ഹേമാമോദസമാ – 9

ഡോ. ഏവൂർ മോഹൻദാസ്

January 17, 2013

യശശ്ശരീരനായ ശ്രീ. സുരേഷ് കൊളത്തൂര്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഈ വെബ്സൈറ്റില്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരെക്കുറിച്ചെഴുതിയിരുന്ന ലേഖനത്തിലെ നളചരിതവിഷയത്തെ പരാമര്‍ശിച്ചുകൊണ്ട് ഞാന്‍ ഒരു കുറിപ്പെഴുതിയിരുന്നു. നളചരിതത്തിന്റെ തെക്കന്‍ കഥകളി ബന്ധത്തെയും ഉത്തരകേരളത്തിലെ അതിന്റെ പ്രചാരത്തെയും കുറിച്ച് ആ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. എനിക്ക് ലഭിച്ച ചില സന്ദേശങ്ങളില്‍ നിന്നും നളചരിതം കഥകളിയുടെ ആവിര്‍ഭാവ വികാസമറിയുവാന്‍ പലര്‍ക്കും താത്പര്യം ഉണ്ടെന്നു മനസ്സിലായി. അതിനാല്‍ ഈ വിഷയത്തെ കുറച്ചുകൂടി ആഴത്തില്‍ അന്വേഷിക്കാനുള്ള ശ്രമം നടത്തുകയാണിവിടെ.

ഇരിങ്ങാലക്കുടക്കാരന്‍ ഉണ്ണായിവാരിയരാണ് (1675-1775) നളചരിതം ആട്ടക്കഥ രചിച്ചതെന്നാണ്  ഈ വിഷയത്തിലെ ഒട്ടുമിക്ക ഭാഷാസാഹിത്യ ഗവേഷകരും  കരുതുന്നത്. ഉണ്ണായിവാരിയരല്ല ഗ്രന്ഥകര്‍ത്താവ് എന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ 1744ലെ (കൊ.വ. 920) ഉത്സവത്തിന്നു ഖരവധം, ബാലിവധം എന്നീ കഥകളോടൊപ്പം നളചരിതം രണ്ടാം ദിവസവും കളിച്ചിരുന്നു എന്ന്  കൊട്ടാരം രേഖകളില്‍ കാണുന്നതാണ് നളചരിതം ആട്ടക്കഥയുടെ രംഗാവതരണത്തെക്കുരിച്ച്ചുള്ള ആദ്യ പരാമര്‍ശം.  ആറന്മുളയില്‍ നിന്നുമുള്ള ഒരു കളിയോഗമാണ് കളി അവതരിപ്പിച്ചത്. രംഗാവതരണത്തിനു കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പെങ്കിലും കഥ എഴുതിയിരിക്കണം എന്നുള്ളതിനാല്‍ നളചരിതം ആട്ടക്കഥ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ എഴുതിയിരിക്കാം എന്ന് കരുതാം.  “കൊല്ലവര്‍ഷം പത്താം ശതകത്തിന്റെ പ്രാരംഭഘട്ടം മുതല്‍ക്കേ നളചരിതം പ്രചാരത്തില്‍ വന്നിരുന്നു” എന്ന് ഡോ. എസ്.കെ. നായര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌ ഇത്തരുണത്തില്‍ പ്രസക്തമാണ്.

നളചരിതം ആട്ടക്കഥയുടെ ഭാഷയുടെ സ്വഭാവം വച്ചു നോക്കുമ്പോള്‍ ഈ കൃതി കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വച്ചു എഴുതിയിരിക്കാനാണ് സാധ്യത എന്ന് ‘കാന്താരതാരക’ ത്തിന്റെ അവതാരികയില്‍ ഗ്രന്ഥകര്‍ത്താവ് പ്രൊഫ. രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍  എഴുതിയിട്ടുണ്ട്. 1729 മുതല്‍ 1758 വരെ മാര്‍ത്താണ്ഡവര്‍മ്മയും 1758 മുതല്‍ 1798 വരെ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയും തിരുവിതാംകൂര്‍ ഭരിച്ചിരുന്നു. കൊല്ലവര്‍ഷം പത്താം ശതകത്തിന്റെ പ്രാരംഭദശകങ്ങളില്‍ നളചരിതം രചിക്കപ്പെട്ടു എന്ന് അനുമാനിക്കുമ്പോള്‍  ഇത് മാര്‍ത്തണ്ഡവര്‍മ്മയുടെ കാലത്തായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.  മാര്‍ത്തണ്ഡവര്‍മ്മയുടെ വിദ്വല്‍സദസ്സില്‍ ഉണ്ണായിവാരിയരും കുഞ്ചന്‍നമ്പ്യാരും ഉണ്ടായിരുന്നുവെന്നാണ് ഗവേഷക മതം. ഉണ്ണായിവാരിയരുടെയും കുഞ്ചന്‍നമ്പ്യാരുടെയും ജീവിത കാലഘട്ടം നിര്‍ണ്ണയിച്ചിരിക്കുന്നത്‌ വെച്ചു നോക്കുമ്പോള്‍  ഈ വിഷയങ്ങള്‍ക്കെല്ലാം ഒരു ബന്ധം കാണാനും കഴിയും.

നളചരിതം രചിക്കപ്പെട്ടതുമുതല്‍ 1830 വരെ ഒരു നൂറ്റാണ്ടിലേറെക്കാലം രംഗത്ത് കഥ അവതരിപ്പിച്ച നടന്മാരെക്കുരിച്ച്ചു വിവരങ്ങളൊന്നും ലഭ്യമല്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നളചരിതം തെക്കന്‍ കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലായി. അക്കാലത്ത് നളവേഷത്തില്‍ അദ്വിതീയനായി ശോഭിച്ചിരുന്ന  കിടങ്ങൂര്‍ (ആലപ്പുഴ ജില്ല) സ്വദേശി കൃഷ്ണനുണ്ണിയെ  (1807-1865) ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് (1815-1860)  ‘നളനുണ്ണി’ എന്ന പേരു നല്‍കി ആദരിച്ചുവത്രേ.  നളചരിതത്തിനു കപ്ലിങ്ങാടന്‍ ശൈലിയില്‍ ഉണ്ണി ഏര്‍പ്പെടുത്തിയതും ഇന്നും നിലനില്‍ക്കുന്നതുമായ ആട്ടപ്രകാരത്തെ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലെ കിടങ്ങൂര്‍ വഴി എന്നാണറിയപ്പെടുന്നത്. ഒളപ്പമന്ന വലിയ അപ്ഫന്‍ നമ്പൂതിരിപ്പാട് ഉണ്ണിയെ 1852ല്‍ വെള്ളിനെഴിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയി. ഉണ്ണി ഒളപ്പമന്ന മനയില്‍ താമസിച്ചു പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ ഗുരുനാഥനായ ഇട്ടിരാരിച്ചിമെനോനെയും മറ്റു ചില നടന്മാരെയും നളചരിതവും മറ്റ് രസാഭിനയപ്രധാനമായ കഥകളും ചൊല്ലിയാടിച്ചു. അന്ന് മുതല്‍ നളചരിതവും മറ്റ് കഥകളും മദ്ധ്യകേരളത്തിലും ഉത്തരകേരളത്തിലും പ്രചരിച്ചു തുടങ്ങി. തെക്ക് കാവാലം കൊച്ച്ചുനാരായണപണിക്കര്‍ (1797-1865), തകഴി വേലുപ്പിള്ള  (1810-1886), നളനുണ്ണി (1807-1865), കുറിച്ചി കൃഷ്ണപിള്ള (1819-1894), ‘ബ്രഹ്മസ്വം’ തിരുവല്ല കുഞ്ഞുപിള്ള (1819-1894), കണ്ടിയൂര്‍ പപ്പുപിള്ള (-1893), ഈശ്വരപിള്ള  വിചാരിപ്പുകാര്‍ (1815-1874) എന്നീ നടന്മാരും വടക്ക് കുഞ്ചുക്കര്‍ത്താവ് (1829-1897), അറക്കല്‍ കേശവക്കുറുപ്പ് (1838-1902), അമ്പാട്ട് ശങ്കരമേനോന്‍ (1851-1894), കൊറാണത്ത്‌ അച്യുതമേനോന്‍ (1863-1927) എന്നീ നടന്മാരും ഇക്കാലഘട്ടത്തില്‍ നളചരിതത്തില്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്നു. പ്രധാനമായും  നളചരിതം രണ്ടാം ദിവസമായിരുന്നു ഈ കാലഘട്ടത്തില്‍ പ്രചാരത്തിലുണ്ടായിരുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും നളചരിതത്തിനു അഭൂതപൂര്‍വമായ വികാസവും പ്രചാരണവും ഉണ്ടായിട്ടുണ്ട്.

ഒന്നും മൂന്നും നാലും ദിവസങ്ങളും അരങ്ങിലെത്തുന്നത് ഈ കാലഘട്ടത്തിലാണ്.  ഈ കാലഘട്ടത്തില്‍ നളചരിതത്തിന്റെ വികാസപരിണാമങ്ങള്‍ക്ക്  ചുക്കാന്‍ പിടിച്ചത് കലാനിപുണനും പ്രഥമ കഥകളി നാട്യശാസ്ത്ര ഗ്രന്ഥമായ ‘കഥകളി പ്രകാശിക’ യുടെ കര്‍ത്താവുമായ   മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കരും അദ്ദേഹത്തിന്‍റെ ശിഷ്യരും സഹനടന്മാരും ആയിരുന്നു.  തോട്ടം ശങ്കരന്‍  നമ്പൂതിരിയും ഗുരുകുഞ്ചുക്കുറുപ്പും ഇതില്‍ പ്രധാനികളായിരുന്നു. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു (1903) തിരുവിതാംകൂറില്‍ അഭയം തേടിയ പ്രസിദ്ധ കഥകളി നടന്‍ കാവുങ്ങല്‍ ശങ്കരപ്പണിക്കര്‍ ഇക്കാലത്ത് പത്തുവര്‍ഷത്തോളം മാത്തൂര്‍ കളരിയില്‍ മാത്തൂരിന്റെ സന്തത സഹചാരിയും സഹകാരിയും ആയി കഴിഞ്ഞു കൂടിയിരുന്നു. നളചരിതം  കഥകളിയില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ മാത്തൂരുമായുള്ള ഈ നീണ്ട സഹവാസം ശങ്കരപ്പണിക്കരെ സഹായിച്ചിരിക്കാം. അതിപ്രഗല്ഭനായിരുന്ന ശങ്കരപ്പണിക്കര്‍ ഈ കാലയളവില്‍ മാത്തൂരിനും തോട്ടത്തിനും ഗുരുകുഞ്ചുക്കുറുപ്പിനുമൊപ്പം ഉത്തരകേരളത്തില്‍ നളചരിതപ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഈ പ്രതാപകാലത്തിനുശേഷം 1940 നു ശേഷമാണ് നളചരിതത്തിനു ഇന്ന് കാണുന്ന നിലയിലേക്കുള്ള അഭൂതപൂര്‍വമായ വളര്‍ച്ചയും ജനസമ്മതിയും ഉണ്ടാകുന്നത്.തെക്ക് നിന്നുള്ള ഈ നളചരിത ജൈത്രയാത്രയ്ക്കു ചുക്കാന്‍ പിടിച്ചത് മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന്‍ നായര്‍, കുറിച്ചി കുഞ്ഞന്‍പണിക്കര്‍ എന്ന മൂന്നു നടനപ്രതിഭകളും  ഇറവങ്കര നീലനീലകണ്ഠന്‍ ഉണ്ണിത്താന്‍ എന്ന ഗായകനും ആയിരുന്നു. രസാഭിനയ നിപുണനായ കലാമണ്ഡലം കൃഷ്ണന്‍നായരും ഇവരോടൊപ്പം കൂടിയതോടെ നളചരിതം തെക്കന്‍ കേരളത്തില്‍ കഥകളിപ്രേമികളുടെ ഹരമായി മാറി. കേരളത്തിന്റെ തെക്കും നടുക്കും വടക്കും ഒരുപോലെ ഇവര്‍ നളചരിതം അവതരിപ്പിച്ചു ജനപ്രിയമാക്കി. കഥകളി ഗാനഗന്ധര്‍വനായിരുന്ന ചേര്‍ത്തല കുട്ടപ്പക്കുറുപ്പിന്റെ പാട്ടും നളചരിത നവോത്ഥാനത്തിനു ഇക്കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. മധ്യ-ഉത്തരകേരളത്തില്‍ ഈ നളചരിത ജൈത്യയാത്രക്ക് നേതൃത്വം നല്‍കിയവരില്‍ പ്രഥമഗണനീയന്‍ പ്രതിഭാധനനായ വാഴേങ്കട കുഞ്ചുനായര്‍ ആയിരുന്നു. കലാമണ്ഡലം നമ്പീശനും അദ്ദേഹത്തിന്‍റെ ശിഷ്യരും അടങ്ങുന്ന ഗായകസംഘവും ഈ നളചരിതമുന്നേറ്റത്തിനു വലിയ സംഭാവനകള്‍ നല്‍കി. ഇന്ന് കലാമണ്ഡലം ഗോപിയില്‍ കൂടി ആ പരമ്പര തുടരുന്നു. പുരുഷ മേധാവിത്വമുള്ള കഥകളിയില്‍ സ്ത്രീ കഥാപാത്രങ്ങളെ അപ്രധാനികളായി കണ്ടതിനാലാകാം ദമയന്തിവേഷം കെട്ടിയ നടന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഗ്രന്ഥങ്ങളില്‍ നന്നേ കുറവാണ്. ദമയന്തിവേഷത്തില്‍ പ്രഗല്ഭനായിരുന്ന തിരുവല്ലക്കാരന്‍ നാരായണപിള്ള എന്ന നടനെ ‘ദമയന്തി നാരായണപിള്ള’ എന്ന് പേര് നല്‍കി വിശാഖം തിരുനാള്‍ മഹാരാജാവ്  ആദരിച്ചിട്ടുണ്ട്. അതിനുശേഷം എടുത്തുപറയാന്‍ കഴിയുന്ന പേരുകള്‍ കുടമാളൂര്‍ കരുണാകരന്‍നായരുടെയും ചിറക്കര മാധവന്‍കുട്ടിയുടെയും കോട്ടക്കല്‍ ശിവരാമാന്റെയും ആണ്. കലാമണ്ഡലം രാജശേഖരനും മാര്‍ഗി വിജയകുമാറും ഇന്നിവരുടെ പാത പിന്തുടരുന്ന ദമയന്തി നടന്മാരാണ്. നളചരിതത്തിലെ പ്രധാന വേഷങ്ങളിലൊന്നായ ഹംസത്തിനെ കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ അനശ്വരമാക്കി. ഇദ്ദേഹത്തിനു ശേഷം ഓയൂര്‍ കൊച്ചുഗോവിന്ദപിള്ളയും വൈക്കം  കരുണാകരന്‍ നായരും ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയും ഈ വേഷത്തെ ജനപ്രിയമാക്കി.

നളനുണ്ണിയുടെ ഉത്തരകേരള പര്യടനത്തിനുശേഷം മദ്ധ്യ-ഉത്തര കേരളത്തിലെ പല കഥകളി കലാകാരന്മാരും നളചരിതം പഠിക്കുകയും നളചരിതാവതരണത്തില്‍  പ്രഗല്ഭാന്മാരാകുകയും ചെയ്തിട്ടുണ്ട് എങ്കിലും ചിട്ടപ്രധാനമായ കോട്ടയം കഥകളിലും അതുപോലെയുള്ള മറ്റു കഥകളിലും കൂടുതല്‍ താത്പര്യം കാണിച്ചിരുന്ന അവിടങ്ങളിലെ കലാകാരന്മാരും കഥകളിപ്രേമികളും രസാഭിനയപ്രധാനമായ നളചരിതത്തിന്റെ പ്രസിദ്ധിക്കുതകുന്നവിധത്തില്‍ എന്തെങ്കിലും ചെയ്യുക ഉണ്ടായി എന്ന് പറയാന്‍ കഴിയില്ല. മദ്ധ്യകേരളത്തില്‍ ഇതിനൊരപവാദം കലാകോവിദനായ പദ്മശ്രീ വാഴേങ്കട കുഞ്ചുനായര്‍ മാത്രമായിരുന്നു. കപ്ലിങ്ങാടന്‍ ശൈലിയുടെ പ്രയോക്താക്കളും നളചരിതസ്നേഹികളും ആയിരുന്ന കാവുങ്ങല്‍ പണിക്കര്‍മാരും ഉത്തരകേരളത്തിലെ നളചരിതപ്രചരണത്തിനു ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കി.

നളചരിതസ്നേഹികളായ ഈ ചില നടനപ്രതിഭകളുടെ സംഭാവനകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 1700-)o മാണ്ടിനടുത്ത് നളചരിതം ആട്ടക്കഥ ഉണ്ടായതു മുതല്‍ ഏതാണ്ട് രണ്ടര ശതാബ്ദകാലത്തോളം അതിന്റെ വികാസപരിണാമങ്ങള്‍ മിക്കതും  സംഭവിച്ചിരിക്കുന്നത് തെക്കന്‍ കേരളത്തില്‍ ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴക്കടുത്തുള്ള  തകഴി,നെടുമുടി എന്നീ പ്രദേശങ്ങളിലും അടുത്ത പ്രദേശങ്ങളായ കുറിച്ചി, ആറന്മുള, തിരുവല്ല, മാവേലിക്കര എന്നിവിടങ്ങളിലും ആണെന്ന്  കാണാം.  സ്വാഭാവികമായും ഒരു ചോദ്യം ഉദിക്കുന്നു, എന്തായിരിക്കാം ഇക്കഥ ഈ പ്രദേശങ്ങളില്‍ ആവിര്‍ഭവിക്കാന്‍ കാരണം? കോട്ടയം കഥകളില്‍ നിന്നും ഘടനാപരമായും കലാപരമായും വളരെ വ്യത്യസ്തത പുലര്‍ത്തുന്ന   നളചരിതം പോലൊരു കഥ തെക്കന്‍കേരളത്തിന്റെ കുട്ടനാടന്‍ പ്രദേശങ്ങളില്‍ പടര്‍ന്നു പന്തലിക്കുവാനുള്ള ചരിത്രസാഹചര്യം എന്തായിരിക്കാം? ഇപ്പറഞ്ഞ  സ്ഥലങ്ങള്‍,  കപ്ലിങ്ങാടന്‍  പരിഷ്കാരങ്ങള്‍  സ്വീകരിച്ചു  വളര്‍ന്ന   കഥകളിയുടെ    ‘തെക്കന്‍ചിട്ട’  എന്ന  സമ്പ്രദായത്തിന്റെ പ്രഭവസ്ഥലികളാണെന്നുകാണുമ്പോള്‍ പുരോഗമനാശയപരമായ കപ്ലിങ്ങാടന്‍ സമ്പ്രദായത്തെയും ഇതിവൃത്തപരമായി വിപ്ലവകരം എന്ന്  വിശേഷിപ്പിക്കാവുന്ന നളചരിതം പോലൊരു ആട്ടക്കഥയെയും നെഞ്ചിലേറ്റാന്‍ പോന്ന ഒരു  സാമൂഹ്യ സാഹചര്യം പണ്ട് മുതല്‍ക്കേ ഈ കുട്ടനാടന്‍ പ്രദേശങ്ങളില്‍ നിലനിന്നിരുന്നുവെന്ന് ചിന്തിക്കേണ്ടതായി വരും. അതെന്തായിരിക്കാമെന്നു നമുക്കൊന്ന് അന്വേഷിക്കാം. ഈ പ്രദേശങ്ങള്‍ക്കടുത്തു  ജനിച്ചു പഠിച്ചു വളര്‍ന്ന എനിക്ക് സ്വാഭാവികമായും ഈ അന്വേഷണത്തില്‍ വിശേഷ താത്പര്യം ഉണ്ട്.


അവലംബം:
നളചരിതം ആട്ടക്കഥ ‘കൈരളീ വ്യാഖ്യാനം’:പ്രൊഫ.പന്മന രാമചന്ദ്രന്‍ നായര്‍
കഥകളി സ്വരൂപം: മങ്കൊമ്പ് ശിവശങ്കരപിള്ള
കഥകളി രംഗം: കെ.പി.എസ്. മേനോന്‍

 


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder