ഹേമാമോദസമാ 11

ഡോ. ഏവൂർ മോഹൻദാസ്

March 7, 2013 

കൊല്ല വര്‍ഷം എട്ടാം നൂറ്റാണ്ടില്‍ (എ.ഡി. പതിനാറാം നൂറ്റാണ്ട്) തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന അനുഷ്ഠാന  കലാരൂപങ്ങളുടെയും പയറ്റു പാരമ്പര്യങ്ങളുടെയും പശ്ചാത്തലത്തില്‍ കൊട്ടാരക്കര തമ്പുരാന്‍ മെനഞ്ഞെടുത്ത  രാമനാട്ടം  എന്ന  ദ്രാവിഡകലയെ അതിന്റെ വടക്കോട്ടുള്ള വ്യാപനകാലത്ത് ഉത്തരകേരളത്തിലെ കൂടിയാട്ടം, തെയ്യം-തിറ മുതലായ അനുഷ്ഠാനകലാരൂപങ്ങളുടെ ഉജ്ജ്വല ഭംഗികള്‍ വിളക്കി ചേര്‍ത്തു വെട്ടം തമ്പുരാന്‍ പരിഷ്ക്കരിച്ചു കഥകളിയാക്കി പരിണമിപ്പിച്ചതിന്‍ ശേഷം കോട്ടയം തമ്പുരാന്‍ നൃത്ത-നൃത്യ-വാദ്യ തൌരത്രികങ്ങളുടെ ശാസ്ത്രീയ അടിത്തറയില്‍ വികസിപ്പിച്ചു ഒരു സംയുക്ത കലയായി ലോകസമക്ഷം അവതരിപ്പിച്ച കഥ കഴിഞ്ഞ ഭാഗത്തില്‍ വിവരിച്ചിരുന്നു. കൊട്ടാരക്കരയില്‍ പിറന്ന്, തെക്കന്‍ ദേശങ്ങളില്‍ ബാല്യ-കൗമാര കാലമെല്ലാം കഴിച്ചുകൂട്ടി വടക്കോട്ട്‌ തിരച്ച രാമനാട്ടം വര്‍ഷങ്ങള്‍ക്കു ശേഷം നവോഢയായ കഥകളിയായി പിറന്ന നാട്ടില്‍  തിരിച്ചെത്തിയപ്പോള്‍ അവള്‍ക്കു ഹാര്‍ദവമായ വരവേല്‍പ്പാണ് അവിടങ്ങളില്‍ ലഭിച്ചത്. മദ്ധ്യതിരുവിതാംകൂറിലെ തകഴി-നെടുമുടി-കുറിച്ചി പ്രദേശങ്ങളിലെ കളരികളില്‍ വടക്കന്‍ ചിട്ടയുടെ സമ്പ്രദായ ശുദ്ധിയോടെ തന്നെ കോട്ടം തീര്‍ന്ന കോട്ടയം കഥകളെല്ലാം ചൊല്ലിയാടിപ്പിക്കുകയും വര്‍ഷങ്ങളോളം അവതരിപ്പിച്ചു വരികയും ചെയ്തു. വടക്കന്‍ ചിട്ടകളോടെ വന്ന സങ്കീര്‍ണ്ണമായ കഥകളിയെന്ന  കലയെ അനായാസം സ്വീകരിച്ചു ചൊല്ലിയാടിച്ചു അവതരിപ്പിക്കാന്‍ ഈ കുട്ടനാടന്‍ പ്രദേശങ്ങള്‍ക്ക് കഴിഞ്ഞു എന്ന് പറയുമ്പോള്‍ അതിനു സമര്‍ത്ഥമായ ഒരു കലാപാരമ്പര്യം അവിടങ്ങളില്‍ അക്കാലത്ത്  നിലനിന്നിരിക്കേണ്ടത് ആവശ്യമാണല്ലോ? അങ്ങിനെ ഊര്‍ജ്വസ്വലമായ ഒരു കലാപാരമ്പര്യം കൈവരിക്കാന്‍ ഈ കുട്ടനാടന്‍ പ്രദേശങ്ങള്‍ക്ക് എങ്ങിനെ കഴിഞ്ഞു എന്ന് നോക്കാം.

വേണാട്ടരചനായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ (1729-1758)[3]തന്റെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ വിസ്തൃതമാക്കി തെക്ക്  കന്യാകുമാരി മുതല്‍ വടക്ക് ആലുവാ വരെ നീണ്ടു കിടന്ന വിശാല തിരുവിതാംകൂര്‍ സൃഷ്ട്ടിക്കുന്നതിനു മുന്‍പ് തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന ഒരു ചെറിയ സ്വതന്ത്ര രാജ്യമായിരുന്നു ചെമ്പകശ്ശേരി (അമ്പലപ്പുഴ). ഐശ്വര്യപൂര്‍ണമായ ചെമ്പകശ്ശേരി രാജ്യത്തിന്‍റെ വടക്കും കിഴക്കും തെക്കും വെള്ളത്താല്‍ ചുറ്റപ്പെട്ടു സമുദ്രനിരപ്പില്‍ നിന്നും തായ്ന്നു കിടക്കുന്ന കുട്ടനാടന്‍ പ്രദേശങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്  സ്ഥിതിചെയ്യുന്നത്. ഇന്നത്തെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളുടെ ഭാഗമാണ് വിശാലമായ കുട്ടനാട്. മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന  ഖാണ്ഡവവനമായിരുന്ന  ഈ  പ്രദേശങ്ങളെന്നും   ഖാണ്ഡവദഹനത്തോടെ ‘ചുട്ടനാടാ’യി പിന്നെ ‘കുട്ടനാടാ’യതാണെന്നും ഐതിഹ്യപ്പെരുമ.

ചെമ്പകശ്ശേരിയുടെ രാജഭരണ കാലത്ത്, മറ്റു നാട്ടുരാജ്യങ്ങള്‍ക്കെന്നപോലെ,സൈനികാവശ്യങ്ങള്‍ക്കായി പടയാളികളെ വാര്‍ത്തെടുക്കേണ്ടതുണ്ടായിരുന്നു. ഈ ചുമതല നാട്ടില്‍ അധികാരം കയ്യാളിയിരുന്ന നായര്‍-മാടമ്പി പ്രഭുവര്ഗ്ഗത്തിനായിരുന്നു. അങ്ങിനെ നായര്‍ പ്രഭുക്കന്മാരുടെ മേല്‍നോട്ടത്തില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കുന്ന പല കളരികളും ഇവിടങ്ങളില്‍ നിലവില്‍ വന്നു. സ്വാഭാവികമായും കളരികാക്കുന്ന ദേവതാ സങ്കല്‍പ്പവും ഇപ്രദേശങ്ങളില്‍ പ്രബലമായിരുന്നിരിക്കണമല്ലോ? (മാത്തൂര്‍ കുടുംബത്തിന്റെ കുലദേവതയായ മാത്തൂരംബികയെ തെക്കന്‍ കഥകളി വിഷയത്തില്‍ പലയിടങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്). ഈ പ്രദേശങ്ങളുടെ ആകര്‍ഷണകേന്ദ്രമായി നിലനില്‍ക്കുന്ന ഒരു മഹാക്ഷേത്രമാണ് കൊ.വ.790 ല്‍ പണിതീര്‍ക്കപ്പെട്ട അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. അമ്പലപ്പുഴയിലും അടുത്ത പ്രദേശങ്ങളായ തകഴി, നെടുമുടി എന്നിവിടങ്ങളിലും അക്കാലത്തു നിലനിന്നിരുന്ന ഈ കളരി-ക്ഷേത്ര-ദേവാരാധന പശ്ചാത്തലത്തിനാലാകാം ദേവാരാധനയുമായി ബന്ധിച്ചു നില്‍ക്കുന്ന  പല അനുഷ്ഠാന കലാരൂപങ്ങളും ഇവിടെ പൊട്ടിമുളയ്ക്കുകയും  വളരുകയും ചെയ്തു. ചരിത്രത്തിലെ വലിയ സംസ്കാരങ്ങളെല്ലാം ഉണ്ടായിരിക്കുന്നത് ഫലഭൂയിഷ്ഠമായ ജലസ്രോതസ്സുകളെ കേന്ദ്രീകരിച്ചായിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ , പ്രകൃതിപരമായ ഈ സവിശേഷത ആവോളം ഉള്ള കുട്ടനാടന്‍ പ്രദേശങ്ങളില്‍ കലാസാംസ്കാരിക പ്രസ്ഥാനങ്ങള്‍ വളരാനുള്ള സാദ്ധ്യത കൂടുതലായിരുന്നു എന്നും ചിന്തിക്കാം. കേരളത്തിന്റെ കലാ-സാംസ്കാരിക രംഗങ്ങളില്‍ കുട്ടനാട് നല്‍കിയിരിക്കുന്ന വളരെ വലിയ സംഭാവനകള്‍ വെച്ചു നോക്കിയാല്‍ ഇങ്ങനെയൊരു സാദ്ധ്യത തള്ളിക്കളയാവുന്നതും അല്ല. അങ്ങിനെ കുട്ടനാടിന്റെ പ്രകൃതിപരമായ സവിശേഷതയും ക്ഷേത്രസാന്നിധ്യവും  കലാസ്നേഹികളായിരുന്ന ചെമ്പകശ്ശേരി രാജാക്കന്മാരുടെ പ്രോത്സാഹനവും എല്ലാം ഒത്തുചേര്‍ന്നു വന്നത് ഇവിടുത്തെ കലാപരമായ മുന്നേറ്റങ്ങളെ സഹായിക്കാന്‍ കാരണമായിരുന്നിരിക്കണം.

ചെമ്പകശ്ശേരി രാജ്യം ബ്രാഹ്മണകുലജാതരായ  ദേവനാരായണന്മാര്‍  ഭരിക്കുന്ന കാലത്ത് (1746 നു മുന്‍പ്)[3] രാജ്യത്തെ മന്ത്രിസ്ഥാനവും പടനായകസ്ഥാനവും  വഹിച്ചിരുന്നത് നായര്‍ പ്രമാണികളായ   മാത്തൂര്‍ (നെടുമുടി) പണിക്കര്‍മാരായിരുന്നു. മാത്തൂര്‍ കളരിയിലെ പടയാളികള്‍ അമ്പലപ്പുഴയുടെ പ്രതാപം കത്തിനിന്ന കാലത്ത് തിരുമുല്‍ക്കാഴ്ച്ചവെച്ച അനുഷ്ഠാനകലയാണ് ‘വേലകളി’. ‘പ്രത്യക്ഷ ദൈവമായ രാജാവിന്റെ തിരുമുമ്പില്‍ പടയാളികള്‍ നടത്തുന്ന അഭ്യാസപ്രകടനത്തെ അനുഷ്ഠാനവല്‍ക്കരിച്ചു ദേവിയുടെ തിരുമുന്‍പില്‍ നൃത്തമായി അവതരിപ്പിക്കുന്ന കലയാണ്‌  ‘വേലകളി’. യുദ്ധം യജ്ഞമാക്കിയ ആര്യപാരമ്പര്യത്തിന്റെ സ്ഥാനത്തു അതിനെ നൃത്തമാക്കി  ഇഷ്ടദേവാരാധന  നടത്തിയ ദ്രാവിഡ പാരമ്പര്യത്തിന്റെ  ഇങ്ങേത്തലയാണ് വേലകളി’. ‘അമ്പലപ്പുഴ വേല കണ്ടാല്‍ അമ്മയും വേണ്ട’ എന്നൊരു ചൊല്ലുണ്ട്. അത്രമാത്രം മികച്ച ഒരു കലാരൂപമായിരുന്നു ‘അമ്പലപ്പുഴ വേലകളി’.  അഭ്യാസ-ആയോധന അടവുകളില്‍ രംഗപ്രയോഗാര്‍ഹമായ  ദൃശ്യശോഭയും നൃത്തഭംഗിയും സമന്വയിപ്പിച്ച വേലകളിയുടെ തൊഴില്‍രീതിയാണ് പ്രയോഗത്തില്‍ മറ്റൊരു നായര്‍ കലയായി രംഗപ്രവേശം ചെയ്ത രാമനാട്ടം സ്വീകരിച്ചത്. തെക്കന്‍ കഥകളി രൂപപ്പെടുത്തിയതില്‍ വേലകളിക്കുള്ള പങ്കു വളരെ വലുതാണ്‌ ‘[1].

അമ്പലപ്പുഴയില്‍ ഉടലെടുത്ത മറ്റൊരു ഉത്തമ കലാസൃഷ്ടിയായിരുന്നു അമ്പലപ്പുഴ കൃഷ്ണനാട്ടം. പൂരാടം തിരുനാള്‍ തമ്പുരാനാണ് അമ്പലപ്പുഴ കൃഷ്ണനാട്ടത്തിന്റെയും അതിന്റെ അഭ്യാസക്കളരിയുടെയും  കളിയോഗത്തിന്റെയും ഉപന്ജാതാവെന്നു കരുതപ്പെടുന്നു. മാത്തൂര്‍ യോഗക്കാരയിരുന്നു കൃഷ്ണനാട്ടവും കളിച്ചിരുന്നത്.  ശാസ്ത്രീയമായ അഭിനയവും കളരിച്ചിട്ട  വ്യവസ്ഥാപിതമാക്കിയ നൃത്തവും ആഹാര്യ മേന്മയും  അമ്പലപ്പുഴ കൃഷ്ണനാട്ടത്തിന്റെ  പ്രത്യേകതകളായിരുന്ന.  തനതായൊരു  സമ്പ്രദായ ശൈലി ഉണ്ടായിരുന്ന ഈ തെക്കന്‍ കൃഷ്ണനാട്ടം ഗീതാഗോവിന്ദം മാത്രമല്ല, ഭാഗവതം ദശമസ്കന്ത കഥകള്‍ ആദ്യന്തം ഉള്‍ക്കൊള്ളുന്ന ദൃശ്യകലാപ്രസ്ഥാനമായിരുന്നുവെന്നു മഹാകവി ഉള്ളൂര്‍ പ്രസ്താവിച്ചിട്ടുണ്ട്. ‘രാമനാട്ടത്തിന്റെ സ്ഥാനത്തു  അമ്പലപ്പുഴക്കാര്‍ കളിച്ചിരുന്ന കൃഷ്ണനാട്ടം പില്‍ക്കാലത്ത് തെക്കന്‍ കഥകളിയുടെ ശക്തിസ്രോതസ്സായി മാറുകയാണുണ്ടായത്.കോട്ടയത്ത് തമ്പുരാന്‍ അമ്പലപ്പുഴകൃഷ്ണനാട്ടത്തെ ആദരിച്ചിരുന്നതിന്റെ നിദര്‍ശനങ്ങളാണ് കഥകളിയിലെ പുറപ്പാടും മഞ്ജുതരയും. ആദ്യമായി തന്റെ കഥകളിലൂടെ അദ്ദേഹം ശ്രുംഗാരാഭിയ സന്ദര്‍ഭങ്ങള്‍ സൃഷ്ട്ടിച്ചതിലും ഈ അഷ്ടപടിയാട്ടത്തോടുള്ള ആദരവു കാണാം'[1].

മേല്‍പ്പറഞ്ഞതില്‍ നിന്നും അനുഷ്ഠാനകലകളുടെ ദൃശ്യപരമായ രംഗപ്രയോഗസാദ്ധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു കലാപാരമ്പര്യം, കഥകളി  ഉണ്ടാകുന്ന കാലത്തിനു മുന്‍പ് തന്നെ, അമ്പലപ്പുഴ ഉള്‍പ്പെടുന്ന കുട്ടനാടന്‍ പ്രദേശങ്ങളില്‍ നിലനിന്നിരുന്നു എന്ന് വ്യക്തമാണ്. ബ്രാഹ്മണ ഭരണകര്‍ത്താക്കളായിരുന്ന ദേവനാരായണന്മാരുടേയും നായന്മാരായ മാത്തൂര്‍ പണിക്കന്മാരുടെയും കൂട്ടാഴ്മയിലാണ് ഈ അമ്പലപ്പുഴ കലാപാരമ്പര്യം രൂപപ്പെട്ടത് എന്ന് കാണുമ്പോള്‍ ഈ കലാപാരമ്പര്യത്തിന്റെ ആര്യ-ദ്രാവിഡ മുഖവും വ്യക്തമാകുന്നു. ഈ കലാപാരമ്പര്യത്തിലേക്കാണ് ആര്യ-ദ്രാവിഡ കലാസങ്കല്‍പ്പങ്ങളുടെ മൂര്‍ത്തഭാവവും പേറി പില്‍ക്കാലത്ത് കഥകളി  വന്നെത്തപ്പെട്ടതും അടുത്ത രണ്ടു നൂറ്റാണ്ടിലേറെക്കാലം ഭാഗ്യലക്ഷ്മിയായി വിരാജിച്ചതും എന്നത് തികച്ചും സ്വാഭാവികം തന്നെ. കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍,ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴയില്‍ കഴിയുന്ന കാലത്താണ് ‘തുള്ളല്‍ ‘ പ്രസ്ഥാന സൃഷ്ടി നടന്നതെന്നത് അമ്പലപ്പുഴയുടെ ഇപ്പറഞ്ഞ കലാപാരമ്പര്യത്തിന്റെ മകുടോദാഹരണമാണ്.

മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് തന്റെ അധികാരസീമ വലുതാക്കുന്ന  നടപടിയുടെ ഭാഗമായുണ്ടായ യുദ്ധങ്ങളില്‍ ചെമ്പകശ്ശേരിയും ആക്രമിക്കപ്പെട്ടു. യുവരാജാവായിരുന്ന, പില്‍ക്കാലത്ത് ധര്മ്മരാജാവെന്നു അറിയപ്പെട്ട, കാര്‍ത്തികതിരുനാള്‍ തമ്പുരാന്റ നേതൃത്വത്തില്‍ നടത്തിയ യുദ്ധത്തില്‍ ചെമ്പകശ്ശേരി രാജ്യം തോല്‍വിയടഞ്ഞു. അമ്പലപ്പുഴ പിടിച്ചടക്കാന്‍ കാര്‍ത്തികതിരുനാളിനെ  സഹായിച്ചത് മാത്തൂര്‍  പണിക്കരായിരുന്നു. മാത്തൂര്‍ പണിക്കരോടുള്ള ഈ കടപ്പാടും അവരുടെ കലാതാത്പര്യങ്ങളും കഥകളിക്കളരിയും കലാസ്നേഹിയായിരുന്ന കാര്‍ത്തിക തിരുനാളിനെ വല്ലാതെ ആകര്‍ഷിച്ചു. യുദ്ധം കഴിഞ്ഞു  തിരുവനന്തപുരത്തു   മടങ്ങിയെത്തിയ  രാജാവ്, അമ്പലപ്പുഴയില്‍ നിന്നും ശേഖരിച്ച താളിയോലഗ്രന്ഥങ്ങളും ദേവനാരായണമുദ്രാങ്കിതങ്ങളായ ഏടുകളും കൊണ്ട് തന്റെ ഗ്രന്ഥപ്പുര വിപുലപ്പെടുത്തുകയും മാര്‍ത്താണ്ഡവര്‍മ്മയുടെ അനുമതിയോടെ മാത്തൂര്‍ പണിക്കരെ അവിടേക്ക് വിളിപ്പിച്ച് ശ്രീ പദ്മനാഭക്ഷേത്രത്തില്‍  കഥകളി അവതരണം നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്ന് മുതല്‍ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കഥകളി മുടങ്ങാതെ നടന്നു തുടങ്ങി.മാത്തൂര്‍ പണിക്കരുടെ വേലകളിയും തിരുവനന്തപുരത്തു സ്വാഗതം ചെയ്യപ്പെട്ടു.മാത്തൂര്‍ പണിക്കരും കാര്‍ത്തികതിരുനാള്‍ തമ്പുരാനും തമ്മിലുണ്ടായ ഈ കലാബന്ധമായിരുന്നു പില്‍ക്കാല തെക്കന്‍ കഥകളി മുന്നേറ്റങ്ങളുടെ നാന്ദി കുറിച്ചത്. കാര്‍ത്തികതിരുനാള്‍ ഇതേ തുടര്‍ന്നു പുതിയ പല ആട്ടക്കഥകളും രചിച്ചു മാത്തൂര്‍ യോഗത്തെക്കൊണ്ട് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് കഥകളി പരിഷ്ക്കരണാശയങ്ങളുമായി കപ്ലിങ്ങാട്ടു നമ്പൂതിരി തിരുവന്തപുരത്തെത്തുന്നത്. കപ്ലിങ്ങാടന്‍ കഥകളി പരിഷ്ക്കരണ ചിന്തകള്‍ ഇഷ്ട്ടപ്പെട്ട തമ്പുരാന്‍ തന്റെ ആട്ടക്കഥകള്‍ അപ്രകാരം ചിട്ടപ്പെടുത്തുവാന്‍ കപ്ലിങ്ങാടിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.അങ്ങിനെ കാര്‍ത്തികതിരുനാള്‍ തമ്പുരാന്റെ രക്ഷാകര്‍തൃത്വത്തിലും കപ്ലിങ്ങാട്‌ നമ്പൂതിരിയുടെ മേല്‍നോട്ടത്തിലും  മാത്തൂര്‍ പണിക്കരുടെ കാര്‍മ്മികത്വത്തിലും നടന്ന തെക്കന്‍ കഥകളി പരിഷ്ക്കരണ യജ്ഞത്തില്‍ പല ആട്ടക്കഥകളും കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ ചിട്ടപ്പെടുത്തപ്പെട്ടു.

കപ്ലിങ്ങാടന്‍ പരിഷ്ക്കാരങ്ങളോടെ നിലവില്‍ വന്ന കഥകളിയുടെ തെക്കന്‍ ചിട്ടയുടെ കാവല്‍ക്കാരായിത്തീര്‍ന്നത്‌ സ്വാഭാവികമായും മാത്തൂര്‍ പണിക്കരും അവരുടെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന തകഴി-നെടുമുടി കളരികളുമായിരുന്നു. ഏതാണ്ട്  ഇതേ കാലത്ത് മദ്ധ്യതിരുവിതാംകൂറില്‍ കായംകുളത്തിനടുത്ത് കീരിക്കാട്ടു പ്രദേശത്തെ പ്രശസ്ത നായര്‍ കുടുംബമായ തോപ്പില്‍ ഒരു കളിയോഗം തുടങ്ങി. ഒരു നൂറ്റാണ്ടു കാലം(1835-1935)തോപ്പില്‍ കളിയോഗം പ്രശസ്തമായി പ്രവര്‍ത്തിക്കുകയും തെക്കന്‍ ചിട്ടയുടെ പ്രയോക്താക്കളായി പല മികച്ച കഥകളി നടന്മാരെ  വാര്‍ത്തെടുക്കുകയും ചെയ്തു.  തകഴി-നെടുമുടി കളരികളിലെ കലാകാരന്മാര്‍ തന്നെയായിരുന്നു തോപ്പില്‍ കളിയോഗത്തിലും പഠിപ്പിച്ചിരുന്നത്.

ഇങ്ങിനെ കഥകളി ഉണ്ടാകുന്നതിനു മുന്‍പ് തുടങ്ങി മൂന്നു നൂറ്റാണ്ടിലേറെക്കാലം മികച്ച നിലയില്‍ പ്രവര്‍ത്തിച്ച തകഴി-നെടുമുടിക്കളരി പാരമ്പര്യം കഥകളിക്കു സമ്മാനിച്ചത്‌ സമാനതകളില്ലാത്ത വലിയൊരു കഥകളി സംസ്കാരവും നിരവധി പ്രഗല്‍ഭ കഥകളി കലാകാരന്മാരെയും ആയിരുന്നു.ഇവരില്‍ പേരെടുത്തു പറയേണ്ടവരാണ് കാവാലം കൊച്ചുനാരായണപ്പണിക്കര്‍, തകഴി ശങ്കുപ്പിള്ള,കണ്ടിയൂര്‍ പപ്പുപിള്ള, തകഴി വേലുപ്പിള്ള, വലിയ നീലകണ്ഠപ്പിള്ള, കൊല്ലന്തറ (ഭീമന്‍))) കേശവപ്പണിക്കര്‍, അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കര്‍, തകഴി കൊച്ചു നീലകണ്ഠപ്പിള്ള, മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കര്‍, കരീത്ര രാമപ്പണിക്കര്‍, ‍തിരുവല്ല (ബ്രഹ്മസ്വം) കുഞ്ഞുപിള്ള, കുമരഞ്ചിര കുഞ്ഞുപിള്ള, തകഴി കുഞ്ചുപിള്ള, ചെന്നിത്തല രാമവര്‍മ്മന്‍ തിരുമുല്‍പ്പാട്, ചെന്നിത്തല കൊച്ചുപിള്ളപണിക്കര്‍, തകഴി കുഞ്ചുക്കുറുപ്പ്,തോട്ടം ശങ്കരന്‍ നമ്പൂതിരി,ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള, കോട്ടുവള്ളി കൃഷ്ണപിള്ള തുടങ്ങിയവരും കുറേക്കൂടി ആധുനികരായ മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന്‍ നായര്‍, പള്ളിപ്പുറം ഗോപാലന്‍ നായര്‍, ചമ്പക്കുളം പാച്ചുപിള്ള, ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള, ഹരിപ്പാട് രാമകൃഷ്ണപിള്ള,മങ്കൊമ്പു ശിവശങ്കരപ്പിള്ള, ചെന്നിത്തല ചെല്ലപ്പന്‍പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍,ചിറക്കര മാധവന്‍ കുട്ടി, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, വെല്ലമ്പാടി നീലകണ്ഠന്‍ നമ്പൂതിരി, ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള, ചവറ പാറുക്കുട്ടി, കലാമണ്ഡലം രാജശേഖരന്‍ തുടങ്ങിയ കഥകളി കലാപ്രതിഭകളും കുറിച്ചി കഥകളി പാരമ്പര്യത്തിലെ നളനുണ്ണി ഉള്‍പ്പെടുന്ന കലാസാര്‍വഭൌമന്മാരും തകഴി-നെടുമുടി നിരയിലെ അഖില കേരള പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന പല പ്രഗല്‍ഭ കലാകാരന്മാരും കാലാകാലങ്ങളായി ‍ചിട്ടപ്പെടുത്തി വളര്‍ത്തി വലുതാക്കി ലോകസമക്ഷം അവതരിപ്പിച്ചതാണ്‌, തെക്കന്‍ കഥകളി പാരമ്പര്യത്തിന്റെ തിലകക്കുറിയായ, നളചരിതം കഥകളി.അടുത്ത ഭാഗം : നളചരിതത്തിന്റെ കഥകളി സാമുഹ്യപാഠം.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു