സീതാസ്വയംവരത്തിലെ പരശുരാമൻ

വാഴേങ്കട കുഞ്ചു നായർ

August 31, 2012

ഈയിടെ ‘ദേശബന്ധു’ മുതലായ ചില പത്രങ്ങളുടെ ലക്കങ്ങളിൽ സീതാസ്വയംവരത്തിലെ പരശുരാമനെ പറ്റി പക്ഷാന്തരങ്ങളായ പലപല ഖണ്ഡിതാഭിപ്രായഘോഷങ്ങൾ നിയന്ത്രണമന്യെ ഉയരപ്പെട്ടതായി കാണുകയുണ്ടായി. പരശുരാമൻ ശ്രീരാമാദികളോടു നേരിടുന്നതിന്നുമുൻപ്‌ അവതാരികയായ ആട്ടം കഥകളിച്ചിട്ടയിൽ പെടാത്തതും കേവലം അനാവശ്യവുമാണെന്നൊരു പക്ഷം; അവതാരിക അവശ്യം യുക്തമാണെന്നും മിഥിലയിൽ നിന്ന്‌ ശ്രീരാമൻ ശൈവചാപം ഭഞ്ജിക്കുന്നശബ്ദം കേട്ട്‌ പരശുരാമന്റെ ധ്യാനം ഭംഗം വന്നു എന്നും, ഉടനെ വിവരം ദേവകളുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായെന്നും, തത്സമയം പെട്ടെന്ന്‌ രാമാദികളെ അന്വേഷിച്ച്‌ പുറപ്പെട്ടുവെന്നും, ഈ സമ്പ്രദായം കഥകളിയെ പറ്റി എന്തും ആധികാരികമായി വിധികൽപ്പിക്കാൻ കെൽപുള്ള ഒരമ്മാമന്റെ ഉപദേശവുമാണെന്നും ഒരു പക്ഷം . അതോടുകൂടി കുഞ്ചുനായരും ഈ സമ്പ്രദായമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌ എന്നൊരു വിധിയും. അഭിനയത്തോളം തന്നെ പ്രാധാന്യം കലാശം ചവിട്ടുന്നതിലുമുണ്ട്‌ എന്നൊരു പക്ഷം. തട്ടുപൊളിയൻ ചാട്ടവും സർക്കസ്സും കഥകളിക്ക്‌ യോജിച്ചതല്ലെന്ന്‌ മറ്റൊരു പക്ഷവും.-ഇതെല്ലാമാണ്‌ ആ ഘോഷത്തിന്റെ പ്രതിദ്ധ്വനി. എന്നാൽ, കേവലം നടവർഗ്ഗത്തിൽ പെട്ട ഒരുവനായതുകൊണ്ട്‌ വിധികർതൃത്വത്തിന്‌ ഞാൻ അർഹനല്ലെങ്കിലും എന്റെ എളിയബോധത്തിൽ നിന്നുള്ള ചില അഭിപ്രായങ്ങൾ പറയുവാനുള്ള സ്വാതന്ത്ര്യം ബഹുജനങ്ങൾ എനിക്കും അനുവദിച്ച്‌ തരുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു. അതിനാൽ ആദ്യമായി പരശുരാമന്റെ മുഖവുരാഭിനയത്തെ കുറിച്ച്‌ തന്നെ ചിന്തിക്കാം.

‘ഭൃഗുപതിരധികം ക്രുദ്ധനായ്‌ തത്ര വന്നു’ എന്നുപറഞ്ഞാൽ എത്രയും ക്രുദ്ധനാവാൻ കാരണം എന്തെന്നുകൂടി അഭിനയിക്കുന്നത്‌ നാട്യനിർബന്ധമാണ്‌. കാരണം ആലംബനമില്ലാതെ ഒരു രസവും സംഭാവ്യമായുള്ളതല്ല. ഒരു കഥാപാത്രത്തിന്റെ പ്രവേശനശ്ലോകം ചൊല്ലിക്കഴിഞ്ഞാൽ, നേരെമറിച്ച്‌ തത്തൽസന്ദർഭത്തിനനുരൂപമായ മുഖവുരയാടി അനന്തരം രംഗത്തോട്‌ (യഥാവസരത്തോട്‌) യോജിപ്പിക്കുന്നത്‌ കഥകളിച്ചിട്ടയിൽ, അഥവാ നാട്യപ്രയോഗത്തിൽ സുലഭമാണ്‌. അതുസാമാന്യ നിയമവുമാണ്‌.

നോക്കുക: ‘വാചാമുവാച കീചകഃ’ എന്നുപറഞ്ഞിട്ട്‌ കീചകൻ സൈരന്ധ്രിയോട്‌ വാചം വചിക്കുന്നതിനു മുൻപ്‌ നായികാദർശനം അഭിനയിക്കുന്നു.
‘ജഗൃഹേ ഭീമേന ദുശ്ശാസനഃ’ എന്നു പറഞ്ഞിട്ട്‌ വീണ്ടും ഭീമൻ ദുശ്ശാസനനെ തിരക്കുന്നു.
‘ജവേനാഹ്വയതബതഭകം ഭക്തരാശീം പ്രഭുഞ്ജൻ’ എന്നു പറഞ്ഞശേഷം ഭീമൻ തുടങ്ങുന്നതു ബകവനവർണ്ണനമാണ്‌.
‘അവരജാവേവം ബഭാഷേഗിരം’ എന്നു ചൊല്ലിക്കഴിഞ്ഞേടത്ത്‌ ഉത്ഭവത്തിൽ രാവണൻ തപസ്സാട്ടമാണ്‌ ആരംഭിക്കുന്നത്‌.
‘രണായജൂഹുവേ പാർത്ഥോ.. ജ്യാഘോഷൈ, പരിയൻ’ എന്നതിനുശേഷം അർജ്ജുനൻ ആരംഭിക്കുന്നത്‌ സമുദ്രവർണ്ണനയാണ്‌.’
‘ഭീമം സമീക്ഷ്യ സമചിന്തയദേവമന്തഃ’ എന്നേടത്ത്‌ ഹനൂമാൻ തപോമഗ്നനായി ഇരിക്കുകയാണ്‌.
‘ക്രുദ്ധൻ ചൊന്നാനിവണ്ണം രവിസുതമഖിലം ചണ്ഡമാലോക്യബാലി’ എന്നേടത്ത്‌ ബാലി രവിസുതന്റെ സമരാഹ്വാനം കേൾക്കുകയാണ്‌.
‘വിവിധമിദം പ്രോച്ചകൈരുച്ചചാന’ എന്നേടത്തു ബകൻ ക്ഷുധാക്രാന്തനാവുകയാണ്‌.

ഇങ്ങനെയുള്ള ഉദാഹരണങ്ങൾ നോക്കിതുടങ്ങിയാൽ അതിന്നവസാനമില്ല. അതുകൊണ്ട്‌, പരശുരാമന്റെയും മുഖവുരയാട്ടത്തെ നിഷിദ്ധമാക്കിത്തള്ളുവാൻ നിവൃത്തിയില്ല. ഒരാൾ അതുവിട്ടു എന്നതുകൊണ്ട്‌, ദുഷിക്കേണ്ട ആവശ്യവുമില്ല. ‘അവിടുന്നങ്ങോട്ടേ ഉണ്ടായുള്ളൂ’ എന്നു മനസ്സിലാക്കുകയാണ്‌ പാകമെന്നു തോന്നുന്നു. പരദൂഷണം കൊണ്ടും വൃഥാശ്ലാഘനം കൊണ്ടും ആർക്കും അനർത്ഥമല്ലാതെ ഗുണമൊന്നും കിട്ടാനില്ലല്ലൊ.

എന്നാൽ, പരശുരാമൻ മുഖവുരയിൽ ത്രൈയ്യംബക ഭഞ്ജനം കേട്ട ഉടൻ തന്നെ ശ്രീരാമാദികളോട്‌ ഏറ്റുമുട്ടുന്നതായി കാണിക്കുകയാണെങ്കിൽ, ഏതു വലിയമ്മാമന്റെ ഉപദേശമായാലും അതു യുക്തിഭംഗം തന്നെ ആണ്‌. വിവാഹം കഴിഞ്ഞ്‌ ദശരഥാദികൾ മിഥിലയിൽ നിന്ന്‌ അയോദ്ധ്യയിലേക്ക്‌ പോകുന്നമാർഗ്ഗത്തിലാണല്ലൊ ആ കുഴപ്പമുണ്ടായത്‌. പ്രസ്ഫുടമായ രേഖകൾ കാണുന്നില്ല എങ്കിലും, ചാപഭഞ്ജനം കഴിഞ്ഞ്‌ കുറഞ്ഞ ദിവസങ്ങൾക്ക്‌ ശേഷം ആണ്‌ ആ വിവാഹസംഘത്തിന്റെ അയോദ്ധ്യാപ്രസ്ഥാനം എന്നു തീർച്ചയാണ്‌. അതുകൊണ്ട്‌ ചാപഭഞ്ജനശ്രവണം മുതൽ അത്രയും ദിവസം പരശുരാമൻ, ശ്രീരാമനെ തിരഞ്ഞുനടന്നു എന്നു വരുത്തുന്നത്‌ തീരെ യുക്തമെന്നു തോന്നുന്നില്ല.

കുഞ്ചുനായരും ഈ സമ്പ്രദായമാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും അതിൽ ഒരു ലേഖനത്തിൽ കാണുകയുണ്ടായി. അതു ലേഖകന്റെ പ്രമാദമെന്നേ പറവാൻ നിവൃത്തിയുള്ളൂ. അയാൾ (കുഞ്ചുനായർ) കോട്ടക്കലായിരുന്ന കാലത്ത്‌, അതായത്‌ 1125/1126 ചിങ്ങം 28നു മുതൽക്കാണ്‌ കുട്ടികളെ സീതാസ്വയംവരം ചൊല്ലിയാടിക്കാൻ തുടങ്ങിയത്‌. അതിൽ അഹല്യാമോക്ഷം, ഗംഗാതരണം എന്നീ ഒന്നും രണ്ടും രംഗങ്ങൾ കൊട്ടാരത്തിന്റെ സീതാവിവാഹത്തിൽ നിന്നും എടുത്ത്‌ ചേർത്തിട്ടുമുണ്ട്‌. ആ കഥയ്ക്കു മുഴുവനും (എല്ലാ പാത്രങ്ങൾക്കും) ചുരുക്കത്തിൽ ഒരാട്ടക്രമവും എഴുതി. അങ്ങിനെ പത്തു പരിവൃത്തി കഥ മുഴുവനും ചൊല്ലിയാടിച്ചു. അനന്തരം 1127 കന്നി 26നു ആ കഥ കളിക്കുകയും ചെയ്തു. ഇതിൽ യാതൊരാളുടെ യാതൊരൂപദേശവും ഉണ്ടായിട്ടുമില്ല. എല്ലാം സ്വന്തം അഭിപ്രായങ്ങൾ മാത്രമേ അതിന്നു അവലംബം ആക്കീട്ടുള്ളൂ. ആ കളിക്കാണ്‌ കുഞ്ചുനായർ ആദ്യമായി പരശുരാമൻ കെട്ടിയിട്ടുള്ളത്‌. ആ പരശുരാമന്റെ മുഖവുരയാട്ടത്തേയും ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ.

ആദ്യമായി ശൈവചാപഭഞ്ജനത്തെക്കുറിച്ചുള്ള സ്മരണ (ചിന്ത). വഴിയേ ഇങ്ങിനെയൊരു സംഭവം കേൾക്കാൻ തനിയ്ക്കിടവന്നതിലുള്ള അത്മനിന്ദനം. ഇതാണ്‌ പരശുരാമന്റെ തത്സമയത്തെ സ്ഥിതി. അനന്തരം മിഥിലയിൽ നിന്ന്‌ അയോദ്ധ്യയിലേക്കുള്ള മാർഗ്ഗം നോക്കി പുറപ്പെടുന്നു. അവിടെവെച്ച്‌,

‘കോസലഭൂപതിപൃതനാചക്രം
ഭൃഗുകുലമണിയാം മുനിപെരുമാൾ ത-
ന്നാശ്രമപര്യന്തേന തിമർത്തു സ-
മുദ്ധതനിസ്വനമാർത്തു നടന്നൂ’

എന്നതിന്റെ അടിസ്ഥാനത്തിൽ ‘കസ്യേയം പൃതനാ പ്രയാതി നികടേ മമപ്യവജ്ഞായ ഭോഃ’ എന്ന ശ്ലോകത്തിന്റെ ഭാവവും ആടി ശ്രീരാമാദികളുടെ നേർക്ക്‌ പുറപ്പെടുന്നു. അല്ലാതെ, വില്ലുമുറിയുന്ന ശബ്ദം ആ ഘട്ടത്തിൽ കുഞ്ചുനായർ കേൾക്കാറില്ല. അതിനെ പറ്റി ഓർക്കുകയേ പതിവുള്ളൂ.

ചിലപ്പോൾ ദശരഥാദികളുടെ ആഗമനഘോഷണശ്രവണം മുതൽക്കുമാത്രമായും തുടങ്ങാറുണ്ട്‌. ഇതിൽ ആദ്യം പറഞ്ഞ വഴിയാണെങ്കിൽ തിരശ്ശീല നീങ്ങുമ്പോൾ ഇരുന്നു ചിന്തിക്കുകയായിരിക്കും. രണ്ടാമത്തെ വഴിയാണെങ്കിൽ ധ്യാനത്തിൽ ഇരിക്കുകയായിരിക്കുമെന്നുമാത്രം. ഏതായാലും ചാപഭഞ്ജനശ്രവണവും മറ്റും സ്വീകരിക്കാറില്ല. അങ്ങിനെയിരിക്കെ പ്രസ്തുത പക്ഷാന്തരമത്സരത്തിനിടയിൽ വെറുതെയെങ്കിലും കുഞ്ചുനായരേയും കൂട്ടിയതെന്തിനാണെന്നു മനസ്സിലായില്ല. ആർക്കും എന്തും എഴുതാമല്ലൊ എന്നുമാത്രമേ അതിലൊരു സമാധാനം കാണുന്നുള്ളൂ.

ഒരു പക്ഷത്തിൽ അഭിനയത്തോളം തന്നെ പ്രാധാന്യം കലാശം ചവിട്ടുന്നതിന്നുമുണ്ട്‌ എന്ന്‌ സ്ഥാപിക്കുന്നതു തികച്ചും സ്വീകാര്യമെന്ന്‌ തോന്നുന്നില്ല. എന്നാൽ, കഥകളി നൃത്യകലയായതുകൊണ്ട്‌, കലാശമെടുക്കൽ നിഷിദ്ധമല്ല. എങ്കിലും ഭാവത്തെ നിലനിർത്തുന്നതിലാണ്‌ പ്രാധാന്യമിരിക്കുന്നത്‌. എന്തെന്നാൽ ഭാവത്തിനു വാചകത്തിന്റെ സ്ഥാനവും കലാശത്തിനു പൂർണ്ണവിരാമചിഹ്നത്തിന്റെ സ്ഥാനവുമാണ്‌ കൽപിക്കേണ്ടത്‌. അതിനാൽ പ്രാധാന്യം അഭിനയത്തിനുതന്നെ.

പ്രത്യക്ഷത്തിൽ പരശുരാമനെക്കുറിച്ചുള്ള ഒരു വിമർശനമാണ്‌ ആ പത്രങ്ങളിൽ പതിച്ചിരുന്നതെങ്കിലും, യഥാർത്ഥത്തിൽ ഒരു കക്ഷിമത്സരമാണ്‌ അതിൽ ഒതുങ്ങിപ്പതുങ്ങി കിടക്കുന്നതെന്ന്‌ തോന്നി. ലേഖകൻമാർ തികച്ചും ആ മത്സരത്തിൽ നിന്നൊഴിഞ്ഞു നിൽക്കേണ്ടതാണ്‌. അതുകൊണ്ട്‌ കലയ്ക്കോ കലാകാരന്മാർക്കോ യാതൊരഭിവൃദ്ധിക്കും അവകാശമില്ല. എപ്പോഴും അവരവർക്കുതോന്നിയ അഭിപ്രായം ശരിയാണെന്നാണ്‌ ലോകസ്വഭാവം. പക്ഷെ, കഥകളി ഒരു ദൃശ്യകലയായതുകൊണ്ട്‌ ഒരു നടൻ പലരുടേയും ദൃഷ്ടിയ്ക്കു പാത്രീഭവിപ്പാൻ ഇടയുണ്ടല്ലൊ. അതിനാൽ, ഒരാൾക്കു തോന്നിയ അഭിപ്രായത്തെ മാത്രം മുൻനിർത്തി നന്മതിന്മകളെക്കുറിച്ച്‌ പത്രങ്ങളിലൂടെ ഒരു നടന്റെ പേരിൽ ശ്ലാഖനീയമൊ ദൂഷണമോ പ്രചരിപ്പിക്കുന്നതുകൊണ്ട്‌ ലോകം മുഴുവൻ അത്‌ അംഗീകരിക്കുമെന്നു തെറ്റിദ്ധരിക്കരുത്‌. അവന്ന്‌ സഹൃദയലോകത്തിൽ സുസ്ഥിരമായ ഏതെങ്കിലും (ഉയർന്നതോ താഴ്‌ന്നതോ ആയ) ഒരു സ്ഥാനമുണ്ടായിരിക്കും. ഇങ്ങിനെയ്ള്ള ലേഖനങ്ങളെക്കൊണ്ട്‌ ആ സ്ഥാനത്തിനു യാതൊരിളക്കവും പറ്റുകയുമില്ല. പിന്നെയെന്തുണ്ട്‌? അവരവരുടെ അഭിപ്രായം മറ്റുള്ളവർക്കു മനസ്സിലാക്കാമെന്നുമാത്രം!

(‘ദേശബന്ധു’വിന്റെ ആവശ്യപ്രകാരം എഴുതി അയച്ചത്‌. 05-06-1965)

Similar Posts

  • ചില പ്രശസ്ത പദങ്ങളും രാഗങ്ങളും

    നന്ദകുമാർ ചെറമംഗലത്ത് June 5, 2011 പ്രധാന പദങ്ങളും രാഗവും. 1.0    ശങ്കരാഭരണം 1.        പ്രീതിപുണ്ടരുളുകയേ                                നളചരിതം ഒന്നാം ദിവസം 2.        കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ       നളചരിതം മൂന്നാം ദിവസം 3.        സൂതകുലാധമ നിന്നൊടിദാനീം             കീചകവധം 4.        പുണ്ടരീക നയന                 കിർമ്മീരവധം 5.        പാഞ്ചാലരാജ തനയേ                 കല്ല്യാണസൗഗധികം 6.  …

  • ഹേമാമോദസമാ – ഭാഗം ഒന്ന്

    ഡോ. ഏവൂർ മോഹൻദാസ്‌ June 19, 2012 (കഥകളി.ഇന്‍ഫോയില്‍ നളചരിതം ആട്ടക്കഥയും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും ഒരു പരമ്പര ആരംഭിക്കുന്നു.) ലേഖകനെക്കുറിച്ച് ഔദ്യോഗിക നാമം ഡോ. കെ. എസ്‌ . മോഹന്‍ദാസ്‌ . ഔദ്യോഗികേതര രംഗങ്ങളില്‍ ഡോ. ഏവൂര്‍ മോഹന്‍ദാസ്‌ എന്നറിയപ്പെടാന്‍ ആഗ്രഹം. മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തെ ഏവൂര്‍ ഗ്രാമത്തില്‍ 1959ല്‍ ജനനം. ബിരുദതലം വരെ നാട്ടില്‍ പഠിച്ചു. ഇരുപതാം വയസ്സു മുതല്‍ പഠനവും ജോലിയുമായി കേരളത്തിന്‌ വെളിയില്‍ താമസം. ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാല, മദ്രാസ്‌ സര്‍വകലാശാല, കേംബ്രിഡ്ജ്‌…

  • അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍

    നരിപ്പറ്റ നാരായണന്‍ നമ്പൂതിരി July 19, 2012 കുമാരൻ നായാരാശാനെ സ്മരിച്ച് കൊണ്ട് എന്ത് ചെയ്യാനും സന്തോഷമുണ്ട്. ഇതിപ്പോൾ കുമാരൻ നായരാശാൻ ചിട്ടപ്പെടുത്തിയ അഷ്ടകലാശം എന്ന നിലക്കാണ് ഞങ്ങളിപ്പോൾ ചെയ്യാറുള്ളത്. ഇത് വളരെ ശാ‍സ്ത്രീയമായി അനലൈസ് ചെയ്ത് രേഖപ്പെടുത്തിയിട്ടുള്ളത് സദനം ഹരികുമാറാണ്. ഞാൻ ഒരു പ്രയോക്താവാണ്. ഹരികുമാരൻ ഇതിനെ അനലൈസ് ചെയ്ത് ഒരു പക്ഷെ വീഡിയോ തന്നെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് എന്റെ അറിവ്. അതിന്റെ ഇടയിൽ കൂടെ എന്റെ പ്രയോഗിത്തിലൂടെ.. പരിചയത്തിലൂടെ ഉള്ള കാര്യങ്ങൾ ഞാൻ പറയാൻ…

  • ആചാര്യന്മാരുടെ അരങ്ങ്‌

    കളിയരങ്ങുകളുടെ മുന്നിൽ – ഭാഗം 2 (ശ്രീ രാമദാസ് എൻ. എഴുതുന്ന പരമ്പര) രാമദാസ്‌ എൻ July 15, 2012  മുൻപ്‌ പറഞ്ഞ കഥകളി കണ്ടതിനു ശേഷം, എങ്ങനെയും കുറെ കഥകളികൾ കാണുക എന്നത്‌ ഒരു ജ്വരമായി മാറി. അടുത്തത്തായി അറിഞ്ഞത്‌ ഒരേ ദിവസം നടക്കുന്ന രണ്ടു കളികളെ കുറിച്ചാണ്‌. ടി ഡി എം ഹാളിൽ വൈകീട്ട്‌ പ്രഹ്ലാദചരിതവും അന്ന്‌ തന്നെ രാത്രി ചിറ്റൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച്‌ ഒരു ഗംഭീര മുഴുരാത്രി കളിയും. എവിടെ പോകണം എന്ന്‌ ആലോചിക്കലും…

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

  • ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.

    അത്തിപ്പറ്റ രവി April 11, 2012 01. ശിഖിനിശലഭോ ജ്വാലാചക്രൈർന്ന വിക്രിയതേ പതൻപിബതി ബഹുശശ്ശാർദ്ദൂലീനാം സ്തനം മൃഗശാബകഃസ്പൃശതികളഭസ്സിംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ –ന്നയതിനകുലം നിദ്രാതന്ദ്രീം ലിഹന്നഹിപോതകഃ(കുലശേഖരവർമ്മന്റെ സുഭദ്രാധനഞ്ജയം) കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലിഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് –ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു  ഹാ! 02.ഹിമകര! ഹിമഗര്‍ഭാരശ്മയേ താവകീനാമയിമദനവിധേയേ യേനവഹ്നിം വമന്തിന തവബലമനംഗസ്യാപി വാ ദുഃഖഭാജോജനകദുഹിതുരേഷാ ശര്‍വ്വരീനാഥശക്തി ഹിമകര ! കിരണത്താലെന്തു നീയെന്നെയേവംസുമശരശരപീഡാധീനനായ് മാറ്റിടുന്നു ?സമരബലമിദംനീ കാട്ടിടാ, കാമനും, ഹൃത് –കമലരുജവഹിയ്ക്കും സീതതന്‍…

മറുപടി രേഖപ്പെടുത്തുക