ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

ഹേമാമോദസമാ – 15

ഡോ. ഏവൂർ മോഹൻദാസ്

January 12, 2014 

നളചരിതം  രണ്ടാം  ദിവസം  കഥയുടെ  എട്ടാം  രംഗത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദമയന്തിയുടെ വിചാരപദമാണ് ഇവിടെ പ്രതിപാദ്യവിഷയം. തന്നെ പെരുമ്പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാളൻ പ്രണയാഭ്യർത്ഥനയുമായി പിറകെ കൂടിയപ്പോൾ ദമയന്തി ചിന്തിക്കുന്ന പദമാണ്,

അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂ
അത് കേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂ
അബലേ! നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-
ന്നമരേന്ദ്ര വരമുന്നൊണ്ടതിന്നുപകരിപ്പൂ

‘നിന്റെ പാതിവ്രത്യവൃതഭഞ്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ’ എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ ഭസ്മധൂളികൾ പറന്നു പോയി എന്നും പിന്നാലെ വരുന്ന ശ്ലോകത്തിൽ പറയുന്നുണ്ട്). പക്ഷെ ഇതിനു മുൻപായി ആട്ടക്കഥയിൽ ദേവേന്ദ്രൻ ദമയന്തിക്ക് ഇങ്ങനെയൊരു വരം കൊടുത്തിട്ടുള്ളതായി പറയുന്നില്ല. ദമയന്തീസ്വയംവരവേളയിൽ നളദമയന്തിമാരിൽ സന്തുഷ്ടരായി ദിക്പാലകന്മാർ നളനു കൊടുക്കുന്ന ചില വരങ്ങളെക്കുറിച്ചു മാത്രമേ ആട്ടക്കഥാസാഹിത്യത്തിൽ (ഒന്നാം ദിവസം) പരാമർശമുള്ളൂ. മൂലകഥയായ മഹാഭാരതം ‘നളോപാഖ്യാന’ത്തിലും നളനു മാത്രമേ ദിക്പാലകന്മാർ വരങ്ങൾ കൊടുക്കുന്നതായി കാണുന്നുള്ളൂ. അപ്പോൾ ആട്ടക്കഥയിൽ ഇങ്ങനെയൊരു വരത്തെക്കുറിച്ചുള്ള പരാമർശം എങ്ങിനെ ഉണ്ടായി? 

പ്രൊഫ. പന്മന രാമചന്ദ്രൻ നായരുടെ ‘നളചരിതം ആട്ടക്കഥ: കൈരളീ വ്യാഖ്യാനം’ എന്ന ഗ്രന്ഥത്തിൽ ഈ വിഷയം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ശ്രീഹർഷന്റെ ‘നൈഷധീയ ചരിത’ത്തിൽ ഇന്ദ്രദേവൻ ദമയന്തിക്കു ഇങ്ങനെയൊരു വരം കൊടുക്കുന്നുണ്ടെന്നും ശ്രീഹർഷനെ പിന്തുടർന്ന് ആട്ടക്കഥ രചിച്ച നളചരിത കവി ആട്ടക്കഥയിൽ ഇത് എഴുതി ചേർത്തിട്ടില്ലെന്ന് ഓർക്കാതെ മേലുദ്ധരിച്ച പദത്തിൽ അത് പറഞ്ഞുപോയതായിരിക്കാം എന്ന നിഗമനത്തിലുമാണ്‌ പ്രൊഫ. പന്മന എത്തിച്ചേർന്നിട്ടുള്ളത്. ഇതിനു സാധ്യത വളരെയുണ്ടുതാനും. തന്റെ കുലീനയായ നായികയെക്കൊണ്ട് തികച്ചും ന്യായമെന്ന് കരുതാൻ കഴിയാത്തതും എന്നാൽ ഇതിഹാസ കഥാപ്രകാരം അനിവാര്യവുമായ കാട്ടാളനാശം വരുത്തുവാൻ ഉണ്ണായി സാമർത്ഥ്യപൂർവ്വം അമരേന്ദ്രവരത്തെ ഉപയോഗിച്ചതായാണ് തോന്നുന്നത്. നാടകീയമായ ഈ രംഗത്തിലെ അതീവശ്രദ്ധ കാരണം, വരത്തെക്കുറിച്ചു മുൻപ് പരാമർശിച്ചിട്ടില്ല എന്ന കാര്യം അദ്ദേഹം വിട്ടുപോയതാകാം. അതല്ല, ഉണ്ണായി എഴുതിയ കഥയിൽ നിന്നും പിൽക്കാലത്ത് ഈ പരാമർശം എങ്ങിനെയോ ഒഴിവായിപ്പോയതാണോ?

ഇതിഹാസത്തിലെയും ആട്ടക്കഥയിലെയും ദമയന്തിയുടെയും കാട്ടാളന്റെയും പാത്രപ്രകൃതത്തിലേക്ക് ഒന്നു കണ്ണോടിക്കാം. ഇതിഹാസത്തിലെ കാട്ടാളൻ പ്രാകൃതനായ വനവാസിയാണ്.

‘അർദ്ധവസ്ത്രമുടുത്തു വൻകടികൊങ്കകളേന്തിയും   
സുകുമാരാനവദ്യാംഗം ചേർന്നിന്ദുമുഖമാർന്നുമേ
ആരാളപക്ഷ്മാക്ഷികളോടൊത്തും നന്മൊഴി തൂകിയും’  

നിന്ന ദമയന്തിയെ കണ്ടു ‘കാമദേവന്റെ പാട്ടിലായ ക്ഷുദ്രനപ്പാപി, അവളെ പൊത്തിപ്പിടിക്കാൻ’ ശ്രമിക്കുകയാണ് ചെയ്തത്. അവൻ ‘ദുഷ്ടനെന്നറിഞ്ഞു കടുരോഷം കൊണ്ടു ജ്വലിച്ച’ ദമയന്തി അവനെ ക്രോധപൂർവം ഇങ്ങനെ ശപിക്കുകയും ചെയ്തു.

‘നളനെ വിട്ടന്ന്യനെ ഞാനുള്ളിലോർക്കായ്കിലിപ്പോഴേ
ഈ ക്ഷുദ്രനായീടും വേടൻ ചത്തു വീണീടവേണമേ!’  

ഇങ്ങനെ ശപിച്ചയുടൻ ആ

‘മൃഗജീവനൻ ചത്തുവീണു നിലത്തഗ്നിയെരിച്ച തരുപോലവേ’.

‘തന്റെ പാതിവൃത്യശക്തിയിൽ കാട്ടാളൻ നശിക്കേണമേ’ എന്ന് ദമയന്തി പ്രാർഥിച്ചെന്നല്ലാതെ ദേവേന്ദ്രവരത്തിന്റെ കാര്യമൊന്നും ഇവിടെ പറയുന്നില്ല. അതുപോലെ കാട്ടാളൻ ‘അഗ്നിയെരിച്ച തരുപോലവേ ചത്തു വീണു’ എന്നല്ലാതെ ഭസ്മമായി കാറ്റിൽ പറന്നുപോയി എന്നും ഇതിഹാസത്തിൽ പറയുന്നില്ല. ഇതിഹാസത്തിലെ ക്ഷുദ്രനായ കാട്ടാളന്റെ സ്വഭാവത്തിന് ചേർന്ന കാർക്കശ്യമായ പെരുമാറ്റം തന്നെയാണ് പതിവൃതയായ ദമയന്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായതും.

ഇതിഹാസത്തിലെ കാട്ടാളനിൽ നിന്നും ആട്ടക്കഥയിലെ കാട്ടാളൻ വളരെ വ്യത്യസ്തനാണ്. ആട്ടക്കഥയിലെ കാട്ടാളൻ സംസ്കാരചിത്തനും സ്നേഹമുള്ളവനും ആണ്. കൊടും കാടിന്റെ ഏകാന്തതയിൽ കണ്ട ‘ആകൃതി കണ്ടാൽ അതിരംഭേയം’ ആയിട്ടുള്ള ദമയന്തിയെ അയാൾ കടന്നാക്രമിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, ‘ചോർച്ച കൂടാതെ കെട്ടിച്ചുമരും വച്ചൊരു വീട്ടിലേക്കു വാഴ്ചക്കായി’ സ്നേഹപൂർവ്വം ക്ഷണിക്കുക മാത്രമാണ് ചെയ്തത്. ‘മഹിത ഗുണങ്ങൾ തിങ്ങി വിളങ്ങിയഭംഗുര ഭംഗി വിളങ്ങി’ നില്ക്കുന്ന ആ സൌന്ദര്യധാമത്തെ കാടിന്റെ വിജനതയിൽ കണ്ടപ്പോൾ പുരുഷപ്രകൃതമായ ഒരഭിനിവേശം തോന്നി, ‘പങ്കജബാണനൊരു പകയായ്‌ ചമഞ്ഞിതെന്നിൽ, എങ്ങനെയെല്ലാമവനെയ്യുന്നിതെന്നെ വെൽവാൻ’ എന്നുള്ള പീഡിതാവസ്ഥയിൽ താൻ കണ്ട ‘മനോരാജ്യങ്ങളുടെ’ സഫലീകരണത്തിനായി തന്റെ ഇംഗിതത്തിനു ദയാപൂർവ്വം വഴങ്ങി ‘വനസുഖങ്ങൾ’ ആസ്വദിച്ചു തന്റെ കൂടെ കഴിയാൻ ദമയന്തിയോട് അപേക്ഷിക്കുക മാത്രമാണ് കാട്ടാളൻ ചെയ്യുന്നത്. കണ്ട മാത്രയിൽ കടിച്ചു കീറാൻ കഴിയുമായിരുന്ന നിസ്സഹായയായ ഒരു ഇരയോട്‌ സംസ്കാരപൂർവ്വം തന്റെ പ്രിയതമയാകാൻ അപേക്ഷിക്കുന്ന മാന്യനാണ് നളചരിതം ആട്ടക്കഥയിലെ കാട്ടാളൻ. പേരു കാട്ടാളൻ എന്നാണെങ്കിലും ഈ സംസ്കാരചിത്തനിൽ കാട്ടാളത്തം ഒട്ടും തന്നെയില്ല എന്നതാണ് സത്യം. അങ്ങിനെയൊരാൾ പ്രേമാഭ്യർത്ഥനയുമായി പിറകെ കൂടിയാൽ അതൊരു വലിയ ‘വൃതലോപോദ്യമ’മായി പറയാൻ കഴിയുമോ? കഥയുടെ പോക്കിന് കാട്ടാളന്റെ മരണം അനിവാര്യം ആണെങ്കിലും തന്റെ രക്ഷകനും മാന്യനുമായ കാട്ടാളനെ, കുലീനയായ ദമയന്തി ഇങ്ങനെയൊരു കാര്യത്തിന്റെ പേരിൽ നശിപ്പിച്ചു ഭസ്മമാക്കുന്നത് മാന്യമായ ഒരു പ്രവൃത്തിയായിരിക്കുമോ? ഇല്ല. ഇവിടെ ഉണ്ണായി ഇലക്കും മുള്ളിനും കേടില്ലാത്തവിധത്തിൽ അമരേന്ദ്രവരം കൊണ്ട് ഇക്കാര്യം നിഷ്പ്രയാസം സാധിച്ചെടുക്കുകയാണ്. നളനെയല്ലാതെ മറ്റൊരുവനെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയാത്ത ദമയന്തി തന്റെ നിസ്സഹായാവസ്ഥയിൽ തനിക്കു ലഭിച്ചിരുന്ന അമരേന്ദ്രവരം തന്റെ രക്ഷക്ക് എത്തുമോ എന്നൊന്ന് മനസ്സിൽ ഓർത്തതേയുള്ളൂ, അല്ലാതെ കാട്ടാളനെ ശപിച്ചില്ല. ആ പതിവൃതയുടെ മന:ക്ലേശം മനസ്സിലാക്കി ദേവന്മാർ തന്നെ ഇടപെട്ടു അവളെ ആ കഷ്ട്ടസ്ഥിയിൽനിന്നും രക്ഷപെടുത്തുകയായിരുന്നു. തന്റെ കുലീനയായ നായികയുടെ ഇമേജിന് അല്പ്പം പോലും കോട്ടം വരുത്താതെ, എന്നാൽ കഥകളിക്കനുഗുണമായ നാടകീയതക്ക് അല്പ്പവും കുറവും ഉണ്ടാകാതെ  അതിവിദഗ്ദമായാണ് ഉണ്ണായി ഈ രംഗം കൈകാര്യം ചെയ്തിരിക്കുന്നത്. പാത്രപ്രകൃതത്തെ മുറുകെ പിടിച്ചുകൊണ്ടു കഥാപാത്രങ്ങളുടെ സൂക്ഷ്മ പ്രകൃതങ്ങൾ പോലും അനിതരസാധാരണമായ വൈഭവത്തോടെ അനുവാചക മനസ്സുകളിലേക്ക് സംക്രമിപ്പിക്കാൻ ഉണ്ണായി കാണിക്കുന്ന വൈഭവം വർണ്ണനാതീതം തന്നെയാണ്. നളചരിതസാഹിത്യം മറ്റ് ആട്ടക്കഥാ സാഹിത്യങ്ങളിൽ നിന്നും ഉയർന്നു നിൽക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് രചനാശൈലിയുടെ ഈ സൂക്ഷ്മസ്വഭാവം തന്നെയാണ്.

നളചരിത കവി ഉദ്ദേശിച്ചിട്ടുള്ള ഔചിത്യബോധത്തോടെയാണോ കലാകാരന്മാർ അരങ്ങിൽ ഈ രംഗം അവതരിപ്പിക്കുന്നത്‌? കോമാളി മുതൽ തനി കാട്ടാളൻ വരെ ആയിട്ടുള്ള  കാട്ടാളൻമാരെ അരങ്ങുകളിൽ കണ്ടിട്ടുണ്ട്. പാത്രപരമായി ഈ ആട്ടരീതികൾ ശരിയാണെന്ന് പറയാൻ കഴിയില്ല. നളചരിതത്തിലെ കാട്ടാളൻ സംസ്കാരചിത്തനും റൊമാന്റിക്കും സൗന്ദര്യാരാധകനും രസികനും അൽപ്പസ്വൽപ്പം നർമ്മപ്രിയനുമായിരിക്കണം. ആട്ടക്കഥാസാഹിത്യം ആവശ്യപ്പെടുന്നത് അങ്ങിനെയൊരു പാത്രാവിഷ്ക്കാരമാണ്. അതിരുവിടുന്ന അശ്ലീല ചുവയുള്ള അഭിനയം നളചരിതത്തിലെ  കാട്ടാളന് ചേരില്ല, എന്നാൽ ഇതിഹാസത്തിലെ കാട്ടാളന് ചേരുകയും ചെയ്യും. കുറച്ചു നാൾ മുൻപ് ഒരു കഥകളി ആസ്വാദകൻ നെറ്റിലെഴുതി, ” ദമയന്തിയുടെ ചിന്ത ഹേതുവായി, അമരേന്ദ്രവരപ്രഭാവത്താൽ കാട്ടാളൻ ഭസ്മീകരിക്കപ്പെട്ടു. കാട്ടാളൻ ഭസ്മമാകുന്നതു കണ്ടതായി ദമയന്തി നടിച്ചില്ല. ദമയന്തിയായി വേഷമിട്ട കലാകാരൻ തന്റെ ഭാഗം നന്നായി കൈകാര്യം ചെയ്തു”. എന്നാൽ ഇത് ശരിയായ ആട്ടരീതിയല്ലെന്നു പറയേണ്ടിയിരിക്കുന്നു. തന്റെ പ്രാണനെ രക്ഷിച്ച കാട്ടാളനോട് കുലീനയായ ദമയന്തിക്ക് ഒരു വെറുപ്പും വിദ്വേഷവും പാടില്ല. ഭർത്താവും രാജ്യവും നഷ്ടപ്പെട്ടു ഹതാശയായി നില്ക്കുന്ന അവൾ, കാട്ടാളന്റെ പ്രേമാഭ്യർത്ഥനകളിലും മറ്റു ചേഷ്ടകളിലും മനംനൊന്തു അയാളെ എങ്ങിനെയെങ്കിലും ഒഴിവാക്കിക്കിട്ടാനായി ചിന്തിച്ച ഒരു ചിന്തയെ ആകാവൂ ആ വിചാര പദം. അമരേന്ദ്രവരപ്രഭാവത്താലാണെങ്കിലും കാട്ടാളന്റെ ജീവനാശത്തിനു താൻ കാരണക്കാരിയായതോർത്തു തെല്ലു ദുഖിച്ചു കാട്ടാളനോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവളാകണം ഉണ്ണായിയുടെ ദമയന്തി. ഇതിനു ദമയന്തി നടൻ വലിയ അഭിനയ പ്രകടനമൊന്നും നടത്തേണ്ടതില്ല, മുഖത്തു ഈ വികാരങ്ങളൊക്കെ ഒന്നു പ്രതിഫലിച്ചാൽ മതിയാകും. ഈ രംഗം മനസ്സിലാക്കി അഭിനയിച്ചിരുന്ന പ്രഗൽഭ നടൻമാർ ചെയ്തിരുന്നതും ഇങ്ങനെയായിരുന്നിരിക്കണം.

Similar Posts

  • ഭൈമീകാമുകൻ‌മാർ – 1

    ഹേമാമോദസമാ – 7 ഡോ. ഏവൂർ മോഹൻദാസ് September 27, 2012 കഴിഞ്ഞ ഭാഗത്തിൽ പരാമർശിച്ച കണ്ടുമുട്ടലിനു ശേഷം ഇന്ദ്രാദികളും നളനുമായുള്ള അടുത്ത കൂടിക്കാഴ്ച നടക്കുന്നത്‌ ഒന്നാം ദിവസം ഒമ്പതാം രംഗത്തിലാണ്‌. ഇതിനുള്ളിൽ നളൻ ദമയന്തിയെ ചെന്ന്‌ കണ്ടു ഇന്ദ്രാഭിലാഷം അറിയിക്കുകയും അതിനു സമ്മതിക്കാനായി ആവുന്നത്ര ദമയന്തിയെ നിർബന്ധിക്കുകയും ചെയ്തു. ‘ലോകം ചമയ്ക്കുമീശന്മാർ, അവരുടെ കാൽപ്പൊടിക്ക്‌ പോലും സമമല്ലാത്ത’ തന്നെ വിട്ടു അവരെ സ്വീകരിച്ചു സ്വർഗ്ഗസുഖങ്ങൾ നേടാൻ പലവുരു പറഞ്ഞു നോക്കി. എന്നാൽ താൻ നളനെ മനസ്സാൽ…

  • നളചരിതം നാലാം ദിവസം – ഒരു വിയോജനക്കുറിപ്പ്

    സുഗതകുമാരി July 26, 2011  കുറച്ചു വർ‌ഷം  കൂടിയാണ് ‘ നളചരിതം നാലാം ദിവസം’ കഥകളി കാണുന്നത്.  തിരുവനന്തപുരത്ത് ‘ദൃശ്യവേദി’ ഒരുക്കിയ അരങ്ങ്, കലാമണ്ഡലം ഗോപിയുടെയും കോട്ടക്കല്‍ ശിവരാമാന്റെയും മാര്‍ഗി വിജയന്റെയും ശുദ്ധസുന്ദരമായ ഭാവാഭിനയത്തിലൂടെ ഹരിദാസിന്റെ സ്ഫുടമധുരമായ ഗാനാലാപത്തിലൂടെ, മേളവാദ്യങ്ങളുടെ താളപ്പോലിമയിലൂടെ ഭീമരാജധാനിയിലെ അന്തഃപുരവും കുതിരപ്പന്തിയും, സുപരിചിതമായ തേരുരുള്‍ ഒച്ച കേട്ട് സര്‍വാംഗപുളകിതയായ ദമയന്തിയും നിപുണയായ കേശിനിയും , കലിമാറിയെങ്കിലും കറുപ്പുമാറാത്ത നളനരവരനും, കണ്‍ മുന്നില്‍ തെളിഞ്ഞുണര്‍ന്നു നിറഞ്ഞു.  ദുഃഖവും ആശങ്കയും അവമാനവും ക്രോധവും ഹര്‍ഷവുമെല്ലാം ഭാവപൂര്‍ണതയോടെ …

  • കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്‍റെ അരങ്ങൊരുക്കം

    ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ August 30, 2013 ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും…

  • |

    ശരീരത്തിന്റെ സംഗീതം

    മനോജ് കുറൂർ April 24, 2011 കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ രംഗാവതരണങ്ങളെ മുന്‍‌നിര്‍ത്തി കഥകളിയുടെ ലയാത്മകഘടനയെക്കുറിച്ച് ഒരു അവലോകനം (കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ എണ്‍‌പതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് 2005 മേയില്‍ പാലക്കാടു നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) സമകാലികസാംസ്കാരിക-കലാപരിസരത്തില്‍ കഥകളിയെ പ്രസക്തമാക്കുന്ന ഘടകങ്ങളേതൊക്കെയാണ്‌? കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വേഷങ്ങള്‍ രംഗാവതരണത്തിനു സ്വീകരിക്കുന്ന കലാതന്ത്രങ്ങള്‍ ഏതൊക്കെയാണ്‌? ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ ഒരു വലിയ അളവില്‍ പരസ്പരപൂരകങ്ങളാണ്‌. കഥകളിയുടെ അവതരണത്തിലും ആസ്വാദനത്തിലും പൊതുവേ രണ്ടു ധാരകളുള്ളതായി പറയാറുണ്ട്‌. അതിലൊന്ന്‌ മുഖാഭിനയപ്രധാനവും മറ്റൊന്ന്‌…

  • |

    കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം

    ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ August 30, 2013 ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും…

  • |

    കളിയരങ്ങിലെ സ്ത്രീപക്ഷം

    ഇന്ദിരാ ബാലൻ Thursday, July 19, 2018 പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു. അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു.  കഥകളിയെന്ന സങ്കേതബദ്ധമായ കല അഭ്യസിക്കുന്നത് കൂടുതലും പുരുഷന്മാരാണ്‌. എന്നാൽ മറ്റേതൊരു മേഖലയിലും പോലെ കഥകളി രംഗത്തേക്കും സ്ത്രീകളുടെ ചുവടുവെയ്പ്പു ഇന്നു ധാരാളമാണ്‌. ഈ ലേഖനത്തിലൂടെ പരാമർശിക്കുന്നത് ഒരു സ്ത്രീ കലാകാരിയെയല്ല. പുരുഷനായിനിന്നുകൊണ്ട് തന്നെ സ്ത്രീയുടെ താളം ഏറ്റുവാങ്ങി, കഥകളിയരങ്ങുകളിൽ സ്ത്രീപക്ഷസമരം നയിച്ച അന്തരിച്ച അതുല്യനടൻ ശ്രീ കോട്ടക്കൽ ശിവരാമനെയാണ്‌….

മറുപടി രേഖപ്പെടുത്തുക