നാട്ടമ്പലവും നാട്യഗൃഹവും

ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 14

ശ്രീവത്സൻ തീയ്യാടി

October 12, 2013

കാൽ നൂറ്റാണ്ടെങ്കിലും മുമ്പാവണം. പെരുമഴക്കാലം. ബസ്സിലെ പിൻസീറ്റിൽ ‘കിളി’യുടെ സ്വന്തമിടത്തിന് ചേർന്നുള്ള ചില്ലുചീളിലൂടെ കിട്ടി ഒരീറൻ ദർശനം. തുള്ളിയിളകി പോവുന്ന തൂതപ്പുഴ. പാലത്തിനു മീതെ കടാകുടു ഓടിക്കൊണ്ടിരുന്ന ശകടം ലേശനേരം പുറത്തേക്ക് എറിഞ്ഞിട്ടുതന്ന കാഴ്ച. ആകെ നനഞ്ഞിരുന്ന ഇരിപ്പിൽ അക്കരപറ്റിയപ്പോൾ പെട്ടെന്ന് തോന്നി: ഒരുനാൾ വാഴേങ്കട പോവണം. പെരിന്തൽമണ്ണ-ചെർപ്ലശ്ശേരി യാത്രാമദ്ധ്യേ മലപ്പുറം, പാലക്കാട് ജില്ലകളെ വകഞ്ഞുപുളയുന്ന നദി മനസ്സിലയച്ച കളിത്തോണി.

രണ്ടു കൊല്ലം പിന്നെയും കഴിഞ്ഞു മോഹം സാധിക്കാൻ. തൂതക്കരികെ കാവു കഴിഞ്ഞ് അങ്ങേത്തലയിലെ കവലയിൽ വാഹനമിറങ്ങിയപ്പോൾ നല്ല വെയില്. ആറിനാവട്ടെ ആദ്യം കണ്ടയത്ര നെഗളിപ്പില്ല. കുറച്ചു കാത്താൽ വരും; പക്ഷെ ഇനിയും വണ്ടി കേറേണ്ട എന്നുവച്ചു. നടക്കാവുന്ന ദൂരമേയുള്ളൂ എന്ന് പറഞ്ഞുകൂടാ. എങ്കിലും മുണ്ടുമടക്കിക്കുത്തി ആഞ്ഞുപിടിച്ചു. കയറ്റിറക്കമുള്ള റോഡിന്റെ ഇരുദിക്കിലുമുള്ള പാടങ്ങളിൽ പലതിലും ചേനയാണ് കൃഷി. (ഇതുപോലെ മുമ്പ് മാള പ്രദേശത്തെ കുഴൂര്-കുണ്ടൂര് ഭാഗത്തെ കണ്ടതായി ഓർമയുള്ളൂ.)

വാഴേങ്കട അങ്ങാടി ഇടുങ്ങിയ ഓട്ടിൻപുരക്കടകളുടെ ചെറിയൊരു നിരയാണ്. രണ്ടുവശത്തും ചില്ലറ കച്ചവടങ്ങളും ചായപ്പീടികകളും. വഴിചോദിച്ച്  മുന്നോട്ടു നടന്ന് ആൾപ്പെരുമാറ്റം ഒന്നടങ്ങിയ ഭാഗത്ത് വലത്തോട്ട് തിരിഞ്ഞപ്പോൾ കുറുനിരക്കറുപ്പ്. അതുപോലെ മാനം പൊത്തിയ പച്ചപ്പടർപ്പ്. ഇടംവലം കൂറ്റൻ മരങ്ങൾ. ചെമ്മണ്‍പാത നേരെ ചെന്നു തട്ടുന്നത് മരക്കടമ്പയിൽ. നീണ്ട പടിക്കെട്ടിറങ്ങിയാൽ ക്ഷേത്രഗോപുരം. ഓടുമേഞ്ഞ നമ്രമുഖം. അകത്തെ പ്രദക്ഷിണവഴിയിൽ ആരെയും കാണുന്നില്ല. കരിങ്കൽപ്പാളി പാകിയ നരക്കറുപ്പിന് ചുറ്റും ചെങ്കൽമതിൽ. അതിനുമപ്പുറം ഓരംപറ്റി വീടുകൾ. ഇരുനിലത്തട്ടിനു മീതെ ചെറിയ ചായ്പ്പുള്ള ഭവ്യഭവനങ്ങൾ. പിന്നാമ്പുറത്തെ അഗ്രശാല. കാവിതേച്ച നീളൻ പുര. വലം മുഴുവനാക്കിയാൽ ഇടതുഭാഗത്ത് കച്ചേരിമാളിക. ഗോപുരമൂലക്കൽ ചെറിയ തീർത്ഥക്കുളം.

അകത്ത് നടയടച്ച നേരമായിരുന്നു. ഉപായത്തിൽ ഒരു കൊട്ടിപ്പാടിസ്സേവ. പത്രാസില്ലാത്ത പാട്ട്. ചെറുങ്ങനെയുള്ള നമസ്കാരമണ്ഡപത്തിനപ്പുറം ശ്രീലകവാതിൽ പൊടുന്നനെ തുറന്നു. നിലവിളക്കുകളുടെ നേർത്ത വെളിച്ചത്തിൽ ശാന്തസ്വരൂപിയായ നരസിംഹമൂർത്തി. 

ലോഗ്യം ചോദിച്ചു തിരുമേനി. ആലിലയിലാണ് പ്രസാദം തന്നത്. നാലമ്പലത്തിനു പുറത്തുകടന്ന് കലാമണ്ഡലം ബലരാമന്റെയും കോട്ടക്കൽ ദേവസാസിന്റെയും വീടുകൾ കാട്ടിത്തന്നു. പിന്നെ, ഇത്രയും പറഞ്ഞു: മടക്കം മേലേക്ക് കയറി കടമ്പ കടന്നാൽ വലത്ത് താഴേക്കിറങ്ങി ഒരു വീട് കാണാം. അതാണ്‌ കുഞ്ചു നായരുടെ.

അവിടിവിടെ കരിമ്പനകൾ വിശറിവിരിച്ചു മറച്ച ആ പുര കണ്ടപ്പോൾ അതുവരെ പോയാലോ എന്നോങ്ങി. അപരിചിതത്വം, സങ്കോചം. വേണ്ടെന്ന് വച്ചു.

തൂത വരെ വീണ്ടും നടന്നു. പുഴവക്കത്തുനിന്ന് ‘മയിൽവാഹന’ത്തിന്റെ ബെൻസ് ബസ്സ് കിട്ടി. ഇടത്തേ വശത്ത് നീണ്ട ഒറ്റസ്സീറ്റ് അമ്പേ ഒഴിഞ്ഞു കിടക്കുന്നു. സൈഡിലെ കമ്പിവരിയിലേക്ക് പുറംചാരി സഞ്ചാരം.

വാഴേങ്കടക്ക് പിന്നീട് പല നാട്ടിൽനിന്നും സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുവരൽ ഉണ്ടായിട്ടുണ്ട്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും, പിന്നെ രാത്രി ചെന്നുള്ള കഥകളിക്കും.

നടത്തക്ഷീണമകറ്റാൻ ക്ഷേത്രത്തിനപ്പുറത്തെ കുളത്തിൽ മുങ്ങിത്തോർത്തി മേലത്തെ മുറ്റത്ത് വെളുക്കുവോളം അരങ്ങ്. നളചരിതം ഒന്നാം ദിവസം. വാഴേങ്കട വിജയന്റെ നളൻ, നരിപ്പറ്റ നാരായണൻ നമ്പൂതിരിയുടെ ഹംസം. കോട്ടക്കൽ ശിവരാമന്റെ ദമയന്തി. കുഞ്ചു നായരാശാന്റെ മകനും അനന്തിരവനും ചേർന്നൊരുക്കിയ പ്രണയകാവ്യം. പാലനാട് ദിവാകരന്റെ പാട്ട്, കലാമണ്ഡലം കേശവന്റെ ചെണ്ട, ശങ്കര വാരിയരുടെ മദ്ദളം.

വെളുപ്പിന് വീണ്ടും നീന്തിക്കുളിച്ചു. അമ്പലത്തിന്റെ കെട്ടിനും മട്ടിനും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. പരിഷ്കാരം തീണ്ടിയ മരാമത്ത്.

കുഞ്ചു നായരാശാന്റെ വീടിനു വിശേഷിച്ച് വ്യത്യാസം തോന്നിയില്ല — അകലെ നിന്നെങ്കിലും നോക്കിയപ്പോൾ.

പിന്നെയൊരിക്കൽ പോയത് ചാറ്റലുള്ള രാത്രിയിൽ. കരിങ്കല്ലത്താണിക്കപ്പുറം താമസമുള്ള ഇടമന സദാനന്ദന്റെ രാജദൂത് ബൈക്കിന് പിറകിലിരുന്ന് സ്ഥലമെത്തി. അന്ന് ഊട്ടുപുരയിൽ ആയിരുന്നു വേദി. ആദ്യകഥ രംഭാപ്രവേശം. രാമൻകുട്ടി നായരാശാന്റെ രാവണൻ. പിന്നെയോടുവിൽ പ്രഹ്ലാദചരിതം. കലാമണ്ഡലത്തിൽനിന്ന് പഠിച്ച് ബോംബെയിൽ താമസമാക്കിയ സി ഗോപാലകൃഷ്ണന്റെ നരസിംഹം. തെള്ളിപ്പൊടിത്തീയിൽ തൂണുചാടി ഭീകരരൂപം അരങ്ങേറിയപ്പോൾ ശ്രീലകത്ത് ശാന്തവിഗ്രഹത്തിനു മുമ്പിൽ നെയ്ത്തിരി കത്തിയിരിക്കണം.

കുഞ്ചു നായരാശാന്റെ വീട്ടിൽ ആളില്ലാതായിരിക്കുന്നുവോ?

അതും കഴിഞ്ഞ്, 2006ൽ പോവുന്നത് കുടുംബമായായിരുന്നു. കൂടെ കൂട്ടുകാരൻ കുഴിക്കാട്ട് പ്രദീപും ഭാര്യ സംഗീതയും. ക്ഷേത്രഗോപുരത്തിന്റെ പ്രകൃതം മാറിയിരിക്കുന്നു. ഗോപുരമുറിയിൽ വഴിപാട് രശീതികൾ ഒന്നൊന്നായി ചീന്തിപ്പോവുന്നു. അകത്ത്, വൈകിട്ടത്തെ ശോണിമയിൽ ദീപസ്തംഭം നിറയെ തിരികൊളത്തി ആഘോഷം. നെറ്റിയിൽ പ്രസാദവും ചുണ്ടിൽ ചിരിയുമുള്ള ഒരു കൂട്ടം കുട്ടികൾ, പെണ്‍കിടാങ്ങൾ.

കുഞ്ചു നായരാശാന്റെ തൊടിയിൽ ഇക്കുറി എന്തായാലും കയറാൻ ഉറപ്പിച്ചു. പുല്ലു കയറിയ ഇറക്കപ്പാത. പൊന്തകൂടിയ വളപ്പ്. നാഥനില്ലാതെ കിടക്കുന്ന പനംപട്ടകൾ. പൊടിതൂളിയ പൂമുഖം. പാമ്പരിച്ചേക്കാവുന്ന പിൻപറമ്പ്. അടുക്കളമുറിയാണെന്നു തോന്നുന്നു ഓട്ടിൻ നിരയിടിഞ്ഞ് നിലംപൊത്താറായിരിക്കുന്നു.

കൊല്ലം 2013, മാസം മാർച്ച്. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്‌ വാങ്ങാൻ വിജയേട്ടൻ ദൽഹിയിൽ വന്നിരുന്നു. ചെറിയ നരകാസുരൻ വേഷമഴിച്ച് അണിയറയിൽ കണ്ടപ്പോൾ കുശലത്തിനൊടുവിൽ ചോദിച്ചു: വാഴേങ്കട വീടിപ്പോൾ?

“ങും…” മനയോലമേൽ എണ്ണപുരട്ടി മുഖത്തെ ചുളിവുകൾ തുടക്കേ കളിയാശാൻ പറഞ്ഞു: “അത്പ്പൊ ല്ല്യ….”

Similar Posts

  • ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.

    അത്തിപ്പറ്റ രവി April 11, 2012 01. ശിഖിനിശലഭോ ജ്വാലാചക്രൈർന്ന വിക്രിയതേ പതൻപിബതി ബഹുശശ്ശാർദ്ദൂലീനാം സ്തനം മൃഗശാബകഃസ്പൃശതികളഭസ്സിംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ –ന്നയതിനകുലം നിദ്രാതന്ദ്രീം ലിഹന്നഹിപോതകഃ(കുലശേഖരവർമ്മന്റെ സുഭദ്രാധനഞ്ജയം) കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലിഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് –ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു  ഹാ! 02.ഹിമകര! ഹിമഗര്‍ഭാരശ്മയേ താവകീനാമയിമദനവിധേയേ യേനവഹ്നിം വമന്തിന തവബലമനംഗസ്യാപി വാ ദുഃഖഭാജോജനകദുഹിതുരേഷാ ശര്‍വ്വരീനാഥശക്തി ഹിമകര ! കിരണത്താലെന്തു നീയെന്നെയേവംസുമശരശരപീഡാധീനനായ് മാറ്റിടുന്നു ?സമരബലമിദംനീ കാട്ടിടാ, കാമനും, ഹൃത് –കമലരുജവഹിയ്ക്കും സീതതന്‍…

  • എങ്ങിനെ ഞാൻ ഒരു കഥകളി ഭ്രാന്തനായി ?

    കളിയരങ്ങുകളുടെ മുന്നില്‍ – 1 രാമദാസ്‌ എൻ. June 25, 2012  (കഥകളി.ഇന്‍ഫോയില്‍ ശ്രീ രാമദാസ്‌ എന്‍. എഴുതിയ കളിയനുഭവങ്ങളുടെ ഒരു പുതിയ പരമ്പര ആരംഭിക്കുന്നു.) കഥകളിയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരു കളിക്കമ്പക്കാരനായി ജീവിക്കാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യം. അങ്ങനെ ഒരു കളിഭ്രാന്തനാകാന്‍ ഇടയാക്കിയ ഒരു അരങ്ങിനെ അനുസ്മരിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ. ചേര്‍ത്തല മരുത്തോര്‍വട്ടം ക്ഷേത്രത്തിനടുത്ത്‌ ജനിച്ചു വളര്‍ന്ന എനിക്ക്‌ കുട്ടിക്കാലത്ത്‌ കുറെ കളിയരങ്ങുകള്‍ക്ക്‌ മുന്നില്‍ ഇരുന്നും കിടന്നുറങ്ങിയും ഉള്ള പരിചയം ഉണ്ട്‌. പള്ളിപ്പുറം ഗോപാലന്‍ നായര്‍, മാങ്കുളം വിഷ്ണു…

  • അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍

    നരിപ്പറ്റ നാരായണന്‍ നമ്പൂതിരി July 19, 2012 കുമാരൻ നായാരാശാനെ സ്മരിച്ച് കൊണ്ട് എന്ത് ചെയ്യാനും സന്തോഷമുണ്ട്. ഇതിപ്പോൾ കുമാരൻ നായരാശാൻ ചിട്ടപ്പെടുത്തിയ അഷ്ടകലാശം എന്ന നിലക്കാണ് ഞങ്ങളിപ്പോൾ ചെയ്യാറുള്ളത്. ഇത് വളരെ ശാ‍സ്ത്രീയമായി അനലൈസ് ചെയ്ത് രേഖപ്പെടുത്തിയിട്ടുള്ളത് സദനം ഹരികുമാറാണ്. ഞാൻ ഒരു പ്രയോക്താവാണ്. ഹരികുമാരൻ ഇതിനെ അനലൈസ് ചെയ്ത് ഒരു പക്ഷെ വീഡിയോ തന്നെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് എന്റെ അറിവ്. അതിന്റെ ഇടയിൽ കൂടെ എന്റെ പ്രയോഗിത്തിലൂടെ.. പരിചയത്തിലൂടെ ഉള്ള കാര്യങ്ങൾ ഞാൻ പറയാൻ…

  • |

    നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ

    ശ്രീചിത്രൻ എം. ജെ. March 12, 2013 കളിയരങ്ങിന്റെ ഒരു മഹാചരിത്രഘട്ടം പര്യവസാനിച്ചു. കഥകളികാലകാളിന്ദിയിലെ  ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്‌ഠവും, അവസാനത്തേതുമായ കണ്ണി. ഈ വിയോഗത്തോടെ ധനാശിയേൽക്കുന്നത് ഒരു ആചാര്യനല്ല, അനന്യസാധാരണമായിരുന്ന ഒരു ബൃഹദ്‌പാരമ്പര്യത്തിനാണ്. കഥകളിയുടെ പുതിയ ഭാവുകത്വം തന്നെ പുനർനിർമ്മിച്ച ആ മഹാരഥികളുടെ തിരുശേഷിപ്പായി ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന് ആശ്വസിയ്ക്കാൻ ഇനി രാമൻകുട്ടിനായരുടെ ജീവൽസാനിദ്ധ്യമില്ല. കാലത്തിന്റെ പെരുംകോപ്പറയിലേക്കു മറഞ്ഞ ആ യുഗപ്പെരുമാളിനു മുന്നിൽ സ്മരണാഞ്ജലികൾ ! എന്നാൽ,…

  • കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്‍റെ അരങ്ങൊരുക്കം

    ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ August 30, 2013 ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും…

  • നളചരിത സംഗീതം

    ഡോ. ഓമനക്കുട്ടി January 1, 2014 ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്നുപറയുന്നത് അവിടുത്തെ സംസ്‌കാരം തന്നെയാണ്. ഏതു രാഷ്ട്രത്തിലും സംസ്‌കാരം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് പല ഘട്ടങ്ങള്‍ തരണം ചെയ്താണ്. കല സംസ്‌കാരത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗം തന്നെയാണ്. ആദിമകാലം മുതലുള്ള കലകളുടെ വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചാല്‍ പരസ്പരം പലരീതിയിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടുള്ളതായി കാണാം. അങ്ങനെ വരുമ്പോള്‍ സംസ്‌കാരം സങ്കരത്വം വഹിക്കുന്നതായി കാണാം. ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ കേരളത്തില്‍ വളരെയധികം ബാഹ്യമായ സ്വാധീനം ഉണ്ടായിട്ടില്ലെങ്കിലും ചില കലകളുടെ കാര്യത്തില്‍, കൊടുക്കല്‍-വാങ്ങല്‍…

മറുപടി രേഖപ്പെടുത്തുക