു നടന്നു. അതാ അതടുത്തെത്തി. മറ്റൊന്നുമല്ല. രണ്ടു പേർ സൈക്കിളിൽ വരുകയാണ്‌. വെളിച്ചത്തിന്‌ വേണ്ടി പിന്നിലിരിക്കുന്ന ആൾ ചൂട്ടു കത്തിച്ചു പിടിച്ചിരിക്കുകയാണ്‌. ജീവിതത്തിൽ ഏറ്റവും അധികം ഇളിഭ്യനായതും പോട്ടിച്ചിരിച്ചതുമായ ഒരു സന്ദർഭം എങ്ങിനെ മറക്കാൻ.

റെയിൽവേ ലൈനിന്റെ സമീപം തന്നെയാണ്‌ കളി സ്ഥലം. തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നു. എങ്ങിനെ പാലം കടക്കും എന്ന ചിന്ത പേടിപ്പെടുത്തുന്നു.

നടന്നു വെള്ളൂർ എത്തി. അവിടെ നദിക്കു മുകളിലൂടെ ഒരു റെയിൽവേ പാലമുണ്ട്‌. കാൽ നടക്കാർക്ക്‌ നടക്കാൻ പ്രത്യേകമായി ഒന്നുമില്ല. ഇടവിട്ട്‌ കൈവരിയിട്ട കൂടുപോലെ ഓരോന്നുണ്ട്‌. ട്രാക്കിന്‌ നടുക്കുകൂടി നീളത്തിൽ പലക പോലെ സ്റ്റീൽ പ്ലേറ്റ്‌ പിടിപ്പിച്ചിട്ടുണ്ട്‌. അതിലൂടെ വേണം നടക്കാൻ. പാലത്തിൽ കയറി അൽപ്പം നടന്നപ്പോൾ ആണ്‌ അപകടം തിരിച്ചറിഞ്ഞത്‌. സ്റ്റീൽ പ്ലേറ്റ്‌ പലഭാഗത്തും പഴകി ദ്വാരം വീണിരിക്കുന്നു. മാത്രമല്ല അത്‌ ഉറപ്പിച്ചിരിക്കുന്ന ആണി ഇളകി വിട്ടിരിക്കുന്ന അവസ്ഥയും. ആ വഴി നടന്നു പരിചയം ഇല്ലാത്ത ഞങ്ങൾ മറുകരെ എത്തിയതിന്റെ ഓർമ്മ ഇന്നും ഭയപ്പെടുത്തുന്നു. കളി സ്ഥലത്തെത്തി. ഗോപി ആശാന്റെ നളനും ശിവരാമാശാന്റെ ദമയന്തിയും ഒന്നാം ദിവസമാണ്‌ കഥ. തുടർന്ന്‌ ദുര്യോധന വധം. പള്ളിപ്പുറം ഗോപാലൻ നായരാശാന്റെ ആണ്‌ ദുര്യോധനൻ. ഒരുവിധം നളചരിതം കഴിയും വരെ ഇരുന്നു. മനസ്സമാധാനത്തോടെ കളി കണ്ടില്ല. അവിടെ എത്തിയപ്പോൾ മുതൽ മടക്ക യാത്രയെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഓർമ്മകൾ. വെളുപ്പിനെ ശാന്തിക്ക്‌ എത്തണം. ഏതാണ്ട്‌ രണ്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ മടക്കയാത്ര തുടങ്ങി. റെയിൽവേ ലൈനിന്റെ സമീപം തന്നെയാണ്‌ കളി സ്ഥലം. തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നു. എങ്ങിനെ പാലം കടക്കും എന്ന ചിന്ത പേടിപ്പെടുത്തുന്നു. ഉത്സവപ്പറമ്പിൽ ഉറക്കം തൂങ്ങുന്ന ഒരു പീടികക്കാരനോട്‌ ഉടൻ തീവണ്ടി വല്ലതും കടന്നു പോകാനുണ്ടോ എന്നന്വേഷിച്ചു.. ഒന്ന്‌ വരാനുണ്ട്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കുറെ സമയം വണ്ടി കടന്നു പോകുന്നതും കാത്തു പാലത്തിനടുത്ത്‌ നിന്നു. വണ്ടി ഒന്നും വരുന്നില്ല. സമയം അധികരിക്കുന്നു. ക്ഷേത്രത്തിൽ നട തുറക്കാൻ എത്തണം.

എങ്ങിനെയോ കൈവന്ന ധൈര്യത്താലോ അധൈര്യത്താലോ ഞങ്ങൾ പാലത്തിൽ കയറി നടന്നു തുടങ്ങി. വെള്ളൂർ റയിൽവേ സ്‌റേഷനിൽ നിന്നാവാം വണ്ടിയുടെ ശബ്ദം പോലെ. ശരീരം വിറച്ചു തുടങ്ങി. നടന്നിട്ട്‌ നീങ്ങായ്ക. എന്റെ സുഹൃത്ത്‌ ഒരു ഉപായം നിർദ്ദേശിച്ചു. കുനിഞ്ഞു കൈകൾ രണ്ടും റെയിൽ പാളത്തിൽ പിടിച്ചു നാലുകാലിൽ നടക്കുക.. പിന്നെ ഒട്ടും സംശയിച്ചില്ല.രണ്ടാളും നാൽക്കാലികൾ ആയി പാലം കടന്നു.ഒരുവിധം സമയത്ത്‌ തന്നെ ക്ഷേത്രത്തിൽ എത്തി.

ഇത്ര കാലം കഴിഞ്ഞിട്ടും ആ യാത്ര ഓർമ്മയിൽ അങ്ങിനെ തെളിഞ്ഞു വരുന്നു.കളിയുടെ ഓർമ്മ മങ്ങിയും.

Similar Posts

  • നടകലിനളചരിതം

    കാവാലം നാരായണപ്പണിക്കര്‍ January 20, 2014 (കലിവേഷം എന്ന സ്വന്ത നാടകത്തിന് ഒരു മുഖവുര) ഉണ്ണായി വാര്യരുടെ പ്രഖ്യാതകൃതിയായ നളചരിതത്തെ കലി എന്ന കഥാപാത്രത്തിലൂടെയും, ആ കഥാപാത്രത്തിന്റെ ആവിഷ്‌കാരത്തിലൂടെയും പുനഃപരിശോധിക്കാന്‍ പുറപ്പെട്ടതിന്റെ അനുഭവമാണിവിടെ പരാമര്‍ശിക്കുന്നത്. അതാണ് കലിവേഷം എന്ന നാടകകൃതി. പ്രത്യേകിച്ചും ഭാരതീയമായ അഭിനയപ്രകാരങ്ങളെ കേരളീയരംഗശീലങ്ങളിലൂടെ എത്തിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിച്ച മനസ്സിന്റെ സര്‍ഗ്ഗാത്മകയാത്രയില്‍ പഴമയുടെ പുതുമയായി അടുങ്ങിവന്ന ഘടനയാണിവിടെ വിഷയം. കലികാലമാകയാല്‍ കലിയെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഫലമായാണ് നളചരിതത്തിന്റെ നടുക്കുറ്റി ആ കഥാപാത്രത്തില്‍തന്നെ കെട്ടിയിടാന്‍ തോന്നിയത്. അങ്ങനെയാണു കലിവേഷമെടുക്കുന്ന…

  • നളചരിതത്തിലെ പുഷ്ക്കരൻ

    ഹേമാമോദസമാ – 14 ഡോ. ഏവൂർ മോഹൻദാസ് November 14, 2013  നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം ‘നളോപഖ്യാന’ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം. നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): ‘വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം’  എന്ന് ചിന്തിച്ച കലി ‘ഭൈമിയൊത്തു നളൻ സുഖിക്കൊല’ എന്നു  മനസ്സിൽ  ഉറപ്പിച്ചു  ‘നീയും…

  • അരങ്ങേറ്റം

    നന്ദകുമാർ ചെറമംഗലത്ത് June 4, 2011 കഥകളി അതിസങ്കീര്‍ണവും കഠിനവുമെന്ന വാദം നിരത്തി ദുരെ മാറി നില്‍ക്കുന്നവര്‍ക്ക്‌ അരങ്ങത്തേയ്ക്ക്‌ ഒന്നെത്തിനോക്കാനെങ്കിലും പ്രചോദനമാവട്ടെ എന്ന സദുദേശത്തിന്റെ പരിണാമ ഫലമാണ്‌ ഈ അരങ്ങേറ്റം. അതിപ്രഗല്‍ഭരായ പലരും തങ്ങളുടെ രചനകളിലൂടെ ഉല്‍ഘോഷിച്ചത്‌ വായിക്കാന്‍ തെല്ലും സമയം ലഭിക്കാത്ത ഏതെങ്കിലും ഒരു ‘കളിഅരസികന്‍’ ഇതുവായിച്ച്‌ കളികാണാന്‍ താല്‍പര്യപ്പെടുമെന്ന ആത്യാഗ്രഹവും ഇല്ലാതില്ല. ‘കഥ’യും ‘കളി’യും ഇഴപിരിയാതെ കിടക്കുന്ന കഥകളിയിലെ കഥകള്‍ ഏതൊരു മലയാളിക്കും സുപരിതങ്ങളാവേണ്ടതാണ്‌. ഇനി ‘കാല വിഷമം കൊണ്ട’ു‍ അത്‌ സാധിക്കാത്തവര്‍ കഥയറിഞ്ഞ്‌…

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • ചില പ്രശസ്ത പദങ്ങളും രാഗങ്ങളും

    നന്ദകുമാർ ചെറമംഗലത്ത് June 5, 2011 പ്രധാന പദങ്ങളും രാഗവും. 1.0    ശങ്കരാഭരണം 1.        പ്രീതിപുണ്ടരുളുകയേ                                നളചരിതം ഒന്നാം ദിവസം 2.        കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ       നളചരിതം മൂന്നാം ദിവസം 3.        സൂതകുലാധമ നിന്നൊടിദാനീം             കീചകവധം 4.        പുണ്ടരീക നയന                 കിർമ്മീരവധം 5.        പാഞ്ചാലരാജ തനയേ                 കല്ല്യാണസൗഗധികം 6.  …

  • |

    ഓർമ്മകളുടെ സൗഭാഗ്യം

    ഏറ്റുമാനൂർ പി. കണ്ണൻ July 19, 2011 ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തിലാണ്‌. അതിഗംഭീരമായിക്കഴിഞ്ഞ ഒരു `നാലാംദിവസ`ത്തിനുശേഷം അണിയറയിലേയ്ക്കുവന്ന ശിവരാമനാശാന്‍ എന്നെ വിളിച്ചു പറഞ്ഞു, കുട്ടീ, എന്നെ ബസ്റ്റാന്റില്‍ കൊണ്ടുപോയി ബസ്സു കയറ്റി വിട്ടിട്ടേ പോകാവൂ, ട്ട്വോ? ഈ നിര്‍ദ്ദേശം വിദ്യാര്‍ത്ഥിയായ എനിക്കൊരു നിര്‍വൃതിയായിരുന്നു. കോട്ടയം കെ.എസ്‌.ആര്‍.ടി.സി.ബസ്സ്റ്റാന്റില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. ഉടന്‍ ബസ്സുകള്‍ ഒന്നും കണ്ടില്ല. ബസ്സ്റ്റാന്റിന്റെ ഉമ്മറത്തായി റോഡിനോടു ചേര്‍ത്ത്‌ ഉയര്‍ത്തിക്കെട്ടിയ ഒരു സിമന്റുതറയില്‍ ഇരിക്കാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. സാത്വികാഭിനയപൂര്‍ണ്ണമായ അര്‍ധോക്തികളായി…

മറുപടി രേഖപ്പെടുത്തുക