സുനിൽ
April 9, 2012
എന്താണ് കഥകളി?
തികച്ചും വ്യക്തിപരമായ ചോദ്യം. കുറഞ്ഞത് പത്ത് കളിയെങ്കിലും കണ്ടതിനുശേഷം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ.
ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്. വിവിധ തലങ്ങളില്‍/നിലവാരങ്ങളില്‍ ആസ്വദിക്കാവുന്ന ബഹുമുഖമാര്‍ന്നയ ഒരു കലാരൂപമാണിത്. കഥകളി ഒരേ സമയം പൌരാണികവും അതോടൊപ്പം തന്നെ നൂതനവും ആണ്. പുരാണങ്ങള്‍ ആണ് ഇതിവൃത്തങ്ങളെങ്കിലും പലപ്പോഴും സംവദിക്കപ്പെടുന്നത് ഭക്തി രസമോ ദൈവശാസ്ത്രമോ അല്ല. അതുകൊണ്ട് തന്നെ കാല ദേശ വര്‍ഗ വ്യത്യാസമോ നിലവാരമോ താത്പര്യമോ ഒന്നും തന്നെ കഥകളിയുടെ ആസ്വാദനത്തിനു വിലങ്ങു തടിയാകുന്നില്ല എന്നത് കഥകളിയെ ജനപ്രിയമാക്കുന്നു. കഥകളി കാണുന്നയാളില്‍ കലാകാരന്‍ രസാനുഭൂതി ഉണ്ടാക്കുന്നത് നാലുതരം അഭിനയമാര്‍ഗങ്ങളില്‍ കൂടി ആണ്. മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ സാത്വികാഭിനയത്തില്‍ പെടുന്നു. മറ്റു ശരീരഭാഗങ്ങള്‍ ഉപയോഗിച്ചുള്ള അഭിനയം (മുദ്രകള്‍, കലാശം, നൃത്തം മുതലായവ) ആംഗികാഭിനയമാണ്. അഭിനേതാവ് വാചികാഭിനയരീതി വളരെ വിരളമായെ ഉപയോഗിക്കുന്നുള്ളൂ എങ്കിലും പാട്ട്-കൊട്ട് മുതലായവയില്‍ കൂടി രാഗ-താള-മേളങ്ങളുടെ സമ്മേളനത്തിലൂടെ വാചികമായ അഭിനയവും കഥകളിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വര്‍ണ്ണ വൈവിധ്യമാര്‍ന്ന മേയ്കപ് – വസ്ത്രാലങ്കാരങ്ങളിലൂടെയും രംഗസജ്ജീകരണങ്ങളിലൂടെയും ആഹാര്യം എന്ന അഭിനയ രീതിയും ഇതില്‍ ഉപയോഗിക്കപ്പെടുന്നു≠ണ്ട്. അതി സമര്‍ത്ഥങ്ങമായി ഈ നാലു അഭിനയ രീതികളെയും യോജിപ്പിക്കുന്ന വിരലില്‍ എണ്ണാവുന്ന കലാരൂപങ്ങളെ ഇന്ന് നിലവിലുള്ളൂ. കൈലാസ പര്‍വ്വതം എടുത്ത് അമ്മാനമാടുന്ന രാവണന്റെ മുന്നില്‍ യഥാര്‍ത്ഥത്തില്‍ കൈലാസമില്ല. കുതിരകളെ ഒരുക്കി തേര്‍ സജ്ജമാക്കുന്ന ശ്രീകൃഷ്ണന്റെ സമീപം തേരോ കുതിരകളോ ഭൃത്യന്മാരോ ഒന്നും തന്നെ ഇല്ല. പക്ഷെ ചിട്ടപ്പെടുത്തിയ ആട്ടത്തിലൂടെയും അഭിനയത്തിലൂടെയും ഇല്ലാത്തതെല്ലാം ഉണ്ടന്നു നമുക്ക് തോന്നുന്നു. കഥകളിയില്‍ കൂടുതലും ഉപയിഗിക്കപ്പെടുന്നത് ‘നാട്യധര്‍മ്മി’ എന്ന ഇത്തരം രീതിയാണ്. നിത്യജീവിതത്തില്‍ നമുക്ക് സുപരിചിതമായ പെരുമാറ്റങ്ങളോ സങ്കേതങ്ങളോ ഉപയോഗിക്കപെടുമ്പോള്‍ നമുക്കെളുപ്പം ആസ്വദിക്കാനാവുന്നു. ‘ലോകധര്‍മ്മി’ ആയ ഈ രീതിയും കഥകളിയില്‍ കാണാം. മുറുക്കി ചുവപ്പിച്ചു പാറ്റി തുപ്പുന്ന ബകവധത്തിലെ ആശാരിയും മൂന്നാം ദിവസം നളചരിതത്തിലെയും മറ്റും ബ്രാഹ്മണന്റെ ചേഷ്ടകളും നമുക്ക് ഏറെ പരിചിതമാണ്. ആദ്യമായി കളി കാണുന്നവനുപോലും അല്‍പമൊക്കെ കളി ആസ്വദിക്കാം. എന്നാല്‍ പത്തിരുപതു വര്‍ഷും കളി കണ്ടു നടന്നയാള്‍ പോലും പൂര്‍ണ്ണമായി കഥകളി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തീര്‍ത്തു പറയാനാകില്ല.
കഥകളിയിലെ കഥകള്‍ പുരാണങ്ങളില്‍ നിന്നുമാത്രമേ സ്വീകരിച്ചിട്ടുള്ളൂ?
അങ്ങനെയൊന്നുമില്ല. പല പുതിയ കഥകളും ഗ്രീക്ക് പുരാണങ്ങള്‍, ഷേക്സ്പീറിയന്‍ നാടകങ്ങള്‍ എന്നിവയെ ഒക്കെ അവലംബമാക്കി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അവയൊന്നും നമ്മുടെ സംസ്കാരമായി വലിയ അടുപ്പമില്ലാത്തതിനാലാവാം എന്നു തോന്നുന്നു, സ്വദേശത്ത് അത്രകണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടില്ല.
ഒരേ കഥ തന്നെ എത്ര തവണയാ കാണുക? ബോറടിക്കില്ലേ? എല്ലാം കാണാപ്പാഠമല്ലേ? പിന്നെന്തിനാ പലതവണ കാണുന്നത്?
ഇത്യാദി ചോദ്യങ്ങള്‍ ഒന്നിച്ച് ഉത്തരം പറയാനേ പറ്റൂ. കഥകളിയില്‍ ഇന്ന് പ്രസിദ്ധിയാര്‍ജ്ജിനച്ച പല കഥകളും മിക്കവാറും ജനങ്ങള്‍ക്ക് കാണാപ്പാഠമായിരിക്കും. എല്ലാം തന്നെ പുരാണകഥകളാണല്ലോ. അതിലെ പദങ്ങളടക്കം ചൊല്ലിക്കൊണ്ട് നടക്കുന്നവരായിരിക്കും പലരും. എന്നാലും, കഥകളി സിനിമയല്ല. നമ്മുടെ ആസ്വാദനം സി നിമാലോകത്തോട് ചേര്‍ത്തു വെക്കുമ്പോഴുണ്ടാകുന്ന കുഴപ്പമാണിത്. കഥകളി വീഡിയോയിലല്ല കാണുന്നത്, അത് റിയല്‍ ടൈം പെര്‍ഫോമന്‍സ് ആണ്. ഒരേനടനുതന്നെ അന്നന്നത്തെ ശാരീരിക, മാനസിക, രാഷ്ട്രീയ കാലാവസ്ഥക്കനുസരിച്ച് കാണിക്കുന്ന ഭാവങ്ങളില്‍ വ്യത്യസ്തത ഉണ്ടായിരിക്കും. നടന്റേയോ പാട്ടുകാരന്റേയോ ഒരു ചെറിയ ജലദോഷം വരെ അവരുടെ പെര്‍ഫോമന്‍സിനെ ബാധിക്കാം. അല്ലെങ്കില്‍ രംഗസജ്ജീകരണത്തിലെ ഗുണദോഷങ്ങള്‍ ബാധിക്കാം. അതുകൊണ്ട് തന്നെ പലതവണ കണ്ടാലും എന്നും നവനവോന്മേഷശാലിയായേ കഥകളി തോന്നൂ.
അറിയാത്ത, പുതിയ കഥകള്‍ കണ്ടാല്‍ ആസ്വദിക്കാന്‍ പറ്റുമോ?
തീര്‍ച്ചതയായും. പുതിയ കഥകളുടെ ഒരു ചെറിയ വിവരണം, പ്രത്യേകിച്ചും മനോധര്‍മ്മമായി ആടുന്നവയുടെ, മുന്‍കൂട്ടി അറിഞ്ഞിരുന്നാല്‍ അതു നല്ലതു തന്നെ. മിക്ക പുതിയ കഥകളും അവതരിപ്പിക്കുന്നതിനു മുന്‍പായി സദസ്സിന് ഒരു ചെറിയ വിവരണം കൊടുത്ത് പരിചയപ്പെടുത്തും. ഇനി ഇതില്ലെങ്കിലും പരിചയമുള്ള കഥകളി സങ്കേതത്തില്‍ നിബദ്ധമായാണത് ചെയ്യുന്നത് എങ്കിലും ആസ്വാദനത്തിന്‍ പ്രശ്നമുണ്ടാകില്ല. കഥകളി സങ്കേതമാണ് നാം പഠിക്കുന്നത്, കഥയല്ല. നാം ആസ്വദിക്കുന്നതും കഥയുടെ പരിണാമഗുപ്തികളല്ല, ആ സങ്കേതം തന്നെയാണ്.
പല കഥകളി അരങ്ങിലും പലപ്പോഴും കഥ പൂര്‍ണമായി അവതരിപ്പിക്കാറില്ല. കഥയ്ക്കോ ഇതിവൃതത്തിനോ പ്രാധാന്യം ഒട്ടും കഥകളിയില്‍ ഇല്ലേ?
സിനിമയോ, നോവല്‍ പോലെയുള്ള സാഹിത്യരൂപങ്ങളോ പോലെ കഥകളിയില്‍ പ്രമേയത്തിന്റെ പരിണാമത്തിന് പ്രാധാന്യം ഇല്ല എന്ന് പറയാം. അരങ്ങത്ത് രഞ്ജകമായ രീതിയില്‍ അവതിരിപ്പാവുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തി, യുക്തിക്ക് ഭംഗം വരാത്ത രീതിയില്‍ കഥയവതരിപ്പിക്കുക എന്നതാണ് കഥകളി പൊതുവെ അനുവര്‍ത്തിച്ചിട്ടുള്ള നിയമം. മറ്റു കലാരൂപങ്ങളില്‍ ഉള്ള പോലെ അപ്രതീക്ഷിതമായ അംശങ്ങള്‍ കഥകളിയിലെ കഥയില്‍ വളരെ കുറവാണ്. കളി കാണാന്‍ വരുന്നവര്‍ കഥ മുന്‍കൂട്ടി അറിഞ്ഞിരിക്കണം എന്നാണ് പൊതു തത്വം. പ്രചുരപ്രചാരം നേടിയ കഥകള്‍ സവിശേഷമായ ശൈലീകൃതാവതരണത്തിലൂടെ കലാനുഭൂതി സൃഷ്ടിക്കുക എന്നതാണ് കഥകളി പോലെയുള്ള ക്ളാസ്സിക്കല്‍ കലാരൂപങ്ങളുടെ പൊതു സ്വഭാവം.
ഇതിനര്‍ത്ഥം കഥയ്ക്ക് പ്രാധാന്യം ഇല്ല എന്നല്ല. ആട്ടക്കഥാകാരന്‍ രചിച്ച എല്ലാ കഥാഭാഗങ്ങളും അരങ്ങത്ത് അവതരിപ്പിച്ചില്ലെങ്കിലും അവതരിപ്പിക്കുന്ന ഭാഗങ്ങള്‍ക്ക് അവയുടെ നിലയ്ക്കു തന്നെ പൂര്‍ണത ഉള്ളതായി കാണാം. ഉദാഹരണത്തിന്, രാവണോല്‍ഭവത്തില്‍ ആട്ടക്കഥാകാരന്റെ പാഠത്തില്‍ നിന്ന് വ്യതിയാനം ഉണ്ടങ്കിലും, അവതരിപ്പിക്കുന്ന ഭാഗത്തിന് അതിന്റേതായ പൂര്‍ണത ഉണ്ടല്ലൊ (രാവണന്‍ അമ്മയുടെ ദുഃഖം മനസ്സിലാക്കി, ബ്രഹ്മാവിനെ തപസ്സ് ചെയ്ത്, വരങ്ങള്‍ വാങ്ങി, ത്രിലോകങ്ങള്‍ ജയിക്കാനുള്ള തയ്യാറെടുപ്പോടെ കളി അവസാനിക്കുന്നു)
ആര്‍ക്കും കഥകളി കണ്ടാസ്വദിക്കാന്‍ പറ്റുമോ?
തീര്‍ച്ചയായും. അതിനുള്ള സന്മനസ്സ് ഉണ്ടായാല്‍ മതി. പുതിയ ഒരു മൊബൈല്‍ കിട്ടിയാല്‍, അതിന്റെ ഉപയോഗസങ്കേതങ്ങളെ കുറിച്ച് നാം ആദ്യം തന്നെ മാന്വല്‍ വായിച്ചോ, ബട്ടണുകള്‍ അമര്‍ത്തി നോക്കിയോ വിവരമുണ്ടാക്കുന്നില്ലേ? അതു പോലെ ക്രിക്കറ്റ് കളി രസിക്കാനും അതിന്റെ നിയമങ്ങളും ടെക്നിക്കുകളും അറിഞ്ഞിരിക്കേണ്ടേ? അത്രമാത്രമേയുള്ളൂ. എനിക്കാസ്വദിക്കണം എന്ന ഒരു മനോഭാവം മതി കഥകളിയെ പരിചയപ്പെടാന്‍.
പാടുന്ന പാട്ടിന്റെ പദങ്ങള്‍ ആണ് മുദ്രകളായി കാണിക്കുന്നത് എന്നു പറഞ്ഞു. പക്ഷെ ആ പദവും കാണിക്കുന്ന മുദ്രയുമായി ആയി എങ്ങനെ ബന്ധപ്പെടുത്തും?
പദങ്ങളറിഞ്ഞിരിക്കുക എന്നതുകൊണ്ട് കഥകളി ആസ്വാദനത്തില്‍ പ്രത്യേകം നേട്ടമുണ്ട്. പലരും കഥകളി പദങ്ങള്‍ മാത്രമായി കേള്‍ക്കുവന്നവരാണ്. അപ്പോള്‍ പാടുന്ന വരികളും അത്യാവശ്യം അര്‍ത്ഥങ്ങളും സ്വയമേവ മനസ്സിലായിക്കൊള്ളും. പിന്നീട് വാക്കുകളുടെ അര്‍ത്ഥതങ്ങളെ മുദ്രകളുമായി ബന്ധിപ്പിച്ച് മനസ്സിലാക്കിയാല്‍ മതി. ആട്ടകഥകള്‍ പലവുരുവായിച്ച് പരിചയമായാല്‍ നല്ലത്. വാസ്തവത്തില്‍ പലരും കഥകളി പദങ്ങള്‍ കേട്ടുകൊണ്ടാണ് കഥകളിയിലേക്ക് ആകൃഷ്ടരാവുന്നതു തന്നെ. മറ്റ് പലര്‍ അതിലെ അഭിനയരീതികൊണ്ടും മേളക്കമ്പക്കാര്‍ അങ്ങനേയും കഥകളിയിലേക്ക് ആകൃഷ്ടരാകാറുണ്ട്.
കഥകളി പദം മനസ്സിലാകണമെങ്കില്‍ സംസ്കൃതം അറിഞ്ഞിരിക്കേണ്ടേ?
അത്യാവശ്യമല്ല. മലയാളത്തില്‍ തന്നെ ധാരാളം സംസ്കൃതപദങ്ങള്‍ നാം ഉപയോഗിക്കുന്നുണ്ടല്ലോ. അറിഞ്ഞിരുന്നാല്‍ ഉത്തമം എന്ന് പറയാം. ചുരുക്കത്തില്‍ കാണണം ആസ്വദിക്കണം എന്ന മനോഭാവമാണ് അത്യാവശ്യം. സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുമ്പോള്‍ നാം എത്ര തവണ വീണു, കാലു പൊട്ടി? എന്നിട്ടും പഠനം ഉപേക്ഷിച്ചില്ലല്ലൊ. എന്നു മാത്രമല്ല സൈക്കിളില്‍ സര്‍ക്കസ്സ് കാണിക്കാന്‍ വരെ പഠിച്ചു. കഥകളിയോട് അതേ മനോ ഭാവം ഉണ്ടായാല്‍ കഥകളിയും ആര്‍ക്കും ആസ്വദിക്കാം.
രംഗനാഥനായ നടന്റെ ചലനങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തോക്കെയാണ് (മുദ്രകള്‍ ഒഴികെ)?
രംഗനാഥന്‍ എന്ന പ്രയോഗം എത്രകണ്ട് ശരി എന്നറിയില്ല. കഥകളി പൊതുവെ ഒരു കൂട്ടം ആളുകളുടെ സംയോജിതമായ പ്രയത്നം കൊണ്ട് വിജയിക്കേണ്ട കലയാണ്. എന്നാലും നടന് പ്രഥമ പ്രാധാന്യം ഉണ്ട് എന്ന് പറയാം. അതുപൊലെ പാട്ടുകാര്‍ക്കും മേളക്കാര്‍ക്കും, ചുട്ടിക്കാര്‍ക്കും (അണിയറക്കാര്‍ക്കും) പ്രാധാന്യ മുണ്ട്. സമയത്തിന് തിരശ്ശീല പിടിക്കാന്‍ അണിയറക്കാര്‍ തന്നെ വേണം. നടനെ അണിയിച്ചൊരുക്കാനും ഇവര്‍ തന്നെ വേണം. അരങ്ങ് നിയന്ത്രിക്കേണ്ടത് പൊന്നാനി പാട്ടുകാരനാണ്. (പ്രധാന ഗായകനെ പൊന്നാ നിയെന്നും, ര≠ണ്ടാമത്തെ ഗായകനെ ശിങ്കിടി എന്നും വിളിക്കുന്നു)
ചോദ്യത്തിലേക്ക്,
കഥകളിയില്‍ അരങ്ങത്ത് ശ്രദ്ധിക്കുക എന്നതുപോലെ പ്രധാന്യമുള്ളതാണ് ഏത് ശ്രദ്ധിക്കുക ഏത് ശ്രദ്ധിക്കാതിരിക്കുക എന്നത്. അപ്പപ്പോള്‍ നടനം നിര്‍വഹിക്കുന്ന അഭിനേതാവിനെ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. പ്രസ്തുത നടന്റെ തന്നെ മുഖവും മറ്റ് അംഗോപാഗങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉദാഹരണം: മുഖത്ത്, ചുണ്ട്, കവിള്‍ തടങ്ങള്‍, കണ്ണ് (കണ്ണിലെ കൃഷ്ണമണി അടക്കം), കാലുകളുടെ ചലനങ്ങള്‍, മുദ്രകള്‍ കാണിക്കൊമ്പോളത്തെ കൈകളുടെ ചലനങ്ങള്‍, ശരീരഭാഷ എന്നിവ ശ്രദ്ധിക്കണം. കഥയുടെ ഗതിയറിയാന്‍ മുദ്രകളും, ഭാവമറിയാന്‍ മുദ്രയോടൊപ്പം മുഖവും ശ്രദ്ധിച്ചാല്‍ മതിയാകും. അരങ്ങത്ത് നില്‍ക്കുന്നതും എന്നാല്‍ ആടാത്തതുമായ നടന്മാരെ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. മിക്കവാറും അവര്‍ നിര്‍വികാരരായി കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുകയേ ചെയ്യൂ. എന്നാല്‍ ചില സന്ദര്‍ഭഅങ്ങളില്‍ കൂട്ടുകഥാപാത്രവുമായി സംവദിക്കാറുമുണ്ട്. എന്നിരുന്നാലും ഒരു നാടകമോ സിനിമയോ അല്ല കഥകളി എന്ന് ഓര്‍ക്കുക. സദസ്സില്‍ വേദിക്ക് ഏറ്റവും അടുത്ത് ഇരുന്നാണ് കഥകളി ആസ്വദിക്കേണ്ടത്.
മുദ്രകളുടെ തുടര്‍ച്ചയെ പിന്തുടരുന്നത് എങ്ങനെ?
ഇത് കളി കണ്ട് പരിചയം അഥവാ അരങ്ങ് പരിചയത്തില്‍ നിന്നും സിദ്ധിക്കുന്നതാണ്. പദാര്‍ത്ഥങ്ങളാണ് മുദ്രകള്‍. പദാര്‍ത്ഥാഭിനയത്തോടെയുള്ള വാക്യാര്‍ത്ഥാഭിനയമാണ് കഥകളിയില്‍. അപ്പോള്‍ പദം ശ്രദ്ധിച്ച് മുദ്രയും ശ്രദ്ധിക്കുക. പലതവണ തെറ്റിയാലും പതുക്കെ മനസ്സിലായി തുടങ്ങും.
പാട്ട് ആവര്‍ത്തിക്കുമ്പോള്‍ മുദ്രകളും ആവര്‍ത്തിക്കപ്പെടുമോ?
പട്ട് ആവര്‍ത്തിക്കുമ്പോള്‍ മുദ്രകള്‍ ആവര്‍ത്തിക്കണമെന്നില്ല. വാസ്തവത്തില്‍ ഈ ചോദ്യം ശരിയല്ല. മുദ്രകള്‍ കാണിച്ച് തീരത്തതുകൊണ്ടാണ് (മിക്കവാറും) പാട്ട് ആവര്‍ത്തിക്കപ്പെടുന്നത്. ചിലപ്പോള്‍ അത് ഒരു മുദ്രയാവില്ല, ഒരു രേഖാചിത്രം ആയിരിക്കും. ഉദാഹരണത്തിന് “ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും” എന്ന് പാടുമ്പോള്‍ നടന്‍ മേളവാദ്യഘോഷങ്ങളായി പഞ്ചവാദ്യം കൊട്ടുന്നത് കാണിക്കുകയാണെങ്കില്‍, ആദ്യം തിമില, പിന്നെ കുഴല്‍, ഇലത്താളം എന്നിങ്ങനെ അഞ്ച് വാദ്യങ്ങളും വായിക്കുന്നത് കാണിക്കാനായി സമയം എടുക്കുമല്ലോ. അപ്പോള്‍ ഈ വരികള്‍ ആവര്‍ത്തിക്കപ്പെടും. പതിഞ്ഞ കാലത്തിലുള്ള പദങ്ങളാണെങ്കില്‍ ഒരു മുദ്ര കാണിക്കുവാന്‍ തന്നെ സമയം എടുക്കും. ആസമയത്തും പാട്ട് ആവര്‍ത്തിക്കപ്പെടും. ഉദഹരണമായി “കുവലയ വിലോചനേ..(നളചരിതം രണ്ടാം ദിവസം)
പദങ്ങള്‍ പലവട്ടം ആവര്‍ത്തിച്ചു പാടുന്നതുപോലെ തന്നെ ചിലത് വളരെ കാലം താഴ്ത്തിയും, ചിലത് കാലം ഏറിയും കാണുന്നു. എന്തുകൊണ്ട്?
ഭാവാവിഷ്കരണത്തിന് പരമപ്രാധാന്യം നല്‍കുന്ന കലാരൂപമാണ് കഥകളി. കഥയിലെ ഓരോ
സന്ദര്‍ഭത്തിന്റെയും ഭാവപരമായ ഉള്ളടക്കത്തിനനുസരിച്ച് പദങ്ങള്‍ കാലം കയറ്റിയും, പതിച്ചും പാടുന്നു. ഒരു ഭാവത്തിന്റെ അങ്കുരം (തുടക്കം), വികാസം, പ്രത്യക്ഷം, നിര്‍വ്വഹണം എന്നിങ്ങനെ എല്ലാ ഘടകങ്ങളും വിസ്തരിച്ച് അഭിനയിക്കണമെങ്കില്‍ അതനുസരിച്ച് സമയം ആവശ്യമാണ്. അപ്രകാരമുള്ള വിസ്തരിച്ച ഭാവാവിഷ്കരണത്തിന കഥകളി കണ്ടുപിടിച്ച ഉപായം കാലം പതിയ്ക്കുക എന്നതാണ്. പതിഞ്ഞപദങ്ങളില്‍ ആണ് കാലം താഴ്ത്തിയുള്ള ആവിഷ്കരണത്തിന്റെ തികഞ്ഞ സൌന്ദര്യം കാണാനാവുക. പൊതുവേ ശൃംഗാരപദങ്ങളാണ് പതിഞ്ഞപദങ്ങളായി ഉള്ളതെങ്കിലും, കോട്ടയം കഥകള്‍, സുഭദ്രാഹരണം തുടങ്ങിയവയില്‍ മറ്റുഭാവങ്ങളിലൂന്നിയ മികച്ച പതിഞ്ഞപദങ്ങളും കാണാം. കാലം താഴ്ത്തുക എന്നു പറയുമ്പോള്‍, താളത്തിന്റെ വേഗത കുറയുക എന്നല്ല അര്‍ത്ഥം. മറിച്ച് താളത്തിന്നകത്തെ അവകാശം വര്‍ദ്ധിയ്ക്കുകയെന്നും, അതുകൊണ്ടുതന്നെ ഡീറ്റൈത്സ്ഹ കൂടുക എന്നുമാണ് അര്‍ത്ഥം. വേഗതയുടെ അടിസ്ഥാനഘടകമായ അക്ഷരത്തിന്റെ നീളത്തിന്ന് ഇവിടെ ഒന്നും സംഭവിയ്ക്കുന്നില്ല. എന്നാല്‍ ആ ഘടകത്തിന്റെ എണ്ണം കൂടുന്നതിന്നാല്‍ വേഗത കുറഞ്ഞതായി തോന്നുകയാണ് ചെയ്യുന്നത്. സാധാരണസംഭാഷണരംഗങ്ങളില്‍ പൊതുവേ മദ്ധ്യകാലവും, വീരം, രൌദ്രം എന്നിവയിലൂന്നിയ സംഭാഷണങ്ങള്‍ക്ക് പൊതുവേ ദ്രുതകാലവും ഉപയോഗിക്കുന്നു.
ഒരേ പോലെയുള്ള വേഷവിധാനങ്ങളായതിനാല്‍ കഥകളിയിലെ കഥാപാത്രങ്ങളെ എങ്ങനെ തിരിച്ചറിയാം?
കഥകളിയിലെ രൂപങ്ങള്‍ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ക്ഷേത്രകലകളില്‍ നിന്ന് ഉള്‍ക്കൊവണ്ടയാണ്. പ്രത്യേകിച്ചും കളം പാട്ട്, ക്ഷേത്ര ചുമര്‍ ചിത്രങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ. അത് കണ്ട് ശീലമുള്ള ഒരു ജനതക്ക് അത്യാവശ്യം കഥാപാത്രസ്വഭാവ ബോധവും കൂടെ ഉണ്ടങ്കില്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. അന്ന് കളിക്കുന്ന കഥകള്‍ കൂടെ അറിഞ്ഞിരുന്നാല്‍ നന്ന്. ഗായകര്‍ പാടുന്ന പാട്ട് ശ്രദ്ധിച്ചാലും മനസ്സിലാവാന്‍ എളുപ്പമാണ്.
0 Comments