ശ്രീചിത്രന്‍ എം ജെ, എം ബി സുനില്‍ കുമാര്‍
September 12, 2011
പിന്നീട് ഞാന്‍ മറ്റൊരു വിഷയം പറഞ്ഞാല്‍, ഇത്രയും ആശാന്‍ വിശദീകരിച്ചതിലൂടെ, കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്, തെക്കന്‍ സമ്പ്രദായത്തിന്, ശരിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നും, അതിന് സ്വന്തമായ ഒരു കളരിയും അതിന്റെ രൂപവും ഉണ്ടെന്നുമൊക്കെ ആശാന്റെ ഈ വാക്കുകള്‍ കൊണ്ടു തെളിയുന്നുണ്ട്, ആശാന്റെ രംഗപ്രവൃത്തിയില്‍ നിന്ന് തെളിയുന്നുണ്ട്. പക്ഷെ വടക്കാണ് ഇപ്പോള്‍ നിലവില്‍ ഒരുപാട് കലാകാരന്മാരുള്ളതും, ഒപ്പമുള്ള വാദ്യങ്ങള്‍ക്കും പാട്ടിനും ഒക്കെ ഉള്ളതും. തെക്ക് ഇത് വേണ്ടത്ര ഇല്ലാതെ ഇരിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഈ വാദ്യകലയിലും പാട്ടിലുമൊക്കെ തെക്കന്‍ സമ്പ്രദായം അനുസരിച്ചുള്ള ഒരു ഗ്രൂപ്പ്, ഒരു സംഘം, വളര്‍ന്ന് വരേണ്ട ഒരു ആവശ്യം സത്യത്തില്‍ ഇല്ലേ? ചരിത്രപരമായി അങ്ങിനെ ഒരു ആവശ്യം ഇല്ലേ?
ഉണ്ട് എന്നുള്ളത് സത്യം. ഇവിടെ ഉണ്ടായിരുന്നു എന്നതും സത്യം. അത് നിലനിന്ന് പോകാന്‍ ഇതുപോലെ അടിസ്ഥാനമായ കലാസ്ഥാപനങ്ങള്‍ ഇല്ലാതെ വന്നതുകൊണ്ട്, ചോര്‍ന്ന് പോയി. ഇവിടെ ഒരു ഒറവങ്കര ഗോവിന്ദപ്പണിക്കര്‍ വരെ ആയിരുന്നു ചെണ്ടയുടെ ഒരു പ്രധാന ഐറ്റം. അവിടം കഴിഞ്ഞപ്പോ മുതല്‍ ഈ സമ്പ്രദായത്തില്‍ പ്രവൃത്തിക്കാനാവുന്നവര്‍ ഇല്ലാതായി. പിന്നെ മേളത്തിന് സ്വതേ ഇവിടെ.. അവിടെ (വടക്ക്) കഥകളിക്ക് അല്ലെങ്കിലും മേളത്തിന് കൂടുതല്‍ പ്രാധാന്യം ഉണ്ട്, ആ നാട്ടില്‍ ആസ്വാദകര്‍ ഉണ്ടായി. ഇവിടെ മേളത്തിനൊന്നും ആസ്വാദകര്‍ ഒന്നും ഇല്ല. അതെന്തെങ്കിലും ജാതി കൊട്ടൊക്കെ അവിടെയൊക്കെ നടക്കും എന്നല്ലാതെ, അങ്ങോട്ടുള്ള ആ ആസ്വാദനശേഷി.. അല്ല അത് കലാകാരന്മാര്‍ ഇല്ലാഞ്ഞിട്ടായിരിക്കാം. ഇപ്പൊ തന്നെ അവടത്തെ വല്യേ കലാകാരന്മാരെ വരുത്തി അവര്‍ക്കിഷ്ടം പോലെ കാശ് കൊടുത്ത്, ഇവിടെയൊക്കെ പഞ്ചാരി മേളവും, അവരുടെ മേളവും നടത്തുന്നുണ്ട്. അപ്പോ.. അത് ഇവിടെ ആളുകള്‍ ഇല്ലാഞ്ഞിട്ട് തന്ന്യാ. ആ തൊഴിലില്‍ പ്രാഗല്‍ഭ്യം ഉള്ളവര്‍ ഇല്ലാതെ വന്നതു കൊണ്ട് തന്നെ ആണ് ആസ്വാദകരും ഇല്ലാതായത്. എന്ന് തന്നെ ആണ് അതിനു പറയേണ്ടത്. കഥകളി പാട്ടും അതുപോലെ തന്നെ. കുറച്ച് പേരുടെ കയ്യില്‍ ഇങ്ങനെ നിന്ന് നിന്ന് അത് അങ്ങ് പോയി. അവര്‍.. അവരുടെ കഴിവ് മറ്റുള്ളാര്‍ക്ക് കൊടുക്കായ്കയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ ആരും അതിനെ സ്വീകരിക്കാന്‍ തയ്യാറാവായ്കയോ.. പിന്നെ അടിസ്ഥാനമായി കളരി ഉണ്ടെങ്കിലേ ഇതൊക്കെ നിലനില്‍ക്കൂ. ഗുരുകുലത്തില്‍ മാത്രം നടക്കില്ല. ഗുരുകുലത്തില്‍ നിന്ന് കുറെ ഗുണങ്ങള്‍ ഉണ്ട്. പക്ഷെ കളരികള്‍ വേണമല്ലൊ. ചൊല്ലിയാട്ടത്തിനു ഗുരു മാത്രം മതിയോ? എല്ലാം കൂടെ.. ഈ ഉപകരണങ്ങള്‍ എല്ലാം വേണ്ടേ? ആശാന്‍ തന്നെ വേറേ പഠിപ്പിക്കാന്‍ പോകുന്നതെന്തിനാ? വേറേ എവിടെയെങ്കിലും കച്ചകെട്ടിനു പോകുന്നത് ചൊല്ലിയാട്ടത്തിനു സൗകര്യം ഉണ്ടാക്കാനാ. പാട്ടും മേളവും അവര്‍ വിളിച്ച് വരുത്തും.അപ്പോ വേഷങ്ങള്‍ ചൊല്ലിയാടിക്കാന്‍ നല്ല സൗകര്യമാ. വീട്ടില്‍ വെച്ച് അതെല്ലാം ഒക്കുമോ? ഞാന്‍ ചെന്നതിന് ശേഷം ആരുവിളിച്ചാലും ആശാന്‍ പഠിപ്പിക്കാന്‍ പോകുമായിരുന്നു. അതിനു മുന്‍പ് മടിയന്‍ ആയിരുന്നു. എന്നെ നേരെയാക്കി എടുക്കുന്നതിനാണ് ആ പോയത് മുഴുക്കേ.
വാസ്തവത്തില്‍ വടക്കോട്ടുണ്ടായിരുന്നതിനേക്കാളും ചിലപ്പോള്‍ ഒരുപാട് കളിയോഗങ്ങളും..
ഒരുപാട് കളിയോഗങ്ങളും ഒരുപാട് കഥകളിയും കളരികളും ചൊല്ലിയാട്ടങ്ങളും കഥ പൂര്‍ണമായിട്ട് അവതരിപ്പിക്കലുമൊക്കെയായിട്ട് കൊട്ടാരം കഥകളിയോഗം തന്നെ ഉണ്ടായിരുന്നില്ലേ..
ഉണ്ടായിരുന്നു…
അവിടെ ഞാന്‍ ശമ്പളക്കാരന്‍ ആയിരുന്നല്ലൊ.
ഞാന്‍ പറയുന്നത് അത്രേം കളരികള്‍ നിലനിന്നിരുന്ന ഒരു നാട്ടില്‍.. കഥകള്‍ ഇപ്പോഴും ഒരു പാട് തെക്കന്‍ കേരളത്തില്‍ നടക്കുന്നുണ്ട്.. പക്ഷെ ഈ കളരി സമ്പ്രദായം വല്ലാതെ ശോഷിച്ച് പോകാന്‍ ഉള്ള..
ശോഷിച്ച് അങ്ങ് പോയി. അതിന് കാരണം ഇത് തന്നെ സ്ഥാപനം ഇല്ല. അന്ന് കാരണവന്മാര്‍, ഓരോ ഗൃഹസ്ഥന്മാര്‍, ആനയും ആട്ടവും ഉണ്ടെങ്കില്‍ അത് പ്രതാപമായി ധരിച്ചിരുന്നു. അവടെ കളരികളും ചൊല്ലിയാട്ടവും പഠിപ്പിക്കലും അങ്ങനെ ഒക്കെ നടന്നിരുന്നു. ഈ മക്കത്തായം വന്ന് ഇവിടെ നിയമം മാറിക്കഴിഞ്ഞപ്പോ കുടുംബങ്ങളെല്ലാം.. കാരണവന്മാര്‍ എല്ലാം മൂലയില്‍ ആയി. ഭൂനിയമം വന്നപ്പോഴെക്കും തീര്‍ന്നു. അപ്പോ അവരുടെ തണലില്‍ ആയിരുന്നു. നമ്പൂരിമാരുടെയും.. പിന്നെ പണക്കാരുടേയും ഒക്കെ തണലിലായിരുന്നു ഇവിടെ കളരികള്‍.. വടക്കും അങ്ങനെ തന്നെ ആണ് നടന്നിരുന്നത്. അങ്ങനെ വന്ന് വന്ന് കളരികളും ആ ജാതി രൂപവും അത്രയും അങ്ങ് നശിച്ച് പോയതാ.
പിന്നെ വടക്കോട്ടുള്ള പോലെ സ്ഥാപനങ്ങള്‍ ഇവിടെ വന്നതുമില്ല.
പിന്നെ വന്നേ ഇല്ല. ഒരു സ്ഥാപനവും ഉറച്ച് ബലമായിട്ട് വന്നില്ല. കൊട്ടാരം കഥകളി അങ്ങനെ ഇരുന്നിരുന്ന് രാജപ്രമുഖന്‍ ആയി, സ്ഥാനവുമൊക്കെ പോയി, രാജാവിന്റെ സ്ഥാനവും പോയപ്പഴത്തേക്കും, അത് അങ്ങ് ആകപ്പാടെ സുഖമല്ലാതായി ഒടുക്കം എല്ലാരും കൂടെ കൂടി അങ്ങോട്ട് അപേക്ഷിച്ചാണ് അത് പിരിച്ച് വിടാന്‍ പറഞ്ഞത്. അങ്ങനെ അവിടെ കിടന്ന് നാറണ്ടാ എന്ന് വിചാരിച്ച്. അങ്ങനെയാണ് അത് ഇല്ലാതാവുന്നത്. ഇപ്പോഴും ആ ഉത്സവം നടക്കാറുണ്ട്. ഇരുപത് ദിവസത്തെ കളി നടക്കാറുണ്ട് ആ നാടകശാലയില്‍. അത് ഒരുത്തന്‍ ലേലം പിടിക്കും അങ്ങ് കളിക്കും.
അവിടെ ആയിരുന്നു ശരിയായ ഒരു കളരി, പിന്നെ മാത്തൂരും, അമ്പലപ്പുഴയും, പിന്നെ ഇവിടെ കീരിക്കാട്ട് തോപ്പില്‍ കളിയോഗം.. അവിടെ ഒക്കെത്തനെ ചൊല്ലിയാട്ടങ്ങള്, വര്‍ഷകാലം മുഴുക്കെ ചൊല്ലിയാട്ടം, വേനല്‍ കാലം മുഴുക്കെ കളി, അതിന് കഥകളിക്കാര്‍ക്ക് എല്ലാ സൗകര്യവും ചെയ്ത് കൊടുക്കാന്‍ കാരണവന്മാര്‍. അങ്ങനെ സുഖമായിട്ട് കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ കൂട്ടത്തില്‍ അവസാനത്തെ ഒരു അഭ്യാസത്തിനൊക്കെ പോയ ഒരാളാണ് ചെങ്ങന്നൂര്‍ ആശാനുമൊക്കെ. തോപ്പിലേക്ക്. അവിടൊന്നൊക്കെ വാര്‍ത്തെടുത്തതാ ഇതൊക്കെ.
ഇതൊക്കെ തമ്മില്‍ ചെറിയ വ്യത്യാസങ്ങളുമുണ്ടായിരുന്നിരിക്കും അല്ലേ? ഈ വിവിധ..
ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കാണാം. അത്രേ ള്ളൂ
ഇത്രയും കളരികള്‍ ഒക്കെ ഉണ്ടായിരുന്ന നാട്ടിലാണ് ഈ അവസ്ഥ വന്നത്. ഞാന്‍ ഈ പറഞ്ഞത് എന്താണെന്നു വെച്ചാല്‍, ഇനിയും ഇത്തരത്തില്‍ ഒരു സാധ്യതയുണ്ടോ ഇനിയും ഇങ്ങനെ ഒരു കളരി നടന്നു വരാനോ, തെക്കന്‍ കളരിയുടെ ഒരു അന്തരീക്ഷം സ്ഥാപിക്കപ്പെടാനും ?
അത് ഇവിടെ കിടന്ന്.. ദാണ്ടെ ഇപ്പോ പകല്‍ക്കുറി കലാഭാരതി ആണ് അതിനുള്ള ഒരു സ്ഥാപനമായിട്ട് ഇരുന്നത്. അത് നിരങ്ങി നിരങ്ങി ഏതാണ്ടിങ്ങ് താഴെ ആയി. കുട്ടികളെ കിട്ടാന്‍ പാട്, പിന്നെ അതിനു ചുറ്റുപാടുകള്‍.. ഒരു വല്യേ പാടാ ഒരു കളരി .. ഇങ്ങനെ ഗവണ്മെന്റിന്റെ ബലത്തില്‍തന്നെ വന്നാലേ.. കലാമണ്ഡലം ഉറച്ച് നില്‍ക്കുന്നത് അതാ.. മഹാകവി തന്നെ എന്തിനാ രാജാവിന്റെ കയ്യില്‍ കൊടുത്തേ ? കുട്ടിച്ചോറാവുമോ എന്ന് ഭയന്നാ. കൊച്ചി രാജാവിന്റെ കാലുപിടിച്ച് ഗവണ്മെന്റിന്റെ ആക്കീയതേയ്.. അതുകൊണ്ടാ ഇന്ന് കലാമണ്ഡലം, കലാമണ്ഡലം ആയിട്ട് നില്‍ക്കുന്നേ. പിന്നെ കോട്ടയ്ക്കല്‍ എന്ന് വെച്ചാല്‍ അത് വേറെ ഒരു രൂപമാ. അവിടെ പിന്നെ അവിടത്തെ വരുമാനത്തിന്റെ ഇത്ര ശതമാനം അതിന് എന്നും പറഞ്ഞ് എഴുതിവെച്ചതല്യോ. അതുകൊണ്ട് അത് ഒരുകാലത്തും ഉടയാന്‍ ഒക്കൂല. അങ്ങനെ ഗുണമുള്ള രണ്ട് മൂന്ന് കളരികള്‍ അവിടെ വന്നു. അതുകൊണ്ട് അടിസ്ഥാനമായ രൂപത്തില്‍ ബലമായി പാട്ടും മേളവും വേഷക്കാരേക്കാളും കൂടുതല്‍.. കലാമണ്ഡലത്തിലും ഇപ്പോള്‍ തന്നെ.. ഇറങ്ങുന്ന കുട്ടികളില്‍ തെക്കന്‍ കളരിയിലെ കുട്ടികളാ ജനങ്ങള്‍ക്ക് പ്രിയമായിട്ടും ബലമായിട്ടും നില്‍ക്കുന്നേ. കളരികള്‍ കൂടുതല്‍ ഉണ്ട്.. ആശാന്മാരൊക്കെ ഉണ്ട്.. ആശാന്മാരെല്ലാം പിള്ളാരല്യോ. പിള്ളാരും സെറ്റ് ആയി പോയില്യോ.. ആ ഒരു കാലത്തിന്റെ പ്രൗഢി അങ്ങ് പോയില്യോ..
അല്ല കലാമണ്ഡലം കളരിയുടെ ഒരു കാലത്ത്..ഒരു വലിയ ആശാന്മാരുടെ ഒരു..
അയ്യാ എന്തായിരുന്നു! രാമന്‍കുട്ടിനായരും, പദ്മനാഭന്‍ നായരും, കുഞ്ചുവാശാനും അങ്ങനെ അങ്ങനെ നമ്പീശനും പൊതുവാളും ഒക്കെ കൂടെ നിന്നാ ഒരു ഒരു കാലം. അല്ല എല്ലടത്തും ഉണ്ട് അത്. ഇവിടെ തന്നെ ചെങ്ങന്നൂരാശാനും കൃഷ്ണന്‍ നായരും മാങ്കുളവും പിന്നെ ചമ്പക്കുളവും കുടമാളൂരും ഒക്കെ നിരന്ന് ഇങ്ങനെ, കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാനും നിരന്ന് നടന്ന കുറേ കാലത്തെ രംഗങ്ങള്‍ ആലോചിച്ചാല്‍..
അല്ല, തെക്കന്‍ കളരിയുടെ ഒരു ആചാര്യന്‍ എന്ന നിലയില്‍ ആശാന്‍ എങ്ങിനെയാണിതിന്റെ ഒരു ഭാവി കാണുന്നത്? ഈ ഒരു കളരി സമ്പ്രദായത്തിന്റെ ഭാവി?
ഭാവി.. ഇതിപ്പോ ബലമായി കലാമണ്ഡലത്തില്‍ തന്നെ പിടിച്ച് നിര്‍ത്താനേ ഒക്കൂ. വേറേ എവിടെ നടന്നാലും അത് അങ്ങ്ട് നേരെ ആവൂലാ. കലാമണ്ഡലത്തില്‍ തന്നെ ബലപ്പിക്കുകാ എന്നതാണ് ഈ തെക്കന്‍ കളരിയും.. അതേ സാധിക്കൂ. ഇവിടൊക്കെ കിടന്ന് നിരങ്ങ്വാ. മാര്‍ഗിയില്‍ പിന്നെ ഒന്നൂല്ല. അവിടെ നിന്ന് പഠിച്ച് വരുന്നവരെ അവിടെ സ്റ്റൈപ്പന്റ് കൊടുത്ത് നിര്‍ത്തി വേഷങ്ങള്‍ കെട്ടി കുറെ കളി പിടിക്വാ എന്നുള്ളതേ ഉള്ളൂ മാര്‍ഗി. കലാഭാരതീലാണെങ്കിലും നല്ലനിലേലൊരു അഭ്യാസം നടന്നു പോവാനുള്ള ചുറ്റുപാട് അങ്ങോട്ട് ഒരു തരത്തിലും ഉണ്ടാവുന്നില്ല. ഞാന്‍ കിടന്ന് വിഷമിക്ക്വാ. അപ്പോ പിന്നെ കലാമണ്ഡലത്തിന്റെ തെക്കന്‍ കളരി ബലപ്പിച്ച് നിര്‍ത്ത്വാന്നുള്ളതേ ഉള്ളൂ ഇനി ഇതിന്റെ ഭാവി. അതേതായാലും..
ഞാന്‍ കാരണമാണ് അവിടെ തെക്കന്‍ കളരി ഉണ്ടായത് അത് അറിയാമാ? അവിടെ തെക്ക് നിന്നും വടക്ക് നിന്നും ഓരോ ആശാന്മാര്‍ എന്നായിരുന്നു കലാമണ്ഡലത്തിന്റെ തീരുമാനം. അങ്ങനെ ആണ് ശിവശങ്കരപ്പിള്ള ആദ്യം പോയത്. അവിടെ ചെന്ന് അങ്ങേര്‍ വടക്കന്‍ കളരിയിലെ പിള്ളേരെ കൊണ്ട് പോയി മുറിയില്‍ കൊണ്ടു വെച്ച് പഠിച്ചേച്ച് അത് കൊണ്ട് ചെന്ന്.. തെക്കന്‍..ഈ അങ്ങോര്‍ക്ക് കൊടുത്ത കുട്ടികള്‍ക്ക് ആ വടക്കന്‍ സമ്പ്രദായം തന്നെ പഠിപ്പിച്ചോണ്ടിരുന്നു. അങ്ങേരത് കളഞ്ഞിട്ട് പോന്ന് കഴിഞ്ഞപ്പോ പിന്നെ എന്നെ വിളിച്ചു. ഞാന്‍ അവിടെ ചെന്നു. എനിക്ക് വടക്കന്‍ സമ്പ്രദായം അറിയില്ലല്ലൊ. അപ്പോ നമ്മടെ രാമചന്ദ്രന്‍ ഉണ്ണിത്താനും തുടങ്ങിയ ഒരു മൂന്ന് നാല് പിള്ളാരായിരുന്നു. ഇവരെ ശിവശങ്കര ചേട്ടന്‍ ഇട്ട് ഇങ്ങനെ മെഴക്കി ഇട്ടിരുന്നതാ. എന്റെ കയ്യിലോട്ട് തന്നു. ഞാന്‍ ഈ സമ്പ്രദായത്തില്‍ അവരെ അങ്ങനെ പഠിപ്പിക്കാന്‍ തുടങ്ങി, രണ്ടാമത്തെ വര്‍ഷം. അപ്പോ അടുത്തവര്‍ഷം, മൂന്നാമത്തെ വര്‍ഷമാണ്, മൂന്നാം വര്‍ഷത്തില്‍ തോറ്റാല്‍ പിന്നെ അവിടെ പഠിക്കാന്‍ വിഷമമാണേയ്. കുറെ ആയപ്പോ അവര്‍ ഭയക്കാന്‍ തുടങ്ങി. മൂന്നാം കൊല്ലം നിങ്ങള്‍ക്ക് ഒന്നും ആകാതെ വന്നാല്‍ തോറ്റുപോവുക, അങ്ങനെ കുറെ പറഞ്ഞ് ഉത്സാഹിപ്പിക്കാനും ആ മറ്റേ കളരിക്കാരും ഉണ്ടല്ലോ. ഗോപി മുതല്‍, ഗോപിയുമുണ്ട് അതിന്റെ പിന്നില്‍. ഇവരൊക്കെ കൂടെ ഇട്ട് ഇവരെ വിരട്ടി. ഇവര്‍ എം.കെ.കേയുടെ പേരില്‍ എഴുതി കൊടുത്തു, ഞങ്ങള്‍ പഠിക്കാന്‍ വന്ന സമ്പ്രദായം മതി. ഞങ്ങളൊക്കെ വടക്കന്‍ കളരിയില്‍ പഠിക്കാനാണ് വന്നത്, ആ സമ്പ്രദായം തന്നെ ഞങ്ങള്‍ക്ക് വേണം എന്ന് അവര് പറഞ്ഞ്.. എം.കെ.കെ. ആണ് അന്ന് ചെയര്‍മാന്‍. ഒരു ദിവസം ഓര്‍ക്കാപ്പുറത്ത് അദ്ദേഹം കേറി വന്നിട്ട് നമ്പീശന്‍.. കുഞ്ചുനായരാശാനും ഞാനും കൂടെ അവിടെ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ കേറി വന്നു. “ആശാനെ, വാസുദേവന്‍ നായരുടെ കളരിയിലെ കുട്ടികളെ വടക്കന്‍ കളരിയിലേക്ക് കൊടുത്തേക്കണം. അവരുപറയുന്നതിലും ന്യായമുണ്ട്. അടുത്ത് വര്‍ഷം പരസ്യം ചെയ്ത് തെക്കന്‍ കളരിക്ക് കുട്ടികളെ എടുത്തോളാം . അതുവരെ വാസ്വേവന് ക്ഷീണം വരാതെ നോക്കിക്കോളണം.” എന്നും പറഞ്ഞിട്ട് എം.കെ.കെ പോയി. അന്ന് മുതല്‍ കുഞ്ചുവാശാന്റെ കളരിയില്‍ പോയിരുന്ന് ഈ കോട്ടയം രാമകൃഷ്ണന്‍ ഇല്യോ രാമകൃഷ്ണനേയും, പിന്നെ ഒരു ഗോപിനാഥന്‍ – എറണാകുളത്ത് ഡാന്‍സ് ഒക്കെ ആയിട്ട്, ഒരു കൊച്ചു വാരര്‍, ഒരു അഞ്ചാറെണ്ണമുണ്ട് ആശാന്റെ ഒന്നാം കളരിയില്‍.. ആശാന്‍ പറയും – ആ വാരര്‍ടെ ഒരു ശൗര്യഗുണം. അവര്‍ടെ ഇന്ന – ഇങ്ങനെ ഓരോന്ന് പറഞ്ഞ് കൊടുക്കും. ഞാനവിടാശാന്റെ കസേരയില്‍ ചെന്ന് ഇരിക്കും താളവും വെച്ച് കൊണ്ട്.. (ചിരിക്കുന്നു) ഞാനവരെ ഒന്നും ചെയ്യിക്കുന്നത് ശരിയല്ലല്ലൊ. അങ്ങനെ ആശാന്റെ പേരിലവിടെ ഇരിക്കും, അവര് ചൊല്ലിയാടും, ഒക്കെ കണ്ടോണ്ടിങ്ങനെയിരിക്കും, അങ്ങനെ ആ വര്‍ഷം.. പിന്നെ പരസ്യം ചെയ്ത് എടുത്തതാണ് രാജശേഖരനേയും, പ്രസന്നനേയും, ഒരു മോഹനനേയും – മൂന്ന് കുട്ട്യോളെയാണ്. മൂന്ന് കുട്ട്യോളും നല്ലതുമായിരുന്നു. മോഹനനും ഇവനും കൂടെ ഉള്ള കുമ്മിയൊക്കെ അന്ന് വല്യേ ഹരമായിരുന്നു ആളുകള്‍ക്ക്, ഉത്തരാസ്വയംവരത്തിലെ.. മോഹനന്‍ അത് കഴിഞ്ഞ്, കഥകളിയൊക്കെ വിട്ട് വേറേ പഠിക്കാന്‍ പോയി, എന്തൊക്കെ ആയി.. വൈക്കത്തിനടുത്തുള്ളതാ.. അതിനെ പിന്നെ ഇടക്കൊന്നും കാണാറുമില്ല.. അങ്ങനെ ആണ് അവിടെ തെക്കന്‍ കളരി എന്ന് പരസ്യം ചെയ്ത് കുട്ട്യോളെ എടുക്കുക, ആ തെക്കന്‍ കളരിയുടെ ആശാന്‍ ഞാനുമായിരുന്നു. എനിക്ക് വേണ്ടി ആയിരുന്നു തെക്കന്‍ കളരി ഉണ്ടായത്. അല്ലെങ്കില്‍ രണ്ട് ആശാന്മാര്‍ തെക്കുന്നും വടക്കുന്നും എന്ന് പറഞ്ഞോണ്ട് വെച്ചാല്‍ എങ്ങന്യാ .. (ചിരിക്കുന്നു) അപ്പൊ സാഹചര്യം വന്നു. അങ്ങനെ കളരി ഉണ്ടായി. അതാണ് തെക്കന്‍ കളരി ഇപ്പോ അവിടെ ഒരു ബലത്തില്‍ അവിടെ നില്‍ക്കുകയാ. അത് ബലപ്പിച്ച് കൊണ്ടുപോവാന്‍ കഴിയും. കൊള്ളാവുന്ന രണ്ട് മൂന്ന് പിള്ളേര്‍, ഇപ്പോ കേറിയ അദ്ധ്യാപകരും കൊള്ളാം. രവി ഏതായാലും കൊള്ളാം. മറ്റേ മനോജ് ഉണ്ടല്ലോ, തൃശ്ശൂര്‍ക്കാരന്‍ . ആ മനോജ് .. ഒളരി മനോജ്.. മനോജ് തെക്കന്‍ കളരിയിലെ ആശാനാ. പിന്നെ ഇപ്പോ പിള്ളാരെ ഒന്ന് രണ്ടെണ്ണം.. ആ ഹരി ആര്‍ നായരും, ഈ അനില്‍ കുമാറും.. ഇവരു രണ്ട് പേരും ടെമ്പററി ആയിട്ട് അവിടെ ക്ലാസിനു പോകുന്നുണ്ട്. ഇതെല്ലാം രാജശേഖരന്റെ ശിഷ്യന്മാര്‍ ആണ്, അവിടത്തെ കളരിയിലെ. പോരാത്തതിന് ഞങ്ങള്‍ക്ക് നിയന്ത്രിക്കാനും കഴിയും. എനിക്കും അവനും നിയന്ത്രിക്കാനും കഴിയും, പിള്ളേരേയ്. ആ കളരി അവിടെ ബലത്തില്‍ നിര്‍ത്താന്‍ അതേ ഉള്ളൂ ഇനി ഒരു വഴി. ഇവിടെ ഒന്നും കിടന്ന് നിരങ്ങീട്ടും, മാന്തീട്ടും യാതൊരു പ്രയോജനവും ഇല്ല. വിഷമിക്കുകയാ.
ഏതായാലും ഒരു മഹാപാരമ്പര്യം, എന്താപറയുക, ഈച്ചരപ്പിള്ള വിചാരിപ്പുകാരോ.. എന്ന് പറയാവുന്ന ഒരു മഹാ പാരമ്പര്യത്തിന്റെ അവസാന കളരി ഈ ക്ഷീണം നേരിടുന്നു എന്നുള്ളതാണ് വാസ്തവത്തില്‍ കഥകളിയില്‍ ഏറ്റവും വലിയ ദുഃഖകരമായ ഒരു കാര്യം എന്ന് തോന്നുന്നു. ഇനിയും അനവധികാലം ഈ കളരിക്ക് ആയുസ്സുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു, കഥകളിയില്‍ ഇങ്ങനെ പല കളരികള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം ആശാനെ പോലുള്ള ഒരു മഹാചാര്യനെ കുഞ്ചുനായര്‍ ട്രസ്റ്റിനു വേണ്ടി ഇന്റര്‍വ്യൂ ചെയ്യാന്‍ കഴിഞ്ഞതില്‍ ഉള്ള വലിയ സന്തോഷം രേഖപ്പെടുത്തുന്നു.
പ്രധാന അഭിമുഖത്തിനു ശേഷം, ആശാനോടും അദ്ദേഹത്തിന്റെ പത്നിയോടും ഒപ്പം അല്പ സമയം ചിലവഴിച്ചപ്പോള്‍.
(ആശാന്‍) നമസ്തേ.
ആശാന്റെ വിവാഹം ഒക്കെ നടക്കുന്ന കാലം ഒന്ന് പറയാമോ?
ചെങ്ങന്നൂര്‍ ആശാന്റെ കൂടെ അല്ലേ ജീവിതം. ഒരു പത്ത് മുപ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞാണ് കല്യാണത്തിനെ പറ്റിയുള്ള ആലോചന തന്നെ. അതുവരെ കഥകളിയേ ഉള്ളൂ എനിക്ക്. കല്യാണമൊന്നും ആലോചിക്കാന്‍ നേരമില്ല. ആ കൂട്ടത്തില്‍ ഇവിടെ എന്റെ ബന്ധപ്പെട്ടവരൊക്കെ കുറെ അങ്ങും ഇങ്ങും ഒക്കെ ആലോചനകളൊക്കെ നടത്തി. അപ്പോ ആശാന്‍ തീരുമാനിച്ചതാണ് (ഭാര്യയെ നോക്കുന്നു). നമ്മക്ക് ഇങ്ങനെ ഒരു കുട്ടീണ്ട് എന്ന് പറഞ്ഞിട്ട് ആശാന്റെ ഭാര്യ തന്ന്യാ ഇവളെ പോയി.. (ചിരിക്കുന്നു) അന്ന് മഹാ നാടകമാ. ഞാന്‍ അങ്ങോട്ട് പോവുകയല്ല, അവളെ ഇങ്ങ് കൊണ്ടുവരുകയാ എന്നെ കാണിക്കാന്‍. അമ്മ പോയി അവളെ വിളിച്ചോണ്ട് വരുകയാ, ബന്ധുക്കളാണല്ലൊ. അങ്ങനെ ആണ് ഞങ്ങള് പെണ്ണുകാണല്‍ തന്നെ. അങ്ങനെ വിവാഹം കഴിഞ്ഞു. ആശാന്റെ വളരെ അടുത്ത ബന്ധത്തില്‍ ഉള്ള കുട്ട്യാ. ആശാന്റെ കൊച്ചുമകളുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ മകളാണിവള്.
ഏത് വര്‍ഷത്തില്‍ ആയിരുന്നു വിവാഹം ?
വിവാഹം.. എനിക്ക് മുപ്പത്തിയഞ്ച് വയസ്സ് . അപ്പൊ ഏതാണ്ട് അമ്പത് അമ്പത്തൊമ്പതിലോ, അറുപത്, അറുപത്തിനാലിലോ, അറുപത്തിരണ്ടിലോ, എങ്ങാണ്ട് ആയിരിക്കണം.
അന്നത്തെ നിലക്ക്, ഒരു കഥകളി നടനെ വിവാഹം കഴിക്കുക എന്നൊക്കെ ഉള്ളത്, എന്താ പറയുക, ഇഷ്ടായിട്ട് കല്യാണം കഴിച്ചതായിരുന്നോ ചേച്ചി, അന്നത്തെ ഒരു അവസ്ഥയില് ?
(ആശാന്‍) അതൊന്നും അറിഞ്ഞുകൂടാ, ഒന്നും അറിഞ്ഞു കൂടാ.
(ആശാന്റെ ഭാര്യ) എനിക്കതൊന്നും അറിയത്തില്ലായിരുന്നു.
(ആശാന്‍) അവളുടെ അച്ഛനു കഥകളിയുമായിട്ട് വല്യേ ബന്ധമുണ്ട്. അച്ഛന് വല്യേ ഇഷ്ടമായിരുന്നു കഥകളിയൊക്കെ. പിന്നെ മരുമോന്‍ കഥകളിക്കാരനായപ്പോ അതിനേക്കാളും ഇഷ്ടായി. അച്ഛന് വല്യേ ഇഷ്ടമായിരുന്നു. കഥാപ്രസംഗം അങ്ങിനെയുള്ളതിനോടൊക്കെ ചെറിയ ഇഷ്ടമുണ്ടായിരുന്നു. അത്രയൊക്കെയെ ഉള്ളൂ, അവര്‍ അന്നത്തെ രീതിയല്ലേ, കുട്ട്യോളല്ലേ ?
അതെയതെ. പക്ഷെ, ഒരു കഥകളിക്കാരനെ ആണ് കല്യാണം കഴിക്കാന്‍ പോകുന്നത് എന്ന് അറിയുമ്പോഴേയ്, അവിടെ (വടക്ക്) എല്ലാം അതൊരു പ്രശ്നമായിരുന്നു, അന്നത്തെ കാലത്ത്.
(ചിരിക്കുന്നു, ഭാര്യയെ നോക്കുന്നു) വിഷമം ഒന്നും ഇല്യാ.. കുറ്റകരായീട്ട് ഇങ്ങനെ ഓരോന്നിങ്ങനെ പറയും. ഞാന്‍ നല്ല പ്രായാ, ഒരു കെള നരയുമുണ്ട് അന്ന്. എനിക്ക് മുപ്പത്തിയഞ്ച് വയസ്സില്ലേ.. പതിനേഴ് പതിനെട്ട് വയസ്സാവുന്നേ ഉള്ളായിരുന്നു (ഭാര്യയെ ചൂണ്ടി). വല്യേ അന്തരമുണ്ട്.
എപ്പോഴാ കുട്ടികള്‍, പിന്നീട് കുട്ടികള്‍ ഉണ്ടാവുന്നത്, മൂത്ത മകന്‍.. കുട്ടികളെ പറ്റി ഒന്നു പറയൂ.
കുട്ടികള്. രണ്ട് വര്‍ഷമോ മറ്റോ കഴിഞ്ഞാ അല്ലേ (ഭാര്യയെ നോക്കുന്നു).
അവര്‍ എന്താണ് ചെയ്യുന്നത് ?
ആദ്യത്തേത് മകന്‍. രണ്ടാമത് ഒരു പെണ്‍കുട്ടി, അതിനടുത്തതും ഒരു പെണ്‍കുട്ടി. ഇങ്ങനെ മൂന്ന് പേരാണ്. മൂന്ന് മക്കള്.
പേരൊന്ന് പറയാമോ മൂന്ന് പേരുടേയും പേര്‍?
മൂത്ത മകന്റെ പേര്‍ മധു. സുഗുണന്‍ എന്ന് പറയും, മധു എന്നേ വിളിക്കാറുള്ളൂ.
എന്താണ് ചെയ്യുന്നേ ഇപ്പോള്‍ അദ്ദേഹം ?
അദ്ദേഹം എയര്‍ഫോഴ്സില്‍ ആയിരുന്നു, മെഡിക്കല്‍ ആയിരുന്നു. അതിന് പെന്‍ഷന്‍ ആയി, അങ്ങനെ ബാംഗളൂരില്‍ ഒരു കമ്പനിയില്‍ കയറിയിരിക്കുകയാ. അവിടെ ഫ്ലാറ്റുമൊക്കെ വാങ്ങി കൂടുംബമായിട്ട് അവിടെ താമസിക്കുന്നു.
അതിന്റെ അടുത്ത ആള്‍ എമ്മേയും ജേര്‍ണലിസ്റ്റും കമ്പ്യൂട്ടറും അത്രയും ഉണ്ട്. പക്ഷെ ജോലി ഒന്നും ഇല്ല. പത്രത്തിലൊക്കെ ചെലതൊക്കെ എഴുതികൊണ്ടിരുന്നു.. പിന്നെ അവളെ വിവാഹം ചെയ്തിരിക്കുന്നത്, കിരണ്‍ പ്രഭാകരന്‍ എന്ന് പറയും. അദ്ദേഹം അമൃതാ ടി.വിയിലെ, അവിടത്തെ ചാനലിലെ ഉദ്യോഗസ്ഥനാ. ഇവളതിന്റെ.. ഹിന്ദി.. പുരാണ കഥകള്‍ എല്ലാം ഉണ്ടല്ലൊ, ഭാരതം, രാമായണം ഇങ്ങനെ. അതിന്റെ എല്ലാം തര്‍ജ്ജമ ചെയ്ത് കൊടുക്കുന്ന ജോലിയാണ് മകള്‍ക്ക്. അവര് കുടുംബമായിട്ട് തിരുവനന്തപുരത്ത് താമസിക്കുന്നു.
പേര് ?
മിനി.. മിനിയെന്ന് മാത്രെ പറയാറുള്ളൂ.. മിനി കിരണ്‍..
മൂന്നാമത്തെ ആള്‍?
മൂന്നാമത്തത് ഗംഗാ തമ്പി എന്ന് പറയും. അവള്‍ ഇവിടെ നിന്ന് പ്രി യൂണിവേഴ്സിറ്റി പാസ്സ് ആയി അഡയാര്‍ കലാക്ഷേത്രയില്‍ ഭരതനാട്യത്തിനു കൊണ്ടേ ചേര്‍ത്തി. അവിടെ പി.ജി കഴിഞ്ഞ്, അതിനിടക്ക് തന്നെ അവള്‍ ബി.എ എഴുതി എടുത്തു, പിന്നെ എം. എ എഴുതി എടുത്തു. അവളവിടത്തെ പി ജി കഴിഞ്ഞ് അവിടത്തെത്തന്നെ സ്റ്റാഫ് ആയിട്ട്, അങ്ങനെ പ്രൊഫസര്‍ ആയി അവിടെ തന്നെ ജോലി എടുക്കുന്നു. അഡയാര്‍ കലാക്ഷേത്ര – വല്യേ പ്രസിദ്ധമാണ്. അവിടത്തെ ഭരതനാട്യം. ദാ (ചുവരില്‍ തൂക്കിയ ഫോട്ടോയിലേക്ക് ചൂണ്ടികാണിക്കുന്നു.) പിന്നെ ശ്രീ ശ്രീയുടെ (രവിശങ്കര്‍) അടുത്ത ആളുമാണ്. അവള്‍ടെ ഐറ്റം തന്നെ ഉണ്ട് പലയിടത്തും കോഴ്സിന്.
ആശാനിങ്ങനെ ഒരു പദ്മഭൂഷണ്‍ ഒക്കെ കിട്ടുന്ന നിലയില്‍, കഥകളിയിലത്തെ വലിയൊരു മഹാചാര്യനായിത്തീരും എന്നൊക്കെ അന്ന് പ്രതീക്ഷിച്ചിരുന്നോ? അതൊക്കെ വലിയൊരു സന്തോഷാണ്ടാകണ കാര്യല്ലെ?
(രണ്ട് പേരും ചിരിക്കുന്നു.)
(ആശാന്റെ ഭാര്യ) പ്രതീക്ഷിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിഞ്ഞുകൂടാ. കിട്ടിയപ്പൊ വല്യേ സന്തോഷം.
കഥകളിയില്‍ ഇങ്ങനെയുള്ള ഒരു.. എപ്പോഴെങ്കിലും കിട്ടുന്ന വരദാനം ഒക്കെയായിട്ടുള്ള ഒരു വലിയ ആചാര്യന്‍.
(ആശാന്റെ ഭാര്യ) അങ്ങനെ എല്ലാര്‍ക്കും കിട്ടുന്നതുമല്ലല്ലൊ.
(ആശാന്‍) എല്ലാം ഓര്‍ക്കാപ്പുറത്താണല്ലൊ. (ചുമരില്‍ രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്ന ഫോട്ടോ നോക്കി ചൂണ്ടി കാണിച്ച്) ഇത് തന്നെ.. എം.കെ.കേയുടെ കാലം കഴിഞ്ഞു, എനിക്ക് പറയാനും ആരുമില്ല, നമുക്ക് കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അവാര്‍ഡ്.. എനിക്ക് പറയാനും ആരും ഉള്ള സാഹചര്യമില്ലാത്ത അന്തരീക്ഷമാ ഇപ്പൊ. ആരുടെയും പുറകേ പോയി പറയുന്ന പ്രകൃതം ഇല്ലല്ലൊ. അതാ ഞാന്‍ പറയുന്നത്, അവാര്‍ഡുകള്‍ തേടിയെത്തണം എന്ന് പറയുന്നോനാ. അതിന്റെ പുറകെ പോകുന്നോരോട് എനിക്ക് യാതൊരു ബഹുമാനോം ഇല്ല, അങ്ങനെ ഉള്ള അവാര്‍ഡ് വേണ്ടാതാനും എന്ന് ഓപ്പണായിട്ട് പറഞ്ഞിട്ടോള്ളോനാ ഞാന്‍. അങ്ങനെ ഒരുപാട് കാലങ്ങളായി ഞാന്‍.. നമുക്ക് വേണ്ടി പറയാന്‍ എം.കെ.കെ നായര്‍ ഉണ്ടായിരുന്നെങ്കില്‍ ചെലപ്പോ അത് നടന്നേനേ. അദ്ദേഹത്തിന് എന്നെ സമ്മതമായിരുന്നല്ലോ. ഡല്‍ഹീലൊക്കെ പറഞ്ഞാലും അംഗീകരിക്കുമല്ലൊ. അങ്ങനെ ഇരുന്ന ഒരു തിരുവിന്.. അന്ന് ഭരതനാട്യക്കാരി (ചുവരിലെ മകളുടെ ഫോട്ടോ ചൂണ്ടി കാണിച്ച്) ഇവിടെ ഉണ്ടായിരുന്നു. അവള്‍ വെക്കേഷന്‍ ആയി വന്നപ്പോഴാ.. ഒരൂസം ഇങ്ങനെ ഇരുന്നപ്പോ പോസ്റ്റ്മാന്‍ അവിടെ വന്ന് കണ്ടു.. അവള്‍ ഓടി പോകുന്നത് കണ്ടു.. ഒപ്പിട്ടെന്തോ വായിച്ചു, തുറന്ന് വായിച്ച് , “അച്ഛാ അച്ഛനാ അവാര്‍ഡ് “എന്നും പറഞ്ഞൊണ്ട് ഒറ്റ ഒരു ഓട്ടമാ. കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് എനിക്ക് വേണ്ടി പ്രഖ്യാപിച്ചത് അറിയുന്നത് അങ്ങനെയാ. നമുക്ക് നേര്‍ത്തെ കിട്ടൂന്ന് ഓര്‍ത്തോണ്ട് ഇരുന്നാല്‍ എന്ത് ഗുണമുണ്ട്? എനിക്കപ്പോഴൂമില്ല ചാട്ടോം എളക്കോന്നും. ആ, സന്തോഷം.
പദ്മഭൂഷണിന്റെ കാര്യം എങ്ങന്യാ ആശാന്‍ അറിയുന്നത്?
അതാണ്ട്.. ഇവിടേ ഒരു.. പദ്മഭൂഷണ് അപ്പോ ഒരു.. രാമന്‍കുട്ടി ആശാനും ഗോപിക്കൊക്കെ ഇങ്ങനെ കിട്ടീട്ട്‌ണ്ട്. അപ്പോ പിന്നെ ചെലരൊക്കെ പറയും തെക്ക് ഉള്ള വല്യോരു ആശാനാ ആശാന്‍, ആശാനു ഇനി എന്നെങ്കിലും പദ്മശ്രീ കിട്ടുമായിരിക്കും, എന്നൊക്കെ പറയുന്നുണ്ട്. ആവോ, കിട്ടുന്നെങ്കില്‍ കിട്ടട്ടെ, കിട്ടണ്ടതാണെങ്കില്‍ കിട്ടും, അത്രേ ഉള്ളായിരുന്നു എന്റെ മനസ്സിലേ. അതിനിടക്ക് മനോരമയില്‍ ഒരു ന്യൂസില്‍ കൊറെ പേരുടെ പേരുണ്ടായിരുന്നു. അതില്‍ എന്റെ പേരും അവിടെ പട്ടികയില്‍ ഉണ്ടെന്ന്.. അത്രേ തള്ളിപ്പോയി, അവര്‍ കാണിച്ച് മുപ്പത്തിയാറ് പേരില്‍ അത്രേം തള്ളിപ്പോയി. പേപ്പറില്‍ ഉണ്ടായിരുന്നു. അവര്‍ അവിടെ നിന്ന് എങ്ങനെ കളക്റ്റ് ചെയ്തതെന്ന് അറിയാന്മേല. പ്രഖ്യാപിക്കുന്നതിന് കുറച്ച് ദിവസം മുന്‍പേ. ആരോ മനോരമയില്‍ ആശാന്റെ പേര്‍ അതിന്റെടയില്‍ കണ്ടു എന്ന് പറഞ്ഞു. അപ്പ്.. വല്ല പദ്മശ്രീ നമുക്കും കിട്ട്വോളെ ഊവേ.. എന്ന് ഞാനിങ്ങനെ തമാശയും പറഞ്ഞു. അത് കഴിഞ്ഞ് ഇവിടെ ടൂറിസത്തിന്റെ ഒരു കളി ഉണ്ടായിരുന്നു കനക്കുന്ന് കൊട്ടാരത്തില്‍. അവിടെ ചെന്ന എന്റെ..അന്ന് ദുര്യോധനവധമാ, എന്റെ ദുര്യോധനനാ. ഞാന്‍ വേഷം തീര്‍ന്നോണ്ടിരിക്കുമ്പോ ചുട്ടി ഇടീച്ച് മൊഖത്തെന്തോ പണിഞ്ഞോണ്ടിരിക്കുമ്പോ എന്റെ രണ്ടാമത്തെ മകള്‍ടെ ഭര്‍ത്താവ്.. കിരണ്‍ പ്രഭാകര്‍ എന്ന് പറഞ്ഞില്ലേ.. കിരണ്‍.. അമൃത ചാനലില്‍ ആണല്ലൊ. അവന്‍ വന്ന് പറഞ്ഞു. “അച്ഛാ അച്ഛന് പദ്മശ്രീ ഉണ്ടെന്ന്”. ങ്‌ഹാ. ഹാ സന്തോഷം.. എന്റെ ജോലി വേറേയല്ലിയോ.. (മുഖത്ത് തേക്കുന്നതായി കാണിക്കുന്നു).. കുറെ കഴിഞ്ഞപ്പോ കാണാം അവിടന്നും ഇവിടന്നൊമൊക്കെ പത്രക്കാര്‍ വരുന്നു.. അവിടെ നിന്നേ ഒരു മിനുട്ട് അരമിനുട്ട്. ഞാന്‍ പറഞ്ഞു.. അയ്യോ ഒന്നും വേണ്ട. എനിക്കെന്റെ വേഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ എത്ര മണിക്കൂര്‍ വേണമെങ്കില്‍.. നമുക്ക് സംസാരിക്കാം… അങ്ങനെ പലരും വന്ന് പറഞ്ഞു “പദ്മഭൂഷണ്‍ ആണ്“. ഓഹോ, എന്നാ അതിലും സന്തോഷം.. ഇതൊന്നും ആസ്വദിക്കാന്‍ എനിക്ക് നേരമില്ല, എന്റെ ദുര്യോധനനാ അപ്പോഴേയ്. ഞാന്‍ അവിടോട്ടിരിക്കുകയല്യോ അടുത്ത ആറ് മണിക്ക് ചെന്നിട്ട്.. ആദ്യം കേറുന്ന വേഷമല്യോ.. പിന്നെ അവര്‍ എല്ലാരും കൂടെ വന്ന് ബഹളം കൂട്ട്യപ്പോ.. കളക്റ്റര്‍ ശ്രീനിവാസന്‍ ഉണ്ട്. ശ്രീനിവാസന്‍ വന്ന് പറഞ്ഞു. ആശാനൊക്കെ പഴേ ആളുകളാ. വേഷം കെട്ട്യാല്‍ സംസാരിക്കത്തില്ല. ആശാന്‍ വെള്ളം പോലും കുടിക്കത്തില്ല. അപ്പോ ആശാന്റെ അടുത്ത് നിങ്ങള്‍ ശല്യം ചെയ്യരുത്. വേഷം കഴിഞ്ഞ് ആശാന് എത്രമണിക്കൂര്‍ വേണമെങ്കില്‍ ഇവിടെ വന്ന് ഇരുന്ന് തരാം എന്ന് ആശാന്‍ പറഞ്ഞു. അങ്ങനെ അവരൊക്കെ ഒന്ന് ഒഴിവാക്കി. അങ്ങനെ ആണ് ആദ്യമേ ഈ ഒരു സംഭവം അറിയുന്നത്.
പേപ്പറില്‍ ആദ്യം പദ്മശ്രീ എന്ന് ആയിരുന്നു വന്നിരുന്നത്.
.. ഉം, പദ്മശ്രീ എന്നും പറഞ്ഞു…
പക്ഷെ ഇതിനെക്കാളൊക്കെ വലുത് കഥകളിയാണ് എന്ന് ആണ് ആശാന്‍ അപ്പോഴും തെളിയിക്കുന്നത്.
കഥകളിയല്യോ.. എനിക്ക് പദ്മഭൂഷണ്‍ തന്നത് എന്തിനാ? .. വാസ്യേവന്.. വാസ്യേവന്‍ നായര്‍ക്കല്ല തന്നേ. കഥകളിക്കാ തന്നേ. അപ്പോ നമ്മള്‍ ആ കഥകളിയോടുള്ള ഭക്തികൊണ്ടായിരിക്കണമല്ലൊ ഇതൊക്കെ ഉണ്ടാവുന്നേ.
നന്ദി.
(അവസാനിച്ചു)
0 Comments