|

അന്തരീക്ഷം, അത് താനെയുണ്ടാവും

വെണ്മണി ഹരിദാസ് സ്മരണ – 4
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

കോട്ടക്കൽ പി.ഡി. നമ്പൂതിരി

July 3, 2017

ഹരിദാസേട്ടന്റെ കൂടെ പാടുമ്പം വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല. സ്റ്റേജില് വേഷക്കാരൻ ചെയ്യുന്നതെന്താണെന്ന് നോക്കുകല്ലാണ്ട് വേറൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഈ പാട്ടിങ്ങനെ ഞാനാസ്വദിക്കും. പിന്നെയത് പാടാൻ ശ്രമിക്കും. ഇതു മാത്രമാണ് പാട്ടുകഴിയുന്നതു വരെ. വേറൊരു ചിന്തയില്ലാന്നുള്ളതാ. വേറാരു പാടുകാണെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നോക്കാം. ഇതതു പറ്റില്ല. പുള്ളീടെ പാട്ടിന്റെ കേമത്തരമതാ. നമുക്കതു മാത്രേ ശ്രദ്ധിക്കാൻ തോന്നൂ. അത്ര… ഒരു കുഴമ്പിങ്ങനെ വരുന്നപോലാണ്. അതുമാത്രമിങ്ങനെ കേട്ടു കേട്ട് പിന്നെ അതുപോലെ പാടാൻ ശ്രമിക്കുക. അത് വല്ലാത്ത ഒരനുഭവമാണ്.

പാടുന്ന കേട്ടാൽ പുള്ളി വല്യ സംസ്കൃതജ്ഞാനിയാണെന്നു തോന്നും. ഒരക്ഷരത്തിനും ഒരപകടവുമില്ല. വേറെ ആർക്കുമില്ലാത്ത ഒരു കഴിവാണത്. സാഹിത്യം പുള്ളി കണ്ടമാനം ശ്രദ്ധിക്കും. പദങ്ങളായാലും ശ്ലോകങ്ങളായാലും എന്തായാലും സാഹിത്യം നല്ലോണം ശ്രദ്ധിക്കുന്ന പാർട്ടിയാ. പുള്ളിക്ക് എഴുത്തുണ്ടോ എന്നെനിക്കറിയില്ല. എന്തു പാടിയാലും, ഹിന്ദുസ്ഥാനി രാഗമായാലും കഥകളിക്കാ പാടുന്നതെങ്കിൽ ആ ഒരു സ്റ്റൈലേ വരൂ. ഡാൻസിന്റെ ഒരു ജയ്‌ജയ്വന്തി കേട്ടിട്ടുണ്ട് ഞാൻ. അതു കേട്ടാൽ ഒരു കഥകളിപ്പാട്ടുകാരനാ പാടുന്നേന്ന് പറയാൻ പറ്റില്ല. കഥകളിക്കാണെങ്കിൽ അതിന്റെ ഒരു സ്റ്റൈൽ അല്ലാണ്ടേ ഞാൻ കേട്ടിട്ടില്ല, ഏതു രാഗം പാടിയാലും. ‘ഗുരുപ്രിയ’ കേട്ടിട്ടില്ലേ? അതൊക്കെ ഭയങ്കര touching ഉള്ള രാഗമാ. പക്ഷെ പുള്ളി പാടുമ്പം അതിന്റെയൊരു കഥകളിത്തം ഒട്ടും മാറാതെയേ പാടൂ. വല്ലാത്ത ഒരു കഴിവാ. എന്തെങ്കിലും  ഒരു രാഗം അങ്ങനെ പ്രത്യേകം പറയാനില്ല. ഒരു സ്വാദുണ്ട് എന്തു ചെയ്താലും. ആ ‘നവരസ’മൊക്കെ ഭയങ്കര സുഖാണേ. അസാധ്യ സാധനമാ. പുള്ളിയാണ് ‘കല്യാണവസന്തം‘ കഥകളിയിലേക്കിറക്കിയത്.

കഥകളിക്ക് അവനവന്റെ മനസ്സിൽ തോന്നുന്നത് രംഗത്തുള്ള ഭാവത്തിന് പറ്റുന്ന രീതിയിൽ എങ്ങനെ വേണമെങ്കിൽ പാടാം. ആ രംഗത്തിനു പറ്റാത്ത രീതിയിൽ പാടിയാലേ കുറ്റം പറയൂ. ‘കുണ്ഡിനനായക’ എന്നു വേണമെങ്കിൽ മൂന്നു രീതിയിൽ തുടങ്ങാം. ‘വതാപി ഗണപതിം’ അങ്ങനെ പറ്റില്ല. അത് കഥകളിസംഗീതത്തിന്റെ ഒരു പ്രത്യേകതയാണ്. ഇല്ലെങ്കിൽ എല്ലാവരുടേയും പാട്ട് ഒരുപോലാവില്ലേ? നളചരിതം നാലാം ദിവസമാണ് ഹരിദാസേട്ടന്റെ കഥ. അതിലുള്ളതു മുഴുവൻ പുള്ളിക്ക് പറ്റിയ സംഗീതമാണ്. തോടി, പന്തുവരാളി, ഭൈരവി അതൊക്കെ പുള്ളീടെ കുത്തകയായിട്ടുള്ള സാധനങ്ങളാണ്. പുള്ളീടെ ചീത്തപ്പാട്ട് ഞാൻ കേട്ടിട്ടില്ല. ‘ഏയ് അവിടെ ഹരിദാസിന്റെ പാട്ട് കുളമായി’, എനിക്കങ്ങനെ തോന്നിയിട്ടേയില്ല. ചീത്തപ്പാട്ട് പാടാൻ പറ്റില്ല പുള്ളിക്ക്. നല്ല സംഗീതമുള്ളവന് ചീത്തപ്പാട്ട് പാടാൻ പറ്റില്ല. ഉള്ളിലുള്ളതല്ലേ പുറത്തേക്ക് വരൂ.

സന്താനഗോപാലത്തിലെ ആ ശങ്കരാഭരണമുണ്ടല്ലോ, വല്ലാത്ത ഒരു സാധനമാ. അതുപോലെ ആ ദേവഗാന്ധാരവും. പിന്നെ സാവേരി, സാവേരി കേട്ടാൽ തനി ഒരു ശെമ്മാങ്കുടി ശൈലി തോന്നും. അസാധ്യമാണ്. ഒന്നാമതെ പുള്ളി ഇവിടുന്നൊക്കെ പോയി. തിരിച്ചുവന്നപ്പോൾ ഈ ‘കഥ’യൊക്കെ മറന്നു. കഥ പഠിക്കണ കാര്യത്തിൽ പഠിക്കുന്ന കാലത്തേ പ്രശ്നക്കാരനാ. അതുകൊണ്ട് ഒറ്റയ്ക്കു കേറി നിൽക്കാനുള്ള ഒരു ചങ്കൂറ്റക്കുറവ്. അതുകൊണ്ടാണ് എമ്പ്രാന്തിരിയുടെ കൂടെ അത്രയും കാലം നിൽക്കേണ്ടിവന്നത്. പുള്ളി തിരിച്ചുവന്നപ്പം തന്നെ പ്രധാനിയായിട്ടു നിന്നിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നു. എമ്പ്രാന്തിരി ശബ്ദം കൊണ്ടാണ് ഭാവമുണ്ടാക്കിയത്. ശബ്ദത്തിന്റെ variation കൊണ്ടുമാത്രമാണ്, അല്ലാതെ വേറൊന്നുമല്ല. ഹരിദാസ് അങ്ങനല്ല, സംഗീതം കൊണ്ടാണ് ഭാവമുണ്ടാക്കിയത്. രണ്ടിന്റേയും വ്യത്യാസമതാണ്. ശബ്ദം കൊണ്ട് ഭാവം വരുത്തുന്നതിൽ എമ്പ്രാന്തിരി പൂർണമായും വിജയിച്ചു. കഥകളിസംഗീതത്തിന് ഇങ്ങനെയൊക്കെ വേണമെന്ന് വരുത്തിയത് എമ്പ്രാന്തിരിയേട്ടനാണ്. അതൊരു വലിയ കാര്യമാ. എന്തോ ഒന്ന് സംഭവിക്കുന്നു എന്ന് കാണികൾക്കും തോന്നി. അദ്ദേഹത്തിന്റെ ശബ്ദവും അങ്ങനെയാണല്ലോ. അതുകൊണ്ട് ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കുമായിരുന്നു.

ഹരിദാസേട്ടനെ സംബന്ധിച്ച് അങ്ങനല്ല, അന്തരീക്ഷം, അത് താനെയുണ്ടാവും. ഇന്നും മരിക്കാതെ നിൽക്കുന്ന സംഗീതം ഹരിദാസിന്റെയാ. ബാക്കിയൊക്കെ പോയി. കുറുപ്പാശാന്റെ സംഗീതോ ഹൈദരലിയുടെ സംഗീതോ എമ്പ്രാന്തിരിയുടെ സംഗീതോ ഒന്നും ഇപ്പം നിലവിലില്ല. ഹരിദാസേട്ടന്റെതായ ഒരു ശൈലി വന്നില്ലേ? അതാണ്. വേറൊരാളെടുത്താലും അതു നല്ലതാണ്. അതുകോണ്ടാണ് ഇതിങ്ങനെ നിൽക്കുന്നത്. പുള്ളീടെ കൂടെ പാടിയാൽ ശരിയാവില്ലെന്നേയുള്ളൂ. ഇപ്പളത്തെ ചെറുപ്പക്കാരുടെയൊക്കെ പാട്ടു കേട്ടാൽ ഹരിദാസിന്റെ പാട്ടാണ് അവർക്കിഷ്ടം എന്നു തോന്നില്ലേ? അത് വലിയൊരു സ്വാധീനമാണ്. വലിയൊരു വലിപ്പമാ അത്. ഹരിദാസേട്ടൻ പാടുമ്പോൾ അരങ്ങത്തു നിൽക്കുന്ന വേഷക്കാരന് എന്തു ഭാവമാണോ വേണ്ടത് അതുണ്ടാവും. ഈ സംഗീതത്തീക്കൂടി ആ ഭാവം കിട്ടും. അതിനു പറ്റിയ ശബ്ദം.

ശബ്ദം ഒതുക്കേണ്ടിടത്ത് ഒതുക്കിയും വലുതാക്കേണ്ടിടത്ത് വലുതാക്കിയും, എന്തു ചെയ്താലും അതൊരു സുഖമാണ്. മേൽ ഷഡ്ജമൊക്കെ പോകണമെങ്കിൽ ഈസിയാ പുള്ളിക്ക്. ശബ്ദം ഇങ്ങനെ അനായാസമുള്ളത് അപൂർവമാണ്. പുള്ളിയെ ഗംഗാധരാശാൻ പഠിപ്പിക്കുന്നത് കുറേ കണ്ടിട്ടുണ്ട് ഞാൻ. ശരിക്കും പഠിപ്പീര് തന്നെയാണ്. അതിന്റെ ഗുണവും കിട്ടീട്ടുണ്ട്. ഗംഗാധരാശാന്റെ കയ്യിലുള്ള ആ വലിയ സംഗീതമുണ്ടല്ലോ അത് അതുപോലെ പുള്ളിയിലേക്ക് വന്നു കൂടി എന്നുള്ളതാണ്. ആശാന്റെ ഗമകത്തിന്റെയൊരു സ്റ്റൈലുണ്ടല്ലോ, അതു കുറച്ചുകൂടി സ്വാദായാലെങ്ങനാ, അതാണു ഹരിദാസേട്ടന്റെ പാട്ട്. 

 

Similar Posts

  • |

    കളിയരങ്ങിലെ കർമയോഗി

    കെ. കെ. ഗോപാലകൃഷ്ണൻ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 1995 ജൂലായ് 23-29 പ്രസിദ്ധീകരിച്ച മുഖാമുഖം) കഥകളിയരങ്ങിലെ ഭാവനാസമ്പന്നനായ കർമയോഗി ആണ് കീഴ്പ്പടം കുമാരൻ നായർ. കഥകളിയുടെ സാമ്പ്രദായിക അഭിനയരീതിയെ വൈയക്തികസൌന്ദര്യസങ്കൽ‌പ്പങ്ങൾക്കനുസരിച്ച് വഴക്കിയെടുത്തു, അദ്ദേഹം. ചിട്ടയിലൂന്നി അഭ്യസിച്ച് ഔചിത്യദീഷയോടെ ചിട്ടകൾ ഭഞ്ജിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ സമീപനവും. നല്ല പുരാണ പരിജ്ഞാനവും സഹൃദയത്വവും കഥകളി പരിചയവും സിദ്ധിച്ചവർക്ക് ആശാന്റെ ആട്ടം നിറഞ്ഞ കലാവിരുന്നാണ്. ഇക്കഴിഞ്ഞ ജൂൺ 10ന് (1995) എൺപത് വയസ്സുതുകഞ്ഞ ആചാര്യൻ തുറന്ന് സംസാരിക്കുന്നു-തന്റെ സംഭവബഹുലമായ കലാജീവിതത്തെ കുറിച്ചും കഥകളിയുടെ ആശങ്കിതഭാവിയെക്കുറിച്ചും….

  • ഒരു കഥകളി സ്നേഹാർച്ചന

    ഹേമാമോദസമാ – 13 ഡോ. ഏവൂർ മോഹൻദാസ് September 22, 2013  (മണ്മറഞ്ഞ പ്രശസ്ത നടൻ ഡോ. നരേന്ദ്രപ്രസാദിന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി 3-11-2008ൽ മാവേലിക്കര പല്ലാരിമംഗലത്ത് നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘കേരള കലാമണ്ഡലം-കഥകളി നൂറരങ്ങു’ പരിപാടിയുടെ ഉത്ഘാടന വേളയിൽ ഞാൻ ചെയ്ത പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ) കലാസ്നേഹികളേ, കേരളത്തിന്റെ സാഹിത്യ-വിദ്യാഭ്യാസ-നാടക-ചലച്ചിത്ര രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പ്രൊഫ. (ഡോ) നരേന്ദ്രപ്രസാദ് അരങ്ങൊഴിഞ്ഞിട്ടു ഇന്ന് അഞ്ചാണ്ടുകൾ തികയുന്നു. പ്രതിഭാധനനായ ഒരദ്ധ്യാപകനും അതുല്യ നിരൂപകനും നടനും ആയിരുന്ന…

  • |

    ഋതുഭേദങ്ങളുടെ സുഖദു:ഖം 

    ഓര്‍മ്മകള്‍ക്കൊരു  കാറ്റോട്ടം – ഭാഗം 6   ശ്രീവത്സൻ തീയ്യാടി December 3, 2012 പെട്ടെന്നായിരുന്നു പെരുമഴ. അത്താഴസമയത്തോടെ. പകല്‍ മുഴുവന്‍ പുഴുക്കമെന്നത് ശരി; പക്ഷെ ചാറ്റല്‍പോലും തീരെയില്ലാതെപോട്ടെ എന്ന് മോഹിക്കും ആ എട്ടു ദിവസങ്ങളില്‍. സന്ധ്യ കഴിഞ്ഞാണെങ്കില്‍ വിശേഷിച്ചും. ഇരുപത്തിനാല് മണിക്കൂര്‍ ഇടതോരാതെയാണ് കലാപരിപാടികള്‍. ഇന്നാകട്ടെ, വൈകിട്ട് കൊടിയേറിയതേയുള്ളൂ ഉല്‍സവം. ഗോപുരത്തിന്റെ മേല്‍ത്തട്ടിനു മീതെ ലേശം മുമ്പ് മാത്രം കാറ്റത്ത് ആടിയുലഞ്ഞ നീളന്‍ കൂറ പൊടുന്നനെ ലോഹവട്ടം അള്ളിപ്പിടിച്ച് ചടഞ്ഞുകൂടി. വൈദ്യുതിവര്‍ണ്ണങ്ങളില്‍ മുങ്ങിയ ശ്രീപൂര്‍ണത്രയീശക്ഷേത്രം കുടികൊള്ളുന്ന…

  • |

    കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത

    മനോജ് കുറൂർ July 20, 2011  നന്നേ ചെറുപ്പത്തില്‍ മധ്യോത്തര തിരുവിതാംകൂര്‍ പ്രദേശത്ത് ഞാന്‍ കണ്ട കഥകളികള്‍ക്ക് ശൈലീപരമായ വൈവിധ്യമുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍, മാങ്കുളം, പള്ളിപ്പുറം, രാമന്‍‌കുട്ടി നായര്‍, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഗോപി, മങ്കൊമ്പ്, സദനം കൃഷ്ണന്‍‌കുട്ടി, വാസു പിഷാരടി എന്നിങ്ങനെയുള്ള പുരുഷവേഷക്കാര്‍. അവര്‍ക്കൊപ്പം അന്നു സ്ത്രീവേഷങ്ങളവതരിപ്പിച്ചിരുന്നത് പ്രധാനമായും കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി എന്നീ നടന്മാരാണ്. കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു‌. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം,…

  • മത്തവിലാസം കഥകളി

    സുരേഷ് കുമാർ ഇ.ബി/രേണുക വര്‍മ്മ/മോഹന്‍ കുമാര്‍ പി. Monday, October 8, 2012 മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍…

  • ആട്ടക്കാരൻ വല്ല്യച്ഛൻ എന്ന വാരണപ്പിള്ളി പത്മനാഭപണിക്കർ

    പി. രവീന്ദ്രനാഥ് November 24, 2013 കേരളത്തിന്റെ മദ്ധ്യകാലഘട്ടം തൊട്ടുള്ള ചരിത്രം പരിശോധിച്ചാൽ വളരെ പ്രമുഖമായ സ്ഥാനവും പദവിയുമുണ്ടായിരുന്ന ഒരു കുടുംബമാണ്, കാർത്തികപ്പള്ളി താലൂക്കിലെ, കായംകുളത്തിനടുത്തുള്ള പുതുപ്പള്ളിയിലെ വാരണപ്പിള്ളി. ഇവർ സമ്പന്നത കൊണ്ടു മാത്രമല്ല, കലാകാരന്മാർ, പണ്ഡിതന്മാർ, സാത്വികന്മാർ, പ്രബലരായ സേനാ നായകന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്ന നിലയിലും സമൂഹത്തിൽ ബഹുമാന സ്ഥാനീയർ ആയിരുന്നു. ഏതൊരു മലയാളിയും സന്ദർശിച്ചിരിക്കേണ്ട ഒരു പുണ്യ സ്ഥലം എന്നാണ് ഈ കുടുംബത്തെ ഒരു ലേഖനത്തിൽ പ്രൊഫ. സുകുമാർ അഴീക്കോട്‌ വിശേഷിപ്പിച്ചിട്ടുള്ളത്. മാർത്താണ്ഡവർമ്മയുടെ…

മറുപടി രേഖപ്പെടുത്തുക