നരിപ്പറ്റ നാരായണന്‍ നമ്പൂതിരി

July 19, 2012

കുമാരൻ നായാരാശാനെ സ്മരിച്ച് കൊണ്ട് എന്ത് ചെയ്യാനും സന്തോഷമുണ്ട്. ഇതിപ്പോൾ കുമാരൻ നായരാശാൻ ചിട്ടപ്പെടുത്തിയ അഷ്ടകലാശം എന്ന നിലക്കാണ് ഞങ്ങളിപ്പോൾ ചെയ്യാറുള്ളത്. ഇത് വളരെ ശാ‍സ്ത്രീയമായി അനലൈസ് ചെയ്ത് രേഖപ്പെടുത്തിയിട്ടുള്ളത് സദനം ഹരികുമാറാണ്. ഞാൻ ഒരു പ്രയോക്താവാണ്. ഹരികുമാരൻ ഇതിനെ അനലൈസ് ചെയ്ത് ഒരു പക്ഷെ വീഡിയോ തന്നെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് എന്റെ അറിവ്. അതിന്റെ ഇടയിൽ കൂടെ എന്റെ പ്രയോഗിത്തിലൂടെ.. പരിചയത്തിലൂടെ ഉള്ള കാര്യങ്ങൾ ഞാൻ പറയാൻ ശ്രമിക്കാം.

ഞാൻ സദനത്തിൽ 1962ലാണ് പഠിക്കാൻ ചെല്ലുന്നത്. അപ്പോൾ കുമാരൻ നായരാശാൻ അവിടെ പ്രധാന അധ്യാപകനാണ്. ഞാൻ കാണുന്ന സമയത്ത് അദ്ദേഹം ശക്തിയായ ആസ്തമയുടെ വിഷമം കൊണ്ട് കട്ടിലിന്മേൽ മൂടിപ്പുതച്ച് ഇരിക്കുന്നതായാണ് കാണുന്നത്. മുന്നേ കണ്ടിട്ടുണ്ടാവാം. പക്ഷെ ചേർന്ന് സമയത്ത് അവിടെ എന്നെ കൂട്ടികൊണ്ടുപോകുമ്പോൾ ഞാൻ കണ്ടത് ഇങ്ങനെ ഒരു രൂപമാണ്. പിന്നെ കളരിയിൽ കാണുമ്പോഴത്തെ രൂപം വിശ്വരൂപം കാണുമ്പോഴത്തെ പോലെ ആണ് അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഗുരുനാഥനെ കാണുമ്പോൾ വിശ്വരൂപം കാണുന്നതുപോലെ എന്നൊരു വാക്കദ്ദേഹം കലാമണ്ഡലത്തിൽ വെച്ച് പറഞ്ഞത് ഞാൻ ഓർമ്മിക്കുകയാണ്. അതിലധികം ഒരു കാര്യം പറയാൻ നാവുപൊന്തികയില്ല. അഷ്ടകലാശത്തെ കുറിച്ചാണ് എനിക്ക് പറയാൻ തോന്നുന്നത്. അദ്ദേഹം ആ കാലത്ത് തന്നെയാണ് അതായത് 1962-64 കാലത്ത് തന്നെയാണ് കൂടുതൽ മനസ്സിരുത്തി സദനത്തിൽ കൂടുതൽ മാറ്റങ്ങളൊക്കെ വരുത്തി..ചുനങ്ങാട്ട് ഉള്ള കാലത്താണ് ഇത് അദ്ദേഹം രൂപമുണ്ടാക്കുന്നത്. അദ്ദേഹം സ്വയം ചെയ്യുന്നത്. പിന്നെ സദനത്തിൽ വന്നശേഷമാണ് കുറെ ആൾക്കാരെ ഞങ്ങളെ ചിലരെ ഒക്കെ പഠിപ്പിക്കലും അതിനു കുറച്ചുകൂടി അദ്ദേഹം ആഗ്രഹിക്കുന്ന മാതിരിയിലുള്ള മാറ്റങ്ങൾ വരുത്തിയതും. ആ കാലത്ത് ചമ്പതാളം പിടിച്ച് ഇരട്ടി ചെയ്യുക അതിൽ താളങ്ങൾ പിടിച്ച് പലകലാശങ്ങളും ചെയ്യുക ഒരു വല്യേ എക്സർസൈസ് ആയിരുന്നു. ചമ്പ മാത്രമല്ല ചമ്പടയും അടന്തയുമൊക്കെ മൂന്ന് കാലം നാല് കാലം ചൊല്ലിയിട്ട് അതിൽ കലാശങ്ങൾ ചൊല്ലുക ഒരു പക്ഷെ സദനത്തിൽ മാത്രമുള്ള ഒരു എക്സർസൈസ് ആയിരിക്കും വായ്ത്താരി പറഞ്ഞ് താളം പിടിച്ച് അതിൽ എനിക്ക് ധൈര്യമുണ്ടായത് ഞാൻ മുൻപ് സദനത്തിൽ വരുന്നതിനു മുൻപ് കാറൽമണ്ണ വെച്ച് പാട്ട് പഠിച്ചിരുന്നു മോഴികുന്നത്ത്,  ഗോപലാൻ നായരു പാറയുമൊക്കെ ആയുള്ള പാട്ട് ക്ലാസ്സ് ഉണ്ടായിരുന്നു. പാട്ട് ക്ലാസ്സിൽ താളം പിടിച്ച് അലങ്കാരം ചൊല്ലുക ഉണ്ടാവൂലോ.. അങ്ങനെ അലങ്കാരം ചൊല്ലുമ്പോ താളം പിടിക്കുന്നതിന്റെ ഇരട്ടിയായിട്ടാണ് നാവ് അല്ലെങ്കിൽ ശബ്ദം ഓടണ്ടത്. ആ ഒരു ശീലം കാരണം എനിക്ക് താളം പിടിച്ച് ഇരട്ടി ചെല്ലാൻ എവിടെന്നോ ഒരു കൂടുതൽ ധൈര്യം കിട്ടി. അപ്പോ ധാരാളമായിട്ട് അദ്ദേഹം എന്നെ ഉപയോഗിച്ച് അദ്ദേഹം എണ്ണങ്ങൾ ചൊല്ലിച്ചിരുന്നു. ചൊല്ലിയാടാൻ എനിക്കത്ര ധൈര്യം ആയിട്ടില്ല.  ഒരു സംഭവം മാത്രം പറയുകയാണ്. അവിടെ കുളിക്കാൻ അമ്പലക്കുളമാണ്. അവിടെക്ക് പോവുമ്പോൾ രാവിലെ കുളികഴിഞ്ഞ് മടങ്ങിവരുകയാണ് ഞാൻ രാവിലെ 8-8.30 സമയം ആയിക്കാണും. ആശാൻ കുളിക്കാൻ പോകുന്നതേ ഉള്ളൂ. അദ്ദേഹം നടന്ന് പോകുമ്പോ ആ വഴിക്ക് വെച്ച് എന്നെ പിടിച്ച് വെച്ച് ഒരെണ്ണം മുഴുവൻ പറഞ്ഞ് തന്നെ എന്നൊക്കൊണ്ട് ചൊല്ലിച്ചു. അദ്ദേഹത്തിന്റെ മനസ്സിൽ രാത്രി തോന്നിയ ചില കണക്കുകൾ ചൊല്ലിച്ച് അപ്പോൾ തന്നെ ഒരു രൂപം ഉണ്ടാക്കാൻ .. അതാണ് എനിക്ക് ഈ അഷ്ടകലാശത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം ഉള്ള ഓർമ്മ.

അങ്ങനെ ബാലകൃഷ്ണേട്ടനും കൃഷ്ണകുട്ടേട്ടനും രാമകൃഷ്ണേട്ടനും ഞാനും അങ്ങനെ ഞങ്ങൾ മൂന്നാലുപേരാണ് അതിന്മേൽ അന്ന്.. ഞങ്ങളെ ആണ് ഉപയോഗിച്ചിരുന്നത് ടൂൾസ് എന്ന് പറയാറില്ലേ? ഈ അഷ്ടകലാശരൂപീകരണത്തിൽ. അതാണ് പ്രധാന ഓർമ്മ.  പിന്നെ അദ്ദേഹത്തിന്റെ കൂടെ കുശലവന്മാരായി കുറച്ച് പ്രാവശ്യം സൌഗന്ധികത്തിൽ ഉള്ളതൊക്കെ ചെയ്യുന്നത് കാണൽ.. അങ്ങനെ ഇപ്പോ ഞങ്ങളൊക്കെ ചെയ്യാറുണ്ട്. ബാലകൃഷ്ണേട്ടൻ കുറെയധികം ചെയ്യാറുണ്ട്. ഞാനും സന്ദർഭം കിട്ടിയാൽ. സന്ദർഭം കിട്ട്യാൽ എന്നുപറയാൻ കാരണം അതിനു പറ്റ്യേ ചെണ്ടക്കാരാവണം. സദനത്തിൽ മന്നാടിയാരാശാന്റെ കാലത്താണ് തുടങ്ങുന്നത്. അദ്ദേഹം തന്നെ കലാമണ്ഡലത്തിലേക്ക് പോയശേഷം ശ്രദ്ധ പോയി. പിന്നെ വാസുദേവനും ശങ്കരനും (മട്ടന്നൂർ ശങ്കരൻ കുട്ടി) അങ്ങനെ വല്യെ ഒരു ഗ്രൂപ്പ്. അതുകഴിഞ്ഞിട്ട് ഗോപാലനടക്കമുള്ള ഇപ്പോഴത്തെ തലമുറ (രാമകൃഷ്ണൻ)..പിന്നെ വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾക്ക് വളരെ എളുപ്പത്തിൽ കൊട്ടും. കാരണം അവർക്ക് ഇത് പുതുമയൊന്നും ഇല്യ. കണ്ടും കേട്ടും ശീലിച്ചതാണ്. പുറമേ പോയാൽ സദനത്തിൽ ശീലിച്ച ചില ചെണ്ടക്കാർ. ഉദാ‍ഹരണത്തിന് ബലരാമൻ ഉണ്ണികൃഷ്ണൻ പിന്നെ കൃഷ്ണന്യ്കുട്ട്യേട്ടൻ ഇരിങ്ങാലക്കുട കുറെ കാലമുണ്ടായതു കൊണ്ട് കുഞ്ഞുണ്ണി തിരുവിതാംകൂറിലേക്ക് പോയാൽ കൃഷ്ണദാസൻ കുറൂർ ഇങ്ങനെ കുറെ പേർ ഇതിൽ സഹകരിക്കാൻ തയ്യാറുള്ളവരാണ്. ചിലർ അറിയാമെങ്കിലും അത് വേണ്ടാ ട്ടൊ ബുദ്ധിമുട്ടാകും എന്ന് പറഞ്ഞ് മടക്കുന്നവരും ഉണ്ട്. ചെണ്ടക്കാരും ഇലത്താളക്കാരും ധൈര്യായിട്ട് ചമ്പതാളം കയ്യിൽനിന്ന് പോവാതെ പിടിക്കാൻ ശ്രദ്ധ ഉള്ളവർ ഇല്ലെങ്കിൽ താളം പോകും. അങ്ങനെ സഹകരിക്കാൻ തയ്യാറുള്ളവരുണ്ടേങ്കിൽ ഇത് ചെയ്യാറുള്ളൂ. പിന്നെ ഹനുമാൻ ചെയ്യുമ്പോൾ കുശലവന്മാർ കൂടെ ഇതിൽ പങ്കെടുക്കലാണ് അതിന്റെ ഒരു സുഖം. ആ സുഖമുണ്ടാവണമെങ്കിൽ ഒന്നുകിൽ സദനത്തിൽ ശീലിച്ചവരാവണം അല്ലെങ്കിൽ അത്രയും പിന്നാലെ നടന്ന് ഇത് ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ആകണം. ഭാസി അടക്കമുള്ളവർ ധാരാളം സഹകരിച്ച് ചെയ്യാറുണ്ട്. ഭാഗ്യവശാൽ എന്റെ ഷഷ്ടിപൂർത്തിയുടെ മുന്നെ അവിടെ “കഥകളി സംസ്തുതി” എന്ന പേരിൽ റിക്കോർഡിങ്ങ് നടന്നു. കെ.ജി വാസുവാശാന്റെ സീത ഭാസിയും കൃഷ്ണദാസും കുശലവന്മാർ ഗോപാലനും രാജനും മേളം നാരായണന്റെ പാട്ടും. അപ്പോ എല്ലാവരും സഹകരിച്ചപ്പോ നല്ല കൃത്യായിട്ട് റിക്കോർഡിങ്ങ് ചെയ്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കുഞ്ചുനായർ ട്രസ്റ്റ് സി.ഡിയാക്കിയിട്ടുണ്ട്.

അപ്പോ അങ്ങനെയാണ് ഈ അഷ്ടകലാശം ഞങ്ങടെ കയ്യിലൊക്കെ എത്തണത്. ഇനി അത് ഉണ്ടാവുന്നതിന്റെ കഥ പറയുകയാണെങ്കിൽ പറഞ്ഞ് കെട്ടതാണ്, നേരിട്ട് പങ്കെടുത്തിട്ടൊന്നും ഇല്യ. കലാമണ്ഡലത്തിൽ ഒരു സെമിനാർ നടക്കുകയാണ്.  കുഞ്ചുനായർ ആശാൻ ആ കാലത്ത് കോട്ടക്കലാണ് കുമാരൻ നായരാശാൻ ചുനങ്ങാട്ട് ആണ്. രാമൻ കുട്ടി ആശാനും പദ്മാശാനുമൊക്കെ ആണ് കലാമണ്ഡലത്തിലെ പ്രധാനികൾ. പ്രസ്തുത സെമിനാറിൽ തിരുവിതാംകൂറിൽ നിന്ന് വന്ന ചില കഥകളി പ്രയോക്താക്കളാണോ പണ്ഡിതന്മാരാണോ എന്ന് എനിക്കറിയില്ല അവർ ചോയ്ക്കുകയാണത്രെ ‘തെക്കൻ കളരിയിലാണെങ്കിൽ അഷ്ടകലാശം എട്ട് തന്നെ ആണ്, എന്നാൽ വടക്കുള്ളവർക്ക് നാലേ ഉള്ളൂ’ ഇതിനാരും ഒന്നും പറയാൻ കഴിയാതെ ഗുരുനാഥനങ്ങനെയാ പഠിപ്പിച്ചത് എന്ന് പറയുകയല്ലാതെ എന്താണതിന്റെ യുക്തി, കാരണം എന്നൊന്നും പറഞ്ഞ് വാദിക്കാൻ വടക്കുള്ളവർ തയ്യാറായില്ല. ഈ ചർച്ചക്ക് ശേഷം കുഞ്ചുനായരാശാനും കുമാർ നായരാശാനും തമ്മിലുള്ള സംഭാഷണത്തിൽ- അല്ല ഇതിപ്പോൾ ചോദ്യം ശരി ആണല്ലോ.  “സുകൃതികൾ മുമ്പനായ്..“ സ്വർഗ്ഗത്തിലെത്തിയ അർജ്ജുനനന്റെ ആഹ്ലാദപ്രകടനം. ആ പ്രകടനത്തിൽ നാലുപ്രാവശ്യമേ ഭാഗവതർ എടുക്കുന്നുള്ളൂ, നാല് എണ്ണമെടുക്കുകയും ചെയ്യും പിന്നെ കൂട്ടക്കലാശവും. അവരുടെ വാദം ശരിയാണലോ എന്ന് അവർ തമ്മിൽ സംഭാഷണമുണ്ടായിത്രെ. പിന്നെ കുമാരൻ നായരാശാൻ ചുനങ്ങാട്ട് വന്നതിനുശേഷം അവിടെ കലാമണ്ഡലം കേശവൻ പിന്നെ മദ്ദളം നമ്പീശനാശാൻ അവർ അവിടെ ഉള്ള കാലമാണ്. ചെറുപ്പക്കാരായ കോഴ്സ് കഴിഞ്ഞ ഇവരൊക്കെ എന്ത് ചെയ്യാനും ഉത്സാഹമുള്ളവർ ആണ്. അങ്ങനെ ആണത്രെ ആദ്യമായിട്ട് അഷ്ടകലാശം പരീക്ഷിക്കുന്നത്. ഗുരുനാഥൻ പഠിപ്പിച്ച് തന്ന അഷ്ടകലാശത്തിന്മേൽ (സുകൃതികളിൽ മുമ്പനായ്) ഒന്നും ചെയ്യരുത് അതങ്ങിനെ തന്നെ അവിടെ ഇരുന്നോട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റിയത് ഹനുമാന്റെ അഷ്ടകലാശം ആണ്. തിരുവിതാംകൂറിൽ ഹനുമാൻ അഷ്ടകലാശം എടുക്കാറുമുണ്ട് ധാരാളം.  അങ്ങനെയാണ് പുതിയത് ഒരു അഷ്ടകലാശം-പുതിയത് എന്ന് പറയാൻ പറ്റില്ല പഴയതിന്മേൽ പുതിയ ചില വിക്രസ്സുകൾ ഒക്കെ ചേർത്ത് പുതുക്കിയ ഒന്ന് അദ്ദേഹം ഉണ്ടാക്കിയ ചില കഷ്ണങ്ങൾ ചേർത്ത് ഒരു പട്ടിക്കാം‌തൊടി ജയന്തിക്ക് (പട്ടിക്കാംതൊടി ജയന്തി തുടങ്ങി വെക്കുകയാണ് വെള്ളിനേഴിയിലും ഒറ്റപ്പാലത്തുമൊക്കെ അക്കാലത്ത്) ഇദ്ദേഹം ഇത് ചെയ്തു. കൊട്ടീത് ഇവർ തന്നെ ആയിരിക്കാം വേറെ ആരെങ്കിലുമാണോ എന്നും നിശ്ചയമില്ല. ഇതാണ് തുടക്കം.

പിന്നീട് കുമാരൻ നായരാശാൻ 61ൽ ആണെന്ന് തോന്നുന്നു സദനത്തിൽ വരുന്നത്. അന്ന് കൃഷ്ണൻ കുട്ട്യേട്ടൻ സീനിയ വിദ്യാർത്ഥിയാണ് പിന്നെ ബാലകൃഷ്ണേട്ടൻ ഞങ്ങൾ എല്ലാവരും.. അവിടെ അത് കൂടുതൽ നവീകരിക്കപ്പെട്ടു എന്ന് തന്നെ പറയാം. സുകൃതികൾ മുമ്പനായ് എന്ന് പാടുക ഒരു താളവട്ടം. അടുത്ത താളവട്ടത്തിൽ ത ത തികിടകത എന്ന് ചെയ്യുക ഇത് ധാരാളം നമ്മൾ കേട്ട് പരിചയിച്ചിരിക്കുന്നത് ചെണ്ടക്കാരുടെ ഗണപതിക്കൈ ആയിട്ടാണ്. കുറച്ച് വ്യത്യാസമുണ്ടാകും അത് 8 ആണ് നീളമെങ്കിൽ അഷ്ടകലാശത്തിനുവേണ്ടി ചെയ്യുമ്പോൾ അത് പത്ത് ആക്കും. കാരണം ചമ്പതാളത്തിന്റെ ഘടന പത്ത് എന്ന താളക്രമത്തിലല്ല. പത്തിലേക്ക് പാകത്തിലേക്ക് അതിനെ ഒതുക്കിവെച്ചിരിക്കുകയാണ്. ഒരുതാളവട്ടം സുകൃതികൾ മുമ്പനായ് എന്ന് പാടുക പിന്നെ ഒരു താളവട്ടം തതികിടകത ചെയ്യുക ഇത് തതകിടകത ചെയ്യുമ്പോ അതിന്റെ നീളം ഇങ്ങനെ കുറക്കാറുണ്ട്. അപ്പോ മുൻപിൽ ഒരു കഷ്ണം ഫിറ്റ് ചെയ്യണം എന്നാലെ ബാക്കി ഉള്ള കഷ്ണം കൃത്യമായി അവിടേക്ക് എത്തുകയുള്ളൂ. ഇതാണതിന്റെ ഒരു അടിസ്ഥാനകാര്യം. അതുകഴിഞ്ഞാൽ പിന്നെ കൂട്ടക്കലാശം. നാലുപ്രാവശ്യം ചൊല്ലുക എന്നതിനെ എട്ട്പ്രാവശ്യം ഓരോപ്രാവശ്യം ചൊല്ലി പിന്നെ കലാശം അടുത്തത് ചൊല്ലി പിന്നെ അതിന്റെ കലാശം അങ്ങനെ ആണ്. അതിന്റെ കൂട്ടക്കലാശത്തിലും അവസാനിപ്പിക്കുന്നതിൽ ത്രികാലം ചെയ്യുക എന്നൊരു സാധനവും കൂടെ ചേർത്ത് ഒരു പുതുമ ഉണ്ടാക്കി. ഇതാണ് അഷ്ടകലാശത്തിന്റെ സദനത്തിലെ ചരിത്രം. അതൊരു വല്ലാത്ത എക്സർസൈസിന്റെ കാലമായിരുന്നു കുമാരൻ നായരാശാൻ അക്കാലം. ചമ്പ മാത്രമല്ല അടന്തയിലും ചമ്പടയിലും പഞ്ചാരിയിലും ഒക്കെ അഷ്ടകലാശം ഉണ്ടാക്കുകപക്ഷെ അത് പ്രയോഗത്തിൽ ഇപ്പോൾ ഇതു തന്നെ ഉള്ളൂ. സദനം ബാലകൃഷ്ണേട്ടൻ മറ്റ് താളങ്ങളിൽ വേണമെങ്കിൽ ചെയ്യാൻ തയ്യാറുള്ള ആൾ. പക്ഷെ അത് സന്ദർഭം ഇല്ലാത്തതുകൊണ്ട് പ്രചരിക്കുന്നില്ല എന്ന് മാത്രം.

അഷ്ടകലാശം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് ചോദിക്കുമ്പോൾ ഏറ്റവും പ്രധാനം അതിന്റെ മാനസികാവസ്ഥയാണ്. ചെയ്യുന്ന ആളുടെ അതായത് കഥാപാത്രത്തിന്റെ മാനസികാവസ്ഥയാണ്. കാലകേയവധം അർജ്ജുനനു സ്വർഗ്ഗത്തിൽ എത്തിയതിന്റെ ആഹ്ലാദം സുകൃതികളിൽ മുമ്പനായ് വന്നേൻ അത് പ്രകടിപ്പിച്ച് കൊണ്ടാകണം. സ്വതെ കഥകളിയിൽ കലാശങ്ങൾ ഓരോന്നും പൊതു ആണ്. വട്ടം വെച്ച് കലാശം എന്ന് പറയുമ്പോൾ അത് പൊതുവായ ഒരു സാധനമാണ്. അത് ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന ആവേശം എന്ന് പറയുന്നത് ആ കഥാപാത്രത്തിൽ നിന്നും കിട്ടുന്ന ആവേശമാണ്. അത് പോലെ ഇരട്ടിയും. ഇരട്ടി ഘടന എല്ലാദിക്കിലും ഒന്ന് തന്നെ ആണ്. സന്ദർഭത്തിൽ കുറേശെ മാറ്റങ്ങൽ വരുന്നു എന്നേ ഉള്ളൂ. ആ മാറ്റം വരുത്തുന്നതും ആവാം വരുന്നതും ആവാം. അഷ്ടകലാശവും അങ്ങനെ തന്നെ ആണ് പൊതുവിൽ എല്ലാം ഒന്നുതന്നെ. പക്ഷെ ചോന്നാടി, കുറ്റിച്ചാമരം വെച്ച് ബാലി ചെയ്യുന്ന ആ ഒരു കൌതുകമല്ല ഹനുമാൻ ചെയ്യുന്നത്. ആ ഒരു കൌതുകമല്ല ഒരു പച്ചവേഷം ചെയ്യുന്നതിൽ. തോം ത ത്തി ന്ത ക തോം  എന്നൊക്കെ ചെയ്യുമ്പോൾ .. ഉത്തരീയങ്ങളും കഴുത്താരവും ഒക്കെ ആയുള്ള യോജിപ്പുണ്ടല്ലൊ അതൊന്നും നഷ്ടപ്പെടാത്ത വിധത്തിൽ ചെയ്യണം. അത് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ അഷ്ടകലാശം ചെയ്യാതിരിക്കുകയാണ് ഭേദം എന്നും പറയാറുണ്ട്. സന്ദർഭങ്ങളുടെ പ്രത്യേകത തന്നെ ആണ് അഷ്ടകലാശത്തിന്റെ പ്രത്യേകത.  സൌഗന്ധികത്തിൽ ഹനുമാൻ ചെയ്യുമ്പോൾ അവിടെ “മനസി മമ കിമപി മമത പെരുകുന്നു”.. അഷ്ടകലാശം അവിടെ പാടില്ല അരുത് എന്ന് പറയുന്നവർ കൂടെ ഉണ്ട്. കാരണം ചിന്ത സമയത്തൊന്നും നൃത്തം ഇല്ല. ഇതൊരു വിചാരപ്പദം ആണല്ലൊ അവിടെ എങ്ങന്യാ അഷ്ടകലാശം എടുക്കുന്നത് എന്ന് ചോദിക്കുന്നവരുമുണ്ട്. അവിടെ കുമാരേട്ടനെ (സദനം സ്ഥാപകൻ കുമാരൻ) ക്വോട്ട് ചെയ്യുകയേ നിവൃത്തിയുള്ളൂ. അദ്ദേഹം പറയാറുണ്ട് “ചെയ്തോരെ കുറിച്ചേ ആക്ഷേപം ഉള്ളൂ ഈ ലോകത്തിൽ ഒന്നും ചെയ്യാത്തവരെ കുറിച്ച് ഒരു ആക്ഷേപവും ഇല്ല. അപ്പോ എന്തെങ്കിലും ചെയ്യൂ എന്നാലേ ശ്രദ്ധിക്കൂ” എന്ന് പറഞ്ഞപോലെ അഷ്ടകലാശം ചെയ്യാൻ പുറപ്പെട്ടപ്പോഴാണ് അവിടെ അവിടെ ആക്ഷേപങ്ങൾ വരുന്നത്. പക്ഷെ കുമാരൻ നായരാശാൻ പറയുന്നത് ആ സന്ദർഭത്തിനെ എങ്ങനെ ഡെവലപ്പ് ചെയ്യാൻ പറ്റും. അത് മനസിമമ കിമപി മമത പെരുകുന്നു ആ ആഹ്ലാദമാണ് വാത്സല്യത്തിനെ വളർത്തുന്നത്. ചിന്ത മുൻപത്തെ ചരണങ്ങളിൽ കഴിഞ്ഞു. ചിന്തയോ ആരാന്നൊക്കെയുള്ള പരിഭ്രമമോ ഒക്കെ തീർന്നു. ഇവിടെ മമത ആണ്. ആരാ എന്ന് മനസ്സിലായിരിക്കുന്നു. വ്യക്തിബന്ധത്തിലേക്ക് സാഹോദര്യത്തിലേക്ക് കടക്കുകയാണ്. അതിനെ വളർത്താനാവണം ഈ അഷ്ടകലാശം.

പിന്നീടത് കുശലവന്മാരോടു കൂടെ ചെയ്യാൻ തുടങ്ങിയപ്പോൾ കുശലവന്മാരെ ഉത്സാഹിപ്പിക്കലായി അവരുടെ കയ്യിലുള്ള കോപ്പ് അത് നൃത്തത്തിൽ കൂടെ എങ്ങനെ ചെയ്യാൻ പറ്റും അപ്പോ നൃത്തത്തിനെ എങ്ങനെ ഭാവപ്രകടനത്തിനു ഉപയോഗിക്കാൻ പറ്റും എന്നതാണ് കുമാരൻ നായരാശാന്റെ അഷ്ടകലാശത്തിന്റെ ഏറ്റവും രസകരമായിട്ടുള്ള കാര്യം. സന്താനഗോപാലത്തിലെ ബ്രാഹ്മണൻ എടുക്കുന്ന അതേ എണ്ണം തന്നെ ബാലിയെക്കൊണ്ടും അദ്ദേഹം എടുപ്പിക്കും. അല്ലെങ്കിൽ ഹനുമാൻ ചിലപ്പോൾ ചെയ്യും. സന്താനഗോപാലത്തിലെ ബ്രാഹ്മണൻ അർജ്ജുനനെ ആട്ടിപ്പായിക്കുന്ന ആ രംഗമുണ്ടല്ലൊ മൂഢാ അതിപ്രൌഢമാം.. അവിടെ അദ്ദേഹം കലാശം ചെയ്യാറുണ്ട്. അവനവന്റെ വേദനയും വിഷമമവും അഭിനയിക്കും അതേ സമയത്ത് അർജ്ജുനനോടുള്ള ആ ദേഷ്യവും അഭിനയിക്കും. സൌഗന്ധികം ഹനുമാനാവുമ്പോൾ കലാശം ചെയ്യുന്നതിനിടക്ക് അവസാനത്തെ മാന്യനായ തവ സോദരൻ എന്നിടത്ത് കൌരവന്മാരോടുള്ള ഒരു മനോഭാവവും ഭീമനോടുള്ള ഭാവവും. അത് രണ്ട് തരത്തിലുള്ളതും വരുത്തും. ഒരേ എണ്ണം തന്നെ പലതരത്തിലും അദ്ദേഹം അവതരിപ്പിക്കാറുണ്ട്. അത് എല്ലാവർക്കും അനുകരിക്കാനോ തുടരാനോ സാധിക്കില്ല കാരണം ആ മനസ്സല്ലെ അത്. ആ മനസ്സ് നമുക്കില്ലല്ലൊ. നമുക്ക് നമ്മുടെ മനസ്സിൽ അതിന്റെ ചില വാക്കുകൊണ്ട് പ്രവൃത്തികൊണ്ടോ ചിലത് കിട്ടുമ്പോൾ കുറച്ചൊക്കെ പുറത്തേക്ക് വരുന്നുണ്ടാകും എന്നാണ് നമ്മുടെ ഒക്കെ ധൈര്യം അല്ലെങ്കിൽ ആഗ്രഹം. സൌഗന്ധികത്തിലെ ഹനുമാന്റേയും കാലകേയവധത്തിലെ അർജ്ജുനന്റേയും രണ്ടും രണ്ട് അഷ്ടകലാശങ്ങൾ ആണ് വേഷങ്ങളും അങ്ങനെ ആണല്ലൊ. വട്ടമുടി (ഹനുമാന്റെ) യുടെ ഒരു കൌതുകം കൃഷ്ണന്റെ വേഷമാവുമ്പോൾ കിട്ടില്ല അത് ചെറുതാണല്ലൊ. മൊത്തത്തിൽ കഥകളിയിലെ വൃത്താകൃതിയിലുള്ള പൊതു ചലനങ്ങൾക്ക് വളരെ യൊജിച്ചതാണ് ഈ ഹനുമാന്റെ വട്ടമുടി. വട്ടമുടി വെച്ച് ചെയ്യുന്ന ആ പ്രത്യേകത കുമാരനാശാൻ ചെയ്യുമ്പോൾ വളരെ അധികം കാണാറുണ്ട്. അത് നമ്മളൊക്കെ ചെയ്യുമ്പോൾ ഉണ്ടാവുന്നുണ്ടോ എന്ന് സംശയമാണ്. സദർഭത്തിനെ വളർത്തിയെടുക്കാൻ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ വളർത്തിയെടുക്കാൻ എങ്ങനെ കലാശങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്നതായിരുന്നു കുമാരൻ നായരാശാന്റെ വല്യേ ഒരു ആലോചനാവിഷയം. അതിന്റെ ഒരു ഫലമാണ് ഈ അഷ്ടകലാശം.

കലാമണ്ഡലത്തിലെ സെമിനാറിന്റെ ഭാഗമായിട്ടുള്ളാതായിരിക്കാമെങ്കിലും പട്ടിക്കാംതൊടി ഗുരുനാഥനോ മറ്റു ഗുരുനാഥന്മാരോ പഠിപ്പിച്ച സാധനം അത് അങ്ങനെ തന്നെ അവിടെ ഇരുന്നാൽ മതി അതിന്മേൽ തൊട്ട് കളിക്കില്ലാ എന്നും അദ്ദേഹത്തിനുണ്ടായിരുന്നു. അർജ്ജുനന്റെ അവിടെ ഈ അഷ്ടകലാശം കളിക്കരുത് എന്ന് പറഞ്ഞിട്ടില്ലെങ്കിൽ കൂടി അവിടേം എടുത്തോളൂ എന്ന് ഒരിക്കലും പറയില്ല. അത് അതിനുള്ളത് ഇത് നമുക്ക് ചെയ്യണമെങ്കിൽ വേറെയും ഉണ്ടല്ലൊ വഴി ആ വഴിക്ക് പോയാൽ മതി എന്ന് പറയും.
ബാലിവിജയത്തിൽ ബാലിക്കായിട്ട് ഒരു അഷ്ടകലാശം ഉണ്ടായതിലും ഇതേ പോലെ ഒരു കഥ ഒക്കെ ആണ്. ഞാനത് നിഷ്കർഷയായിട്ട് മനസ്സിൽ വെച്ചിട്ടില്ല. എന്റെ വിഷയമല്ലാത്തത് കാരണം. പരിയാനമ്പറ്റ ദിവാ‍കരനാണ് ഇപ്പോ ചെയ്യാറുള്ളത്. തിരുവിതാംകൂറിലും ബാലി അഷ്ടകലാശം ചെയ്യാറുണ്ട്. അവിടെന്നെവിടുന്നോ കിട്ടിയ ഒരു കണക്ക്,ആ കണക്കിനെ ഇദ്ദേഹത്തിന്റെ കണ്ണിൽ കൂടെ മനസ്സിൽ കൂടെ ദിവാകരനിൽ കൂടെ അവതരിപ്പിയ്ക്കലാണ് ഉണ്ടാ‍യിരിക്കുന്നത്. വേറേ ആരും ഈ ഭാഗത്ത് ഇപ്പോൾ അത് ചെയ്യാറില്ല. തിരുവിതാംകൂറിൽ ധാരാളം ഉണ്ട്.

കീഴ്പ്പടം കളരി

ചൊല്ലിയാട്ടക്കളരിയിലാണ് കുറേ അധികം അദ്ദേഹം നമ്മളേ ഒക്കെ നിഷ്കർഷിച്ചിരുന്നത്. എന്നെക്കാൾ സീനിയർ ബാലകൃഷ്ണേട്ടൻ രാമൻ കുട്ട്യേട്ടൻ  കൃഷ്ണൻ കുട്ട്യേട്ടൻ ഇവരുടെ ചൊല്ലിയാട്ട കളരിയിൽ അവർ ഒഴുക്കിയിരുന്ന വിയർപ്പിനെ കുറിച്ചാണ് ഞാനെപ്പോഴും പറയാറുള്ളത്. എനിക്കത്ര സാധിച്ചിട്ടുണ്ടാവില്ല. അവരുടെ ചൊല്ലിയാട്ടത്തിൽ കുമാരൻ നായരാശാന്റെ താളം പിടിക്കുന്ന  മുട്ടിയുമ്പിൽ നിന്നും കിട്ടിയിരുന്ന ഊർജ്ജം അവരുടെ വിയർപ്പായിട്ട് ആ കളരി നനഞിരുന്നത് ഓർമ്മിച്ചാൽ മാത്രം മതി അദ്ദേഹം എത്രകണ്ട് ഈ ശിഷ്യന്മാരിലേക്ക് സ്വന്തം ഊർജ്ജം പകർത്തിയിരുന്നു  എന്നറിയാൻ.  ബാലകൃഷ്ണെട്ടനും കൃഷ്ണൻ കുട്ട്യേട്ടനുമൊക്കെ ഇരുന്നങ്ങനെ വിയർക്കുക ഇരുന്നാലും വിയർക്കുക എന്ന് പറയാം എന്നലാതെ!! ഇപ്പോ അത് കാണുന്നുമില്ല. ഞാൻ ക്ലാസ്സ് നടത്തുമ്പോൾ തന്നെ അങ്ങനെ വിദ്യാർത്ഥികളുടെ മേൽ ഒരു നൂറുശതമാനം ആവേശം പകരാൻ കഴിയുന്നില്ല. കാരണം എന്താന്ന് എനിക്കറിയില്ല ഏതായാലും ചെറിയ ചലനങ്ങൾ കൂടെ സൂക്ഷിച്ച് നിർബന്ധിച്ച് ചെയ്യിക്കുന്ന ഒരു ചൊല്ലിയാട്ട കളരി ഞാൻ കണ്ടിട്ടില്ല. ഞാൻ പഠിക്കുന്ന കാലത്ത് മൂന്നാമത്തെയോ നാലമത്തേയോ കൊല്ലം  ആണെന്ന് തോന്നുന്നു, കലാമണ്ഡലത്തിലേക്ക് ഒരു എക്സ്കർഷൻ പോവുകയുണ്ടായി. ആശാൻ പറയുന്നത് ഇവിടെ മാത്രമേ കഥകളി പഠിപ്പിക്കുന്നുള്ളൂ എന്നൊരു വിചാരം നിങ്ങൾക്ക് ഉണ്ടാവരുത്. മറ്റ് സ്ഥലത്തേയും കഥകളി അഭ്യാസം കാണണം.  എന്ന് പറഞ്ഞിട്ട് ഞങ്ങളെ കലാമണ്ഡലത്തിലേക്ക് അയച്ചു. അന്ന് പദ്മനാഭൻ ആശാന്റെ കളരി ആണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ (വെള്ളിനേഴി) ഗോപാലകൃഷ്ണൻ കഷ്ടമഹോ എന്നത് ചൊല്ലിയാടുന്നതാണ് ഞങ്ങള്‍ അവിടെ കാണുന്നത്.  കളരിയിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാനല്ല പറഞ്ഞയക്കുന്നത്. അത് മനസ്സിലാവുകയുമില്ല. പക്ഷെ ഇത്തരം കളരികൾ കേരളത്തിൽ പലദിക്കിലും ഉണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കണം എന്ന് പറഞ്ഞാണ് അയക്കുന്നത്.  അങ്ങനെ ചൊല്ലിയാട്ട കളരിയുടെ അനുഭവം മനസ്സിൽ നിൽക്കുന്നത് ഇവർ ചൊല്ലിയാടുന്നത് (സദനം ബാലകൃഷ്ണൻ മുതൽ പേർ) കണ്ടാണ്.

ഞാൻ ചൊല്ലിയാടുന്നത് തുടങ്ങിയപ്പോഴേക്കും എനിക്ക് അത് (സ്വന്തം അനുഭവം) പറയണ്ട ആവശ്യമില്ലല്ലൊ. നിഷ്കർഷയായിട്ട്. കയ്യിന്റെ മുട്ടിന്മേലൊക്കെ ധാരാളം തല്ല് കിട്ടും പൊന്തിക്കാൻ. തോടയം മുതൽക്ക് എല്ലാ കാര്യവും അദ്ദേഹം നിഷ്കർഷിക്കും. അതിനിടക്ക് തന്നെ മെയ്യുറപ്പും ചെയ്യും. മെയ്യുറപ്പും കാൽ സാധകവും ചെയ്യുന്നത് ഉച്ചക്കളരിയിലാണെങ്കിലും  ഇതിനിടയിൽ സമയമുണ്ടാക്കി ആദ്യേ മെയ്യുറപ്പ് ചെയ്യിക്കും. എന്തിനാച്ചാൽ ആ മെയ്യുറപ്പ് ഇവിടെ ഉപയോഗിക്കാനുള്ളതാണ് എന്ന് മനസ്സിലാക്കിതരാൻ വേണ്ടി. അങ്ങനെയൊക്കെ ഏത് വിഷയത്തിനും അദ്ദേഹത്തിന്റെ സ്വന്തം സമയവും നിർദ്ദേശങ്ങളും.  രണ്ട് നേരവും അദ്ദേഹം ക്ലാസ്സിൽ വരും രാത്രിക്ലാസ്സിലും ധാരാളമായിട്ട് വരും. നാലുനേരമാണല്ലൊ കഥകളി ക്ലാസ്സ്. രാവിലെ സാധകത്തിന്റെ ക്ലാസ്സ് പകൽ രണ്ട് നേരം ചൊല്ലിയാട്ട കളരി സന്ധ്യക്ലാസ്സ് ഇതിനു നാലുക്ലാസ്സിലും അല്ല മൂന്നിനും രാവിലെ അദ്ദേഹം അത്ര വരാറില്ല ആസ്തമയുടെ അസുഖം കാരണം.   ഇത്തരത്തിലുള്ള കളരിയെ കുറിച്ച് എത്രപറഞ്ഞാലും കഴിയില്ല എന്നല്ലാതെ ഒരു പ്രത്യേക സന്ദർഭം ആയിട്ട് പറയാനില്ല. കുട്ടിത്തരം മുതൽക്ക് ആദ്യവസാനം വരെ എല്ലാം അദ്ദേഹം തന്നെ ചൊല്ലിയാടിക്കും. ഇന്നത്തെ കാലത്താണ് കളരികളിലൊക്കെ രണ്ട് കൊല്ലം ഒരധ്യാപകൻ  അത് കഴിഞ്ഞാൽ വേറേ ഒരു അധ്യാപകൻ അത് കഴിഞ്ഞാൽ മറ്റൊന്ന് അങ്ങനെ പ്രമോഷൻ വിദ്യാർത്ഥികൾക്ക്! പഴേകാലത്ത് അത് ഇല്യലൊ. പട്ടിക്കാംതൊടി ആയിരുന്നു കുമാരൻ നായരാശാനായിരുന്നു എങ്കിലും കുട്ടിത്തരം ചൊല്ലിയാടിക്കലും അദ്ദേഹം തന്നെ ആണ് ഇടത്തരം ചൊല്ലിയാടിക്കലും  അദ്ദേഹം തന്നെ ആ‍ണ്. ആദ്യവസാനവും അദ്ദേഹം തന്നെ ആണ്. ഇത്തരത്തിൽ എല്ലാതരത്തിലും ഇയാളുടെ വളർച്ചയെ ഒരുപോലെ ശ്രദ്ധിക്കുന്ന ഒരു ചൊല്ലിയാട്ട കളരിയാണ് പഴയ സമ്പ്രദായം. ഇപ്പോ അത് ഇല്യ. അദ്ധ്യാപകന്മാർക്ക് എല്ലാവർക്കും ജോലിയുണ്ടല്ലൊ.  മറ്റ് സഹാദ്ധ്യാപകന്മാർ വെറുതെ ഇങ്ങനെ ഉമ്മറത്ത് ഇരിക്കണ്ടി വരും.

കീഴ്പ്പടം ആട്ടങ്ങൾ, മനോധർമ്മങ്ങൾ

ആട്ടങ്ങൾ കുമാരൻ നായരാശാൻ ചെയ്തതായിട്ടു അല്ലെങ്കിൽ അദ്ദേഹത്തിൻറെതായിട്ടുള്ള ചിലത് മനസ്സിൽ പതിഞ്ഞത് , ലവണാസുര   വധത്തിൽ ആണ് ഏറ്റവും പ്രധാനായിട്ട്. കാരണം ഞാൻ ധാരാളം ആ വേഷം ചെയ്യാറുണ്ടല്ലോ   ഇക്കാലത്ത് .. ഒരിക്കൽ തിരുവനന്തപുരത്ത്   ഒരു കളി കഴിഞ്ഞു മടങ്ങി വന്നു അദ്ദേഹം. ഞാൻ അന്ന് സദനത്തിൽ സഹഅധ്യാപകൻ ആണ്  കുമാരനാശാന്റെ കീഴിൽ,  വിദ്യാർധിയും  ആണ് . അപ്പോൾ കുമാരനാശാന്റെ സംഭാഷണത്തിൽ പലപ്പോഴും വ്യക്തമായ ഒരു വാചകം മുഴുവൻ പറയോന്നും ഇല്ല. കുറെ കാര്യങ്ങൾ പറഞ്ഞാൽ അതിൻറെ അങ്ങേപ്പുറം  ഒക്കെ നമ്മൾ ചേർത്ത് വായിച്ചോളണം. അപ്പോൾ ലവണാസുര വധത്തിൽ ഹനുമാൻ കഴിഞ്ഞു മടങ്ങി വന്ന ഒരു ദിവസം ഉച്ചക്കോ വൈകുന്നേരമോ എണ്ണ തേച്ചിരിക്കണ സമയത്ത്  ( കുഴമ്പ് തേച്ചിരിക്കണ സമയത്ത് ) ” ഇന്നലെ പ്പോ വാസു ഒക്കെ ഉണ്ടായിരുന്നു, അപ്പോൾ സ്വാതന്ത്ര്യയിട്ട് എന്തെങ്കിലും  ചെയ്യാനുള്ള സന്ദർഭം ഉണ്ടായി” , ( വാസു പറഞ്ഞാൽ  സദനം വാസുദേവൻ‌- ചെണ്ട ) ശ്രീധരൻ മദ്ദളവും , “അവസാനം സീതയോടു യാത്ര പറയുമ്പോ ” എന്നു പറഞ്ഞിട്ടവിടെ നിർത്തി , അപ്പോൾ ഞാൻ ശ്രദ്ധിച്ചു –  മുറ്റത്തു ആണ്   നില്ക്കണത്, ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്നു മനസിലാക്കി  അങ്ങേപുറം പറഞ്ഞു . ‘”ആദ്യം കണ്ടത് കുറ്റി കാടുകളുടെയും കള്ളി മുള്ളുകളുടെയും പാറ കഷ്ണങ്ങളുടെയും  ഇടയിൽ ഒരു മുല്ല വള്ളി ശോഷിച്ച് , പിന്നെ കണ്ടത് ജ്വലിക്കുന്ന അഗ്നി മഹാലക്ഷ്മിയെ പോലെ “, രണ്ടാമത്തെ കൂടി പറഞ്ഞപ്പോഴേക്കും, എനിക്ക് കഷ്ടിച്ചൊരു ചിത്രം  മനസ്സിലായുള്ളൂ .. മൂനാമത്തേം അദ്ദേഹം തന്നെ പറഞ്ഞു  “ഇപ്പോൾ കാണുന്നു ഹോമ ധൂമങ്ങളാൽ പരിശുദ്ധമായ ഈ പരിസരത്ത് ആ മുല്ല വള്ളി തെളിഞ്ഞു  രണ്ടു പുതിയ പൂക്കളോട് കൂടി” , എന്ന്  അദ്ദേഹം പറഞ്ഞു , എന്നാൽ എന്താണതിന്റെ യുക്തി എന്നൊന്നും പറഞ്ഞു തരുകയും ഇല്ല ചോദിക്കൂം വേണ്ട,  സ്വയം മനസ്സിലാക്കികൊള്ളണം.  സമാന്യയിട്ട് എനിക്ക് മനസിലായി എന്ന് പറയാണ്, കാരണം കുറെ അന്ന് കഥകളി കണ്ടിട്ടും കളിച്ചിട്ടും അദ്ദേഹത്തിന്റെ കൂടെ വേഷം കെട്ടിയിട്ടും പലരുടെ വേഷം കണ്ടിട്ടും ഉള്ള പരിചയത്തിന്ന്, പക്ഷെ ഇത്  അതിൻറെ  മുമ്പേ ഒരാള് കാണിച്ചതായിട്ടു കണ്ടിട്ടും ഇല്ല, ഇദ്ദേഹം തന്നെ കാണിച്ചിട്ടുണ്ടോ എന്ന് അറിയില്ല . ഇല്ല്യന്ന തോനുന്നത്, കാരണം എന്നോടങ്ങനെ പറയാൻ കാരണം വന്നെതെന്താ? തലേന്ന് അതുപോലെ ചെയ്യാൻ കഴിഞ്ഞതിൻറെ ഒരു – എവിടെക്കെങ്കിലും   അതിൻറെ ആശയം എത്തട്ടെ എന്ന ആഗ്രഹം ആയിരിക്കാം, പറഞ്ഞു തന്ന പോലെ പറഞ്ഞു തരുകയല്ല ഉണ്ടായത്, പറയൽ  ഉണ്ടായി . പലപ്പോഴും ഞാൻ സന്ദർഭം  ഉണ്ടെങ്കിൽ അത് കാണിക്കാറുണ്ട് , പക്ഷെ ചില സീത വേഷക്കാരൻ, അവിടെ ഇങ്ങനെ സീതയെ ഇരുത്തികൊണ്ട്  ഇത്ര അധികം വർത്തമാനം പറയരുത്  എന്ന് ഒരു നിർദേശം തരാറുണ്ട് . അപ്പോൾ അങ്ങനത്തെ ഉള്ളവരുടെ മുമ്പിൽ അത് ചെയ്യില്ല , അല്ലെങ്കിൽ സ്വാതന്ത്ര്യം ഉള്ളിടത്ത് ചെയ്യാറുണ്ട് .. ഇവിടെ ‘ അങ്ങയെ  കണ്ടത് ‘  എന്ന് ഹനുമാൻ പറയുന്നില്ല . സീത എന്ന വാക്കേ ഉപയോഗിക്കുന്നില്ല .. അപ്പോൾ സീത എന്ന പദ പ്രയോഗം ആ മുദ്ര കാണിക്കാതെ, മൂന്ന് ചിത്രങ്ങൾ കാണിച്ചു അതിന്നു നാലാമാതായിട്ടോ അവസാനായിട്ടോ കിട്ടണ്ട അനുഭവത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരത്തിൽ വെന്ഗ്യം എന്നുള്ളത് കഥകളിയിൽ  എത്രണ്ടും   ഒക്കെ ഫലപ്രദാണ് , എന്നുള്ള പരീക്ഷണം അദ്ദേഹം പലപ്പോഴും ചെയ്യാറുണ്ട് ..

ഞാൻ ഒരിക്കൽ തിരുവന്തപുരത്ത് വേഷം കെട്ടിയിട്ട്‌ , വിഷ്ണു നാരായണൻ നമ്പൂതിരികൂടി ഇരിക്കുന്ന ഒരു ഗൃഹ സദസ്സിൽ ( ഒരു ബന്ധു കൂടി ആണല്ലോ, കുറച്ചു വളഞ്ഞ വഴിക്ക് , കണ്ടാൽ സൌഹൃദം കാണിക്കാറുണ്ട് ). അദ്ദേഹം കൂടി ഇരിക്കുന്ന ഒരു കുടുംബ സദസ്സിൽ ഈ കാര്യം ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം ചോദിച്ചത്  ” അതെ ആശയം ഒക്കെ കേമം തന്നെ , കവിത ഒക്കെ ഉണ്ട് – പക്ഷെ കഥകളിക്ക് ഇത്തരം വ്യന്ഗ്യങ്ങൾ എത്രണ്ടും ഫലപ്രദാണ്? “, എന്ന് അദ്ദേഹം – ഒരു കവിയാണല്ലോ – ഒരു കവി മനസ്സാണ് എന്ന് സൂചിപ്പിച്ചു . ഇതുപോലെത്തന്നെ ലവണാസുരവധത്തിലും അദ്ദേഹം , കുശലവൻമ്മാർ  നിലത്തേക്കു അമ്പ് ചെയ്തിട്ട് ആ അസ്ത്രങ്ങൾ ( വലിച്ചെടുക്കുന്നതായി കാണിക്കുന്നു ) , പല ഹനുമാൻമ്മാരും പല തരത്തിൽ അവതരിപ്പിക്കാറുണ്ട്, ഇദ്ദേഹം ആദ്യായിട്ട് ചെയ്തത് എവിടെ ആണ് എന്ന് ഓർമ്മ ഇല്ലെങ്കിലും വളരെ മനസ്സിൽ തട്ടി. ആ അസ്ത്രം അങ്ങോട്ട്‌ പറിച്ചെടുത്തപ്പോൾ, പറിച്ചെടുക്കാണ് – മറ്റു പലരം പറിച്ചെടുക്കാറില്ല , ഇദ്ദേഹം അസ്ത്രം പറിച്ചെടുക്കാണ്,  ഭൂമിയിൽ ആഴ്നിറങ്ങിയ അസ്ത്രം പറിച്ചെടുത്തപ്പോൾ അതിന്നെന്തോ പൊന്തി വരുന്നു . ഈ പൊന്തിവരൽ അദ്ദേഹം പറയും , മുദ്ര കാണിക്കാണ് , ആ വൃദ്ധ മാതാവിൻറെ   സന്തോഷാശ്രു , അല്ലെങ്കിൽ ആ വൃദ്ധമാതാവിൻറെ മുല ചുരന്നതോ. ചിലപ്പോൾ ഏതെങ്കിലും ഒന്ന് മാത്രം പറയും , ചിലപ്പോൾ രണ്ടും പറയും. അത്തരത്തിൽ വ്യന്ഗ്യങ്ങൾ കുറെ ഉൾപ്പെടുത്തുന്നരു ശീലം ആയിരുന്നു അദ്ദേഹത്തിന്റെ ഒരു കാഴ്ചപ്പാട്. പലർക്കും മനസ്സിലാവില്ല .  കൂട്ടു വേഷക്കാർക്ക് പോലും മനസ്സിലാവണം എന്നില്ലെനും . അപ്പോഴും അദ്ദേഹം പറയും  ” അല്ല എല്ലാർക്കും മനസ്സിലകാനല്ലല്ലോ , നമ്മളുടെ ഒരു കൃതാർത്ഥതക്ക് വേണ്ടി ചിലത് ചെയ്തു നോക്ക .. ചിലപ്പോളത് കുറച്ചു കാലം കഴിഞ്ഞാലെങ്കിലും ശ്രദ്ധിക്കാപെടും”  എന്നൊക്കെ പറയാറുണ്ട്‌.

കീചകവധത്തിൽ സൈരന്ധ്രിയെ കാണുമ്പോൾ – ‘മാനത്തിന്നു പൊട്ടി വീണു ‘ എന്നൊരു വാചകം ഉണ്ടല്ലോ ( എന്നൊരു വരി ഉണ്ടല്ലോ ) , ‘താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു  താരകളെ നിങ്ങൾ നിശ്ചലരായ് , നിങ്ങളുടെ കൂട്ടത്തിന്നരാനും ഭൂമിയിൽ വന്നു വീണതാണോ ‘ എന്നൊരു വരിയുണ്ട് . അതിന്റെ സൂചന ആയിക്കൊണ്ട്‌ , ഇവിടെ എവിടെയും സാധാരണ കാണുന്ന സ്ത്രീ അല്ല ഇത് എന്ന് സൂചിപ്പിക്കാന്‍. അതുപോലെത്തന്നെ കീചക വധത്തിൽ തിര താഴ്ത്തി സൈരന്ധ്രിയെ  കാണുന്നിടത് , കാണുന്നതിനു മുമ്പേ , ദിവ്യസ്ത്രീകൾക്ക്  ദിവ്യമായൊരു ഗന്ധം ഉണ്ടെന്നാണ് സങ്കല്‍പ്പം , കവികളുടെ ഒക്കെ സങ്കല്‍പ്പം , അപ്പോൾ പാഞ്ചാലി സൈരന്ധ്രി ആയിട്ട് ഇവിടെ വന്നിരിക്ക്യാണല്ലോ. കീചകൻ കാണുന്നു .. കാണുന്നതിനോട് കൂടി , കാണുന്നതിനെക്കാൾ മുമ്പേ ഈ ഗന്ധം അനുഭവിക്കാണ്. ഒരു ഉദ്യാനം ആണ് , ആ ഉദ്യാനത്തിൽ പല പൂക്കളും ഉണ്ട് , അതിന്റെ ഒന്നും അല്ലാത്ത ഒരു ഗന്ധം ഇവിടെ കിട്ടുന്നു – എന്നാണ് ആദ്യ ചെയ്യുക . പിന്നീട്ടാണ്  നേരിട്ടു കാണുന്നത്. ഇതൊക്കെ പലപ്പോഴും പരിചയം ഇല്ലാത്ത ഒരു സാധനം ആകുമ്പോൾ , ‘എന്താപ്പതു !’  എന്നാണ് പലർക്കും തോന്നാറുള്ളത്.  നാല് പ്രാവശ്യം കണ്ടു കഴിഞ്ഞാലോ അത് പിന്നെ ശീലായി. മനോധർമം എന്നുള്ളത്  spontaneous  ആണ് അദ്ദേഹത്തെ സംബന്ധിച്ച്  . പലതും തെയ്യാറാക്കിയിട്ടുണ്ട് മനസ്സ് കൊണ്ട്, പക്ഷെ ആരോടും പറയില്ല. കണ്ടശേഷം നമ്മൾ മനസ്സിലാക്കിക്കൊള്ളണം.  കുമാരനാശാനെ സംബന്ധിച്ച് കൂട്ടു വേഷക്കരോട് (നേരത്തെകൂട്ടി ) പറയലും കുറവാണ്. കാരണം ഇതൊക്കെ സ്വന്തം മനസ്സിൽ നിന്ന് വരുന്ന – ശരീരത്തിലൂടെ പുറത്തേക്ക് വരുന്ന കുറെ കാര്യങ്ങൾ, അത് ചിലപ്പോൾ കാറ്റിൽ അങ്ങോട്ട്‌ പോയി എന്നും വരും, അല്ലെങ്കിൽ പരന്നു  എന്ന് വരും , അല്ലെങ്കിൽ അത് പ്രചരിച്ചു എന്ന് വരും. ഏതായാലും സമയം എടുക്കും. സമയം എടുത്താൽ അപ്പോൾ ഉണ്ടെങ്കില്‍ ആവാം, ഇല്ലെങ്കിൽ വേണ്ട . അങ്ങിനെ ചിലത് ചെയ്യാറുണ്ട് അദ്ദേഹം. നല്ല ബുദ്ധിമുട്ട , ഫോളോ ചെയ്യാൻ. ശിവരാമേട്ടനും പലതും പറയാറുണ്ടല്ലോ. കേൾക്കാറില്ലേ, കീചകന്റെ ഒക്കെ കാര്യത്തിൽ. ഇങ്ങനെ പറഞ്ഞു പറഞ്ഞു വന്നു അതിന്റെ പുതുമ നഷ്ടപ്പെട്ടു. ഒരു പക്ഷെ ഇതൊന്നും ആരും അധികം പറഞ്ഞിട്ടുണ്ടാവില്ല.

അതെ സമയത്ത് , ഉത്തരാ സ്വയംവരത്തിൽ , ബ്രിഹന്നള തിര താഴ്തുന്നിടത്തു പ്രസിദ്ധമായ ഒരു ശ്ലോകം ഉണ്ട്.  വേണമെങ്കിൽ ഉപയോഗിക്കാം.  അപ്പോൾ ഏതോ ഒരു സംസ്കൃതപണ്ഡിതൻ പറഞ്ഞൂത്രെ, ‘ആ ശ്ലോകം അങ്ങോട്ട്‌ ആട’.   ആ ശ്ലോകം അങ്ങോട്ട്‌ ആട എന്ന് ഇദ്ദേഹം പറയുമ്പോൾ അത് ഇദ്ദേഹത്തെ കൊണ്ട് ചെയ്യിക്ക എന്നുള്ള ഒരു ആഗ്രഹവും നിർബന്ധബുദ്ധിയും ആണ്.  പക്ഷെ അങ്ങിനെ പറഞ്ഞു കഴിഞ്ഞാൽ അദ്ദേഹം അത് ഒരു പക്ഷെ സ്വീകരിക്കില്ല . ആ തിര താഴ്ത്തിയ നേരത്ത് അത്രെയും വലിയൊരു ശ്ലോകം ആടാനുള്ള പ്രസക്തി ഇല്ല എന്ന് പറഞ്ഞിട്ട്  ഒഴിവാക്കി  എന്നും വരും. മുഴുവൻ വേറെ ഒരാൾ പറഞ്ഞത് സ്വീകരിക്കാ എന്നുള്ളതല്ല, ചെയ്തു വരുന്നതിനേക്കാൾ ഒരു ചെറിയ വഴിമാറ്റം നടത്തുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ശീലം ആയിട്ട് എനിക്കൊക്കെ അനുഭവപെട്ടിട്ടുള്ളത്. ധാരാളം കൂട്ടുവേഷം ചെയ്തു എന്ന് ഞാൻ പറയുന്നില്ല, കണ്ട ഓർമ്മകൾ തന്നെ ആണ് അധികവും. ലവണാസുര വധത്തിൽ ആദ്യം തന്നെ കുതിരയെ കാണിച്ചു കൊടുക്കുക. അത് കണ്ടിട്ടുണ്ടാവുമല്ലോ.  ‘ അല്ലയോ ഹനുമാനെ , ഇവിടെ വരുവാൻ കാരണം എന്ത്?’ എന്ന് ചോദിക്കുമ്പോൾ – സീത ചോദിക്കുമ്പോൾ – അതിന്നു മറുപടി ആയിട്ട്,  ശ്രീരാമൻ ഒരു യാഗം ചെയ്യുന്നു , ദ്വിഗ് വിജയത്തിനായിട്ടു അയച്ച കുതിര ഈ കാട്ടിൽ വന്ന സമയത്ത് അങ്ങയുടെ മക്കൾ പിടിച്ചു കെട്ടി, എന്നൊക്കെ ആണ് അതിന്റെ പഠിക്കുന്ന – കണ്ടു ശീലിക്കുന്ന – ആട്ട പ്രകാരം എങ്കിൽ, ഇദ്ദേഹം അത്  സീതയെ മെല്ലെ അങ്ങോട്ട്‌ ചൂണ്ടി കാണിച്ചു കൊടുത്തിട്ട് , ‘ അതാ നോക്കൂ’ എന്ന് പറയുന്നു, അപ്പോൾ സീത കാണണം. എന്തിനെ കുതിരയെ .  അങ്ങിനെ കാണുമ്പോൾ കുതിര ഇവിടെ ആണോ നിൽക്കുന്നത്, കുതിര അങ്ങേപുറത്തല്ലേ, എന്ന് ചോദിച്ചാൽ മറുപടി ഒന്നും ഇല്ല. ഇദ്ദേഹം പറയണത് , ആ കഥ പറയുന്നതിന് പകരം, സീതയുടെ കണ്ണിൽ ആ കുതിരയെ കാണുകയാണെന്ന് വിചാരിക്കുക, സീതയ്ക്ക് മനസ്സിലാകും, ഹനുമാൻ പറയോന്നും വേണ്ടാ. അങ്ങനെ ഒക്കെ ചെയ്യാറുണ്ട്. ചില സീതമാര് അത് മുഴുവൻ ഏറ്റെടുക്കും, ചിലവർ അന്തംവിട്ടു നിൽക്കും, അങ്ങിനെ അന്തം വിട്ടു നിൾക്കാണച്ചാൽ ചിലപ്പോ ചെറുതായിട്ട് കുതിര എന്ന മുദ്ര ( കുതിര മുദ്ര കാണിക്കുന്നു ) കാണിക്കാറുണ്ട്. എന്തിനാത് .. വെറുതെ നമ്മൾ അധ്വാനിച്ചിട്ട്‌ കാര്യം ഇല്ലല്ലോ. അതും പതിവുണ്ട് . ആരോ ചോദിച്ചു എന്നോട് . ‘കുതിര ഇവിടെ ആണോ ഉള്ളത് , കുതിര അങ്ങ് ദൂരെ അല്ലെ.. അവിടെ അല്ലെ പിടിച്ചു കെട്ടിയിരിക്കുന്നത്’ . അപ്പോൾ എന്തെ നിവർത്തി ഉള്ളൂ, കുശലവന്മമരോട് പറയ, ‘ അതെ അമ്മയുടെ അടുത്തക്കു പോയിട്ട്, അമ്മെ ഒരു കുരങ്ങനേം കിട്ടി ഒരു കുതിരയേയും കിട്ടി .. ‘ എന്ന് കുട്ടികളോട് പറഞ്ഞ കഴിഞ്ഞാൽ പിന്നെ കുരങ്ങനും കുതിരയും ഇവിടെ ആവാലോ . അത്രെക്കെ ഉള്ളൂ .. ഇതൊന്നുപ്പോ  എല്ലാ ദിവസവും അദ്ദേഹം കാണിക്കുകയും ഇല്ല.  ഒരു ആട്ടം ശീലിച്ചു എന്ന്  വിചാരിച്ചിട്ട് അത് എല്ലാ ദിവസവും കാണിക്കൊന്നും ഇല്ല, ചിലപ്പോൾ അത് മാറ്റി വെച്ചു വേറെ ഒന്നാവും ഉണ്ടാവ. അതാണ് ബുദ്ധിമുട്ടും, നമ്മൾക്കൊക്കെ ഉള്ള ഒരു ആവേശവും.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder