അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി

September 13, 2012 

പള്ളം മാധവൻ

കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ്‌ പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്‌. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക്‌ അദ്ദേഹം ഗുരുതുല്യനാണ്‌. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്‌.

ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്‌. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്‌. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു പാടിയിരുന്നത്‌.

അരങ്ങത്തു നടപ്പുള്ളതും അല്ലാത്തതുമായ ഏതു കഥയായാലും അതു സ്വയം ചിട്ടപ്പെടുത്തുന്നതിനും കാണാപ്പാഠം പഠിച്ചു പാടുന്നതിനും പള്ളം ആശാനു പ്രത്യേക സിദ്ധിയുണ്ടായിരുന്നു. അപൂർവമായ കഥകളും നടപ്പുള്ള കഥകളിലെ അപൂർവപദങ്ങളും അവതരിപ്പിക്കേണ്ടിവരുമ്പോൾ മറ്റു ഗായകർ പുസ്തകം നോക്കി പാടുമ്പോൾ മാധവനാശാന്റെ ഓർമശക്തി അദ്ദേഹത്തിനു വലിയ തുണയായി.

നാലു ദിവസമായി അവതരിപ്പിക്കാനുദ്ദേശിച്ചു രചിക്കപ്പെട്ട ‘ഹരിശ്ചന്ദ്രചരിതം’ ഒരു ദിവസത്തെ അവതരണത്തിനായി ചുരുക്കി ചിട്ടപ്പെടുത്തുന്നതിൽ പ്രധാനപങ്കു വഹിച്ചതു പള്ളം മാധവനാശാനാണ്‌. അപ്പോഴും കഥയുടെ മർമപ്രധാനമായ ഭാഗങ്ങളോ വൈകാരികതീവ്രതയോ നഷ്ടപ്പെട്ടില്ല എന്നതാണു വിസ്മയകരമായ കാര്യം. അതുകൊണ്ടുതന്നെ ആ കഥയ്ക്ക്‌ ഇന്നുള്ള ജനപ്രീതിയിൽ വലിയൊരു സ്ഥാനം ഈ ഗായകനുണ്ട്‌.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന, ഓടുപണിക്കാരനായി ജീവിതം ആരംഭിച്ച ഈ ഗായകൻ സ്വന്തം പ്രയത്നംകൊണ്ടു മാത്രമാണ്‌ കഥകളിരംഗത്ത്‌ ഉയർച്ച നേടിയത്‌. കേരള കലാമണ്ഡലത്തിന്റെ വൈസ്‌ പ്രിൻസിപ്പൽ സ്ഥാനംവരെ അലങ്കരിച്ചു. കലാമണ്ഡലത്തിലായിരിക്കുമ്പോഴും അതിനുശേഷവും ചിട്ടപ്രധാനമായ കഥകളും അദ്ദേഹം സമർഥമായി പാടിയിരുന്നു. തെക്കൻ കളരിയിലെ ആശാനായാണു കലാമണ്ഡലത്തിൽ എത്തിയതെങ്കിലും വടക്കൻ സമ്പ്രദായത്തിലുള്ള കഥകൾക്കും അദ്ദേഹം അരങ്ങിൽ പാടി. കലാമണ്ഡലം പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്ന ചില അപാകതകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോൾ കലാമണ്ഡലം പത്മനാഭൻ നായർ അവ തിരുത്തിയത്‌ എടുത്തുപറയേണ്ട കാര്യമാണ്‌.

1960-70 കാലത്ത്‌ ആയാംകുടി ആശാനോടൊപ്പം ഞാൻ കഥകളികൾക്കു പങ്കെടുത്തുവരുന്ന കാലത്താണ്‌ മാധവനാശാനുമായി കൂടുതൽ അടുക്കുന്നത്‌. അന്നൊക്കെ അരങ്ങിൽ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ എന്നോടു കാണിച്ചിരുന്ന സ്‌നേഹവാത്സല്യങ്ങളും സഹകരണവും പ്രത്യേകം ഓർക്കുന്നു. അരങ്ങിൽ പാടുന്ന കാര്യത്തിലെന്നപോലെ പെരുമാറ്റത്തിലും അദ്ദേഹം വലുപ്പച്ചെറുപ്പം കാണിച്ചില്ല. ചില രംഗങ്ങളുടെ അവതരണ കാര്യങ്ങളിൽ അന്നു ചെറുപ്പമായിരുന്ന എന്നോടും അഭിപ്രായം ചോദിക്കുകയും അതു മാനിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്‌.

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കളിയരങ്ങുകളിൽ എത്രയോ ദശാബ്ദങ്ങൾ അദ്ദേഹം പാടി. പ്രായം ആ ശബ്ദത്തെ ബാധിച്ചില്ല. മൂന്നു വർഷം മുൻപ്‌ എന്റെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ചു നടന്ന കഥകളിയിൽ ബാണയുദ്ധം കഥ അദ്ദേഹമാണു പാടിയത്‌. അടുത്തകാലത്തു പനച്ചിക്കാട്‌ ക്ഷേത്രത്തിൽ പാടിക്കേൾക്കുമ്പോഴും ആ ശബ്ദത്തിന്‌ ഇടർച്ചയുണ്ടായിരുന്നില്ല.

ഫലിതപ്രിയനായിരുന്ന ആശാൻ പെരുമാറ്റത്തിൽ എന്നും സൂക്ഷിച്ച ചെറുപ്പം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്‌. അദ്ദേഹത്തിന്‌ എന്തെങ്കിലും രോഗം വന്നതായോ കിടപ്പിലായതായോ ഒരിക്കലും കേൾക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടാവാം ഈ വേർപാട്‌ അപ്രതീക്ഷിതമായി അനുഭവപ്പെടുന്നു. ഗുരുസ്മരണയ്ക്കു മുന്നിൽ എന്റെ പ്രണാമം.

Similar Posts

  • പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം

    എൻ. രാംദാസ് August 2, 2017 വെണ്മണി ഹരിദാസ് സ്മരണ – 7(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) ആലപ്പുഴ-ചേർത്തല ഭാഗത്തൊക്കെ ഒരു കാലത്ത് കഥകളിയുണ്ടെങ്കിൽ എമ്പ്രാന്തിരി-ഹരിദാസ് ടീമാണ് പാട്ട്. അന്നൊന്നും ഹരിദാസേട്ടനില്ലാതെ എമ്പ്രാന്തിരി പാടിക്കണ്ടതായി ഓർമയില്ല. പോറ്റീന്നൊക്കെയാ ആൾക്കാര് എമ്പ്രാന്തിരിയെ വിളിക്കുക. ഞാനും ആ ഒഴുക്കിൽ എമ്പ്രാന്തിരിയുടെ കൂടെത്തന്നെയാണ്. പക്ഷെ അപ്പോൾ പോലും ഇങ്ങനൊരു തോന്നല്, സ്വല്പം കൂടി നല്ലൊരു ശബ്ദവും സംഗീതവും വരുന്നത് ഹരിദാസേട്ടന്റെയടുത്തുനിന്നാണല്ലൊ എന്ന്. ഒന്നും എനിക്കറിയില്ല, രാഗമെന്താന്നറിയില്ല, സംഗീതമറിയില്ല, എങ്കിലും അങ്ങനൊരു തോന്നല്. അന്നൊക്കെ…

  • ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ – കൃതഹസ്തനായ കഥകളി ഗായകൻ

    പി. രവീന്ദ്രനാഥ് December 7, 2013 കേരളത്തിലെ കലകളുടേയും, സാഹിത്യത്തിന്റേയും പഴയകാല ചരിത്രം പഠിച്ചാൽ അതാതു കാലങ്ങളിൽ, ഓരോ രീതിയിലുള്ള ഗാന സമ്പ്രദായം ഇവിടെ നില നിന്നിരുന്നതായി കാണാൻ കഴിയും. ഇവയിൽ പലതും ദൃശ്യ കലകൾ അവതരിപ്പിക്കുവാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതായിരുന്നു. ഇതിൽ കേരളത്തിന്റെ തനതു കലയായ കഥകളിക്കു വേണ്ടിയുള്ള ഗാന ശാഖയാണ്‌ കഥകളി പാട്ട്. കൈകൊട്ടിക്കളി പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട് എന്നിങ്ങനെ മറ്റു ഗാന ശാഖകളും ഉണ്ട്. ഇപ്പോഴത്തെ സമ്പ്രദായത്തിലുള്ള കർണ്ണാടക സംഗീതത്തിന് പ്രചാരം കിട്ടുന്നതിന് മുമ്പാണ്…

  • കോട്ടയ്ക്കലെ ‘ശിവരാമ’ക്ഷേത്രം

    ടുട്ടു തൃക്കഴിപ്പുറം(റനീജ് രവീന്ദ്രൻ) July 8, 2011 ഒറ്റക്കിരുണ്ട വിപിനത്തിലിരുത്തിയെന്നെവിട്ടങ്ങു പോയ നളനെത്തിരയുന്ന ഭാവംചിത്തത്തിലിപ്പൊഴുമഹോ തുളയുന്നു രംഗം !കൂപ്പുന്നു കൈകള്‍ ‘ശിവരാമ’ പദാരവിന്ദേ… കണ്ണില്‍ തുടങ്ങി, ഒരു വാക്കിനെ വേണ്ടവണ്ണംതന്മൂക്കു, ചുണ്ടു, കവിള്‍ തന്‍ പ്രഭയോടു ചേര്‍ക്കില്‍അര്‍ത്ഥത്തെ ലോകരസികര്‍ക്കു മനസ്സിലാക്കാന്‍കൈമുദ്രയെന്തിനിവനെന്നു നിനച്ചു പോകും ! ലളിത മോഹിനിയുര്‍വശി സീതയുംപലതരം മുഖമിട്ടു തകര്‍ക്കിലുംസുമുഖ! നീ ദമയന്തിയതാകവേനളനുമല്ലിവനും പ്രിയമേറിടൂം മരണമെന്നത് മാനുഷനില്ല നന്‍-മധുരമാമഴകൊന്നു നിനക്കുകില്‍മിഴിവെഴുന്നഴകിന്റെ മഹാരഥന്ന-മരനാണിവിനി’ശ്ശിവരാമ’നും…

  • ശിവരാമ സ്മരണകൾ

    രമേശ് വർമ്മ July 24, 2011 1971ലൊ 72ലൊ മറ്റോ ആകും, തെക്കൻചിറ്റൂരിൽ വാഴേങ്കട കുഞ്ചു നായർ ആശാന്റെ ഹനൂമാൻ നിശ്ചയിച്ചിരുന്നു. ആശാൻ അണിയറയിൽ വന്നതിനു ശേഷം പനിയായി കിടപ്പായി. ആ കിടപ്പു മാത്രമാണ്‌ ഇതെഴുതുന്നയാൾക്ക്‌ കുഞ്ചു ആശാനെ പറ്റി ഓർമ്മയിലുള്ളൂ. ആശാനു ഹനൂമാൻ കെട്ടാൻ വയ്യ എന്നായപ്പോൾ ശിവരാമനാശാനു മോഹം ഹനൂമാൻ ഒന്ന്‌ പരീക്ഷിക്കണം. സംഘാടകർക്കു വലിയ സന്തോഷമായി. സീത കെട്ടേണ്ട ആൾ അങ്ങനെ ഹനൂമാൻ ആയി. ചങ്ങാരപ്പള്ളി അനുജൻ ആശാന്റെ അടുത്തിരുന്നു ചിട്ടകളെല്ലാം ഓർത്തു…

  • ചേർത്തല കുട്ടപ്പക്കുറുപ്പാശാനെ അനുസ്മരിക്കുമ്പോൾ

    പള്ളം ചന്ദ്രൻ June 28, 2019 1941-42 കാലം. പിൽക്കാലത്ത് പ്രശസ്ത നടൻമാരായ നാടകം വേലുപ്പിള്ള യാശാൻ, കുറിച്ചി കുഞ്ഞൻ പണിക്കരാശാൻ, കൃഷ്ണപിള്ളയാശാൻ മുതലയാവരുടെ ഗുരുവായിരുന്ന എന്റെ മുത്തച്ഛൻ പള്ളം മാതുപിള്ളയാശാന്റെ പ്രശസ്ത കത്തിവേഷമായിരുന്ന ചെറിയ നരകാസുരനെയാണ് ഞാനാദ്യം ദർശിച്ച കഥകളി വേഷം. അമ്മയുടെ മടിയിലിരുന്ന് കളി കാണുകയായിരുന്നു. അരങ്ങിലൂടെ മുത്തശ്ശനുകിട്ടിയ പാരിതോഷികം മുന്നിലിരുന്ന എന്റെ മടിയിലേക്ക് തന്നതും ഞാൻ ഞെട്ടിപ്പോയതുമാണാദ്യ കഥകളി ദൃശ്യ സ്മരണ.അക്കാലം മുതൽ കഥകളിഭ്രാന്തു പിടിച്ച ഓട്ടം ഇന്നും തുടരുന്നു. അറിയാറായ കാലം…

  • തസ്മൈ ശ്രീ ഗുരവേ നമഃ

    ഡോ. സദനം കെ. ഹരികുമാരൻ July 29, 2012 കീഴ്പ്പടം കുമാരൻ നായരാശാനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്? എഴുതേണ്ടി വരുമ്പോൾ എഴുതേണ്ട ആളെക്കുറിച്ച് അറിയേണ്ടി വരുന്നു. അറിയുക എന്നാൽ ആയിത്തീരുക എന്നാണ് അർത്ഥം കല്പിക്കുന്നതെങ്കിൽ ഞാൻ ഇതിനു തുനിയുന്നത് മൌഢ്യമായിരിക്കും. അനുസ്മരണത്തിനു വേണ്ടി മാത്രമാണെങ്കിൽ ചില ശ്ലഥമായ ഓർമ്മകളെ ഇവിടെ അനാവരണം ചെയ്യാമെന്ന് മാത്രം. പൂച്ചയുടേതു പോലെ മാർദ്ദവമേറിയ പാദങ്ങളായിരുന്നു ആശാന്റേത്. അതിൽ നിറച്ച് ഊർജ്ജമുണ്ടായിരുന്നു. ആശാന്റെ കാൽ‌ചുവട്ടിൽ ഉഴിച്ചിലിന് കിടക്കുമ്പോൾ അനുഭവിക്കുന്നത് വേദനായിരുന്നില്ല. സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും നിറവ്…

മറുപടി രേഖപ്പെടുത്തുക