കളിയരങ്ങുകളുടെ മുന്നിൽ – ഭാഗം 2 (ശ്രീ രാമദാസ് എൻ. എഴുതുന്ന പരമ്പര)

രാമദാസ്‌ എൻ

July 15, 2012 

മുൻപ്‌ പറഞ്ഞ കഥകളി കണ്ടതിനു ശേഷം, എങ്ങനെയും കുറെ കഥകളികൾ കാണുക എന്നത്‌ ഒരു ജ്വരമായി മാറി. അടുത്തത്തായി അറിഞ്ഞത്‌ ഒരേ ദിവസം നടക്കുന്ന രണ്ടു കളികളെ കുറിച്ചാണ്‌. ടി ഡി എം ഹാളിൽ വൈകീട്ട്‌ പ്രഹ്ലാദചരിതവും അന്ന്‌ തന്നെ രാത്രി ചിറ്റൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച്‌ ഒരു ഗംഭീര മുഴുരാത്രി കളിയും. എവിടെ പോകണം എന്ന്‌ ആലോചിക്കലും മുൻഗണനയും ഒന്നും ഇല്ല. രണ്ടിടത്തും പോകാൻ തന്നെ തീരുമാനിച്ചു. പ്രഹ്ലാദചരിതത്തെ കുറിച്ച്‌ ശ്രീ കേശവദേവിന്റെ നരസിംഹം ആയിരുന്നു എന്ന്‌ മാത്രമേ ഓർമ്മയിൽ ഉള്ളൂ. അത്‌ കഴിഞ്ഞു അത്താഴവും കഴിച്ചു ചിറ്റൂർ എത്തി. പുറപ്പാട്‌ കഴിഞ്ഞു. മഞ്ജുതരയിൽ എത്തി നിൽക്കുന്നു. ക്ഷേത്രമതിൽക്കകം നിറഞ്ഞു ആസ്വാദകർ. ഏറ്റവും പുറകിൽ മാത്രമേ ഇരിക്കാൻ കഴിഞ്ഞുള്ളൂ. ശരിക്കും പുരുഷാരം തന്നെ അരങ്ങിനു മുൻപിൽ.

നീലകണ്ഠൻ നമ്പീശൻ ആശാൻ പാടുന്നു. കൂടെ ശങ്കിടി ആയി ഉണ്ണിക്കൃഷ്ണക്കുറുപ്പാശാൻ. ഡബിൾ മേളം. ഒരു ഭാഗത്ത്‌ പൊതുവാളാശാൻമാർ. മറുഭാഗത്ത്‌ കുട്ടൻ മാരാർ ആശാനും നമ്പീശൻ കുട്ടി ആശാനും. “മംഗളശതാനി” പാടി പതിവ്‌ “ഗുരുവായൂരപ്പാ!” വിളിച്ചു നമ്പീശൻ ആശാൻ മാറി. അതിഗംഭീരമായ മേളപ്പദം കഴിഞ്ഞു കുട്ടൻ മാരാർ ആശാനും നമ്പീശൻ ആശാനും കോട്ടക്കൽ ട്രൂപ്പിന്‌ മറ്റൊരു പരിപാടി ഉള്ളതിനാൽ അങ്ങോട്ട്‌ പോയി. കഥകൾ തുടങ്ങുന്നു.

പ്രമുഖ കഥകളി ആചാര്യന്മാർക്ക്‌ “സുവർണ്ണകീർത്തിമുദ്ര” നൽകുന്ന പരിപാടി ആയിരുന്നു. പ്രഹ്ലാദചരിതം കണ്ടിരുന്ന എനിക്ക്‌ ആ ചടങ്ങ്‌ നഷ്ടമായി. കളി അവതരണം കലാമണ്ഡലം ട്രൂപ്പ്‌ ആണ്‌. കൂടെ മറ്റു കലാകാരന്മാരും ഉണ്ട്‌.

കഥ തുടങ്ങുന്നു. ആദ്യ കഥ സന്താനഗോപാലം ആണ്‌. അത്‌ മുൻപ്‌ കണ്ടിട്ടുണ്ട്‌. ഗോപി ആശാന്റെ അർജ്ജുനനും വൈക്കം കരുണാകരൻ ആശാന്റെ കൃഷ്ണനും അരങ്ങത്തെത്തി. എമ്പ്രാന്തിരി ആശാനും കലാമണ്ഡലം സുബ്രഹ്മണ്യേട്ടനും പാടുന്നു. (ആദ്യകാലത്തെ എമ്പ്രാന്തിരി ആശാന്റെ സ്ഥിരം ശങ്കിടി സുബ്രഹ്മണ്യേട്ടൻ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌). ആദ്യരംഗം കഴിഞ്ഞു. പൊന്നാനി ആയ എമ്പ്രാന്തിരി ഇലത്താളം വാങ്ങി നിൽക്കുന്നു. കുറുപ്പാശാൻ എത്തി. പിന്നെ കുറെ ഭാഗങ്ങൾ ആ ടീം ആണ്‌ പാടിയത്‌.അവസാന ഭാഗത്ത്‌ സുബ്രഹ്മണ്യേട്ടൻ വീണ്ടും വന്നു എന്നാണു ഓർമ്മ. പത്മനാഭൻ നായർ ആശാന്റെ ആണ്‌ ബ്രാഹ്മണൻ. ആദ്യ കഥക്ക്‌ ചെണ്ട മന്നാടിയാർ ആശാനും കേശവേട്ടനും ആയിരുന്നു എന്ന്‌ തോന്നുന്നു. മുൻ പരിചയം ഉള്ളതും അറിയാവുന്നതും ആയ കഥ ആയതുകൊണ്ട്‌ സന്താനഗോപാലം നന്നായി രസിച്ചു.

(അതിനിടെ രാമൻ സാറിനെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞ കാര്യം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്‌. ഇന്നത്തെ കളിക്ക്‌ സീനിയോറിറ്റിയിൽ താൻ എട്ടാമൻ ആണ്‌ എന്ന്‌ കലാനിലയം ഉണ്ണിക്കൃഷ്ണേട്ടൻ പറഞ്ഞുവത്രേ)

രണ്ടാമത്തെ കഥ തുടങ്ങാറാവുമ്പോൾ അവിടവിടെ മാറിനിന്നവർ എല്ലാം അരങ്ങിനു മുന്നിലേക്ക്‌ എത്തുന്നു. മുൻനിരയിൽ ആകെ തിക്കും തിരക്കും. ഞങ്ങളും കഴിയാവുന്നത്ര മുന്നിലേക്ക്‌ കടന്നിരുന്നു. ചായ കുടിക്കാൻ ഒന്നും ആരും പോകുന്നില്ല.

ബാലിവിജയം ആണ്‌ രണ്ടാമത്തെ കഥ. കഥാസാരം രാമൻ സാർ പറഞ്ഞുതന്നു.രാമൻകുട്ടി നായർ ആശാന്റെ രാവണൻ അരങ്ങത്തെത്തി. ഉത്ഭവത്തിൻറെ ചുരുക്കം ആണ്‌ തന്റേടാട്ടം ആയി ആടിയത്‌ എന്ന്‌ സാർ പറഞ്ഞു. കൃഷ്ണൻ നായർ ആശാന്റെ ആണ്‌ നാരദൻ. ആ രംഗം രസകരം ആയിരുന്നു.ആട്ടം തുടങ്ങിയപ്പോൾ കേശവേട്ടൻ മൈക്കിലൂടെ ദൃക്സാക്ഷിവിവരണം പറയാൻ തുടങ്ങി. അത്‌ അതിഗംഭീരം ആയ “കൈലാസോദ്ധാരണം – പാർവ്വതീവിരഹം” ആട്ടം മനസ്സിലാക്കാനും ആസ്വദിക്കാനും സഹായകമായി. രണ്ടു മഹാമേരുക്കൾ തമ്മിൽ ഇടയ്ക്കുണ്ടായ ചെറിയ തമാശകളും അദ്ദേഹത്തിന്റെ ദൃക്സാക്ഷിവിവരണത്തിൽ ഉണ്ടായി. അന്ന്‌ കണ്ട കൈലാസം നോക്കിക്കാണലും കൈലാസോദ്ധാരണവും ഇന്നും മനസ്സിലുണ്ട്‌. നെല്ലിയോട്‌ തിരുമേനിയുടെ ബാലി ഈ ആശാന്മാർക്ക്‌ ചേരും വിധത്തിൽ ആയിരുന്നു. ബാലിവിജയം മുഴുവൻ പാടിയത്‌ കുറുപ്പാശാനും രാമവാരിയർ ആശാനും കൂടി ആയിരുന്നു. മേളം പൊതുവാൾ ആശാന്മാരുടെ നേതൃത്വത്തിലും. കുട്ടിക്കാലത്ത്‌ കണ്ടിട്ടില്ലാത്ത രാമൻകുട്ടി ആശാൻ ഇതോടെ എന്റെ മനസ്സിൽ വലിയൊരു കൈലാസം പോലെ നിലകൊണ്ടു.

മൂന്നാമത്തെ കഥ ദക്ഷയാഗം. (മിക്കവാറും പേർക്കും സ്വന്തമായ യാത്രാസൗകര്യം ഇല്ലാത്ത ആ കാലത്ത്‌ ഫസ്റ്റ്‌ ബസ്സിന്റെ സമയം വരെ എല്ലാവരും തന്നെ അരങ്ങിനു മുൻപിൽ ഉണ്ടാവുമല്ലോ?)

വാസു പിഷാരോടി ആശാന്റെ ദക്ഷനും ബാലസുബ്രഹ്മണ്യേട്ടന്റെ ശിവനും കോട്ടക്കൽ ശിവരാമേട്ടന്റെ സതിയും രാമദാസിന്റെ വീരഭദ്രനും എല്ലാമായി വളരെ സജീവമായ അരങ്ങ്‌. അന്ന്‌ എനിക്ക്‌ തീരെ ഇഷ്ടമല്ലാത്ത ഗംഗാധരാശാൻ ആ കഥ പാടിയിരുന്നോ എന്ന്‌ കൃത്യമായ ഓർമ്മ ഇല്ല. ബാക്കി കലാമണ്ഡലം ട്രൂപ്പംഗങ്ങൾ ചേർന്ന്‌ ആ കഥ ഗംഭീരമാക്കി. ഉണ്ണിക്കൃഷ്ണേട്ടൻ ആയിരുന്നു ചെണ്ട എന്ന്‌ ഓർക്കുന്നു.

കലാകാരന്മാർ ആരുമായും അന്ന്‌ പരിചയമോ അടുപ്പമോ ഇല്ല. രാമൻ സാറിന്റെ സുഹൃത്തായ എമ്പ്രാന്തിരി ആശാനെ മാത്രം നേരിയ പരിചയം. ബാക്കി എല്ലാവരെയും അകലെ നിന്ന്‌ ബഹുമാനപൂർവ്വ്വം കാണുന്നു.

പഠനം പൂർത്തിയാക്കി എറണാകുളം വിടുന്നതിനു മുൻപ്‌ കാണാൻ കഴിഞ്ഞ ഒരു ഗംഭീര കഥകളി തൃപ്പൂണിത്തുറ കളിക്കോട്ടയിൽ നടന്ന കൃഷ്ണൻ നായർ ആശാൻ സപ്തതി ആയിരുന്നു. പഠനം കഴിഞ്ഞു ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അനന്തപുരിയിൽ ഉണ്ടായ ഒരു വർഷം വളരെ സമ്പന്നം ആയിരുന്നു. അത്‌ പിന്നീടാവാം.

(തുടരും)


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder