ഹേമാമോദസമാ – 12

ഡോ. ഏവൂർ മോഹൻദാസ്

May 16, 2013 

ആനന്ദദായകമായ ഒരു കഥകളിയാണ്‌ നളചരിതം എന്നതിന്‌ രണ്ടു പക്ഷമില്ലെങ്കിലും ഇക്കഥയുടെ കഥകളിത്തത്തെ ചൊല്ലി ഏറെ ശബ്ദകോലാഹലങ്ങൾ ഈ നാട്ടിലുണ്ടായിട്ടുണ്ട്‌. നളചരിതം ആട്ടക്കഥ കഥകളിക്കു ഒട്ടും തന്നെ അനുയോജ്യമല്ലെന്ന്‌ ഒരു പക്ഷം വാദിക്കുമ്പോൾ അത്‌ ശെരിയല്ല, ഇക്കഥ കഥകളിക്കു തികച്ചും അനുയോജ്യമാണെന്നു മറുപക്ഷം വാദിക്കുന്നു. ഈ വിഷയത്തിലേക്കൊന്നു കടന്നു ചെല്ലാം.

2007 ലെ ‘ഏവൂർ നളചരിതോത്സവ’ സെമിനാറിൽ പങ്കെടുത്തുകൊണ്ട്‌ കലാമണ്ഡലം പബ്ലിസിറ്റി ഓഫീസർ ശ്രീ. വി. കലാധരൻ, നളചരിതം എന്തുകൊണ്ട്‌ ശെരിയായ ഒരു കഥകളിയാകുന്നില്ലെന്നു സമർഥിക്കാൻ ശ്രമിച്ചു. നാട്യശാസ്ത്രങ്ങളെ ഉദ്ധരിച്ചു കൊണ്ടും കോട്ടയം കഥകളോട്‌ ഉപമിച്ചുകൊണ്ടും കഥകളി നിഷ്ക്കർഷിക്കുന്ന സ്ഥായീഭാവം നിലനിർത്താൻ നളചരിതപദഘടനക്ക്‌ സാധിക്കുന്നില്ലെന്നും ആയതിനാൽ നളചരിതം ആട്ടക്കഥയെ ഉത്തമ കഥകളിസാഹിത്യമായി കരുതാൻ കഴിയില്ല എന്നും അദ്ദേഹംപറഞ്ഞു. ഇതേ തുടർന്ന്‌ സംസാരിച്ച ആലപ്പുഴക്കാരനായ കഥകളിപണ്ഡിതൻ ശ്രീ. കളർകോട്‌ മുരളി, നളചരിതത്തിലെ പല പദങ്ങളും കോട്ടയം കഥകളിലേതുപോലെ കഥകളിത്തപരമല്ലെന്നും നളചരിതത്തിലെ പല പദങ്ങളും അഭിനയിച്ചു ഫലിപ്പിക്കാൻ വിഷമമുള്ളതാണെന്നും നടന്മാർ എങ്ങിനെയൊക്കെയോ ഇതൊക്കെ ആടിപ്പോകുന്നേയുള്ളൂ എന്നും അഭിപ്രായപ്പെട്ടു. ഉദാഹരണമായി അദ്ദേഹം നളചരിതം നാലിലെ ‘ഉചിതം രുചിരം ദയിതം ഭജതം’ എന്ന പദവും മറ്റു ചില പദങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇങ്ങെനെയൊക്കെയാണെങ്കിലും നളചരിതം കഥകളി എന്തോ ഒരു അവാച്യാനുഭൂതി നല്കുന്നു എന്ന സത്യം മറക്കാവതല്ല എന്നും അദ്ദേഹം കൂട്ടിചേർത്തു. ‘നളചരിത സാഹിത്യവും ശില്പ്പസൗന്ദര്യവും’ എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കാനായി വേദിയിലിരുന്ന അടുത്ത പ്രഭാഷകനായ എനിക്ക്‌ ഇപ്പറഞ്ഞതിന്റെയൊന്നും പൊരുൾ അത്ര മനസ്സിലായില്ല. നളചരിതം കഥകളി പലവട്ടം കണ്ടിട്ടുള്ള എനിക്ക്‌, എന്റെ കഥകളിയുടെ സാങ്കേതിക വിഷയത്തിലുള്ള പരിജ്ഞാനക്കുറവുകൊണ്ടാകാം, ഇങ്ങനെയൊന്നും തോന്നിയിരുന്നില്ല. ഒരു സൌന്ദര്യാരാധകൻ ഒരു റോസാപുഷ്പ്പത്തെ കണ്ടാസ്വദിക്കുംപോലെ നളചരിതം കണ്ടാസ്വദിച്ചിരുന്നതിനാലാകാം എനിക്കിപ്പറഞ്ഞ ന്യുനതകൾ ഒന്നും മനസ്സിലാകാതിരുന്നത്‌. അത്‌ കൊണ്ടുതന്നെ ഒരു സസ്യശാസ്ത്രജ്ഞൻ ഗവേഷണ ബുദ്ധിയോടെ ഒരു പുഷ്പ്പത്തെ കീറി മുറിച്ചു അതിന്റെ ദളങ്ങളും നാളങ്ങളും പരാഗവും എല്ലാം വേറെ വേറെയാക്കി അതൊരു പുഷ്പമല്ല എന്ന്‌ സ്ഥാപിക്കാൻ ശ്രമിക്കുമ്പോലെയാണ്‌ ഈ രണ്ടു പണ്ഡിതന്മാരുടെയും നളചരിത വിശകലനങ്ങൾ എനിക്കനുഭവപ്പെട്ടത്‌.. .ഈ അഭിപ്രായം അടുത്തിരുന്ന ചില സുഹൃത്തക്കളോട്‌ അപ്പോൾ തന്നെ ഞാൻ പറയുകയും ചെയ്തു. ഏതായാലും എന്റെ പരിമിതമായ അറിവുകൾ വെച്ചുകൊണ്ട്‌ നളചരിതം കഥകളി എന്തുകൊണ്ട്‌ സഹൃദയാനന്ദകരമാണെന്നു സ്ഥാപിച്ചു ഞാൻ വേദി വിട്ടു.

ഈ സംഭവത്തിനു ശേഷം 2008ൽ ഇൻറർനെറ്റ്‌ ബ്ലോഗ്‌ കഥകളി ചർച്ചകളിൽ പങ്കെടുക്കുമ്പോൾ എനിക്ക്‌ മറ്റൊന്ന്‌ കൂടി മനസ്സിലായി. മുകളിൽ പരാമർശിച്ച വിധത്തിലുള്ള സാഹിത്യപരവും കഥകളിപരവുമായ പോരായ്മകൾക്കും മേലേ, നളച രിതത്തിനു എന്തോ ഒരു അയിത്തം കുറച്ചു പേരെങ്കിലും കല്പ്പിക്കുന്നുണ്ട്‌, നളചരിതത്തിനു കുറെ ശത്രുക്കൾ ഉണ്ട്‌. കഥകളിയുടെ എല്ലാച്ചിട്ടകളിലും പ്രാവീണ്യനായ കലാമണ്ഡലം കൃഷ്ണൻ നായരാശാൻ അഭിനയിക്കുമ്പോൾ പോലും നളചരിതത്തിനു കഥകളിത്തഭംഗി ഉണ്ടാകുന്നില്ലെന്നും എന്നാൽ കല്ലുവഴിച്ചിട്ടയിൽ കലാമണ്ഡലം ഗോപിയും കോട്ടക്കൽ ശിവരാമനും അവതരിപ്പിക്കുമ്പോൾ നളചരിതം ഗംഭീരമാകുന്നുണ്ടെന്നും പലർക്കും അഭിപ്രായമുള്ളതായി ഈ ചർച്ചകളിൽ നിന്നും എനിക്ക്‌ മനസ്സിലായി. അതായത്‌ നളചരിതത്തിനു ശോഭ കുറയുന്നത്‌ അതിന്റെ സാഹിത്യദോഷം കൊണ്ടൊന്നുമല്ല, അവതരണത്തിലുള്ള വൈദഗ്ധ്യക്കുറവൊന്നുകൊണ്ട്‌ മാത്രമത്രേ. നളചരിതം കഥകളി ലോകത്തിനു സമർപ്പിച്ച കലാകോവിദന്മാരായ തെക്കൻകഥകളി ആചാര്യന്മാർക്കോ കലാസാർവഭൌമനായ കലാമണ്ഡലം കൃഷ്ണൻ നായർക്കോ ഇല്ലാതിരുന്ന ഈ വൈദഗ്ദ്ധ്യം കല്ലുവഴിച്ചിട്ടയിൽ കൂടി കലാമണ്ഡലം ഗോപിയും കോട്ടക്കൽ ശിവരാമനും പ്രകടിപ്പിക്കുമ്പോൾ നളചരിതം കാണാൻ കൊള്ളാവുന്ന ഒരു കഥകളിയായി പരിണമിക്കുന്നുണ്ടത്രെ!

ഈ രണ്ടു സംഭവങ്ങളും എന്നെ വല്ലാത്ത ചിന്താക്കുഴപ്പത്തിലാക്കി. കോട്ടയം കഥകളിലെ കഥകളിത്തമുള്ളൂ എങ്കിൽ പിന്നെ ഞാൻ കണ്ടിട്ടുള്ള നളചരിതം ഉൾപ്പെടെയുള്ള പല കഥകളും കഥകളിയല്ലേ? കല്ലുവഴിച്ചിട്ടയിൽ കളിക്കുന്ന കളികളെ കഥകളിയാകുന്നുള്ളൂ എങ്കിൽ ഈ തെക്കൻചിട്ട എന്ന്‌ പറയുന്നതിന്റെ സാംഗത്യം എന്താണ്‌? ഈ സംഭവങ്ങൾക്ക്‌ ഏതാണ്ട്‌ എട്ടു വർഷങ്ങൾക്കു മുൻപ്‌ വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ്‌ കാര്യദർശി ശ്രീ. രാജ്‌ ആനന്ദ്‌ ‘ചരിത്രം ഏറ്റു വാങ്ങിയ സൂര്യ തേജസ്‌’ എന്ന തലക്കെട്ടിൽ ഇരുപതാം നൂറ്റാണ്ടിലെ കഥകളിയുടെ ചരിത്രം ‘മലയാളം’ വാരികയിൽ എഴുതിയിരുന്നതും അതിനു അന്ന്‌ ഞാൻ മറുപടി നല്കിയിരുന്നതും അപ്പോൾ ഓർമ്മയിൽ വന്നു. തെക്കൻകഥകളി രംഗത്തിൽ ഗുരു ചെങ്ങന്നൂർ രാമൻപിള്ള എന്നൊരു നടനുണ്ടെന്നതൊഴിച്ചാൽ ഇരുപതാം നൂറ്റാണ്ടിലെ കഥകളിചരിത്രത്തിൽ തെക്കൻ കേരളത്തിനു വലിയ പങ്കൊന്നും ഇല്ലെന്നു തോന്നും വണ്ണം എഴുതിയിരുന്ന ആ ലേഖനത്തിൽ ‘കല്ലുവഴിച്ചിട്ടയുടെ കാന്തികശക്തിയുമായി വന്ന കൃഷ്ണൻ നായരാണ്‌ തെക്ക്‌ ചെങ്ങന്നൂർ രാമൻപിള്ളയും മാങ്കുളവും കുടമാളൂരും ചമ്പക്കുളവും നിറഞ്ഞു നിന്ന അരങ്ങുകളിൽ ചലനം സൃഷ്ട്ടിച്ചതെന്നു’ എഴുതിയിരുന്നു. അതായത്‌ തെക്കൻ കഥകളി അരങ്ങുകൾ കൃഷ്ണൻ നായർ എത്തുന്നതിനു മുൻപ്‌ നിർജജീവമായിരുന്നു! കേരളത്തിൽ (ലോകത്തിലെന്നും വായിക്കാം) ഒരു വർഷം നടക്കുന്ന കഥകളിയിൽ (90 കളിൽ) തൊണ്ണൂറു ശതമാനത്തിൽ കുറയാതെ നളചരിതവും അതുപോലെ തെക്കൻ കഥകളിരംഗം വികസിപ്പിച്ചെടുത്ത മറ്റു കഥകളുമാണ്‌ കളിച്ചിരുന്നതെന്ന്‌ കണ്ടപ്പോൾ ഇവരൊന്നും പറയുന്നതല്ല പ്രേക്ഷകാഭിപ്രായം എന്ന്‌ എനിക്ക്‌ തോന്നി. എവിടെയോ എന്തോ ഒരു പിശകുള്ളതുപോലെ. ഞാൻ ഒരു ചോദ്യം എന്നോടു
ചോദിച്ചു; കഥകളിയിലും രാഷ്ട്രീയം ഉണ്ടോ? ഇതന്വേഷിച്ചറിയേണ്ടുന്ന ഒരു കാര്യമാണെന്നെനിക്ക്‌ തോന്നി. അങ്ങിനെയാണ്‌ കഥകളിയുമായി വലിയ ബന്ധമൊന്നുമില്ലാത്ത എന്റെ ശ്രദ്ധ ആദ്യമായി ഈ വിഷയത്തിലേക്ക്‌ തിരിഞ്ഞത്‌ (പിൽക്കാലത്ത്‌ പ്രൊഫ. പന്മന രാമചന്ദ്രൻ നായരുടെ ‘കൈരളീ വ്യാഖ്യാനം’ വായിച്ചപ്പോൾ എന്റെ ചിന്ത അത്രകണ്ട്‌ അസ്ഥാനത്തായിരുന്നില്ല എന്നും മനസ്സിലായി).

ദേശമംഗലം രാമവാര്യരുടെ ‘നളചരിതം ആട്ടക്കഥ’ യാണ്‌ എന്റെ കയ്യിൽ ആദ്യം കിട്ടിയ പുസ്തകം.ശ്രീ കുട്ടിക്കൃഷ്ണമാരാരാണ്‌ അവതാരിക എഴുതിയിരിക്കുന്നത്‌. ‘മിളിതം പദയുഗളെ മാർഗ്ഗിതയാ ലതയാ’ (തേടിയ വള്ളി കാലിൽ ചുറ്റി) എന്നപോലെയാണ്‌ എനിക്കനുഭവപ്പെട്ടത്‌.. ഒരു നളചരിതപ്രേമിയായിരുന്നു മാരാർ എന്നെനിക്കു മനസ്സിലായി. നളചരിതത്തെ ഏറ്റവും കൂടുതൽ പഠിക്കയും സ്നേഹിക്കയും ചെയ്ത മലയാള ഭാഷാപണ്ഡിതനായിരുന്നു അദ്ദേഹമെന്ന്‌ പിന്നീടെനിക്ക്‌ മനസ്സിലായി. 1955ൽ പ്രസ്തുത അവതാരിക എഴുതുന്നതുവരെ നളചരിതത്തിനെതിരെ എയ്ത എല്ലാ ശരങ്ങളെയും ഖണ്ഡിച്ച കൃതഹസ്തനായ ഫൽഗുനൻ! കഥകളിത്തത്തിൽ കോട്ടയം കഥകൾക്ക്‌ താഴെയാണ്‌ നളചരിതം എന്ന വാദത്തിനു അദ്ദേഹം നൽകിയ മറുപടി ഇങ്ങിനെയാണ്‌.

” ——- കഥകളി പ്രസ്ഥാനത്തിന്റെ ആരംഭദശയിലുണ്ടായ ആ രണ്ടു കൂട്ടം ആട്ടക്കഥകൾക്കും (കൊട്ടാരക്കരക്കഥകളും കോട്ടയംകഥകളും) സാഹിത്യ ദൃഷ്ട്യാ പറയത്തക്ക മേന്മയൊന്നുമില്ല. കോട്ടയം കഥകളെക്കുറിച്ച്‌ മറിച്ചോരഭിപ്രായം കേൾക്കാമെങ്കിലും, അത്‌ ആ തമ്പുരാന്റെ വ്യാകരണപാണ്ഡിത്യവും ശബ്ദപ്രൗഡിയും കണ്ടിട്ട്‌ അദ്ദേഹത്തിന്റെ പ്രജകളായ ശാബ്ദികന്മാർക്കുണ്ടായ ഹർഷോദ്രേകത്തിന്റെ നുരക്കട്ട മാത്രമാണ്‌. ആ രണ്ടു തമ്പുരാക്കന്മാരും കഥകളിക്കു ഉപയോഗിക്കത്തക്കവണ്ണം ഇതിഹാസവിഷയകങ്ങളായ കുറെ ശ്ലോകങ്ങളും പദങ്ങളും രചിച്ചു നടപ്പാക്കി എന്നത്‌ മാത്രമാണ്‌ വാസ്തവം. ആ വിധം അന്ന്‌ ഏതാണ്ടൊരു അസംസ്കൃത രൂപത്തിൽ നടന്നു വന്നിരുന്ന കഥകളിയെ, എല്ലാവിധത്തിലും നാടകീയമായ പരിപൂർണ്ണതയിലെത്തിപ്പാനുദ്ദേശിച്ചാണ്‌ ഉണ്ണായിവാരിയർ നളചരിതം രചിച്ചതെന്ന്‌ ഏതു വഴിക്ക്‌ നോക്കുമ്പോഴും കാണാം——-ഇതിൻ വിധം, ഇതിലെ സംഗീതരചനയിലും നൃത്തവിധാനോപദനിബന്ധനത്തിലും കവി അനന്യസാമാന്യമായ വൈദഗ്ധ്യ വിശേഷങ്ങളെ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നു തദഭിജ്ഞന്മാർ പറയുന്നു. ഇത്‌ പാടിക്കേൾക്കുമ്പോഴും ആടിക്കാണുമ്പോഴും അസാധാരണമായ ഒരു ഹൃദയസ്പർശിത അനുഭവപ്പെടാറുണ്ട്‌.——–ഞാൻ കേരളകലാമണ്ഡലത്തിൽ അദ്ധ്യാപകനായിരുന്ന കാലത്ത്‌ പലപ്പോഴും പറയാറുണ്ടായിരുന്നു, എനിക്കൊരു കലാമണ്ഡലം തുടങ്ങാനിടയായാൽ ഞാൻ ആദ്യം ചെയ്യുക, നളചരിതം നാല്‌ ദിവസത്തെ കഥയും വെടിപ്പായി, തുടർച്ചയായി അഭിനയിക്കുന്ന ഒരു നാട്യസംഘത്തെ എർപ്പെടുത്തുകയായിരിക്കുമെന്ന്‌. നമ്മുടെ ശ്രേഷ്ഠമായ കഥകളിയുടെയും നളചരിതത്തിന്റെയും മഹത്വങ്ങളെ ഒന്നിച്ചു ചേർത്തു കാണിക്കുവാൻ മേൽപ്രകാരം ഒരു സംഘം തന്നെ ഉണ്ടാകേണ്ടതാണ്‌, അത്‌ നമുക്ക്‌ സാഹിത്യപരവും നാട്യപരവുമായ വലിയോരഭിവൃദ്ധിയായിരിക്കുകയും ചെയ്യും …….”

മലയാളഭാഷാനിരൂപണത്തിന്റെ കുലപതിയായ കുട്ടിക്കൃഷ്ണമാരാർ പറഞ്ഞ ഈ വാക്കുകൾ അത്ര നിസ്സാരമായി തള്ളിക്കളയാവതല്ല. മാരാരുടെ പ്രസ്താവം നളചരിതസാഹിത്യത്തിന്റെ ഉത്തമ കഥകളിത്തത്തെക്കുറിച്ചായിരുന്നു എങ്കിൽ അരങ്ങു പരിചയമുള്ള പ്രഗല്ഭനായ ഒരു കഥകളി കലാകാരനു നളചരിതത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന്‌ നോക്കാം.

ചെന്നൈ കലാക്ഷേത്രയിൽ 2012 സെപ്തംബർ മാസത്തിൽ ‘ഭാവഭാവനം’ എന്ന പേരിൽ അഞ്ചു ദിവസത്തെ നളചരിതകഥകളി ഉത്സവം നടക്കയുണ്ടായി. അവസാന നാളിലെ നളചരിതം നാലാം ദിവസത്തെ കളിക്കു മുൻപായി കലാമണ്ഡലം മുൻ പ്രിൻസിപ്പൽ ശ്രീ. എം. പി. എസ്സ്‌. നമ്പൂതിരി ‘നളചരിതം: നടന്‌ വെല്ലുവിളിയാകുന്ന കഥകളി’ എന്ന വിഷയത്തെ സംബന്ധിച്ച്‌ പ്രസംഗിച്ചു. അദ്ദേഹം പറഞ്ഞു; “കോട്ടയം കഥകൾ കഥകളിയുടെ ഗ്രാമ്മർ ആണെങ്കിൽ നളചരിതം ഒരു പദ്യമാണ്‌. കഥകളി ഗ്രാമർ ശരിക്കും വശമായിട്ടുള്ള ഒരു കഥകളി നടൻ സ്വതവേ രചിക്കേണ്ട കവിതയാണ്‌ നളചരിതം. ഒറ്റപ്പെട്ട മരങ്ങളാണ്‌ കോട്ടയം കഥകൾ എങ്കിൽ മരങ്ങൾ ഇടതൂർന്നു നില്ക്കുന്ന ഒരു വനമാണ്‌ നളചരിതം. മരങ്ങൾക്ക്‌ ഭംഗിയുണ്ടെങ്കിലും വനഭംഗി ഒന്ന്‌ വേറെ തന്നെയാണ്‌. നളചരിതം ആട്ടക്കഥ ചൊല്ലിയാട്ടത്തിനു വഴങ്ങുന്നതല്ല. ഇത്‌ പഠിപ്പിക്കാൻ കഴിയില്ല. സർഗ്ഗവാസനയുള്ള അനുഗ്രഹീത കലാകാരനേ അത്‌ അഭിനയിച്ചു നന്നാക്കാൻ കഴിയൂ”. കഥകളിത്തപരമായി എന്തെങ്കിലും ദോഷമുള്ള കഥയാണ്‌ നളചരിതം എന്ന്‌ അദ്ദേഹം പറഞ്ഞുകേട്ടില്ല. സംസാരത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു ‘ഒരു തലമുറയിൽ ഒന്നോ രണ്ടോ നളനടന്മാരേ ഉണ്ടാകാറുള്ളൂ; കഴിഞ്ഞ തലമുറയിൽ അത്‌ ഗുരു. കുഞ്ചുക്കുറുപ്പായിരുന്നു. ഈ തലമുറയിൽ അത്‌ കലാമണ്ഡലം ഗോപിയാണ്‌’. ഗുരു കുഞ്ചുക്കുറുപ്പ്‌ തെക്കൻചിട്ടയുടെ തകഴിവഴിക്കാരനും കലാമണ്ഡലം ഗോപി സാക്ഷാൽ കല്ലുവഴിച്ചിട്ടക്കാരനുമാണ്‌. അതായത്‌ ചിട്ടയൊന്നും അല്ല, കലാകാരന്റെ കഴിവു മാത്രമാണ്‌ നളചരിതാവതരണത്തിനുള്ള മാനദണ്ഡം എന്നർത്ഥം. അല്പ്പവിഭവനും ഭാവനാശൂന്യനുമായ കലാകാരനേ നളചരിതം പ്രശ്നമാകുന്നുള്ളൂ. അതിനു ഭാവനാസമ്പന്നനായ ഒരു കവിയെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ഭാവാഭിനയനിപുണരായ ഗോപിയുടെയും ശിവരാമന്റെയും കൈകളിൽ നളചരിതം ഭദ്രമായില്ലെങ്കിലല്ലേ അതിശയിക്കേണ്ടതുള്ളൂ!

കഥകളിയുടെ ആദിമരൂപമായ രാമനാട്ടത്തിൽ തുടങ്ങി കഥകളിയുടെ വികാസചരിത്രത്തിലെ പല പ്രധാന വിഷയങ്ങളെയും, സാമൂഹികമായും സാംസ്കാരികമായും വ്യത്യസ്തത പുലർത്തിയിരുന്ന കേരളത്തിന്റെ തെക്കും വടക്കും ഭാഗങ്ങളിൽ എങ്ങിനെയാണ്‌ നോക്കിക്കണ്ടിരുന്നത്‌ എന്ന്‌ ഹേമാമോദസമയുടെ 9, 10, 11 ഭാഗങ്ങളിൽ വിശദീകരിച്ചിരുന്നു. കഥകളി ഉണ്ടാകുന്ന കാലത്ത്‌, അതായത്‌ ഒരു മുന്നൂറു വർഷങ്ങൾക്കു മുൻപ്‌, വടക്കൻകേരളത്തിൽ പ്രബലമായിരുന്ന വരേണ്യ ഫ്യൂഡൽ സമൂഹത്തിന്റെ ചിന്താധാരകൾക്കും ആസ്വാദനതലങ്ങൾക്കും യോജിച്ച വിധത്തിൽ വീര-ശൃംഗാര രസങ്ങൾക്ക്‌ മുൻതൂക്കം കൊടുത്തുകൊണ്ട്‌ രചിക്കപ്പെട്ട ആട്ടക്കഥകളായിരുന്നു കോട്ടയം കഥകൾ. പ്രണയമോ മനുഷ്യജീവിതമോ അതിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളോ ഒന്നും തന്നെ ഇക്കഥകളുടെ വിഷയങ്ങളല്ല; ഇതൊന്നും ഇത്‌ കണ്ട്‌ രസിച്ചിരുന്നവരുടെയും
താത്പര്യവിഷയങ്ങളായിരുന്നിരിക്കില്ല. സ്വാഭാവികമായും വിപ്ലവകരമായ, ജീവിതഗന്ധിയായ നളചരിതത്തിനെ അവർ തള്ളിപ്പറഞ്ഞു. അതിൽ അതിശയിക്കേണ്ടതായി ഒന്നും ഇല്ല. ചിട്ട പ്രധാനമായ കോട്ടയം കഥകളിൽ നിന്നും വളരെ വ്യത്യസ്ഥമായ അവതരണ രീതികൾ ആവശ്യമായിരുന്ന നളചരിതത്തെ അതിനനുയോജ്യമായ വിധത്തിൽ ചിട്ടപ്പെടുത്തി വികസിപ്പിച്ച്‌ തെക്കൻകേരള കഥകളിരംഗം കഥകളി ഭൂപടത്തിൽ ചേർത്തു. സങ്കീർണ്ണമായ കോട്ടയം കഥകൾക്ക് ഉണ്ടായിരുന്നതിനേക്കാൾ വലിയോരു പ്രേക്ഷക പിന്തുണ കുറഞ്ഞൊരു കാലയളവ്‌ കൊണ്ട്‌ തന്നെ നളചരിതം നേടുകയും ചെയ്തു. ആദ്യം മുതലേ നളചരിതത്തെ എതിർത്തിരുന്നവർക്കും അവരുടെ പിൻഗാമികൾക്കും സ്വാഭാവികമായും ഇതൊന്നും അത്ര സന്തോഷകരമായ സംഗതികൾ ആയിരുന്നിരിക്കില്ലല്ലോ? കലാമണ്ഡലത്തിലൂടെയും അല്ലാതെയും കഥകളിയിൽ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞിരുന്ന ഇക്കൂട്ടർ നളചരിതത്തിനെതിരായി ആഞ്ഞടിക്കാൻ തുടങ്ങി. കലാസാർവഭൌമനായ കലാമണ്ഡലം കൃഷ്ണൻനായരുടെ ഭാവാഭിനയത്തെ ‘ഗോഷ്ട്ടി’ എന്ന്‌ വിളിച്ചു പരിഹസിച്ച ഈ സമൂഹം അതിലൂടെ പ്രകടമാക്കിയത്‌ തലമുറകളായി നളചരിതത്തോടും ഭാവാഭിനയപ്രധാനമായ കഥകളി എന്ന സങ്കല്പ്പത്തോടുമുള്ള ഈ ഇഷ്ട്ടക്കേടാണ്‌. ഇവരുടെ അന്യം നിന്നുകൊണ്ടിരിക്കുന്ന തിരുശേഷിപ്പുകളിൽ ആണ്‌, ചെറിയ തോതിലാണെങ്കിലും നളചരിതവിരോധം ഇന്നും കത്തി നില്ക്കുന്നത്‌; അല്ലാതെ കലാസ്നേഹികളായ മലയാളിയുടെ മനസ്സുകളിൽ അല്ല. കഥകളിയിൽ പ്രസക്തരാവണമെങ്കിൽ ഈ ന്യൂനപക്ഷം പറയുന്നത്‌ ഏറ്റു പറയേണ്ടതുണ്ടെന്നു തോന്നുന്നു.

കോട്ടയം കഥകളും നളചരിതവും കഥകളിയുടെ രണ്ടു വിഭാഗങ്ങളില്പ്പെടുന്ന കഥകളാണെന്നു മുൻപ്‌ പറഞ്ഞല്ലോ? ഈ കഥകൾ തമ്മിൽ ആർട്ട്‌ സിനിമയും മുഖ്യധാരാ സിനിമയും പോലെയുള്ള വ്യത്യാസമുണ്ട്‌. സിനിമയുടെ ഗ്രാമ്മർ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌, സിനിമയെ ചിന്താതലത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ ജനവിഭാഗത്തിനു, സങ്കേതഭദ്രമായ ആർട്ട്‌ സിനിമ ഇഷ്ടപ്പെടും. പക്ഷെ ഒരു മുഖ്യധാരാ സിനിമ അത്ര കണ്ട്സങ്കേതഭദ്രമായിരിക്കണം എന്നില്ല. ബഹുഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ ആഗ്രഹാഭിലാഷങ്ങളും ചിന്തകളും സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്ന ഒരു പ്രമേയം സിനിമയെന്ന മീഡിയത്തിലൂടെ അവർക്കു കാണണം. അതാണാവശ്യം. സങ്കേതഭദ്രമായ കോട്ടയം കഥകളുടെയും അത്രമാത്രം സാങ്കേതിക മികവു ആവശ്യമില്ലാത്ത, നളചരിതം പോലെയുള്ള ജീവിതഗന്ധിയായ ആട്ടക്കഥകളുടെയും കാര്യവും ഇത്‌ തന്നെയാണ്‌. ഒളപ്പമണ്ണ മനയിൽ വച്ച്‌ പ്രയോഗത്തിൽ വരുത്തിയ കല്ലുവഴിചിട്ടയുടെ എല്ലാ നല്ലവശങ്ങളെയും മാനിച്ചു കൊണ്ടുതന്നെ പറയട്ടേ, ഈ കല്ലുവഴി കണ്ണാടിയിലൂടെ നോക്കിയാലേ കഥകളി കാണാൻ കഴിയൂ എന്ന്‌ പറയുന്നതു അടൂരിന്റെ എലിപ്പത്തായം കാണുന്ന അതേ കണ്ണിലൂടെ നോക്കിയാലേ സിബിയുടെ കമലദളം കാണാൻ കഴിയൂ എന്നു പറയുമ്പോലെ അശാസ്ത്രീയമാണെന്നാണ്‌ എനിക്കു തോന്നുന്നത്‌. രണ്ടു മനസ്സുകൾ കൊണ്ട്‌ കാണേണ്ട സിനിമകളാണ്‌ ഇത്‌ രണ്ടും. ഈ രണ്ടു സിനിമകൾക്കും അതിന്റേതായ പ്രാധാന്യവും ഇടവും പ്രേക്ഷകപിന്തുണയും ഉള്ളതുപോലെ തന്നെയാണ്‌ രണ്ട്‌ വ്യത്യസ്ത ശൈലിയില്പ്പെടുന്ന ആട്ടക്കഥകളുടെയും കാര്യം. ഒന്ന്‌ സവർണ്ണകഥയും മറ്റേതു അവർണ്ണകഥയും ആണെന്നൊക്കെ പറഞ്ഞു ചിന്താക്കുഴപ്പം സൃഷ്ടിക്കാം എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല. കോട്ടയം കഥകൾ ആടുന്നത്‌പോലെ തന്നെ ആടേണ്ട കഥകളാണോ നളച രിതവും അതുപോലെയുള്ള മറ്റു കഥകളും? കല്ലുവഴിചിട്ട നിഷ്ക്കർഷിക്കുന്ന സമ്പ്രദായങ്ങളിൽ അവതരിപ്പിക്കാത്ത കഥകളെ കഥകളി എന്ന്‌ വിളിക്കാൻ കഴിയില്ലേ ? വിദഗ്ധർ അഭിപ്രായം പറയട്ടേ. എന്നെ സംബന്ധിച്ചിടത്തോളം ഈ രണ്ടുതരം ആട്ടക്കഥകളും കഥകളിയെന്ന വിശ്വോത്തരകലയുടെ അവിഭാജ്യാംശങ്ങളാണ്‌. ഈ തിരിച്ചറിവോടെ, കുട്ടിക്കൃഷ്ണമാരാർ ആഗ്രഹിച്ചതുപോലെ, നളചരിതത്തെയും അതുപോലെയുള്ള നാടകീയമായ, ഭാവാഭിനയപ്രധാനമായ മറ്റു കഥകളെയും ശെരിക്കവതരിപ്പിക്കാൻ കഴിയുന്ന ഒരു കഥകളി സമ്പ്രദായം വികസിപ്പിച്ചെടുക്കയാണ്‌ നാം ചെയ്യേണ്ടത്‌. പൊതുഖജനാവിൽ നിന്നും പണം മുടക്കി പ്രവർത്തിക്കുന്ന കലാമണ്ഡലത്തിനു കഥകളിക്കു വേണ്ടി ചെയ്യാവുന്ന നല്ല കർമ്മങ്ങളിൽ ഒന്നായിരിക്കും ഇത്‌.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder