പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം

എൻ. രാംദാസ്

August 2, 2017

വെണ്മണി ഹരിദാസ് സ്മരണ – 7
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

ആലപ്പുഴ-ചേർത്തല ഭാഗത്തൊക്കെ ഒരു കാലത്ത് കഥകളിയുണ്ടെങ്കിൽ എമ്പ്രാന്തിരി-ഹരിദാസ് ടീമാണ് പാട്ട്. അന്നൊന്നും ഹരിദാസേട്ടനില്ലാതെ എമ്പ്രാന്തിരി പാടിക്കണ്ടതായി ഓർമയില്ല. പോറ്റീന്നൊക്കെയാ ആൾക്കാര് എമ്പ്രാന്തിരിയെ വിളിക്കുക. ഞാനും ആ ഒഴുക്കിൽ എമ്പ്രാന്തിരിയുടെ കൂടെത്തന്നെയാണ്. പക്ഷെ അപ്പോൾ പോലും ഇങ്ങനൊരു തോന്നല്, സ്വല്പം കൂടി നല്ലൊരു ശബ്ദവും സംഗീതവും വരുന്നത് ഹരിദാസേട്ടന്റെയടുത്തുനിന്നാണല്ലൊ എന്ന്. ഒന്നും എനിക്കറിയില്ല, രാഗമെന്താന്നറിയില്ല, സംഗീതമറിയില്ല, എങ്കിലും അങ്ങനൊരു തോന്നല്.

അന്നൊക്കെ പ്രധാന കഥ, അല്ലെങ്കിൽ പാടാൻ വകുപ്പുള്ള കഥ എമ്പ്രാന്തിരി-ഹരിദാസ് ടീം പാടും, പക്ഷെ അതു കഴിഞ്ഞ് രണ്ടാമത്തെ കഥയ്ക്കു പോലും ഹരിദാസേട്ടൻ ചേങ്ങിലയുമായി വരുന്നത് കണ്ടിട്ടില്ല.പിന്നീട് തിരുവനതപുരത്തേക്ക് പോയപ്പോളാണ് ഹരിദാസേട്ടൻ പൊന്നാനി പാടുന്നത് കേട്ടത്. അത്… ശരിക്കും പറഞ്ഞാൽ ഹരിദാസേട്ടൻ അന്നു പാടിയതുപോലെ പിന്നെ പാടീട്ടില്ല. പൊന്നാനി ഭാഗവതരായി അറിയപ്പെടുന്ന കാലത്തു പാടിയതിനേക്കാൾ ഗംഭീരമായിരുന്നു അന്നത്തെ പാട്ടുകള്, സാഹിത്യം മറന്നുപോകുമെന്നതൊഴിച്ചാൽ. സാഹിത്യം മറന്നുപോകുന്ന പ്രശ്നം അന്നു നന്നായുണ്ടായിരുന്നു.

ശങ്കിടി എന്ന നിലയ്ക്ക് ഞാൻ കേട്ടിട്ടുള്ള ഏറ്റവും മികച്ച പാട്ടുകാരൻ ഹരിദാസേട്ടനാണ്. നമ്പീശാശാന്റെ കൂടെ പാടിയതിന്റെ ഒരു റെക്കോഡിങ്ങ് കേട്ടിട്ടുണ്ട്. കുറുപ്പാശാന്റെ കൂടെ ഒരേഴെട്ടു കളികൾക്ക്. പിന്നെ ഗംഗാധരാശാൻ, എമ്പ്രാന്തിരി, ഹൈദരലി ഇവരുടെയൊക്കെ ഒപ്പവും. ശങ്കിടി പാടുമ്പം ആ പൊന്നാനിയെ ഫോളോ ചെയ്യുക എന്നല്ലാതെ … ഇപ്പം ഹൈദരലിയുടെ കൂടെ പാടുമ്പം, അതൊന്നും സ്വന്തം പാട്ടിൽ ഹരിദാസേട്ടൻ ഒട്ടും യോജിക്കാത്ത വഴികളാ, പക്ഷെ ശങ്കിടി പാടുമ്പം വളരെ കൃത്യമായി, ഹൈദരലിയെ അതിശയിപ്പിക്കുന്ന മട്ടിൽ അതിനെ ഫോളോ ചെയ്ത് കൊണ്ടുപോവും.എന്റെ കഥകളിയിലെ മോഡലാരാണെന്നു ചോദിച്ചാൽ ഞാൻ കുഞ്ചുനായരാശാൻ ആണെന്നേ പറയൂ. ഞാനദ്ദേഹത്തിന്റെ വേഷങ്ങൾ നേരിട്ട് കണ്ടിട്ടില്ല. പറഞ്ഞുകേട്ടും വായിച്ചും കിട്ടിയത് കൂടാതെ ഇവര് ശിഷ്യന്മാരുടെ വേഷങ്ങൾ കണ്ട് മനസ്സിലാക്കിയ കാര്യങ്ങൾ, എങ്കിലും എനിക്ക് കുഞ്ചുനായരാശാനെക്കുറിച്ച് ഏറ്റവുമധികം കാര്യങ്ങൾ കിട്ടിയിരിക്കുന്നത് ഹരിദാസേട്ടന്റെ കയ്യിൽ നിന്നാണ്.

കുഞ്ചുനായരാശാന്റെ മനസ്സ് രംഗത്ത് വന്നുകഴിഞ്ഞാൽ ആ കഥാപാത്രത്തിലും കഥാപാത്രത്തിന്റെ അപ്പോളത്തെ അവസ്ഥയിലും ഉറച്ചുനിൽക്കുന്നതാണെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളതും ശിഷ്യന്മാരുടെ പ്രവർത്തിയിൽ നിന്ന് തോന്നിയിട്ടുള്ളതും. ആ ഒരു മനസ്സ് കഥകളിപ്പാട്ടിൽ കൊണ്ടുവന്നു ഹരിദാസേട്ടൻ. പാടിപ്പഠിച്ച കളരി അതാണ്. ഇപ്പൊ രാഗം മാറ്റുന്നതൊക്കെ, രാഗത്തേക്കാളുപരി പാടുന്ന സമയത്ത് ഹരിദാസേട്ടന്റെ മനസ്സിലുള്ളത് ആ കഥാപാത്രവും സാഹിത്യ സന്ദർഭവും തന്നെയാണ്.  അപ്പോ ഏതു രാഗം പാടിയാലും ശരി ഉള്ളിൽ നിന്നു പുറത്തേക്കു വരുന്നത് ആ കഥാപാത്രത്തിന്റെ ഭാവമായിരിക്കും. എനിക്കു തോന്നീട്ടുള്ളത് പുറപ്പാടിന്റെ ‘രാമ പാലയ മാം’ എന്നു പാടുമ്പോൾ മുതൽക്ക് ഭാവം ഹരിദാസേട്ടന്റെ പാട്ടിലുണ്ടെന്നാണ്. അവസാനത്തെ ധനാശി ശ്ലോകം പാടുന്നതുവരെ അതങ്ങനെ നിലനിൽക്കുകയും ചെയ്യും.

നടൻ കഥാപാത്രത്തെ എങ്ങനെ ഉൾക്കൊള്ളുന്നോ അതുപോലെ ഈ ഗായകനും ഉൾക്കൊണ്ടാലേ ഇവർ തമ്മിലുള്ള ഒരു കെമിസ്ട്രി ശരിയായിട്ട് കാണുന്നവർക്കനുഭവപ്പെടൂ. അതിനൊരു പ്രത്യേക സുഖമാണ്. ഇപ്പൊ കോട്ടയ്ക്കൽ ശിവരാമേട്ടനോ വാസുവേട്ടനോ (കലാമണ്ഡലം വാസു പിഷാരോടി) ഒക്കെ കെട്ടുന്ന വേഷത്തിന് ഹരിദാസേട്ടൻ പാടുമ്പഴുള്ള ഒരനുഭവം അതാണ്.കഥകളിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും കൃത്യമായ അഭിപ്രായമുണ്ടായിരുന്നു ഹരിദാസേട്ടന്. അപൂർവം ആളുകൾക്കേ അതൊക്കെ കേൾക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഹരിദാസേട്ടൻ പറയുമായിരുന്നു, ആദ്യതവണ പാടുമ്പോൾ സാഹിത്യവും അർത്ഥവും വ്യക്തമാവുന്ന രീതിയിൽ പ്ലെയിൻ ആയി പാടണം, ആവർത്തനത്തിൽ മാത്രമേ സംഗതികളൊക്കെ കൊടുത്ത് അതിനെ വിശദീകരിക്കാവൂ എന്നൊക്കെ. അതദ്ദേഹം സ്വന്തം പാട്ടിൽ കൃത്യമായി പാലിക്കുകയും ചെയ്തു.

അതുപോലെ അരങ്ങത്ത് അപ്പപ്പോൾ കാണിക്കുന്നതിനനുസരിച്ച് സംഗതികൾ കൊടുത്ത് പാടാനുമൊക്കെ പറ്റും. താളത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കും നടന്റെ ചുവടുകൾക്കുമൊക്കെ അനുസരിച്ച് സംഗീതം വേണ്ടരീതിയിൽ മാറ്റിക്കൊണ്ടുപോവാൻ ആരു വേഷം കെട്ടിയാലും ഹരിദാസേട്ടനു സാധിക്കും. ഇന്ന് പല പാട്ടുകളും കേൾക്കുമ്പോൾ ഇതൊക്കെ ഓർത്തുപൊവും.ഹരിദാസേട്ടൻ പാടിയിരുന്ന പല രാഗങ്ങളും അതേ പദത്തിന് ഇന്നു പലരും പാടുമ്പോൾ അതവിടെ ചേരുകയേ ഇല്ലെന്നു തോന്നും. സംഭവിക്കുന്നതിതാണ്, നല്ലൊരു തോടിയോ ശങ്കരാഭരണമോ കല്യാണിയോ ഒന്നും പാടുന്നതല്ല കഥകളിപ്പാട്ട്. അതു പലരും നന്നായി ചെയ്യും. അതിലേക്ക് സാഹിത്യം കടന്നു വരുമ്പഴാണ് ഹരിദാസേട്ടന്റെ പാട്ടിന്റെ അനന്യത.  

Similar Posts

  • കഥകളിപ്പാട്ടിന്റെ ഗംഗാപ്രവാഹം

    കെ.ശശി, മുദ്രാഖ്യ, പാലക്കാട്‌ August 25, 2015 അല്‌പം ചരിത്രം…  കേരളീയ സംഗീത ശാഖകളില്‍ സ്വതന്ത്രമായ നിലനില്‍പ്പ്‌ കൈവരിച്ച പാട്ടുവഴിയാണ്‌ കഥകളി സംഗീതം. കഥകളി എന്ന ദൃശ്യകലാരൂപത്തിന്റെ പിന്നണിപ്പാട്ടായി നിലനില്‌ക്കുമ്പോള്‍ തന്നെ, അതായത്‌ ഒരു പ്രയുക്ത സംഗീതമായിട്ടുപോലും സ്വന്തമായ വ്യക്തിത്വവും വ്യതിരിക്തതയും കഥകളിപ്പാട്ടുകള്‍ക്ക്‌ കൈവന്നിട്ടുണ്ട്‌. ഇതിന്‌ കാരണമാകുന്നത്‌ അതിന്റെ ശാസ്‌ത്രീയതയും ക്ലാസ്സിക്കലിസവുമാണ്‌. പ്രാദേശിക ഭേദങ്ങളോടെ കഥകളിക്ക്‌ പശ്ചാത്തലമാക്കിയിരുന്ന പദങ്ങളെ അനല്‌പമായ വിദ്വത്ത്വത്തോടെ സംഗീതവത്‌കരിച്ചത്‌ മുണ്ടായ വെങ്കിടകൃഷ്‌ണ ഭാഗവതരായിരുന്നു.   പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ സമ്മതത്തോടെയും വെങ്കിച്ചന്‍സ്വാമിയുടെ അകമഴിഞ്ഞ പ്രോത്സാഹനത്തോടെയും ഉടലെടുത്ത…

  • ഓർത്താൽ വിസ്മയം തന്നെ

    എം. ടി. വാസുദേവൻ നായർ January 4, 2013 ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന്‌ ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു. അരങ്ങേറ്റത്തില്‍ ഹൈദരാലി…

  • ഹാഹന്ത ഹവേലീചരിതം

    ശ്രീവല്‍സന്‍ തീയ്യാടി May 30, 2012 (ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം 2) പതിവിലും വൈകി എഴുന്നേറ്റ അവധി ദിവസം. ഫ്ലാറ്റില്‍ മടിച്ച് കൂടുകയായിരുന്നു. ഉച്ച തിരിഞ്ഞു. സായംകാലത്തും ഒടുങ്ങാത്ത ചൂട്. ദല്‍ഹിയിലെ തീക്ഷ്ണവേനല്‍ അങ്ങനെയാണ്. അസ്തമന സമയത്തും സൂര്യന്‍ പ്രതാപി തന്നെ. ഒന്ന് പുറത്തെ ബാല്‍ക്കണിയില്‍ പോയിരിക്കാമെന്നു വിചാരിച്ചാല്‍‍, തിണ്ണയും കസേരയുമൊക്കെ പൊള്ളുന്നപോലെയാണ് കിടപ്പ്. പൊടുന്നനെയാണ് ശബ്ദം കേട്ടത്. ആകാശത്ത് ഇടി വെട്ടിയതാണ്. ക്ഷണനേരം കൊണ്ട് പുറത്തെ അന്തരീക്ഷം മാറി. ആര്‍ത്തടിക്കുന്ന പൊടിക്കാറ്റ്. ആന്ധി എന്ന്…

  • ‘ലാസ്യം’ കോട്ടയ്ക്കൽ ശിവരാമനാശാനിൽ

    രഘുശങ്കർ മേനോൻ Tuesday, July 26, 2011  കോട്ടയ്ക്കൽ ശിവരാമനാശാന്റെ മികവും കഴിവും കഥകളി സംസ്ക്യതിക്കു തന്നെ വിലമതിക്കാനാവാത്ത ഈടുവെപ്പാണെന്ന കാര്യം കാലം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഔപചാരികമായ വാക്കുകൾക്ക് ഇവിടെ സാംഗത്യമില്ലതന്നെ. എന്നാലും ആസ്വാദനത്തിന് പുതിയ മാനങ്ങൾ നിരന്തരം തുറക്കപ്പെടുന്ന കഥകളിയിൽ പ്രോത്സാഹനവും സ്തുതിവചനങ്ങളും ആസ്വാദകർക്ക് പങ്കവെക്കാതെ വയ്യ. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് തോടയം കഥകളി യോഗവും, ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതിശിവജിയുടെ സെന്റർ ഫോർ മോഹിനിയാട്ടവും, സംയുക്തമായി “ലാസ്യ 2002“ എന്ന…

  • |

    രാഗം കൊണ്ട് കഥാപാത്രമാവുന്ന അത്ഭുതം

    വെണ്മണി ഹരിദാസ് സ്മരണ – 5(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കലാമണ്ഡലം ബാബു നമ്പൂതിരി July 14, 2017 നമുക്ക് ജീവിതത്തിലുണ്ടാവുന്ന സ്നേഹം, ദേഷ്യം ഇങ്ങനെയൊക്കെയുള്ള വികാരങ്ങൾ, അല്ലെങ്കിൽ ദേഷ്യത്തോടെ ‘എടാ’ എന്നൊരാളെ വിളിക്കുന്നത്, വാത്സല്യത്തോടെ ‘മോനെ’ എന്നു വിളിക്കുന്നത്, അതൊക്കെ ഈ കഥകളിപ്പാട്ടിലൂടെ വളരെ നിസ്സാരമായിട്ട് അദ്ദേഹം ചെയ്യുന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മൾ സംസാരിക്കുന്നതു പോലെ അനായാസമായി പാടാൻ കഴിയുന്ന ഒരു മഹത് വ്യക്തിയാണ് അദ്ദേഹം. ഹരിദാസേട്ടന്റെ കൂടെ ഞാൻ ആദ്യം പാടുന്നത് ഉത്തരാസ്വയംവരത്തിലെ ‘മാനവേന്ദ്രകുമാര പാലയ’…

  • |

    കീഴ്പ്പടം – വിശകലനവും ചില കാലികചിന്തകളും

    ശ്രീചിത്രൻ എം. ജെ. July 24, 2012  പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്, പല മുഖങ്ങളുണ്ടായിരുന്നു. അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്. നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്. സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു. അരങ്ങിനെ…

മറുപടി രേഖപ്പെടുത്തുക