ദ്വിബാണീ സംഗമം

ശ്രീവൽസൻ തീയ്യാടി

August 19, 2017

കഥകളിയിലെ രണ്ടു പോയകാല വിപ്ലവ നാദശാഖകൾ ശാന്തമായി ഉൾച്ചേരുന്ന സംഗീതതടമാണ് പത്തിയൂർ ശങ്കരൻകുട്ടി. അരങ്ങിലെന്നപോലെ ഏറ്റമില്ലാത്തതാണ് ആ വ്യക്തിത്വും.ഇക്കൊല്ലം വർഷക്കാലം തുടങ്ങിയതിനു പിറ്റേ വാരത്തിൽ ഒരു കഥകളിപ്പദ സീഡി ഇറങ്ങുകയുണ്ടായി. പോയകാലത്തെ ഒരു സംഗീതജ്ഞൻറെ. രണ്ടുവർഷം മുമ്പ് അന്തരിച്ച കലാമണ്ഡലം ഗംഗാധരൻ അര ഡസൻ ആട്ടക്കഥകളിൽ പാടിയതിൻറെ ശ്രവ്യാൽബം. അതിൽ അവസാനം വരുന്നത് മംഗളരാഗമായ മദ്ധ്യമാവതിയാണ്. ആശാന് കൂടെപ്പാടിയിട്ടുള്ളത് കലാമണ്ഡലം ഹൈദരാലി. ‘മംഗളശതാനി’ എന്നവസാനിക്കുന്ന മേളപ്പദ ഭാഗം. പൊന്നാനി-ശങ്കിടിമാർ ഒരുപോലെ കൊഴുപ്പിക്കുന്നുണ്ട്  ജയദേവരുടെ അഷ്ടപദിയിൽനിന്നുള്ള ഈ വരികൾ.

പന്ത്രണ്ടാം നൂറ്റാണ്ടിൽ പൂർവഭാരതത്തിൽ പിറവികൊണ്ട സാഹിത്യത്തിൻറെ സമകാലിക മലയാണ്മയാഘോഷം. അതിനിടയിലും മനസ്സിലാവും: തീർത്തും വിരുദ്ധമായ വിധത്തിൽ തൊണ്ടസഞ്ചാരം നടത്തുന്നവരാണ് ഈ രണ്ടു ഗായകർ. തെന്നിന്ത്യൻ ക്ലാസിക്കൽ ശൈലിയിൽ കമ്പിതഗമകം കൊടുത്ത് ഇഴുകിയിഴുക്കി പാടുന്ന ഗംഗാധരൻ; ദക്കാൻ പീഠഭൂമിക്ക് വടക്കോട്ട്‌ വേരിറങ്ങിയ ഗസൽ സംഗീതത്തിൻറെ നേർമയുള്ള നാദത്തിൽ ശങ്കിടി. ഈവിധം ഏറെക്കുറെ രണ്ടുധ്രുവങ്ങളായി വകതിരിക്കാവുന്ന ശാഖകളെ ഒറ്റത്തൊണ്ടയിലേക്ക് ആവാഹിച്ചിട്ടുള്ള പിന്നണിസൗകുമാര്യമാണ് പത്തിയൂർ ശങ്കരൻകുട്ടി.

അരങ്ങത്ത് പാടിത്തുടങ്ങി കാലങ്ങൾക്കുശേഷം ഗായകർ പലരുടെയും കല മൂത്തുചെനച്ചു പഴുക്കുന്നത് കഥകളിയിൽ, മറ്റേതു ജീവിതമേഖലയിലുമെന്നപോലെ, പതിവാണ്. എന്നാൽ സമാസമം പൊരുത്തപ്പെട്ടുപോവാൻ സാദ്ധ്യത നന്നേകുറഞ്ഞ ബാണികളെ കോർത്തിണക്കിയുള്ള പാലംപണി നാലുനൂറ്റാണ്ടു പഴക്കമുള്ള ഈ ക്ലാസിക്കൽ രംഗകലയിൽ അപൂർവമായിരിക്കും.

ഓണാട്ടുകരക്കാരനായ ശങ്കരൻകുട്ടിയുടെ മൂന്നരദശാബ്ദത്തെ സജീവകലാജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള രണ്ടു മൂത്ത സഹപ്രവർത്തകരാണ് തെക്കൻ തിരുവിതാംകൂറുസ്വദേശിയായ ഗംഗാധരനും തലപ്പിള്ളിനാട്ടിൽ ജനിച്ച ഹൈദ്രാലിയും. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങൾ അരങ്ങുപാട്ടിനെ സ്വാധിനിക്കാവുന്ന ഘടകങ്ങൾ ആവാമെങ്കിൽക്കൂടി ആ തത്വത്തിലല്ല ഈ രണ്ടു മണ്മറഞ്ഞ മഹാരഥരുടെ പ്രഭാവം ശങ്കരൻകുട്ടിയിൽ. പറഞ്ഞുവന്നാൽ, മദ്ധ്യകേരളത്തിലെ കലാമണ്ഡലം കളരിവഴിയുള്ള കല്ലുവഴിവഴക്കം മൂവരിലും പൊതുവാണല്ലോ.   ലളിതവൽക്കരിച്ചു നോക്കിയാൽ ഹൈദരാലിയുടെ (1946-2006) ശലഭനൃത്ത ശൈലിയിൽനിന്ന് ഗംഗാധരൻറെ (1936-2015) ഘനസാന്ദ്ര ബാണിയിലേക്കുള്ള പ്രയാണമായി ചുരുക്കിയെഴുതാം പത്തിയൂർസംഗീതത്തെ.

ലാഘവദീപ്തിയുള്ള തൊണ്ടസഞ്ചാരങ്ങളിൽനിന്ന് കൊഴുത്തുകനത്ത കണ്ഠത്തിലേക്കുള്ള നാദയാത്ര എന്നുപറഞ്ഞാൽ ഭാഗികമായേ സത്യമാവൂ. കാരണം മേൽചൊന്ന രണ്ടു പോയകാല സംഗീതജ്ഞർക്കും ഒരേകാലയളവിൽത്തന്നെ ഇലത്താളംപിടിച്ചു പാടിയിട്ടുണ്ട് ശങ്കരൻകുട്ടി. മുന്നേപോയ ഇരുവരും സമാസമമെന്നപോൽ പത്തിയൂരിൻറെ സൗന്ദര്യബോധത്തെ ക്രമീകരിച്ചിട്ടുണ്ട്, ഭ്രമിപ്പിച്ചിട്ടുണ്ട്. എന്നിരിക്കിലും ഹൈദരാലിസമ്പ്രദായത്തിൻറെ അംശങ്ങൾ കുറച്ചൊക്കെ ഇന്നും നിലനിർത്തി മിക്കവാറും ഗംഗാധരവഴിയിലൂടെ മുന്നാക്കം ചരിക്കുന്ന നാദയിമ്പമായിവേണം ഇന്ന് 53 വയസ്സിൽ എത്തിനിൽക്കുന്ന ഈ ഗായകനെ നോക്കിക്കാണാൻ.

പ്രായം പതിനേഴു നടപ്പുള്ളപ്പോഴാണ് ശങ്കരൻകുട്ടി കഥകളിക്ക് നടാടെ പാടുന്നത്. അച്ഛനും ആദ്യഗുരുവുമായ പത്തിയൂർ കൃഷ്ണപിള്ളയോടൊപ്പം. വീടിനകലെയല്ലാത്ത ഏവൂർ കണ്ണമ്പിള്ളി ദേവീക്ഷേത്രത്തിൽ പുറപ്പാടിന്‌ പാടിയായിരുന്നു തുടക്കം. തുടർന്ന് അവതരിപ്പിക്കപ്പെട്ട കർണശപഥം കഥയുടെ ദുര്യോധന-ഭാനുമതി സംഭാഷണം പകർത്തുന്ന ആദ്യഭാഗത്തിനും പിന്നണിപ്പറ്റി അന്നേ രാത്രി. തുടർന്നും ചിലയിടങ്ങളിൽ അരങ്ങുപാട്ടിന്‌ അവസരം കിട്ടിവന്ന അക്കാലത്ത് പ്രൊഫഷണൽ കഥകളിഗായകനാവാനായിരുന്നു ശങ്കരൻകുട്ടിയുടെ മോഹം. എന്നാൽ ഈ തൊഴിൽ ജീവിതോപാധിയാക്കാൻ ഒരുമ്പെടുന്നത് അപായമാവാനും മതി എന്ന് വിശ്വസിച്ചിരുന്നത്രെ കുടുംബനാഥൻ. ഒരുപക്ഷെ ഏതെങ്കിലും സ്‌കൂളിൽ പാട്ടുമാഷായി ജോലികിട്ടാൻ സാദ്ധ്യത കണ്ടുകൊണ്ടു കൂടിയത്രേ മകനെ കർണാടകസംഗീതം പഠിപ്പിക്കാനയക്കുന്നത് കൃഷ്ണപിള്ള. കൊച്ചിക്ക് തെക്ക് തൃപ്പൂണിത്തുറയിലെ ആർ.എൽ.വി കലാശാലയിൽ ഗാനഭൂഷണത്തിന് അങ്ങനെയാണ് ചേരുന്നത് പ്രീഡിഗ്രി കഴിഞ്ഞ ശങ്കരൻകുട്ടി.

ശരി, എന്താണ് ഗംഗാധരൻറെയും ഹൈദരാലിയുടെയും സംഗീതസമീപനത്തിൽ തോന്നിയിട്ടുള്ള മുഖ്യവ്യത്യാസം? “പാടുമ്പോൾ ഗംഗാധരാശാന് സംഗീതധാരയിൽ മാത്രമെന്നപോലെയാണ് ശ്രദ്ധ. രംഗക്രിയകൾ ഭംഗിയായി നിർവഹിക്കുമ്പോഴും പദങ്ങൾ, താളങ്ങൾ, ശ്രുതി, നാദം എന്നിവയിലൊക്കെ തീക്ഷ്ണമായിരിക്കും ശ്രദ്ധ. അതേസമയം ഹൈദരാലിയാശാൻ മൊത്തമരങ്ങിൻറെ ഉസ്താദായിരുന്നു. വേഷം, ആട്ടം, കൊട്ട്, എന്നിവയും പാട്ടുമേളക്കാർ തമ്മിലുള്ള ഒത്തിണക്കം എന്നിവകൂടി കണ്ടാസ്വദിച്ചുള്ള സപര്യയായിരിക്കും.”

ദക്ഷിണേന്ത്യൻ ക്ലാസിക്കലിൽ ആ നാലുവർഷത്തെ കോഴ്‌സിന് (1981-85) പഠിച്ചിരുന്ന കാലത്തും സമാന്തരമായി കഥകളിക്ക് പാടുമായിരുന്നു ഇദ്ദേഹം. പൂർണിപ്പുഴയോരത്തെ ഓടുമേഞ്ഞ ക്ലാസിലെ പകലുകളിൽ ശങ്കരൻകുട്ടി സഹവിദ്യാർത്ഥികൾക്കൊപ്പം തംബുരുശ്രുതിയിൽ കൃതികൾ സ്വായത്തമാക്കി വന്നിരുന്നെങ്കിൽ ചില സന്ധ്യകളിലും രാവുകളിലും ടാർപ്പായക്കീഴിലെ വേദിയിൽ ആട്ടവിളക്കിനുമുന്നിലാടുന്ന നളനും ദമയന്തിക്കും അർജുനനും ബൃഹന്നളക്കും ഹംസത്തിനും സുദേവനും ഒക്കെ പാടിവന്നു. മെലിഞ്ഞ അരക്കെട്ടിന്‌ ആടയായുള്ള രണ്ടാമുണ്ടിനുമേലെ  കുപ്പായമിടാഞ്ഞ ആ നേരങ്ങളിലെ കൂരനെഞ്ച് സ്ത്രീകളടക്കം ജനം കാണുന്നതിനുള്ള സങ്കോചം തൽക്കാലം കണക്കാക്കാതെതന്നെ.

ഇതിനിടയിൽ കച്ചേരിയരങ്ങേറ്റം ഉണ്ടായി. കായംകുളത്തിനടുത്തുള്ള രാമപുരത്തെ ദേവീക്ഷേത്രത്തിൽ. ഉപായത്തിൽ ഒരുമണിക്കൂർ ദൈർഘ്യത്തിൽ. പിന്നെയും ഒന്നുരണ്ടിടത്തുണ്ടായി വയലിനും മൃദംഗവും പക്കമായി ത്യാഗരാജ സ്വാമിയുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും ശ്യാമ ശാസ്ത്രിയുടെയും സ്വാതി തിരുനാളിൻറെയും മറ്റും രചനകൾ അവതരിപ്പിച്ചുള്ള സന്ധ്യകൾ. താൻ പഠിച്ച ക്ലാസിക്കൽസംഗീത ബാച്ചിൽ ആ വർഷം ഒന്നാം ക്ലാസ്സിൽ പാസ്സായ രണ്ടുപേരിൽ ഒരുവനായിരുന്നു ശങ്കരൻകുട്ടി. സൗമ്യനും സുശീലനുമായ പയ്യനോട് വാത്സല്യമുണ്ടായിരുന്നു ഗുരുക്കൾക്ക് — ആര്യനാട് സദാശിവൻ, അമ്പലപ്പുഴ തുളസി, പൊൻകുന്നം രാമചന്ദ്രൻ, എസ് വിനയചന്ദ്രൻ എന്നിവർക്കു പുറമെ മാവേലിക്കര പി സുബ്രഹ്മണ്യം പത്തിയൂരിനെ വിളിപ്പിച്ച് ഇടക്കൊക്കെ കഥകളിപ്പദം പാടിക്കുമായിരുന്നു. അരങ്ങുപാട്ടുകാർ രാഗം ആലപിക്കുന്നതിലെ വേറിട്ട സ്വാദിനുള്ള കാരണം അന്നേ സുബ്രഹ്മണ്യത്തിനറിയാമായിരുന്നു, അതിലദ്ദേഹം സദാ കൗതുകപ്പെട്ടിരുന്നു. പത്തിയൂരിൻറെ മനസ്സപ്പോഴും കളിയരങ്ങിലായിരുന്നു.

“മോഹത്തിന് കാരണമുണ്ട്,” ശങ്കരൻകുട്ടി ഓർത്തെടുക്കും. “പ്രീഡിഗ്രി രണ്ടാംവർഷം പഠിക്കുന്ന കാലമാണ്. അച്ഛനൊപ്പം തെക്കൊരിടത്ത് കളിക്ക് പാടാൻ പോയതാണ് ഞാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ ശിവക്ഷേത്രത്തിൽ. പ്രധാനപാട്ടുകാരൻ അവിടങ്ങളിലെ പ്രമുഖൻ വള്ളിക്കാവ് ശങ്കരപ്പിള്ള. ഉൾവലിഞ്ഞ പ്രകൃതം. പ്രശസ്തരിൽ ഗംഗാധരാശാനും.” ബാണയുദ്ധം ആയിരുന്നു ആദ്യകഥ. അതിലെ ‘ഉഷാചിത്രലേഖ’ക്ക് പൊന്നാനി ഗംഗാധരൻ. കൂടെപ്പാടാൻ ശങ്കരൻകുട്ടിയെ വിളിച്ചു അദ്ദേഹം. വരിയൊന്നും മുഴുവൻ തോന്നുകില്ലെങ്കിലും ഉള്ളതുവച്ച് ഒപ്പിച്ചെടുത്തു ശങ്കിടി. തുടർന്നരങ്ങേറിയ നിഴൽക്കുത്തിനും ചില രംഗങ്ങളിൽ പാടിച്ചു. പൊതുവെ തൃപ്തിയായി മൂത്ത ഭാഗവതർക്ക്. അന്ന് നേരം വെളുക്കുംമുമ്പ് അണിയറയിൽ ഇരിക്കെ ഗംഗാധരൻ പറഞ്ഞുപോലും: “നീ കലാമണ്ഡലത്തിൽ ചേര്. നമ്പിയാശാന് (അന്നത്തെ പ്രിൻസിപ്പലും യുഗപ്രഭാവനുമായിരുന്ന നീലകണ്ഠൻ നമ്പീശൻ) ദക്ഷിണ വെക്ക്. ബാക്കി ഞാൻ പഠിപ്പിക്കാം.”

ആ കേട്ടത് ഹൃദയത്തട്ടിൽ മൂളിക്കിടപ്പുണ്ട് ശങ്കരൻകുട്ടിക്ക്. അതിന് വീണ്ടും ശക്തിയേകി കലാനിലയം ഉണ്ണികൃഷ്ണൻ. കഥകളിയുടെ വടക്കൻചിട്ടയിൽ നൈപുണ്യം നേടിയ മറ്റൊരു തെക്കൻനാട്ടുകാരൻ. തകഴിയിലെ ജലസമൃദ്ധിയിൽനിന്ന് ഭാരതപ്പുഴയോരംപറ്റിയ ഗായകൻ. അതുംകൂടിയായപ്പോൾ പിന്നെയധികം വൈകിച്ചില്ല ശങ്കരൻകുട്ടി മഹാകവി വള്ളത്തോളിൻറെ സ്ഥാപനത്തിൻറെ പടികടക്കാൻ. കലാമണ്ഡലത്തിലെ ഹ്രസ്വകാല കോഴ്സ് എന്ന സൗകര്യമുപയോഗിച്ച് ഒരു വർഷം അവിടെനിന്നു കിട്ടിയ കളരിബലം പാട്ടിനു മുറുക്കംകൂട്ടി. മുന്നേ,

ബാല്യത്തിൽ, കഥകളിക്ക് കച്ചകെട്ടിയിട്ടുള്ളതാണ് ശങ്കരൻകുട്ടി. ഏവൂർ പരമേശ്വരൻപിള്ളയുടെ കളരിയിൽ പഠിച്ചത് കൃഷ്ണവേഷത്തിൽ അരങ്ങേറ്റി. കഥ: ഗുരുദക്ഷിണ. ഉയരം വച്ചുതുടങ്ങിയതോടെ കൈമെയ് മെരുങ്ങിക്കിട്ടാൻ എളുപ്പമല്ലെന്നു തോന്നിയിരിക്കണം. പൊടിമീശ പിന്നീടങ്ങനെ കനത്തതേയുള്ളൂ താനും. യൗവ്വനാരംഭത്തിലെ ആ കലാമണ്ഡലകാലം ചെറുതായിരുന്നെങ്കിലും ചില്ലറയുപയോഗമൊന്നുമല്ല ചെയ്തിട്ടുള്ളൂ ശങ്കരൻകുട്ടിക്ക്. പതികാലസുഭഗമായ കോട്ടയംകഥകൾക്കു പുറമേ ബാലിവധം പോലെ ചിട്ടപ്പെരുമയുള്ളവയിലെ രംഗക്രിയകൾ ഹൃദിസ്ഥമാക്കാൻ മാടമ്പി സുബ്രഹ്മണ്യൻനമ്പൂതിരിയും രാമവാരിയരും പരിശീലിപ്പിച്ചു. കലാമണ്ഡലം ഗോപിയുടെ കടുകട്ടി കളരിമുറിയിൽ പെരിങ്ങോട് സുബ്രഹ്മണ്യനൊപ്പം നിത്യമെന്നപോലെ പാടി. നമ്പിയാശാൻ അപ്പോഴേക്കും മരിച്ചുപോയിരുന്നു; ഗംഗാധരാശാൻറെ ഉഗ്രപ്രഭാവം കുറേക്കൂടി അടുത്തറിഞ്ഞു. കൂടെപ്പഠിക്കാൻ ഉണ്ടായിരുന്ന ശിവദാസൻ, അച്യുതൻ, ദേവകുമാരവർമ, സജീവൻ തുടങ്ങിയ പാട്ടുവിദ്യാർത്ഥികളിൽ ബാബു നമ്പൂതിരിയുമായി വിശേഷിച്ചും ചങ്ങാത്തമുണ്ടായി.

ഇതിനൊക്കെ രണ്ടുവർഷം മുമ്പേയുണ്ട് പരിചയം ഹൈദരാലിയുമായി. അദ്ദേഹത്തെ നേരിലറിഞ്ഞ 1984 തുടങ്ങിയുള്ള യുഗം അവിസ്മരണീയമാണ് ശങ്കരൻകുട്ടിക്ക്. കൊല്ലം പ്രദേശത്തെ തുമ്പറ ദേവീക്ഷേത്രത്തിൽ ആയിരുന്നു മാനസഗുരുവുമായി ലോഗ്യമുണ്ടാവുന്നത്. പത്തിയൂരിൻറെ പാട്ടിലും പ്രകൃതത്തിലും പ്രീതിപൂണ്ട ഹൈദരലി തുടർന്ന് പയ്യനെ പലയിടത്തും തെക്കൻ പ്രദേശങ്ങളിൽ കഥകളിക്ക് കൂട്ടാൻതുടങ്ങി. വൈകാതെ ഗംഗാധരനും കളരിപ്രോത്സാഹനം നൽകിയതോടെ അവിടന്നങ്ങോട്ട്  ഇരു ഭാഗവതർമാരുടെയും കൂടെ നിറയെ അരങ്ങനുഭവം കിട്ടിപ്പോന്നു പത്തിയൂരിന്.

വർഷം 1990 ആയതോടെ കൊട്ടാരക്കരക്കടുത്തുള്ള പകൽക്കുറിയിൽ സംഗീതാധ്യാപകനായി ശങ്കരൻകുട്ടി. കലാമണ്ഡലം സുരേന്ദ്രന് കീഴിൽ. വേഷത്തിന് പ്രധാനമായി മടവൂർ വാസുദേവൻനായർ (കൂടെ കലാഭാരതി രാജൻ), ചെണ്ടക്ക് ആയാംകുടി കുട്ടപ്പമാരാർ, മദ്ദളത്തിന് കലാനിലയം രാജൻ. ഇങ്ങനെ തെക്കൻ മുറകൾകൂടി അടുത്തുപരിചയിക്കാൻ ഇടവന്നു. അതേസമയം 2003 തുടങ്ങി അമ്പലപ്പുഴയിലെ സന്ദർശൻ കഥകളിയോഗത്തിൽ കലാമണ്ഡലം വാസുപ്പിഷാരോടിയുടെ കളരികളിൽ പാടി കല്ലുവഴിയുടെ ഇടനാഴികകൾ മുന്നത്തെക്കാൾ പരിചിതമാക്കി. കലാമണ്ഡലം ഷണ്മുഖൻ, മുകുന്ദൻ, ചമ്പക്കര വിജയൻ തുടങ്ങി ചെറുപ്പക്കാർ അവിടെ അഭ്യാസം തികച്ചുപോന്നിരുന്നു ആ ദശകത്തിൽ.

യുവത്വത്തിലെ പല രംഗാനുഭവങ്ങളും ഇന്നലെ കഴിഞ്ഞതുപോലെ ഓർത്തെടുക്കാനാവും ശങ്കരൻകുട്ടിക്ക്. തെക്ക്, അഞ്ചൽ കടമാങ്ങോട് അമ്പലത്തിൽ സംഭവം നടന്നത് 1988ലാവണം. കലാവേദി ജയകുമാറിനൊപ്പം പുറപ്പാട്-മേളപ്പദം പാടിയത് നന്നായിയെന്ന് പറഞ്ഞു അതത്രയും കേട്ടശേഷം ഗംഗാധരാശാൻ. പിന്നെ കഥകൾ നളചരിതം ഒന്നാം ദിവസം, ദുര്യോധനവധം. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ നൈഷധവേഷം, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയുടെ ഹംസം, ചിറക്കര മാധവൻകുട്ടിയുടെ ദമയന്തി. ഗംഗാധരന് ശങ്കിടി ശങ്കരൻകുട്ടി. ആദ്യകഥയുടെ ഒടുവിലത്തെ ഭാഗത്തെ ‘ഹന്ത ഹസം എന്ന ചെറുപദം പൊന്നാനി പാടിയത് ഏതുരാഗത്തിൽ എന്ന് പിടികിട്ടിയില്ല പത്തിയൂരിന്. രംഗം കഴിഞ്ഞുള്ള ഒഴിവിൽ ചോദിച്ചു. നേരെ ഉത്തരം പറഞ്ഞില്ല ഭാഗവതർ. പകരം ഒരു പഴയ തമിഴ് സിനിമാപ്പാട്ട് പാടി. അതുവഴി മറുപടി വ്യംഗ്യമായി വന്നു: നാഗഗാന്ധാരി. കർണാടകസംഗീതത്തിൽത്തന്നെ അത്രയങ്ങോട്ടു പ്രചാരമില്ലാത്ത ഈണം.

ഹൈദരാലിചരിതകഥകളും പലതുണ്ട് പറയാൻ. പുനലൂര് കമുകുംചേരി ക്ഷേത്രത്തിൽ കുചേലവൃത്തം. ഓയൂരിൻറെ സുദാമാവ്, മങ്കൊമ്പ് ശിവശങ്കരപ്പിള്ളയുടെ ശ്രീകൃഷ്ണൻ. പുകഴ്‌പെറ്റ ‘കലയാമി സുമതേ’ എന്ന ശങ്കരാഭരപദത്തിലെ രാഗമാലികാചരണങ്ങളിൽ ‘ഇന്ധന സമ്പാദന’ വന്നപ്പോൾ ഹൈദരലി വിറകുവെട്ടിയത് സൂര്യ എന്ന അപൂർവരാഗത്തിൽ. സ്വതേ ആ വരികൾ പാടാറുള്ള ഹിന്ദോളവുമായി ഒരു സ്വരത്തിൻറെ മാത്രം വ്യത്യാസം. പത്തിയൂരിന് പിടികിട്ടി രാഗം, ഒപ്പം ഒപ്പിച്ചുപാട്ടും തുടങ്ങി. ഇതിങ്ങനെ നീണ്ട് അടുത്ത വരിയായ ‘അന്തണാധിപാ’ ഉച്ചരിച്ചതും പൊന്നാനി നേരെ ഹിന്ദോളത്തിൻറെ ഗാന്ധാരത്തിലേക്ക് അറിയാതെ കടന്നുപോയി. തെറ്റുപറ്റിയപ്പോൾ, പതിവിൻപടി ഹൈദരലി ഇടംകണ്ണിട്ടു പുഞ്ചിരിച്ചു. അതോടെ ശങ്കിടിക്കും സമാധാനമായി: “ഇനിയിപ്പം അഥവാ എനിക്ക് പിഴച്ചാലും പ്രശ്നമില്ലല്ലോ!”

ശരി, എന്താണ് ഗംഗാധരൻറെയും ഹൈദരാലിയുടെയും സംഗീതസമീപനത്തിൽ തോന്നിയിട്ടുള്ള മുഖ്യവ്യത്യാസം? “പാടുമ്പോൾ ഗംഗാധരാശാന് സംഗീതധാരയിൽ മാത്രമെന്നപോലെയാണ് ശ്രദ്ധ. രംഗക്രിയകൾ ഭംഗിയായി നിർവഹിക്കുമ്പോഴും പദങ്ങൾ, താളങ്ങൾ, ശ്രുതി, നാദം എന്നിവയിലൊക്കെ തീക്ഷ്ണമായിരിക്കും ശ്രദ്ധ. അതേസമയം ഹൈദരാലിയാശാൻ മൊത്തമരങ്ങിൻറെ ഉസ്താദായിരുന്നു. വേഷം, ആട്ടം, കൊട്ട്, എന്നിവയും പാട്ടുമേളക്കാർ തമ്മിലുള്ള ഒത്തിണക്കം എന്നിവകൂടി കണ്ടാസ്വദിച്ചുള്ള സപര്യയായിരിക്കും.”

ഇവരിലാരെങ്കിലും മുഷിഞ്ഞോ ക്രോധിച്ചോ സംസാരിച്ചിട്ടുണ്ടോ പത്തിയൂരിനോട്? ഇല്ല, ഉണ്ടായിട്ടേയില്ല! കണിശസംസാരിയായിരുന്ന ഗംഗാധരാശാൻ എന്നുവേണ്ട ക്ഷിപ്രകോപിയായ (വേഗപ്രസാദിയും) ഗോപിയാശാൻപോലും വെളിച്ചപ്പെടാത്ത അപൂർവ വ്യകതിത്വങ്ങളിൽ ഉൾപ്പെടും ശങ്കരൻകുട്ടി. കേരളത്തിന് തെക്കും മദ്ധ്യത്തിലും വടക്കും പത്തിയൂർ എന്നുപറഞ്ഞാൽ കഥകളിലോകത്ത് ഒരു സ്ഥലപ്പേര് മാത്രമല്ലാതെയാവാൻ കാരണം ഈ പൊതുസ്വീകാര്യതയാണ്. വടക്ക് കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് തുടങ്ങി ശങ്കരൻ എമ്പ്രാന്തിരിയും വെണ്മണി ഹരിദാസും പോലെയുള്ള വിശാരദർക്കൊപ്പം പാടിയുള്ള ശീലമുണ്ടെങ്കിൽ അതുപോലെത്തന്നെ തെക്കോട്ട് തകഴി കുട്ടൻപിള്ളയും തിരുവല്ല ഗോപിക്കുട്ടനും ശങ്കിടിച്ചുള്ള പരിചയം ധാരാളം.

പല കളരികൾ നൽകുന്ന സ്നേഹമുറ ജീവിതത്തിൽക്കൂടി പടർത്തിയും ആഴ്ത്തിയും പോരുന്നു പത്തിയൂർ ശങ്കരൻകുട്ടി. സമാദരണവേളയിൽ സർവവിധ ആശംസകളും നേരുന്നു. ആലിംഗാലിംഗാ….. 

രണ്ടുകൊല്ലം മുമ്പ്, 2015ലെ മഴക്കാലത്ത് എഴുതിയ കുറിപ്പ്: ഏഴെട്ടു വർഷത്തെത്തെമാത്രം പരിചയമേയുള്ളൂ പത്തിയൂർ ശങ്കരൻകുട്ടിയുമായി. തുടക്കത്തിൽത്തന്നെ കനത്തുകിട്ടിയ സ്നേഹമായതിനാൽ പാതിനേരമ്പോക്കായി ചുമ്മാ “ചേട്ടായീ” എന്നേ കഥകളിഭാഗവതരെ വിളിക്കാറുള്ളൂ. “ൻഹെഹേ ഹഹ” എന്ന് തെല്ലനുനാസികമായി തിരിച്ചു ചിരിച്ച് ആ സംബോധന ആസ്വദിച്ചും കേൾക്കാറുണ്ട്. ഓണാട്ടുകരയിലെ വീട്ടിലേക്ക് തകൃതിയായി ക്ഷണംതുടങ്ങി രണ്ടുമൂന്നാണ്ടായി ചേട്ടായി. ഇക്കഴിഞ്ഞയാഴ്ചയേ പോവാൻ തരപ്പെട്ടുള്ളൂ. മഴയുള്ളൊരു ദിവസം, സകുടുംബം. എത്തുന്നതിന് പന്ത്രണ്ടു മണിക്കൂറുമാത്രം മുമ്പാണ് അറിയിപ്പ് കൊടുത്തത്.

Similar Posts

  • ഓർമ്മയുടെ ഉത്ഭവം

    എം.വി നാരായണൻ June 19, 2013 മലയാളത്തിൽ ഇത്തരമൊരു സാസ്മ്കാരിക പഠനം ആദ്യമാണെന്നു തോന്നുന്നു. കലയും കാലവും കൂട്ടിക്കുഴയ്ക്കുകയും അത് കേരളത്തിന്റെ ഭാഗധേയനിർണ്ണയ ശ്രേണികളില്‍  കണ്ണികളാകുകയും ചെയ്യുന്നത് അസാധാരണ പാടവത്തോടെ ലേഖകൻ പരിശോധിക്കുന്നു –സമകാലീന മലയാളം സെപ്റ്റംബർ 2005 (പത്രാധിപർ) ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്കാരം ‘അതു യഥാർത്ഥത്തിൽ എങ്ങനെ ആയിരുന്നു’ എന്ന് കണ്ടെത്തലല്ല, മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തിൽ മിന്നിമറയുന്ന ഓരോർമ്മയെ കൈയ്യെത്തിപ്പിടിക്കലാണ്. -വാൾട്ടർ ബൻമിയൻ,തീസിസ് ഓൺ ദ് ഫിലോസഫി ഓ ഹിസ്റ്ററി ദ്രാവിഡമനസ്സിന്റെ ഇരുണ്ട അകത്തളങ്ങളിൽ…

  • നളചരിതത്തിലെ പുഷ്ക്കരൻ

    ഹേമാമോദസമാ – 14 ഡോ. ഏവൂർ മോഹൻദാസ് November 14, 2013  നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം ‘നളോപഖ്യാന’ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം. നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): ‘വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം’  എന്ന് ചിന്തിച്ച കലി ‘ഭൈമിയൊത്തു നളൻ സുഖിക്കൊല’ എന്നു  മനസ്സിൽ  ഉറപ്പിച്ചു  ‘നീയും…

  • |

    കറുത്തമ്മ 

    സദു ഏങ്ങൂര്‍ June 17, 2012 കഥകളിയെ സാധാരണ ജനങ്ങളിലേക്ക് എന്ന് ദൌത്യവുമായി കഴിഞ്ഞ ആറുവർഷമായി പ്രവർത്തിക്കുന്ന “കളിമണ്ഡലം തൃപ്രയാർ” സ്കൂൾ തലത്തിൽ നിന്ന് തന്നെ ആണ് പ്രവർത്തനം ആരംഭിച്ചത്. മുൻപ് തിരനോട്ടം ദുബായുടെ പ്രവർത്തകനായതിനാൽ അതിലൂടെയുള്ള അനുഭവസമ്പത്ത് സഹായകരമായി. തൃപ്രയാർ കേന്ദ്രീകരിച്ച് മണപ്പുറത്തെ സ്കൂൾ കുട്ടികൾക്കായി വർഷം തോറും കഥകളി ശില്പശാല നടത്തുന്നുണ്ട്. കൂട്ടത്തിൽ നമ്മുടെ പൈതൃക കലകളെ മാറിമാറി ഓരോവർഷവും, കൂടിയാട്ടം, മുടിയേറ്റ് എന്നിങ്ങനെ, പരിചയപ്പെടുത്തുന്നു. എന്നാൽ ഇന്നത്തെ സാധാരണ ജനങ്ങളും നമ്മുടെ തനതായ…

  • |

    പത്മശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്‍ അനുസ്മരണം…ഒരു വിവരണം

    സുദീപ് പിഷാരോടി July 30, 2012  മഹാനായ ഒരു ആശാന്റെ അനുസ്മരണത്തെ കുറിച്ച് ഒരു അവലോകനം നടത്താന്‍ ഞാന്‍ ഒട്ടും അര്‍ഹനല്ല എന്ന് അറിയാം… എന്നാലും അന്ന് നടന്ന കഥകളിയെ കുറിച്ച് ഒരു വിവരണം ഞാന്‍ താഴെ ചേര്‍ക്കുന്നു.കല്ലായക്കുലങ്ങര കളിക്കല്ലാതെ ഞാന്‍ ഇന്നുവരെ സന്ധ്യ കേളി കണ്ടിട്ടില്യാ. ഒരു പക്ഷെ ആ സമയത്തേക്ക് അവിടെ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ആയിരിക്കാം. സദനത്തിലെ മിടുക്കന്മാരായ വിദ്യാര്‍ത്ഥികളുടെ വക സന്ധ്യ കേളി  അതിനു ശേഷം അനുസ്മരണയോഗം.ശ്രീ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ ആശാന്‍ ,…

  • |

    നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ

    ശ്രീചിത്രൻ എം. ജെ. March 12, 2013 കളിയരങ്ങിന്റെ ഒരു മഹാചരിത്രഘട്ടം പര്യവസാനിച്ചു. കഥകളികാലകാളിന്ദിയിലെ  ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്‌ഠവും, അവസാനത്തേതുമായ കണ്ണി. ഈ വിയോഗത്തോടെ ധനാശിയേൽക്കുന്നത് ഒരു ആചാര്യനല്ല, അനന്യസാധാരണമായിരുന്ന ഒരു ബൃഹദ്‌പാരമ്പര്യത്തിനാണ്. കഥകളിയുടെ പുതിയ ഭാവുകത്വം തന്നെ പുനർനിർമ്മിച്ച ആ മഹാരഥികളുടെ തിരുശേഷിപ്പായി ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന് ആശ്വസിയ്ക്കാൻ ഇനി രാമൻകുട്ടിനായരുടെ ജീവൽസാനിദ്ധ്യമില്ല. കാലത്തിന്റെ പെരുംകോപ്പറയിലേക്കു മറഞ്ഞ ആ യുഗപ്പെരുമാളിനു മുന്നിൽ സ്മരണാഞ്ജലികൾ ! എന്നാൽ,…

  • അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍

    നരിപ്പറ്റ നാരായണന്‍ നമ്പൂതിരി July 19, 2012 കുമാരൻ നായാരാശാനെ സ്മരിച്ച് കൊണ്ട് എന്ത് ചെയ്യാനും സന്തോഷമുണ്ട്. ഇതിപ്പോൾ കുമാരൻ നായരാശാൻ ചിട്ടപ്പെടുത്തിയ അഷ്ടകലാശം എന്ന നിലക്കാണ് ഞങ്ങളിപ്പോൾ ചെയ്യാറുള്ളത്. ഇത് വളരെ ശാ‍സ്ത്രീയമായി അനലൈസ് ചെയ്ത് രേഖപ്പെടുത്തിയിട്ടുള്ളത് സദനം ഹരികുമാറാണ്. ഞാൻ ഒരു പ്രയോക്താവാണ്. ഹരികുമാരൻ ഇതിനെ അനലൈസ് ചെയ്ത് ഒരു പക്ഷെ വീഡിയോ തന്നെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് എന്റെ അറിവ്. അതിന്റെ ഇടയിൽ കൂടെ എന്റെ പ്രയോഗിത്തിലൂടെ.. പരിചയത്തിലൂടെ ഉള്ള കാര്യങ്ങൾ ഞാൻ പറയാൻ…

മറുപടി രേഖപ്പെടുത്തുക