പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം

എൻ. രാംദാസ്

August 2, 2017

വെണ്മണി ഹരിദാസ് സ്മരണ – 7
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

ആലപ്പുഴ-ചേർത്തല ഭാഗത്തൊക്കെ ഒരു കാലത്ത് കഥകളിയുണ്ടെങ്കിൽ എമ്പ്രാന്തിരി-ഹരിദാസ് ടീമാണ് പാട്ട്. അന്നൊന്നും ഹരിദാസേട്ടനില്ലാതെ എമ്പ്രാന്തിരി പാടിക്കണ്ടതായി ഓർമയില്ല. പോറ്റീന്നൊക്കെയാ ആൾക്കാര് എമ്പ്രാന്തിരിയെ വിളിക്കുക. ഞാനും ആ ഒഴുക്കിൽ എമ്പ്രാന്തിരിയുടെ കൂടെത്തന്നെയാണ്. പക്ഷെ അപ്പോൾ പോലും ഇങ്ങനൊരു തോന്നല്, സ്വല്പം കൂടി നല്ലൊരു ശബ്ദവും സംഗീതവും വരുന്നത് ഹരിദാസേട്ടന്റെയടുത്തുനിന്നാണല്ലൊ എന്ന്. ഒന്നും എനിക്കറിയില്ല, രാഗമെന്താന്നറിയില്ല, സംഗീതമറിയില്ല, എങ്കിലും അങ്ങനൊരു തോന്നല്.

അന്നൊക്കെ പ്രധാന കഥ, അല്ലെങ്കിൽ പാടാൻ വകുപ്പുള്ള കഥ എമ്പ്രാന്തിരി-ഹരിദാസ് ടീം പാടും, പക്ഷെ അതു കഴിഞ്ഞ് രണ്ടാമത്തെ കഥയ്ക്കു പോലും ഹരിദാസേട്ടൻ ചേങ്ങിലയുമായി വരുന്നത് കണ്ടിട്ടില്ല.പിന്നീട് തിരുവനതപുരത്തേക്ക് പോയപ്പോളാണ് ഹരിദാസേട്ടൻ പൊന്നാനി പാടുന്നത് കേട്ടത്. അത്… ശരിക്കും പറഞ്ഞാൽ ഹരിദാസേട്ടൻ അന്നു പാടിയതുപോലെ പിന്നെ പാടീട്ടില്ല. പൊന്നാനി ഭാഗവതരായി അറിയപ്പെടുന്ന കാലത്തു പാടിയതിനേക്കാൾ ഗംഭീരമായിരുന്നു അന്നത്തെ പാട്ടുകള്, സാഹിത്യം മറന്നുപോകുമെന്നതൊഴിച്ചാൽ. സാഹിത്യം മറന്നുപോകുന്ന പ്രശ്നം അന്നു നന്നായുണ്ടായിരുന്നു.

ശങ്കിടി എന്ന നിലയ്ക്ക് ഞാൻ കേട്ടിട്ടുള്ള ഏറ്റവും മികച്ച പാട്ടുകാരൻ ഹരിദാസേട്ടനാണ്. നമ്പീശാശാന്റെ കൂടെ പാടിയതിന്റെ ഒരു റെക്കോഡിങ്ങ് കേട്ടിട്ടുണ്ട്. കുറുപ്പാശാന്റെ കൂടെ ഒരേഴെട്ടു കളികൾക്ക്. പിന്നെ ഗംഗാധരാശാൻ, എമ്പ്രാന്തിരി, ഹൈദരലി ഇവരുടെയൊക്കെ ഒപ്പവും. ശങ്കിടി പാടുമ്പം ആ പൊന്നാനിയെ ഫോളോ ചെയ്യുക എന്നല്ലാതെ … ഇപ്പം ഹൈദരലിയുടെ കൂടെ പാടുമ്പം, അതൊന്നും സ്വന്തം പാട്ടിൽ ഹരിദാസേട്ടൻ ഒട്ടും യോജിക്കാത്ത വഴികളാ, പക്ഷെ ശങ്കിടി പാടുമ്പം വളരെ കൃത്യമായി, ഹൈദരലിയെ അതിശയിപ്പിക്കുന്ന മട്ടിൽ അതിനെ ഫോളോ ചെയ്ത് കൊണ്ടുപോവും.എന്റെ കഥകളിയിലെ മോഡലാരാണെന്നു ചോദിച്ചാൽ ഞാൻ കുഞ്ചുനായരാശാൻ ആണെന്നേ പറയൂ. ഞാനദ്ദേഹത്തിന്റെ വേഷങ്ങൾ നേരിട്ട് കണ്ടിട്ടില്ല. പറഞ്ഞുകേട്ടും വായിച്ചും കിട്ടിയത് കൂടാതെ ഇവര് ശിഷ്യന്മാരുടെ വേഷങ്ങൾ കണ്ട് മനസ്സിലാക്കിയ കാര്യങ്ങൾ, എങ്കിലും എനിക്ക് കുഞ്ചുനായരാശാനെക്കുറിച്ച് ഏറ്റവുമധികം കാര്യങ്ങൾ കിട്ടിയിരിക്കുന്നത് ഹരിദാസേട്ടന്റെ കയ്യിൽ നിന്നാണ്.

കുഞ്ചുനായരാശാന്റെ മനസ്സ് രംഗത്ത് വന്നുകഴിഞ്ഞാൽ ആ കഥാപാത്രത്തിലും കഥാപാത്രത്തിന്റെ അപ്പോളത്തെ അവസ്ഥയിലും ഉറച്ചുനിൽക്കുന്നതാണെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളതും ശിഷ്യന്മാരുടെ പ്രവർത്തിയിൽ നിന്ന് തോന്നിയിട്ടുള്ളതും. ആ ഒരു മനസ്സ് കഥകളിപ്പാട്ടിൽ കൊണ്ടുവന്നു ഹരിദാസേട്ടൻ. പാടിപ്പഠിച്ച കളരി അതാണ്. ഇപ്പൊ രാഗം മാറ്റുന്നതൊക്കെ, രാഗത്തേക്കാളുപരി പാടുന്ന സമയത്ത് ഹരിദാസേട്ടന്റെ മനസ്സിലുള്ളത് ആ കഥാപാത്രവും സാഹിത്യ സന്ദർഭവും തന്നെയാണ്.  അപ്പോ ഏതു രാഗം പാടിയാലും ശരി ഉള്ളിൽ നിന്നു പുറത്തേക്കു വരുന്നത് ആ കഥാപാത്രത്തിന്റെ ഭാവമായിരിക്കും. എനിക്കു തോന്നീട്ടുള്ളത് പുറപ്പാടിന്റെ ‘രാമ പാലയ മാം’ എന്നു പാടുമ്പോൾ മുതൽക്ക് ഭാവം ഹരിദാസേട്ടന്റെ പാട്ടിലുണ്ടെന്നാണ്. അവസാനത്തെ ധനാശി ശ്ലോകം പാടുന്നതുവരെ അതങ്ങനെ നിലനിൽക്കുകയും ചെയ്യും.

നടൻ കഥാപാത്രത്തെ എങ്ങനെ ഉൾക്കൊള്ളുന്നോ അതുപോലെ ഈ ഗായകനും ഉൾക്കൊണ്ടാലേ ഇവർ തമ്മിലുള്ള ഒരു കെമിസ്ട്രി ശരിയായിട്ട് കാണുന്നവർക്കനുഭവപ്പെടൂ. അതിനൊരു പ്രത്യേക സുഖമാണ്. ഇപ്പൊ കോട്ടയ്ക്കൽ ശിവരാമേട്ടനോ വാസുവേട്ടനോ (കലാമണ്ഡലം വാസു പിഷാരോടി) ഒക്കെ കെട്ടുന്ന വേഷത്തിന് ഹരിദാസേട്ടൻ പാടുമ്പഴുള്ള ഒരനുഭവം അതാണ്.കഥകളിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും കൃത്യമായ അഭിപ്രായമുണ്ടായിരുന്നു ഹരിദാസേട്ടന്. അപൂർവം ആളുകൾക്കേ അതൊക്കെ കേൾക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഹരിദാസേട്ടൻ പറയുമായിരുന്നു, ആദ്യതവണ പാടുമ്പോൾ സാഹിത്യവും അർത്ഥവും വ്യക്തമാവുന്ന രീതിയിൽ പ്ലെയിൻ ആയി പാടണം, ആവർത്തനത്തിൽ മാത്രമേ സംഗതികളൊക്കെ കൊടുത്ത് അതിനെ വിശദീകരിക്കാവൂ എന്നൊക്കെ. അതദ്ദേഹം സ്വന്തം പാട്ടിൽ കൃത്യമായി പാലിക്കുകയും ചെയ്തു.

അതുപോലെ അരങ്ങത്ത് അപ്പപ്പോൾ കാണിക്കുന്നതിനനുസരിച്ച് സംഗതികൾ കൊടുത്ത് പാടാനുമൊക്കെ പറ്റും. താളത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കും നടന്റെ ചുവടുകൾക്കുമൊക്കെ അനുസരിച്ച് സംഗീതം വേണ്ടരീതിയിൽ മാറ്റിക്കൊണ്ടുപോവാൻ ആരു വേഷം കെട്ടിയാലും ഹരിദാസേട്ടനു സാധിക്കും. ഇന്ന് പല പാട്ടുകളും കേൾക്കുമ്പോൾ ഇതൊക്കെ ഓർത്തുപൊവും.ഹരിദാസേട്ടൻ പാടിയിരുന്ന പല രാഗങ്ങളും അതേ പദത്തിന് ഇന്നു പലരും പാടുമ്പോൾ അതവിടെ ചേരുകയേ ഇല്ലെന്നു തോന്നും. സംഭവിക്കുന്നതിതാണ്, നല്ലൊരു തോടിയോ ശങ്കരാഭരണമോ കല്യാണിയോ ഒന്നും പാടുന്നതല്ല കഥകളിപ്പാട്ട്. അതു പലരും നന്നായി ചെയ്യും. അതിലേക്ക് സാഹിത്യം കടന്നു വരുമ്പഴാണ് ഹരിദാസേട്ടന്റെ പാട്ടിന്റെ അനന്യത.  

Similar Posts

  • ശ്രീ കലാമണ്ഡലം രാജന്‍ മാസ്റ്റര്‍ – ഒരു അനുസ്മരണം

    സി. അംബുജാക്ഷൻ നായർ June 15, 2012 പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം രാജന്‍ ആശാന്‍ ഇക്കഴിഞ്ഞ ജൂണ്‍ 13ന് യശഃശരീരനായി. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയാശാന്റെ മകനും കഥകളി ആസ്വാദകനുമായ സി. അംബുജാക്ഷന്‍ നായര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഈ ലേഖനം അദ്ദേഹത്തിന്റെ ‘ഇളകിയാട്ടം’ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.http://ilakiyattam.blogspot.in/2012/06/blog-post.html അരൂര്‍ മുല്ലയില്‍ നെല്ലിപ്പുഴ വീട്ടില്‍ പരേതരായ ശ്രീധരപ്പണിക്കരുടേയും പറവൂര്‍ ഏഴിക്കര കടക്കര എരപ്പത്ത് വീട്ടില്‍ കൊച്ചുകുട്ടിയമ്മയുടെയും മകനായി 1931 -ല്‍ ശ്രീ. രാജന്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു നൃത്തം…

  • ഓർത്താൽ വിസ്മയം തന്നെ

    എം. ടി. വാസുദേവൻ നായർ January 4, 2013 ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന്‌ ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു. അരങ്ങേറ്റത്തില്‍ ഹൈദരാലി…

  • |

    ഒക്ടോബര്‍ ഒമ്പത് – ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്….

    എം.കെ. അനിയന്‍ October 8, 2013 കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന “കുറുപ്പ്സംഗീതം” അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി. കാല്‍നൂറ്റാണ്ടിനുശേഷവും ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതത്തെ അന്വേഷിക്കുകയും, ആസ്വദിക്കുകയും, ആരാധിയ്ക്കുകയും ചെയ്യുന്നവരില്‍ പുതു തലമുറയില്‍പ്പെട്ടവരും ഉണ്ടെന്നത്…

  • നീണ്ടനാളത്തെ ദേശാടനത്താവളങ്ങൾ

    ശ്രീവല്‍സന്‍ തീയ്യാടി July 2, 2016 ഓർമകൾക്കൊരു കാറ്റോട്ടം – 19 അര നാഴികയോളം ദൂരമുണ്ട് ആശാൻറെ വീട്ടിലേക്ക്. പുതുതായി കിട്ടിയ സൈക്കിളിലാണ് കലാമണ്ഡലം കേശവപ്പൊതുവാളുടെ ചെണ്ടക്കളരിയിലേക്ക് പോവുക. വെളുപ്പിന് അഞ്ചര മണിക്ക്. മൂന്നുനാലാള് വേറെയുമുണ്ട് കൊട്ടു പഠിക്കാൻ. തൃപ്പൂണിത്തുറതന്നെ കോട്ടയ്ക്കകത്തെ പല വീടുകളിൽനിന്ന്. ഒരാൾ അമ്മാവൻ. കൊച്ചിൻ റിഫൈനറിയിൽ അക്കാലത്തുമാത്രം ജോലിയായി കൊച്ചിനാട്ടിൽ വന്നെത്തിയത്. ആളുടെ സ്വദേശം തൃശ്ശൂരിനു ലേശം വടക്ക്. മുളംകുന്നത്തുകാവ് തീയ്യാടി രാമൻ. പിന്നെ രണ്ടുമൂന്നു പേര് എന്നെക്കാൾ ലേശം പ്രായം കുറഞ്ഞവർ….

  • ഹാഹന്ത ഹവേലീചരിതം

    ശ്രീവല്‍സന്‍ തീയ്യാടി May 30, 2012 (ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം 2) പതിവിലും വൈകി എഴുന്നേറ്റ അവധി ദിവസം. ഫ്ലാറ്റില്‍ മടിച്ച് കൂടുകയായിരുന്നു. ഉച്ച തിരിഞ്ഞു. സായംകാലത്തും ഒടുങ്ങാത്ത ചൂട്. ദല്‍ഹിയിലെ തീക്ഷ്ണവേനല്‍ അങ്ങനെയാണ്. അസ്തമന സമയത്തും സൂര്യന്‍ പ്രതാപി തന്നെ. ഒന്ന് പുറത്തെ ബാല്‍ക്കണിയില്‍ പോയിരിക്കാമെന്നു വിചാരിച്ചാല്‍‍, തിണ്ണയും കസേരയുമൊക്കെ പൊള്ളുന്നപോലെയാണ് കിടപ്പ്. പൊടുന്നനെയാണ് ശബ്ദം കേട്ടത്. ആകാശത്ത് ഇടി വെട്ടിയതാണ്. ക്ഷണനേരം കൊണ്ട് പുറത്തെ അന്തരീക്ഷം മാറി. ആര്‍ത്തടിക്കുന്ന പൊടിക്കാറ്റ്. ആന്ധി എന്ന്…

  • അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

    കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി September 13, 2012  കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ്‌ പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്‌. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക്‌ അദ്ദേഹം ഗുരുതുല്യനാണ്‌. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്‌. ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്‌. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്‌. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു…

മറുപടി രേഖപ്പെടുത്തുക