നടകലിനളചരിതം

കാവാലം നാരായണപ്പണിക്കര്‍

January 20, 2014

(കലിവേഷം എന്ന സ്വന്ത നാടകത്തിന് ഒരു മുഖവുര)
 ഉണ്ണായി വാര്യരുടെ പ്രഖ്യാതകൃതിയായ നളചരിതത്തെ കലി എന്ന കഥാപാത്രത്തിലൂടെയും, ആ കഥാപാത്രത്തിന്റെ ആവിഷ്‌കാരത്തിലൂടെയും പുനഃപരിശോധിക്കാന്‍ പുറപ്പെട്ടതിന്റെ അനുഭവമാണിവിടെ പരാമര്‍ശിക്കുന്നത്. അതാണ് കലിവേഷം എന്ന നാടകകൃതി. പ്രത്യേകിച്ചും ഭാരതീയമായ അഭിനയപ്രകാരങ്ങളെ കേരളീയരംഗശീലങ്ങളിലൂടെ എത്തിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിച്ച മനസ്സിന്റെ സര്‍ഗ്ഗാത്മകയാത്രയില്‍ പഴമയുടെ പുതുമയായി അടുങ്ങിവന്ന ഘടനയാണിവിടെ വിഷയം. കലികാലമാകയാല്‍ കലിയെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഫലമായാണ് നളചരിതത്തിന്റെ നടുക്കുറ്റി ആ കഥാപാത്രത്തില്‍തന്നെ കെട്ടിയിടാന്‍ തോന്നിയത്. അങ്ങനെയാണു കലിവേഷമെടുക്കുന്ന ശുദ്ധബ്രാഹ്മണനായ ഒരു നടനില്‍ പഞ്ചമകാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സമകാലിക പ്രഹേളികയായി കലി എന്ന കഥാപാത്രം മാറുന്നതുതന്നെ. അതു കഥയുടെ ക്രിയാവേഗമായിത്തീരുന്നു.നാടകത്തിന്റെ പൂര്‍വ്വരംഗമോ നാന്ദിയോ പോലെ വാര്‍ന്നു വീണ ”കലിസന്തരണം” എന്ന കവിതയില്‍ പാകിയ കലിചരിതത്തിന്റെ വിത്തില്‍ ഉണരാനൊരുങ്ങിക്കിടന്ന ബിംബകല്പനകള്‍ കാണാം. കലിയുടെ കഥ എന്നതിലും ശരി കലിവേഷം കെട്ടാന്‍ നിയുക്തനാകുന്ന സാത്വികനായ നടന്റെ കഥ എന്നതാണ്.


 ”സന്ധ്യാവന്ദനവും വേദ

സന്ധാന പരിശുദ്ധിയും

വാഴ്‌വില്‍ കൈമുതലാക്കി” യ ഈ നടന്‍’

‘മാറിയാടാന്‍ മനസ്സൂന്നി

മായികാവേഗശക്തിയാല്‍വെളിപാടിന്നുറച്ചവ” നാണ്.

നടന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, മനുഷ്യജീവിതത്തെത്തന്നെ ചൂഴ്ന്നുള്ള ഒരു സ്വഭാവവിശേഷമാണ് മനസ്സിന്റെ തെളിയൊളിവുകളില്‍ ദുഷ്‌പ്രേരണകളുടെ മേല്‍ക്കൈയ്യുണ്ടാവുക എന്നത്. ചെയ്യരുതാത്തതു ചെയ്യാന്‍ പ്രേരിതനാകുന്ന നിശാവേളകളിലെ അനുഭവം ആ നടനെ പ്രഭാതമായിട്ടും വിടാതെ പിന്തുടരുന്നു, വേട്ടയാടുന്നു. ജീവിതാവശ്യങ്ങള്‍ക്കായി ചന്തയിലേക്കോ മറ്റെങ്ങോട്ടെങ്കിലുമോ നീങ്ങിയാലും കണ്ടുമുട്ടുന്നതെല്ലാം കലികയറിയ മര്‍ത്ത്യരാണെന്ന തോന്നല്‍. അതില്‍പെട്ടുഴലുന്നത് ആത്മവിശ്വാസമില്ലായ്കയാലോ സുകൃതക്ഷയം കൊണ്ടോ മാത്രമല്ല; കലിയുടെ ശക്തിപ്പെരുക്കം കൊണ്ടും കൂടിയാണ്. നളചരിതത്തെ പൊതുവെ ബാധിക്കുന്ന ഈ പ്രഹേളിക നളചരിതത്തില്‍ നളപക്ഷത്തുനിന്നാണെങ്കില്‍, കലിചരിതത്തില്‍ നടപക്ഷത്തു നിന്നും കൂടെയാണ്. അതിനു കാരണം സ്വക്ഷേത്രരഹിതനായി ഒരു ആശയമായോ സങ്കല്പമായോ കരുതാവുന്ന കലി സ്വയം ഒരു കഥാപാത്രമാണിവിടെ എന്നുള്ളതാണ്. ചില ദുര്‍ഗുണങ്ങളുടെ മൊത്തമായ വിളനിലമാണ്. പെണ്ണാശ, പൊന്നാശ, ചൂതാശ, മദ്യക്കമ്പം, കൊലപ്പറ്റ് ഇതെല്ലാം ചേര്‍ന്ന കലിയ്ക്കു ബാധിക്കാന്‍ ഒരു ശരീരമാണു വേണ്ടത്. അപ്പോള്‍ ആ ശരീരത്തെ നേരത്തെതന്നെ വാസസ്ഥാനമാക്കി കലിയ്ക്കു നല്‍കിയ നടനെങ്ങോട്ടു പോകും? കലിയാവേശം ആ ശരീരത്തില്‍ വസിക്കുന്ന നടനില്‍ പകര്‍ന്നാടുകയാണ്.


 കളി കഴിഞ്ഞു പിറ്റേന്നു വീട്ടിലെത്തുന്ന നടന് നേരേചൊവ്വെ ജീവിച്ചാല്‍ കൊള്ളാമെന്നുണ്ട്. താനാണു തലേന്നു രാത്രിയ്ക്കു കലിവേഷം കെട്ടി ഉറക്കമിളച്ചതെങ്കിലും ഉറക്കച്ചടവു തന്റെ ഭാര്യയില്‍ കണ്ടെത്തുന്ന നടന് കുടുംബജീവിതം വിലപ്പെട്ടതാണ്. എന്നിട്ടും സന്ധ്യാവന്ദനത്തിനു കൈക്കുടന്നയില്‍ കോരിയെടുത്ത വെള്ളം അടുത്തെത്തുന്ന കലി തട്ടിത്തെറിപ്പിച്ചു കളയുന്നു. ദേഹമില്ലാത്ത കലി കഥാപാത്രമാണ്. അടുത്തുതന്നെ നില്‍ക്കുന്ന നടന്റെ ഭാര്യയ്ക്ക് കലി അദൃശ്യനാണ്; നടനു പക്ഷെ കലിയെ കാണാം. ആദ്യമാദ്യം നടനായ തന്നെ ഭരിക്കാന്‍ കഥാപാത്രമായ കലിയെ അനുവദിക്കുകയില്ലെന്നു വലിപ്പം വെച്ച നടന്‍ ക്രമേണ കലിയുടെ സ്വഭാവവുമായി ഇണങ്ങിച്ചേര്‍ന്ന് രംഗത്തേക്ക് ആവേശപൂര്‍വ്വമെത്തി തന്റെ പ്രതിയോഗിയായ നളനെ ആവേശിക്കാന്‍ തക്കം നോക്കിനടക്കുന്നു.

കലിയ്ക്ക് സുന്ദരിയായ ദമയന്തിയെ നളനോടൊപ്പം കാണുന്നപാടെ ഉള്ളില്‍ അടക്കാനാവാത്ത അഭിനിവേശമുണ്ടായി. പക്ഷെ നടനിലൂടെയല്ലേ കഥാപാത്രത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയൂ. കഥാപാത്രം ഒരു പാമ്പായി മാറാന്‍ നടനെ പ്രേരിപ്പിക്കുന്നെങ്കിലും നടന്‍ അതില്‍ വിമനസ്സാണ്. കലി ദമയന്തിയില്‍ സര്‍പ്പഭീതി വരുത്തിക്കഴിഞ്ഞു. ഇനി അതിനു രൂപം നല്‍കേണ്ടത് നടനാണ്. കഥയില്‍ അങ്ങനെയൊരു സന്ദര്‍ഭമില്ലെന്നു നടന്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നുവെങ്കിലും കലി മനോധര്‍മ്മത്തെപ്പറ്റി ബോധമില്ലാത്തവന്‍ എന്നു നടനെ കുറ്റപ്പെടുത്തി പാമ്പായി മാറാന്‍ പ്രേരിപ്പിക്കുകയും നടന്‍ പാമ്പായി ദമയന്തിയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നളന്‍ ദമയന്തിയെ ഓര്‍മ്മിപ്പിക്കുന്നതിങ്ങനെയാണ്. ”നിന്റെ സ്വയംവരത്തിന് സര്‍പ്പരാജാവായ വാസുകിയുടെ നേതൃത്വത്തില്‍ അനേകം സര്‍പ്പങ്ങള്‍ വന്നിരുന്നു. അതിലൊന്നാണിവനും. ദേവിയെ വരിക്കാന്‍ കഴിയാത്തതിന്റെ ദുഃഖം അറിയിയ്ക്കാന്‍ വന്നതാണ്”. നളന്‍ പാമ്പിനെ ഓടിച്ചുകളയുന്നുണ്ടെങ്കിലും ദമയന്തിയുടെ മേല്‍ കലിനടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. അതിനു വശംവദനാകുന്നതോടെ അഭിനയത്തിലൂടെ, സാത്വികനായ നടനില്‍, അധര്‍മ്മബോധം ക്രമേണ ഉദയം ചെയ്യുന്നു. തുടക്കത്തില്‍ ഉറച്ചമനസ്സുണ്ടായിരുന്ന നടനില്‍ കാലദോഷത്താല്‍ മാറ്റം സംഭവിയ്ക്കുന്നു.

‘പിണിയാളാം നളനൊത്തു

നടനും കലിദോഷമായ്സ്വഭാവഹതിയേല്‍ക്കുമോ!

നാട്യധര്‍മ്മം പുലര്‍ത്തീട്ടു-

മന്തര്‍ദ്വന്ദ്വനിവേശനാ

ല്‍പരിക്ഷീണിതനായ് നടന്‍.

തുലാഭാരത്തട്ടുകള്‍ക്കുനടുത്തൂ

ശികണക്കയാളങ്ങിങ്ങാടിയുലഞ്ഞുപോയ്!”

ആദ്യം കഥാപാത്രത്തിനു കീഴ്‌പ്പെടാതെ, അനുഷ്ഠാനകലയില്‍ എന്നപോലെ ദേവതയാല്‍ ആവേശിക്കപ്പെടാതിരിയ്ക്കുകയും പാത്രത്തെ തന്നിലേക്കാവാഹിയ്ക്കുകയും ചെയ്യുന്ന നാട്യത്തിലെ നടന്റെ കഴിവു തിരിച്ചറിഞ്ഞ കഥകളിനടന്‍ ക്രമേണ കഥാപാത്രവുമായി താരതമ്യപ്പെടുന്നു. കഥാപാത്രത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അയാള്‍ ചൊല്ലിക്കൊടുക്കുന്ന ജീവിതശീലങ്ങളോടു പൊരുത്തപ്പെടാന്‍ തയ്യാറായ നടന്‍ കലിയുമായി ഉടമ്പടി നടത്തുന്നു. നടധര്‍മ്മം ജീവിതധര്‍മ്മിയായോ എന്ന വിചാരം നടന്റെ ഉള്ളില്‍ ദ്വന്ദ്വഭാവങ്ങളുടെ സംഘട്ടനം സൃഷ്ടിയ്ക്കുന്നത് കൂടുതല്‍ രൂക്ഷമാകുന്നത് കളികഴിഞ്ഞു വീട്ടില്‍ മടങ്ങിയെത്തി തന്റെ ഭാര്യയുടെ മുഖം കാണുമ്പോഴാണ്.


നളദമയന്തിമാരുടെ കാട്ടിലൂടെയുള്ള യാത്രകലിചരിതത്തിലും തുടര്‍ന്നു നടക്കുന്നു. വിശന്നുവലയുന്ന അവരുടെ മുന്‍പില്‍ നടകലികള്‍ പക്ഷിരൂപത്തില്‍ പറന്നുവരികയും സ്വന്തവസ്ത്രം വലയാക്കി ദമയന്തിയുമൊത്തു പക്ഷിപിടുത്തത്തിനു നളന്‍ ശ്രമിച്ചു പരാജയമടയുകയും ചെയ്യുന്നു. തന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന ദമയന്തിയെ കാട്ടിലുപേക്ഷിച്ചു നടന്‍ പോകുന്നതോടെ നടനിലൂടെ ദമയന്തിയെ അപമാനിയ്ക്കാന്‍ കലിയുടെ ശ്രമം തുടങ്ങുകയായി.ചാരിത്രവതിയായ ദമയന്തിയുടെ കോപം അഗ്നിയായി മാറി; ചൂടു സഹിക്കാനാവാതെ കലി താന്നിമരത്തില്‍ അഭയം തേടി. ദമയന്തീ വ്യസനം കാട്ടുതീയ്യായ് പടര്‍ന്നുകയറി, അതില്‍ കാര്‍ക്കോടകസര്‍പ്പം പതിയ്ക്കുന്നു. വിരഹവിഷാദത്തിലാണ്ട നളന്‍ ആവഴി വരുന്നതും കാര്‍ക്കോടകനെ രക്ഷിയ്ക്കുന്നതുമെല്ലാം നളചരിതത്തിന്റെ നിഴലില്‍ത്തന്നെ നടക്കുന്ന കാര്യങ്ങളാണ്. ഒടുവില്‍ കലിസന്തരണമന്ത്രത്തിലൂടെ കലി നളനെവിട്ടു പോവുകയും സ്വാഭാവികമായി നടനും കലിയില്‍ നിന്നും സ്വതന്ത്രനാവുകയും ചെയ്യുന്നു. സജ്ജനങ്ങളേയും ധര്‍മ്മികളേയും ഒരുനാളും തീണ്ടിപ്പോകരുതെന്ന നളന്റെ ഭീഷണമായ ആജ്ഞയും കേട്ടുകൊണ്ട് കലി എന്ന കഥാപാത്രം ”ദുര്‍ജ്ജനമെവിടേ സജ്ജനമെവിടേ” എന്നു പ്രേക്ഷകരുടെ ഇടയില്‍ തിരക്കിക്കൊണ്ട് അപ്രത്യക്ഷനാകുന്നതോടെ നാടകം ഭരതവാക്യത്തിലെത്തുന്നു.

ഭരതവാക്യം :- ”ബ്രഹ്മചക്രപരിക്രമസന്ധിയിതില്‍നൈമിശവനാങ്കഭൂതലമിതില്‍സ്ഥലകാലങ്ങളിണങ്ങുമൊരേ ബിന്ദുവില്‍വിലയം കൊള്ളും കലിബാധ കടക്കാതെഴു-മഭയസ്ഥാനമിതില്‍കഥയുടെ പുനരാവര്‍ത്തനമാകാം”
 ഇവിടെ കലിചരിതത്തിന്റെ പ്രകടനത്തിനു വിരാമമാകുന്നു.

ഭരതവാക്യം :- ”ബ്രഹ്മചക്രപരിക്രമസന്ധിയിതില്‍

നൈമിശവനാങ്കഭൂതലമിതില്‍ 

സ്ഥലകാലങ്ങളിണങ്ങുമൊരേ ബിന്ദുവില്‍

വിലയം കൊള്ളും കലിബാധ കടക്കാതെഴു-

മഭയസ്ഥാനമിതില്‍

കഥയുടെ പുനരാവര്‍ത്തനമാകാം”
 

Similar Posts

  • ചുണ്ടപ്പുവും, കണ്ണ് ചുവക്കുന്നതും

    സി. പി. ഉണ്ണികൃഷ്ണന്‍ January 17, 2013 നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിന്‍റെ  വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്. നല്ലപോലെ വിടർന്ന പൂക്കൾ അവയുടെ ചെറിയ തണ്ട് (ഞെട്ടി/ഞെട്ട്)…

  • കാറും വെയിലും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 5 ശ്രീവത്സൻ തീയ്യാടി Thursday, September 6, 2012 ഇനി ഞാൻ കൂടെ വന്നിട്ടുള്ളവരെ പരിചയപ്പെടുത്താം… ആശാന്റെ ആ വാചകത്തിൽ രണ്ടു കൌതുകമാണ് തോന്നിയത്. ഒന്ന്, അദ്ദേഹത്തിൽ പൊതുവെ ശ്രദ്ധിച്ചിട്ടില്ലാത്ത ടീം ലീഡർ സ്പിരിറ്റ്‌. രണ്ട്, അതുവരെ പിന്തുടർന്ന അർദ്ധവള്ളുവനാടൻ വാമൊഴിയിനിന്ന് മുഴുവനായുള്ള വ്യതിയാനം. “ങ്ഹാ… നി ഓരോരുത്തരായ്ട്ട് ങ്ങ്ട് മുമ്പാക്കം വര്വോ….” വീണ്ടും തന്റെ കോതച്ചിറ മലയാളത്തിലേക്ക് വഴുതി കലാമണ്ഡലം ഗോപി. നാട്യം ഏതുമില്ലാത്ത ഭവ്യതയുമായി സഹകലാകാരന്മാർ അദ്ദേഹത്തിന്റെ കസേരക്കടുത്തെക്ക്…

  • |

    രാഗം കൊണ്ട് കഥാപാത്രമാവുന്ന അത്ഭുതം

    വെണ്മണി ഹരിദാസ് സ്മരണ – 5(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കലാമണ്ഡലം ബാബു നമ്പൂതിരി July 14, 2017 നമുക്ക് ജീവിതത്തിലുണ്ടാവുന്ന സ്നേഹം, ദേഷ്യം ഇങ്ങനെയൊക്കെയുള്ള വികാരങ്ങൾ, അല്ലെങ്കിൽ ദേഷ്യത്തോടെ ‘എടാ’ എന്നൊരാളെ വിളിക്കുന്നത്, വാത്സല്യത്തോടെ ‘മോനെ’ എന്നു വിളിക്കുന്നത്, അതൊക്കെ ഈ കഥകളിപ്പാട്ടിലൂടെ വളരെ നിസ്സാരമായിട്ട് അദ്ദേഹം ചെയ്യുന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മൾ സംസാരിക്കുന്നതു പോലെ അനായാസമായി പാടാൻ കഴിയുന്ന ഒരു മഹത് വ്യക്തിയാണ് അദ്ദേഹം. ഹരിദാസേട്ടന്റെ കൂടെ ഞാൻ ആദ്യം പാടുന്നത് ഉത്തരാസ്വയംവരത്തിലെ ‘മാനവേന്ദ്രകുമാര പാലയ’…

  • ആചാര്യന്മാരുടെ അരങ്ങ്‌

    കളിയരങ്ങുകളുടെ മുന്നിൽ – ഭാഗം 2 (ശ്രീ രാമദാസ് എൻ. എഴുതുന്ന പരമ്പര) രാമദാസ്‌ എൻ July 15, 2012  മുൻപ്‌ പറഞ്ഞ കഥകളി കണ്ടതിനു ശേഷം, എങ്ങനെയും കുറെ കഥകളികൾ കാണുക എന്നത്‌ ഒരു ജ്വരമായി മാറി. അടുത്തത്തായി അറിഞ്ഞത്‌ ഒരേ ദിവസം നടക്കുന്ന രണ്ടു കളികളെ കുറിച്ചാണ്‌. ടി ഡി എം ഹാളിൽ വൈകീട്ട്‌ പ്രഹ്ലാദചരിതവും അന്ന്‌ തന്നെ രാത്രി ചിറ്റൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച്‌ ഒരു ഗംഭീര മുഴുരാത്രി കളിയും. എവിടെ പോകണം എന്ന്‌ ആലോചിക്കലും…

  • നളചരിതത്തിലെ പുഷ്ക്കരൻ

    ഹേമാമോദസമാ – 14 ഡോ. ഏവൂർ മോഹൻദാസ് November 14, 2013  നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം ‘നളോപഖ്യാന’ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം. നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): ‘വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം’  എന്ന് ചിന്തിച്ച കലി ‘ഭൈമിയൊത്തു നളൻ സുഖിക്കൊല’ എന്നു  മനസ്സിൽ  ഉറപ്പിച്ചു  ‘നീയും…

  • ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.

    അത്തിപ്പറ്റ രവി April 11, 2012 01. ശിഖിനിശലഭോ ജ്വാലാചക്രൈർന്ന വിക്രിയതേ പതൻപിബതി ബഹുശശ്ശാർദ്ദൂലീനാം സ്തനം മൃഗശാബകഃസ്പൃശതികളഭസ്സിംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ –ന്നയതിനകുലം നിദ്രാതന്ദ്രീം ലിഹന്നഹിപോതകഃ(കുലശേഖരവർമ്മന്റെ സുഭദ്രാധനഞ്ജയം) കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലിഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് –ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു  ഹാ! 02.ഹിമകര! ഹിമഗര്‍ഭാരശ്മയേ താവകീനാമയിമദനവിധേയേ യേനവഹ്നിം വമന്തിന തവബലമനംഗസ്യാപി വാ ദുഃഖഭാജോജനകദുഹിതുരേഷാ ശര്‍വ്വരീനാഥശക്തി ഹിമകര ! കിരണത്താലെന്തു നീയെന്നെയേവംസുമശരശരപീഡാധീനനായ് മാറ്റിടുന്നു ?സമരബലമിദംനീ കാട്ടിടാ, കാമനും, ഹൃത് –കമലരുജവഹിയ്ക്കും സീതതന്‍…

മറുപടി രേഖപ്പെടുത്തുക