ആചാര്യന്മാരുടെ അരങ്ങ്‌

കളിയരങ്ങുകളുടെ മുന്നിൽ – ഭാഗം 2 (ശ്രീ രാമദാസ് എൻ. എഴുതുന്ന പരമ്പര)

രാമദാസ്‌ എൻ

July 15, 2012 

മുൻപ്‌ പറഞ്ഞ കഥകളി കണ്ടതിനു ശേഷം, എങ്ങനെയും കുറെ കഥകളികൾ കാണുക എന്നത്‌ ഒരു ജ്വരമായി മാറി. അടുത്തത്തായി അറിഞ്ഞത്‌ ഒരേ ദിവസം നടക്കുന്ന രണ്ടു കളികളെ കുറിച്ചാണ്‌. ടി ഡി എം ഹാളിൽ വൈകീട്ട്‌ പ്രഹ്ലാദചരിതവും അന്ന്‌ തന്നെ രാത്രി ചിറ്റൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച്‌ ഒരു ഗംഭീര മുഴുരാത്രി കളിയും. എവിടെ പോകണം എന്ന്‌ ആലോചിക്കലും മുൻഗണനയും ഒന്നും ഇല്ല. രണ്ടിടത്തും പോകാൻ തന്നെ തീരുമാനിച്ചു. പ്രഹ്ലാദചരിതത്തെ കുറിച്ച്‌ ശ്രീ കേശവദേവിന്റെ നരസിംഹം ആയിരുന്നു എന്ന്‌ മാത്രമേ ഓർമ്മയിൽ ഉള്ളൂ. അത്‌ കഴിഞ്ഞു അത്താഴവും കഴിച്ചു ചിറ്റൂർ എത്തി. പുറപ്പാട്‌ കഴിഞ്ഞു. മഞ്ജുതരയിൽ എത്തി നിൽക്കുന്നു. ക്ഷേത്രമതിൽക്കകം നിറഞ്ഞു ആസ്വാദകർ. ഏറ്റവും പുറകിൽ മാത്രമേ ഇരിക്കാൻ കഴിഞ്ഞുള്ളൂ. ശരിക്കും പുരുഷാരം തന്നെ അരങ്ങിനു മുൻപിൽ.

നീലകണ്ഠൻ നമ്പീശൻ ആശാൻ പാടുന്നു. കൂടെ ശങ്കിടി ആയി ഉണ്ണിക്കൃഷ്ണക്കുറുപ്പാശാൻ. ഡബിൾ മേളം. ഒരു ഭാഗത്ത്‌ പൊതുവാളാശാൻമാർ. മറുഭാഗത്ത്‌ കുട്ടൻ മാരാർ ആശാനും നമ്പീശൻ കുട്ടി ആശാനും. “മംഗളശതാനി” പാടി പതിവ്‌ “ഗുരുവായൂരപ്പാ!” വിളിച്ചു നമ്പീശൻ ആശാൻ മാറി. അതിഗംഭീരമായ മേളപ്പദം കഴിഞ്ഞു കുട്ടൻ മാരാർ ആശാനും നമ്പീശൻ ആശാനും കോട്ടക്കൽ ട്രൂപ്പിന്‌ മറ്റൊരു പരിപാടി ഉള്ളതിനാൽ അങ്ങോട്ട്‌ പോയി. കഥകൾ തുടങ്ങുന്നു.

പ്രമുഖ കഥകളി ആചാര്യന്മാർക്ക്‌ “സുവർണ്ണകീർത്തിമുദ്ര” നൽകുന്ന പരിപാടി ആയിരുന്നു. പ്രഹ്ലാദചരിതം കണ്ടിരുന്ന എനിക്ക്‌ ആ ചടങ്ങ്‌ നഷ്ടമായി. കളി അവതരണം കലാമണ്ഡലം ട്രൂപ്പ്‌ ആണ്‌. കൂടെ മറ്റു കലാകാരന്മാരും ഉണ്ട്‌.

കഥ തുടങ്ങുന്നു. ആദ്യ കഥ സന്താനഗോപാലം ആണ്‌. അത്‌ മുൻപ്‌ കണ്ടിട്ടുണ്ട്‌. ഗോപി ആശാന്റെ അർജ്ജുനനും വൈക്കം കരുണാകരൻ ആശാന്റെ കൃഷ്ണനും അരങ്ങത്തെത്തി. എമ്പ്രാന്തിരി ആശാനും കലാമണ്ഡലം സുബ്രഹ്മണ്യേട്ടനും പാടുന്നു. (ആദ്യകാലത്തെ എമ്പ്രാന്തിരി ആശാന്റെ സ്ഥിരം ശങ്കിടി സുബ്രഹ്മണ്യേട്ടൻ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌). ആദ്യരംഗം കഴിഞ്ഞു. പൊന്നാനി ആയ എമ്പ്രാന്തിരി ഇലത്താളം വാങ്ങി നിൽക്കുന്നു. കുറുപ്പാശാൻ എത്തി. പിന്നെ കുറെ ഭാഗങ്ങൾ ആ ടീം ആണ്‌ പാടിയത്‌.അവസാന ഭാഗത്ത്‌ സുബ്രഹ്മണ്യേട്ടൻ വീണ്ടും വന്നു എന്നാണു ഓർമ്മ. പത്മനാഭൻ നായർ ആശാന്റെ ആണ്‌ ബ്രാഹ്മണൻ. ആദ്യ കഥക്ക്‌ ചെണ്ട മന്നാടിയാർ ആശാനും കേശവേട്ടനും ആയിരുന്നു എന്ന്‌ തോന്നുന്നു. മുൻ പരിചയം ഉള്ളതും അറിയാവുന്നതും ആയ കഥ ആയതുകൊണ്ട്‌ സന്താനഗോപാലം നന്നായി രസിച്ചു.

(അതിനിടെ രാമൻ സാറിനെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞ കാര്യം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്‌. ഇന്നത്തെ കളിക്ക്‌ സീനിയോറിറ്റിയിൽ താൻ എട്ടാമൻ ആണ്‌ എന്ന്‌ കലാനിലയം ഉണ്ണിക്കൃഷ്ണേട്ടൻ പറഞ്ഞുവത്രേ)

രണ്ടാമത്തെ കഥ തുടങ്ങാറാവുമ്പോൾ അവിടവിടെ മാറിനിന്നവർ എല്ലാം അരങ്ങിനു മുന്നിലേക്ക്‌ എത്തുന്നു. മുൻനിരയിൽ ആകെ തിക്കും തിരക്കും. ഞങ്ങളും കഴിയാവുന്നത്ര മുന്നിലേക്ക്‌ കടന്നിരുന്നു. ചായ കുടിക്കാൻ ഒന്നും ആരും പോകുന്നില്ല.

ബാലിവിജയം ആണ്‌ രണ്ടാമത്തെ കഥ. കഥാസാരം രാമൻ സാർ പറഞ്ഞുതന്നു.രാമൻകുട്ടി നായർ ആശാന്റെ രാവണൻ അരങ്ങത്തെത്തി. ഉത്ഭവത്തിൻറെ ചുരുക്കം ആണ്‌ തന്റേടാട്ടം ആയി ആടിയത്‌ എന്ന്‌ സാർ പറഞ്ഞു. കൃഷ്ണൻ നായർ ആശാന്റെ ആണ്‌ നാരദൻ. ആ രംഗം രസകരം ആയിരുന്നു.ആട്ടം തുടങ്ങിയപ്പോൾ കേശവേട്ടൻ മൈക്കിലൂടെ ദൃക്സാക്ഷിവിവരണം പറയാൻ തുടങ്ങി. അത്‌ അതിഗംഭീരം ആയ “കൈലാസോദ്ധാരണം – പാർവ്വതീവിരഹം” ആട്ടം മനസ്സിലാക്കാനും ആസ്വദിക്കാനും സഹായകമായി. രണ്ടു മഹാമേരുക്കൾ തമ്മിൽ ഇടയ്ക്കുണ്ടായ ചെറിയ തമാശകളും അദ്ദേഹത്തിന്റെ ദൃക്സാക്ഷിവിവരണത്തിൽ ഉണ്ടായി. അന്ന്‌ കണ്ട കൈലാസം നോക്കിക്കാണലും കൈലാസോദ്ധാരണവും ഇന്നും മനസ്സിലുണ്ട്‌. നെല്ലിയോട്‌ തിരുമേനിയുടെ ബാലി ഈ ആശാന്മാർക്ക്‌ ചേരും വിധത്തിൽ ആയിരുന്നു. ബാലിവിജയം മുഴുവൻ പാടിയത്‌ കുറുപ്പാശാനും രാമവാരിയർ ആശാനും കൂടി ആയിരുന്നു. മേളം പൊതുവാൾ ആശാന്മാരുടെ നേതൃത്വത്തിലും. കുട്ടിക്കാലത്ത്‌ കണ്ടിട്ടില്ലാത്ത രാമൻകുട്ടി ആശാൻ ഇതോടെ എന്റെ മനസ്സിൽ വലിയൊരു കൈലാസം പോലെ നിലകൊണ്ടു.

മൂന്നാമത്തെ കഥ ദക്ഷയാഗം. (മിക്കവാറും പേർക്കും സ്വന്തമായ യാത്രാസൗകര്യം ഇല്ലാത്ത ആ കാലത്ത്‌ ഫസ്റ്റ്‌ ബസ്സിന്റെ സമയം വരെ എല്ലാവരും തന്നെ അരങ്ങിനു മുൻപിൽ ഉണ്ടാവുമല്ലോ?)

വാസു പിഷാരോടി ആശാന്റെ ദക്ഷനും ബാലസുബ്രഹ്മണ്യേട്ടന്റെ ശിവനും കോട്ടക്കൽ ശിവരാമേട്ടന്റെ സതിയും രാമദാസിന്റെ വീരഭദ്രനും എല്ലാമായി വളരെ സജീവമായ അരങ്ങ്‌. അന്ന്‌ എനിക്ക്‌ തീരെ ഇഷ്ടമല്ലാത്ത ഗംഗാധരാശാൻ ആ കഥ പാടിയിരുന്നോ എന്ന്‌ കൃത്യമായ ഓർമ്മ ഇല്ല. ബാക്കി കലാമണ്ഡലം ട്രൂപ്പംഗങ്ങൾ ചേർന്ന്‌ ആ കഥ ഗംഭീരമാക്കി. ഉണ്ണിക്കൃഷ്ണേട്ടൻ ആയിരുന്നു ചെണ്ട എന്ന്‌ ഓർക്കുന്നു.

കലാകാരന്മാർ ആരുമായും അന്ന്‌ പരിചയമോ അടുപ്പമോ ഇല്ല. രാമൻ സാറിന്റെ സുഹൃത്തായ എമ്പ്രാന്തിരി ആശാനെ മാത്രം നേരിയ പരിചയം. ബാക്കി എല്ലാവരെയും അകലെ നിന്ന്‌ ബഹുമാനപൂർവ്വ്വം കാണുന്നു.

പഠനം പൂർത്തിയാക്കി എറണാകുളം വിടുന്നതിനു മുൻപ്‌ കാണാൻ കഴിഞ്ഞ ഒരു ഗംഭീര കഥകളി തൃപ്പൂണിത്തുറ കളിക്കോട്ടയിൽ നടന്ന കൃഷ്ണൻ നായർ ആശാൻ സപ്തതി ആയിരുന്നു. പഠനം കഴിഞ്ഞു ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അനന്തപുരിയിൽ ഉണ്ടായ ഒരു വർഷം വളരെ സമ്പന്നം ആയിരുന്നു. അത്‌ പിന്നീടാവാം.

(തുടരും)

Similar Posts

  • | |

    കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

    പി.എം. നാരായണൻ & കെ.ശശി, മുദ്രാഖ്യ March 4, 2015 “ഈയിടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വായനശാലയിൽവെച്ച്‌ ഒരു കളിയുണ്ടായി. കഥകളിയിലെ പ്രഥമസ്ഥാനീയരായവരെ മാത്രമേ ആ കളിയിൽ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ നമ്പീശൻ മാത്രം തൃക്കുലശേഖരപുരത്തെ കളിക്കു പോയി. അദ്ദേഹമൊഴിച്ച്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നു. നമ്പീശൻ ഭാഗവതർ ഇല്ലാത്ത കുറവ്‌ അറിയരുതെന്ന്‌ ഞാൻ ഉണ്ണിക്കൃഷ്ണനെ വിളിച്ച്‌ സ്വകാര്യത്തിൽ പറഞ്ഞു. അന്ന്‌ അയാൾ പാടിയതുപോലൊരു പാട്ട്‌ അടുത്ത കാലത്തൊന്നും കേൾക്കുകതന്നെ ഉണ്ടായിട്ടില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറുത്ത നളനായിരുന്നു അന്നത്തെ വേഷം….

  • അരങ്ങേറ്റം

    നന്ദകുമാർ ചെറമംഗലത്ത് June 4, 2011 കഥകളി അതിസങ്കീര്‍ണവും കഠിനവുമെന്ന വാദം നിരത്തി ദുരെ മാറി നില്‍ക്കുന്നവര്‍ക്ക്‌ അരങ്ങത്തേയ്ക്ക്‌ ഒന്നെത്തിനോക്കാനെങ്കിലും പ്രചോദനമാവട്ടെ എന്ന സദുദേശത്തിന്റെ പരിണാമ ഫലമാണ്‌ ഈ അരങ്ങേറ്റം. അതിപ്രഗല്‍ഭരായ പലരും തങ്ങളുടെ രചനകളിലൂടെ ഉല്‍ഘോഷിച്ചത്‌ വായിക്കാന്‍ തെല്ലും സമയം ലഭിക്കാത്ത ഏതെങ്കിലും ഒരു ‘കളിഅരസികന്‍’ ഇതുവായിച്ച്‌ കളികാണാന്‍ താല്‍പര്യപ്പെടുമെന്ന ആത്യാഗ്രഹവും ഇല്ലാതില്ല. ‘കഥ’യും ‘കളി’യും ഇഴപിരിയാതെ കിടക്കുന്ന കഥകളിയിലെ കഥകള്‍ ഏതൊരു മലയാളിക്കും സുപരിതങ്ങളാവേണ്ടതാണ്‌. ഇനി ‘കാല വിഷമം കൊണ്ട’ു‍ അത്‌ സാധിക്കാത്തവര്‍ കഥയറിഞ്ഞ്‌…

  • |

    മലനട അപ്പൂപ്പനും പന്നിശ്ശേരി നാണുപിള്ളയും

    പി. രവീന്ദ്രനാഥ് April 11, 2014 പാഞ്ചാലീ സ്വയംവരം കഴിഞ്ഞു. പാണ്ഡവർക്ക്  ബന്ധു ബലത്തോടൊപ്പം, സൈനിക ശക്തിയും, സമ്പത്തും വന്നു ചേർന്നു. കുരുസഭയിലെ ഗുരു കാരണവന്മാരുടെ ഉപദേശപ്രകാരം അർദ്ധരാജ്യം നൽകാൻ ദുര്യോധനൻ നിർബന്ധിതനായി. പാണ്ഡവർക്ക്  നൽകാൻ, ദുര്യോധനൻ തെരഞ്ഞെടുത്ത അർദ്ധരാജ്യം ഖാണ്ഡവം എന്ന ഘോര വനമായിരുന്നു. അത്  സ്വീകരിക്കുകയെ പാണ്ഡവർക്ക്  നിവൃത്തിയുണ്ടായിരുന്നുള്ളൂ. മിത്രവും ബന്ധുവുമായ ശ്രീകൃഷ്ണന്റെ ഉപദേശവും മറിച്ചായിരുന്നില്ല. കൃഷ്ണനും അർജ്ജുനനും കൂടി ഖാണ്ഡവ വനം അഗ്നിക്ക്  ഇരയാക്കി, വാസയോഗ്യമാക്കി തീർത്തു. അർജ്ജുന സാരഥിയായി കൃഷ്ണൻ സേവനമഷ്ഠിച്ച ആദ്യ…

  • വൃഥാ ഞെട്ടും ദമയന്തി

    ഹേമാമോദസമാ – ഭാഗം 3 ഡോ. ഏവൂർ മോഹൻദാസ്‌ July 16, 2012  നളചരിതം മൂന്നാം ദിവസത്തിലെ ‘യാമി യാമി’ എന്ന പ്രസിദ്ധമായ സുദേവബ്രാഹ്മണ പദത്തിലെ ‘വേളി നാളെ’ യും അതുകേട്ടു ദമയന്തിക്കുണ്ടാകുന്ന ഞെട്ടലും ഒന്നാം ഭാഗത്തിൽ ചർച്ചയ്ക്ക്‌ വന്നിരുന്നു. ഈ വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ അന്വേഷിക്കുവാനുള്ള ശ്രമമാണീ ഭാഗത്തിൽ നടത്തുന്നത്‌. നളചരിതം ആട്ടക്കഥയുടെ പുരാണപശ്ചാത്തലം മഹാഭാരതം വനപർവത്തിലെ നളോപാഖ്യാനം ആണല്ലോ. ഈ വിഷയം എങ്ങിനെ അവിടെ അവതരിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കാം. ദമയന്തി പറഞ്ഞു: “സുദേവ, നീയയോദ്ധ്യക്കു പോയിട്ടാപ്പുരി…

  • നിലാവ് സാധകം

    ഹരികുമാരൻ സദനം, ദിവാകര വാര്യർ, ശ്രീവൽസൻ തിയ്യടി Friday, August 5, 2011 ചെണ്ടവാദനം ചെയ്യുന്ന കലാകാരന്മാരും പഠിക്കുന്ന വിദ്യാർത്ഥികൾക്കുമുള്ള ഒരു സാധക രീതിയാണ് നിലാവ് സാധകം അഥവാ നിലാസാധകം. മിഥുനം കർക്കിടകം മാസങ്ങളിൽ മഴ പെയ്ത് അന്തരീക്ഷം നല്ലപോലെ തണുത്ത കാലാവസ്ഥയിലാണ് സാധാരണ നിലാസാധകം ചെയ്ത് വരുന്നത്. വെളുത്ത പക്ഷത്തെ കറുത്ത വാവ് കഴിഞ്ഞതിന്റെ പിറ്റേദിവസം ചന്ദ്രൻ ഉദിക്കുന്ന സമയം മുതൽ ആണ് സാധകം ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ ദിവസവും ചന്ദ്രന്റെ വൃദ്ധിക്കനുസരിച്ച് സാധകത്തിന്റെ സമയവും…

  • |

    കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്ഐ, . ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

മറുപടി രേഖപ്പെടുത്തുക