|

കളിയരങ്ങിലെ സ്ത്രീപക്ഷം

ഇന്ദിരാ ബാലൻ

Thursday, July 19, 2018

പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു. അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു. 

കഥകളിയെന്ന സങ്കേതബദ്ധമായ കല അഭ്യസിക്കുന്നത് കൂടുതലും പുരുഷന്മാരാണ്‌. എന്നാൽ മറ്റേതൊരു മേഖലയിലും പോലെ കഥകളി രംഗത്തേക്കും സ്ത്രീകളുടെ ചുവടുവെയ്പ്പു ഇന്നു ധാരാളമാണ്‌. ഈ ലേഖനത്തിലൂടെ പരാമർശിക്കുന്നത് ഒരു സ്ത്രീ കലാകാരിയെയല്ല. പുരുഷനായിനിന്നുകൊണ്ട് തന്നെ സ്ത്രീയുടെ താളം ഏറ്റുവാങ്ങി, കഥകളിയരങ്ങുകളിൽ സ്ത്രീപക്ഷസമരം നയിച്ച അന്തരിച്ച അതുല്യനടൻ ശ്രീ കോട്ടക്കൽ ശിവരാമനെയാണ്‌. അദ്ദേഹം ഈ ലോകത്തു നിന്നും വിടപറഞ്ഞിട്ടു ജൂലായ്‌ 19 നു  9 വർഷം തികയുന്നു. അരങ്ങിൽ തന്റെ സ്വത്വം നിലനിർത്തിത്തന്നെയാണ്‌` ആ ഭൌതികശരീരം വിട പറഞ്ഞത്. അറുപതുവർഷത്തോളം സ്ത്രീവേഷങ്ങൾ മാത്രം അവതരിപ്പിച്ച്,വ്യത്യസ്ത സ്വത്വശുദ്ധിയുള്ള ,വിഭിന്നനായികമാരുടെ ലാസ്യവിലാസങ്ങളും.ആത്മസംഘർഷങ്ങളും,ശക്തിസ്വരൂപതയുമെല്ലാം ആഴത്തിൽ ആടിഫലിപ്പിച്ച് കഥകളിരംഗത്തു തനതായ സ്ഥാനം നേടിയ വ്യക്തിത്വത്തിന്നുടമയായിരുന്നു കോട്ടക്കൽ ശിവരാമൻ.  1936 ജൂലായ്‌ 26നു പാലക്കാടു ജില്ലയിലെ കാറൽ മണ്ണയിലാണ്‌ അദ്ദേഹത്തിന്റെ ജനനം.കുട്ടിക്കാലത്തനുഭവിച്ച ദാരിദ്ര്യത്തിൽ നിന്നും കരകയറാനായിരുന്നു,13ആം വയസ്സിൽ കഥകളി പഠനത്തിന്റെ കച്ച കെട്ടാൻ തയ്യാറായത്‌. ഒരു നേരമെങ്കിലും വിശപ്പടക്കാൻ ഭക്ഷണം കിട്ടുമല്ലൊ എന്നായിരുന്നു ശിവരാമന്റെ അമ്മ കാർത്ത്യായിനിയമ്മയുടെ ആശ്വാസം. കഥകളി രംഗത്തെ കുലപതികളി ലൊരാളും, വകയിലെ അമ്മാമനുമായ”പത്മശ്രീ”‘ വാഴേങ്കട കുഞ്ചുനായരായിരുന്നു ശിവരാമന്റെ രക്ഷകനും,ഗുരുവും. ഡൽഹിയിലെ ഒരരങ്ങിൽ നിശ്ച്ചയിച്ച വേഷക്കാരൻ എത്താതിരുന്നതിനാൽ പകരക്കാരനായാണ്‌ ശിവരാമൻ ആദ്യമായി സ്ത്രീവേഷത്തിന്റെ മിനുക്കിട്ടതത്രെ. അത്‌ ഒരു ജീവിതനിയോഗത്തിന്റെ തുടക്കമാണെന്ന് ശിവരാമൻ പോലും അറിഞ്ഞിരുന്നില്ല. ഗുരുനാഥനൊപ്പം ആടിയ ആ അരങ്ങ്‌ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതു വലിയൊരു വഴിത്തിരിവായി. ജീവിതത്തിന്റെ ഗതിവിഗതികൾ നിഗൂഢവും, സൂക്ഷ്മവുമാണല്ലൊ.താണ്ഡവ -ലാസ്യ നിബദ്ധമായ താളത്തിലാണ്‌ പ്രകൃതിയുടെ ചലനം. പ്രകൃതിയേയും,അമ്മയേയും,സ്ത്രീയേയും ഒരുപോലെ കണ്ടിരുന്ന ശിവരാമൻ ഏറ്റെടുത്തതും,വ്യത്യസ്തവും ,പുതുമയുള്ളതുമായ സ്ത്രീയുടെ ശക്തമായ രംഗഭാഷ്യമായിരുന്നു. ഏതൊരു പ്രശസ്ത നടന്റേയും പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷം ഉയർന്നുനിന്നു. കഥകളിയരങ്ങിൽ ഒരു കാലത്ത് അവഗണിച്ചുപോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാക്കിയതിൽ ശിവരാമന്റെ പങ്കു സ്തുത്യർഹമാണ്‌.ജീവിതത്തിലെന്ന പോലെ കഥകളിയരങ്ങുകളിലും ഇടം പാതിയായിട്ടാണ്‌ സ്ത്രീയെ കണക്കാക്കിയിരുന്നത്‌. അതിനു മാറ്റം വരുത്തി,അരങ്ങിന്റെ മദ്ധ്യഭാഗം പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷങ്ങൾ കയ്യടക്കി. സ്ത്രീപക്ഷത്തിനു വേണ്ടി നടത്തിയ അരങ്ങിലെ നിശ്ശബ്ദ സമരമായിരുന്നു അത്‌. പുരുഷവേഷത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുവാനും ശിവരാമന്റെ സ്ത്രീവേഷം പ്രധാന ഘടകമായി വർത്തിച്ചു. കഥകളിയിലെ നിലവിലുള്ള ചിട്ടകളെ തെറ്റിച്ച് പുതിയ കളി രീതി തന്നെ അദ്ദേഹം സൃഷ്ടിച്ചു.”സ്ത്രീയില്ലെങ്കിൽ ഭൂമിയില്ല“ എന്നു പറയുന്ന ശിവരാമൻ അഭിനയത്തിന്റെ കാന്തശേഷി കൊണ്ട് സ്ത്രീകഥാപാത്രങ്ങളെ ശരീരത്തിലേക്കാവാഹിച്ചു. ജന്മം കൊണ്ടു പുരുഷനാണെങ്കിലും -പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു കൂടുമാറ്റം. കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകർക്ക് കൃത്യമായി തുറന്നുവെക്കുന്ന ആഖ്യാനവും, സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ആട്ടക്കഥാപാത്രങ്ങളല്ല,ആത്മപാഠ ങ്ങളായിരുന്നു ശിവരാമനതെല്ലാം.മുദ്ര കുറച്ച് ഭാവാഭിനയം കൊ ണ്ടാണ്  ഈ നടൻ രംഗസാഫല്യം നേടിയത്‌. വായനയുടെ സംസ്ക്കാരം പകർന്നു നല്കിയ പാത്രബോധം ഇതിനു ശക്തി കൂട്ടി. 

ചരിത്രം പുരുഷന്റെ കഥയാണ് പറയുന്നത്. സ്ത്രീ സ്വാതന്ത്ര്യം എന്നത് വിവിധ ദേശങ്ങളിൽ വിവിധ തരത്തിലായിരുന്നു.  ആദിയിലുണ്ടായ തുല്യത പിന്നീടെപ്പോഴോ നഷ്ടമായി. ആണധികാര പ്രവണതയിൽ  പുരുഷൻ പ്രകൃതിക്കു നിയമങ്ങളെഴുതി. കലാരൂപങ്ങളിലും ഈ അധീശത്വത്തിന്റെ അനുരണനങ്ങളുണ്ട്‌.  പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു . അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു.  പഴയകാലത്ത് കഥകളിയരങ്ങിൽ രാക്ഷസിയുടെ ലളിതരൂപം നിലനിന്ന കാലത്തിൽ നിന്നും മറ്റു സ്ത്രീകഥാപാത്രങ്ങൾ ശിവരാമനിലൂടെ പ്രമുഖസ്ഥാനം കൈവരിച്ചു. ”സ്ത്രീ“എന്ന സ്വന്തം പകുതിയെ കഥാപാത്രത്തിലൂടെ വ്യാഖ്യാനിച്ച് അനുഭവിക്കുകയായിരുന്നു അദ്ദേഹം. കവിപി.കുഞ്ഞിരാമൻ നായർ“ദമയന്തി ശിവരാമൻ” എന്ന പേരു നല്കി.അദ്ദേഹത്തിന്റെ“കളിയച്ഛൻ” എന്ന കവിതയിലെ ശിഷ്യൻ -ശിവരാമനിലൂടെ ഉരുത്തിരിഞ്ഞ കഥാപാത്രമായിരുന്നത്രെ.പരിത്യജിക്കപ്പെട്ട ഭാര്യയായും ,വിടുവേല ചെയ്യേണ്ടി വരുന്ന കുലീനയായും,ഗാഢാനുരാഗവിവശയായ കാമിനിയായും…പരകായപ്രവേശങ്ങളേറെ.. ശിവരാമന്റേതായ സ്ത്രീദർശനം തന്നെ രൂപപ്പെട്ടു.സ്ത്രീകളുടെ മാനസികാവസ്ഥകൾ പഠിച്ചും നിരീക്ഷിച്ചും  നിരന്തരമായി സ്ത്രീചിന്തകൾ കടന്നുകൂടുവാനും,ആഴത്തിലുൾക്കൊള്ളാനും തുടങ്ങി.സ്ത്രീമനസ്സിന്റെ ഉള്ളറകളിലേക്ക്   നൂഴ്ന്നിറങ്ങി അവരുടെ സവിശേഷതകളെ,വിവിധവികാരവിചാരങ്ങളെ സ്വാംശീകരിച്ചു.അവരോടുള്ള അനുതാപം,ആ തന്മയീഭാവം ജീവിതത്തിലും പ്രകടിപ്പിച്ചു. പുരുഷാധിപത്യപരമായ പല പ്രവണതകളേയും അദ്ദേഹം തന്റെ അരങ്ങുജീവിതത്തിലൂടെ മാറ്റിമറിച്ചു. അമ്മയുടെ ധർമ്മസങ്കടം അനുഭവിക്കാതെ തന്നെ“കർണ്ണ ശപഥ”ത്തിലെ കുന്തീദേവിയായി,വിശുദ്ധമായ മാതൃഹൃദയത്തിന്റെ അനാവരണമായിരുന്നു ആ കഥാപാത്രത്തിലൂടെ അദ്ദേഹം നിറവേറ്റിയത്‌. ദേവസ്പർശം ലഭിച്ച കലാകാരനായിരുന്നു ശിവരാമൻ. അരങ്ങിലെ ഒറ്റത്താമര പൂവായി വിടർന്നു ശോഭിച്ചു . പ്രകൃതിയും,ജീവജാലങ്ങളും  തനിക്കു ചുറ്റുമുള്ള നന്മകളാണെന്നദ്ദേഹം വിശ്വസിച്ചു. പാതിരാവിൽ കളിയരങ്ങിൽ പകർന്നാടുന്ന സ്ത്രീ ചൈതന്യങ്ങളുടെ മഹാസ്വഭാവമാണ്  പ്രകൃതി…… പ്രകൃതിയുടെ  ഋതുഭാവങ്ങളെയായിരുന്നു അദ്ദേഹം ഏറ്റെടുത്തത്‌. അരങ്ങിൽ നിശ്ശബ്ദ സ്ത്രീപക്ഷസമരം നയിച്ച നായിക കാലത്തോടു വിട  പറഞ്ഞിട്ടിപ്പോൾ 9 വർഷം കഴിഞ്ഞെങ്കിലും ആ അനുരണനങ്ങൾ ഇപ്പോഴും  കഥകളിയരങ്ങുകളിൽ പ്രതിധ്വനിക്കുന്നു. ഭാവങ്ങളുടെ മഴവില്ല് തീർത്ത നടന വൈഭവ കാന്തി പ്രസരിക്കുന്നു. അരങ്ങിലെ ശിവമയ സൗഗന്ധിക നിമിഷങ്ങൾക്ക് വിരാമങ്ങളില്ല. പെണ്ണഴകിന്റെ പ്രപഞ്ചമൊരുക്കിയ കനകോജ്വല മുഹൂർത്തങ്ങൾക്കും ആസ്വാദക മനസ്സിൽ മരണമില്ല . എത്ര വർഷങ്ങൾ പിന്നിട്ടാലും ” ശിവരാമണീയം ” കളിയരങ്ങിലെ സ്ത്രീ ഭാവത്തിന്റെ ദീപ്ത പ്രകാശമായി ജ്വലിച്ചു നിൽക്കും…! 

Similar Posts

  • മത്തവിലാസം കഥകളി

    സുരേഷ് കുമാർ ഇ.ബി/രേണുക വര്‍മ്മ/മോഹന്‍ കുമാര്‍ പി. Monday, October 8, 2012 മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍…

  • |

    ഓർമ്മകളുടെ സൗഭാഗ്യം

    ഏറ്റുമാനൂർ പി. കണ്ണൻ July 19, 2011 ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തിലാണ്‌. അതിഗംഭീരമായിക്കഴിഞ്ഞ ഒരു `നാലാംദിവസ`ത്തിനുശേഷം അണിയറയിലേയ്ക്കുവന്ന ശിവരാമനാശാന്‍ എന്നെ വിളിച്ചു പറഞ്ഞു, കുട്ടീ, എന്നെ ബസ്റ്റാന്റില്‍ കൊണ്ടുപോയി ബസ്സു കയറ്റി വിട്ടിട്ടേ പോകാവൂ, ട്ട്വോ? ഈ നിര്‍ദ്ദേശം വിദ്യാര്‍ത്ഥിയായ എനിക്കൊരു നിര്‍വൃതിയായിരുന്നു. കോട്ടയം കെ.എസ്‌.ആര്‍.ടി.സി.ബസ്സ്റ്റാന്റില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. ഉടന്‍ ബസ്സുകള്‍ ഒന്നും കണ്ടില്ല. ബസ്സ്റ്റാന്റിന്റെ ഉമ്മറത്തായി റോഡിനോടു ചേര്‍ത്ത്‌ ഉയര്‍ത്തിക്കെട്ടിയ ഒരു സിമന്റുതറയില്‍ ഇരിക്കാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. സാത്വികാഭിനയപൂര്‍ണ്ണമായ അര്‍ധോക്തികളായി…

  • ചില പ്രശസ്ത പദങ്ങളും രാഗങ്ങളും

    നന്ദകുമാർ ചെറമംഗലത്ത് June 5, 2011 പ്രധാന പദങ്ങളും രാഗവും. 1.0    ശങ്കരാഭരണം 1.        പ്രീതിപുണ്ടരുളുകയേ                                നളചരിതം ഒന്നാം ദിവസം 2.        കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ       നളചരിതം മൂന്നാം ദിവസം 3.        സൂതകുലാധമ നിന്നൊടിദാനീം             കീചകവധം 4.        പുണ്ടരീക നയന                 കിർമ്മീരവധം 5.        പാഞ്ചാലരാജ തനയേ                 കല്ല്യാണസൗഗധികം 6.  …

  • |

    കറുത്തമ്മ 

    സദു ഏങ്ങൂര്‍ June 17, 2012 കഥകളിയെ സാധാരണ ജനങ്ങളിലേക്ക് എന്ന് ദൌത്യവുമായി കഴിഞ്ഞ ആറുവർഷമായി പ്രവർത്തിക്കുന്ന “കളിമണ്ഡലം തൃപ്രയാർ” സ്കൂൾ തലത്തിൽ നിന്ന് തന്നെ ആണ് പ്രവർത്തനം ആരംഭിച്ചത്. മുൻപ് തിരനോട്ടം ദുബായുടെ പ്രവർത്തകനായതിനാൽ അതിലൂടെയുള്ള അനുഭവസമ്പത്ത് സഹായകരമായി. തൃപ്രയാർ കേന്ദ്രീകരിച്ച് മണപ്പുറത്തെ സ്കൂൾ കുട്ടികൾക്കായി വർഷം തോറും കഥകളി ശില്പശാല നടത്തുന്നുണ്ട്. കൂട്ടത്തിൽ നമ്മുടെ പൈതൃക കലകളെ മാറിമാറി ഓരോവർഷവും, കൂടിയാട്ടം, മുടിയേറ്റ് എന്നിങ്ങനെ, പരിചയപ്പെടുത്തുന്നു. എന്നാൽ ഇന്നത്തെ സാധാരണ ജനങ്ങളും നമ്മുടെ തനതായ…

  • മിമിക്രിയും കലാധരനും പിന്നെ ഷെയ്ക്ക്സ്പിയറും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 11 ശ്രീവത്സൻ തീയ്യാടി July 10, 2013  (വര – സ്നേഹ) ക്ലബ്ബിന്റെ മാസക്കഥകളിക്ക് പതിവുപോലെ ഹാജറായ ഞങ്ങൾ കുട്ടികൾക്ക് ആ വൈകുന്നേരത്തെ കാഴ്ച കൌതുകം വിളമ്പി. ഒട്ടൊരു അന്ധാളിപ്പും. നിറപ്പകിട്ടുള്ള വേഷങ്ങളല്ല അരങ്ങത്ത്. ചകലാസുകുപ്പായവും മനയോലത്തേപ്പും ഒന്നുമല്ല കാണുന്നത്. പകരം കോട്ടൻ ഷർട്ടിൽ പൊതിഞ്ഞ മെലിഞ്ഞ ശരീരവും വീതിയുള്ള ചുണ്ടിനു മീതെ ‘റ’ എന്നെഴുതിയൊരു മീശയുമായി ഒരു ചെറുപ്പകാരൻ മാത്രം നിന്ന് പാടുകയാണ്, തൂക്കിയിട്ട മൈക്കിനു മുമ്പിൽ. കൈയിൽ ചേങ്ങിലയോ…

  • കീഴ്പ്പടം കുമാരൻ നായർ

    ഒ. എം. അനുജൻ August 13, 2012 1916ൽ കലാഗ്രാമമായ വെള്ളിനേഴിയിൽ ഒരു സാധാരണകുടുംബത്തിലാണ് കുമാരൻ നായർ ജനിച്ചത്. ബാല്യത്തിൽ അവിടുത്തുകാർക്ക് രണ്ട് വഴികളാണ് തുറന്ന് കിടന്നിരുന്നത്. ഒന്നുകിൽ അടുത്തുള്ള ഗവണ്മെന്റ് വിദ്യാലയത്തിൽ ചേരുക, അല്ലെങ്കിൽ അടുത്തുള്ള കാന്തള്ളൂരമ്പലത്തിൽ വെച്ചുള്ള കഥകളി കളരിയിൽ ചേരുക. പൊതുവാളാണെങ്കിൽ കാരണവന്മാരുടെ കീഴിൽ ചെണ്ടകൊട്ട് പഠിക്കാം. ബാലനായ കുമാരൻ കഥകളിക്കാരനാകാനാണ് വിധിക്കപ്പെട്ടത്. കഥകളിയുടെ സർവ്വാംഗീണ സൌന്ദര്യത്തിന്റേയും പൂർണ്ണതയുടേയും പര്യായമായ കല്ലുവഴി ചിട്ടയുടെ ഗുരുവും പ്രയോക്താവുമായ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴിൽ നിശിതവും നിഷ്കൃഷ്ടവുമായ…

മറുപടി രേഖപ്പെടുത്തുക