ശ്രീചിത്രൻ എം. ജെ.

April 20, 2013

പെപ്‌സി‌കോ കമ്പനിയുടെ സെവൻ അപ് എന്ന ശീതളപാനീയത്തിന്റെ വീഡിയോപരസ്യത്തിൽ കഥകളിവേഷത്തിന്റെ ഉപയോഗം ഇപ്പോൾ വിവാദമായിരിയ്ക്കുന്നു. ഇതാ, അവസാനം കഥകളിയുടെ അഭിമാനസ്ഥാപനമായ കേരളകലാമണ്ഡലം പെപ്‌സി‌കോ കമ്പനിയുമായി കേസിനുപോകുന്നിടത്തെത്തിയിരിയ്ക്കുന്നു കാര്യങ്ങൾ.

ഈ പരസ്യവും അനുബന്ധസംഭവങ്ങളും മറ്റേതൊരു സാമൂഹികസംഭവത്തെയും പോലെത്തന്നെ ഒറ്റപ്പെട്ട ഒന്നല്ല. കേരളീയകലാസ്വാദകരുടെ ഭാവുകത്വപരിണാമം, അഭിരുചികളുടെയും അവയുടെ ഊന്നലുകളുടെയും സവിശേഷതകൾ – ഇങ്ങനെ അനേകം അടരുകൾ ഇക്കാര്യത്തിലുണ്ട്. വൈകാരികവേലിയേറ്റങ്ങൾക്കപ്പുറം, അവ കൂടി പരിഗണിച്ചുകൊണ്ടുള്ള ആശയവ്യക്തതയ്ക്കുള്ള ഒരു ശ്രമമാണിത്.

വിവാദമായ സെവൻ‌അപ് പരസ്യം വളരെ ഋജുവാണ്. ഒരു കഥകളിവേഷം ( പോലെ ഒന്ന് ) സെവൻ‌അപ്പിന്റെ ഒരു കുപ്പി കൊണ്ടുവന്ന് തെരുവിൽ നിൽക്കുന്ന ഒരു പെൺ‌കുട്ടിയ്ക്ക് കൊടുക്കുന്നു. പെൺ‌കുട്ടി അമ്പരന്നു നോക്കുമ്പോൾ ഒരു പാട്ടുപെട്ടി ഓൺചെയ്‌ത് കഥകളിവേഷം ഡപ്പാങ്കൂത്ത് രീതിയിലുള്ള നൃത്തച്ചുവടുകൾ ചവിട്ടുന്നു. അതിനനുയോജ്യമായ ഒരു ജിങ്ങ് ആണ് പാട്ടുപെട്ടിയിൽ നിന്നെന്നവണ്ണം കേൾക്കുന്നത്. പെൺ‌കുട്ടിയും ചുറ്റുമുള്ള തെരുവുകാഴ്ച്ചക്കാരും ചിരിയ്ക്കുന്നു. അവസാനം പെൺ‌കുട്ടിയെ കഥകളിവേഷം കൈകളിൽ വാരിയെടുക്കുന്നു. പെൺ‌കുട്ടി സെവൻ‌അപ് കുടിച്ചുനിൽക്കുന്നിടത്ത് പരസ്യവാചകം കേൾക്കാം.

സാധാരണ നവീനപരസ്യങ്ങളിൽ കാണുന്ന ധ്വന്യാത്മകതയോ, സമർത്ഥമായ ഇമേജറികളോ ഇതിലില്ല. സെവൻ‌അപ് എന്ന കോള കുടിയ്ക്കുന്നതിന്റെ ആനന്ദനൃത്തം ആയി  ഡെപ്പാങ്കൂത്ത് കളിയ്ക്കുന്ന കഥകളിക്കാരൻ, അതുകണ്ട് സന്തോഷിയ്ക്കുന്ന ഒരു പെൺ‌കുട്ടി, ആ ആനന്ദത്തിൽ കണ്ണിചേരുന്ന തെരുവ് – ഇത്രയുമാണ് ആകെ പരസ്യത്തിന്റെ ആവിഷ്കാരം. പരസ്യം വിവാദമായ സമയത്ത് പരാതിയുന്നയിച്ചവർക്കു പെപ്‌സി‌കോ നൽകിയ മറുപടിയിലും ‘ ഒരു കഥകളിനർത്തകന്റെ ആനന്ദാഘോഷം ‘ മാത്രമാണ് ചിത്രീകരിച്ചിരിയ്ക്കുന്നത് എന്നു വ്യക്തമാക്കിയിട്ടുണ്ട്. കഥകളിനർത്തകൻ ആനന്ദനൃത്തം എങ്ങനെ ചെയ്യണം, അഷ്ടകലാശം ആനന്ദനൃത്തമാണോ അല്ലയോ – എന്നിങ്ങനെയുള്ള എന്ന പഴയ  ഗ്രഹിതവിവാദമൊന്നും എന്തായാലും കോളക്കമ്പനിക്കാരും അവരുടെ പരസ്യവിഭാഗവും കേട്ടിരിയ്ക്കാൻ വഴിയില്ല. അവർക്ക് ആനന്ദനൃത്തം എന്തായാലും ആ പരസ്യത്തിലുള്ളതാണ്,  കഥകളിക്കാരനും ആനന്ദം വന്നാൽ അതേ കളിയ്ക്കാൻ വഴിയുള്ളൂ എന്നവർക്കുറപ്പാണു താനും. പക്ഷേ പ്രസ്തുതപരസ്യത്തിൽ അതുകളിയ്ക്കുവാൻ ഐപോഡിലോ മൊബൈലിലോ കേൾക്കുന്ന ഹൈടെക്ക് സംഗീതം പോര, പഴയമോഡലിൽ ഒരു പാട്ടുപെട്ടി ഓൺ‌ചെയ്യേണ്ടതുണ്ട്. നോർത്തിന്ത്യയിൽ സർവ്വസാധാരണമായ ഏതോ തെരുവുസർക്കസ് പോലെ ഒരു സംഭവമായി കഥകളിവേഷത്തിന്റെ ഡപ്പാങ്കൂത്തും കാണിയ്ക്കുന്നു. ഫ്ലാറ്റുകളുടെ ജനാലകളിലൂടെ തെരുവുസർക്കസ് മട്ടിൽ പലരും അതു കാണുന്നുമുണ്ട്.

എന്തായാലും പരസ്യം കണ്ടതോടെ കഥകളിയാസ്വാദകരുടെ ആത്മരോഷമുണർന്നു. ‘മഹത്തായ കല’ ‘നമ്മുടെ പൈതൃകം’ തുടങ്ങിയ വികാരങ്ങൾ അണപൊട്ടിയൊഴുകി. ഈ പരസ്യം ബാൻ ചെയ്യണമെന്ന് പോസ്റ്ററുകളുണ്ടാക്കി  സോഷ്യൽ നെറ്റ്‌വർക്ക് ഇടങ്ങളിലൂടെ പന്തം‌കൊളുത്തിപ്രകടനം നടത്തി. ‘ഇതോടെ നിർത്തി സെവൻ‌അപ് കുടി’ എന്നു ചിലർ സത്യപ്രതിജ്ഞയെടുത്തു. ഇതെല്ലാം കടന്ന് ചിലർ ഓർത്തുകളിച്ചോ സൂക്ഷിച്ചോ എന്ന മട്ടിൽ പെപ്‌സി‌കോ കമ്പനിയ്ക്കു മെയിൽ അയച്ചു പരാതിപ്പെട്ടു. അവസാനം കേരളകലാമണ്ഡലത്തിന്റെ അധികാരികൾ തന്നെ പെപ്‌സി‌കോ കമ്പനിയ്ക്കെതിരെ പോരിനുവിളിപ്പദം ആടിയിരിയ്ക്കുന്നു. കഥകളി, കേരളസം‌സ്‌കാരം എന്നിവയെ അപമാനിച്ചു, ആഭാസകരമായ നൃത്തച്ചുവടുകൾ ഉപയോഗിച്ചു എന്നിവയാണ് കലാമണ്ഡലമുന്നയിച്ചിരിയ്ക്കുന്ന ആരോപണങ്ങൾ എന്നാണ് പത്രവാർത്തയിലെ വിവരം. ആഭാസനൃത്തം എന്നൊന്നുണ്ട് എന്നു കലാമണ്ഡലം നിർവ്വചിച്ചത് എന്തായാലും നന്നായി. പത്നിയുടെ മുലക്കണ്ണ് തലോടിയിരിയ്ക്കുന്ന കമലദളത്തിലെ രാവണനേയും , ‘സ്മരനുടെ കളികളിലുരുസുഖമൊടു തവ പരവശതകൾ കാണ്മാൻ കൊതിപെരുകുന്ന’ ഭാനുമതിയേയും കണ്ടുശീലിച്ച കഥകളിഭ്രാന്തർക്കു പോലും ആഭാസമായോ അശ്ലീലമായോ തോന്നുന്ന ചിലത് ലോകത്ത് അവശേഷിയ്ക്കുന്നതും ഒരു ഭാഗ്യമാണ്.

ഒന്നു ചിന്തിയ്ക്കാം – ഏതാനും വർഷങ്ങൾ മുൻപു മുതലേ ചാക്യാർ‌കൂത്തിന്റെ ആഹാര്യമണിഞ്ഞുകൊണ്ട് ചില മിമിക്രിക്കാർ പലതരം പരിപാടികൾ അവതരിപ്പിയ്ക്കുകയുണ്ടായി. ഒരു ടി വി കോമഡി ഷോ തന്നെ, ഒരു മിമിക്രി കലാകാരൻ ചാക്യാർ വേഷമണിഞ്ഞുകൊണ്ടും ചാക്യാർ ഭാഷയുടെ പാരഡിയായും നിർവ്വഹിക്കപ്പെട്ടു. എന്തിന്, കേരളത്തിന്റെ പാരമ്പര്യമഹോത്സവമായ തൃശ്ശൂർ പൂരത്തിന്റെ ജനക്കൂട്ടത്തിനിടയിൽ, ചാക്യാർ വേഷവും കെട്ടി ഹാൻഡ് മൈക്കും പിടിച്ചുനടന്ന് നടന്ന് ആളുകളോട് അഭിപ്രായം ചോദിച്ച് വരെ ഷോകൾ നടന്നു. ആരുമുണ്ടായില്ല പ്രതിഷേധിയ്ക്കാൻ. ചാക്യാരുടെ കലാരൂപത്തിന്റെ അത്ര പൈതൃകവും പാരമ്പര്യവുമൊന്നുമില്ല കഥകളിയ്ക്ക്. പക്ഷേ ആർക്കും  ചോര തിളച്ചില്ല. മോഹിനിയാട്ടം വേഷത്തിൽ നോൺ‌സ്റ്റിക്ക് പാനിൽ നർത്തകി ദോശ ചുടുന്ന പരസ്യങ്ങൾ വരെ വന്നു. ആർക്കും കൂടുതലൊന്നും തോന്നിയില്ല. പക്ഷേ, കഥകളിവേഷത്തെ കോളക്കമ്പനി ഡപ്പാങ്കൂത്തുകളിപ്പിച്ചപ്പോൾ ഇതുവരെയില്ലാത്ത വികാരമുണർന്നു. എന്തുകൊണ്ട്?

ഈ പ്രതിഷേധവേലിയേറ്റത്തിലെ പ്രധാനകഥാപാത്രം കഥകളിയാണ്. ‘കഥകളിക്കാരോട് കളിയ്ക്കണ്ട’ . ‘കഥകളിയെ തൊട്ടുകളിച്ചാൽ’ എന്നൊക്കെ പലമട്ടാർന്ന വാചകങ്ങൾ ഫെയ്സ്ബുക്ക് കഥകളിഗ്രൂപ്പിൽ പോസ്റ്റായും കമന്റായും കാണാം. കഥകളി ഒരു പ്രത്യേക ‘സെൿട്’ ആയി കാണുന്ന മനോഘടനയാണ് ഈ പ്രതിഷേധങ്ങളുടെ കാതൽ. ഒരു സിമിറ്റിക്ക് മതഘടന ആർജ്ജിച്ച കഥകളിമൌലികവാദം ഈ വികാരപ്പെരുമഴയ്ക്കു പിന്നിൽ കാണാൻ വലിയ അകക്കണ്ണൊന്നും ആവശ്യമില്ല.

മറ്റു ഭാരതീയ തീയറ്റർ കലകളിൽ നിന്നു വിഭിന്നമായി, കഥകളിയുടെ കാഴ്ച്ചസംസ്കാരത്തിനുള്ള സവിശേഷവ്യക്തിത്വമാണ് ഈ അന്തരീക്ഷത്തെ നിർമ്മിച്ചെടുത്തത്. പ്രത്യേക അവസരങ്ങളിൽ മാത്രമുള്ള അനുഷ്ഠാനകലകളോ, സവിശേഷവേദികളിൽ നിശ്ചിതസമയം മാത്രം അവതരിപ്പിയ്ക്കുന്ന മറ്റു ക്ലാസിക്കൽ നൃത്തരൂപങ്ങളോ കാണാനുള്ള പ്രേക്ഷകരെപ്പോലെയല്ല കഥകളിയുടെ തീയറ്റർ പ്രേക്ഷകസമൂഹം. ഒരരങ്ങിൽ നിന്ന് മറ്റൊരരങ്ങിലേക്ക് സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്ന, ഒരേ കഥയും ഒരേ കലാകാരന്മാരും അവർത്തിച്ചാലും വീണ്ടും വീണ്ടുമുള്ള ആസ്വാദനാവർത്തനങ്ങളിൽ അഭിരമിയ്ക്കുന്ന ചെറുതല്ലാത്ത ആസ്വാദകസമൂഹം കഥകളിയ്ക്കുണ്ട്. ഇത് മറ്റൊരു ഭാരതീയക്ലാസിക്കൽ കലയിലും ഈയളവിൽ കാണാനാവുമെന്നു തോന്നുന്നില്ല. ഏതാണ്ട് ‘ഭാഗവതമേള’യ്ക്കാണ് സമാനമായൊരു ആവർത്തിതാസ്വാദനഭാവുകത്വം നിലവിലുണ്ടായിരുന്നത്; എന്നാൽ അതുതന്നെയും ചുരുക്കം ഗ്രാമങ്ങളിൽ ഒതുങ്ങിനിന്നു. കഥകളിയെപ്പോലെ വിശാലമായൊരു സംസ്കാരഭൂമികയിലാകമാനം ആസ്വാദകസമൂഹത്തെ സഞ്ചാരികളാക്കി മാറ്റിയ കലാരൂപം വേറെ കാണില്ല. ഈ ആസ്വാദനസമൂഹത്തിലെ വലിയൊരു പക്ഷം മറ്റു ഇന്ത്യൻ ക്ലാസിക്കൽ തീയറ്ററുകളോടു തന്നെയും പ്രതിപത്തിയുള്ളവരല്ല എന്നതും കാണേണ്ടതുണ്ട്. കഥകളിയാസ്വാദനശേഷിയ്ക്ക് അത്തരമൊരു പൊതുഭാവുകത്വനിർമ്മിതി അനിവാര്യമല്ല താനും.

കഥകളിയെ കഥകളിയ്ക്കുള്ളിൽ നിന്നു കൊണ്ടു തന്നെ മനസ്സമാധാനത്തോടെ കണ്ടാസ്വദിയ്ക്കാം. പൊതുകലാലോകവുമായി, മറ്റു കലാഘടനകളുമായി – ഒക്കെയുള്ള സമ്പർക്കം കഥകളിക്കാഴ്ച്ചയെ കൂടുതൽ സമ്പന്നമാക്കിയേക്കാം, എങ്കിലും അതൊരു അനിവാര്യതയല്ല. ഇത്തരമൊരു അകമേയുള്ള സ്വയം പര്യാപ്തത, ക്രമേണ ഒരു മൌലികവാദഘടനയായി ആസ്വാദനസമൂഹത്തെ മാറ്റിത്തീർക്കുകയാണുണ്ടായത്. ‘കഥകളിക്കമ്പം’, ‘കഥകളിഭ്രാന്ത്’ തുടങ്ങിയ സംജ്ഞകൾ ഈ പ്രത്യേകസമൂഹനിർമ്മിതിയെ പ്രതിനിധീകരിയ്ക്കുന്നുണ്ട്. ഭ്രാന്ത് എന്നതിനർത്ഥം പൊതുസമൂഹത്തിന്റെ മനോഘടനയിൽ നിന്നുള്ള വിടർച്ചയോ വ്യതിയാനമോ ആണല്ലോ. കഥകളിഭ്രാന്തും അപ്രകാരം തന്നെ.

പൊതുസമൂഹത്തിൽ നിന്ന് ഏതെങ്കിലും സവിശേഷകാരണങ്ങളാൽ പ്രാന്തവൽക്കരിക്കപ്പെട്ടവർക്കുള്ള അഭയാർത്ഥിക്യാമ്പ് ആയി പലപ്പോഴും ക്ലാസിക്കൽ‌കലാലാവണങ്ങൾ പ്രയോജനപ്പെടാറുണ്ട്. കഥകളി ഏറെക്കാലമായി അത്തരമൊരു സുരക്ഷിതലാവണമാണ്. ‘പഴയൊരില്ലം എന്നേ വിറ്റുപോയിട്ടും പുതിയൊരോട്ടോ വാങ്ങാൽ കൂട്ടാക്കാത്ത” അനേകം ഉണ്ണിക്കുട്ടന്മാർ, കഥകളിയുടെ അണിയറവരാന്തയിലും വിളക്കിൻ ചുവട്ടിലുമായി നിർവൃതിയടഞ്ഞു കഴിഞ്ഞുപോരുന്നുണ്ട്. നാലുകെട്ട് പൊളിഞ്ഞുപോയിട്ടും മനസ്സിലൊരു നാലുകെട്ടുകെട്ടി അതിന്റെ നടുമിറ്റത്തു ചാരുകസേലയിട്ടിരിയ്ക്കുന്ന ഇവർക്കു സിംഹാസനം ലഭിയ്ക്കുന്ന മറ്റിടങ്ങൾ ഇന്ന് അത്യപൂർവ്വമാണ്. സാഹിത്യത്തിന്റെ സമകാലലോകത്തു പ്രവേശം കിട്ടാത്ത ഇച്ഛാഭംഗം മറയ്ക്കാനെത്തുന്ന മലയാളം അദ്ധ്യാപകർ, ബുദ്ധിജീവിയാനുള്ള വ്യായാമമുറകൾ ഫലിയ്ക്കാത്ത നാണക്കേടുമായി വരുന്ന അക്കാദമീഷ്യന്മാർ, ഏതോ വംശനാശം വന്ന മാനവസമൂഹത്തിന്റെ മാറാലപിടിച്ച പ്രാകൃതഭാവുകത്വം ചെറുപ്പത്തിലേ ശീലിച്ചുപോയ ദുരന്തമനുഭവിയ്ക്കുന്ന ചില ചെറുപ്പക്കാർ,  കഥകളിയേ കാണാതെ കഥകളിയെപ്പറ്റിയെഴുതിയെഴുതി കണ്ണിൽ‌ദീനം വന്ന എഴുത്തുജീവികൾ, ഇടയ്ക്കു വെയിൽ‌കായാൻ കരയ്ക്കുവന്നുകിടക്കുന്ന മുതലകളെപ്പോലെ  വേറേതെങ്കിലും കലാലോകങ്ങളിൽ നിന്നു ബഹിഷ്കൃതരായി ഇടവേളയാസ്വദിയ്ക്കാൻ വരുന്നവർ, പെൻഷൻ പറ്റിയപ്പോൾ വാർദ്ധക്യകാലവിനോദമായി ഇനിയൽ‌പ്പം വൈയ്യാകരണനായേക്കാം എന്നു തീരുമാനിച്ചിറങ്ങിയവർ – ഇങ്ങനെ പലമട്ടാർന്ന പ്രാന്തവൽകൃതജനതതിയുടെ അഭയാർത്ഥിക്യാമ്പ് എന്ന നിലയിൽ കഥകളി കേരളത്തിന് വലിയൊരു പ്രയോജനമാണ് ചെയ്യുന്നത്. (കഥകളി കാണാൻ വരുന്നവരെല്ലാം ഈ ഗണത്തിൽ പെടുന്നെന്ന് അർത്ഥമാക്കുന്നതേയില്ല.)ഇവർക്കെല്ലാം പ്രതിഷേധിയ്ക്കാൻ പറ്റിയ നല്ലൊരു സ്ഥലം വീണുകിട്ടിയത് ഇപ്പോൾ കോളപ്പരസ്യരൂപത്തിലാണ്. നമ്മുടെ പൂർവ്വമഹത്വം, പൈതൃകം – ഇത്തരം തിരുശേഷിപ്പുകളിൽ തൊട്ടുകളിച്ചാൽ തിളയ്ക്കുന്ന, പ്രത്യേകതരം റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കപ്പെട്ട രക്തമെല്ലാം തിളച്ചുമറിയുന്നതിനു പറ്റിയ തക്കം.

ഈ പ്രതിഷേധം മുഴുവൻ അർത്ഥശൂന്യമെന്നോ, പൂർണ്ണമായും പ്രതിലോമകരമെന്നോ അല്ല അർത്ഥമാക്കുന്നത്. ഇപ്പോഴുയർന്ന ഈ പോരിനുവിളികളും യുദ്ധവട്ടങ്ങളും ഒരു ആകസ്മികതയല്ലെന്നും, സവിശേഷഭാവുകത്വപരിണിതിയുടെ സൃഷ്ടിയാണെന്നും വിലയിരുത്തപ്പെടേണ്ടതുണ്ട്. ഈ മൌലികവാദത്തെ കാണാതെ, കാളപെറ്റപ്പോൾ കയറെടുക്കുന്നതെന്തിനെന്നു മനസ്സിലാക്കാനാവില്ല. കോളക്കമ്പനിയെ, വിശേഷിച്ചും പെപ്‌സി‌കോ എന്ന അന്താരാഷ്ട്രഭീമനെ എതിർക്കാൻ ഇതിലും ഏറെ പ്രാധാന്യമർഹിയ്ക്കുന്ന കാരണങ്ങളുണ്ട്. മനുഷ്യന്റെ അടിസ്ഥാനാവശ്യവും അവകാശവുമായ ജലം ഊറ്റിവിൽക്കുന്ന ഒരു രാക്ഷസക്കമ്പനിയ്ക്കെതിരെ നടന്ന ജനകീയസമരങ്ങളിലോ പ്രതിഷേധങ്ങളിലോ ഒരിയ്ക്കലും വാക്കുകൊണ്ടു പോലും പങ്കാളികളാകാത്ത മാന്യമഹാസ്വാദകർ കഥകളിയെ തൊട്ടുകളിച്ചപ്പോൾ വികാരവിജൃംഭിതരാവുന്നതിലെ ഫലിതം ചെറുതല്ല. നമുക്ക് ഉന്മേഷമുണ്ടാവാൻ സെവൻ‌അപ് കുടിയ്ക്കണം എന്ന പരസ്യമനഃശാസ്ത്രവിൽ‌പ്പനയാണ് ചാനലുകൾക്കും സീരിയലുകൾക്കും ചിലവിനുകൊടുക്കുന്നത് എന്നതാണ് പ്രധാനം.

അരാണ് ചിലവിനുകൊടുക്കുന്നത് എന്നതൊരു പഴയ ഫ്യൂഡൽ ചോദ്യമാണ്. മുൻപ് ആരാണ് കഥകളിയ്ക്കു ചിലവിനു കൊടുക്കേണ്ടത് എന്ന ചോദ്യം പലവട്ടം ചോദിയ്ക്കപ്പെട്ടിട്ടുണ്ട്. ലോട്ടറിടിക്കറ്റുവിറ്റും പൊതുജനങ്ങളിൽ നിന്നു സമാഹരിച്ച തുക കൊണ്ടൊരു കലാസ്ഥാപനം തുടങ്ങി, അതിൽ ജനങ്ങൾ ചിലവിനുകൊടുക്കുന്ന അവസ്ഥ കഥകളിയ്ക്കുണ്ടാക്കും എന്ന വള്ളത്തോളിന്റെയും സഹപ്രവർത്തകരുടെയും ഇച്ഛാശക്തിയുടെ ഫലമാണ് കലാമണ്ഡലം. ഇന്ന് നമ്മുടെ സംസ്കാരത്തിന്, സംഗീതത്തിന്, രംഗകലകൾക്ക് – എല്ലാം ചിലവിനു കൊടുക്കുന്നത് മുതലാളിത്തമാണെന്നു വന്നിരിയ്ക്കുന്നു. ആ അർത്ഥത്തിൽ, നാമിന്നു ജീവിച്ചുകൊണ്ടിരിയ്ക്കുന്ന ലോകത്തിലെ പ്രധാനമതം വ്യാവസായികമതമാണ്. കവി പാടിയപോലെ ‘ഉലകിന്നുയിരായി ഒരൊറ്റമത’മുണ്ടായിരിയ്ക്കുന്നു. ഈ വ്യാവസായികമതം ലോകത്തെ മുഴുവൻ വലയം ചെയ്യുകയും നമ്മുടെ പുണ്യപാപങ്ങളെ നിശ്ചയിക്കുകയും നമ്മുടെ  പ്രാർത്ഥനയ്ക്കുള്ള കാരണങ്ങൾ കണ്ടെത്തുകയും നമ്മുടെ സന്തോഷം ഒരു മധുരവെള്ളം കുടിയ്ക്കുന്നതാണെന്നു പറഞ്ഞുതരികയും ചെയ്യുന്നു. സമൂഹത്തോടു പ്രതിസ്പന്ദിക്കുന്ന കലാസ്നേഹികൾ എന്ന നിലയിൽ ഏതുതരം കോളവിരുദ്ധപ്രതിരോധത്തിനും അർത്ഥവും പ്രാധാന്യവുമുണ്ടെന്നും കരുതുന്നു. പക്ഷേ, ഉപഭോഗസംസ്കൃതിയുടെ ജീർണ്ണതയ്ക്കു മറുപടി അതിലും ജീർണ്ണമായ മൌലികവാദമല്ല. പ്രകൃതിയിലെ ജൈവവൈവിദ്ധ്യം പോലെ നമ്മുടെ സംസ്കാരനിർമ്മിതികളിലും വൈവിദ്ധ്യമുണ്ടെന്നും, അവയുടെ തനിമകളൂടെ നിലനിൽ‌പ്പ് പ്രസക്തമാണെന്നും, അത്തരം കലാവൈവിദ്ധ്യങ്ങളുടെ ജനാധിപത്യഭൂമിയിൽ നിന്നാണ് കഥകളിയേയും കാണുന്നതെന്നും ചിന്തിയ്ക്കുന്ന ഒരാൾക്ക്, കോളക്കമ്പനിയോട് ഈ പരസ്യം കൊണ്ട് പ്രത്യേകിച്ചൊരു വിരോധവും തോന്നാനില്ല; താല്പര്യം പണ്ടേ ഇല്ലല്ലോ.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder