|

കളിയരങ്ങിലെ കർമയോഗി

കെ. കെ. ഗോപാലകൃഷ്ണൻ

കീഴ്പ്പടം കുമാരൻ നായർ

(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 1995 ജൂലായ് 23-29 പ്രസിദ്ധീകരിച്ച മുഖാമുഖം)

കഥകളിയരങ്ങിലെ ഭാവനാസമ്പന്നനായ കർമയോഗി ആണ് കീഴ്പ്പടം കുമാരൻ നായർ. കഥകളിയുടെ സാമ്പ്രദായിക അഭിനയരീതിയെ വൈയക്തികസൌന്ദര്യസങ്കൽ‌പ്പങ്ങൾക്കനുസരിച്ച് വഴക്കിയെടുത്തു, അദ്ദേഹം. ചിട്ടയിലൂന്നി അഭ്യസിച്ച് ഔചിത്യദീഷയോടെ ചിട്ടകൾ ഭഞ്ജിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ സമീപനവും. നല്ല പുരാണ പരിജ്ഞാനവും സഹൃദയത്വവും കഥകളി പരിചയവും സിദ്ധിച്ചവർക്ക് ആശാന്റെ ആട്ടം നിറഞ്ഞ കലാവിരുന്നാണ്.

ഇക്കഴിഞ്ഞ ജൂൺ 10ന് (1995) എൺപത് വയസ്സുതുകഞ്ഞ ആചാര്യൻ തുറന്ന് സംസാരിക്കുന്നു-തന്റെ സംഭവബഹുലമായ കലാജീവിതത്തെ കുറിച്ചും കഥകളിയുടെ ആശങ്കിതഭാവിയെക്കുറിച്ചും.

ചോദ്യം:-ആശാൻ കഥകളി പഠിക്കാനുണ്ടായ സാഹചര്യങ്ങൾ വിശദീകരിക്കാമോ?
ഉത്തരം:-എന്തെന്നില്ലാത്ത ഒരാവേശം ഉണ്ടായിരുന്നു കൊച്ചുനാളിലേ കഥകളിയോട്. വീട് വെള്ളിനേഴിയിൽ കാന്തള്ളൂർ ക്ഷേത്രത്തിനടുത്തായതിനാൽ നാലഞ്ചുവയസ്സാവുമ്പോഴേക്കും തന്നെ ഒരു പാട് കളികണ്ടിരുന്നു. ഒന്നും മനസ്സിലായിട്ടല്ല. വല്ലാത്തൊരു അഭിനിവേശം. അരങ്ങിലും അണിയറയിലുമൊക്കെ ആയി അങ്ങനെ പരുങ്ങിക്കൊണ്ടേയിരിക്കും., സമപ്രായക്കാരോടൊപ്പം.
കളിക്കു കച്ചകെട്ടുന്നതിനു മുമ്പുതന്നെ ഒരു ശിവരാത്രിക്ക് ഒളപ്പമണ്ണ മനയ്ക്കൽ സമപ്രായക്കാരോടൊപ്പം കഥകളിപോലെ എന്തൊക്കേയോ വേഷം കെട്ടിയതും കളിച്ചതുമൊക്കെ ഓർമ്മയുണ്ട്. സൂത്രധാരൻ പ്രായത്തിൽ മുതിർന്ന ഒരു ഗോവിന്ദവാര്യരായിരുന്നു. ഒരു കുട്ടിക്കളി. ഇതുകാണാൻ ഒളപ്പമണ്ണയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മനക്കലെ പലരും ഉണ്ടായിരുന്നു. ഇതും എന്റെ കഥകളിക്കു കച്ചകെട്ടലുമായി കാര്യമായ ബന്ധമൊന്നുമില്ല. എങ്കിലും കളിച്ചതൊക്കെ കഥകളി പോലെ തന്നെ!

അക്കാലത്ത് സ്കൂളിൽ ഞങ്ങൾക്ക് ആദ്യത്തെ രണ്ട് വർഷം ‘ശിശുക്ലാസ്സ്’ ഉണ്ട്. ഇന്നത്തെ ഈ എൽ.കെ.ജിയും യുകെജിയെന്നൊക്കെ പറയുന്നൊരു കൂട്ടം തന്നെ എന്ന് വെച്ചോളൂ. ആദ്യത്തെ വർഷം മണലിൽ നിലത്തെഴുത്ത്, പാസ്സായാൽ ‘ബഞ്ചി’ലെക്കാവും. ബഞ്ചിൽ സ്ലേറ്റും പെൻസിലുമാവും, മണലിനു പകരം. ബഞ്ചിന്നും ജയിച്ചാൽ ഒന്നാം ക്ലാസ്സിൽ. ശിശുക്ലാസ്സിലും ഒന്നാം ക്ലാസ്സിലും ഒരദ്ധ്യാപകൻ തന്നെ ആയിരുന്നു. ആ അദ്ധ്യാപകനോട് വല്ലാത്തൊരു മമതാബന്ധവും തോന്നിയിരുന്നു. രണ്ടാം ക്ലാസ്സിലേക്ക് ജയിച്ചപ്പോൾ അദ്ധ്യാപകൻ മാറി. മാഷ്‌ രണ്ടാം ക്ലാസ്സിലേക്ക് ‘ജയിക്കാ’ത്തതിൽ വലിയ കുണ്ഠിതം. സ്കൂളിനോടുതന്നെ വിരക്തിയായി. അക്കാലത്ത് (രാവുണ്ണിമേനോനാശാന്റെ ആദ്യവസാനത്തിൽ) കാന്തള്ളൂരിൽ കഥകളി അഭ്യാസം തുടങ്ങിയതും സ്കൂളിൽ പോവാതിരിക്കാൻ പ്രേരണയായി. അവിടെച്ചെന്ന് അഭ്യാസം നോക്കിനിൽക്കും. കാന്തള്ളൂർ കുളത്തിലാണ് നിത്യവും കുളി. കുളിക്കാൻ ചെന്നാലും കുറേ നേരം കഥകളി അഭ്യാസവും കണ്ടിട്ടേ മടങ്ങൂ. പിന്നെപ്പിന്നെ യാത്ര അഭ്യാസം കാണാൻ മത്രമായി.

പുന്നത്തൂർ നിന്ന് മാധവപ്പണിക്കർ, കൂടല്ലൂർ വകയായി കാവുങ്ങൽ ശങ്കരങ്കരൻ‌കുട്ടിപ്പണിക്കർ, ഏനാമാവിൽ നിന്നും കുഞ്ചു, കൊച്ചുഗോവിന്ദൻ എന്നിവരും വെള്ളിനേഴിയിൽ നിന്ന് നാലുപേരുമായിരുന്നു അഭ്യസിച്ചിരുന്നത്. വെള്ളിനേഴിക്കാരനായ നാലുപേരിൽ ഒരാൾ (പേരോർമ്മയില്ല) ആദ്യദിവസത്തെ അഭ്യാസത്തോടെത്തന്നെ മതിയാക്കി. ബാക്കിയുള്ളവർ കരിയാട്ടിൽ കുമാരൻ നായർ, മഠത്തിൽ പരമേശ്വരൻ (പട്ടരുകുട്ടി), അച്ഛന്റെ മരുമകൻ ഗോപാലൻ നായർ എന്നിവരായിരുന്നു. പതിനാല് ദിവസം കഴിഞ്ഞപ്പോൾ ഗോപാലൻ നായരും പരിപാടി നിറുത്തി. ആ ഘട്ടത്തിലാണ് ഞാൻ ചേരുന്നത്. അഭ്യാസം തുടങ്ങി 22 ദിവസം കഴിഞ്ഞപ്പോൾ പട്ടരുകുട്ടിയും മുങ്ങി. നാട്ടുകാരിൽ കരിയാട്ടിലും ഞാനും അവശേഷിച്ചു.

1090 മിഥുനമാസത്തിലെ നവമിക്കാണ് എന്റെ അഭ്യാസം തുടങ്ങിയത്. അച്ഛന്ന് സമ്മതമായിരുന്നു. ‘അവന്റെ ആഗ്രഹം കഥകളിക്കാരനാവണമെന്നാണെങ്കിൽ അങ്ങനെയാവട്ടെ’-എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അമ്മയ്ക്ക് കടുത്ത എതിർപ്പയിരുന്നു. അമ്മാവന്മാർക്കും. അമ്മയുടെ ആഗ്രഹം ഞാൻ എങ്ങനെയെങ്കിലും കൂറച്ച് പഠിച്ച് മനവക സ്കൂളിൽ ഒരു മാഷാവണമെന്നായിരുന്നു.

ചോദ്യം:- ഗുരുനാഥൻ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കളരിയെക്കുറിച്ച്…
ഉത്തരം:- അതൊരു അനുഭവം തന്നെയായിരുന്നു. ശിക്ഷണത്തിന്റെ കാര്യത്തിൽ ബഹുകണിശം. കടുത്ത ശിക്ഷയും. കഥകളിസംബന്ധിയായ കാര്യങ്ങൾ മാത്രമേ സംസാരിക്കൂ. ഗുരുനാഥന് കമ്പമുള്ള വിഷയങ്ങളായിരുന്നു ആന, പഞ്ചവാദ്യം, കൂത്ത് തുടങ്ങിയവയും. കോട്ടം തീർന്ന കഥകളി രൂപപ്പെട്ടുവന്നത് ഗുരുനാഥനിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ കൊടുങ്ങല്ലൂർ അഭ്യാസത്തോടെ കല്ലുവഴിസമ്പ്രദായം കോട്ടം തീർന്നതായി. മൊത്തത്തിൽ പട്ടിക്കാംതൊടിശൈലി എന്നുപറയുകയാവും ഉചിതം.

ഇന്നത്തെ പലരേയും പോലെ കൂട്ടുവേഷക്കാരും പാട്ടുകാരും മേളക്കാരും എല്ലാം മുതിർന്നവർ തന്നെ (സീനിയർ) വേണമെന്ന ശാഠ്യം അദ്ദേഹം ഒരിക്കലും പുലർത്തിയിരുന്നില്ല.  ശിഷ്യർക്കു പരമാവധി കൂട്ടുവേഷങ്ങൾ നൽകി അവരെ പാകപ്പെടുത്തിയെടുക്കും. സ്വന്തം വേഷത്തിന്നു, അന്നു കുട്ടികളായിരുന്ന നീലകണ്ഠൻ നമ്പീശനേയും കൃഷ്ണൻ‌കുട്ടി പൊതുവാളേയും പാടാനും കൊട്ടാനും എത്രയോതവണ ഏൽ‌പ്പിച്ചിട്ടുണ്ട്. ആശാന്റെ പ്രസിദ്ധമായ വേഷമാണല്ലൊ ‘കിർമീരവധ’ത്തിലെ ധർമപുത്രർ. ഞങ്ങൾ കുട്ടികൾ ആവും മിക്കവാറും കൃഷ്ണൻ. കൃഷ്ണന്റെ സ്വീകരിച്ച് ഇരിപ്പിടത്തിലേക്കാനയിക്കുമ്പോൾ ധർമപുത്രരുടെ ഒരു കൈ കൃഷ്ണന്റെ ഉടുത്തുകെട്ടിന്റെ മുകളിലൂടെ പിടിച്ചിരിക്കും. കാണികൾ അറിയാതെ പിടിച്ചമർത്തി ‘അമർച്ച’യും മറ്റും ശരിയാക്കുകയാവും അദ്ദേഹം. അരങ്ങത്തുനിന്നു അദ്ദേഹം ശ്രദ്ധാപൂർവ്വം ശിഷ്യരെ നിരീക്ഷിക്കും. വേഷം കഴിഞ്ഞാൽ സ്റ്റേജിന്റെ ഒരുവശത്തു വന്നിനിന്ന് അദ്ദേഹം ശിഷ്യരുടെ ആട്ടം ശ്രദ്ധിക്കും. എന്തെങ്കിലും കാരണവശാൽ ഗുരുനാഥന്ന്‌ ഇതു പറ്റിയില്ലെങ്കിൽ ഭാഗവതർമാരോടും മറ്റും അഭിപ്രായം അന്വേഷിച്ചറിയും. പോരായ്മ കണ്ടാൽ അദ്ദേഹത്തിനു വലിയ മനോവിഷമമായിരുന്നു. ആ ‘പോരായ്മ’ തീർത്താലേ അദ്ദേഹത്തിന്നു സമാധാനമാവൂ. ഒരു കളിസ്ഥലത്തു നിന്നു മറ്റൊരിടത്തേക്കുള്ള യാത്രയിലാവും ചിലപ്പോൾ അദ്ദേഹം ഭാഗവതർമാരിൽ നിന്നു അഭിപ്രായം ആരായുക. എങ്കിൽ അപ്പോൾ തന്നെ ഒരു മരക്കൊമ്പുപൊട്ടിച്ചെടുത്ത് വഴിയരികിൽ വെച്ചുതന്നെ പ്രസ്തുത ഭാഗം ചൊല്ലിയാടിക്കും! അടുത്ത അരങ്ങിലെത്തുന്നതിന്നു മുമ്പെ തന്നെ ‘കോട്ടം’ തീർക്കണമല്ലൊ!

ചോദ്യം:- ആശാന്റെ അരങ്ങേറ്റം?
ഉത്തരം:-1090-ലെ മിഥുനത്തിലെ നവമിക്കാണല്ലൊ കച്ച കെട്ടിയത്. ആ വൃശ്ചികത്തിൽ കാന്തള്ളൂർ ഉത്സവത്തിന്നായിരുന്നു അരങ്ങേറ്റം. സുഭദ്രാഹരണത്തിലേ കൃഷ്ണൻ. ‘മാനിനിമാരടി കൂപ്പും ഭാമിനിമാർ നിങ്ങൾ..‘ എന്ന പദമായിരുന്നു ആടിയത്. അന്നൊക്കെ മഴക്കാലമായാൽ കഠിന അഭ്യാസവും ഉത്സവക്കാലമായാൽ ഗുരുനാഥനൊപ്പം കളിക്കുപോക്കും ആയിരുന്നു. 1937-ലാണ് എന്റെ അഭ്യാസം തീരുന്നത്. ഇതിന്നിടയിലാണ് വാരണക്കോട് (കണ്ണൂർ) ചെല്ലുന്നതുമൊക്കെ.

ചോദ്യം:-അക്കാലത്തെ മനസ്സിൽത്തട്ടി നിൽക്കുന്ന ഏതെങ്കിലും അരങ്ങിനെക്കുറിച്ച് പറയാമോ?
ഉത്തരം:-ലക്കിടി മംഗലത്തുമനയിൽ സി.എം.സി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടത്തിയ കളികൾക്ക് ഗുരുനാഥനോടൊപ്പം പോവുകയുണ്ടായി. പിന്നണിയിൽ നാടകക്കാരെപ്പോലെ ‘സീൻ’ വെച്ചാണ് കളി. സി‌എംസിയുടെ കളിഭ്രാന്ത് പ്രത്യേക തരത്തിലായിരുന്നു. കുട്ടിത്തരക്കാരിൽ പ്രധാനിയൊരാൾ കാവുങ്ങൽ ശങ്കരൻ‌കുട്ടി പണിക്കർ. കുശലവന്മാർ കെട്ടാനായി ശങ്കരൻ‌കുട്ടിപ്പണിക്കർക്കൊപ്പം വേഷപ്പകർച്ചയുള്ള ഒരാളെ കണ്ടുപിടിച്ചു! തളിപ്പറമ്പുകാരൻ ഒരു നാരായണൻ നമ്പ്യാർ. കൂട്ടിൽ കുഞ്ഞൻ മേനോനും (കുറിച്ചി കുഞ്ഞൻ പണിക്കരുടെ ആശാൻ) മറ്റും ഉണ്ടായിരുന്നു. ഓരോതരം വേഷത്തിനും ഇന്നയിന്നതരം ആൾക്കാർ വേണമെന്നായിരുന്നു സി.എം.സിയുടെ നിർബന്ധം. ഉർവശി കെട്ടാൻ വടക്കൻ രാമൻ നായർ. മണ്ണാത്തി ദേവയാനി എന്നീ കഥാപാത്രങ്ങൾക്ക് കുത്തന്നൂർ കരുണാകരപ്പണിയ്ക്കർ, ‘നരകാസുരവധ’ത്തിലെ ലളിതയ്ക്ക് ആമ്പല്ലൂർ ഷാരോടി, ‘കുചേലവൃത്തത്തി‘ലെ കൃഷ്ണൻ ചെത്തല്ലൂർ കുട്ടപ്പപ്പണിക്കർ, ‘കചദേവയാനി’ പാടാൻ സ്വർണ്ണത്തു മാണി (വെങ്കിടകൃഷ്ണഭാഗവതർ ഒക്കെ ഉണ്ടെങ്കിലും ) ഇങ്ങനെയൊക്കെയായിരുന്നു ഏർപ്പാട്‌!
പലയിടത്തും, ഹാളുകെട്ടി ടിക്കറ്റുവെച്ചായിരുന്നു കളി. ലക്കിടി, പാലക്കാട്, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, പന്നിയങ്കര എന്നിവടങ്ങളിലൊക്കെ ഉണ്ടായി. ‘സീൻ’ വെച്ചുള്ള കളിയായതിനാൽ നല്ല പ്രചാരവുമുണ്ടായി. ഭയങ്കര ചെലവും. സി.എം.സിയെപ്പോലെ ഇങ്ങനെ പണം ചെലവാക്കി മറ്റാരും കളി നടത്തിയതായി കേട്ടിട്ടുപോലുമില്ല.

ചോദ്യം:-ഇത്തരത്തിൽ ‘സീൻ’ വെച്ചുള്ള കളിയോട് ഗുരുനാഥന്റെ പ്രതികരണമെന്തായിരുന്നു?
ഉത്തരം:- അദ്ദേഹം ഇതൊന്നും തന്നെ ശ്രദ്ധിക്കാനോ അഭിപ്രായം പറയാനോ മുതിർന്നില്ല. സ്വന്തം പ്രവൃത്തി നന്നായി ചെയ്യുകയും ഞങ്ങൾ ശിഷ്യരെ ചെയ്യിച്ചും സംതൃപ്തനാവുക എന്നൊരു കർമ്മം മാത്രമേ അദ്ദേഹത്തിനുള്ളൂ എന്ന് തോന്നും. പ്രമുഖരായ കലാകാരന്മാരുടെ ചേർച്ചയായതിനാൽ അദ്ദേഹം പൊതുവെ സന്തുഷ്ടനായിരുന്നു.

ചോദ്യം:-പിന്നീട് നൃത്തത്തിലേക്കും സിനിമാ നൃത്ത സംവിധാനത്തിലേക്കും മറ്റും ‘ചുവട്’ മാറാനുണ്ടായ കാരണങ്ങൾ?
ഉത്തരം:-1937-ൽ എന്റെ അഭ്യാസം കഴിഞ്ഞ ഘട്ടത്തിലാണ് അമേരിക്കക്കാരി രാഗിണീദേവി ഗുരുനാഥനിൽ നിന്നു കുറച്ചു പഠിക്കാനായി വെള്ളിനേഴിയിൽ വന്നത്. കലാമണ്ഡലത്തിൽനിന്നും കുറച്ചു പഠിച്ചതിനുശേഷമാണ് അവർ വെള്ളിനേഴിയിലെത്തുന്നത്. ഗോപിനാഥുമായി (പിൽക്കാലത്ത് ഗുരു ഗോപിനാഥ്) അവർ തെറ്റിപ്പിരിഞ്ഞ ഘട്ടം. വെള്ളിനേഴിയിലെ അഭ്യാസം കഴിഞ്ഞ് പോവുമ്പോൾ കരിയാട്ടിൽ കുമാരൻ നായരേയും എന്നേയും മറ്റു ചിലരേയും സിലോൺ, ഫ്രാൻസ് തുടങ്ങിയ സ്ഥലങ്ങളിൽ നൃത്തപരിപാടിക്കായി കൊണ്ടുപോയി. ആറുമാസം പാരീസ്സിൽ കഴിഞ്ഞു. അമേരിക്കയിൽ ചെന്ന് ഞങ്ങളെ വെച്ച്, ഒരു കഥകളി വിദ്യാലയം തുടങ്ങാനായിരുന്നു അവരുടെ മോഹം. അതിനിടെ മൂന്നു ഉത്തരേന്ത്യൻ സംഗീതക്കാർ (സാരംഗി, സിത്താർ, തബല എന്നിവ സഹായിക്കുന്നവർ) രാഗിണീദേവിയുമായി പിണങ്ങി തിരിച്ചുപോയി. പാരീസ്സിലെ ഏറ്റ ഒരു പരിപാടി നടത്താനാവാത്തതിനാൽ, ഞങ്ങളുടെ മടക്കയാത്രയ്ക്കു വേണ്ട ഏർപ്പാടുകൾ ബ്രിട്ടീഷ് കൌൺസിൽ മുഖേന ചെയ്ത്, അവർ പെട്ടെന്ന് ഇംഗ്ലണ്ടിലേക്ക് പോയി. ഞങ്ങൾ നാട്ടിലേക്കും മടങ്ങി.
ഞങ്ങൾ പാരീസ്സിലുണ്ടായ കാലത്ത് അന്ന് ഇംഗ്ലണ്ടിലുണ്ടായിരുന്ന ചേലനാട്ട് അച്യുതമേനോൻ ഞങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുതന്നു. ഇന്ത്യയിൽ അന്ന് ബ്രിട്ടീഷ് ഭരണമായതിനാൽ ഫ്രാൻസിലെ ബ്രിട്ടീഷ് കൌൺസിൽ ഉദ്യോഗസ്ഥരോട് ഞങ്ങൾക്കു വേണ്ടുന്ന സഹായം നൽകാനും ഏർപ്പാടുചെയ്തിരുന്നു. ഞങ്ങൾ നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും മേനോനും മദിരാശി സർവകലാശാലയിൽ മലയാളം വിഭാഗം വകുപ്പുമേധാവിയായി എത്തി. ആയിടയ്കാണ് ഭാരതനാട്യപഠനം കഴിഞ്ഞ് സംഗീതത്തിൽ എം.ലിറ്റിന്നു പഠിക്കുന്ന രമണി എന്ന വിദ്യാർത്ഥി (പിന്നീറ്റ് രഞ്ചൻ എന്ന പേരിൽ പ്രശസ്തസിനിമാ നടനായി) കഥകളി പഠിക്കാൻ ആശാനെ തിരഞ്ഞ് മേനോനെ സമീപിച്ചത്. അദ്ദേഹം എനിക്കെഴുതി ഉടൻ മദിരാശിക്ക് ചെല്ലാൻ. രണ്ടുവർഷത്തോളം രഞ്ചനെ അഭ്യസിപ്പിച്ചു. 15 രൂപ ആയിരുന്നു ശമ്പളം. അതിനിടെ രഞ്ചൻ സിനിമയിൽ വളരെ പ്രശസ്തനായപ്പോൾ, ഞാൻ നാട്ടിലേക്കു പോന്നു.

കോട്ടക്കൽ പി.എസ്. വാര്യരുടെ നാടകസംഘം കഥകളി ട്രൂപ്പ് ആക്കി മാറ്റുന്ന സമയം. 6 രൂപ ശമ്പളത്തിൽ അവിടെ ചേർന്നു. ‘പാട്ട് ക്ലാസ്സ്’ എന്ന പേരിൽ ചൊല്ലിയാടിക്കുന്ന കഥകളെക്കുറിച്ചും മറ്റും പി. എസ് വാര്യരുടെ നേതൃത്വത്തിൽ ഞങ്ങൾ ചർച്ച ചെയ്തിരുന്നു. പിൽക്കാലത്ത് ഇത്തരം ചർച്ചകൾ എന്നെ വളരെയേറെ സഹായിക്കുകയുണ്ടായി, പ്രത്യേകിച്ചും കളരിയിൽ ചൊല്ലിയാടിക്കാത്ത കഥകൾ അവതരിപ്പിക്കുമ്പോൾ.
ആയിടയ്ക്ക്, പി.എസ്. വാര്യരുടെ മരുമകൻ ഡോ. രാമൻ കുട്ടിയുടെ താൽ‌പ്പര്യപ്രകാരം നളചരിതം ഒന്നാം ദിവസം ചൊല്ലിയാടിക്കാൻ   ഗുരു കുഞ്ചുക്കുറിപ്പിനെ ക്ഷണിച്ച് വരുത്തി. ഗുരുനാഥന്റെ സമകാലീനനെന്ന നിലയിൽ അദ്ദേഹത്തോട് ഞങ്ങൾ വലിയ ആദരവു പുലർത്തിയിരുന്നുവെങ്കിലും പൊതുവെ പട്ടിക്കാംതൊടി ശിഷ്യന്മാരോട് കുഞ്ചുക്കുറുപ്പിന് അത്ര ആഭിമുഖ്യം ഉണ്ടായിരുന്നില്ല; സ്വയം ഗുരുനാഥന്റെ കളരിയിൽ കുറച്ച് ചൊല്ലിയാടി ഉറപ്പിച്ചിട്ടുണ്ടെങ്കിലും. ഇക്കാരണത്താൽ ആ ഒരു മാസക്കാലും ഞാൻ കോട്ടക്കൽ നിന്ന് ലീവെടുത്തു. അദ്ദേഹത്തിന്റെ ചൊല്ലിയാട്ടം കഴിഞ്ഞ ഉടൻ തിരികെ ജോലിക്കു ചേരുകയും ചെയ്തു. സ്ത്രീ വേഷക്കാരനായ കരുണാകരപ്പണിക്കരും അവിടെ ആശാനായിട്ടുണ്ടായിരുന്നു. ക്രമേണ പ്രധാന കളരിച്ചുമതല ലഭിച്ചു തുടങ്ങി. ആ കാലത്ത് കലാമണ്ഡലത്തിൽ നിന്ന് കുറച്ചുകാലം ലീവെടുത്ത് ഗുരുനാഥനും കോട്ടക്കൽ വന്നു. മകൻ പദ്മനാഭനും ഒപ്പമുണ്ടായിരുന്നു. ആകെ നല്ല അന്തരീക്ഷം. പക്ഷെ, സാമ്പത്തൈക വിഷമത മൂലം തീരെ നിവൃത്തിയില്ലാത്ത കാലമായിരുന്നു അത്. 6 രൂപാ ശമ്പളം ഒന്നിനും തികയാത്ത അവസ്ഥ. വീടുമേയാൻ പോലും ഗതിയില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് മദിരാശിയിൽ നിന്നു രഞ്ചൻ വീണ്ടും വിളിക്കുന്നത്. 30 രൂപ പ്രതിമാസം ശമ്പളം. ഗുരുനാഥനോട് വിവരം പറഞ്ഞ് കഴിയും വേഗം തിരിച്ചുവരാമെന്ന് കരുതി, മദിരാശിക്ക് വണ്ടി കയറി. സിനിമാനൃത്ത സംവിധാനത്തിന്റെ കുറേ ജോലിത്തിരക്ക് കാരണം പെട്ടെന്നു മടങ്ങി വരാനായില്ല.

അന്ന് ഉദയശങ്കറിന്റെ നെതൃത്വത്തിൽ ‘കല്പന’ എന്ന നൃത്തസിനിമ എടുക്കുന്ന കാലമായിരുന്നു. മറ്റൊരു നിർമ്മാതാവായ സുബ്രഹ്മണ്യയ്യർക്കും (പ്രശസ്ത നർത്തകി ഡോ: പദ്മ സുബ്രഹ്മണ്യത്തിന്റെ അച്ഛൻ) നർത്തന മുരളി എന്ന പേരിൽ നൃത്ത പ്രാധാന്യമുള്ള ഒരു സിനിമയെടുക്കണം. ബാലസരസ്വതി, എം.എസ് സുബ്ബലക്ഷ്മി തുടങ്ങിയവരൊക്കെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സിനിമയുടെ നൃത്തസംവിധാനച്ചുമതല എനിക്കു നൽകി. ‘നർത്തന മുരളി’യ്ക്ക് ഭയങ്കര പബ്ലിസിറ്റിയും നൽകി. പബ്ലിസിറ്റി ഓഫീസറായി മിസ് ലൈറ്റ് ഫൂട്ട് എന്നൊരു ആ‍സ്റ്റ്രേലിയക്കാരിയെയും നിയമിച്ചു. നൃത്തത്തിന്റെ പ്രധാന ചുമതല എനിക്കാണെങ്കിലും സിനിമയുടെ പബ്ലിസിറ്റിയിൽ എവിറ്റേയും എന്നെ തഴഞ്ഞതായി അനുഭവപ്പെട്ടു. ആസ്തമയുടെ ശല്യം എന്നെ കുറേശ്ശെ ബുദ്ധിമുട്ടിക്കാനും തുടങ്ങി. സുബ്രഹ്മണ്യയ്യരോട് വിവരം പറഞ്ഞ് ചികിത്സയ്ക്കായി നാട്ടിലേക്ക് പോന്നു. നൃത്ത സംവിധാനച്ചുമതല തുടരാൻ പറ്റില്ലെന്നു എഴുതി അറിയിച്ചു. മൂന്നുമാസത്തിനുശേഷം മറ്റൊരു സിനിമയുടെ നൃത്തസംവിധാനാവശ്യാർത്ഥം മദിരാശിയിൽ ചെന്നപ്പോൾ അദ്ദേഹത്തെ ചെന്ന് കണ്ടു. എന്റെ അഭാവത്തിൽ ‘നർത്തന മുരളി’യുടെ കാര്യം മുടങ്ങിപ്പോയതിനെ പറ്റി കുറെ സങ്കടം പറഞ്ഞു. അപ്പോഴേക്കും അദ്ദേഹം ഇതിനായി കുറെ പണവും മുടക്കിയിരുന്നു. ക്രമേണ എന്റെ സമയം കൂടുതലും സിനിമക്കാരെ നൃത്തം പഠിപ്പിക്കലും നൃത്തസംവിധാനവുമായിത്തീർന്നു.

ചോദ്യം:- പൊതുവെ നൃത്തത്തോട് പ്രതിപത്തിയില്ലാതിരുന്ന പട്ടിക്കാംതൊടി രാവുണ്ണിമേനോന് ആശാന്റെ നൃത്തം കണ്ടതുമുതൽ അഭിപ്രായം മാറിയതായി ഒരു കഥ കേട്ടിട്ടുണ്ട്. ഇതൊന്നു വിശദീകരിക്കാമോ?
ഉത്തരം:-ഇതൊക്കെ ഇങ്ങനെ പലരും പറഞ്ഞ്പറഞ്ഞ് പെരുപ്പിക്കുന്നു എന്നേ ഉള്ളൂ. എങ്കിലും വിശദമാക്കാം. 1943-44 കാലത്ത് കൊല്ലങ്കോട് മാധവരാജാവിന്റെ താൽ‌പ്പര്യപ്രകാരം ഗുരുനാഥന്റെ നേതൃത്വത്തിൽ ഒരു കഥകളി സംഘം ഹൈദരാബാദിലേക്കോ മറ്റോ പോവുന്ന വഴിയിൽ മദിരാശിയിൽ എത്തി. ഞാൻ ഗുരുനാഥനെ ചെന്ന് കണ്ട് എന്റെ ‘ഉപജീവനവൃത്തി’ കാണാൻ ക്ഷണിച്ചു. സുബ്രഹ്മണ്യയ്യരുടെ ആദ്യവസാനത്തിൽ സിനിമാക്കാരൊക്കെയുള്ള നൃത്തപരിപാടിയായിരുന്നു. ‘നടനകലോത്സവ’മെന്ന ഈ നൃത്തപരിപാടിക്ക് അന്ന് മദിരാശിയിൽ ഉണ്ടായിരുന്ന ഗോപിനാഥിന്റെ പാർട്ടിയും ഉണ്ടായിരുന്നു. ‘ചില വിഡ്ഡിത്തം കാണിച്ചാണ് ജീവിക്കുന്നത്, ഗുരുനാഥൻ വന്ന് കാണണമെന്നു മോഹമുണ്ട്’ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പദ്മനാഭനും കൃഷ്ണകുട്ടി പൊതുവാളും മറ്റും അദ്ദേഹത്തിന്റെ ഒപ്പമുണ്ട്. കലാമണ്ഡലത്തിൽ മാധവന്റെ നൃത്തരീതിയോട് അദ്ദേഹത്തിനു തീരെ താൽ‌പ്പര്യമുണ്ടായിരുന്നില്ല. ‘ബസ്മാസുരമോഹിനി’ നൃത്തശിൽ‌പ്പത്തിൽ എന്റെ ഭസ്മാസുരനായിരുന്നു. ‘ഉത്ഭവ’ത്തിലെ തപസ്സ്ട്ടവും ചെറിയ നരകാസുരന്റെ ആട്ടവും മറ്റും എടുത്തായിരുന്നു എന്റെ നൃത്താവതരണം. പരിപ്ടി കഴിഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു-‘ഇങ്ങനെയായാൽ തരക്കേടില്ല. ഒക്കെ ഒരു വ്യവസ്ഥയും ചിട്ടയുമൊക്കെയുണ്ടല്ലൊ’ എന്ന്.

ചോദ്യം:-ആശാൻ കലാമണ്ഡലത്തിൽ നിന്ന് രാജിവെക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും പലതും പറഞ്ഞു കെട്ടിട്ടുണ്ട്. കഥകളി വിഭാഗത്തിൽ നിന്ന് നൃത്തവിഭാഗത്തിലേക്ക് തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചു വള്ളത്തോളിനു രാജിക്കത്ത് നൽകി എന്നൊക്കെ…. ഇതിൽ എത്ര വാസ്തവമുണ്ട്?
ഉത്തരം:-ഈ ‘തരംതാഴ്ത്തി’, ‘പ്രതിഷേധിച്ചു രാജിവെച്ചു’ എന്നൊക്കെയുള്ള തെറ്റിദ്ധാരണകൾ ചില അഭിമുഖക്കാരുടേയും ലേഖകരുറ്റെയും ‘പത്രഭാഷ’ സൃഷ്ടിച്ചതാണ്. എന്തും പെരുപ്പിച്ചെഴുതുന്ന സ്വഭാവമാണല്ലൊ പലർക്കും.
1955-ൽ മദിരാശിയിൽ നിന്ന് ഒരവധിക്ക് നാട്ടിൽ വന്ന കാലം. അന്ന് കലാമണ്ഡലത്തിൽ ആശാനായി ചേരാൻ പറയണം എന്ന് മഹാകവി ഒ.എം.സിയോട് പറഞ്ഞപ്രകാരം അദ്ദേഹം എന്നെ വിവരമറിയിച്ചു. നേരെത്തെ തന്നെ മഹാകവി ഗുരുനാഥനോടും പറഞ്ഞിരുന്നു. എന്നോടു കലാമണ്ഡലത്തിൽ ചേരണമെന്ന് ഉപദേശിക്കാൻ. അപ്പോൾ കലാമണ്ഡലത്തിൽ ഉണ്ടായ സംഭവവികാസങ്ങളൊന്നും തന്നെ ഞാൻ അറിഞ്ഞിരുന്നില്ല. രാമങ്കുട്ടി നായർ, നീലകണ്ഠൻ നമ്പീശൻ, കൃഷ്ണൻ കുട്ടി പൊതുവാൾ, അപ്പുക്കുട്ടി പൊതുവാൾ എന്നീ നാലുപേർ കലാമണ്ഡലം വിട്ട് സദനത്തിൽ ചേർന്ന അവസരമായിരുന്നു അത്. ‘സിനിമയിൽ പോയി സമ്പാദ്യമൊക്കെ ആയില്ലെ’ എന്ന തരത്തിലായിരുന്നു വള്ളത്തോളിന്റെ ആദ്യം സംഭാഷണം തന്നെ. നൃത്തശിക്ഷണം ജീവിതോപാധിയാണെങ്കിലും കഥകളിയെ ഉപാസിച്ച എന്നെ ഇതേറ്റവും ആഹ്ലാദചിത്തനാക്കി. ഞാൻ കലാമണ്ഡലത്തിൽ ചേർന്നു. 70 ക. ശമ്പളത്തിൽ. അപ്പോൾ ഞാനും പത്മനാഭൻ നായരും മാത്രമായിരുന്നു കഥകളി വേഷം ആശാന്മാർ. കുറച്ച് കാലം കഴിഞ്ഞപ്പോൾ അപ്പുക്കുട്ടി പൊതുവാൾ കലാമണ്ഡലത്തിലേക്ക് തിരിച്ചുവന്നു. പിന്നെ കൃഷ്ണൻ കുട്ടി പൊതുവാൾ. അതും കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ രാമങ്കുട്ടി നായരും ഏറ്റവും ഒടുവിൽ നമ്പീശനും തിരികെ വന്നു ചേർന്നു. മഹാകവിയുടെ ഒരു മകന്റേയും മറ്റും ശ്രമഫലമായി. അപ്പോഴേക്കും കലാമണ്ഡലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നൃത്താധ്യാപകൻ തമിഴ്നാട്ടിൽ നിന്നുള്ള രാജമാണിക്കം ആയിരുന്നു. അദ്ദേഹത്തിനു 125 ക. ശമ്പളം കൊടുക്കണം. സാമ്പത്തിക വിഷമത മൂലം കഥകളി വേഷത്തിനു മൂന്നുആശാന്മാരെ വെക്കാനും നിവൃത്തിയില്ല. നൃത്താധ്യാപകനെ പിരിച്ചയച്ച് ഞങ്ങളുടെ ശമ്പളം 70 കയിൽ നിന്നും 90 ക. യാക്കി. എന്നോടു നൃത്താധ്യാപകന്റെ ചുമതല നോക്കാൻ മഹാകവി ആവശ്യപ്പെട്ടു. ഒപ്പം കഥകളി പരിപാടിയിൽ പങ്കെടുക്കണം എന്ന ഉപാധിയോടെ. കേരളത്തിലാണെങ്കിൽ,  അതും കലാമണ്ഡലത്തിലാണെങ്കിൽ, കഥകളി ആശാൻ മാത്രമായാൽ മതി എന്നായിരുന്നു ആഗ്രഹം. ഒരിക്കലും സ്ഥാപനം വിട്ടുപോവരുതെന്നായി മഹാകവി. എന്റെ അപേക്ഷപ്രകാരം അദ്ദേഹം എനിക്ക് ശമ്പളത്തോടെ അവധി അനുവദിച്ചു തന്നു. ആ ഘട്ടത്തിലാണ് വള്ളത്തോളിന്റെ പരിശ്രമഫലമായി സർക്കാറിന്റെ എൻ.ഇ.എസ് ബ്ലോക്ക് വക മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ഒരു നൃത്തപരിപാടി കലാമണ്ഡലത്തിന്നു ലഭിക്കുന്നത്. ഓരോ പരിപാടിക്കും ചെലവു കഴിച്ച് 200ക. കലാമണ്ഡലത്തിന്നു പ്രതിഫലമായി ലഭിക്കും. മഹാകവിയുടെ ആവശ്യപ്രകാരം കലാമണ്ഡലത്തിൽ ചെന്ന് പ്രസ്തുത പരിപാടിക്കു വേണ്ടുന്ന നൃത്തം കമ്പോസ് ചെയ്ത് കൊടുത്ത് വീണ്ടും ലീവ് എടുത്തു. മുഴുവൻ ശമ്പളത്തോടെ, പകുതി ശമ്പളത്തോടെ, ശമ്പളമില്ലാതെ എന്നിങ്ങനെ മഹാകവി പരമാവധി ലീവ് അനുവദിച്ച് കൊണ്ടിരുന്നു. അങ്ങനെയിരിക്കെ മഹാകവിയുടെ അന്ത്യം സംഭവിച്ചു. തുടർന്ന് അന്നത്തെ കലക്റ്റർക്കായി കലാമണ്ഡലത്തിന്റെ ചാർജ്ജ്. അദ്ദേഹം എനിക്കൊരു നോട്ടീസയച്ചു-ഒരു മാസത്തിനുള്ളിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്. ഞാനൊരു മറുപടി അയച്ചു ഉടൻ തന്നെ-‘ഒരുമാസവും വൈകിക്കരുത്. ഉടൻ തന്നെ വേറൊരാളെ നിയമിക്കുകയാവും ഭംഗി’ എന്ന തരത്തിൽ. കലാമണ്ഡലം പോലുള്ള ഒരു സ്ഥാപനത്തിൽ നിന്ന്, അതും മഹാകവിക്ക് രാജി കൊടുക്കുക എന്നതിൽ വിഷമം തോന്നിയതിനാലാണ് തുടർച്ചയായി ലീവെടുത്തത്. ഇതാണ് വസ്തുത.

ചോദ്യം:- വടക്കൻ കളരിയിൽ ‘കല്യാണസൌഗന്ധിക’ത്തിൽ ഹനുമാന് അഷ്ടകലാശം ആശാനായി തുടങ്ങിയതാണെന്ന് കേട്ടിട്ടുണ്ട്. ഇതിന്റെ കാരണം?
ഉത്തരം:-പൊതുവെ തെക്കൻഭാഗത്ത് കളിക്കുചെന്നാൽ വെള്ളത്താടിയായാൽ അഷ്ടകലാശം ഏടുപ്പിക്കും. അവിടെ കലാശത്തിന്റെ എണ്ണത്തിനാണ് പ്രാധാന്യം. ഇതു ചേർച്ചയേയും ഭാവത്തേയും  സന്ദർഭത്തെയും ബാധിക്കാറുണ്ട്. ആയിടെ കലാമണ്ഡലത്തിൽ വെച്ചുണ്ടായ ഒരു യോഗത്തിൽ ഗുരു ഗോപിനാഥ് പരസ്യമായി ആക്ഷേപിച്ചു-‘വടക്കർക്ക് അഷ്ടകലാശത്തിന് നാലു തത്തകിടതികതാം’ മാത്രമേ ഉള്ളൂ. ഞങ്ങൾ (തെക്കർ) 8 എണ്ണം കൃത്യമായി എടുക്കാറുണ്ട് എന്നൊക്കെ. അന്നു കോട്ടക്കൽ  ആശാനായിരുന്ന കുഞ്ചുനായരും ഈ യോഗത്തിനെത്തിയിരുന്നു. ഞങ്ങൾ തമ്മിൽ ആലോചിച്ചു. തെക്ക് എണ്ണത്തിനാണ് പ്രാധാന്യം എന്നു പറഞ്ഞല്ലൊ. എണ്ണത്തിനൊപ്പം മറ്റു അംശങ്ങൾക്കും കോട്ടം തട്ടാത്ത വിധത്തിൽ ഇതു ചിട്ടപ്പെടുത്താൻ ആയിരുന്നു പ്ലാൻ. കുഞ്ചുനായർ കോട്ടക്കൽ വെച്ച് കുട്ടൻ മാരാരും ആയി ആലോചിച്ച് അവിടെ ശ്രമിച്ചു. അന്ന് കലാമണ്ഡലത്തിൽ അഭ്യാസം കഴിഞ്ഞ് കേശവനും (ചെണ്ട) നമ്പീശൻ കുട്ടിയും (മദ്ദളം) ചുനങ്ങാട് കളരിയിൽ ഉണ്ടായിരുന്നു. ഇവരുടെ സഹായത്തോടെ ചിട്ടപ്പെടുത്തി ആ പ്രാവശ്യത്തെ ഗുരുനാഥന്റെ ജയന്തിക്ക് അവതരിപ്പിച്ചു. കഥകളി വായ്ത്താരിയോടും താളങ്ങളോടും കൂടി എന്നാൽ ചില കണക്കുമാറ്റങ്ങളോടും കൂടി കമ്പോസ് ചെയ്തതാണ്. നിത്യപരിചയം ഇല്ലെങ്കിൽ പൊതുവെ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുതന്നെ. വേഷക്കാർക്കും മേളക്കാർക്കും.
കലാശത്തിന്റെ എണ്ണം സന്ദർഭത്തിന്റെ സ്ഥായിയേയും പ്രാധാന്യത്തേയും കുറച്ചേക്കും. ‘കാലകേയവധ’ത്തിലും നാലെണ്ണം മാത്രമേ എടുക്കാറുള്ളൂ. എണ്ണം തികയ്ക്കാൻ എട്ടാക്കിയിട്ടില്ല കാരണവന്മാർ. അവർക്കറിയാഞ്ഞിട്ടല്ലല്ലൊ. ‘സുകൃതികളിൽ മുമ്പൻ…’ എന്ന സന്ദർഭത്തിലെ സന്തോഷത്തിന്റെ മയം വിട്ട് പോവരുതെന്ന് നിഷ്കർഷയുണ്ടായിരുന്നു പഴയ കാരണവന്മാർക്ക്. ആരാണ് ,  എവിടെ, സന്ദർഭം, ഭാവം എന്നിവ കണക്കിലെടുക്കാതെ കേവലം  എണ്ണം തികയ്ക്കാനായി അഷ്ടകലാശം എടുത്താൽ കഥാപാത്രവും സന്ദർഭവും തമ്മിലുള്ള ചാടിക്കളിക്കലായിത്തീരും ഇത്.

ചോദ്യം:-ചിട്ടപ്രധാനമായ ആട്ടങ്ങളിലും ആശാൻ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടല്ലൊ. കളരിയിലും ഇതുപതിവുണ്ടോ?
ഉത്തരം:-പദാഭിനയമായാലും ശ്ലോകാഭിനയമായാലും ആസ്വാദകർക്ക് ശരിക്കും പിന്തുടരണമെങ്കിൽ അന്വയിച്ച് കാണിക്കണം. ശ്ലോകം വായിക്കുന്നതുപോലെ ആട്ടം പിന്തുടരാനാവില്ലല്ലൊ. ആസ്വദ്യമാവണമെങ്കിൽ കൂട്ടിയോജിപ്പിക്കൽ വളരെ പ്രധാനമാണ്. മുറുകിയ കാലങ്ങളിൽ പ്രധാനമുദ്രകൾ കാണിച്ചുപോവാനെ പറ്റൂ. അപ്പോൾ അനുഭവത്തിനു വേണ്ടിയാവണം നടന്റെ ശ്രദ്ധ. ഗുരുനാഥന്റെ കൊടുങ്ങല്ലൂർ അഭ്യാസം ഇക്കാര്യത്തിൽ ഒരു വിപ്ലവം തന്നെ വരുത്തി എന്നതാണ് വാസ്തവം.

കളരിയിൽ ചിട്ടയിലേ അഭ്യസിപ്പിക്കാറുള്ളൂ. അത്രയേ പാടുള്ളൂ. പലവിധ അനുഭവങ്ങളിലൂടേയും നേടുന്ന അറിവും പക്വതയും വൈയക്തിക സിദ്ധിയായി വളർത്തിയെടുക്കണം. രംഗബോധമുള്ള ഒരു നടന്ന്, കലാകാരന്ന്, ഇത് അത്യാവശ്യമാണ്. ഇതൊക്കെ മനസ്സിലാവണമെങ്കിൽ ഒരു കലാകാരൻ എല്ലാവരുടേയും വേഷങ്ങൾ കാണണം. സ്വയം ചിന്ത അനിവാര്യമാക്കണം. പഠിപ്പിക്കാൻ പറ്റാത്തത് പഠിപ്പിക്കുകയുമരുത്. മനോധർമ്മസ്വരം ചിട്ടസ്വരമാക്കിയാൽ തീർന്നില്ലേ! വൈയക്തിക സിദ്ധിയിലൂടെ ഒരു കലാകാരൻ പ്രാപ്തി തെളിയിക്കണം. ചൊല്ലിയാട്ട പ്രാധാന്യമല്ലാത്ത കഥകളി ചിട്ടയിൽ ബന്ധിപ്പിക്കേണ്ടതുമില്ല. വള്ളാത്തോളും ഈ പക്ഷക്കാരനായിന്നു. ആട്ടത്തിന്നു പറ്റിയ പുതിയശ്ലോകങ്ങൾ എഴുതിയതും സന്ദർഭാനുസാരിയും കവിതാമയമുള്ളതുമായ ചെറിയ ആട്ടങ്ങൾ പറഞ്ഞുകൊടുത്തതും ഇതുകൊണ്ടായിരുന്നു.

ചോദ്യം:-പതിവുസമ്പ്രദായത്തിന്നു വ്യത്യസതമായി ആശാന്റെ ‘ഉത്ഭവ’ത്തിലെ രാവണൻ ‘അമ്മയുടെ കണ്ണുനീർ എനിക്ക് മുത്തുമാലയായി ഭവിച്ചു’ എന്ന് ആദ്യം ആടാറുണ്ടായിരുന്നുവല്ലൊ. ഈ പശ്ചാത്തലത്തിൽ ഇക്കാര്യം വിശദീകരിക്കാമോ?
ഉത്തരം:-മഹാകവി പറഞ്ഞുതന്നതാണിത്. മറ്റു കഥകളിക്കാരാരും ഇതത്ര ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. എനിക്കതു നല്ലൊരു സൂചനയായി തോന്നി. ഗുരുനാഥൻ പറയാറുണ്ട്-‘മഹാകവിക്കു പറയാം. അദ്ദേഹത്തിനു താളവും കാലവും ഒന്നും നോക്കണ്ട. പക്ഷെ, വേഷക്കാർക്ക് അങ്ങനെയല്ലല്ലൊ’ എന്ന്. ‘അമ്മ കരഞ്ഞതാണ് ലോകത്ത് ഞാൻ അറിയപ്പെടുവാനുണ്ടായ കാരണം എന്നാണ് രാവണന്റെ ചിന്ത’ എന്നായിരുന്നു മഹാകവിയുടെ അഭിപ്രായം. ഗുരുനാഥൻ പറയാറുള്ള കാര്യവും കണക്കിലെടുത്ത് ഞാൻ അതു പകർത്തി.

കാലപ്രമാണത്തിൽ മുദ്ര പിടിച്ചു അനുഭവപ്പെടുത്തുന്നത് സാധാരണ സംഭാഷണം പോലെയല്ലല്ലൊ. കാലബോധത്തോടേ കാണിച്ചില്ലെങ്കിൽ ബോറാവുകയും ചെയ്യും. ‘ഉത്ഭവ’ത്തിലെ ആട്ടത്തിന്റെ കാലം അറിയാമല്ലൊ. അതിനാൽ തിരശ്ശീല പകുതി താഴ്ത്തി ചടങ്ങുകളൊക്കെ തീന്ന് ഉത്തരീയം മൂന്നുതവണ വീശിക്കഴിഞ്ഞ് കാലം ഇടുന്നതിനു മുമ്പേ ഇത് ആടും ഒരു ചിന്തയായി. പിന്നെയാണ് കാലമിട്ട് ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു’ എന്ന് ആട്ടം തുടങ്ങുക. പണ്ഡിതരായ പലർക്കും ഈ തുടക്കം ‘ക്ഷ’ ബോധിക്കുകയും ചെയ്തിരുന്നു.

ഇതൊന്നും ഞാൻ കളരിയിൽ അഭ്യസിപ്പിക്കാറില്ല. സ്വയം ചിന്തിച്ചു രൂപപ്പെടുത്തിയെടുക്കേണ്ടതാണ് ഇത്തരം മനോധർമ്മങ്ങൾ.

ചോദ്യം:-വടക്കൻ കളരിയിലെ ‘പ്രഥമ പുരുഷൻ’ എന്ന നിലയിലും പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ ഒപ്പം കൂട്ടുവേഷം കെട്ടി പരിചയിക്കാൻ കൂടുതൽ അവസരം ലഭിച്ച കലാകാരൻ എന്ന നിലയിലും ഇന്നത്തെ അഭ്യാസസമ്പ്രദായത്തോടു എങ്ങനെ പ്രതികരിക്കുന്നു?
ഉത്തരം:-പണ്ടൊക്കെ വേഷം അദ്ധ്യാപകനായിരുന്നു മൊത്തത്തിൽ ആശായ്മ. ഒരുത്തരവാദിത്വബോധമൊക്കെ പൂർണമായിട്ടുണ്ടായിരുന്നു. കളരിയിൽ ചൊല്ലിയാടിക്കുമ്പോൾ പാട്ടുകാരേയും മേളക്കാരെയും ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച് പറഞ്ഞുമനസ്സിലാക്കിക്കാൻ അവരുടെ ആശാന്മാർ തന്നെ കാണും. ഗുരുനാഥന്റെ കാലത്തുതന്നെ, അദ്ദേഹം സീനയറാണെങ്കിലും, വെള്ളിനേഴി രാമൻ കുട്ടി ഭാഗവതർ കളരിയിൽ വന്നുനിന്ന് കുട്ടികളെ ശ്രദ്ധിച്ചു മനസ്സിലാക്കിച്ചിരുന്നു. അപ്പോൾ ആകെ എല്ലാവർക്കും ബാധകവും സ്വീകാര്യവുമായ ഒരു ചിട്ടയും സമ്പ്രദായവുമൊക്കെ സ്വാഭാവികമായും ഉരുത്തിരിയും ഇന്നത്തെ സ്ഥിതി അതാണോ? എല്ലാവരും ആശാന്മാർ! ഓരോ കളരിയിലും ഓരോ തരത്തിൽ പാടേണ്ടുന്നതും കൊട്ടേണ്ടുന്നതുമായ ഗതികേടും!

ചോദ്യം: അപ്പോൾ ഇന്നത്തെ ആസ്വാദനരീതിയെക്കുറിച്ച് ആശാനുപറയാനുണ്ടാവുമല്ലോ?
ഉത്തരം:-പണ്ടൊക്കെ വലിയ കുടുംബക്കാർക്ക് ആന, കഥകളി യോഗം എന്നൊക്കെയുള്ളത് പ്രമാണിത്തരത്തിന്റെ മനദണ്ഡമായിരുന്നു. അന്നും വലിയ വിവരമില്ലെങ്കിലും ഈ പ്രമാണിമാരൊക്കെ വെറുതെ ഏന്തെങ്കിലും കുറ്റവും നസ്യവുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും. അന്നത്തെ ഒരു രീതിയായിരുന്നു അത്. അല്ലാതെ വള്ളത്തോലിനൊക്കെ ഉണ്ടായതരത്തിലുള്ള കലാസ്നേഹമൊന്നും അല്ല. എങ്കിലും കുറച്ചു നല്ല ആസ്വാദകർ ഉണ്ടായിരുന്നു എന്നു സമ്മതിച്ചേ പറ്റൂ. ഇന്നാവട്ടെ കുരുടൻ ആനയെകണ്ടതുപോലെ ആണ് കഥകളി ആസ്വാദനം. ചിലർക്ക് സംഗീതം, ചിലർക്ക് വേഷം, ചിലർക്ക് വേഷഭൂഷാദികൾ, ചിലർക്ക് മേളം-ഇതൊക്കെയാണ് കഥകളി! അല്ലാതെ ശരിയായ ആ‍സ്വാദനമല്ല. തൌര്യത്രികങ്ങളുടെ സമവായം അറിഞ്ഞുള്ള ആസ്വാദനം അസ്തമിച്ചു വരുന്നു. പഴയ കുടുംബമഹിമയുടേയോ ഭാഷയിലുള്ള എം.എ.യുടേയോ പി‌എച്ഛ്ഡിയുറ്റേയോ ഒക്കെ മേൽ‌വിലാസത്തിലല്ലേ ഈ ആസ്വാദനവും നിലനിൽ‌പ്പുമൊക്കെ? കഥകളിയോ തുള്ളലൊ മോഹിനിയാട്ടമോ ഒന്നും തന്നെ കാര്യമായി അറിഞ്ഞാസ്വദിക്കാനാവാത്തതല്ലേ, ഇതിന്റെ സാങ്കേതികത്വത്തിലൊക്കെ ഒരു പിടിയും ഇല്ലാത്തവരല്ലെ, ലൈബ്രറി വിജ്ഞാനത്തിലൂടെ ബിരുദങ്ങൾ നേടി ആസ്വാദകരും കലാപണ്ഡിതരുമായി വിലസുന്നത്! സർക്കാർ സ്വാധീനവുമുണ്ടെങ്കിൽ പിന്നെ പറയാനുമില്ല. കലർപ്പില്ലാത്ത കലാസ്നേഹമുള്ളവരുടെ കൂട്ടായ സംരഭത്തിലൂടെ മാത്രമെ ഇനി ഇതു നികത്തിയെടുക്കാനാവൂ.

ചോദ്യം:-അപ്പോൾ സ്ഥാപനങ്ങളുടെ പങ്ക്?
ഉത്തരം:-രാജാക്കന്മാരുടെയും സർക്കാറിന്റേയും വക സ്ഥാപനങ്ങളെ ‘പണ്ടാരം വക’ എന്നാണ് പണ്ടേ പറയാറ്‌. കോവിലകത്തെ എണ്ണയ്ക്കും ഉടുമുണ്ടിന്റെ മടികാട്ടണമെന്നാണല്ലൊ ചൊല്ല്. കഥകളി അഭ്യസിപ്പിക്കൽ വള്ളത്തോൾ കലാമണ്ഡലത്തിലൂടെ സ്ഥാപനവൽക്കരിച്ചത് അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നു. സർക്കാർ സ്ഥാപനങ്ങളിൽ അർഹതയെക്കാളേറെ പ്രാധാന്യം കടലാസ്സിന്നും സ്വാധീനത്തിനുമാണല്ലൊ. അക്ഷരാർത്ഥത്തിൽ ‘പണ്ടാരം വക’ തന്നെ!  ക്ഷേത്രഭരണം ക്ഷേത്രവിശ്വാസി എന്ന് നടിക്കുന്നവരെയല്ല ഏൽ‌പ്പിക്കേണ്ടത് – യഥാർത്ഥ ഭക്തരെയാണ്. ഇന്നത്തെ കലാപണ്ഡിതരും കലാഭക്തരും ഏതുതരത്തിൽ പെടുന്നതാണെന്ന് സൂചിപ്പിച്ചല്ലൊ. ഇനി സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും മഹാകവി വള്ളത്തോളിന്റെ അർപ്പണബോധത്തോടെ മുന്നിട്ടിറങ്ങിയാലേ രക്ഷയുള്ളൂ.  സത്യം അപ്രിയമാവുമെന്നറിയാം. എങ്കിലും പറയാതെ വയ്യല്ലൊ.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 1995 ജൂലായ് 23-29 പ്രസിദ്ധീകരിച്ച മുഖാമുഖം

Similar Posts

  • |

    ശരീരത്തിന്റെ സംഗീതം

    മനോജ് കുറൂർ April 24, 2011 കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ രംഗാവതരണങ്ങളെ മുന്‍‌നിര്‍ത്തി കഥകളിയുടെ ലയാത്മകഘടനയെക്കുറിച്ച് ഒരു അവലോകനം (കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ എണ്‍‌പതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് 2005 മേയില്‍ പാലക്കാടു നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) സമകാലികസാംസ്കാരിക-കലാപരിസരത്തില്‍ കഥകളിയെ പ്രസക്തമാക്കുന്ന ഘടകങ്ങളേതൊക്കെയാണ്‌? കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വേഷങ്ങള്‍ രംഗാവതരണത്തിനു സ്വീകരിക്കുന്ന കലാതന്ത്രങ്ങള്‍ ഏതൊക്കെയാണ്‌? ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ ഒരു വലിയ അളവില്‍ പരസ്പരപൂരകങ്ങളാണ്‌. കഥകളിയുടെ അവതരണത്തിലും ആസ്വാദനത്തിലും പൊതുവേ രണ്ടു ധാരകളുള്ളതായി പറയാറുണ്ട്‌. അതിലൊന്ന്‌ മുഖാഭിനയപ്രധാനവും മറ്റൊന്ന്‌…

  • |

    ഉള്ളിൽ നിന്നും സംഗീതം വരും

    ഡി. വിനയചന്ദ്രൻ August 20, 2017  വെണ്മണി ഹരിദാസ് സ്മരണ – 8(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) ഞാൻ നിരന്തരം കളികാണുന്ന ഒരു കാലമുണ്ടായിരുന്നു, അന്നു മുതൽക്കേ ഹരിദാസനുമായി വളരെ സൌഹൃദത്തിലാണ്. ഇവിടെ മാർഗീല് അദ്ദേഹം അധ്യാപകനായിരിക്കുമ്പം, യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ പഠിപ്പിക്കുമ്പം, പിന്നെ കോട്ടയത്ത് വരുമ്പം കളിയരങ്ങിന്റെ വേദികളിലൊക്കെ… കോട്ടയത്ത് പുള്ളി നേരത്തേ വരികയാണെങ്കിൽ കാണും, കളികഴിഞ്ഞ് കാണും… അനൌപചാരികമായ സംഗമങ്ങൾ, സംസാരവും സംഗീതവുമൊക്കെയായിട്ട്. അത് വലിയൊരു സൌഹൃദമാണ്. ഹരിദാസ് ഒരു പക്ഷെ അതിപ്രശസ്തനാകുന്നതിനു മുൻപ്, എനിക്ക്…

  • |

    നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ

    ശ്രീചിത്രൻ എം. ജെ. March 12, 2013 കളിയരങ്ങിന്റെ ഒരു മഹാചരിത്രഘട്ടം പര്യവസാനിച്ചു. കഥകളികാലകാളിന്ദിയിലെ  ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്‌ഠവും, അവസാനത്തേതുമായ കണ്ണി. ഈ വിയോഗത്തോടെ ധനാശിയേൽക്കുന്നത് ഒരു ആചാര്യനല്ല, അനന്യസാധാരണമായിരുന്ന ഒരു ബൃഹദ്‌പാരമ്പര്യത്തിനാണ്. കഥകളിയുടെ പുതിയ ഭാവുകത്വം തന്നെ പുനർനിർമ്മിച്ച ആ മഹാരഥികളുടെ തിരുശേഷിപ്പായി ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന് ആശ്വസിയ്ക്കാൻ ഇനി രാമൻകുട്ടിനായരുടെ ജീവൽസാനിദ്ധ്യമില്ല. കാലത്തിന്റെ പെരുംകോപ്പറയിലേക്കു മറഞ്ഞ ആ യുഗപ്പെരുമാളിനു മുന്നിൽ സ്മരണാഞ്ജലികൾ ! എന്നാൽ,…

  • മുഖത്തേപ്പില്ലാതെ 

    കലാമണ്ഡലം രാമൻകുട്ടി നായർ December 24, 2012 ആശാന് കലാപാരമ്പര്യം ഉണ്ടോ? അങ്ങനെ വലിയ പാരമ്പര്യമൊന്നും പറയാനില്ല. ഒരു കാരണവർ മദ്ദളക്കാരനായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അതും അടിയന്തരക്കൊട്ടുകാരനായിരുന്നു. ഇരുനൂറുവർഷം പഴക്കമുള്ള ഒരകന്ന കലാപാരമ്പര്യമാണിത്. അച്ഛനമ്മമ്മാർക്ക് കലകളിൽ താൽ‌പ്പര്യമുണ്ടായിരുന്നിരിക്കണമല്ലൊ.? അമ്മയ്ക്ക് വളരെ ഇഷ്ടമായിരുന്നു കഥകളിയും മറ്റ് കലകളും. ധാരാളം പുരാണങ്ങളും വായിച്ചിട്ടുണ്ട്. മുത്തശ്ശി ഒരിക്കൽ എന്റെ തലയിൽ നോക്കിപ്പറഞ്ഞു ‘മൂന്ന് ചുഴിയുണ്ട്, മുടി ചൂടും’. മുത്തശ്ശിയുടെ വാക്കുകൾ ഒരു നിലക്ക് വളരെ ശരിയാണ് എന്ന് ഇപ്പോൾ തോന്നുന്നു….

  • ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.

    അത്തിപ്പറ്റ രവി April 11, 2012 01. ശിഖിനിശലഭോ ജ്വാലാചക്രൈർന്ന വിക്രിയതേ പതൻപിബതി ബഹുശശ്ശാർദ്ദൂലീനാം സ്തനം മൃഗശാബകഃസ്പൃശതികളഭസ്സിംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ –ന്നയതിനകുലം നിദ്രാതന്ദ്രീം ലിഹന്നഹിപോതകഃ(കുലശേഖരവർമ്മന്റെ സുഭദ്രാധനഞ്ജയം) കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലിഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് –ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു  ഹാ! 02.ഹിമകര! ഹിമഗര്‍ഭാരശ്മയേ താവകീനാമയിമദനവിധേയേ യേനവഹ്നിം വമന്തിന തവബലമനംഗസ്യാപി വാ ദുഃഖഭാജോജനകദുഹിതുരേഷാ ശര്‍വ്വരീനാഥശക്തി ഹിമകര ! കിരണത്താലെന്തു നീയെന്നെയേവംസുമശരശരപീഡാധീനനായ് മാറ്റിടുന്നു ?സമരബലമിദംനീ കാട്ടിടാ, കാമനും, ഹൃത് –കമലരുജവഹിയ്ക്കും സീതതന്‍…

  • |

    കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത

    മനോജ് കുറൂർ July 20, 2011  നന്നേ ചെറുപ്പത്തില്‍ മധ്യോത്തര തിരുവിതാംകൂര്‍ പ്രദേശത്ത് ഞാന്‍ കണ്ട കഥകളികള്‍ക്ക് ശൈലീപരമായ വൈവിധ്യമുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍, മാങ്കുളം, പള്ളിപ്പുറം, രാമന്‍‌കുട്ടി നായര്‍, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഗോപി, മങ്കൊമ്പ്, സദനം കൃഷ്ണന്‍‌കുട്ടി, വാസു പിഷാരടി എന്നിങ്ങനെയുള്ള പുരുഷവേഷക്കാര്‍. അവര്‍ക്കൊപ്പം അന്നു സ്ത്രീവേഷങ്ങളവതരിപ്പിച്ചിരുന്നത് പ്രധാനമായും കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി എന്നീ നടന്മാരാണ്. കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു‌. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം,…

മറുപടി രേഖപ്പെടുത്തുക