ശ്രീചിത്രൻ എം. ജെ.

April 24, 2011

കളിയരങ്ങിന്റെ ധൈഷണികതാവഴിയെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന വാഴേങ്കടകുഞ്ചുനായർ ശിഷ്യപരമ്പരയിലെ ബലിഷ്ഠസാനിദ്ധ്യമാണ് കലാമണ്ഡലം വാസുപ്പിഷാരടി. ഒരു സാധാരണ കഥകളിനടനെന്നതിലപ്പുറം, തന്റെ ഗുരുനാഥനേപ്പോലെ, കലാമർമ്മജ്ഞനും നിരീക്ഷകനും പണ്ഡിതനുമായ വാസുവാശാന്റെ സ്വത്വം ഈ അഭിമുഖത്തിൽ ദർശിക്കാം. ഇനിയും എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളിൽ ജ്വലിച്ചുയരുന്ന രംഗശോഭയായി വാസുവാശാനെ കാണാനാകുമെന്ന ശുഭാപ്തിവിശ്വാസത്തോടെ, അഭിമുഖത്തിലേക്ക്:

:}ബാല്യകാലം,കഥകളിയിലെത്തിയതിനെപ്പറ്റി…..വാസുപ്പിഷാരടി:എന്റെ കുട്ടിക്കാലമൊക്കെ ധാരാളം കഥകളികൾ നാട്ടിലുള്ള കാലമാണ്.അമ്മയും അച്ഛനും ഏട്ടനുമൊക്കെ തൃപ്പലമുണ്ടയിലും,പച്ചായിലും,കല്ലേക്കുളങ്ങരയിലുമൊക്കെ നടക്കുന്ന കളികൾക്കു പോകും.കൂടെ ഞാനും.അന്നേ മനസ്സിലുദിച്ച മോഹമാണ്,കഥകളി പഠിക്കണം എന്ന്.ആരോടാണ് അതുപറയേണ്ടത് എന്നൊന്നും അറിയില്ല.അന്ന് കോങ്ങാട് അധികാരിയായി ഒരു താപ്പുണ്ണിനായരുണ്ടായിരുന്നു.വലിയകളിക്കമ്പക്കാരനാണ്.കുഞ്ചുനായരുടെ ആരാധാകനും,അടുപ്പക്കാരനും ഒക്കെയാണ്.എനിക്കന്ന് അദ്ദേഹത്തെ നേരിട്ടറിയുകയൊന്നുമില്ല.ഒരു ദിവസം അദ്ദേഹം കച്ചേരികഴിഞ്ഞ് മടങ്ങിവന്ന് അമ്പലത്തിനടുത്തു വിശ്രമിക്കുമ്പോൾ ഞാൻ അടുത്തുചെന്ന് “എനിക്ക് കഥകളി പഠിക്കണംന്നുണ്ട്”എന്നു പറഞ്ഞു.അദ്ദേഹം ചിരിച്ചുകൊണ്ട്,“അതൊക്കെ വലിയ ബുദ്ധിമുട്ടാണ്.ചവിട്ടിയുഴിച്ചിലും ഒക്കെയുണ്ടാവും”എന്നു പറഞ്ഞു.”അതൊന്നും സാരല്യ”എന്നുകേട്ടപ്പോൾ‌“എത്രയിലാ പഠിക്കണേ”എന്നന്വേഷിച്ചു.‌“അഞ്ചാംക്ലാസിൽ”എന്നറിഞ്ഞപ്പോൾ‌“കുറച്ചുകഴിയട്ടെ”എന്നദ്ദേഹം പറഞ്ഞു.അങ്ങനെയിരിക്കേ,അക്കൊല്ലം സ്കൂളിൽ കൃഷ്ണന്മാഷ് എന്ന അദ്ധ്യാപകൻ പിരിഞ്ഞുപോകുന്നതിന്റെ ഭാഗമായുണ്ടായ പരിപാടിയുടെ ഭാഗമായി,കുട്ടികളുടെ അൽ‌പ്പം കഥകളിവേണം എന്നു നിശ്ചയിക്കപ്പെട്ടു.അങ്ങനെ,ആ പരിപാടിക്കു പഠിപ്പിക്കനായി കലാമണ്ഡലത്തിൽനിന്നു മുരളീധരൻ എന്നൊരാൾ വന്നു.അങ്ങനെ ഒരു “പാർഷതി മമ സഖി”എന്ന പദം മാത്രം ഞാൻ സ്കൂളിൽ അവതരിപ്പിച്ചു.അതൊക്കെ അധികാരിക്കും വലിയ സമ്മതായി.അദ്ദേഹം,“കഥകളി പഠിക്ക്യാച്ചാൽ കുഞ്ച്വാര്‌ടെ അടുത്തുവേണം പഠിക്കാൻ”എന്ന പക്ഷക്കാരനായിരുന്നു.അടുത്തകൊല്ലം കോട്ടക്കലിൽ പോയി ചേരാനിരിക്കുകയായിരുന്നു.അങ്ങനെയിരിക്കേ,ഒറ്റപ്പാലത്തുനിന്ന് ബാലകൃഷ്ണൻ നായരുടെ ഒരു കത്ത് അദ്ദേഹത്തിനു വന്നു.അവിടെ ഒരുകലാസംഘം ഉണ്ടാക്കുകയണ്,കഥകളി പഠിക്കാൻ പറ്റിയ കുട്ടികളാരെങ്കിലും ഉണ്ടെങ്കിൽ അയക്കണം എന്നു പറഞ്ഞു കൊണ്ട്.അങ്ങനെ ഒറ്റപ്പാലത്തേക്കുപോയി.കുറച്ചുകാലമേ അവിടെ ഉണ്ടായുള്ളൂ.പുറപ്പാടൊക്കെ ചെയ്തു.തുടർന്ന്,അടുത്തകൊല്ലം കോട്ടക്കലിൽ ചെന്ന് കുഞ്ചുനായരാശാന്റെ കീഴിൽ അഭ്യസനമാരംഭിച്ചു.തുടർന്നു മൂന്നുവർഷം കോട്ടക്കലായിരുന്നു.പിന്നെ,കുഞ്ചുനായരാശാൻ 1961ൽ കലാമണ്ഡലത്തിലേക്കു പോയപ്പോൾ ഞങ്ങൾ കുറച്ചുശിഷ്യരെ കലാമണ്ഡലത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.കോട്ടക്കലിൽ പഠിച്ചമൂന്നുവർഷം ഞങ്ങൾക്കവിടെ വകവെച്ചുതന്നു.തുടർന്ന് അഞ്ചുവർഷം കലാമണ്ഡലത്തിൽ.അതിനുശേഷം രണ്ടുവർഷം കേന്ദ്രഗവൺമെന്റിന്റെ സ്‌കോളർഷിപ്പ് കിട്ടിയിട്ട് കുഞ്ചുവാശാന്റെ കളരിയിൽ തന്നെ ചൊല്ലിയാടുകയുമുണ്ടായി.
:}അന്ന് ആരൊക്കെ പഠിപ്പിച്ചിട്ടുണ്ട്?
വാസുപ്പിഷാരടി:പ്രധാനമായും എല്ലാം കുഞ്ചുവാശാൻ തന്നെയാണുപഠിപ്പിച്ചത്.അദ്ദേഹം ലീവായിരുന്ന അപൂർവ്വം സമയത്ത് രാമൻ‌കുട്ടിയാശാന്റെയും പത്മനാഭനാശാന്റെയും കളരികളിൽ ചൊല്ലിയാടിയിട്ടുണ്ട്.
:}ആരൊക്കെയായിരുന്നു അന്നത്തെ ആശാന്റെ സതീർത്ഥ്യർ?
വാസുപ്പിഷാരടി:കോട്ടക്കലിൽ ചെന്നുചേർന്ന സമയത്ത് ഞാനും നെല്ലിയോടും(നെല്ലിയോട് വാസുദേവൻ നമ്പൂതിരി) ഇ.വാസുവും ആയിരുന്നു ഒരു ബാച്ച്.ശിവരാമനൊക്കെ(കോട്ടക്കൽ ശിവരാമൻ)സീനിയറാണ്.വിജയൻ(വാഴേങ്കടവിജയൻ)ഒരു വർഷം മുൻപു തുടങ്ങിയിരുന്നു.ചന്ദ്രശേഖരൻ(ചന്ദ്രശേഖരവാര്യർ) രണ്ടു വർഷം കൂടി കഴിഞ്ഞാണ് വന്നത്.ഞാനും നെല്ലിയോടും വിജയനും ആണ് കലാമണ്ഡലത്തിലേക്ക് ആശാന്റെയൊപ്പം പോന്നത്.ഇ.വാസുവിന്റെ 8വർഷം കോട്ടക്കലിൽ തന്നെയായിരുന്നു.
:}പഠനശേഷം,ജോലിയിലേക്ക്…
വാസുപ്പിഷാരടി:സ്‌കോളർഷിപ്പ് കഴിഞ്ഞ ഉടനേതന്നെ താൽക്കാലികനിയമനത്തിൽ അദ്ധ്യാപകനായി മൂന്നുമാസത്തേക്ക് കലാമണ്ഡലത്തിൽ കയറി.അതുകഴിഞ്ഞ് രണ്ടുമാസത്തുശേഷം വീണ്ടുമൊരു മൂന്നുമാസംകൂടികിട്ടി.അങ്ങനെ ഒരെട്ടുപത്തുകൊല്ലം,താൽക്കാലികമായി കൊല്ലത്തിൽ മൂന്നുനാലുതവണ തരാവാറ്ണ്ടായിരുന്നു.ആ സമയത്താണ്,കുമ്മിണിമാസ്റ്റർ ഗുരുവായൂർ കഥകളിക്ലബ്ബിന്റെ കീഴിൽ ഒരു കളരി തുടങ്ങുന്നത്.അദ്ദേഹം ആദ്യം കലാമണ്ഡലത്തിൽ സാഹിത്യാദ്ധ്യാപകനായിരുന്നല്ലോ.പിന്നീടാണ് തലശ്ശേരി ബ്രണ്ണൻ‌കോളേജിലേക്ക് പോയത്.പിന്നെ അദ്ദേഹം ഗുരുവായൂർ വന്നാണ് കഥകളിക്ലബ്ബൊക്കെ ഉണ്ടാക്കണത്.അപ്പോ,അതിന്റെ കീഴിൽ ഒരു കളരി.അദ്ദേഹത്തിന് കലാമണ്ഡലത്തിൽ വെച്ചുതന്നെ എന്നെ അറിയാം,സമ്മതവുമാണ്.അങ്ങനെ രണ്ടുമൂന്നുവർഷം ഞാൻ ആ കളരിയിൽ ഉണ്ടായി.പിന്നെ1979തിൽ കലാമണ്ഡലത്തിൽ പെർമനന്റ് ആയി ചേർന്നു.പിന്നെ,1999വരെ കലാമണ്ഡലത്തിൽ.പിന്നെയുള്ള കാര്യമൊക്കെ അറിയാല്ലോ.
:}അന്നത്തെ കഥകളിയിലെ മഹാനടന്മാരുടെ പ്രകടനങ്ങളൊക്കെ കണ്ടുകാണുമല്ലോ…
വാസുപ്പിഷാരടി:ധാരാളം.അന്ന് കുഞ്ചുനായരാശാൻ,കൃഷ്ണൻ‌നായരാശാൻ,രാമൻ‌കുട്ടിയാശാൻ എന്നിവർ ത്രിമൂർത്തികളായി കഥകളിലോകം നിറഞ്ഞുനിൽക്കുന്ന കാലമാണ്.കൃഷ്ണൻ‌നായരാശാന്റെ എന്തെന്നില്ലാത്ത ഭാവപ്രകർഷങ്ങളൊക്കെ ശരിക്കും ആകർഷിച്ചിരുന്നു.എങ്കിലും,കുഞ്ചുനായരാശാന്റെ വേഷങ്ങളുടെ സ്ഥായീഭാവത്തിലൂന്നിയ അവതരണം ആണ് എന്നെ കൂടുതൽ ചിന്തിപ്പിച്ചത്.അസാമാന്യമായ അദ്ദേഹത്തിന്റെ കലാമർമ്മജ്ഞത,ഓരോ വേഷങ്ങളിലും പ്രകടമായിരുന്നു.രണ്ടിലെ നളൻ,മൂന്നിലെയും നാലിലേയും ബാഹുകൻ,രുഗ്മാഗദൻ,സന്താനഗോപാലം അർജ്ജുനൻ തുടങ്ങിയ കഥാപാത്രങ്ങളെയെല്ലാം ആഴത്തിൽ തിരിച്ചറിഞ്ഞ് അദ്ദേഹം ചെയ്തിരുന്ന അവതരണങ്ങൾ ഒരുതവണ കാണുമ്പോൾ മാത്രമല്ല,തുടർച്ചയായി കാണുമ്പോൾ പുതിയ അർത്ഥതലങ്ങളെ തുറന്നുതരുന്ന അനുഭവം ആയിരുന്നു.അദ്ദേഹം വായിച്ചുകൂട്ടിയതിന് കണക്കില്ല.പക്ഷേ,അവയെല്ലാം വാരിവലിച്ച് ആടുകയായിരുന്നില്ല അദ്ദേഹത്തിന്റെ വഴി.മർമ്മസ്പൃക്കായ സ്ഥാനത്തെപ്പറ്റി കൃത്യമായ ഗ്രാഹ്യം ആശാനുണ്ടായിരുന്നു.അത് അനുവാചകരുടെ ഹൃദയത്തിൽ ശരം പോലെ തറഞ്ഞുകയറുന്ന വിധത്തിൽ അവതരിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ മിടുക്ക്.കോട്ടയം കഥകളും അതുപോലെത്തന്നെ കേമമായിരുന്നു.ധർമ്മപുത്രരായിരുനു അതികേമം.പാഞ്ചാലിയുടെ ദുഃഖം കേൾക്കുമ്പോൾ മനസ്സുരുകുന്ന ആ മഹാരാജാവിന്റെ ഭാവപ്രകർഷവും സ്ഥായിയും ഒന്നും അതുപോലെ വേറെവിടെയും കണാനാവില്ല.
:}ആശാ‍ന്റെ അദ്ധ്യാപനത്തിലും അവയൊക്കെ നിങ്ങളിലേക്കു  പകരാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നോ?
വാസുപ്പിഷാരടി: ആശാന്റെ വൈകുന്നേരക്ലാസുകൾ പ്രത്യേക അനുഭവങ്ങളായിരുന്നു. പ്രധാനവേഷങ്ങളെല്ലാം ചൊല്ലിയാടി ഉറച്ചു കഴിഞ്ഞാൽ, അവയുടെ രംഗാവിഷ്കരണത്തിന് ആവശ്യമായ മാനസികസംസ്കാരവും അറിവും ശിഷ്യരിൽ ഉണ്ടാക്കുക അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു. നാട്യശാസ്ത്രം സാഹിത്യക്ലാസിൽ കുമ്മിണിമാസ്റ്റർ പഠിപ്പിക്കുംതുടർന്ന്, വൈകുന്നേരത്തെ ഇരുന്നുള്ള ക്ലാസിൽ കുഞ്ചുനായരാശാൻ നാട്യശാസ്ത്രത്തിന്റെ കഥകളിയിലെ പ്രയോഗിക പാഠങ്ങളെക്കുറിച്ചൊക്കെ വിശദമായി പറഞ്ഞു തരും.അദ്ദേഹം മിക്കതും ഒറ്റക്കു പഠിച്ചെടുത്തത് തന്നെയായിരുന്നു. ഇംഗ്ലീഷും,സംസ്കൃതവും എല്ലാം. മുന്നോട്ടു പോകേണ്ട വഴി, കൃത്യമായി അദ്ദേഹം കാണിച്ചുതന്നു. നളചരിതം രണ്ടാംദിവസം വേർപാടുവരെയേ ചൊല്ലിയാടിച്ചിരുന്നുള്ളൂ. വൈകുന്നേരക്ലാസിൽ പക്ഷേ, മൂന്നിലേയും നാലിലേയും ബാഹുകനേപ്പറ്റിയൊക്കെ വിശദമായി പറഞ്ഞുതരും. ശിഷ്യരുടെ മാനസികസംസ്കരണവും വികാസവും ആശാന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നായിരുന്നു.
:}ശിക്ഷാനടപടികളൊക്കെ…
വാസുപ്പിഷാരടി: എനിക്ക് അടിയൊന്നും അധികം, അധികംന്നല്ല, ഒട്ടും വാങ്ങേണ്ടി വന്നിട്ടില്ല. പിന്നെ…ആശാൻ അടിക്ക്വൊന്നും വേണ്ട, എണീച്ചാൽ തന്നെ പേടിയാവും. കുട്ടിക്കാലത്ത് അരങ്ങേറ്റത്തിനു “പരിതാപിക്കരുതേ” എന്ന പദം പഠിക്കുമ്പോൾ ആ ഇരട്ടിങ്ങ്ട് തെറ്റി. ആശാൻ “ആ..ഹാ…” എന്നൊക്കെ പറഞ്ഞ്, താളം‌ പിടിക്കുന്ന മുട്ടി കൊണ്ട് നിലത്തുനാലടി. അപ്പോഴേക്കും തന്നെ പേടിച്ചു മൂത്രൊക്കെ പോയി. പിന്നെ, വലുതായപ്പോഴേക്കും, ഓരോന്നും പഠിക്കുമ്പോൾ അടുത്തത് പഠിക്കാനുള്ള ഒരു കമ്പമായതോടെ, പിന്നെ അധികം അടിയൊന്നും വാങ്ങേണ്ടി വന്നിട്ടില്ല. പിന്നെ, കലാമണ്ഡലത്തിൽ ആശാൻ പഠിപ്പിക്കുമ്പോഴേക്കും അത്യാവശ്യം പ്രായമായിക്കഴിഞ്ഞിരുന്നൂല്ലോ.
:}ഒപ്പമുണ്ടായിരുന്നവരുടെ അവസ്ഥയോ?
വാസുപ്പിഷാരടി:അത്…നെല്ലിയോടും അധികം അടിയൊന്നും വാങ്ങിയിട്ടില്ല.വിജയനൊക്കെ പഠിക്കാൻ കേമനാണെങ്കിലും,വാശികൊണ്ട് കുറേ അടിമേടിച്ചിട്ടുണ്ട്.ഒരു ദിവസത്തെ അനുഭവം മറക്കില്ല.(ചിരി)അന്ന് കോട്ടക്കലാണ്.ആശാൻ പാർവ്വതീവിരഹം പഠിപ്പിക്കുകയാണ്.ഗംഗയെനോക്കി ഈർഷ്യ,ശിവനേനോക്കി പരിഭവം,സ്വയം സങ്കടം-പാർവ്വതി ഇവ മാറിമാറി നടിക്കുന്ന ഭാഗമാണ്.അങ്ങനെയിരിക്കേയാണ് രാവണൻ കൈലാസമെടുത്ത് അമ്മാനമാടുന്നത്.കൈലാസമാകെ കുലുങ്ങുമ്പോൾ,പെട്ടെന്ന് പാ‍ർവ്വതി പേടിച്ച് ശിവനെ കെട്ടിപ്പിടിക്കുന്നു-ഇതുകാണിക്കുകയേ വേണ്ടൂ.ആശാൻ ചിലപ്പൊ ഒന്നും കാണിച്ചുതരാതെ ഇരിക്കുകയൊക്കെ ചെയ്യും.ആശാൻ ഒന്നും കാണിക്കാതെ വിജയൻ ചെയ്യുന്നതും നോക്കി ഇരിക്കുകയാണ്.വിജയൻ ആശാൻ കാണിച്ചുതന്നിട്ടുകാണിക്കാം എന്ന നിലയിൽ നിന്നു.ആശാൻ കാണിക്കാൻ പറയുന്നതും കേൾക്കുന്നില്ല.ആശാനു ദേഷ്യം കലശലായിവന്നു.ആദ്യം കുറേ താളം പിടിക്കുന്ന മുട്ടികൊണ്ട് അടിച്ചു.പിന്നെ “ആരാവ്‌ടെ”എന്നൊക്കെ ചോദ്യമായി.അപ്പോഴേക്കും ഞാനും ശംഭുവും(കോട്ടക്കൽ ശംഭു എമ്പ്രാന്തിരി)വടിപൊട്ടിച്ചു കൊണ്ടുവന്നു.പിന്നെ അതുകൊണ്ടായി.ചോരയിങ്ങനെ ഒഴുകുന്നു…ആശാൻ നിർത്തുന്നില്ല.കൊട്ടൊക്കെ നിർത്തി.കൊട്ടുകാരും പാട്ടുകാരും ഒക്കെ സ്തബ്ധരായി നിൽക്ക്വാ.‌“നിന്നെക്കൊണ്ടിന്നു കാണിച്ചിട്ടേ ഞാനടങ്ങൂ”എന്ന് ആശാൻ.എന്നാൽ ഈ അടി ഒന്നും കൊണ്ടിട്ട് വിജയനു കുലുക്കൊന്നും ഇല്ല.അയാൾ അതേ നിൽ‌പ്പുതന്നെ.എട്ടുമണിക്കു തുടങ്ങി പതിനൊന്നരവരെയാണ് അന്നു ചൊല്ലിയാട്ടം.അടി നിൽക്കുന്നില്ല.അന്ന് തൃത്താല കേശവപ്പൊതുവാൾ അവിടെ കളിക്കൊട്ടുപഠിക്കാനായി ഉണ്ടായിരുന്നു.പൊതുവാളുപോയി കൃഷ്ണൻ‌കുട്ടിനായരെ(കോട്ടക്കൽ കൃഷ്ണൻ‌കുട്ടിനായർ)വിളിച്ചുകൊണ്ടുവന്നു.കൃഷ്ണൻ‌കുട്ട്യാർക്കും പറയാൻ മടി.മൂപ്പർ പിന്നിലൊക്കെ നിന്ന് വിജയനു ചെയ്യാനുള്ളതൊക്കെ കാണിച്ചുകൊടുത്തൊക്കെ നോക്കുന്നുണ്ട്.വിജയനതൊന്നും നോക്കുന്നില്ല.ആശാനാണെങ്കിൽ അടിനിർത്തുന്നുമില്ല.പന്ത്രണ്ടരക്ക് കോട്ടക്കലിൽ ബെല്ലടിച്ചു.എന്നിട്ടും അടിനിന്നിട്ടില്ല.ഒരു മണിയായി.ആശാന് ഒരു വിധം കാണാവുന്ന ഒരു ഭാഗത്തേക്ക് നീങ്ങിനിന്ന് അവസാനം “മതി”എന്നു മെല്ലെ കൃഷ്ണൻ‌കുട്ടിനായർ കൈകൊണ്ട്കാണിച്ചു.മൂപ്പർക്കും പേടിയുണ്ടേ…അപ്പോൾ ആശാൻ ഒന്നു തിരിഞ്ഞുനോക്കി.പിന്നെ,വടിയൊക്കെ അവിടെയിട്ട്,“ചെക്കന്റെയൊരു കുറുമ്പേയ്”എന്നൊക്കെ പറഞ്ഞ്,ഇറങ്ങിപ്പോയി.അന്നത്തെ ചൊല്ലിയാട്ടം അങ്ങനെ കഴിഞ്ഞു.ഉച്ചകഴിഞ്ഞപ്പോഴേക്കും വിജയൻ പെരുമുറേ കരച്ചിലായി…ആശാന് അദ്ദേഹത്തിന്റെ മുറിയുടെ മുകളിൽ നിന്നു നോക്കിയാൽ ഞങ്ങളെയൊക്കെ കാണാം.അദ്ദേഹത്തിനും വിഷമായി.ഞങ്ങൾ കുറേ “എണീക്കു വിജയാ”എന്നൊക്കെ പറഞ്ഞതൊന്നും കേൾക്കാതെ,ഒരു പായയിൽ കയറിക്കിടന്നു.ഉച്ചക്ക് ഒന്നും കഴിക്കുകയൊന്നും ഉണ്ടായില്ല.ഉച്ചകഴിഞ്ഞ് സംസ്കൃതം പഠിപ്പിക്കാൻ ശങ്കരവാര്യർ വന്നു.അദ്ദേഹം “വിജയാ”എന്നൊക്കെ പറഞ്ഞ്.തട്ടിക്കുലുക്കി ഉണർത്തി.എന്നിട്ട് കുറേ തത്വോപദേശമൊക്കെ കൊടുത്തു.അപ്പോഴും വിജയൻ ഏങ്ങിയേങ്ങിക്കരഞ്ഞു….അങ്ങനെയൊക്കെ അപൂർവ്വായി ഉണ്ടായിട്ടുണ്ട്.അല്ലാതെ,ആശാന്റെ കയ്യിൽ നിന്ന് അധികം അടിയൊന്നും വാങ്ങേണ്ടിവന്നിട്ടില്ല.
:}സാഹിത്യപഠനം എങ്ങനെയായിരുന്നു?
വാസുപ്പിഷാരടി:കോട്ടക്കലിൽ തന്നെ സംസ്കൃതപഠനം ഉണ്ടായിരുന്നു.അവിടെ ശങ്കരവാര്യർ ആയിരുന്നു.അദ്ദേഹം പരമ്പരാഗതരീതിയിലുള്ള പഠിപ്പിക്കലാ.സിദ്ധരൂപം മുതൽ പഠിപ്പിക്കും.അന്നുതന്നെ സംസ്കൃതത്തോട് ഒരു രസം പിടിച്ചുതുടങ്ങി.പിന്നെ കലാമണ്ഡലത്തിൽ വന്നപ്പോൾ സൂപ്രണ്ട് (കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്)ആയി.അദ്ദേഹത്തിന്റെ ക്ലാസ് ഗംഭീരമാണ്.എങ്ങോട്ടൊക്കെയാണ് ഓരോ വിഷയങ്ങളേയും കൊണ്ടുപോവുക എന്നറിയില്ല.കുമ്മിണിമാഷും സമാനനാ‍ണ്.വിപുലവും ആഴമാർന്നതുമായ അവരുടെ അറിവുകൾ,ശരിക്കും രസിച്ചുപഠിക്കാൻ പ്രേരിപ്പിച്ചു.പിന്നെ,ഇളയതുമാഷ് ആയിരുന്നു.അദ്ദേഹത്തിന്റെ ക്ലാസിന്റെ സ്വാരസ്യം ശരിക്കും ആകർഷിച്ചിട്ടുണ്ട്.ഒരു ചാക്യാരുടെ മട്ടാ പലപ്പോഴും.ശ്രീകൃഷ്ണവിലാസവും രഘുവംശവും കുമാരസംഭവവുമൊക്കെ അങ്ങനെ രസിച്ചുപഠിക്കാനായി.ആ സാഹിത്യക്ലാസുകളുടെ സംസ്കാരത്തെ ഉപയോഗപ്പെടുത്തും വിധമായിരുന്നു കുഞ്ചുവാശാന്റെ വൈകുന്നേരത്തെ ഇരുന്നുക്ലാസിലെ പഠനം.
:}ആശാൻ രംഗപാഠത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെ ശിഷ്യർക്കു പറഞ്ഞുതരികയും പഠിപ്പിക്കുകയും ചെയ്തിരുന്നോ?
വാസുപ്പിഷാരടി:ആശാൻ കൊണ്ടുവന്ന മാറ്റങ്ങൾ പലതും അവിടെയുള്ള പണ്ഡിതരോട് കൂടിയാലോചിക്കുകയും,ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.സൂപ്രണ്ടിനോടും കുമ്മിണിമാഷോടും ചാക്യാരോടുമൊക്കെയുള്ള അത്തരം ചർച്ചകൾ കേൾക്കുന്നത് ഞങ്ങൾക്കും ഏറെ അനുഗ്രഹമായി.രാജസൂയത്തിലെ ശിശുപാലന്റെ കഥാപാത്രപ്രകൃതിയിൽ ആശാൻ വരുത്തിയ മാറ്റങ്ങൾ പ്രസ്തുതരംഗത്തിന്റെ സ്ഥായീഭാവതലത്തെ തിരിച്ചറിഞ്ഞുള്ള സമീപനമായിരുന്നു.അവിടെ വിസ്തരിച്ച്,കൃഷ്ണലീലയും,ഗോപസ്ത്രീവസ്ത്രാപഹരണവും ആടുന്നത്,സ്ഥായീഭാവത്തെ ശിഥിലമാക്കുന്നു എന്നതുകൊണ്ട് അവ ആശാൻ ഉപേക്ഷിച്ചിരുന്നു.ഊന്നൽ കൊടുക്കുക,കൃഷ്ണനോടുള്ള ഭർസനത്തിലാണ്.“കൃഷ്ണംതേദർച്ചനീയ”എന്ന ഭട്ടതിരിപ്പാടിന്റെ ശ്ലോകവും,അതിന്റെ ആട്ടവും ഒക്കെ ആശാൻ പറഞ്ഞുതന്നിരുന്നു.മൂന്നാംദിവസത്തിലെ ആട്ടത്തിന് അദ്ദേഹം തന്നെ എഴുതിയിരുന്ന ശ്ലോകങ്ങൾ,മറ്റു ആട്ടങ്ങളിലെ സവിശേഷരീതികൾ എന്നിവയെല്ലാം പറഞ്ഞുതന്നിരുന്നു.

:}ആശാന്റെ അഭ്യസനരീതിയുടെ മറ്റുപ്രത്യേകതകൾ?
വാസുപ്പിഷാരടി:ആ‍ശാന്റെ വഴികളെല്ലാം പ്രത്യേകതരമായിരുന്നു.ചിലപ്പോൾ ഒരു ചെറിയ ഭാഗം തന്നെ വിസ്തരിച്ചഭിനയിച്ചുപഠിപ്പിച്ച്,ബെല്ലടിക്കും വരെ തുടരും.“ശസ്ത്രാർത്ഥം ശക്രസൂനോ ഗതവതി”എന്ന ഭാഗത്തിന്റെ അഭിനയത്തിൽ,ആ ഭാവതലം മുഴുവൻ വരണം,അതുവരെ ചിലപ്പോൾ നിർത്താതെ ചെയ്യിക്കും.അതിപ്പോൾ ചൊല്ലിയാട്ടത്തിന്റെ കാര്യത്തിലും വ്യത്യാസമില്ല.ഒരുപാടാളുകൾ ആശാൻ ചൊല്ലിയാടിക്കുന്നതുകാണാൻ വന്നുനിൽക്കുന്നതുകാണാം.എന്തും കാണിച്ചാൽ ആസ്വാദ്യമാവണമെങ്കിൽ,ആദ്യം കാണിക്കുന്ന ആൾ അത് ആസ്വദിച്ചിരിക്കണം എന്ന് ആശാൻ പറയുമായിരുന്നു.രണ്ടാംദിവസത്തിലെ വേർപാട് ഒക്കെ പഠിപ്പിക്കുമ്പോൾ,ഓരോ മാനസികവിക്ഷോഭങ്ങളേയും ഡയലോഗുകളായി ആശാൻ പറയും.നളന്റെ മനസ്സിലൂടെ കടന്നുപോകുന്ന പലതരം ചിന്തകൾ പറഞ്ഞ്,മെല്ലെ ദമയന്തിയുടെ കൈകൾ അയയുന്നത് കണ്ട്,“ഭൈമി ഉറങ്ങിയോ”എന്ന നളന്റെ ആത്മഗതമൊക്കെ ആശാൻ പറയുന്നത് അത്രമേൽ ഭാവാത്മകമായിട്ടാണ്.അതുകേട്ടാൽതന്നെ,ആ രംഗത്തിന്റെ ഭാവതലം ശിഷ്യരിൽ നിറയും.“ഒരുപാടുവായിക്കണം,പക്ഷേ ഒരുപാടു വായിക്കുന്നത് ഒരുപാടു കാണിക്കാനല്ല”എന്ന് ആശാൻ പറയുമായിരുന്നു.സൂക്ഷ്മമായ അഭിനയപ്രകരണത്തിലായിരുന്നു അദ്ദേഹത്തിന്റെ കണ്ണ്.നിശ്ശബ്ദതക്ക് തന്നെ വല്ലാത്തൊരു ഭംഗിയുണ്ട്.മൌനമാണ് ഏറ്റവും വലിയ വാചാലത എന്നു പറയാ‍റുണ്ടല്ലോ.
:}വാസുവാശാനിലേക്കുവരാം.ആദ്യാവസാനനായകവേഷങ്ങൾ ആശാൻ കെട്ടിത്തുടങ്ങുന്നത് എപ്പോഴാണ്?
വാസുപ്പിഷാരടി:ഞാൻ കോഴ്സ് പഠിച്ചിറങ്ങിയ കാലത്തുതന്നെ നായകവേഷങ്ങളൊക്കെ ധാരാളം തരായിട്ട്ണ്ട്.നളനും ബാഹുകനും,കോട്ടയം കഥകളും എല്ലാം.അതിന് ഒരുകാരണം,കൃഷ്ണൻ‌കുട്ടിപ്പൊതുവാളാശാൻ അക്കാലത്ത് പലതവണ കലാമണ്ഡലത്തിൽ നിന്നു പോരലൊക്കെ ഉണ്ടായിട്ടുണ്ടല്ലോ.ഉണ്ണികൃഷ്ണക്കുറുപ്പ് അഹമ്മദാബാദിൽ നിന്ന് വന്ന് കലാമണ്ഡലത്തിൽ താൽക്കാലികമായേ നിന്നതും ഉള്ളൂ.അപ്പോൾ കൃഷ്ണൻ‌കുട്ടിപ്പൊതുവാളാശാൻ സഹൃദയസംഘം ഒക്കെ ഉണ്ടാക്കിയ സമയമാണ്.അന്ന് അദ്ദേഹത്തിന്റെ ശ്രമത്തിൽ വാഴേങ്കട വിജയനും എനിക്കും എല്ലാം ധാരാളം കളികൾ കിട്ടുകയുണ്ടായി.അങ്ങനെ,ഏറ്റവും മികച്ച കലാകാരന്മാർക്കൊപ്പം അന്നുതന്നെ പ്രവർത്തിക്കാനും കഴിഞ്ഞു.ശിവരാമന്റെ ദമയന്തി ആയി അന്നുതന്നെ നളൻ കെട്ടിയിരുന്നു.കൊട്ടിന് കൃഷ്ണൻ‌കുട്ടിപ്പൊതുവാളും,പാട്ടിന് ഉണ്ണികൃഷ്ണക്കുറുപ്പും ഉണ്ടാകും.കാലകേയവധം കുമാരൻ‌നായരാശാനാണ് ആദ്യം കെട്ടിച്ചത്,സദനത്തിൽ ജയന്തികൊണ്ടാടുന്ന കാലത്ത്.പിന്നീട് എറണാകുളത്ത് വെച്ച് ഉണ്ടായി.അന്ന് സലജ്ജോഹത്തിനിരിക്കുമ്പോൾ,കൃഷ്ണൻ‌കുട്ടിപ്പൊതുവാളാശാൻ വന്നുനോക്കിയിട്ട്,“ഉം…ഒന്നുകൂടി…”എന്ന ഭാവത്തിൽ പ്രോത്സാഹിപ്പിച്ചത് ഓർമ്മയുണ്ട്.അങ്ങനെ,മഹാരഥന്മാരുടെ കൂടെ ആണ് അന്നുപ്രവർത്തിക്കാനായത് എന്നതു വലിയ ഭാഗ്യമായി.അതുകൊണ്ടുകൂടിയാണ് അപകടങ്ങൾ കാണിക്കുന്ന ശീലമൊന്നും അധികം വരാഞ്ഞത്.പേടിക്കാനുള്ള ആരെങ്കിലും അന്ന് എപ്പോഴും കൂടെ ഉണ്ടാവും.അതുകൊണ്ട് അബദ്ധങ്ങൾ ചെയ്യാൻ പേടിയാണ്.ഒരു തരം ഹൌസ് സർജൻസി പോലെ എന്നു പറയാം.അതു വലിയ അനുഗ്രഹമായി.
:}സന്താനഗോപാലം ബ്രാഹ്മണൻ ആയിരുന്നല്ലോ അന്നുമുതലേ ആശാന്റെ പ്രസിദ്ധമായ വേഷം.
വാസുപ്പിഷാരടി:അത്…അങ്ങനെയങ്ങോട്ടു വന്നു എന്നു പറഞ്ഞാൽ മതിയല്ലോ.ആശാന്റെ അതിപ്രസിദ്ധമായ വേഷമായിരുന്നു അത്.സത്യത്തിൽ ആശാൻ അതു ചൊല്ലിയാടിച്ചിരുന്നത് നെല്ലിയോടിനേയാ.അന്ന് ആരൊക്കെയോ അതുകെട്ടിച്ചു,പിന്നെ പലയിടങ്ങളിലും അതു ചെയ്തു.ഉണ്ണികൃഷ്ണക്കുറുപ്പ് അക്കാലത്ത് കുറേ എന്റെ ആ വേഷം കൊണ്ടുനടന്നിട്ടുണ്ട്.എനിക്കാണെങ്കിൽ അന്നത്തെ ആ പ്രായത്തിൽ ഉൽഭവം രാവണൻ,ചെറിയനരകാസുരൻ,പരശുരാമൻ ഒക്കെ കെട്ടാനായിരുന്നു ഇഷ്ടം.ഇതൊക്കെ വയസ്സായാലും ചെയ്യാമല്ലോ എന്നായിരുന്നു.പക്ഷേ,പിന്നീട് മിക്ക സ്ഥലങ്ങളിലും ബ്രാഹ്മണൻ നിശ്ചയിക്കപ്പെട്ടു.ആശാന്റെ വേഷം കണ്ടുള്ള പരിചയം ആ വേഷം ചെയ്യാൻ സഹായകമാവുകയും ചെയ്തു.
:}പിന്നീട് പ്രസിദ്ധമായ മറ്റൊന്ന്,ഉൽഭവം രാവണൻ ആയിരുന്നു…
വാസുപ്പിഷാരടി:അതെ.ഉൽഭവം പിന്നീട് ഒരുപാടുണ്ടായിട്ടുണ്ട്.ആശാന്റെയും അതുകേമമായിരുന്നുവത്രേ.അധികം കണ്ടിട്ടില്ല.പഠിക്കുന്ന സമയത്ത്,കുഞ്ചുവാശാനെ പട്ടിക്കാംതൊടിരാവുണ്ണിമേനോനാശാൻ ഉൽഭവം ചൊല്ലിയാടിച്ചുകഴിഞ്ഞ്,അതു ചൊല്ലിയാടുന്നതു കണ്ടിട്ട്,“തന്റെ ഉൽഭവം,അസ്സലായി”എന്നഭിനന്ദിച്ചു എന്നു കേട്ടിട്ടുണ്ട്.ആശാന്റെ അനുഗ്രഹം,ധാരാളം ഉൽഭവം തുടർന്ന് എനിക്കും ചെയ്യാനായി.
:}അതേപോലെ,കുഞ്ചുവാശാന്റേയും തുടർന്ന് വാസുവാശാന്റെയും പ്രസിദ്ധവേഷമായത് കീചകൻ ആണെന്നു തോന്നുന്നു.
വാസുപ്പിഷാരടി:ഹാവൂ!അതു പലവട്ടം കണ്ടിട്ടുണ്ട്.അതിന്റെ നിലയൊന്നും ആർക്കും കിട്ടില്ല.അതിന്റെ മുന്നിൽ നമ്മുടെയൊക്കെ ലോക്ലാസ് കീചകൻ തന്നെയാണ്.ആദ്യരംഗം മുതൽ മാലിനിയോടുള്ള ആ അഭിനിവേശത്തിൽ അങ്ങനെ അങ്ങോട്ടുരുകി ഇല്ലാതാവുകയാണ്.ഇത്ര തറവാടിത്തമുള്ള ഒരു കീചകനെ കാണാനാവില്ല.“ഹരിണാക്ഷി”കഴിഞ്ഞാൽ നിർത്തലായിരുന്നു പൊതുവേ പതിവ്.മരണരംഗം അഭിനയിക്കുന്നതിലൊന്നും ആശാൻ പൊതുവേ അത്ര തൽ‌പ്പരനായിരുന്നില്ല.
:}രാവുണ്ണിമേനോനാശാന്റെ കീചകമരണം ഏറെ പ്രസിദ്ധമായിരുന്നു എന്നാണല്ലോ കേട്ടിട്ടുള്ളത്.
വാസുപ്പിഷാരടി:ഉവ്വ്.കുഞ്ചുവാശാന് പക്ഷേ,പൊതുവേ അത്തരം പലരംഗങ്ങളോടും താല്പര്യം കുറവായിരുന്നു.സൂപ്രണ്ട് നിർബ്ബന്ധമായി പറഞ്ഞിട്ട് കലാമണ്ഡലത്തിൽ ഒരിക്കൽ ചെയ്തു.അത് അതികേമമായി എന്നാണു കേട്ടിട്ടുള്ളത്.പൊതുവേ അതിലൊക്കെ അദ്ദേഹം വിമുഖനായിരുന്നു.രംഭാപ്രവേശമൊക്കെ ചെയ്യാൻ പൊതുവേ താല്പര്യം കുറവായിരുന്നു.ആശാന്റെ ഒരു സംസ്കാരവീക്ഷണത്തിൽ,ഒട്ടും അശ്ലീലങ്ങളിലേക്ക് ഇറങ്ങാൻ തയ്യാറായിരുന്നില്ല.അത് ഏതുരംഗമാണെങ്കിലും ശരി.രണ്ടാംദിവസത്തിലെ “കുവലയവിലോചനേ”കഴിഞ്ഞുള്ള ആട്ടത്തിൽ,“ഈ ഉദ്യാനത്തിലെ മാതളനാരകഫലങ്ങളെല്ലാം ഇങ്ങനെ തലകീഴായി കിടക്കാൻ കാരണമെന്ത്?”എന്നു ചോദിച്ചാൽ,ദമയന്തിയുടെ തിരിച്ചുള്ള ലജ്ജാവനമ്രമായ മൌനത്തിനു മറുപടിയായി,“നിന്റെ സ്തനങ്ങളുടെ ലാവണ്യം ലഭിക്കാൻ തലകീഴായി തപസ്സുചെയ്യുകയാണവ”…അത്രയേ വയ്ക്കൂ.അതിലപ്പുറം പച്ചക്കു പറയുന്നത് ആശാന്റെ രീതിയായിരുന്നില്ല.ധ്വനിയിൽ കൃത്യമായി ചെന്നുതട്ടി തിരിച്ചുപോരിക-അതായിരുന്നു ആശാന്റെ സമീപനം.
:}കുഞ്ചുനായരാശാന്റെ കഥകളിവീക്ഷണത്തെ അന്നത്തെ ആസ്വാദകലോകം എങ്ങനെയാണ് കണ്ടിരുന്നത്?
വാസുപ്പിഷാരടി:അദ്ദേഹത്തിന് എന്നും അദ്ദേഹത്തിന്റേതായ ആസ്വാദകലോകം ഉണ്ടായിരുന്നു.അറിഞ്ഞാസ്വദിക്കുന്നവർ എന്നും ആശാന്റെ വേഷത്തെ ഇഷ്ടപ്പെട്ടു.നല്ല ഏത് ആസ്വാദകനിർദ്ദേശത്തെയും അദ്ദേഹം സ്വീകരിച്ചിരുന്നു.എന്നാൽ അറിവില്ലായ്മകളെ ഒരിക്കലും പൊറുത്തിരുന്നതും ഇല്ല.മുണ്ടശ്ശേരിക്കും ശങ്കരക്കുറുപ്പിനുമൊക്കെ എഴുതിയ മറുപടികൾ അറിയാമല്ലോ.ഒരിക്കൽ നാഗമ്പടത്ത് ഒരു കല്യാണസൌഗന്ധികം.അന്ന് അവിടെയൊക്കെയുള്ള ആസ്വാദകരുടെ നില പരിതാപകരമാണ്.ഹനുമാന്റെ പദം ചെയ്യുന്നതിനിടക്ക് കാണികളിലൊരാൾ എന്തോ എഴുന്നേറ്റു നിന്നു പറഞ്ഞു.കളികഴിഞ്ഞ് അണിയറയിലെത്തിയപ്പോൾ,“ആശാൻ അഷ്ടകലാശം എടുത്തില്ല,അതുകൊണ്ട് അഞ്ചുരൂപ കുറച്ചിട്ടുണ്ട്”എന്നു പറഞ്ഞ് പ്രതിഫലം കൊണ്ടുവന്നു കൊടുത്തു.ആ പണവും അവിടെ ഏൽ‌പ്പിച്ച് അദ്ദേഹം തിരിച്ചുപോന്നു.പിന്നെ അവിടെ കളിക്കുപോയിട്ടില്ല.
:}വാസുവാശാന്റെ കാര്യത്തിലും,കോട്ടയം കഥകളും രാജസപ്രധാനമായ കഥകളും ചെയ്യുകയും,അതോടൊപ്പം നളനും ബാഹുകനും രുഗ്മാംഗദനും കചനും ചെയ്യുകയും ചെയ്തിരുന്നുവല്ലോ.കൂടുതൽ പ്രിയം എന്നും ഏതിനോടായിരുന്നു?
വാസുപ്പിഷാരടി:കോട്ടയം കഥകളോട് ആശാൻ അത്രനന്നായി പറഞ്ഞു തന്നതുകൊണ്ട് അന്നുതന്നെ എനിക്ക് വലിയ കമ്പമുണ്ടായിരുന്നു.പിന്നീട് അതു വർദ്ധിച്ചിട്ടേയുള്ളൂ.കത്തിവേഷങ്ങളോടും അതെ.നളനും ബാഹുകനും രുഗ്മാംഗദനും പ്രിയങ്കരങ്ങളാണ്.കചൻ എനിക്കു പണ്ടേ രുചിക്കുന്ന ഒരു വേഷമല്ല.ആ കഥ തന്നെ ഒരു പൈങ്കിളിനോവലിന്റെ തലത്തിലാണ്.ആ കഥാപാത്രത്തിനാകട്ടെ,കഥകളിയിൽ ഒരാദ്യാവസാനത്തം ഇല്ല താനും.പിന്നെയും ഖാണ്ഡേക്കറുടെ ‘യയാതി’ഒക്കെ വായിക്കുമ്പോഴാണ് കചന്റെ ക്യാരക്ടറിന് ഒരു വലിപ്പം വരുന്നുഅത്.എങ്കിലും കൂടുതലായി ഒന്നും ചെയ്തുഫലിപ്പിക്കാനൊന്നും ഇല്ല.കുറേ ജനങ്ങളെ ചിരിപ്പിക്കുന്ന നമ്പറുകൾ കാട്ടി അഭിനയിക്കാം എന്നേ ഉള്ളൂ.
:}കഥാപാത്രത്തിലേക്കു തന്മയീഭവിക്കുകയല്ല,നാട്യപരമായി വ്യാഖ്യാനിച്ചഭിനയിക്കുകയാണ് ചെയ്യേണ്ടത് എന്ന നിലയിലാണല്ലോ വാസുവാശാന്റെ വേഷങ്ങളുടെ അവതരണം.എങ്ങനെയാണ് ഈ നിലപാടിനെ വിശദീകരിക്കുന്നത്?
വാസുപ്പിഷാരടി:ഒരുപരിധിവരയേ തന്മയീഭാവം പാടൂ.അതു കടന്നാൽ അതിനു ഹിസ്റ്റീരിയ എന്നാ പറയുക.കഥാപാത്രമാവുക എന്നാൽ കഥാപാത്രത്തിലേക്കു പൂർണ്ണമായി വിലയിക്കലല്ല.‌“അവസ്ഥാനുകൃതിർ‌നാട്യം”എന്നാണു നാട്യശാസ്ത്രവിധി.അവസ്ഥകളെ അതേപടി പുനഃസൃഷ്ടിക്കുകയല്ല,അവസ്ഥകളെ അനുകരിക്കലാണ്,അനുകൃതിയാണ് നാട്യം.അതേ പാടൂ.നാട്യധർമ്മിയായ ആവിഷ്കരണരീതി ഉള്ള കഥകളിയിൽ അതു തികച്ചും പ്രസക്തമാണ്.അഭിനയം എന്നുവെച്ചാൽ ‘മുന്നിലേക്കുവരിക’ എന്നാണർത്ഥം.തന്നെത്തന്നെ മറന്നുകൊണ്ടുള്ള അവതരണം അഭിനയമല്ല.ഒരു ശോകരംഗം അഭിനയിക്കുമ്പോൾ നടന്റെ കണ്ണിലൂടെയും മൂക്കിലൂടെയും വെള്ളം വരുന്നത് കഥകളിക്കനുയോജ്യമല്ല.
:}വാസുവാശാൻ ചിട്ടപ്പെടുത്തിയ പല കഥകളും ഉണ്ടല്ലോ,അവയെക്കുറിച്ച് പറയൂ.
വാസുപ്പിഷാരടി:ഞാൻ ഗുരുവായൂർ നിൽക്കുന്ന കാലത്ത്,കൃഷ്ണാർജ്ജുനവിജയം എന്നൊരു ആട്ടക്കഥ,ആ കഥ വാസ്തവത്തിൽ പുരാണത്തിലുള്ളതൊന്നുമല്ല.കുഞ്ചൻ‌നമ്പ്യാരാണെന്നു തോന്നുന്നു അങ്ങനൊന്ന് ആലോചിച്ചുണ്ടാക്കുന്നത്.അതിനെ ഉപജീവിച്ച് വടക്കഞ്ചേരിനമ്പൂതിരിപ്പാട് എഴുതിയ ആട്ടക്കഥയാണ് അത്.കുമ്മിണിമാഷ് മുഖാന്തിരം അത് എന്റെ കയ്യിൽ കൊണ്ടുവന്നു തന്നു.അങ്ങനെ ആ ആട്ടക്കഥ ചിട്ടപ്പെടുത്തിക്കളിക്കുകയുണ്ടായി.അന്ന് അതിനു നല്ല സ്വികരണം ലഭിച്ചിരുന്നു.
:}അതായിരുന്നോ ആദ്യമായി ചിട്ടപ്പെടുത്തിയത്?
വാസുപ്പിഷാരടി:അതെ.അംബ കൃഷ്ണൻ‌കുട്ടിപ്പൊതുവാൾ ഇവിടെ ചിട്ടപ്പെടുത്തുമ്പോളൊക്കെ ഞങ്ങളെല്ലാവരും കൂടെയുണ്ടായിരുന്നു.പൂർണ്ണനിലയിൽ ഞാൻ ആദ്യം ചിട്ടപ്പെടുത്തിയത് അതായിരുന്നു.കലാമണ്ഡലത്തിൽ വന്ന ശേഷം കുറേ കഥകൾ ചിട്ടപ്പെടുത്തുകയുണ്ടായി.ഒന്ന്,വൈലോപ്പിള്ളിയുടെ ‘ജലസേചനം’എന്ന കവിതയാണ്.പിന്നെ,മഹാകവിയുടെ മകൻ അച്ചുതക്കുറുപ്പിന്റെ നിർദ്ദേശത്തിൽ,അദ്ദേഹം പഴയ നാടകനടനും ഒക്കെയാണ്, ശാകുന്തളം ചിട്ടപ്പെടുത്തിക്കളിക്കുകയുണ്ടായി.പിന്നീടാണ് വയലാറിന്റെ ‘രാവണപുത്രി’ചെയ്യുന്നത്.ആ കവിത വാസ്തവത്തിൽ എന്റെ ആലോചനയിൽ വന്നിരുന്നില്ല.വിനുവാസുദേവനാണ് അത് കൊണ്ടുവന്നത്.അതിന്റെ അരങ്ങ് ശരിക്കും നന്നായിത്തോന്നിയ ഒരനുഭവമായിരുന്നു.പിന്നെ,വേണുഗോപാലിന്റെ ‘കൃഷ്ണലീല’ചിട്ടപ്പെടുത്തുന്നത്.അത് നിരവധി അരങ്ങുകാണുകയുണ്ടായി.ഈഡിപ്പസ്,ഒഡീസിയസ്സ് എന്നിവയും ചെയ്തിട്ടുണ്ട്.
:}പാശ്ചാത്യകഥകളുടെ സൌന്ദര്യസങ്കൽ‌പ്പം കഥകളിയുടെ പൊതുപ്രകൃതിയുമായി ഇണങ്ങാനുള്ള സാദ്ധ്യത ഉണ്ടോ?
വാസുപ്പിഷാരടി:എനിക്കാകാര്യത്തിൽ വലിയ യോജിപ്പില്ല.ഒന്നാമത്,നമ്മുടെ കഥാപാത്രങ്ങളുടെ പേരും അന്തരീക്ഷവും അല്ല അവരുടേത്.ഈഡിപ്പസ് ഒക്കെ വളരെ ഹൃദയസ്പൃക്കായ കഥ തന്നെയാണ്,സംശയമില്ല.പക്ഷേ,കഥകളിയുടെ കലാവീക്ഷണത്തോടുള്ള യോജിപ്പിലാണ് പ്രശ്നം.ഒരുകുട്ടിയെ നമ്മൾ പലവട്ടം കാക്കയെ കാണിച്ചുകൊടുത്ത്,“കാക്ക”എന്നു പറഞ്ഞുകൊടുത്താണല്ലോ അത് കാക്കയാണ് എന്ന ബോധമുണ്ടാക്കുന്നത്.അതേസമയം മനപ്പൂർവ്വം “പൂച്ച”എന്നാണ് പറഞ്ഞുകൊടുക്കുന്നതെങ്കിൽ,അതേ കുട്ടിക്കറിയൂ.അതുപോലെത്തന്നെ,‘കിങ്ങ് ലിയർ’എന്നൊരു കഥാപാത്രം കഥകളിയുടെ കലാഘടനയുമായി വരുത്തുന്ന പൊരുത്തക്കേട് ഒരു വശത്ത്;പിന്നെ മറ്റൊന്ന്,വി.കെ.എന്നിന്റെ ഒരു കഥയുണ്ടല്ലോ,ഒരു മദാമ്മ കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ വന്നിരിക്ക്യാണ്,ഭാരതപ്പുഴയിൽ നീന്തുകയാണ്.അദ്ദേഹത്തിന് കുറച്ചുകഥകളിപ്പദമൊക്കെ വരുന്നു;“ചാരുഹാസിനീ,ചെമ്പൻ‌തലമുടിക്കാരീ,നീലക്കണ്ണീ”എന്നൊക്കെ.നമ്മുടെ സൌന്ദര്യസങ്കൽ‌പ്പം അതല്ലല്ലോ.കറുത്തിരുണ്ടുനീണ്ടതലമുടി,നീണ്ടിടം‌പെട്ട കണ്ണുകൾ-അങ്ങനെയൊക്കെയാണല്ലോ.അതിന്റെ ചേർച്ചയില്ലായ്മ മറ്റൊന്ന്.ലിയർ രാജാവിന്റെ അന്ത്യത്തിൽ കാട്ടിൽ വരുമ്പോൾ അവിടെ ഉള്ളത് നമുക്കാണെങ്കിൽ ഒരു പേടമാനൊക്കെ ആവും.അവിടെ ഉള്ളത് ഒരു നായയാണ്.നായ മോശമായിട്ടല്ല.നമ്മളുടെ അവബോധം നായയെ അങ്ങനെയല്ല കാണുന്നത്.അതുകൊണ്ട്,അവയുടെ സമന്വയം പാടാണ്.എന്നാൽ പലപ്പോഴും നമ്മൾ വിദേശത്തുപോകുമ്പോൾ അവരാവശ്യപ്പെട്ടുകാണാറ്,നമ്മുടെ കഥകളാണ്.കാരണം അവർക്കതു പുതുമയാണ്.
:}കഥകളിയുടെ ബോധനശാസ്ത്രത്തിലും പ്രായോഗികതയും വലിയ മാറ്റങ്ങളെപ്പറ്റിയുള്ള ചർച്ചകൾ നടക്കുകയാണല്ലോ.ആശാന്റെ അഭിപ്രായം എന്താണ്?
വാസുപ്പിഷാരടി:കാലാനുസൃതമായ മാറ്റങ്ങൾ വരുമ്പോൾ അതിനോടു പുറം തിരിഞ്ഞു നിന്നിട്ട് കാര്യമില്ല.പുതിയ രീതിയിലുള്ള കോഴ്സുകൾ ആയി മാറുന്നതിൽ തെറ്റൊന്നും ഇല്ല.അതു പരമാവധി എങ്ങനെ തെറ്റില്ലാതെ നടത്താനാവും എന്നുനോക്കുകയാണു വേണ്ടത്.പിന്നെ,പരീക്ഷ ജയിച്ചു എന്നതുകൊണ്ട് വലിയ കാര്യമൊന്നും സത്യത്തിൽ ഈ രംഗത്തൊന്നും തുടർന്നുണ്ടായിക്കൊള്ളണമെന്നില്ലല്ലോ.തിരൂർ നമ്പീശൻ,എമ്പ്രാന്തിരി,ഹൈദരാലി,വെണ്മണി ഹരിദാസ് തുടങ്ങിയവരിൽ ഫസ്റ്റ്ക്ലാസിൽ പാസായ ആൾ തിരൂർ നമ്പീശനാണ്.കഷ്ടി ജയിച്ച ആളാണ് എമ്പ്രാന്തിരി.തോറ്റ ആളാ ഹരിദാസ്.പക്ഷേ,അവരൊക്കെയാണ് വലിയ പാട്ടുകാരായത്.പരീക്ഷ കൊണ്ടൊന്നും ജീവിതം നിശ്ചയിക്കപ്പെടില്ല.പഠിപ്പിക്കുന്നതിൽ ഏതു വഴിയിലാണെങ്കിലും ശ്രദ്ധയുണ്ടെങ്കിൽ അതിന്റെ ഫലവുമുണ്ടാകും.പിന്നെ,ശിക്ഷിച്ചുപഠിപ്പിക്കലിന്റെ കാലമൊക്കെ പോയി.കഠിനശിക്ഷയുടെ കാലമൊക്കെ ഞങ്ങളുടെ കാലമായപ്പോഴേക്കും തന്നെ കുറഞ്ഞിരുന്നു.പിന്നെ,അങ്ങനെ അടിച്ചുപഠിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല.അങ്ങനെ പഠിപ്പിച്ചാൽ അവൻ അതുചെയ്യും.തെറ്റുകയുമില്ല.പക്ഷേ,അതൊരു ഉമ്പാച്ചിപ്പേടികൊണ്ട് ചെയ്യുന്നതാണ്.അത് ആസ്വദിച്ചു ചെയ്യാനാവണമെങ്കിൽ അതു തലയിൽ കയറുകതന്നെ വേണം.അതിന് ശിക്ഷ കൊണ്ട് കാര്യമൊന്നും ഇല്ല.പണ്ടൊക്കെ എത്ര പേരാ കഥകളിയിൽ നിന്ന് ശിക്ഷയുടെ കാഠിന്യം കൊണ്ട് ചാടിപ്പോയിട്ടുള്ളത്.അതൊന്നും ഒരു കേമത്തായിട്ട് എനിക്കു തോന്നിയിട്ടില്ല.ദേഹോപദ്രവം പരമാവധി ഒഴിവാക്കുന്നതാണു നല്ലത്.നാലുശിഷ്യന്മാരുണ്ടെങ്കിൽ അവരെല്ലാവരും ഒരേ ഗ്രേഡ് ആയിക്കോളണം എന്നൊന്നും ഇല്ല,അവരെ ഒപ്പം കൊണ്ടു നടക്കാൻ അൽ‌പ്പം ക്ഷമയൊക്കെ വേണം.അപ്പൊഴേ ഒരാൾ ആചാര്യനൊക്കെ ആവുന്നുള്ളൂ.
:}മുഴുരാത്രിക്കളികൾ കുറയുകയും,വൈകുന്നേരക്കളികൾ ശക്തിപ്പെടുകയും ചെയ്യുകയാണല്ലോ.ഈ മാറ്റം കഥകളിക്കു ഗുണകരമാണോ?
വാസുപ്പിഷാരടി:സംശയമില്ല.കളികളുടെ എണ്ണം കൂടിയിരിക്കുകയാണ്.പിന്നെ,സമൂഹത്തിൽ വന്ന മാറ്റത്തിന്റെ ഭാഗമാണ് സമയക്രമത്തിലൊക്കെ വന്ന മാറ്റം.പണ്ട് കൂട്ടുകുടുംബമായിരുന്നു.ഒരാളെല്ലെങ്കിൽ ഒരാൾ വീട്ടിലുണ്ട്,കാര്യമായി തിരക്കുകളില്ല.ഇപ്പോഴത്തെ അവസ്ഥ അതല്ല.ചരിത്രത്തിന്റെ മാറ്റം കഥകളിയിലും കാണുന്നു.അതു ദേഷമാണെന്നു പറഞ്ഞുകൂടാ.വൈകുന്നേരക്കളിയിലും ഇപ്പോൾ നല്ല ഒരു ഭാഗം എടുത്ത് ചെയ്യുകയാണല്ലോ ചെയ്യുന്നത്.അതു കൂടുതൽ ആളുകൾ കാണുന്നുമുണ്ട്.നമ്മുടെ സ,സ്കാരവിചാരങ്ങളിൽ തന്നെ മാറ്റം വന്നു.പടിഞ്ഞാറുനിന്നുള്ള പരിഭ്രമം ഇപ്പോഴും തീർന്നിട്ടുമില്ല.മാറ്റങ്ങൾ സ്വാഭാവികമാണ്.അതിനോട് പുറം തിരിഞ്ഞുനിന്നിട്ട് കാര്യമൊന്നുമില്ല.
:}ആസ്വാദകരിൽ വന്ന മാറ്റങ്ങളേക്കുറിച്ച്…
വാസുപ്പിഷാരടി:പുതിയ ആസ്വാദകരിൽ നന്നായി കഥകളി കാണുന്ന പലരും ഉണ്ട്.ഒരു കുഴപ്പം ക്ഷമയില്ലായ്മയാണ്.ഒരു തവണ കാണുമ്പോഴേക്കും അഭിപ്രായം പറയലായി.ഒരുവേഷം തന്നെ പലരും ചെയ്യുന്നതു കാണുകയും അതിനേപ്പറ്റി ആഴത്തിൽ പഠിക്കുകയും ചെയ്ത് അഭിപ്രായം പറയുന്നവർ ചുരുക്കമാണ്.കുറേക്കൂടി ക്ഷമാപൂർവ്വമായ സമീപനം ആവശ്യമാണെന്നാണ് എന്റെ പക്ഷം.ഞാൻ പറയുന്നതു മാത്രമാണു ശരി എന്ന വാശി നന്നല്ല.
:}ഘടകകലകൾ ഓരോന്നും കഥകളിയുടെ പൊതുഘടനയിൽ നിന്ന് അകന്ന് ശിഥിലമാകുന്ന സ്ഥിതി ഈയിടെ കഥകളിയിൽ സജീവമാണല്ലോ.ആശാന്റെ അഭിപ്രായമെന്താണ്?
വാസുപ്പിഷാരടി:എല്ലാവരും മിടുക്കന്മാരാണ്.അപ്പോൾപിന്നെ ഓരോരുത്തരും സ്വയം തെളിയക്കലാണ്.ഘടകകലയാണ് എന്ന ബോധം ഇല്ലാതായിവരികയാണ്.അതിലാണ് തന്റെ കലയുടെ അസ്തിത്വം എന്ന ബോധം ഇല്ലായ്ക.അതിഗംഭീരമായിട്ട് തായമ്പക കൊട്ടുന്ന ഒരു കലാകാരൻ ഒരു ദിവസം പെട്ടെന്നുകേറി കളിക്കു കൊട്ടിയാൽ അവന്റെ കൊട്ടു നന്നാവില്ല.എന്റെ അഭിപ്രായത്തിൽ,തായമ്പകകൊട്ടുന്നവനേക്കാളും കേമൻ തന്നെയാണ് കഥകളിക്കു കൊട്ടുന്നവൻ.കാരണം,കഥകളിക്കൊട്ട് അനവധി നിയന്ത്രണങ്ങൾക്കകത്തുനടക്കുന്ന കലാപ്രകടനമാണ്.കഥാപാത്രം,അപരവാദ്യങ്ങളുടെ സ്ഥിതി തുടങ്ങിയവയൊക്കെ നോക്കണം.തായമ്പകക്കാരന് ഒരു നിയന്ത്രണവും കാര്യമായി വേണ്ട.താളവും സാധകവും ഉണ്ടെങ്കിൽ,അവനെന്തുവേണമെങ്കിലും കൊട്ടിഫലിപ്പിക്കാം.പക്ഷേ,നമ്മുടെ കൊട്ടുകാർക്ക് പരിഭ്രമാണ്.പാട്ടുകാരുടേയും സ്ഥിതി ഇതാണ്.പുതുക്കോട് കൃഷ്ണമൂർത്തി ഒരിക്കൽ കലാമണ്ഡലത്തിൽ വന്നിട്ട് പറയുകയുണ്ടായി,“ഹരിണാക്ഷി”യുടെ കേരളീയതയെപ്പറ്റിയിട്ട്.”ഹരിണാക്ഷി”യിൽ സാധാരണ പാടുന്ന ചില വഴികളൊന്നും വാസ്തവത്തിൽ കർണ്ണാടകസംഗീതത്തിലെ കാംബോജിയുടെ ശുദ്ധമായ വഴിയല്ല.പക്ഷേ,അതിനുള്ള ആ കേരളീയതയുണ്ടല്ലോ,അതു കളയരുത്,നമ്പീശൻ എന്ന് അദ്ദേഹം നമ്പീശനോടു പറഞ്ഞു.പക്ഷേ നമ്മുടെ പാട്ടുകാർക്കും പരിഭ്രമമാണ്.അതാണ് അനവധി രാഗമാറ്റങ്ങളായി പുറത്തുവരുന്നത്.ഇതു മാറാൻ ആസ്വാദകരുടെ ഇടപെടലുകൾ തന്നെ വേണ്ടി വരും.
:}ആശാൻ നളചരിതത്തിന് എഴുതിയ ഒരു രംഗവ്യാഖ്യാനം പ്രസിദ്ധീകൃതമാവുകയാണല്ലോ.എന്താണ് ആ വ്യാഖ്യാനത്തിലൂടെ ആശാൻ ലക്ഷ്യം വെക്കുന്നത്?
വാസുപ്പിഷാരടി:കഥകളിയിലെ പുതുതലമുറയിൽ വ്യാപകമായി കാണുന്ന പ്രശ്നമാണ്,അനുകരണം.മഹാനടന്മാർ അവരുടെ ശരീര,മാനസികഭാഷക്കനുസരിച്ച് ഉണ്ടാക്കിയ രംഗാ‍വിഷ്കരണത്തെ കൃത്യമായി മനസ്സിലാക്കാതെ അനുകരിക്കുന്നവർ നിരവധിയാണ്.നളചരിതവും ഈ പ്രശ്നം നേരിടുന്നുണ്ട്.സ്വയം ഉണ്ടാക്കിയെടുക്കുന്ന രംഗഭാഷക്കായുള്ള ശ്രമങ്ങൾ അധികം ഉണ്ടാകുന്നില്ല.നളചരിത്തിന്റെ ഒരു സമ്പൂർണ്ണ ആട്ടപ്രകാരം അല്ല ഞാനുദ്ദേശിക്കുന്നത്.പുതിയ നടന്മാർക്ക് ആവശ്യമായ ഒരു രൂപരേഖ പോലെ ആണത്.എന്നാൽ അതിൽ മഹാചാര്യന്മാർ ചെയ്ത രംഗവഴികൾ ഉണ്ടാവുകയും ചെയ്യും.
:}അസുഖം മാറി വീണ്ടും അരങ്ങിൽ സജീവമാവുകയാണല്ലോ.ഇത്തരമൊരു തിരിച്ചുവരവിന് കഴിയും എന്ന് ആശാൻ പ്രതീക്ഷിച്ചിരുന്നോ?
വാസുപ്പിഷാരടി:തീർച്ചയായും ഇല്ല.ഞാൻ വൈദ്യമഠത്തിന്റെ അടുത്തുചെന്നപ്പോൾ പറഞ്ഞത്,“എന്നെ ഒന്നു നടക്കാറാക്കിത്തരണം”എന്നാണ്.അതുതന്നെ എനിക്കു കരച്ചിൽ കൊണ്ടു മുഴുമിക്കാനായില്ല.അപ്പോൾ അദ്ദേഹം പറഞ്ഞത്,“താൻ നാലും കൂടിയ വഴിയിലാ ഇപ്പൊ നിക്കണേ,എവിടെക്കാ എത്ത്യാന്ന് നോക്കാം,പ്രാർത്ഥിക്കാം”എന്നാണ്.പിന്നെ,ഗുരുവായൂരപ്പന്റെ അനുഗ്രഹവും,ഇഷ്ടപ്പെടുന്ന അറിയണവരും അറിയാത്തവരുമായ അനേകരുടെ പ്രാർത്ഥനയും അദ്ദേഹത്തിന്റെ കൈപ്പുണ്യവും എല്ലാം കൂടി ഇവിടെയെത്തിച്ചു.ഇത്രയൊന്നും എത്തും എന്നു വിചാരിച്ചതല്ല.അന്നത്തെ സ്ഥിതി ആലോചിച്ചാൽ ഇപ്പോൾ സ്വർഗാണ്.ഇനി വേഷങ്ങൾ ചെയ്യാൻ തന്നെയാണ് അദ്ദേഹവും പറഞ്ഞത്.
:}ഇനി ഏതൊക്കെയാണ് ഉടനേ വേഷങ്ങൾ?
വാസുപ്പിഷാരടി:തൃശ്ശൂർ ക്ലബ്ബിൽ ഒരു ദക്ഷൻ പറഞ്ഞു വെച്ചിട്ടുണ്ട്,ഒൿടോ.16ന്.ഇരിങ്ങാലക്കുടയിൽ ഒരു നാലാംദിവസവും.ഒൿടോ9ന്.കുഞ്ചുനായർ സ്മാരകട്രസ്റ്റിൽ വെച്ചു നടക്കുന്ന കുഞ്ചുവാശാന്റെ ജന്മശതാബ്ദി ആഘോഷത്തിൽ ഒരു സന്താനഗോപാലവും ഉണ്ട്.സപ്റ്റം12ന്.
:}ഇനി വീണ്ടും ആശാൻ സജീവമായി അരങ്ങിലുണ്ടാകുമെന്നു പ്രതീക്ഷിക്കാം,ല്ലേ?
വാസുപ്പിഷാരടി:അങ്ങനെ ആഗ്രഹിക്കുന്നു.എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടെങ്കിൽ…മനുഷ്യന്റെ ആശകൾ അവസാനിക്കുന്നില്ലല്ലോ.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder