എങ്ങിനെ ഞാൻ ഒരു കഥകളി ഭ്രാന്തനായി ?

കളിയരങ്ങുകളുടെ മുന്നില്‍ – 1

രാമദാസ്‌ എൻ.

June 25, 2012 

(കഥകളി.ഇന്‍ഫോയില്‍ ശ്രീ രാമദാസ്‌ എന്‍. എഴുതിയ കളിയനുഭവങ്ങളുടെ ഒരു പുതിയ പരമ്പര ആരംഭിക്കുന്നു.)

കഥകളിയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരു കളിക്കമ്പക്കാരനായി ജീവിക്കാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യം. അങ്ങനെ ഒരു കളിഭ്രാന്തനാകാന്‍ ഇടയാക്കിയ ഒരു അരങ്ങിനെ അനുസ്മരിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ.

ചേര്‍ത്തല മരുത്തോര്‍വട്ടം ക്ഷേത്രത്തിനടുത്ത്‌ ജനിച്ചു വളര്‍ന്ന എനിക്ക്‌ കുട്ടിക്കാലത്ത്‌ കുറെ കളിയരങ്ങുകള്‍ക്ക്‌ മുന്നില്‍ ഇരുന്നും കിടന്നുറങ്ങിയും ഉള്ള പരിചയം ഉണ്ട്‌. പള്ളിപ്പുറം ഗോപാലന്‍ നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന്‍ നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയ മഹാനടന്മാരും ഇന്ന്‌ പ്രഗല്‍ഭരായ അന്നത്തെ പല യുവനടന്മാരും അവിടെ പതിവുകാര്‍ ആയിരുന്നു. എന്റെ ഓര്‍മ്മയില്‍ പാട്ടുകാര്‍ ശങ്കരന്‍ എമ്പ്രാന്തിരിയും ഹൈദരാലിയും. പ്രീ ഡിഗ്രീ കഴിഞ്ഞു ഉപരിപഠനത്തിനായി പോയി എങ്കിലും മനസ്സിനുള്ളില്‍ ഞാന്‍ ഒരു കഥകളി ആസ്വാദകന്‍ ആണ്‌ എന്ന്‌ ഒരു ബോധം ഉണ്ടായിരുന്നു. പഠനം പുരോഗമിക്കുമ്പോള്‍ കളി കാണല്‍ തീരെ ഇല്ലാതായി.

എറണാകുളത്ത്‌ മത്സ്യശാസ്ത്രം പഠിക്കുന്നു. ആ കലാലയത്തിലെ ആദ്യ ബാച്‌ വിദ്യാര്‍ഥി. ഹോസ്ടല്‍ സൗകര്യം ഇല്ലാത്ത ഞങ്ങള്‍ക്ക്‌ നഗരത്തില്‍ പലയിടത്തായി വീടുകള്‍ വാടകക്ക്‌ എടുത്തു തന്നു. ഞാനടക്കം എട്ടു പേര്‍ കലൂര്‍ മാതൃഭൂമി ജങ്ക്ഷന്‌ അടുത്ത്‌. അടുത്ത ദേശാഭിമാനി ജങ്ക്ഷന്‌ അടുത്ത്‌ മറ്റൊരു പത്ത്‌ പേര്‍. സുഖവാസം. ദേശാഭിമാനി ഹോസ്റ്റലില്‍ ഞങ്ങളെ കാലാവസ്ഥാശാസ്ത്രം (meteorology ) പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ രാമന്‍ സാറും താമസിക്കുന്നു. ഞങ്ങളെക്കാള്‍ നാലഞ്ചു വയസ്സുമാത്രം കൂടുതലുള്ള ഗുരുവായൂര്‍ സ്വദേശിയായ അദ്ദേഹം കഥകളി ആസ്വാദകന്‍ ആണ്‌. മുറിയില്‍ നിന്ന്‌ ചിലപ്പോളൊക്കെ എമ്പ്രാന്തിരി സംഗീതം കേള്‍ക്കാം. കഥകളി ആസ്വാദകന്‍ എന്ന്‌ ധരിക്കുന്ന ഞാന്‍ അദ്ദേഹവുമായി അടുപ്പത്തില്‍ ആയി. എനിക്ക്‌ കഥകളോ പാട്ടുകളോ മുദ്രകളോ ഒന്നും വലിയ പിടിയില്ല. എമ്പ്രാന്തിരിയുടെ പാട്ട്‌ ഇഷ്ടമാണ്‌. അത്രമാത്രം.

ഒരു ദിവസം ഞങ്ങള്‍ മാതൃഭൂമി ഹോസ്റ്റലിലെ അന്തേവാസികള്‍ കലൂര്‍ പള്ളി പെരുനാളിനു നാടകം കാണാന്‍ പോകാന്‍ തീരുമാനിച്ചു. മാതൃഭൂമി ജങ്ക്ഷനിലെ കൈരളി ഹോട്ടലില്‍ നിന്ന്‌ രാത്രിഭക്ഷണവും കഴിഞ്ഞു പള്ളിയിലേക്ക്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ രാമന്‍ സാര്‍ സാവധാനം നടന്നുവരുന്നു. “ഞങ്ങള്‍ നാടകം പോകാന്‍ പോകുന്നു. സര്‍ എങ്ങോട്ടാ?” എന്ന ചോദ്യത്തിനു മറുപടി ഒരു മറുചോദ്യം ആയിരുന്നു. “രാമദാസ്‌, പരമാര അമ്പലത്തില്‍ ഗംഭീരകളി ഉണ്ട്‌. പോരുന്നോ?” എന്ന്‌. ഞാന്‍ കൂട്ടുകാരോട്‌ “എന്നാല്‍ ഞാന്‍ അവിടെ വരെ പോയി കുറച്ചു സമയം കഥകളി കണ്ടിട്ട്‌ നാടകസ്ഥലത്തേക്ക്‌ വരാം” എന്ന്‌ പറഞ്ഞു സാറിന്റെ കൂടെ നടന്നു. എറണാകുളം നോര്‍ത്ത്‌ ഓവര്‍ബ്രിഡ്ജിനു പടിഞ്ഞാറുവശം ടൌണ്‍ ഹാളിനു എതിര്‍വശത്താണ്‌ പരമാര ദേവീക്ഷേത്രം.

ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ വിളക്കുവച്ചു. പുറപ്പാട്‌ തുടങ്ങാന്‍ പോകുന്നു. എമ്പ്രാന്തിരി – ഹരിദാസ്‌ ടീം (അന്ന്‌ പാട്ടിലെ താരജോടി) പാട്ട്‌. വലതുവശത്ത്‌ മേളത്തിന്‌ പൊതുവാള്‍ ആശാന്മാര്‍. ഇടതു വശത്ത്‌ കലാമണ്ഡലം കേശവനും, നമ്പീശന്‍കുട്ടിയും. മേളപ്പദം ഇരമ്പി.

ആദ്യകഥ നളചരിതം രണ്ടാം ദിവസം. കലിയുടെ ഭാഗം പത്താം ക്ലാസില്‍ പഠിച്ച ഓര്‍മ്മയുണ്ട്‌. കാണുക തന്നെ. കൃഷ്ണന്‍ നായര്‍ ആശാന്റെ നളനും കോട്ടക്കല്‍ ശിവരാമേട്ടന്റെ ദമയന്തിയും അരങ്ങത്തെത്തി. തുടര്‍ന്ന്‌ നെല്ലിയോടിന്റെ കലി, ഗോപി ആശാന്റെ പുഷ്ക്കരന്‍, രാമന്‍കുട്ടി ആശാന്റെ കാട്ടാളന്‍. പകുതി വഴിക്ക്‌ പാട്ടിനു ഹൈദരാലിയും രാജേന്ദ്രനും കൂടി. അല്‍പ സമയം കളി കാണാന്‍ ചെന്ന ഞാന്‍ രണ്ടാമത്തെ കഥയായ ദക്ഷയാഗവും കൂടി മുഴുവന്‍ കണ്ടിട്ടാണ്‌ തിരിച്ചു പോയത്‌. മാത്രമല്ല അന്ന്‌ തുടങ്ങി “അടുത്ത കളി എവിടെ? എന്ന്‌?” എന്നുള്ള അന്വേഷണവും തുടങ്ങി. പിന്നീട്‌ ഒരു പത്ത്‌ വര്‍ഷത്തോളം ശീലമാക്കിയ ദൂരയാത്രകളുടെയും ഉറക്കം ഒഴിക്കലിന്റെയും തുടക്കം അന്നായിരുന്നു.

Similar Posts

  • കീഴ്പ്പടം കുമാരൻ നായർ

    വാഴേങ്കട കുഞ്ചു നായർ July 24, 2012 ഇന്നു ജീവിച്ചിരിക്കുന്ന കഥകളിക്കാരിൽ കീഴ്പ്പടത്തിൽ കുമാരൻ നായരെയാണ്‌ എനിയ്ക്കേറ്റവും ബഹുമാനം. കഥകളിയുടെ ആവിഷ്കാര പ്രകാരത്തിൽ ഇത്രത്തോളം മനസ്സുചെല്ലുന്നവരായി ഇന്നാരും തന്നെ ഇല്ല എന്നതാകുന്നു എന്റെ ഉള്ളുറച്ചവിശ്വാസം. വാഴേങ്കട ക്ഷേത്രത്തിലെ അഗ്രശാലയിൽ നടത്തിവന്നിരുന്ന, അഭിവന്ദ്യനായ ശ്രീ പട്ടിയ്ക്കാംതൊടി ഗുരുനാഥന്റെ കളരിയിൽ ഞങ്ങൾ സബ്രഹ്മചാരികളായിരുന്നു. ശ്രീ ചന്തുപ്പണിയ്ക്കരുടെ ശിഷ്യത്വവും ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌. കഥകളിയിൽ പ്രവർത്തിച്ചുകൊണ്ട്‌ ജീവിപ്പാൻ വഴി കാണാതെ വലഞ്ഞ്‌ ഇദ്ദേഹം മറുനാട്ടിലായിരുന്നു കുറേക്കാലം. അവിടെ വെച്ച്‌ ദക്ഷിണഭാരതത്തിലെ ശാസ്ത്രീയലാസ്യത്തിൽ പെടുന്ന…

  • ആചാര്യന്മാരുടെ അരങ്ങ്‌

    കളിയരങ്ങുകളുടെ മുന്നിൽ – ഭാഗം 2 (ശ്രീ രാമദാസ് എൻ. എഴുതുന്ന പരമ്പര) രാമദാസ്‌ എൻ July 15, 2012  മുൻപ്‌ പറഞ്ഞ കഥകളി കണ്ടതിനു ശേഷം, എങ്ങനെയും കുറെ കഥകളികൾ കാണുക എന്നത്‌ ഒരു ജ്വരമായി മാറി. അടുത്തത്തായി അറിഞ്ഞത്‌ ഒരേ ദിവസം നടക്കുന്ന രണ്ടു കളികളെ കുറിച്ചാണ്‌. ടി ഡി എം ഹാളിൽ വൈകീട്ട്‌ പ്രഹ്ലാദചരിതവും അന്ന്‌ തന്നെ രാത്രി ചിറ്റൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച്‌ ഒരു ഗംഭീര മുഴുരാത്രി കളിയും. എവിടെ പോകണം എന്ന്‌ ആലോചിക്കലും…

  • |

    ഉത്സവ പ്രബന്ധം 2013

    ദുബായ് അന്തര്‍ദ്ദേശീയ കഥകളി & കൂടിയാട്ടം ഉത്സവം 2013 ഒരു ചെറിയ അനുഭവകുറിപ്പ് സുനിൽ മുതുകുറിശ്ശി December 13, 2013 ഉത്സവങ്ങളും പൂരങ്ങളും ഒന്നും എന്നെ പോലെ ഉള്ള പ്രവാസികള്‍ക്ക് അധികം തരമാവാറില്ല. അപ്പോള്‍ പിന്നെ കഥകളി കൂടിയാട്ടം എന്നിങ്ങനെയുള്ളവയുടെ കാര്യം പറയുകയേ വേണ്ട. ദുബായില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ കൂടിയാട്ടം & കഥകളി ഉത്സവത്തിനുപോകാന്‍ മുന്നേ തന്നെ മനം ഉണ്ടായിരുന്നു. കളിക്കാരും കാണികളും പ്രവാസികളായ ഒരു ഉത്സവം. അതിനാല്‍ തന്നെ കളി ഇല്ലാത്ത സമയത്ത് പലരുമായും ആശയവിനിമയം നടത്താന്‍…

  • ഹംസേ സുവർണ്ണ സുഷമേ…

    ഹേമാമോദസമാ – 16 ഡോ. ഏവൂർ മോഹൻദാസ് July 20, 2014 നളചരിതം ആട്ടക്കഥയിലെ മനുഷ്യരല്ലാത്ത, എന്നാൽ മനുഷ്യരെപ്പോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രണ്ടു ജന്തു കഥാപാത്രങ്ങളാണ് ഹംസവും കാർക്കോടകനും. ഇതിൽ ഹൃദയാവർജ്ജകമായ അരങ്ങവതരണ സാദ്ധ്യതകൾ കൊണ്ടും ആലാപന സുഭഗവും സാഹിത്യസമ്പുഷ്ട്ടവുമായ പദസഞ്ചയങ്ങൾ കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ലബ്ദപ്രതിഷ്ഠ നേടിയിട്ടുള്ള ജീവസ്സുറ്റ  കഥാപാത്രമാണ് സൌവർണ്ണ ഹംസം. മഹാഭാരതം വനപർവത്തിലെ ‘നളോപാഖ്യാന’ത്തിൽ ‘ഹംസദമയന്തീസംവാദ’മെന്ന ഹൃസ്വമായ അദ്ധ്യായത്തിൽ ഏതാനും വരികളിലായി അവതരിപ്പിക്കപ്പെടുന്ന തരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രം മാത്രമാണ്…

  • |

    കറുത്തമ്മ 

    സദു ഏങ്ങൂര്‍ June 17, 2012 കഥകളിയെ സാധാരണ ജനങ്ങളിലേക്ക് എന്ന് ദൌത്യവുമായി കഴിഞ്ഞ ആറുവർഷമായി പ്രവർത്തിക്കുന്ന “കളിമണ്ഡലം തൃപ്രയാർ” സ്കൂൾ തലത്തിൽ നിന്ന് തന്നെ ആണ് പ്രവർത്തനം ആരംഭിച്ചത്. മുൻപ് തിരനോട്ടം ദുബായുടെ പ്രവർത്തകനായതിനാൽ അതിലൂടെയുള്ള അനുഭവസമ്പത്ത് സഹായകരമായി. തൃപ്രയാർ കേന്ദ്രീകരിച്ച് മണപ്പുറത്തെ സ്കൂൾ കുട്ടികൾക്കായി വർഷം തോറും കഥകളി ശില്പശാല നടത്തുന്നുണ്ട്. കൂട്ടത്തിൽ നമ്മുടെ പൈതൃക കലകളെ മാറിമാറി ഓരോവർഷവും, കൂടിയാട്ടം, മുടിയേറ്റ് എന്നിങ്ങനെ, പരിചയപ്പെടുത്തുന്നു. എന്നാൽ ഇന്നത്തെ സാധാരണ ജനങ്ങളും നമ്മുടെ തനതായ…

  • |

    പാറക്കടവ് നാട്യധര്‍മ്മി കഥകളി ആസ്വാദനക്കളരി

    ശ്രീചിത്രന്‍ എം ജെ February 23, 2012 ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആവിഷ്കാരസാഫല്യം എന്ത് എന്ന ചോദ്യം ഒരു ഊരാക്കുടുക്കാണ്. എന്തു തന്നെയായാലും അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ‘അഭിനയ’ ലക്ഷ്യം (മുന്നോട്ടുനയിക്കല്‍) ഇത്തരം കലകളുടെ അവതരണത്തിലും ആസ്വാദനത്തിലും ഉണ്ടെന്നു തര്‍ക്കമില്ല. ഈ ലക്ഷ്യത്തോട് നീതി പുലര്‍ത്തുകയും, കഥകളിയുടെ ജനകീയപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃകയാവുകയും ചെയ്ത ശില്‍പ്പശാലയായിരുന്നു ‘നാട്യധര്‍മ്മി പാറക്കടവ്’ സംഘടിപ്പിച്ച ‘കഥകളി ആസ്വാദന പരിശീലന കളരി’. ഉള്ളടക്കം കല്യാണസൗഗന്ധികം, കിര്‍മീരവധം, രാവണോല്‍ഭവം എന്നീ കഥകളുടെ ചൊല്ലിയാട്ടം, അവതരണം, പ്രമേയം, ആഹാര്യം, ഭാവം,…

മറുപടി രേഖപ്പെടുത്തുക