രാജശേഖര്‍ പി. വൈക്കം

January 4, 2013 

കലാലോകത്തിനെന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്‌  കലാമണ്ഡലം ഹൈദരാലിയുടെ വിയോഗം. ഒരു ഗായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ  കഴിവ്‌ എന്തായിരുന്നുവെന്ന്‌  ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ പാട്ട്‌ കേട്ടിട്ടുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷെ തന്‍റെ മറ്റുപല സിദ്ധികളും പുറം ലോകമറിയും മുന്പ്‌ അദ്ദേഹം യാത്രപറഞ്ഞു.

കിട്ടേണ്ടിയിരുന്ന പലേ ബഹുമതികളും വേണ്ടന്നു വച്ച്‌ ആ പ്രതിഭാശാലി  നടന്നകന്നു. ഉന്നത കലാകാരന്മാര്‍ നല്ല ഗവേഷകരാകുന്നത് അപൂര്‍വ്വമാണ്‌. വരും തലമുറക്കുവേണ്ടി കഥകളി സംഗീതത്തെ ക്കുറിച്ച്‌ ഒരു ഉത്തമ ഗ്രന്ഥത്തിന്റെ രചന അദ്ദേഹം തുടങ്ങി വച്ചിരുന്നു. അതില്‍ അദ്ദേഹം കഥകളിയുടെ മാത്രം എന്നു വിശേഷിപ്പിക്കാവുന്ന പാടി മുതലായ രാഗങ്ങള്, ദക്ഷിണാത്യ സംഗീതത്തിലുണ്ടെങ്കിലും സവിശേഷകളോടെ കഥകളിയില്‍ നിലനില്‍ക്കുന്ന ദ്വിജാവന്തി മുതലായ രാഗങ്ങള്, ഇവയിലുള്ള പദങ്ങള്‍ ഇവയെക്കുറിച്ചുള്ള പഠനമാണ്‌ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്.  ആശാന്മാര്‍ (മണ്മറഞ്ഞ് പോയവരുള്‍പ്പടെ) കിട്ടാവുന്ന ‘റിക്കോര്‍ഡിങ്ങ്സ്‌’ എല്ലാം സംഘടിപ്പിച്ച്‌, അതിനെ ആധാരമാക്കി പദങ്ങള്‍ അദ്ദേഹം സ്വരപ്പെടുത്തിയിരുന്നു.

വരും കാലത്തെ ഗായകര്‍ക്കു നമ്മുടെ സംഗീതത്തിന്റെ ‘തനിമ’യും ഗരിമയും  എന്തായിരുന്നു എന്നറിയിക്കുവാന്‍ വേണ്ടിയുള്ള പരിശ്രമമായിരുന്നു അത്. കര്‍ണാടക സംഗീതത്തിന്റെ വക്താവായിട്ടാണ്‌ അദ്ദേഹത്തെ പലരും കരുതിയിരുന്നതെങ്കിലും,  നമ്മുടെ സം ഗീതത്തിന്റെ ‘സവിശേഷത’ കള്‍ അദ്ദേഹം  അറിഞ്ഞറിഞ്ഞിരുന്നു.അതുനിലനിക്കണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഒരു പക്ഷെ കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലുമുള്ള അവഗാഹം അതിനെ അദ്ദേഹത്തെ നല്ലപോലെ സഹായിച്ചിരുന്നിരിക്കണം. കേന്ദ്ര സംഗീതഅക്കാദമി യുടെ ഫെല്ലോഷിപ്പ്‌ ലഭിച്ചപ്പോള്‍ അതിനായി തുടങ്ങിവച്ച ഗവേഷണം അതിന്റെ കാലാവധി കഴിഞ്ഞിട്ടും തുടര്‍ന്നിരുന്നു. പലരും ഫെല്ലോഷിപ്പിന്‌ എന്തെങ്കിലും വിഷയം തിരഞ്ഞെടുക്കുക, എങ്ങനെയെങ്കിലും ഒരു റിപ്പോര്‍ട്ട് തല്ലിക്കൂട്ടുക അതിനപ്പുറം ഗൌരവമായി ഒരു ഗവേഷണം നടത്തുന്നവര്‍ വിരളമാണ്‌. എന്നാല്‍ ശ്രീമാന്‍ ഹൈദരാലി അതിനൊരു അപവാദമായിരുന്നു.  തിരക്കുണ്ടായിരുന്നിട്ടും  അദ്ദേഹം രണ്ടു വര്‍ഷവും കൃത്യമായി ‘പ്രോഗ്രസ്സ്‌ റിപ്പോര്‍ട്ട്’ അയക്കുകയും അന്തിമ റിപ്പോര്‍ട്ട് വളരെ വിശദമായിതന്നെ എഴുതി അയക്കുകയും ചെയ്തു. അതു വിപുലീകരിച്ച്‌ നല്ല ഒരു ഗവേഷണ ഗ്രന്ഥം എന്ന ആശയം മനസ്സില്‍ കൊണ്ടുനടന്നിരുന്നതു കൊണ്ടാണ്‌ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ വളരെ  മെനക്കെട്ട്‌ ആ പ്രോജറ്റ്‌ ചെയ്തത്‌. അദ്ദേഹത്തിനു ഗവേഷണം ഒരു ഇഷ്ടപ്പെട്ട വിഷയമായിരുന്നു. ഒരു ഗവേഷകനു വേണ്ട അറിവും അന്വേഷണ ബുദ്ധിയും അദ്ദേഹത്തിനു്‌  വേണ്ടുവോളമോ വേണ്ടതിലധികമോ ഉണ്ടായിരുന്നു. വിധി അനുവദിച്ചിരുന്നെങ്കില്, നമ്മെ പാടി രസിപ്പിക്കുക മാത്രമല്ല,  കലാലോകത്തിനു അദ്ദേഹം കനത്ത സംഭാവനകള്‍ ചെയ്യുമായിരുന്നു. ‘മൂറിയടന്തയുടെ വിലാപം’  മുതലായ ലേഖനങ്ങളിലൊതുങ്ങിപ്പോകേണ്ടിയിരുന്ന ഒന്നല്ല ആ പ്രതിഭ. അതുപോലെ  ഗവേഷണത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല ആ ‘ക്രിയേറ്റിവിറ്റി’, ഇത്തരുണത്തില്‍  അദ്ദേഹത്തിന്റെ സാരമതി രാഗത്തിലുള്ള  മോഹിനിയാട്ടവര്‍ണ്ണം ഓര്‍ത്തുപോകുന്നു. ഇതുകണ്ട്‌  ശ്രീ ഡോക്ടര്‍ ബാലമുരളീകൃഷ്ണ അയച്ച അഭിനന്ദന കത്തും ഓര്‍ത്ത് പോകുന്നു.

നടന്റെ ‘വാചികാഭിനയ’ മാണ്‌ കഥകളിയില്‍ ഗായകന്‍ നിര്‍വഹിക്കുന്നതെന്ന പൂര്‍ണ്ണമായ അവബോധം ‘ഹൈദരാലി സംഗീത’ത്തെ വ്യതിരിക്തമാക്കിയിരുന്നത്‌. വിരുദ്ധോക്തി ആവിഷക്കരിക്കുവാന്‍ ഗോപിയാശാന്‍ , ‘ഉചിതം, അപരവരണോദ്യമ’ത്തില്‍ ,ഉചിത മുദ്ര  ആവര്‍ത്തിച്ച്‌  പെട്ടെന്ന്‌ മുഴുമിപ്പിക്കാതെ നിര്‍ത്തുന്ന രീതി ഉണ്ടല്ലോ. സമര്‍ത്ഥമായി ആലാപനത്തിലും ഈ വിരാമം അദ്ദേഹം  കൊണ്ടുവന്നതിന്റെ  ഉചിതജ്ഞത പറഞ്ഞറിഞ്ഞറിയിക്കേണ്ടതില്ലല്ലോ! അവസാനകാലത്ത്‌ അദ്ദേഹം  നടന്റെ അരങ്ങിലേ ചലനത്തിലെ ‘റിഥമിക്‌ പാറ്റേണ്‍’ തന്റെ ആലാപനത്തിലേക്കു ആവാഹിച്ചു പ്രതിഫലിപ്പിക്കുന്ന ഒരു പുതിയ രീതി  അദ്ദേഹം രൂപപ്പെടുത്തിവന്നിരുന്നു അഥവാ ആ ആലാപനത്തില്‍  അറിയാതെ രൂപപ്പെട്ടു വന്നിരുന്നു. അതു അരങ്ങില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഒരു ശൈലി ആകുന്നതിനു മുമ്പ്‌, 2006 ജനുവരി 05 വന്നു. ഇങ്ങനെ ആലോചിക്കും തോറും കഥകളി ലോകത്തിന്‌ അദ്ദേഹത്തിന്റെ വേര്‍പാട്‌ ഉണ്ടാക്കിയിട്ടുള്ള നഷ്ടം അക്ഷരാര്‍ത്ഥത്തില്‍ കനത്തതെന്നു വീണ്ടും വീണ്ടും ബോദ്ധ്യപ്പെട്ടുകൊണ്ടേയിക്കുന്നു. ‘ഓര്‍ത്താല്’ എല്ലാ അര്‍ത്ഥത്തിലും  ‘വിസ്മയ’ മായിരുന്നു എന്റെ പ്രിയ സുഹൃത്തിന്റെ  ഓര്‍മ്മക്കുമുന്നില്‍ എന്റെ ആഅദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder