മത്തവിലാസം കഥകളി

സുരേഷ് കുമാർ ഇ.ബി/രേണുക വര്‍മ്മ/മോഹന്‍ കുമാര്‍ പി.

Monday, October 8, 2012

മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (കപാലി), കലാ. സോമന്‍ (ധനദാസന്‍), കുടമാളൂര്‍ മുരളീകൃഷ്ണന്‍(ദേവസോമ), ഫാക്റ്റ് മോഹനന്‍ (ഭ്രാന്തശിവന്‍) എന്നിവരായിരുന്നു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ഈ വേഷങ്ങല്‍ക്കെല്ലാം ആടാനുള്ള നാടകീയ സന്ദര്‍ഭങ്ങള്‍ രചയിതാവ് കഥയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കപാലിയുടെ വേഷവും മുഖത്തെഴുത്തും ഇത്തിരി കൂടുതല്‍ കറുത്ത്പോയോ (അതോ കടുത്തു പോയോ) എന്നൊരു ആശങ്ക തോന്നിപ്പോയി. പത്തിയുരും, രാജീവനും ആദ്യ അവതരണത്തിന്റെ ബുദ്ധിമുട്ടുകള്‍ സമര്‍ഥമായി മറികടന്നു. കലഭാരതി ഉണ്ണികൃഷ്ണന്‍, കലാനിലയം മനോജ്‌ എന്നിവരും ശ്രദ്ധേയരായി. ഒരു ചെറുപ്പക്കാരന്‍ നടത്തിയ ഈ പരിശ്രമം കൂടുതല്‍ ശ്രദ്ധിക്കപ്പെടും എന്ന് തോന്നുന്നു.

ഹംസധ്വനി പൂരിത വനതടം എന്ന് തുടങ്ങുന്ന ഹംസധ്വനിയിലുള്ള ആദ്യ പദം തന്നെ പത്തിയൂരും രാജീവനും ചേര്‍ന്ന് ശ്രദ്ധേയമാക്കി. ആദ്യ രണ്ട് രംഗങ്ങള്‍ തികഞ്ഞ കഥകളിത്തം നിറഞ്ഞവ തന്നെ ആയിരുന്നു. പിന്നീട് അങ്ങോട്ട് അല്‍‌പ്പം കഥകളിത്തം കുറഞ്ഞുവോ എന്ന് ശങ്കതോന്നി. കപാലിയുടെ ആഹാര്യത്തിലും വേണ്ട മാറ്റങ്ങള്‍ വരുത്താമെന്ന് തോന്നുന്നു. എന്നിരുന്നാലും കഥയുടെ ആദ്യ അരങ്ങ് എന്ന നിലയില്‍ വളരെ ശ്രദ്ധേയമായിരുന്നു ഇക്കഥ.  

മത്തവിലാസം കഥാസാരം:-

പല്ലവരാജാവായിരുന്ന മഹേന്ദ്രവര്‍മന്‍ (7-ആം നൂറ്റാണ്ട്‌) രചിച്ച മത്തവിലാസം പ്രഹസനമാണ് ഈ ആട്ട്ക്കഥയ്ക്ക് അടിസ്ഥാനം. കേരളത്തിലെ പല ക്ഷേത്രങ്ങളിലും സന്താനലബ്ധിക്കുള്ള വഴിപാടായി മത്തവിലാസം കൂത്ത് അവതരിപ്പിക്കുന്നുണ്ട്. ബൌദ്ധന്മാര്‍ തുടങ്ങി അക്കാലത്തെ പല ദര്‍ശനങ്ങളേയും വിമര്‍ശിക്കുന്ന രീതിയിലാണ് മൂലകഥ. എന്നാല്‍ കഥകളിയ്ക്ക് വഴങ്ങുന്ന രീതിയില്‍ മൂലകഥയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി, ചാക്യാന്മാരുടെ നിര്‍വഹണ ഭാഗങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് ഈ ആട്ടക്കഥ രചിച്ചിട്ടുള്ളത്.

കഥയാരംഭിക്കുന്നത് ഒരു ബ്രഹ്മചാരി തന്റെ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം ചമത ശേഖരിക്കുവാന്‍ ഒരു വനതടത്തില്‍ എത്തുന്നതോടെ ആണ്. അവിടെ അയാള്‍ പലതരത്തിലുള്ള കാഴ്ച്ചകള്‍ കാണുന്നു. അതിനുശേഷം ചമത തിരയുമ്പോള്‍ കൈയ്യെത്തുന്ന ഇടങ്ങളിലെങ്ങും കൊമ്പ് മുറിക്കുവാനില്ല. ബ്രഹ്മചാരി മരത്തില്‍ കയറുന്നത് ശാസ്ത്രവിരുദ്ധമാണ്. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ആ വഴിക്ക് സത്യസോമന്‍ എന്ന ആള്‍ വരുന്നു. അയാള്‍ ‘നിങ്ങളെ ഞാന്‍ സഹായിക്കാം’ എന്നു പറഞ്ഞ് ബ്രഹ്മചാരിയുടെ കയ്യില്‍ നിന്നും ആയുധവും വാങ്ങി മരത്തില്‍ കയറുന്നു.

അബദ്ധത്തില്‍ ആയുധം സത്യസോമന്റെ കയ്യില്‍ നിന്ന് താഴേയ്ക്ക് പതിച്ച് ബ്രഹ്മചാരി ദാരുണമായി കൊല്ലപ്പെടുന്നു. അതിഘോരമായ ബ്രഹ്മഹത്യാ പാപം സംഭവിച്ച സത്യസോമന്‍ തനിക്ക് പറ്റിയ തെറ്റിന് പരിഹാരമായി സ്വന്തം ജീവന്‍ തന്നെ അര്‍പ്പിക്കുവാന്‍ തീരുമാനിക്കുന്നു.

ബ്രഹ്മചാരിയുടെ ജീവനെടുത്ത അതേ ആയുധം കൊണ്ട് ആത്മഹത്യക്കൊരുങ്ങുമ്പോള്‍ ഒരു അശരീരി കേള്‍ക്കുന്നു. ‘അല്ലയോ സത്യസോമാ നീ ആത്മഹത്യ ചെയ്യേണ്ടതില്ല. ഈ ശവം സംസ്കരിക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് ശിവനെ ഭജിക്കുക. പാപപരിഹാരം അപ്പോള്‍ തെളിഞ്ഞ്കിട്ടും’.

അശരീരി അനുസരിച്ച് സത്യസോമന്‍ ബ്രഹ്മചാരിയുടെ ഉദകക്രിയകള്‍ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് പരമശിവനെ തപസ്സ് ചെയ്യുന്നു. തപസ്സിനൊടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് ‘നീ കപാലി ധര്‍മ്മം ആചരിച്ച്, ഞാന്‍ തരുന്ന ഈ വെള്ളിക്കപാലത്തില്‍ മദ്യഭിക്ഷ സ്വീകരിച്ച് മത്തനായി, ഭാര്യ ദേവസോമയോടൊപ്പ്പം ജീവിക്കുക. സമയമാകുമ്പോള്‍ ഞാന്‍ തന്നെ എത്തി നിങ്ങളെ കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാം’ എന്ന് വരം നല്‍കുന്നു.

അപ്രകാരം കപാലി ചുടലയില്‍ ജീവിച്ച്, ഭസ്മം പൂശി, യോഗസാധനയിലൂടെ സിദ്ധികള്‍ നേടി, ദുഷ്ടന്മാരുടെ ചെയ്തികള്‍ ഇല്ലാതാക്കി, തന്റെ സമാധ്യവസ്ഥകളെ മറച്ച് ജീവിക്കുന്നു. ഒരു ദിവസം കപാലി പത്നിയുമായി നൃത്തം ചെയ്ത് ക്ഷീണിച്ച്, കപാലത്തില്‍ മദ്യമില്ലാഞ്ഞ് ഭിക്ഷ വാങ്ങുവാന്‍ മദ്യശാലയിലേക്ക് പോകുന്നു.

പോകുന്ന വഴിയില്‍ ഒരു വിറകുവെട്ടി പാതയോരത്തിരുന്ന് കരയുന്നതായി കാണുന്നു. കാര്യം തിരക്കിയപ്പോള്‍ അയാള്‍ തന്റെ കദനകഥ പറയുന്നു. അയാളുടെ ഭാര്യ ധനദാസന്‍ എന്ന പ്രഭുവിന്റെ കൊട്ടാരത്തിലെ ജോലിക്കാരിയാണ്. മകളെപ്പോലെ കരുതിക്കൊള്ളാം എന്ന് പറഞ്ഞ് അവളെ അവിടെ നിര്‍ത്തിയിട്ട് ഇപ്പോള്‍ പുറത്തേക്ക് പോലും വിടാതെ നിരന്തരം പീഡിപ്പിക്കുകയാണ്. ഇത് ചോദിക്കുവാന്‍ ചെന്ന വിറക് വെട്ടിയെ ധനദാസന്‍ മര്‍ദ്ദിച്ചോടിച്ചു. പകല്‍ മാന്യനായ അയാള്‍ ഇപ്പോള്‍ മദ്യശാലയിലേക്ക് ആരും കാണാതെ പോകും. ധനദാസനെ താന്‍ തന്നെ ഒരു പാഠം പഠിപ്പിച്ച് കൊള്ളാം എന്ന് കപാലി വിറകുവെട്ടിയെ ആശ്വസിപ്പിക്കുന്നു.

അതില്‍ സന്തോഷിച്ച വിറകുവെട്ടി കുറച്ച് ഉണക്കയിറച്ചി കപാലിയ്ക്ക് സമ്മാനിക്കുന്നു. അതും കപാലത്തില്‍ വച്ച് കപാലി മദ്യശാലയിലെത്തുന്നു. ആരും കാണാതെ അവിടെയിരിക്കുന്ന ധനദാസന്റെ മദ്യം അപഹരിച്ച കപാലി അയാളുമായി യുദ്ധത്തിലേര്‍പ്പെടുന്നു. (ആധുനീക കാലത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും പ്രതിനിധിയാണ് ധനദാസന്‍. അയാളെ എതിര്‍ക്കുന്നതിലൂടെ പരോക്ഷമായി സമൂഹത്തിലെ ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ കപാലി ആഞ്ഞടിക്കുന്നു.)

ഒടുവില്‍ യോഗവിദ്യകള്‍ പ്രയോഗിച്ച് ധനദാസനെ വിരൂപനാക്കി അവിടെ നിന്ന് ഓടിച്ചശേഷം കപാലി തന്റെ കപാലം തിരയുമ്പോള്‍ അവിടെയെങ്ങും അത് കാണ്മാനില്ല. ശ്രീ പരമേശ്വരന്‍ തന്നെ കപാലം നഷ്ടപ്പെടുത്തുന്നത് തന്റെ മോക്ഷഭംഗത്തിന് കാരണമാകുമെന്ന് ഭയന്ന് കപാലി കപാലം അന്വേഷിച്ച് ഇറങ്ങുന്നു.

ഈ സമയം ഭഗവാന്‍ പരമേശ്വരന്‍ കപാലിയുടെ മോക്ഷകാലമായി എന്ന് തീരുമാനിച്ച് ഒരു ഭ്രാന്തന്റെ രൂപത്തില്‍ (കാട്ടാളവേഷം) ഭൂമിയിലേക്ക് വരുന്നു. കപാലിയുടെ കപാലം ഒരു നായ കടിച്ചെടുത്തുകൊണ്ട് ഓടുന്നത് ഭ്രാന്തന്‍ ശിവന്‍ കാണുന്നു. ശ്വാനറ്റെ പുറകെ കുറെ കാക്കകളും വട്ടം കൂടിയിട്ടുണ്ട്. നായ കാക്കകളെ ഓടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഭ്രാന്തശിവന്‍ കപാലം കൈക്കലാക്കുന്നു.

കപാലം തിരക്കി നടക്കുന്ന കപാലി അത് ഒരു ഭ്രാന്തന്റെ കയ്യില്‍ ഇരിക്കുന്നത് കാണുന്നു. ഭ്രാന്തന്റെ കയ്യില്‍ നിന്നും കപാലം വാങ്ങിക്കുവാന്‍ കപാലി പരമാവധി ശ്രമിക്കുന്നു. പരസ്പരമുള്ള യോഗസിദ്ധികളുടെ മത്സരത്തിനൊടുവില്‍  കപാലി ശൂലം പ്രയോഗിക്കുവാന്‍ തുടങ്ങുമ്പോള്‍ അത് നിലത്ത് നിന്നും അനക്കുവാന്‍ പോലും സാധിക്കുന്നില്ല.

പെട്ടെന്ന് ദിഗന്തങ്ങളോളം വളര്‍ന്ന് ഭ്രാന്തന്‍ തന്റെ പുരികക്കൊടി ഒന്ന് ചലിപ്പിച്ചപ്പോള്‍ പ്രപഞ്ചത്തിലെ സകലചലനങ്ങളും നിലയ്ക്കുന്നു. പുരികക്കൊടിയുടെ അടുത്ത ചലനത്തില്‍ എല്ലാം പഴയപടി ആകുന്നു. ഈ കാഴ്ച്ച കണ്ട്ം ഭ്രാന്തന്‍ നിസ്സാരനല്ല എന്ന് മനസ്സിലാക്കിയ കപാലിയുടെ സമീപത്തേയ്ക്ക് ദേവസോമ ഓടി വരുന്നു. തനിക്ക് പാര്‍വ്വതി ദേവിയുടെ ദര്‍ശനമുണ്ടായെന്നും ഈ ഭ്രാന്തന്‍ ശ്രീപരമേശ്വരനാണെന്നും ദേവസോമ കപാലിയെ അറിയിക്കുന്നു. രണ്ടുപേരും കൂടെ ശിവനെസ്തുതിയ്ക്കുന്നു. സന്തുഷ്ടനായ പരമശിവന്‍ കപാലിയുടെ പാപങ്ങളെല്ലാം അവസാനിച്ചു എന്നും രണ്ടുപേരും എന്നോടൊപ്പം കൈലാസത്തിലേക്ക് പോരൂ എന്നും അറിയിച്ച് അവരേയും കൂട്ടി കൈലാസത്തിലേക്ക് മടങ്ങുന്നതോടെ കഥ അവസാനിയ്ക്കുന്നു.

Similar Posts

  • അരങ്ങേറ്റം

    നന്ദകുമാർ ചെറമംഗലത്ത് June 4, 2011 കഥകളി അതിസങ്കീര്‍ണവും കഠിനവുമെന്ന വാദം നിരത്തി ദുരെ മാറി നില്‍ക്കുന്നവര്‍ക്ക്‌ അരങ്ങത്തേയ്ക്ക്‌ ഒന്നെത്തിനോക്കാനെങ്കിലും പ്രചോദനമാവട്ടെ എന്ന സദുദേശത്തിന്റെ പരിണാമ ഫലമാണ്‌ ഈ അരങ്ങേറ്റം. അതിപ്രഗല്‍ഭരായ പലരും തങ്ങളുടെ രചനകളിലൂടെ ഉല്‍ഘോഷിച്ചത്‌ വായിക്കാന്‍ തെല്ലും സമയം ലഭിക്കാത്ത ഏതെങ്കിലും ഒരു ‘കളിഅരസികന്‍’ ഇതുവായിച്ച്‌ കളികാണാന്‍ താല്‍പര്യപ്പെടുമെന്ന ആത്യാഗ്രഹവും ഇല്ലാതില്ല. ‘കഥ’യും ‘കളി’യും ഇഴപിരിയാതെ കിടക്കുന്ന കഥകളിയിലെ കഥകള്‍ ഏതൊരു മലയാളിക്കും സുപരിതങ്ങളാവേണ്ടതാണ്‌. ഇനി ‘കാല വിഷമം കൊണ്ട’ു‍ അത്‌ സാധിക്കാത്തവര്‍ കഥയറിഞ്ഞ്‌…

  • തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും

    സുനിൽ April 9, 2012  എന്താണ് കഥകളി? തികച്ചും വ്യക്തിപരമായ ചോദ്യം. കുറഞ്ഞത് പത്ത് കളിയെങ്കിലും കണ്ടതിനുശേഷം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്. വിവിധ തലങ്ങളില്‍/നിലവാരങ്ങളില്‍ ആസ്വദിക്കാവുന്ന ബഹുമുഖമാര്‍ന്നയ ഒരു കലാരൂപമാണിത്. കഥകളി ഒരേ…

  • എഴുപതുകളിലെ ഒരു കളിസ്മരണ

    വി. പി. നാരായണൻ നമ്പൂതിരി June 17, 2012 വർഷം 1975-76 ആണെന്നാണ്‌ ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ്‌ ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ…

  • എനിക്കു പ്രിയപ്പെട്ട വേഷം

    വാഴേങ്കട കുഞ്ചു നായർ December 25, 2012  പുരാണേതിഹാസാദികഥകളിൽ, അഥവാ കഥകളിയിൽ, പലപല കഥാനായകന്മാരും നായികമാരുമുണ്ട്. എന്നാൽ അതാതു കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ബോധം മനസ്സിലുദിക്കുന്നതോടു കൂടി നമ്മളിൽ പലർക്കും അവരവരുടെ ആസ്വാദനരീതിയനുസരിച്ച് ചിലചില കഥാപാത്രങ്ങളോട് എന്തോ ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിത്തീരുന്നത് സാധാരണയാണ്‌. അക്കൂട്ടത്തിൽ കുട്ടിക്കാലം മുതല്ക്കേ എന്റെ പ്രത്യേക പ്രതിപത്തിയ്ക്ക് പാത്രീഭവിച്ച ഒരു കഥാപാത്രമാണ്‌ നിഷധേശ്വരനായ നളമഹരാജാവ്‌. അതിൽ പ്രത്യേകിച്ചും കാർക്കോടക ദംശനത്താൽ സ്വബോധം (സുബോധം) ഉദിച്ച ശേഷം വീണ്ടും തന്റെ ജീവിതേശ്വരിയോട് ചേരുന്നതു വരെയുള്ള കാലഘട്ടം…

  • ഹംസേ സുവർണ്ണ സുഷമേ…

    ഹേമാമോദസമാ – 16 ഡോ. ഏവൂർ മോഹൻദാസ് July 20, 2014 നളചരിതം ആട്ടക്കഥയിലെ മനുഷ്യരല്ലാത്ത, എന്നാൽ മനുഷ്യരെപ്പോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രണ്ടു ജന്തു കഥാപാത്രങ്ങളാണ് ഹംസവും കാർക്കോടകനും. ഇതിൽ ഹൃദയാവർജ്ജകമായ അരങ്ങവതരണ സാദ്ധ്യതകൾ കൊണ്ടും ആലാപന സുഭഗവും സാഹിത്യസമ്പുഷ്ട്ടവുമായ പദസഞ്ചയങ്ങൾ കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ലബ്ദപ്രതിഷ്ഠ നേടിയിട്ടുള്ള ജീവസ്സുറ്റ  കഥാപാത്രമാണ് സൌവർണ്ണ ഹംസം. മഹാഭാരതം വനപർവത്തിലെ ‘നളോപാഖ്യാന’ത്തിൽ ‘ഹംസദമയന്തീസംവാദ’മെന്ന ഹൃസ്വമായ അദ്ധ്യായത്തിൽ ഏതാനും വരികളിലായി അവതരിപ്പിക്കപ്പെടുന്ന തരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രം മാത്രമാണ്…

  • |

    രാഗം കൊണ്ട് കഥാപാത്രമാവുന്ന അത്ഭുതം

    വെണ്മണി ഹരിദാസ് സ്മരണ – 5(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കലാമണ്ഡലം ബാബു നമ്പൂതിരി July 14, 2017 നമുക്ക് ജീവിതത്തിലുണ്ടാവുന്ന സ്നേഹം, ദേഷ്യം ഇങ്ങനെയൊക്കെയുള്ള വികാരങ്ങൾ, അല്ലെങ്കിൽ ദേഷ്യത്തോടെ ‘എടാ’ എന്നൊരാളെ വിളിക്കുന്നത്, വാത്സല്യത്തോടെ ‘മോനെ’ എന്നു വിളിക്കുന്നത്, അതൊക്കെ ഈ കഥകളിപ്പാട്ടിലൂടെ വളരെ നിസ്സാരമായിട്ട് അദ്ദേഹം ചെയ്യുന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മൾ സംസാരിക്കുന്നതു പോലെ അനായാസമായി പാടാൻ കഴിയുന്ന ഒരു മഹത് വ്യക്തിയാണ് അദ്ദേഹം. ഹരിദാസേട്ടന്റെ കൂടെ ഞാൻ ആദ്യം പാടുന്നത് ഉത്തരാസ്വയംവരത്തിലെ ‘മാനവേന്ദ്രകുമാര പാലയ’…

മറുപടി രേഖപ്പെടുത്തുക