ശ്രീ എം. ബി. സുനില്‍ കുമാര്‍F
April 22, 2011
(അര്‍ജ്ജുനവിഷാദ വൃത്തം -ഒരു ആസ്വാദനക്കുറിപ്പ്)
കഥകളിപോലെയുള്ള ക്ലാസിക്ക് കലകളിലെ കഥാപാത്രസ്വഭാവ രൂപീകരണത്തില്‍ അന്നന്ന് നിലവിലിരുന്ന സാമൂഹികരാഷ്ട്രീയ അവസ്ഥകള്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് പഠനവിധേയമാക്കി ആദ്യമായി ഒരു ലേഖനം ഞാന്‍ വായിച്ചത് സമകാലീന മലയാളം വാരികയില്‍ ആയിരുന്നു. ശ്രീ എം.വി. നാരായണന്‍ ഉത്ഭവത്തിലെ (കല്ലേക്കുളങ്ങര രാഘവപ്പിഷാരോടി, പതിനെട്ടാം നൂറ്റാണ്ട്) രാവണന്റെ വീരരസപ്രധാനമായ തന്റേടാട്ടത്തെ അവലംബിച്ച് അത്തരം ഒരു കഥാപാത്രം അക്കാലത്ത് എങ്ങിനെ രൂപം കൊണ്ടു എന്നത് അദ്ദേഹത്തിന്റേതായ രീതിയില്‍ പ്രസ്തുത ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ ലേഖനത്തിന്റെ കുറവുകളും നിറവുകളും പറയുകയല്ല എന്റെ ലക്ഷ്യം, മറിച്ച് എന്റെ അറിവില്‍ അത് ഇത്തരത്തിലുള്ള ആദ്യസംരംഭമായിരുന്നു എന്നുപറയുക മാത്രമാണ്.
തീര്‍ച്ചയായും ക്ലാസ്സിക്ക് കലകളിലും മറ്റ് കലകള്‍, എഴുത്തുകള്‍ എന്നതുപോലെ അതതുകാലഘട്ടം പ്രതിഫലിച്ചു കാണാന്‍ കഴിയും. മറിച്ച് പറഞ്ഞാല്‍ കാലഘട്ടത്തിന്റെ നിറമുള്ള കഥകള്‍ക്കേ സമൂഹത്തില്‍ അംഗീകാരം ലഭിക്കൂ. അതിനാലാണ് ചില കാലഘട്ടത്തില്‍ ചില കഥകള്‍ക്ക് സ്വീകാര്യത കൂടുതല്‍ നേടുന്നത്. ഒരു കാലത്ത് പ്രചുരപ്രചാരം സിദ്ധിച്ച കാര്‍ത്തികതിരുനാള്‍ രാജാവിന്റെ കഥകളേക്കാള്‍ സദസ്യര്‍ക്ക് ഇന്ന് കാണാന്‍ കൗതുകം കൂടുതല്‍ ഉള്ളത് നളചരിതം, കര്‍ണ്ണശപഥം, ദുര്യോധനവധം തുടങ്ങിയ കഥകള്‍ക്കാണ്. കിരാതം കാണാന്‍ കൗതുകമുള്ളവര്‍ ഇന്ന് കുറവാണ്. വഴിപാട് കളികള്‍ ഉണ്ടാകാം. രാവണോത്ഭവത്തിന്റെ പ്രചാരം അടിസ്ഥാനമാക്കി കഥകളി വീരരസപ്രധാനമാണ് എന്നുവരെ പലരും പറയുന്നുണ്ട്.
ബലമുള്ള ഒരു കഥാതന്തുവിന് രൂപം കൊടുക്കുക, അഭിനേതാക്കള്‍ക്ക് മനോധര്‍മ്മത്തിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നിവയൊഴിച്ചാല്‍ ഒരു അഭിനയകലയുടെ കഥാകൃത്തിന് അതിന്റെ വിജയത്തില്‍ വലിയ പങ്കൊന്നുമില്ല.
രണ്ട് ലോകമാഹായുദ്ധങ്ങള്‍ കഴിഞ്ഞ് ഇന്ന് നാം എത്തിനില്‍ക്കുന്നത് വളരെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഉള്ള കാലഘട്ടത്തിലാണ്. അനുദിനം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നും സ്ഥിരമല്ലാത്തതും, ഉപയോഗശൂന്യമായാല്‍ വലിച്ചെറിയപ്പെടുന്നതുമായ ഒരു കാലഘട്ടം.
സാമ്രാജ്യത്വശക്തികള്‍ അവരുടെ കരാളഹസ്തങ്ങള്‍ അഫ്ഗാനിസ്ഥാനും ഇറാഖും കഴിഞ്ഞ് ഇറാനിലേക്ക് നീട്ടിക്കൊണ്ടിരിക്കുന്നു. ഇറാഖില്‍ നടക്കുന്ന ക്രൂരതകളും ഇറാഖികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും മാധ്യമങ്ങള്‍ വഴി നാം അറിയുന്നു. രാജീവ് ചേലനാട്ടിന്റെ അനുഗ്രഹീതമായ പരിഭാഷകളിലൂടെ ഇറാഖികള്‍, പ്രത്യേകിച്ചും സ്ത്രീകളുടെ, അമ്മമാരുടെ ദുഃഖങ്ങള്‍ എന്നിവ അവര്‍ തന്നെ എഴുതുന്നത് നാം മലയാളത്തില്‍ വായിക്കുന്നു. ബ്ലോഗിലെ ലേഖനങ്ങള്‍ ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്. പലപ്പോഴും ഇറാഖിലെത്തുന്ന അമേരിക്കന്‍ ഭടന്മാര്‍, ഈ ക്രൂരത എനിക്കുചെയ്യാന്‍ വയ്യ എന്നു തന്നെ പറഞ്ഞ് പട്ടാളത്തില്‍ നിന്നും പിരിയുന്നതുമായ വാര്‍ത്തകള്‍ നാം ധാരാളം വായിക്കുന്നു.
യുദ്ധമോ സമാധാനമോ ഏതാണ് വേണ്ടത് എന്നു ചോദിച്ചാല്‍ നമ്മിലോരോരുത്തരും സമാധാനം എന്നുതന്നെ പറയും. പൊതുവെ സമാധാനത്തിന്റെ സന്ദേശവാഹകരാണ് നാം. കഥകളി പോലെയുള്ള ഒരു ക്ലാസ്സിക്ക് കലയിലൂടെ യുദ്ധത്തിനെതരായ സന്ദേശം എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് ശ്രീ പി. രാജശേഖരന്‍ രചിച്ച അര്‍ജ്ജുനവിഷാദ വൃത്തം എന്ന കഥ. വ്യക്തമായ രാഷ്ട്രീയബോധമുള്ള ഒരു വ്യക്തിക്കേ ഇത്തരണുത്തില്‍ ഒരു കഥാ തന്തു തന്നെ മഹാഭാരതത്തില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ കഴിയൂ എന്നാണെന്റെ വിശ്വാസം.
ഫാക്ടില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ശ്രീ പി. രാജശേഖരന്‍ ഇപ്പോള്‍ ഒരു പ്രവാസിയായി ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ജോലി ചെയ്യുന്നു. സ്വദേശം വൈക്കം.
അര്‍ജ്ജുനന്റെ വിഷാദവൃത്തങ്ങള്‍ അനവധി, വിഷാദം തീര്‍ക്കാനാണല്ലൊ ഗീതോപദേശം നടത്തിയത്. അതിലേറേ വിഷാദമയമാണ് ഇക്കഥ.
പാലക്കാട് കഥകളി ക്ലബ്ബിന്റെ (കളിവെട്ടം) ഏപ്രില്‍ മാസം കളി ആയി ഇക്കഥ അവതരിപ്പിക്കുകയുണ്ടായി. 2008 ഏപ്രില്‍ 19-ാം തീയ്യതി ആയിരുന്നു അത്. പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ വെച്ച് നടത്തിയ പ്രസ്തുതകളി കാണുവാന്‍ ഈയുള്ളവനും ഭാഗ്യം ലഭിക്കുകയുണ്ടായി. ശ്രീ രാജശേഖരനും മകനും പ്രസ്തുതകളിക്ക് എത്തിയിട്ടുണ്ടായിരുന്നതിനാല്‍ അവരെ പരിചയപ്പെടുവാനും ഇക്കഥയെപ്പറ്റി കൂടുതല്‍ സംസാരിക്കാനും അവസരം ലഭിക്കയുണ്ടായി. ഭാഗ്യമെന്നു തന്നെ പറയട്ടെ.
മേളക്കാരെ ഓര്‍മ്മയില്ലെങ്കിലും കലാമണ്ഡലം കൃഷ്ണകുമാര്‍ അര്‍ജ്ജുനനായും കലാമണ്ഡലം രാജശേഖരന്‍ ദുശ്ശളയായും രംഗത്തെത്തിയത് അവരുടെ അഭിനയരീതികൊണ്ട് മറക്കാന്‍ പറ്റാത്തതായിരുന്നു. കൃഷ്ണകുമാറിന് ഇക്കഥാപാത്രവുമായുള്ള പരിചയക്കുറവ് ആദ്യമാദ്യം പ്രകടമായിരുന്നു എങ്കിലും പിന്നീട് അദ്ദേഹം അവസരത്തിനൊത്ത് ഉയര്‍ന്നു എന്നതാണ് പ്രത്യേകത.
പാട്ടിന് ശ്രീ ബാബു നമ്പൂതിരിയും വിനോദും ആയിരുന്നു. ഇവര്‍ നല്ല ജോടികളാണ്. വിനോദിന് ആദ്യസാനം (= അദ്യവസാനം, കാര്യസ്ഥ എന്നൊക്കെ അര്‍ഥം, ഒരു നമ്പൂരി ഭാഷ) കുറച്ചുള്ളത് നല്ലതായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. അരങ്ങ് ഒരുക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഉള്ള കുറവുകാരണം പലപ്പോഴും കളികള്‍ അരോചകമായിത്തീരാറുണ്ട്. എപ്പോള്‍ കഥാപാത്രം പ്രവേശിക്കണം, എപ്പോള്‍ എങ്ങനെ തിരശ്ശീല പിടിക്കണം, വേണ്ട ആയുധങ്ങള്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവയിലെല്ലാം വിനോദിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു.
കഥകളിയില്‍ രാഷ്ട്രീയം എന്നൊക്കെ പറഞ്ഞാല്‍ യാഥാസ്ഥിതികരായ കഥകളി പ്രേക്ഷകര്‍ പിന്നീട് ഇക്കളി കാണാന്‍ വിമുഖത പ്രകടിപ്പിയ്ക്കും. വാസ്തവത്തില്‍ യുദ്ധത്തിനെതിരായ രാഷ്ട്രീയം എന്ന് ഞാന്‍ പറഞ്ഞെങ്കിലും അതു മാത്രമല്ല ഇക്കളിയില്‍ ഉള്ളത്. പ്രമേയം അത്തരത്തിലുള്ളതാണ് എന്നേ അര്‍ത്ഥമാക്കിയുള്ളൂ.
കഥകളിയുടെ ചിട്ടവട്ടങ്ങളോടുകൂടെ തന്നെയാണ് എന്നതിനാല്‍ ഒരു അസ്വാദകന് കണ്ട് രസിക്കാനുള്ള ഒരു പാട് അവസരങ്ങള്‍ ഇക്കഥയിലുണ്ട്. നാന്ദിശ്ലോകം തന്നെ അതിനൊരു ഉദാഹരണമാണ്. വൈക്കത്തെഴും പരമേശ്വരപാദപത്മം എന്നു തുടങ്ങുന്ന ഒരു മനോഹര ശ്ലോകമാണ് അത്. പച്ചമലയാളത്തിലെഴുതിയ ഈ വന്ദനശ്ലോകം മലയാളത്തനിമ ഏറെ അവകാശപ്പെടുന്ന കഥകളിയില്‍ വളരെ ഉചിതം തന്നെ. പ്രസ്തുത ശ്ലോകം മാത്രമല്ല, മറ്റ് പല ശ്ലോകങ്ങളും പദങ്ങളും മലയാളത്തിനോട് കൂടുതല്‍
അടുത്തുനില്‍ക്കുന്ന മണിപ്രവാളത്തിലാണ് എന്നത് പ്രത്യേകം പരമാര്‍ശം അര്‍ഹിക്കുന്നു. പദങ്ങള്‍ പച്ചയായ മലയാളത്തിലും, ശ്ലോകങ്ങള്‍ അല്‍പ്പം സംസ്കൃതം കലര്‍ന്ന മണിപ്രവാളത്തിലും ആയാണ് രചിച്ചിട്ടുള്ളത്.
പിന്നീട് ജയദ്രഥന്റെ കത്തിവേഷം പുറപ്പാടോടെയാണ് മൊത്തം ഏഴു രംഗങ്ങളുള്ള ഈ കഥ ആരംഭിക്കുന്നത്. ഇവിടെ പാരമ്പര്യാനുസാരിയായി “പാടി” രാഗം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
കഥാസന്ദര്‍ഭം
കൗരവരുടേയും പാണ്ഡവരുടേയും ഏകസഹോദരിയാണ് ദുശ്ശള. സ്വാഭാവികമായും നൂറ്റിയഞ്ചു പേര്‍ക്ക് കൂടിയുള്ള ഒറ്റ സഹോദരി എന്ന നിലക്ക് ദുശ്ശളയ്ക്ക് സഹോദരന്മാരുടെ ഇടയില്‍ പ്രത്യേകം സ്ഥാനം ആകും ലഭിച്ചിട്ടുണ്ടാകുക. ഇങ്ങനെകൂടെ ആലോചിച്ചാലാണ് അര്‍ജ്ജുനവിഷാദവൃത്തം എത്ര കടുത്തതായിരുന്നു എന്നു നാം മനസ്സിലാക്കുക.
ദുശ്ശളയുടെ ഭര്‍ത്താവ് സൈന്ധവദേശത്തെ (ഇന്നത്തെ പാക്കിസ്ഥാനില്‍) രാജാവായ ജയദ്രഥന്‍ ആണ്. പാണ്ഡവരുടെ വനവാസകാലത്ത് കാമ്യകവനത്തില്‍ വെച്ച് തന്റെ ഭാര്യസഹോദരങ്ങളുടെ (പാണ്ഡവര്‍ – അളിയന്മാര്‍) പത്നിയായ ദ്രൗപദിയെ അപഹരിക്കുവാന്‍ ശ്രമം നടത്തി. വിവരമറിഞ്ഞ പാണ്ഡവര്‍ ദ്രൗപദിയെ ജയദ്രഥനില്‍ നിന്നും മോചിപ്പിച്ച് ജയദ്രഥനെ വധിക്കുവാന്‍ ഒരുങ്ങി. പക്ഷെ സഹോദരി വിധവയായിത്തീരും എന്ന് പറഞ്ഞ് യുധിഷ്ഠിരന്‍ ജയദ്രഥനെ മോചിപ്പിക്കാന്‍ അജ്ഞാപിച്ചു. അര്‍ദ്ധശിരോമുണ്ഡനം ചെയ്ത് അപമാനിച്ച് ഭീമന്‍ വിട്ടയച്ച ജയദ്രഥന്‍, പാണ്ഡവരോട് പകരം വീട്ടുവാനായി ശിവനെ തപസ്സു ചെയ്തു. തപസ്സില്‍ സന്തുഷ്ടനായ ശിവന്‍, താന്‍ പാശുപതാസ്ത്രം കൊടുത്തനുഗ്രഹിച്ച അര്‍ജ്ജുനനെ ഒഴിച്ച് മറ്റ് പാണ്ഡവരെ യുദ്ധത്തില്‍ തടുത്തുനിര്‍ത്തുവാനുള്ള വരം നല്‍കി. വരം ലഭിച്ച ജയദ്രഥന്‍ ആഹ്ലാദഭരിതനായി കൊട്ടാരത്തില്‍ എത്തുന്നതോടെയാണ് അര്‍ജ്ജുനവിഷാദ വൃത്തം കഥകളിയുടെ ആരംഭം.
അങ്ങനെ കൊട്ടാരത്തിലേക്കു വരുന്ന ജയദ്രഥന്‍ കാണുന്നത്, കാമ്യകവനത്തിലെ സംഭവങ്ങളറിഞ്ഞ് പരിഭവിച്ചിരിക്കുന്ന ദുശ്ശളയെയാണ്.
പുലരൊളി സദാ ചിതറീടും നിന്മുഖം കാന്തേ
കലുഷമായ് കാറണിഞ്ഞീടാന്‍ കാരണമെന്തേ?
ഉല്ലസിച്ചുദ്യാനത്തില്‍ സല്ലപിക്കേണ്ടും കാലം
വല്ലഭേ! കളയൊല്ലാ, ചൊല്ലേണമെന്താകിലും.
ജയദ്രഥന്‍ ഇങ്ങനെ ചോദിക്കുമ്പോള്‍ ദുശ്ശള:
പാഞ്ചാലി തന്നിലല്ലോ കൗതുകം
വഞ്ചനയെന്നോടെല്ലാം നാടകം
എന്നുപറഞ്ഞുകൊണ്ട് തോഴിമാര്‍ പറഞ്ഞ വാര്‍ത്തകള്‍ എല്ലാം പറയുന്നു. ഭാര്യയുടെ നാത്തൂനിനോടാണ് ജയദ്രഥന് പ്രിയം! കാര്യം മനസ്സിലായ നയചതുരനായ ജയദ്രഥന്‍,അഞ്ചുഭര്‍ത്താക്കന്മാരുള്ള പാഞ്ചാലിയെ ആര്‍ക്കുവേണം? എല്ലാം വൈരം മൂലം ഉണ്ടായതാണ്. തോറ്റെങ്കിലും പരമേശ്വരഭജനയാല്‍ വരങ്ങള്‍ ലഭിച്ചാണ് ഞാന്‍ വരുന്നത് എന്നെല്ലാം പറഞ്ഞ് ദുശ്ശളയെ സമാധാനിപ്പിക്കുന്നു.
കൃതഹസ്തരായ നടന്മാര്‍ക്കേ ഈ രംഗവും തുടര്‍ന്നുള്ള ശൃംഗാരരസപ്രധാനമായ പദവും ആടി ഫലിപ്പിക്കാന്‍ പറ്റൂ. കാരണം ഒരു ഭാര്യക്കും ഭര്‍ത്താവിന്റെ പരസ്ത്രീ ഗമനം ഇഷ്ടമാവുകയില്ല. ഇവിടെ സ്വന്തം സഹോദരങ്ങളുടെ ഭാര്യക്കു നേരെയാണ് ജയദ്രഥന്‍ തിരിഞ്ഞിരിക്കുന്നത്. അപ്പോള്‍ “എല്ലാം വൈരം കൊണ്ടാണ്” എന്ന് വേറുതെ പറഞ്ഞാല്‍ പോരാ. തീര്‍ച്ചയായും മറുചോദ്യങ്ങള്‍ ഉണ്ടാകും. അതിനാല്‍ തന്നെ ദുശ്ശളയെ സമാധാനിപ്പിക്കാന്‍ ജയദ്രഥന്‍ തന്റെ വാക്‍ചാതുര്യം നല്ലവണ്ണം പ്രയോഗിക്കേണ്ടിവരും. ജയദ്രഥനായി വന്ന രവി കുമാര്‍, അപരിചിത്വം മൂലമായിരിക്കാം ഇവിടെ അത്ര ഉയര്‍ന്നു കണ്ടില്ല.
പരിഭവം തീര്‍ന്നപ്പോള്‍, അല്‍പ്പകാലത്തിനുശേഷം കാണുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ ശൃംഗാരരസപ്രധാനമായതും അതിമനോഹരങ്ങളുമായ രണ്ട് പദങ്ങളാണ്.
ജയദ്രഥന്‍:
സുന്ദര സൂനങ്ങളും സുരഭില ചന്ദനവും
ചന്ദ്രിക ചേര്‍ത്തു തീര്‍ത്തതല്ലീ, (ഈ) മോഹനഗാത്രം
അനിതരമതിരമ്യം നട കണ്ടു കൊതിപൂണ്ടു
അനുകരിച്ചരയന്നം അനുഗമിക്കുന്നു നിന്നെ!
സഞ്ചിതമോദം ജായേ, മഞ്ജുള നികുഞ്ജങ്ങള്‍
സായാഹ്നസമീരനില്‍ നര്‍ത്തനം ചെയ്തീടുന്നു
സന്നതാംഗികള്‍ ചില വല്ലികള്‍ നമ്മെക്കണ്ടു
സാദരം വരവേല്‍ക്കാന്‍ മാലകളൊരുക്കുന്നു
(നാട്ട)
ദുശ്ശളയുടെ മറുപടി പദം:
ശാരദ രജനി വരുന്നൂ തേരില്‍
താരക ഗണമാം മണിമാലയുമായി
സാഗര തിരകള്‍ വര്‍ണ്ണനിരാളം
സ്വാഗതമേകാന്‍ നീളെ വിരിക്കേ
രാഗം കലരും മുഖമൊടു നിശയാം
രാഗിണി ശശിയോടണയുന്നു
മുല്ല വിരിഞ്ഞു ചിരിച്ചെതിരേല്‍ക്കേ
മന്ദാനിലനോ വെണ്‍ചാമരമായ്!
കളകള രവമൊടു കൂടണയും
കിളികളവള്‍ക്കൊരു ശുഭശകുനം
(ആരഭി)
ഇതെഴുതുമ്പോള്‍ രാജശേഖരന്റെ മനസ്സില്‍ നളചരിതം രണ്ടാം ദിവസത്തിലെ സാമ്യമകന്നോരുദ്യാനം ഉണ്ടായിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അത്രയും ലയം ഉണ്ടായിരുന്നു ഈ രംഗത്ത്. എങ്കിലും കളകള രവമൊടു.. എന്നത് ദ്രുതഗതിയില്‍ എടുത്തുപാടിയപ്പോള്‍ എന്റെ മകന്‍ അഛാ ഇത് കഥകളിയല്ല, ഡാന്‍സായില്ലേ എന്നൊരു സംശയം ചോദിച്ചു.
ശേഷമുള്ള രംഗത്ത് കൃഷ്ണന്റെ ദൗത്യം പരാജയപ്പെട്ടതിനാല്‍ യുദ്ധത്തിന് പുറപ്പെട്ടുകൊള്‍ക എന്നറിയിച്ച് കൊണ്ട് ദുര്യോധനന്റെ ദൂതന്‍ ജയദ്രഥന്റെ അടുത്തെത്തുന്നതാണ്.
സിന്ധുഭൂപ നമാമ്യഹം ബല സിന്ധുസിന്ധുര സൈന്ധവ, തവ
ബന്ധുവാകിന കൗരവേന്ദ്ര ദൗത്യവാഹനഹം
എന്നുതുടങ്ങുന്ന കാംബോജി രാഗത്തിലുള്ള പദവും കര്‍ണ്ണമധുരമാണ്. ഉടന്‍ തന്നെ വന്‍പടയോടെ എത്തുന്നതാണ് എന്നറിയിച്ച് ദൂതനെ യാത്രയാക്കുന്നു. തുടര്‍ന്ന് ദുശ്ശളയോട് യാത്രപറയുന്നു. തത്സമയം ദുശ്ശള, രജ്‌പുത് സ്ത്രീകളെപ്പോലെ ക്ഷത്രിയോചിതമായി തള്ളവിരല്‍ മുറിച്ച് ഭര്‍ത്താവിനെ രക്തതിലകം അണിയിച്ച് യാത്രയാക്കുന്നു. തുടര്‍ന്ന് ജയദ്രഥന്റെ പടപ്പുറപ്പാട്. രവി കുമാര്‍ പടപ്പുറപ്പാട് ഒരു ശരാശരി നിലവാരത്തില്‍ കാണിച്ചു.
യുദ്ധം തുടങ്ങി. പതിമൂന്നാം ദിവസം അഭിമന്യു പദ്മവ്യൂഹത്തിലകപ്പെട്ടു. മഹാരഥന്മാരായ ആചാര്യന്മാരോട് അഭിമന്യു ഒറ്റക്കു നിന്ന് പൊരുതിയെങ്കിലും അവസാനം വീരസ്വര്‍ഗ്ഗം പ്രാപിച്ചു. പദ്മവ്യൂഹം ചമക്കാന്‍ ദ്രോണാചാര്യര്‍ക്ക് സാധിച്ചത്, അര്‍ജ്ജുനന്‍, സംശപ്തകന്മാരോട് (ചാവേര്‍പ്പട) യുദ്ധം ചെയ്തതുകൊണ്ടായിരുന്നു. അഭിമന്യുവിനെ രക്ഷിക്കാന്‍ മറ്റ് പാണ്ഡവന്മാര്‍ എത്തിയെങ്കിലും അവരെയെല്ലാം ജയദ്രഥന്‍ തടഞ്ഞു നിര്‍ത്തി. ഇതിന് ഉപകരിച്ചത് പരമേശ്വരന്റെ വരമായിരുന്നു.
സംശപ്തകര്‍ക്ക് വിനാശം വരുത്തി ശ്രീകൃഷ്ണനോടൊപ്പം അര്‍ജ്ജുനന്‍ പടകുടീരത്തിലേക്ക് തിരിച്ച് വരുന്നതാണ് അടുത്ത രംഗം. രണ്ട് പേരും തേര്‍ തളിച്ചുകൊണ്ടാണ് പ്രവേശിക്കുന്നത്.
അര്‍ജ്ജുനന്‍ യുദ്ധക്ഷീണിതനാണെങ്കിലും വീരഭാവം അവശ്യമാണ്. ഇവിടെ അര്‍ജ്ജുനനായി വന്ന കൃഷ്ണകുമാര്‍ ഒരു കണ്‍ഫ്യൂസ്ഡ് അവസ്ഥയിലായിരുന്നു. ശ്രീ കലാമണ്ഡലം കൃഷ്ണകുമാര്‍ സാധാരണ ജയദ്രഥനായണ് വേഷമിടാറുള്ളതെന്ന്
പിന്നീട് അറിയാന്‍ കഴിഞ്ഞു. അപ്പോള്‍ പാത്രപരിചയക്കുറവായിരിക്കാം ഇതിന് കാരണം.
കൂടെയുള്ള ചിത്രങ്ങളില്‍ ഗുരുവായൂരില്‍ ഉണ്ടായ അര്‍ജ്ജുനവിഷാദവൃത്തം കളിയിലെ ഗോപി ആശാന്റെ അര്‍ജ്ജുനനേയും കൃഷ്ണകുമാറിന്റെ ജയദ്രഥനേയും കാണാം.
ആപത്ശകുനങ്ങള്‍ കണുന്ന അര്‍ജ്ജുനനന്‍ അവസാനം അഭിമന്യുവിന്റെ മരണവാര്‍ത്ത അറിയുന്നതോടേ ബോധരഹിതനായി വീഴുന്നു. ശേഷം
എന്തിനീ രണവും ഭരണവും കൃഷ്ണാ
ഹന്ത! പാര്‍ത്ഥനിനി മരണമേ നല്ലൂ
എന്നുപറഞ്ഞ് ശരം കൊണ്ട് ആത്മഹത്യചെയ്യാന്‍ പുറപ്പെടുന്ന അര്‍ജ്ജുനനെ കൃഷ്ണന്‍ വീണ്ടും തടയുന്നു. തവസുതനെ ചതിച്ചു വധിച്ചവന്‍ അവനിയില്‍ ഇനിയുമധികം വാഴരുത് എന്ന് കൃഷ്ണന്‍ ഉദ്ബോധിപ്പിക്കുന്നതനുസരിച്ച്, അര്‍ജ്ജുനന്‍ ജയദ്രഥനെ നാളെ സൂര്യാസ്തമനത്തിനുമുമ്പ് വധിക്കുമെന്ന് പ്രതിജ്ഞ എടുക്കുന്നു. ഈ രംഗം ഇതോടേ അവസാനിക്കുന്നു.
അര്‍ജ്ജുനന്റെ പ്രതിഞ്ജ കേട്ട് പേടിച്ചരണ്ട ജയദ്രഥന്‍ രണാങ്കണം വിട്ട് ഒളിക്കുന്നു. യുദ്ധം കഴിയാന്‍ പകല്‍ നാലുനാഴിക മാത്രമേ ഉള്ളൂ. അര്‍ജ്ജുനന്‍ കൃഷ്ണനോട് തന്റെ ആശങ്ക അറിയിക്കുകയും, കൃഷ്ണന്‍ ഉപായത്തില്‍ സൂര്യനെ, ചക്രായുധം കൊണ്ട് മറക്കുകയും ചെയ്യുന്നു. സൂര്യാസ്തമനമായെന്ന് വിചാരിച്ച് ജയദ്രഥന്‍ ഒളിസങ്കേതത്തില്‍ നിന്ന് പുറത്തുവരികയും അര്‍ജ്ജുനന്‍ ജയദ്രഥന്റെ തല അമ്പെയ്ത് എടുക്കുകയും ചെയ്യുന്നു. ജയദ്രഥന്റെ തല ഭൂമിയില്‍ വീഴ്ത്താതെ അഛനായ വൃദ്ധക്ഷത്രന്റെ കയ്യില്‍ എത്തിക്കുകയും വൃദ്ധക്ഷത്രന്‍ മകന്റെ തല ഭൂമിയിലിടുകയും വൃദ്ധക്ഷത്രന്റെ തല പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ജയദ്രഥന്റെ തല ഭൂമിയില്‍ വീഴ്ത്തിയവനാരോ അവന്റെ തല പൊട്ടിത്തെറിക്കും എന്ന് ജയദ്രഥന്‍ ജനിച്ച സമയത്ത് അശരീരി ഉണ്ടായിരുന്നു. സര്‍വ്വജ്ഞാനിയായ കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് അര്‍ജ്ജുനന്‍ ജയദ്രഥന്റെ തല വൃദ്ധക്ഷത്രന്റെ കയ്യിലെത്തിച്ചത്.
അടുത്ത രണ്ട് രംഗങ്ങള്‍ (രംഗം 5 & 6) ആടുകയുണ്ടായില്ല എങ്കിലും കഥയുടെ നൂല്‍ പൊട്ടാതിരിക്കാന്‍ മുഴുവന്‍ പറയട്ടെ.
മഹാഭാരത യുദ്ധം കഴിഞ്ഞ് പാപപരിഹാരാര്‍ത്ഥം അശ്വമേധയാഗം പാണ്ഡവര്‍ നടത്തുന്നു. യാഗാശ്വത്തിന്റെ പരിരക്ഷണത്തിന് അര്‍ജ്ജുനനാണ് നിയോഗിക്കപ്പെടുന്നത്. അര്‍ജ്ജുനനെ അനുഗ്രഹിക്കാന്‍ ബ്രാഹ്മണര്‍ വരുന്നതാണീ രംഗം. ഈ ബ്രാഹ്മണരും യുദ്ധത്തിന്റെ കെടുതികളെ കുറിച്ച് പറയുന്നുണ്ട്.
യുദ്ധം വരുത്തുന്ന വിനകള്‍ക്കതിരുണ്ടോ?
ചിത്തം കലങ്ങി വസിപ്പൂ യമാത്മജന്‍
…..
ബന്ധുക്കളെക്കൊന്നു കൈവന്ന ഭോഗങ്ങള്‍
ചിന്തിക്കലാര്‍ക്കെന്തു സൗഖ്യം കൊടുത്തിടും?
(ഷണ്മുഖപ്രിയ)
മുകളില്‍ പറഞ്ഞവ ബ്രാഹ്മണരുടെ ചില വരികളാണ്.
രംഗം ആറില്‍ ദുശ്ശള പൗത്രനെ മടിയില്‍ വെച്ച് പ്രവേശിക്കുന്നു.
ദുശ്ശളയുടെ മകന്‍ സുരഥന്‍ പാര്‍ഥന്മാരോട് പ്രതികാരം ചെയ്യുമെന്നറിയിക്കുമ്പോള്‍, ദുശ്ശള
മിത്രത കൊണ്ടേ കാലം പുഷ്കലമായിത്തീരൂ
മാതുലരായിട്ടെന്നും മാനിക്ക പാര്‍ത്ഥന്മാരെ
എന്ന് ഉപദേശിക്കുന്നു.
തത്സമയം ദ്വാരപാലകര്‍ വന്ന് പാണ്ഡവരുടെ യാഗാശ്വവും പിന്നാലെ അര്‍ജ്ജുനനും രാജ്യത്തെത്തിയ വിവരം അറിയിക്കുന്നു. സുരഥന്‍, അച്ഛനെ കൊന്ന പാര്‍ഥന്റെ പേരുകേട്ടപ്പോള്‍ തന്നെ പേടിച്ച് മരിക്കുന്നു! സുരഥന്റെ മരണവും കൂടി കണ്ട ദുശ്ശള, മനോധൈര്യം വെടിയാതെ സുരഥപുത്രനേയും (തന്റെ പൗത്രന്‍) എടുത്ത് അര്‍ജ്ജുനന്റെ അടുത്ത് ചെല്ലുന്നു. ഇത്രയും ഒരു മനോഹര ദണ്ഡകത്തിലൊതുക്കിയിരിക്കുന്നു.
ഇവര്‍ തമ്മിലുള്ള സമാഗമം (അവസാനരംഗം) ആണ് ഇക്കഥയിലെ ഏറ്റവും വികാരതീക്ഷ്ണമായ രംഗം. ഇവിടെ ദുശ്ശള മുന്‍രംഗങ്ങളില്‍ നിന്നും വ്യത്യസ്തമായി, കാലംകഴിഞ്ഞെന്നും തനിക്കിപ്പോള്‍ വയസ്സായി ഒരു മുത്തശ്ശിയാണെന്നും തോന്നിപ്പിക്കാന്‍, ഒരു കോടിമുണ്ട് മാറില്‍ കൂടെ ധരിച്ചിരുന്നു. (കര്‍ണ്ണശപഥത്തിലെ കുന്തിയെപ്പോലെ.)
സുരഥന്‍ മരിച്ചവിവരവും അവശേഷിച്ച ഏകാവലംബം ഈ കൊച്ചുകുട്ടിയാണെന്നും പറയുന്ന ദുശ്ശളയോട്, സുരഥനെ കൊന്നതാരെന്നാലും ഉടനെ അവനെ വധിച്ചിടാമെന്ന് അര്‍ജ്ജുനന്‍ പറയുന്നു. സുരഥന്‍ മരിച്ചതല്ലെന്നും തന്നെ പേടിച്ച് മരിച്ചതാണെന്നും അറിയുന്ന അര്‍ജ്ജുനന്‍ ഞെട്ടി വിലപിക്കുന്നു:
പുത്രദുഃഖാര്‍ത്തരാകും ജനനിമാരനേകം
ഭര്‍ത്തൃവിയോഗാല്‍ നീറും വിധകളനവധി
ബന്ധുക്കള്‍ ഹതരായൊരായിരം അബലകള്‍
അന്തികേ, വരുന്നപോല്‍, ഹന്ത! മേ തോന്നീടുന്നു
താന്‍ കാരണം മരണമടഞ്ഞവരുടെ ബന്ധുക്കളും മിത്രങ്ങളും മുന്നില്‍ വന്ന് തന്നെ പേടിപ്പിക്കുന്നതായിട്ടാണ് അര്‍ജ്ജുനന് തോന്നുന്നത്. ഇത്തരമൊരു രംഗം അഭിനയിച്ചു ഫലിപ്പിക്കാന്‍ നല്ലൊരു അഭിനേതാവിനേ കഴിയൂ. സീരിയലുകളിലും സിനിമയിലും മറ്റും ലൈറ്റ് & സൗണ്ട് എഫെക്റ്റ്സ് സഹായകരമാണെങ്കില്‍ ഇവിടെ മേളക്കാരുടെ കഴിവും, അതില്‍ കൂടുതല്‍ അഭിനേതാവിന് പാത്രബോധവും, പരിചയവും അഭിനയസിദ്ധിയും നല്ലവണ്ണം കൈമുതലായിരിക്കണം. അല്ലെങ്കില്‍ കഥകളി സങ്കേതത്തിന് പറ്റിയതാണോ ഇത്തരം ഒരു രംഗം എന്ന് സ്വാഭിവികമായും സംശയം തോന്നാം.
ക്ഷമയാചിക്കുന്ന അര്‍ജ്ജുനനോട്, ദുശ്ശള പറയുന്നു
സോദരിയായ് ഗണിക്കേണ്ട,
ആദരിക്കേണ്ട നിങ്ങള്‍,
പൗത്രനിവനെയെങ്കിലും
ശത്രുവെന്നു നിനക്കൊല്ല
വെറും ബാലനായ ഇവനോട് പാണ്ഡവര്‍ക്ക് യാതൊരു വൈരവുമില്ല എന്നുപറഞ്ഞ്, അര്‍ജ്ജുനന്‍ ബാല്യകാലത്ത് സൗഹൃദങ്ങളും ലീലകളും ഓര്‍മ്മിപ്പിച്ചുകൊണ്ട് ദുശ്ശളയെ മയപ്പെടുത്തുന്നു. തുടര്‍ന്ന് വ്യര്‍ത്ഥം ഗതസംഗതികളോര്‍ത്തു വിലാപം എന്ന് പറഞ്ഞുകൊണ്ട് അര്‍ജ്ജുനന്‍, സുരഥപുത്രനെ താന്‍ തന്നെ രാജാവായി അഭിഷേകം ചെയ്യിക്കാമെന്നറിയിക്കുന്നു. ഇതില്‍ തരളിതയായ ദുശ്ശളയുടെ ദേവഗാന്ധാരത്തിലുള്ള ഈ പദം:
ഇനിയെനിക്കൊന്നേ വേണം
എന്നുമീ മൈത്രി പുലരേണം
മത്സരം എല്ലാം തീരണം, ലോകേ-
അരുതിനിയരുതീ രണം
അതിമനോഹരമായി ബാബുനമ്പൂതിരിയും വിനോദും കൂടി ആലപിച്ച ഈ പദം കേട്ട് സദസ്സ്യര്‍ മുഴവനും എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. പലരും വികാരഭരിതരായും കാണപ്പെട്ടു. ഈ പദം കേട്ടപ്പോള്‍ ദുശ്ശളക്കാണോ ഇക്കഥയില്‍ മുന്‍തൂക്കം എന്നും തോന്നി.
തുടര്‍ന്ന് ദുശ്ശളാപൗത്രന്റെ അഭിഷേകത്തോടെ ധനാശി.
കളി കണ്ടിറങ്ങിയപ്പോള്‍ ജയദ്രഥനുമല്ല, വിഷാദവൃത്തത്തിലകപ്പെട്ട അര്‍ജ്ജുനനോ ദുശ്ശളയോ അല്ല മനസ്സിലുണ്ടായിരുന്നത്. യുദ്ധവും യുദ്ധക്കെടുതികളും അനേകായിരം മനുഷ്യര്‍ യുദ്ധം മൂലം അനുഭവിക്കുന്ന കഷ്ടതകളും ആയിരുന്നു. അതുകൊണ്ടുതന്നെ ഇനിയെനിക്കൊന്നേ വേണം, എന്നുമീ മൈത്രി പുലരേണം എന്ന വരികള്‍ തന്നെയായിരുന്നു മനസ്സില്‍.
0 Comments