കലാമണ്ഡലം ഹൈദരാലി എന്ന ഗവേഷകന്‍

രാജശേഖര്‍ പി. വൈക്കം

January 4, 2013 

കലാലോകത്തിനെന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്‌  കലാമണ്ഡലം ഹൈദരാലിയുടെ വിയോഗം. ഒരു ഗായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ  കഴിവ്‌ എന്തായിരുന്നുവെന്ന്‌  ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ പാട്ട്‌ കേട്ടിട്ടുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷെ തന്‍റെ മറ്റുപല സിദ്ധികളും പുറം ലോകമറിയും മുന്പ്‌ അദ്ദേഹം യാത്രപറഞ്ഞു.

കിട്ടേണ്ടിയിരുന്ന പലേ ബഹുമതികളും വേണ്ടന്നു വച്ച്‌ ആ പ്രതിഭാശാലി  നടന്നകന്നു. ഉന്നത കലാകാരന്മാര്‍ നല്ല ഗവേഷകരാകുന്നത് അപൂര്‍വ്വമാണ്‌. വരും തലമുറക്കുവേണ്ടി കഥകളി സംഗീതത്തെ ക്കുറിച്ച്‌ ഒരു ഉത്തമ ഗ്രന്ഥത്തിന്റെ രചന അദ്ദേഹം തുടങ്ങി വച്ചിരുന്നു. അതില്‍ അദ്ദേഹം കഥകളിയുടെ മാത്രം എന്നു വിശേഷിപ്പിക്കാവുന്ന പാടി മുതലായ രാഗങ്ങള്, ദക്ഷിണാത്യ സംഗീതത്തിലുണ്ടെങ്കിലും സവിശേഷകളോടെ കഥകളിയില്‍ നിലനില്‍ക്കുന്ന ദ്വിജാവന്തി മുതലായ രാഗങ്ങള്, ഇവയിലുള്ള പദങ്ങള്‍ ഇവയെക്കുറിച്ചുള്ള പഠനമാണ്‌ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്.  ആശാന്മാര്‍ (മണ്മറഞ്ഞ് പോയവരുള്‍പ്പടെ) കിട്ടാവുന്ന ‘റിക്കോര്‍ഡിങ്ങ്സ്‌’ എല്ലാം സംഘടിപ്പിച്ച്‌, അതിനെ ആധാരമാക്കി പദങ്ങള്‍ അദ്ദേഹം സ്വരപ്പെടുത്തിയിരുന്നു.

വരും കാലത്തെ ഗായകര്‍ക്കു നമ്മുടെ സംഗീതത്തിന്റെ ‘തനിമ’യും ഗരിമയും  എന്തായിരുന്നു എന്നറിയിക്കുവാന്‍ വേണ്ടിയുള്ള പരിശ്രമമായിരുന്നു അത്. കര്‍ണാടക സംഗീതത്തിന്റെ വക്താവായിട്ടാണ്‌ അദ്ദേഹത്തെ പലരും കരുതിയിരുന്നതെങ്കിലും,  നമ്മുടെ സം ഗീതത്തിന്റെ ‘സവിശേഷത’ കള്‍ അദ്ദേഹം  അറിഞ്ഞറിഞ്ഞിരുന്നു.അതുനിലനിക്കണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഒരു പക്ഷെ കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലുമുള്ള അവഗാഹം അതിനെ അദ്ദേഹത്തെ നല്ലപോലെ സഹായിച്ചിരുന്നിരിക്കണം. കേന്ദ്ര സംഗീതഅക്കാദമി യുടെ ഫെല്ലോഷിപ്പ്‌ ലഭിച്ചപ്പോള്‍ അതിനായി തുടങ്ങിവച്ച ഗവേഷണം അതിന്റെ കാലാവധി കഴിഞ്ഞിട്ടും തുടര്‍ന്നിരുന്നു. പലരും ഫെല്ലോഷിപ്പിന്‌ എന്തെങ്കിലും വിഷയം തിരഞ്ഞെടുക്കുക, എങ്ങനെയെങ്കിലും ഒരു റിപ്പോര്‍ട്ട് തല്ലിക്കൂട്ടുക അതിനപ്പുറം ഗൌരവമായി ഒരു ഗവേഷണം നടത്തുന്നവര്‍ വിരളമാണ്‌. എന്നാല്‍ ശ്രീമാന്‍ ഹൈദരാലി അതിനൊരു അപവാദമായിരുന്നു.  തിരക്കുണ്ടായിരുന്നിട്ടും  അദ്ദേഹം രണ്ടു വര്‍ഷവും കൃത്യമായി ‘പ്രോഗ്രസ്സ്‌ റിപ്പോര്‍ട്ട്’ അയക്കുകയും അന്തിമ റിപ്പോര്‍ട്ട് വളരെ വിശദമായിതന്നെ എഴുതി അയക്കുകയും ചെയ്തു. അതു വിപുലീകരിച്ച്‌ നല്ല ഒരു ഗവേഷണ ഗ്രന്ഥം എന്ന ആശയം മനസ്സില്‍ കൊണ്ടുനടന്നിരുന്നതു കൊണ്ടാണ്‌ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ വളരെ  മെനക്കെട്ട്‌ ആ പ്രോജറ്റ്‌ ചെയ്തത്‌. അദ്ദേഹത്തിനു ഗവേഷണം ഒരു ഇഷ്ടപ്പെട്ട വിഷയമായിരുന്നു. ഒരു ഗവേഷകനു വേണ്ട അറിവും അന്വേഷണ ബുദ്ധിയും അദ്ദേഹത്തിനു്‌  വേണ്ടുവോളമോ വേണ്ടതിലധികമോ ഉണ്ടായിരുന്നു. വിധി അനുവദിച്ചിരുന്നെങ്കില്, നമ്മെ പാടി രസിപ്പിക്കുക മാത്രമല്ല,  കലാലോകത്തിനു അദ്ദേഹം കനത്ത സംഭാവനകള്‍ ചെയ്യുമായിരുന്നു. ‘മൂറിയടന്തയുടെ വിലാപം’  മുതലായ ലേഖനങ്ങളിലൊതുങ്ങിപ്പോകേണ്ടിയിരുന്ന ഒന്നല്ല ആ പ്രതിഭ. അതുപോലെ  ഗവേഷണത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല ആ ‘ക്രിയേറ്റിവിറ്റി’, ഇത്തരുണത്തില്‍  അദ്ദേഹത്തിന്റെ സാരമതി രാഗത്തിലുള്ള  മോഹിനിയാട്ടവര്‍ണ്ണം ഓര്‍ത്തുപോകുന്നു. ഇതുകണ്ട്‌  ശ്രീ ഡോക്ടര്‍ ബാലമുരളീകൃഷ്ണ അയച്ച അഭിനന്ദന കത്തും ഓര്‍ത്ത് പോകുന്നു.

നടന്റെ ‘വാചികാഭിനയ’ മാണ്‌ കഥകളിയില്‍ ഗായകന്‍ നിര്‍വഹിക്കുന്നതെന്ന പൂര്‍ണ്ണമായ അവബോധം ‘ഹൈദരാലി സംഗീത’ത്തെ വ്യതിരിക്തമാക്കിയിരുന്നത്‌. വിരുദ്ധോക്തി ആവിഷക്കരിക്കുവാന്‍ ഗോപിയാശാന്‍ , ‘ഉചിതം, അപരവരണോദ്യമ’ത്തില്‍ ,ഉചിത മുദ്ര  ആവര്‍ത്തിച്ച്‌  പെട്ടെന്ന്‌ മുഴുമിപ്പിക്കാതെ നിര്‍ത്തുന്ന രീതി ഉണ്ടല്ലോ. സമര്‍ത്ഥമായി ആലാപനത്തിലും ഈ വിരാമം അദ്ദേഹം  കൊണ്ടുവന്നതിന്റെ  ഉചിതജ്ഞത പറഞ്ഞറിഞ്ഞറിയിക്കേണ്ടതില്ലല്ലോ! അവസാനകാലത്ത്‌ അദ്ദേഹം  നടന്റെ അരങ്ങിലേ ചലനത്തിലെ ‘റിഥമിക്‌ പാറ്റേണ്‍’ തന്റെ ആലാപനത്തിലേക്കു ആവാഹിച്ചു പ്രതിഫലിപ്പിക്കുന്ന ഒരു പുതിയ രീതി  അദ്ദേഹം രൂപപ്പെടുത്തിവന്നിരുന്നു അഥവാ ആ ആലാപനത്തില്‍  അറിയാതെ രൂപപ്പെട്ടു വന്നിരുന്നു. അതു അരങ്ങില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഒരു ശൈലി ആകുന്നതിനു മുമ്പ്‌, 2006 ജനുവരി 05 വന്നു. ഇങ്ങനെ ആലോചിക്കും തോറും കഥകളി ലോകത്തിന്‌ അദ്ദേഹത്തിന്റെ വേര്‍പാട്‌ ഉണ്ടാക്കിയിട്ടുള്ള നഷ്ടം അക്ഷരാര്‍ത്ഥത്തില്‍ കനത്തതെന്നു വീണ്ടും വീണ്ടും ബോദ്ധ്യപ്പെട്ടുകൊണ്ടേയിക്കുന്നു. ‘ഓര്‍ത്താല്’ എല്ലാ അര്‍ത്ഥത്തിലും  ‘വിസ്മയ’ മായിരുന്നു എന്റെ പ്രിയ സുഹൃത്തിന്റെ  ഓര്‍മ്മക്കുമുന്നില്‍ എന്റെ ആഅദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Similar Posts

  • ബ്രഹ്മശ്രീ തോട്ടം ശങ്കരൻ നമ്പൂതിരി

    കുടമാളൂർ കരുണാകരൻ നായർ August 29, 2012  (കുടമാളൂർ സ്വദേശി ഡോക്ടർ. ശ്രീ. മാധവൻ നമ്പൂതിരി അവർകൾ (Dr. Nampoothiri, 2417, Marlandwood, Tx76502, USA.), ബ്രഹ്മശ്രീ തോട്ടം ശങ്കരൻ നമ്പൂതിരിയെ പറ്റി ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാൻ സ്വന്തം കൈപ്പടയിൽ എഴുതി അദ്ദേഹത്തിനു നൽകിയിരുന്ന ഒരു കുറിപ്പ്‌ ശ്രീ അംബുജാക്ഷൻ നായർക്ക്‌ അയച്ചു തന്നിരുന്നു. 1943- ൽ കൽക്കട്ട കൾച്ചറൽ സെന്ററിൽ അനേകം പ്രശസ്തരുടെ സാന്നിദ്ധ്യത്തിൽ ഭീമപ്രഭാവം അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഹൃദയാഘാതത്താൽ മരണപ്പെട്ട തോട്ടം…

  • തസ്മൈ ശ്രീ ഗുരവേ നമഃ

    ഡോ. സദനം കെ. ഹരികുമാരൻ July 29, 2012 കീഴ്പ്പടം കുമാരൻ നായരാശാനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്? എഴുതേണ്ടി വരുമ്പോൾ എഴുതേണ്ട ആളെക്കുറിച്ച് അറിയേണ്ടി വരുന്നു. അറിയുക എന്നാൽ ആയിത്തീരുക എന്നാണ് അർത്ഥം കല്പിക്കുന്നതെങ്കിൽ ഞാൻ ഇതിനു തുനിയുന്നത് മൌഢ്യമായിരിക്കും. അനുസ്മരണത്തിനു വേണ്ടി മാത്രമാണെങ്കിൽ ചില ശ്ലഥമായ ഓർമ്മകളെ ഇവിടെ അനാവരണം ചെയ്യാമെന്ന് മാത്രം. പൂച്ചയുടേതു പോലെ മാർദ്ദവമേറിയ പാദങ്ങളായിരുന്നു ആശാന്റേത്. അതിൽ നിറച്ച് ഊർജ്ജമുണ്ടായിരുന്നു. ആശാന്റെ കാൽ‌ചുവട്ടിൽ ഉഴിച്ചിലിന് കിടക്കുമ്പോൾ അനുഭവിക്കുന്നത് വേദനായിരുന്നില്ല. സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും നിറവ്…

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

  • കഥാപാത്രത്തിന്റെ അവസ്ഥാനുസരണം

    കലാമണ്ഡലം വാസു പിഷാരോടി June 27, 2017 വെണ്മണി ഹരിദാസ് സ്മരണ – 3(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) വളരെയധികം കഥകളിയുടെ ഉള്ളിലേക്കിറങ്ങിച്ചെന്നിട്ടുള്ള ഒരു ഗായകനാ‍ണ് ഹരിദാസൻ. അതിന്റെ എല്ലാ അംശങ്ങളിലും. പിന്നെ അഭിനയത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധയും താല്പര്യവുമുള്ളയാളാണ്. ഓരോ കഥാപാത്രത്തിനേയും നല്ലോണം ഉൾക്കൊണ്ടിട്ടുണ്ട് ഹരിദാസൻ. നല്ല സാഹിത്യവാസനയുണ്ട്, പുറമേ സംഗീതവും. ഭാവത്തിന്റെ പരമാവധി, അത് വേണ്ടതരത്തിൽ ഉപയോഗിക്കാൻ ഹരിദാസന് മറ്റു പലരേക്കാളും മിടുക്കുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും ഭാവംന്ന് പറഞ്ഞ് വളരെയങ്ങ് പോവും. ശോക ഭാവം…

  • കോട്ടയ്ക്കലെ ‘ശിവരാമ’ക്ഷേത്രം

    ടുട്ടു തൃക്കഴിപ്പുറം(റനീജ് രവീന്ദ്രൻ) July 8, 2011 ഒറ്റക്കിരുണ്ട വിപിനത്തിലിരുത്തിയെന്നെവിട്ടങ്ങു പോയ നളനെത്തിരയുന്ന ഭാവംചിത്തത്തിലിപ്പൊഴുമഹോ തുളയുന്നു രംഗം !കൂപ്പുന്നു കൈകള്‍ ‘ശിവരാമ’ പദാരവിന്ദേ… കണ്ണില്‍ തുടങ്ങി, ഒരു വാക്കിനെ വേണ്ടവണ്ണംതന്മൂക്കു, ചുണ്ടു, കവിള്‍ തന്‍ പ്രഭയോടു ചേര്‍ക്കില്‍അര്‍ത്ഥത്തെ ലോകരസികര്‍ക്കു മനസ്സിലാക്കാന്‍കൈമുദ്രയെന്തിനിവനെന്നു നിനച്ചു പോകും ! ലളിത മോഹിനിയുര്‍വശി സീതയുംപലതരം മുഖമിട്ടു തകര്‍ക്കിലുംസുമുഖ! നീ ദമയന്തിയതാകവേനളനുമല്ലിവനും പ്രിയമേറിടൂം മരണമെന്നത് മാനുഷനില്ല നന്‍-മധുരമാമഴകൊന്നു നിനക്കുകില്‍മിഴിവെഴുന്നഴകിന്റെ മഹാരഥന്ന-മരനാണിവിനി’ശ്ശിവരാമ’നും…

  • ശിവരാമസ്മരണ

    വി. എം. ഗിരിജ July 26, 2011 കോട്ടയ്ക്കൽ ശിവരാമൻ എന്നാൽ കഥകളിപ്രേമികൾക്ക്‌ സ്ത്രീവേഷം തന്നെയാണ്‌. പ്രത്യേകിച്ചും കുടമാളൂരിന്റേയും കൃഷ്ണൻ നായരുടേയും വളരെ അധികം കീർത്തിപ്പെട്ട സ്ത്രീവേഷങ്ങൾ ഒക്കെ കാണാതെ കേൾക്കുക മാത്രം ചെയ്തവർക്ക്‌… എന്നേപ്പോലുള്ളവർക്ക്‌. ശിവരാമൻ അന്തസ്സത്തയിൽ സ്വന്തം അമ്മാമനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നെയാണ്‌ പിന്തുടർന്നത്‌. അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവഗതിക്ക്‌ അനുയോജ്യമല്ലാത്ത ഭാവസ്ഫുരണമോ ശിവരാമൻ സ്വീകരിച്ചിട്ടേ ഇല്ല. കഥകളി ആസ്വാദകർക്കിടയിൽ വെള്ളം പോലെ തെളിഞ്ഞ, കല മുൻപ്‌ എന്ന ആസ്വാദനരീതി ദുർല്ലഭമാണ്‌. ഒരു പാട്‌…

മറുപടി രേഖപ്പെടുത്തുക