സുഗതകുമാരി

July 26, 2011 

കുറച്ചു വർ‌ഷം  കൂടിയാണ് ‘ നളചരിതം നാലാം ദിവസം’ കഥകളി കാണുന്നത്.  തിരുവനന്തപുരത്ത് ‘ദൃശ്യവേദി’ ഒരുക്കിയ അരങ്ങ്, കലാമണ്ഡലം ഗോപിയുടെയും കോട്ടക്കല്‍ ശിവരാമാന്റെയും മാര്‍ഗി വിജയന്റെയും ശുദ്ധസുന്ദരമായ ഭാവാഭിനയത്തിലൂടെ ഹരിദാസിന്റെ സ്ഫുടമധുരമായ ഗാനാലാപത്തിലൂടെ, മേളവാദ്യങ്ങളുടെ താളപ്പോലിമയിലൂടെ ഭീമരാജധാനിയിലെ അന്തഃപുരവും കുതിരപ്പന്തിയും, സുപരിചിതമായ തേരുരുള്‍ ഒച്ച കേട്ട് സര്‍വാംഗപുളകിതയായ ദമയന്തിയും നിപുണയായ കേശിനിയും , കലിമാറിയെങ്കിലും കറുപ്പുമാറാത്ത നളനരവരനും, കണ്‍ മുന്നില്‍ തെളിഞ്ഞുണര്‍ന്നു നിറഞ്ഞു.  ദുഃഖവും ആശങ്കയും അവമാനവും ക്രോധവും ഹര്‍ഷവുമെല്ലാം ഭാവപൂര്‍ണതയോടെ  അവതരിപ്പിക്കപ്പെട്ട ആ ആടിത്തെളിഞ്ഞവരുടേതായ അരങ്ങില്‍ ഇത്തവണ എന്നെ അസ്വസ്ഥയാക്കിയത് ‘മര്‍മദാരണ’മായ വിരഹകാലം കഴിഞ്ഞ നളദമയന്തിമാരുടെ പുന:സമാഗമാസമുഹൂര്‍ത്തമാണ്.  ആട്ടപ്രകാരം തന്നെയാവട്ടെ..

പീഠത്തില്‍ ചിന്താകുലനായിരിക്കുന്ന നളന്റെ സവിധത്തില്‍ അധീരയും സംഭ്രാന്തയുമായി ദമയന്തി പ്രവേശിക്കുന്നു.  മൂടുപടം തെല്ലുയര്‍ത്തി നോക്കിക്കൊണ്ട് മുന്നില്‍ വന്നു വിവശയായി നില്‍ക്കുന്ന പ്രണയിനീരൂപം കണ്ട് ഹർഷപുളകിതനാകുന്നെങ്കിലും നളന്‍ നിസ്സംഗഭാവം വിടുന്നില്ല.  ദമയന്തി കണ്ണീരൊഴുക്കികൊണ്ട് കരളലിയുംവണ്ണം ചോദിക്കുകയാണ്.

“എങ്ങാനുമുണ്ടോ കണ്ടു
തുംഗാനുഭാവനം നിന്‍
ചങ്ങാതിയായുള്ളവനെ?…..”

വേര്‍പാടിന്‍റെ ദുഃഖാഗ്നിയില്‍ മുങ്ങിമരിക്കുകയാണ് ഞാന്‍ – എനിക്കിനിയീ വ്യഥ പൊറുക്കാനാവില്ല.  അവിടുത്തേക്കറിയുമോ? മഹാനുഭാവ പറഞ്ഞാലും, എവിടെയുണ്ട് അദ്ദേഹം?

പ്രാണപ്രേയസി കൂപ്പുകൈയുമായി വന്നു മുന്നില്‍ നില്‍ക്കവേ ആനന്ദതുന്ദിലനായിത്തീരുന്ന നളന്‍, “ആപത്തില്‍പ്പെട്ടവരെങ്കിലും ഞാനിതാ ആനന്ദം നിറഞ്ഞവനായി,  ശിവചിന്ത ചെയ്യുന്നവര്‍ക്ക് നാശം വരികയില്ലെന്നു നിശ്ചയമത്രേ. കലിബാധയേറ്റ ഞാന്‍ നാടു വെടിഞ്ഞു, വനവാസിയായി.  നിന്റെയരികില്‍ ഇതാ വീണ്ടും എത്തിയിരിക്കുന്നു.  ഇനി വേര്‍പാടില്ല”.  എന്നൊക്കെ നല്ല വാക്കില്‍ തുടങ്ങി, ആചാരവും വചനവുമൊക്കെ ശ്രദ്ധിച്ചാല്‍ ഇത് നൈഷധന്‍ തന്നെയാണ് ബോധ്യമാവുന്നെങ്കിലും എവിടെപ്പോയി ആ ‘ശോഭാരംഗമായ അംഗ ‘മെന്നു ചിന്താകുലയായും പ്രേമാനുരാഗിണിയായും ആകെ പരവശയായി നില്‍ക്കുന്ന ഭൈമിയുടെ മുന്നില്‍, കാര്‍ക്കോടകന്‍ നല്‍കിയ ദിവ്യവസ്ത്രം ധരിച്ച് സ്വരൂപം വീണ്ടെടുത്ത് അതാ നളന്‍ തിളങ്ങി നില്‍ക്കുകയായി.  ഏറെക്കാലമായി കാണുവാന്‍ തപിച്ചു കാത്ത പ്രിയതമ രൂപം കണ്ട് എല്ലാം മറന്നു പൊട്ടിക്കരഞ്ഞുകൊണ്ട് ഇരുകൈയും നീട്ടിക്കൊണ്ടു ദമയന്തി മുന്നോട്ടോടിച്ചെല്ലുകയാണ്.  അപ്പോള്‍ കണ്ടിരിക്കുന്ന മൂഢരായ നാം എന്ത് പ്രതീക്ഷിക്കും?  കരയരുതേ എന്ന് പറഞ്ഞുകൊണ്ട് നളന്‍ ഇരു കൈയും നീട്ടി പ്രണയിനിയെ വാരിപ്പുണരുമെന്നോ?  ആ കണ്ണുനീര്‍ തുടച്ചുകൊണ്ട് സ്വയം പൊട്ടിക്കരയുമെന്നോ?  ഇന്ദ്രാദി ദേവകള്‍ മോഹിച്ചു വന്നു സ്വര്‍ഗം തന്നെ കാല്‍ക്കല്‍ വെച്ചിട്ടും അതിലൊന്നും മനമിളകാതെ തന്നില്‍ അനുരാഗിണിയായി വന്നവളാണ് ഈ മോഹനാംഗിയെന്നും ചൂതുകളിച്ചു താന്‍ നാടും വീടും മുടിച്ചു തുടങ്ങിയപ്പോള്‍ എത്ര വിലക്കിയിട്ടും ഫലമില്ലാതെ “കാണുംപോന്നു പുറത്തുനിന്നും കരയും” എന്ന മട്ടില്‍ വിഷമിച്ചുവെങ്കിലും സര്‍വസ്വവും നഷ്ടമായപ്പോള്‍ മക്കളേയും കൊണ്ട് അച്ഛനമ്മമാരുടെ കൊട്ടാരത്തിലേക്ക് പോകേണ്ടതിന്നു പകരം അവരെയും പിരിഞ്ഞു ഉടുത്ത വസ്ത്രത്തോടെ തന്റെ പിന്നാലെ കല്ലും മുള്ളും ചവിട്ടി നടന്നു പോന്നവളാണ് ഈ മഹാറാണിയെന്നും കാട്ടില്‍ നടന്നു തളര്‍ന്നും വിശന്നും ഉറങ്ങിപ്പോയ അവളുടെ ഉടുപുടവയില്‍ പാതികീറിഎടുത്തു “ഭൈരവാണി സാരവഭേരവാണി ഘോരകാനന‍” ത്തില്‍ അര്‍ദ്ധരാത്രിയില്‍ ഭീരുവായ ഇവളെ ഒറ്റയ്ക്ക്‌ വെടിഞ്ഞുപോന്നിട്ടും ഈ പാവം ‘വിഷ്ണുഭക്തിയാലും ‘വൃത്തശുദ്ധി’ യാലും രക്ഷപ്പെട്ടുവല്ലോ. എന്നുമെല്ലാം ഓര്‍മ്മിച്ചു പശ്ചാത്താപവും ദുഃഖവും ആനന്ദവും കൊണ്ട് പരമ വിവശനായി പ്രേമവതിയായി ധര്‍മപത്നിയുടെ പാദങ്ങളില്‍ വീണു കെട്ടിപ്പിടിച്ചു തേങ്ങിതേങ്ങി കരയുമെന്നോ?  അല്ലേ അല്ല!  സംഭവിച്ചത് ഇതൊന്നുമല്ല.  അദ്ദേഹം വെട്ടിത്തിരിഞ്ഞ് ചവിട്ടിക്കുലുക്കി ഓരൊറ്റനില്‍പ്പ് “അധമേ മാറിനില്‍ക്ക്!” എന്ന് ഒരൊറ്റ ആട്ടും.  “ഛായ്!, തോട്ടുപോകരുതെന്നെ! ദൂരെപ്പോ നിന്നെ എനിക്കറിഞ്ഞുകൂടെ! നീയൊരു സ്ത്രീയല്ലേ!  പെണ്ണുങ്ങളുടെ മനസ്സിലെ കുടിലത ആര്‍ക്ക്  ആണറിഞ്ഞുകൂടാത്തത്?  ഞാന്‍ അപരാധം ചെയ്തുവെങ്കിലും അതെന്റെ കുറ്റമല്ല, നീ ചെയ്തതാണ് അധികതരമായ അധര്‍മ്മം.”

“തരുണീനാം മനസ്സില്‍ മേവും കുടിലങ്ങള്‍ ആരറിഞ്ഞു?“
“നന്നിത് നിന്‍ തൊഴില്‍ നിര്‍ണയം“
“തവ തുമതം മമ വിദിതം “
“മാറി നില്‍ക്ക് പോ പോ!”
ഇതൊന്നും പോരാഞ്ഞപോലെ തീരെ നീചമായ ഭാഷയിലുള്ള ഈ ഭർ‌സനം കേള്‍ക്കുക

“ഇതരം ദയിതം ഉചിതം രുചിതം, പോയി ഭാജിക്ക്”

കഴിഞ്ഞില്ല, ആ ഋതുപര്‍ണ രാജവുണ്ടല്ലോ,

“രതിരണ വിഹരണ വിതരണ
ചണനവൻ അണക നീയവനോട്,

ഇതിന്റെ ഗ്രാമ്യമായ അര്‍ത്ഥവ്യാപ്തി ഊഹിച്ചുകൊള്ളുക.  എഴുതാന്‍ കൊള്ളുകയില്ലല്ലോ.  ഈ നളന്‍ തന്നെ ഒരിക്കല്‍ സ്വയംവരാഘോഷ വേളയിൽ ഈ രാജധാനിയില്‍ എഴുന്നള്ളിയിട്ടുണ്ടെന്നും ഓര്‍ക്കുക.  നാനാ ദേശത്തുനിന്നും രാജാക്കന്മാര്‍ ‘വന്നുവന്ന് നിറഞ്ഞുകുണ്ഡിനം‘ എന്ന് കേട്ട വാര്‍ത്ത കപടമാണെന്നും തന്റെ യജമാനനല്ലതെ മറ്റൊരു രാജന്യനും അവിടെയെങ്ങുമില്ലെന്നും ആളും അലങ്കാരവുമൊന്നും കാണുന്നില്ലെന്നും അറിയാന്‍ ഇദ്ദേഹത്തിനു കണ്ണില്ലേ? ആലോചിക്കാന്‍ “ഊർജിതാശയനായ” ഇദ്ദേഹത്തിനു ബുദ്ധിയില്ലേ?  താന്‍ തന്നെ “ഭർതൃബുദ്ധി” യെന്ന് അറിഞ്ഞു ബഹുമാനിച്ചിരുന്ന പത്നിയുടെ ബുദ്ധികൌശലമാവാം തന്നെ ഇവിടെ വരുത്തിയതെന്ന് ഊഹിക്കുവാനുള്ള സാമാന്യവിവരം പോലുമില്ലേ?

“വേണ്ട വേണ്ട! നിന്നെ എനിക്കിനി വേണ്ട!” ഗോപിയുടെ നളന്‍ ക്രോധരക്താക്ഷനായി വീണ്ടും വീണ്ടും ദയന്തിയെ ആട്ടിയകറ്റി ചവിട്ടിത്തകർത്തു.

ഇറങ്ങാത്ത കലി

കണ്ടിരുന്ന എനിക്ക് പെട്ടെന്ന് ന്യായമായ ഒരു സംശയം തോന്നി.  വാസ്തവത്തില്‍ ഈ മനുഷ്യന്റെ ദേഹത്തുനിന്നും കലി ഒഴിഞ്ഞുപോയ്ക്കഴിഞ്ഞുവോ?  ഇല്ലെന്നാണല്ലോ ഈ ഭാവഹാവങ്ങളും ക്രോധഗര്‍ജജനങ്ങളും സാക്ഷാല്‍ കലി തുള്ളലും വ്യക്തമാക്കുന്നത്!

പാവം ദാമയന്തിയോ?  കണ്ണുനീര്‍ പുഴപോലെയൊഴുകുന്നുവെങ്കിലും ചിരപ്രതീക്ഷിതമായ പ്രിയദർശനത്താല്‍ “ആർത്താനന്ദാതിരേകാല്‍’ ആ “കാൽത്തളിർ ‌കുമ്പിട്ട്” കളമൊഴികളാൽ പിന്നേയും പിന്നേയും അർച്ചിക്കുകയാണ്.

“നാഥ നിന്നെ കാണാഞ്ഞു
ഭീത ഞാന്‍ കണ്ട വഴി
ഏതാകിലെന്തു ദോഷം?….

എന്നോട് പൊറുക്കേണമേ, സത്യമായും ഇത് രണ്ടാം വേളിക്കുള്ള ശ്രമം ആയിരുന്നില്ല.  അങ്ങനെ വരുത്താനുള്ള ഒരു ഉപായം മാത്രമായിരുന്നു.  ഞാന്‍ അപരാധിയല്ല.  എന്റെ മാതാവാണ് ഇതിനു സാക്ഷി.  സത്യം…സത്യം…

നളന്‍ ഗർ‌ജ്ജിക്കുന്നു.  “നിന്റെ മാതാവ് ! നിന്റെ അമ്മയല്ലേ അവര്‍?  അവരും കുടിലത നിറഞ്ഞ ഒരു സ്ത്രീ മാത്രമല്ലേ?”  ദമയന്തി നളപാദത്തില്‍ത്തന്നെ വീണു കിടക്കുകയാണ്.

“ഉടല്‍ പൂണ്ട കാമാദേവനെപ്പോലുള്ള അവിടുത്തെ ഒരു നോക്കുകാണാന്‍ വേണ്ടി ഞാന്‍ ചെയ്ത സാഹസത്തിനു മാപ്പു നല്കേണമേ.  ഞാനൊരു പിഴയും ചെയ്തിട്ടില്ല.  മറ്റാരെപ്പറ്റിയും ഞാന്‍ ചിന്തിച്ചിട്ടുപോലും ഇല്ലേ, നാഥാ എന്നെ സ്വീകരിക്കേണമേ, ഞാന്‍ പറയുന്നത് സത്യം, സത്യം.”

പക്ഷെ നളനുണ്ടോ വഴങ്ങുന്നു!.  “ദൂരെപ്പോ, നിന്നെ എനിക്കിനി വേണ്ടേ വേണ്ട” എന്ന് മുദ്രകാട്ടി മുഖം തിരിച്ചു കടുപ്പിച്ചൊരു നിലയാണ്.  “സ്വൈരിണീ സംഗമകലുഷം” ഒഴിവാക്കാൻ ഇച്ഛിച്ച്! വിശ്വാസം വെടിഞ്ഞ്..!

ഇവിടെ ഒരു ഉഗ്രന്‍ ട്രാജഡിയില്‍ കഥ അവസാനിക്കേണ്ടതല്ലേ?  ആ സ്വൈരിണീ എന്ന പദം തന്നെ നോക്കുക.  ഇതിലും അധമമായി, ക്രൂരമായി മറ്റെന്തുണ്ട്!(രാജകുമാരാ, ആ സ്വൈരിണീ പദം അങ്ങയുടെ മഹത്വത്തെ എത്ര തന്നെ തരാം താഴ്ത്തുന്നു എന്നറിയുന്നുണ്ടോ?” – രാമരാജബഹദൂരില്‍ സാവിത്രിക്കുട്ടി).  ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ  ഒരു സ്ത്രീ കുറേക്കാലം കഴിഞ്ഞു ഒരു രണ്ടാം വിവാഹത്തിനു മുതിർന്നാല്‍ താനേ അവള്‍ ‘സ്വൈരിണി’ ആവുന്നതെങ്ങനെ എന്ന ചോദ്യത്തിന്നു ഇവിടെ പ്രസക്തിയുണ്ട്.  ഒരു സംശയം കൂടി.  ഈ കുടിലമനസ്കയായ “സ്വൈരിണി”യുടെ ശാപമേറ്റ് തപിച്ചാണല്ലോ തന്റെയുള്ളില്‍ നിന്ന് കലി അവശനായി ഇറങ്ങിപ്പോയത്?

“അവശം മാം വെടിഞ്ഞുപോയി”
തവ ശാപാക്രന്തനായി, കലിയകലെ”

പക്ഷെ ഒരു സംശയത്തിന്നും പ്രസക്തിയില്ല.  ദൂരേക്ക്‌ ചൂണ്ടിയ വിരലുമായി തുംഗാനുഭാവനനായ നളനരവരന്‍ മുഖം തിരിച്ചു ഒരൊറ്റ നില്‍പ്പാണ്.  ഭൈമിയാകട്ടേ ഭർതൃപാദങ്ങളിൽ പഴുതേ വീണുകേണു പിടക്കുന്നു.
അപ്പോഴുണ്ട് അതാ ഇടപെടുന്നു ദേവതകള്‍!  “ദമയന്തി അപരാധിനിയല്ല, സ്വീകരിക്കാന്‍ യോഗ്യതയാണ്” എന്ന അശരീരി “എന്താണ് ഞാന്‍ ശ്രവിക്കുന്നത്?” നളന്റെ കേള്‍ മുദ്ര – ഉടന്‍ അദേഹം പത്നിയെ സ്വീകരിക്കുന്നു!   ആരോ പൂക്കള്‍ വാരിച്ചൊരിയുന്നു!  മക്കളെ വിളിക്കുന്നു‍! സര്‍വം മംഗളം.  (ഒന്ന് ശ്രദ്ധിക്കുക, ദമയന്തിയുടെ വാക്ക് വിശ്വസിച്ചിട്ടല്ല.  ആകാശവാണി കേട്ടിട്ടാണ്  ഈ സ്വീകാര്യം.  ആരാണി ഈ വാണി കേൾപ്പിച്ചത്‌?  പണ്ട് ‘മനുഷ്യപുഴു’വെന്ന് കലി പരിഹസിച്ച തനിക്ക് വേണ്ടി ഈ ദമയന്തി ആരെ നിരാകരിച്ചുവോ, ആ ദേവന്മാര്‍ തന്നെയാണത്! ഇതിലും ക്രൂരമായ ഫലിതമുണ്ടോ?)

കളി കണ്ടിരുന്ന ഞാന്‍ അത്ഭുതത്തോടെ ആലോചിച്ചു പോയി.  ഇതിലധികമൊരു അനീതി, പുരുഷമേധാവിത്വത്തിന്റെ അധികാരഗർവ്, തികഞ്ഞ ധിക്കാരം മറ്റൊരിടത്ത് കാണാനുണ്ടോ?  രാത്രിക്ക് പീഡിപ്പിച്ച്, കൊടുങ്കാട്ടിൽ അര്‍ദ്ധരാത്രിയില്‍ നിര്‍ണയം  വെടിഞ്ഞു പോയ നിരപരാധിനിയായ പ്രിയപത്നിയോടു ഒരു വാക്ക് അദ്ദേഹം മാപ്പു പറയുന്നതും കേട്ടില്ല, കണ്ടില്ല – തനിക്ക് തെറ്റിപോയെന്നു ഒരു തെല്ലുനൊമ്പരം പോലും കണ്ടില്ല.  മറ്റാരോ പറഞ്ഞതുകൊണ്ട് മാത്രം സൌജന്യഭാവത്തിൽ ധര്‍മ പത്നിയെ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയെ സ്വീകരിക്കുന്നു!  എന്തോരൌദാര്യം! എന്തൊരു മഹാ മനസ്കതത!

തിരുത്തുകയല്ല; എങ്കിലും

മറ്റൊരു രീതിയിലായിരുന്നു ഈ രംഗം എന്ന് സങ്കല്‍പ്പിക്കുക.  ദമയന്തിയുടെ വിവശത കണ്ടും ‘എങ്ങാനുമുണ്ടോ കണ്ടു’ എന്ന ഹൃദയഭേദകമായ ചോദ്യം കേട്ടും ആകെ തളര്‍ന്ന നളന്‍ താന്‍ ആരെന്നു വെളിപ്പെടുത്തുന്നു.  പ്രിയയുടെ കണ്ണീരു തുടയ്ക്കാന്‍ മുന്നോട്ടായുന്നു.  ആളറിഞ്ഞുവെങ്കിലും ആകാരമറിയാത്തതിനാൽ ശങ്കാകുലയായ ആ പതിവ്രത പിന്നോട്ട് മാറുന്നു.  ദിവ്യവസ്ത്രം ധരിച്ചു സ്വരൂപം വീണ്ടെടുത്ത നളന്‍ ആനന്ദപുളകിതമായ പ്രിയാമുഖത്ത് ഒരു  നോക്കുനോക്കിയിട്ടു കണ്ണീരോടെ ആ കാല്‍ക്കല്‍ വീഴുന്നു, മാപ്പ് അപേക്ഷിക്കുന്നു.  സാധ്വിയായ ആ പതിദേവത ഭര്‍ത്താവിനെ എഴുന്നേല്‍പ്പിച്ചു മാറോടണച്ച് കണ്ണീരൊപ്പുന്നു.  ദുഃഖഹര്‍ഷങ്ങളിലൂടെ, കലിയുടെ ചതിയും രണ്ടാളും അനുഭവിച്ച കഷ്ടപ്പാടും രണ്ടാം സ്വയംവരനാടകവുമെല്ലാം അവര്‍ പരസ്പരം പറഞ്ഞു  ഉള്ളലിഞ്ഞു ഒരുമിക്കുന്നു.  ദേവതകൾ വേണമെങ്കില്‍ ഇവിടെ ഒരു പുഷ്പവൃഷ്ടി നടത്തികൊള്ളട്ടെ.

ഗരുഡപ്രൌഢിയാർന്ന ഉണ്ണായിവാര്യരെ  മെച്ചപ്പെടുത്താന്‍ മശകത്തിന്നെന്തുകാര്യം എന്ന് പണ്ഡിതന്മാര്‍ ചോദിച്ചേക്കാം.  ശരിയാണ്.  പക്ഷെ എന്തോ മഹാപാപം ചെയ്തു പോയ മട്ടില്‍ ‘യോഷമാര്‍ മകുടദൂഷ’ യായ ദമയന്തി തീരെ നിസ്സാരയെപ്പോലെ വീണ്ടും വീണ്ടും നളന്റെ കാല്‍ക്കല്‍ വീണു “എങ്ങായിരുന്നു? തുണ ഇങ്ങാരെനിക്കയ്യോ  ശൃംഗാരവീര്യ വാരിധേ” എന്ന് ഉരുണ്ടു കരയുന്നത് കണ്ടപ്പോള്‍ നാണക്കേട് തോന്നി.  ആ തുംഗാനുഭാവന്റെ ധാർമികരോഷം അതിര് കടന്നപ്പോള്‍ മഹാഭാരതത്തിലെ ശകുന്തളയെപ്പോലെ തിരിഞ്ഞു നിന്ന്

“കടുകിന്മാനി മാത്രമുള്ളൊരു പരദോഷ-
മുടനെ കാണുന്നു നീ, നിന്നുടെ ദോഷം പിന്നെ-
ക്കണ്ടാലും ഗജമാത്ര കാണുന്നീലേതും”
എന്നോ
“മേരുവും കടുകുമുള്ളന്തരമുണ്ട് നമ്മിൽ‍”
എന്നോ
“സജ്ജനനിന്ദകൊണ്ട് ദുര്‍ജ്ജനം സന്തോഷിപ്പൂ”
എന്നോ,
“ച്ഛായ്, നിര്‍ത്തൂ, തേരില്‍ കയറി വന്നവഴിക്കു പോയ്ക്കൊള്ളുക. കലിയുടെ നിഴൽ കൂടി മാറി ബുദ്ധി കുറേകൂടി തെളിഞ്ഞിട്ടു വാരാന്‍ തോന്നുന്നെങ്കില്‍ വന്നാല്‍ മതി!”  എന്നോ, പറയാൻ വൃത്തശുദ്ധിയും ഭർത്തൃബുദ്ധിയും കൃത്യസക്തിയും വേണ്ടുവോളമുള്ള ദമയന്തിക്ക് കഴിഞ്ഞില്ലല്ലോ എന്ന ഖേദവും തോന്നി.

(“മുഖരാഗം” എന്ന 1996 കോട്ടയ്ക്കൽ ശിവരാമൻ ഷഷ്ടിപൂർത്തി സ്മരണികയിൽ പ്രസിദ്ധീകരിച്ചതിന്റെ പുനഃപ്രസിദ്ധീകരണം. ഡിജിറ്റൈസ് ചെയ്തത്: ശ്രീ മുരളി കണ്ടഞ്ചാത)


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder