നാട്ടമ്പലവും നാട്യഗൃഹവും

ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 14

ശ്രീവത്സൻ തീയ്യാടി

October 12, 2013

കാൽ നൂറ്റാണ്ടെങ്കിലും മുമ്പാവണം. പെരുമഴക്കാലം. ബസ്സിലെ പിൻസീറ്റിൽ ‘കിളി’യുടെ സ്വന്തമിടത്തിന് ചേർന്നുള്ള ചില്ലുചീളിലൂടെ കിട്ടി ഒരീറൻ ദർശനം. തുള്ളിയിളകി പോവുന്ന തൂതപ്പുഴ. പാലത്തിനു മീതെ കടാകുടു ഓടിക്കൊണ്ടിരുന്ന ശകടം ലേശനേരം പുറത്തേക്ക് എറിഞ്ഞിട്ടുതന്ന കാഴ്ച. ആകെ നനഞ്ഞിരുന്ന ഇരിപ്പിൽ അക്കരപറ്റിയപ്പോൾ പെട്ടെന്ന് തോന്നി: ഒരുനാൾ വാഴേങ്കട പോവണം. പെരിന്തൽമണ്ണ-ചെർപ്ലശ്ശേരി യാത്രാമദ്ധ്യേ മലപ്പുറം, പാലക്കാട് ജില്ലകളെ വകഞ്ഞുപുളയുന്ന നദി മനസ്സിലയച്ച കളിത്തോണി.

രണ്ടു കൊല്ലം പിന്നെയും കഴിഞ്ഞു മോഹം സാധിക്കാൻ. തൂതക്കരികെ കാവു കഴിഞ്ഞ് അങ്ങേത്തലയിലെ കവലയിൽ വാഹനമിറങ്ങിയപ്പോൾ നല്ല വെയില്. ആറിനാവട്ടെ ആദ്യം കണ്ടയത്ര നെഗളിപ്പില്ല. കുറച്ചു കാത്താൽ വരും; പക്ഷെ ഇനിയും വണ്ടി കേറേണ്ട എന്നുവച്ചു. നടക്കാവുന്ന ദൂരമേയുള്ളൂ എന്ന് പറഞ്ഞുകൂടാ. എങ്കിലും മുണ്ടുമടക്കിക്കുത്തി ആഞ്ഞുപിടിച്ചു. കയറ്റിറക്കമുള്ള റോഡിന്റെ ഇരുദിക്കിലുമുള്ള പാടങ്ങളിൽ പലതിലും ചേനയാണ് കൃഷി. (ഇതുപോലെ മുമ്പ് മാള പ്രദേശത്തെ കുഴൂര്-കുണ്ടൂര് ഭാഗത്തെ കണ്ടതായി ഓർമയുള്ളൂ.)

വാഴേങ്കട അങ്ങാടി ഇടുങ്ങിയ ഓട്ടിൻപുരക്കടകളുടെ ചെറിയൊരു നിരയാണ്. രണ്ടുവശത്തും ചില്ലറ കച്ചവടങ്ങളും ചായപ്പീടികകളും. വഴിചോദിച്ച്  മുന്നോട്ടു നടന്ന് ആൾപ്പെരുമാറ്റം ഒന്നടങ്ങിയ ഭാഗത്ത് വലത്തോട്ട് തിരിഞ്ഞപ്പോൾ കുറുനിരക്കറുപ്പ്. അതുപോലെ മാനം പൊത്തിയ പച്ചപ്പടർപ്പ്. ഇടംവലം കൂറ്റൻ മരങ്ങൾ. ചെമ്മണ്‍പാത നേരെ ചെന്നു തട്ടുന്നത് മരക്കടമ്പയിൽ. നീണ്ട പടിക്കെട്ടിറങ്ങിയാൽ ക്ഷേത്രഗോപുരം. ഓടുമേഞ്ഞ നമ്രമുഖം. അകത്തെ പ്രദക്ഷിണവഴിയിൽ ആരെയും കാണുന്നില്ല. കരിങ്കൽപ്പാളി പാകിയ നരക്കറുപ്പിന് ചുറ്റും ചെങ്കൽമതിൽ. അതിനുമപ്പുറം ഓരംപറ്റി വീടുകൾ. ഇരുനിലത്തട്ടിനു മീതെ ചെറിയ ചായ്പ്പുള്ള ഭവ്യഭവനങ്ങൾ. പിന്നാമ്പുറത്തെ അഗ്രശാല. കാവിതേച്ച നീളൻ പുര. വലം മുഴുവനാക്കിയാൽ ഇടതുഭാഗത്ത് കച്ചേരിമാളിക. ഗോപുരമൂലക്കൽ ചെറിയ തീർത്ഥക്കുളം.

അകത്ത് നടയടച്ച നേരമായിരുന്നു. ഉപായത്തിൽ ഒരു കൊട്ടിപ്പാടിസ്സേവ. പത്രാസില്ലാത്ത പാട്ട്. ചെറുങ്ങനെയുള്ള നമസ്കാരമണ്ഡപത്തിനപ്പുറം ശ്രീലകവാതിൽ പൊടുന്നനെ തുറന്നു. നിലവിളക്കുകളുടെ നേർത്ത വെളിച്ചത്തിൽ ശാന്തസ്വരൂപിയായ നരസിംഹമൂർത്തി. 

ലോഗ്യം ചോദിച്ചു തിരുമേനി. ആലിലയിലാണ് പ്രസാദം തന്നത്. നാലമ്പലത്തിനു പുറത്തുകടന്ന് കലാമണ്ഡലം ബലരാമന്റെയും കോട്ടക്കൽ ദേവസാസിന്റെയും വീടുകൾ കാട്ടിത്തന്നു. പിന്നെ, ഇത്രയും പറഞ്ഞു: മടക്കം മേലേക്ക് കയറി കടമ്പ കടന്നാൽ വലത്ത് താഴേക്കിറങ്ങി ഒരു വീട് കാണാം. അതാണ്‌ കുഞ്ചു നായരുടെ.

അവിടിവിടെ കരിമ്പനകൾ വിശറിവിരിച്ചു മറച്ച ആ പുര കണ്ടപ്പോൾ അതുവരെ പോയാലോ എന്നോങ്ങി. അപരിചിതത്വം, സങ്കോചം. വേണ്ടെന്ന് വച്ചു.

തൂത വരെ വീണ്ടും നടന്നു. പുഴവക്കത്തുനിന്ന് ‘മയിൽവാഹന’ത്തിന്റെ ബെൻസ് ബസ്സ് കിട്ടി. ഇടത്തേ വശത്ത് നീണ്ട ഒറ്റസ്സീറ്റ് അമ്പേ ഒഴിഞ്ഞു കിടക്കുന്നു. സൈഡിലെ കമ്പിവരിയിലേക്ക് പുറംചാരി സഞ്ചാരം.

വാഴേങ്കടക്ക് പിന്നീട് പല നാട്ടിൽനിന്നും സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുവരൽ ഉണ്ടായിട്ടുണ്ട്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും, പിന്നെ രാത്രി ചെന്നുള്ള കഥകളിക്കും.

നടത്തക്ഷീണമകറ്റാൻ ക്ഷേത്രത്തിനപ്പുറത്തെ കുളത്തിൽ മുങ്ങിത്തോർത്തി മേലത്തെ മുറ്റത്ത് വെളുക്കുവോളം അരങ്ങ്. നളചരിതം ഒന്നാം ദിവസം. വാഴേങ്കട വിജയന്റെ നളൻ, നരിപ്പറ്റ നാരായണൻ നമ്പൂതിരിയുടെ ഹംസം. കോട്ടക്കൽ ശിവരാമന്റെ ദമയന്തി. കുഞ്ചു നായരാശാന്റെ മകനും അനന്തിരവനും ചേർന്നൊരുക്കിയ പ്രണയകാവ്യം. പാലനാട് ദിവാകരന്റെ പാട്ട്, കലാമണ്ഡലം കേശവന്റെ ചെണ്ട, ശങ്കര വാരിയരുടെ മദ്ദളം.

വെളുപ്പിന് വീണ്ടും നീന്തിക്കുളിച്ചു. അമ്പലത്തിന്റെ കെട്ടിനും മട്ടിനും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. പരിഷ്കാരം തീണ്ടിയ മരാമത്ത്.

കുഞ്ചു നായരാശാന്റെ വീടിനു വിശേഷിച്ച് വ്യത്യാസം തോന്നിയില്ല — അകലെ നിന്നെങ്കിലും നോക്കിയപ്പോൾ.

പിന്നെയൊരിക്കൽ പോയത് ചാറ്റലുള്ള രാത്രിയിൽ. കരിങ്കല്ലത്താണിക്കപ്പുറം താമസമുള്ള ഇടമന സദാനന്ദന്റെ രാജദൂത് ബൈക്കിന് പിറകിലിരുന്ന് സ്ഥലമെത്തി. അന്ന് ഊട്ടുപുരയിൽ ആയിരുന്നു വേദി. ആദ്യകഥ രംഭാപ്രവേശം. രാമൻകുട്ടി നായരാശാന്റെ രാവണൻ. പിന്നെയോടുവിൽ പ്രഹ്ലാദചരിതം. കലാമണ്ഡലത്തിൽനിന്ന് പഠിച്ച് ബോംബെയിൽ താമസമാക്കിയ സി ഗോപാലകൃഷ്ണന്റെ നരസിംഹം. തെള്ളിപ്പൊടിത്തീയിൽ തൂണുചാടി ഭീകരരൂപം അരങ്ങേറിയപ്പോൾ ശ്രീലകത്ത് ശാന്തവിഗ്രഹത്തിനു മുമ്പിൽ നെയ്ത്തിരി കത്തിയിരിക്കണം.

കുഞ്ചു നായരാശാന്റെ വീട്ടിൽ ആളില്ലാതായിരിക്കുന്നുവോ?

അതും കഴിഞ്ഞ്, 2006ൽ പോവുന്നത് കുടുംബമായായിരുന്നു. കൂടെ കൂട്ടുകാരൻ കുഴിക്കാട്ട് പ്രദീപും ഭാര്യ സംഗീതയും. ക്ഷേത്രഗോപുരത്തിന്റെ പ്രകൃതം മാറിയിരിക്കുന്നു. ഗോപുരമുറിയിൽ വഴിപാട് രശീതികൾ ഒന്നൊന്നായി ചീന്തിപ്പോവുന്നു. അകത്ത്, വൈകിട്ടത്തെ ശോണിമയിൽ ദീപസ്തംഭം നിറയെ തിരികൊളത്തി ആഘോഷം. നെറ്റിയിൽ പ്രസാദവും ചുണ്ടിൽ ചിരിയുമുള്ള ഒരു കൂട്ടം കുട്ടികൾ, പെണ്‍കിടാങ്ങൾ.

കുഞ്ചു നായരാശാന്റെ തൊടിയിൽ ഇക്കുറി എന്തായാലും കയറാൻ ഉറപ്പിച്ചു. പുല്ലു കയറിയ ഇറക്കപ്പാത. പൊന്തകൂടിയ വളപ്പ്. നാഥനില്ലാതെ കിടക്കുന്ന പനംപട്ടകൾ. പൊടിതൂളിയ പൂമുഖം. പാമ്പരിച്ചേക്കാവുന്ന പിൻപറമ്പ്. അടുക്കളമുറിയാണെന്നു തോന്നുന്നു ഓട്ടിൻ നിരയിടിഞ്ഞ് നിലംപൊത്താറായിരിക്കുന്നു.

കൊല്ലം 2013, മാസം മാർച്ച്. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്‌ വാങ്ങാൻ വിജയേട്ടൻ ദൽഹിയിൽ വന്നിരുന്നു. ചെറിയ നരകാസുരൻ വേഷമഴിച്ച് അണിയറയിൽ കണ്ടപ്പോൾ കുശലത്തിനൊടുവിൽ ചോദിച്ചു: വാഴേങ്കട വീടിപ്പോൾ?

“ങും…” മനയോലമേൽ എണ്ണപുരട്ടി മുഖത്തെ ചുളിവുകൾ തുടക്കേ കളിയാശാൻ പറഞ്ഞു: “അത്പ്പൊ ല്ല്യ….”

Similar Posts

  • എഴുപതുകളിലെ ഒരു കളിസ്മരണ

    വി. പി. നാരായണൻ നമ്പൂതിരി June 17, 2012 വർഷം 1975-76 ആണെന്നാണ്‌ ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ്‌ ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ…

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • നളചരിതം – വേരുകള്‍ തേടി (ഭാഗം 1)

    ഹേമാമോദസമാ – 9 ഡോ. ഏവൂർ മോഹൻദാസ് January 17, 2013 യശശ്ശരീരനായ ശ്രീ. സുരേഷ് കൊളത്തൂര്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഈ വെബ്സൈറ്റില്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരെക്കുറിച്ചെഴുതിയിരുന്ന ലേഖനത്തിലെ നളചരിതവിഷയത്തെ പരാമര്‍ശിച്ചുകൊണ്ട് ഞാന്‍ ഒരു കുറിപ്പെഴുതിയിരുന്നു. നളചരിതത്തിന്റെ തെക്കന്‍ കഥകളി ബന്ധത്തെയും ഉത്തരകേരളത്തിലെ അതിന്റെ പ്രചാരത്തെയും കുറിച്ച് ആ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. എനിക്ക് ലഭിച്ച ചില സന്ദേശങ്ങളില്‍ നിന്നും നളചരിതം കഥകളിയുടെ ആവിര്‍ഭാവ വികാസമറിയുവാന്‍ പലര്‍ക്കും താത്പര്യം ഉണ്ടെന്നു മനസ്സിലായി. അതിനാല്‍ ഈ വിഷയത്തെ കുറച്ചുകൂടി…

  • |

    ഉത്സവ പ്രബന്ധം 2013

    ദുബായ് അന്തര്‍ദ്ദേശീയ കഥകളി & കൂടിയാട്ടം ഉത്സവം 2013 ഒരു ചെറിയ അനുഭവകുറിപ്പ് സുനിൽ മുതുകുറിശ്ശി December 13, 2013 ഉത്സവങ്ങളും പൂരങ്ങളും ഒന്നും എന്നെ പോലെ ഉള്ള പ്രവാസികള്‍ക്ക് അധികം തരമാവാറില്ല. അപ്പോള്‍ പിന്നെ കഥകളി കൂടിയാട്ടം എന്നിങ്ങനെയുള്ളവയുടെ കാര്യം പറയുകയേ വേണ്ട. ദുബായില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ കൂടിയാട്ടം & കഥകളി ഉത്സവത്തിനുപോകാന്‍ മുന്നേ തന്നെ മനം ഉണ്ടായിരുന്നു. കളിക്കാരും കാണികളും പ്രവാസികളായ ഒരു ഉത്സവം. അതിനാല്‍ തന്നെ കളി ഇല്ലാത്ത സമയത്ത് പലരുമായും ആശയവിനിമയം നടത്താന്‍…

  • കഥകളിപ്രവർത്തനം – ഫലവും പ്രസക്തിയും

    ഏറ്റുമാനൂര്‍ പി. കണ്ണന്‍ June 7, 2012 2012 മാര്‍ച്ച് 29, 30, 31 ദിവസങ്ങളില്‍ ദുബായില്‍വച്ച് തിരനോട്ടം സംഘടിപ്പിച്ച തൗര്യത്രികത്തില്‍ പങ്കെടുത്ത് നാട്ടിലെത്തിയിട്ട് ഇന്ന് 25 ദിവസങ്ങള്‍ പിന്നിട്ടു. (ഏപ്രില്‍ 27 ന് എഴുതിയത്) ആ യാത്രയെക്കുറിച്ച് എഴുതണം എന്ന് ഞാന്‍ കരുതിയിരുന്നു. കാരണം, അതിലൂടെ ചില പ്രത്യേകതകള്‍ ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. എന്നാല്‍ നാട്ടിലെത്തിയ ഉടന്‍ എഴുതാനുള്ള സാവകാശം കിട്ടിയില്ല. നാട്ടില്‍ ഇറങ്ങിയ ദിവസംതന്നെ കൊല്ലം പുതിയകാവില്‍ കളിക്കു പോയി. തൊട്ടടുത്ത ദിവസം കോഴിക്കോട്…

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

മറുപടി രേഖപ്പെടുത്തുക