പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം

എൻ. രാംദാസ്

August 2, 2017

വെണ്മണി ഹരിദാസ് സ്മരണ – 7
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

ആലപ്പുഴ-ചേർത്തല ഭാഗത്തൊക്കെ ഒരു കാലത്ത് കഥകളിയുണ്ടെങ്കിൽ എമ്പ്രാന്തിരി-ഹരിദാസ് ടീമാണ് പാട്ട്. അന്നൊന്നും ഹരിദാസേട്ടനില്ലാതെ എമ്പ്രാന്തിരി പാടിക്കണ്ടതായി ഓർമയില്ല. പോറ്റീന്നൊക്കെയാ ആൾക്കാര് എമ്പ്രാന്തിരിയെ വിളിക്കുക. ഞാനും ആ ഒഴുക്കിൽ എമ്പ്രാന്തിരിയുടെ കൂടെത്തന്നെയാണ്. പക്ഷെ അപ്പോൾ പോലും ഇങ്ങനൊരു തോന്നല്, സ്വല്പം കൂടി നല്ലൊരു ശബ്ദവും സംഗീതവും വരുന്നത് ഹരിദാസേട്ടന്റെയടുത്തുനിന്നാണല്ലൊ എന്ന്. ഒന്നും എനിക്കറിയില്ല, രാഗമെന്താന്നറിയില്ല, സംഗീതമറിയില്ല, എങ്കിലും അങ്ങനൊരു തോന്നല്.

അന്നൊക്കെ പ്രധാന കഥ, അല്ലെങ്കിൽ പാടാൻ വകുപ്പുള്ള കഥ എമ്പ്രാന്തിരി-ഹരിദാസ് ടീം പാടും, പക്ഷെ അതു കഴിഞ്ഞ് രണ്ടാമത്തെ കഥയ്ക്കു പോലും ഹരിദാസേട്ടൻ ചേങ്ങിലയുമായി വരുന്നത് കണ്ടിട്ടില്ല.പിന്നീട് തിരുവനതപുരത്തേക്ക് പോയപ്പോളാണ് ഹരിദാസേട്ടൻ പൊന്നാനി പാടുന്നത് കേട്ടത്. അത്… ശരിക്കും പറഞ്ഞാൽ ഹരിദാസേട്ടൻ അന്നു പാടിയതുപോലെ പിന്നെ പാടീട്ടില്ല. പൊന്നാനി ഭാഗവതരായി അറിയപ്പെടുന്ന കാലത്തു പാടിയതിനേക്കാൾ ഗംഭീരമായിരുന്നു അന്നത്തെ പാട്ടുകള്, സാഹിത്യം മറന്നുപോകുമെന്നതൊഴിച്ചാൽ. സാഹിത്യം മറന്നുപോകുന്ന പ്രശ്നം അന്നു നന്നായുണ്ടായിരുന്നു.

ശങ്കിടി എന്ന നിലയ്ക്ക് ഞാൻ കേട്ടിട്ടുള്ള ഏറ്റവും മികച്ച പാട്ടുകാരൻ ഹരിദാസേട്ടനാണ്. നമ്പീശാശാന്റെ കൂടെ പാടിയതിന്റെ ഒരു റെക്കോഡിങ്ങ് കേട്ടിട്ടുണ്ട്. കുറുപ്പാശാന്റെ കൂടെ ഒരേഴെട്ടു കളികൾക്ക്. പിന്നെ ഗംഗാധരാശാൻ, എമ്പ്രാന്തിരി, ഹൈദരലി ഇവരുടെയൊക്കെ ഒപ്പവും. ശങ്കിടി പാടുമ്പം ആ പൊന്നാനിയെ ഫോളോ ചെയ്യുക എന്നല്ലാതെ … ഇപ്പം ഹൈദരലിയുടെ കൂടെ പാടുമ്പം, അതൊന്നും സ്വന്തം പാട്ടിൽ ഹരിദാസേട്ടൻ ഒട്ടും യോജിക്കാത്ത വഴികളാ, പക്ഷെ ശങ്കിടി പാടുമ്പം വളരെ കൃത്യമായി, ഹൈദരലിയെ അതിശയിപ്പിക്കുന്ന മട്ടിൽ അതിനെ ഫോളോ ചെയ്ത് കൊണ്ടുപോവും.എന്റെ കഥകളിയിലെ മോഡലാരാണെന്നു ചോദിച്ചാൽ ഞാൻ കുഞ്ചുനായരാശാൻ ആണെന്നേ പറയൂ. ഞാനദ്ദേഹത്തിന്റെ വേഷങ്ങൾ നേരിട്ട് കണ്ടിട്ടില്ല. പറഞ്ഞുകേട്ടും വായിച്ചും കിട്ടിയത് കൂടാതെ ഇവര് ശിഷ്യന്മാരുടെ വേഷങ്ങൾ കണ്ട് മനസ്സിലാക്കിയ കാര്യങ്ങൾ, എങ്കിലും എനിക്ക് കുഞ്ചുനായരാശാനെക്കുറിച്ച് ഏറ്റവുമധികം കാര്യങ്ങൾ കിട്ടിയിരിക്കുന്നത് ഹരിദാസേട്ടന്റെ കയ്യിൽ നിന്നാണ്.

കുഞ്ചുനായരാശാന്റെ മനസ്സ് രംഗത്ത് വന്നുകഴിഞ്ഞാൽ ആ കഥാപാത്രത്തിലും കഥാപാത്രത്തിന്റെ അപ്പോളത്തെ അവസ്ഥയിലും ഉറച്ചുനിൽക്കുന്നതാണെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളതും ശിഷ്യന്മാരുടെ പ്രവർത്തിയിൽ നിന്ന് തോന്നിയിട്ടുള്ളതും. ആ ഒരു മനസ്സ് കഥകളിപ്പാട്ടിൽ കൊണ്ടുവന്നു ഹരിദാസേട്ടൻ. പാടിപ്പഠിച്ച കളരി അതാണ്. ഇപ്പൊ രാഗം മാറ്റുന്നതൊക്കെ, രാഗത്തേക്കാളുപരി പാടുന്ന സമയത്ത് ഹരിദാസേട്ടന്റെ മനസ്സിലുള്ളത് ആ കഥാപാത്രവും സാഹിത്യ സന്ദർഭവും തന്നെയാണ്.  അപ്പോ ഏതു രാഗം പാടിയാലും ശരി ഉള്ളിൽ നിന്നു പുറത്തേക്കു വരുന്നത് ആ കഥാപാത്രത്തിന്റെ ഭാവമായിരിക്കും. എനിക്കു തോന്നീട്ടുള്ളത് പുറപ്പാടിന്റെ ‘രാമ പാലയ മാം’ എന്നു പാടുമ്പോൾ മുതൽക്ക് ഭാവം ഹരിദാസേട്ടന്റെ പാട്ടിലുണ്ടെന്നാണ്. അവസാനത്തെ ധനാശി ശ്ലോകം പാടുന്നതുവരെ അതങ്ങനെ നിലനിൽക്കുകയും ചെയ്യും.

നടൻ കഥാപാത്രത്തെ എങ്ങനെ ഉൾക്കൊള്ളുന്നോ അതുപോലെ ഈ ഗായകനും ഉൾക്കൊണ്ടാലേ ഇവർ തമ്മിലുള്ള ഒരു കെമിസ്ട്രി ശരിയായിട്ട് കാണുന്നവർക്കനുഭവപ്പെടൂ. അതിനൊരു പ്രത്യേക സുഖമാണ്. ഇപ്പൊ കോട്ടയ്ക്കൽ ശിവരാമേട്ടനോ വാസുവേട്ടനോ (കലാമണ്ഡലം വാസു പിഷാരോടി) ഒക്കെ കെട്ടുന്ന വേഷത്തിന് ഹരിദാസേട്ടൻ പാടുമ്പഴുള്ള ഒരനുഭവം അതാണ്.കഥകളിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും കൃത്യമായ അഭിപ്രായമുണ്ടായിരുന്നു ഹരിദാസേട്ടന്. അപൂർവം ആളുകൾക്കേ അതൊക്കെ കേൾക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഹരിദാസേട്ടൻ പറയുമായിരുന്നു, ആദ്യതവണ പാടുമ്പോൾ സാഹിത്യവും അർത്ഥവും വ്യക്തമാവുന്ന രീതിയിൽ പ്ലെയിൻ ആയി പാടണം, ആവർത്തനത്തിൽ മാത്രമേ സംഗതികളൊക്കെ കൊടുത്ത് അതിനെ വിശദീകരിക്കാവൂ എന്നൊക്കെ. അതദ്ദേഹം സ്വന്തം പാട്ടിൽ കൃത്യമായി പാലിക്കുകയും ചെയ്തു.

അതുപോലെ അരങ്ങത്ത് അപ്പപ്പോൾ കാണിക്കുന്നതിനനുസരിച്ച് സംഗതികൾ കൊടുത്ത് പാടാനുമൊക്കെ പറ്റും. താളത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കും നടന്റെ ചുവടുകൾക്കുമൊക്കെ അനുസരിച്ച് സംഗീതം വേണ്ടരീതിയിൽ മാറ്റിക്കൊണ്ടുപോവാൻ ആരു വേഷം കെട്ടിയാലും ഹരിദാസേട്ടനു സാധിക്കും. ഇന്ന് പല പാട്ടുകളും കേൾക്കുമ്പോൾ ഇതൊക്കെ ഓർത്തുപൊവും.ഹരിദാസേട്ടൻ പാടിയിരുന്ന പല രാഗങ്ങളും അതേ പദത്തിന് ഇന്നു പലരും പാടുമ്പോൾ അതവിടെ ചേരുകയേ ഇല്ലെന്നു തോന്നും. സംഭവിക്കുന്നതിതാണ്, നല്ലൊരു തോടിയോ ശങ്കരാഭരണമോ കല്യാണിയോ ഒന്നും പാടുന്നതല്ല കഥകളിപ്പാട്ട്. അതു പലരും നന്നായി ചെയ്യും. അതിലേക്ക് സാഹിത്യം കടന്നു വരുമ്പഴാണ് ഹരിദാസേട്ടന്റെ പാട്ടിന്റെ അനന്യത.  

Similar Posts

  • കലാമണ്ഡലം ഹൈദരാലി എന്ന ഗവേഷകന്‍

    രാജശേഖര്‍ പി. വൈക്കം January 4, 2013  കലാലോകത്തിനെന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്‌  കലാമണ്ഡലം ഹൈദരാലിയുടെ വിയോഗം. ഒരു ഗായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ  കഴിവ്‌ എന്തായിരുന്നുവെന്ന്‌  ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ പാട്ട്‌ കേട്ടിട്ടുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷെ തന്‍റെ മറ്റുപല സിദ്ധികളും പുറം ലോകമറിയും മുന്പ്‌ അദ്ദേഹം യാത്രപറഞ്ഞു. കിട്ടേണ്ടിയിരുന്ന പലേ ബഹുമതികളും വേണ്ടന്നു വച്ച്‌ ആ പ്രതിഭാശാലി  നടന്നകന്നു. ഉന്നത കലാകാരന്മാര്‍ നല്ല ഗവേഷകരാകുന്നത് അപൂര്‍വ്വമാണ്‌. വരും തലമുറക്കുവേണ്ടി കഥകളി സംഗീതത്തെ ക്കുറിച്ച്‌ ഒരു ഉത്തമ ഗ്രന്ഥത്തിന്റെ രചന…

  • |

    ശങ്കരപ്രഭാവം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 15 ശ്രീവത്സൻ തീയ്യാടി November 14, 2013 പുറപ്പാട് ആടിത്തീർത്ത് കൃഷ്ണവേഷങ്ങൾ പോയി. പൂർണത്രയീശക്ഷേത്രത്തിലെ നെടുങ്കൻ ഊട്ടുപുരയിൽ വീണ്ടും തിരശീലമറ. പാതിര പിന്നിട്ട നേരം; പൂഴിയിട്ടാൽ തറയിൽ വീഴാത്ത തിരക്ക്. കഥ തുടങ്ങുകയായി. നളചരിതം രണ്ടാം ദിവസം. ആദ്യ രംഗത്തിനുള്ള രാഗാലാപനം തുടങ്ങി. തൽക്കാലം ശങ്കിടിയേ പാടുന്നുള്ളൂ. എന്തോ, എന്റെ കൗമാരമനസ്സിന് ഒരൂർജം കിട്ടുന്നില്ല. സംഗീതം നന്ന്, അല്ലെന്നല്ല. മുമ്പ് പുറപ്പാടിന് പാടിയ ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും മെച്ചം; പക്ഷെ ഒരു ഗുമ്മില്ല….

  • |

    ഋതുഭേദങ്ങളുടെ സുഖദു:ഖം 

    ഓര്‍മ്മകള്‍ക്കൊരു  കാറ്റോട്ടം – ഭാഗം 6   ശ്രീവത്സൻ തീയ്യാടി December 3, 2012 പെട്ടെന്നായിരുന്നു പെരുമഴ. അത്താഴസമയത്തോടെ. പകല്‍ മുഴുവന്‍ പുഴുക്കമെന്നത് ശരി; പക്ഷെ ചാറ്റല്‍പോലും തീരെയില്ലാതെപോട്ടെ എന്ന് മോഹിക്കും ആ എട്ടു ദിവസങ്ങളില്‍. സന്ധ്യ കഴിഞ്ഞാണെങ്കില്‍ വിശേഷിച്ചും. ഇരുപത്തിനാല് മണിക്കൂര്‍ ഇടതോരാതെയാണ് കലാപരിപാടികള്‍. ഇന്നാകട്ടെ, വൈകിട്ട് കൊടിയേറിയതേയുള്ളൂ ഉല്‍സവം. ഗോപുരത്തിന്റെ മേല്‍ത്തട്ടിനു മീതെ ലേശം മുമ്പ് മാത്രം കാറ്റത്ത് ആടിയുലഞ്ഞ നീളന്‍ കൂറ പൊടുന്നനെ ലോഹവട്ടം അള്ളിപ്പിടിച്ച് ചടഞ്ഞുകൂടി. വൈദ്യുതിവര്‍ണ്ണങ്ങളില്‍ മുങ്ങിയ ശ്രീപൂര്‍ണത്രയീശക്ഷേത്രം കുടികൊള്ളുന്ന…

  • |

    ആ പുഴയുടെ വക്കത്തിരുന്ന്…

    വെണ്മണി ഹരിദാസ് സ്മരണ – 1(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ ശശിധരൻ May 30, 2017  ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു…

  • |

    ശിവരാമഭൂമികൾ ഉണ്ടാകുന്നത്

    ശ്രീചിത്രൻ എം ജെ July 24, 2011 ഒരു പൂവിന്റെ നിറം പറയാം. ശാസ്ത്രനാമം പറയാം. ഏതു സസ്യവര്‍ഗ്ഗത്തില്‍ നിന്നുല്‍ഭവിച്ചു എന്നു പറയാം. അങ്ങനെ പലതും പറയാം. ആ പൂവിന്റെ സൗന്ദര്യമെന്ത് എന്നു ചോദിച്ചാലോ?മുന്‍ ചൊന്നവയെപ്പോലെ ഒരുത്തരമുണ്ടാവില്ല. എല്ലാ അറിവുകളും വന്ധ്യമാകുന്ന ഇത്തരം ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു ശിവരാമന്‍. വാഗ്‌ദേവതയ്ക്കു കീഴ്പ്പെടാത്ത, വ്യവച്ഛേദനങ്ങള്‍ക്കു നിന്നുതരാത്ത ലാവണ്യാനുഭൂതികളുടെ വസന്തോല്‍സവമായിരുന്നു ശിവരാമന്‍. ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതത്തെ മുഴുവന്‍ പ്രസ്തരിക്കാന്‍ തന്റെ സൗന്ദര്യബോധമൊന്നാകെ അരങ്ങില്‍ ധൂര്‍ത്തടിച്ചവന്‍. ഇതളുകള്‍ അടര്‍ത്തിനോക്കിയാല്‍ പലയിടത്തും…

  • കലാമണ്ഡലം പത്മനാഭൻ നായർ – ഒരനുസ്മരണം

    ഡോ. ടി.എസ്. മാധവൻ‌കുട്ടി April 24, 2011 കേരള സർക്കാറിന്റെ ഒരു വകുപ്പായ കേരള ഗ്രന്ഥശാലാസംഘത്തിന്റെ മാസികയായ “ഗ്രന്ഥാവലോക”ത്തിലേയ്ക്കായി, കലാമണ്ഡലം പത്മനാഭൻ നായർ അന്തരിച്ച അവസരത്തിൽ എഴുതിയ ഒരു ലേഖനം. യശഃശരീരനായ, ആചാര്യവര്യനായിരുന്ന കലാമണ്ഡലം പത്മനാഭൻ നായരെ കുറിച്ചാലോചിയ്ക്കുമ്പോൾ എന്റെ മനസ്സിൽ ഉയർന്നുവരുന്ന ഒരു ചിത്രം, നല്ലവണ്ണം മൂത്തു പഴുത്ത്‌ ഹൃദ്യമായ സ്വാദോടുകൂടിയ നിരവധി ഫലങ്ങൾ തൂങ്ങി നിൽക്കുക കാരണം, കുനിഞ്ഞ കൊമ്പുകളോടുകൂടി പന്തലിച്ചു നിൽക്കുന്ന ഒരു വലിയ വൃക്ഷത്തിന്റേതാണ്‌. സമീപിയ്ക്കുന്നവർക്കെല്ലാവർക്കും മധുരം നൽകുന്ന പെരുമാറ്റത്തോടും, കഥകളിയുടെ…

മറുപടി രേഖപ്പെടുത്തുക