വാഴേങ്കട കുഞ്ചു നായർ

July 24, 2012

ഇന്നു ജീവിച്ചിരിക്കുന്ന കഥകളിക്കാരിൽ കീഴ്പ്പടത്തിൽ കുമാരൻ നായരെയാണ്‌ എനിയ്ക്കേറ്റവും ബഹുമാനം. കഥകളിയുടെ ആവിഷ്കാര പ്രകാരത്തിൽ ഇത്രത്തോളം മനസ്സുചെല്ലുന്നവരായി ഇന്നാരും തന്നെ ഇല്ല എന്നതാകുന്നു എന്റെ ഉള്ളുറച്ചവിശ്വാസം.

വാഴേങ്കട ക്ഷേത്രത്തിലെ അഗ്രശാലയിൽ നടത്തിവന്നിരുന്ന, അഭിവന്ദ്യനായ ശ്രീ പട്ടിയ്ക്കാംതൊടി ഗുരുനാഥന്റെ കളരിയിൽ ഞങ്ങൾ സബ്രഹ്മചാരികളായിരുന്നു. ശ്രീ ചന്തുപ്പണിയ്ക്കരുടെ ശിഷ്യത്വവും ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌.

കഥകളിയിൽ പ്രവർത്തിച്ചുകൊണ്ട്‌ ജീവിപ്പാൻ വഴി കാണാതെ വലഞ്ഞ്‌ ഇദ്ദേഹം മറുനാട്ടിലായിരുന്നു കുറേക്കാലം. അവിടെ വെച്ച്‌ ദക്ഷിണഭാരതത്തിലെ ശാസ്ത്രീയലാസ്യത്തിൽ പെടുന്ന ഭരതനാട്യത്തിലും ഇദ്ദേഹം അവഗാഹം സമ്പാദിച്ചു.

രാമുണ്ണിമേനോനാശാന്ന്‌ രാവുണ്ണിനായരെ കഴിഞ്ഞാൽ പിന്നെ കുമാരൻ നായരെയായിരുന്നു കാര്യം. അതിൽ എനിയ്ക്കസൂയ തോന്നിയിട്ടുള്ള കാര്യവും ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു. ആശാന്ന്‌ കൃത്യമായി സാമ്പത്തികസഹായങ്ങൾ, വിശിഷ്യാ അദ്ദേഹത്തിന്റെ അവസാനകാലങ്ങളിൽ, ചെയ്തുപോന്നിട്ടുള്ളത്‌ കെ.ആർ. മാത്രമായിരുന്നു എന്നാണ്‌ എന്റെ അറിവ്‌. അദ്ദേഹവും രാവുണ്ണിനായരുമാണ്‌ ആശാന്റെ സംസ്കാരക്രിയയിൽ ഭാഗഭാക്കുകളാകാൻ ഭാഗ്യം സിദ്ധിച്ച ശിഷ്യന്മാർ.

ശ്രീ കെ.ആറിന്റെ സവ്യസാചിത്വം പ്രസ്ഫുടമായി അസ്മാദൃശർ ദർശിക്കുന്നത്‌ നൃത്യപ്രകാരത്തിലാണ്‌. കലാശങ്ങളിലൂടേയും നിലകളിലൂടേയും ഭാവത്തെ എങ്ങിനെയൊക്കെ ഉന്മിഷിതമാക്കാം എന്നറിയണമെങ്കിൽ കുമാരൻ നായരുടെ ബ്രാഹ്മണൻ, ദുർവ്വാസാവ്‌, കാട്ടാളൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ അരങ്ങത്ത്‌ പ്രവർത്തിക്കുന്നത്‌ നിപുണ നേത്രങ്ങൾക്ക്‌ ഒരിക്കൽ കണ്ടാൽ മതിയാകും എന്ന്‌ ഈയുള്ളവൻ ദൃഢമായി വിശ്വസിക്കുന്നു. ഇതിന്റെ കാരണവും തുലോം വ്യക്തമാണെന്നു പറയാതെ തന്നെ മനസ്സിലാക്കാം. താളവിഷയത്തിൽ കീഴ്പ്പടത്തെപ്പോലെ ഉറപ്പുള്ള ഒരു കഥകളി നടൻ ഇന്നു ജീവിച്ചിരിപ്പില്ല എന്നു നിശ്ചയം. എന്റെ സ്മരണയിൽ പണ്ടും ആരും ഇത്രത്തോളം താളജ്ഞാനം ഉറച്ചതായി ഉണ്ടായിരുന്നില്ല.

അതുകൊണ്ട്‌ സഹനടന്മാർക്കും മേളക്കാർക്കും പാട്ടുകാർക്കുമാണ്‌ കഷ്ടപ്പാട്‌. എപ്പോഴും താളത്തിൽ എന്തെങ്കിലും കുസൃതികാട്ടാൻ അദ്ദേഹത്തിനുള്ള വാസന കലശലാണ്‌. ചിലപ്പോൾ അത്‌ രോചകമായേയ്ക്കുമെങ്കിലും പലപ്പോഴും അരോചകവുമാവും. ഉദാഹരഹണത്തിന്, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ നഷ്ടപ്പെട്ട പുത്രന്മാരെ എണ്ണുമ്പോൾ സ്വീകരിക്കുന്ന നടകൾ തന്നെ. അവയ്ക്ക്‌ അപൂർവ്വത ഉണ്ടായിരിക്കാം. എന്നാൽ അഭിരാമത ഒട്ടുമേയില്ല. മേളക്കാരെ കുണ്ടിൽ ചാടിയ്ക്കാനുള്ള ഒരു വഴി – അത്ര തന്നെ. എന്നാൽ യുദ്ധവട്ടത്തിൽ അദ്ദേഹം വരുത്തിയ മാറ്റം എത്രയും ഹൃദ്യവുമാണ്‌.

ഇത്രയൊക്കെ ഇങ്ങിനെ എഴുതിവെയ്ക്കാനുണ്ടായ കാരണം, ഇന്നലെ അദ്ദേഹം എന്റെ വീട്ടിൽ വന്നു വിസ്തരിച്ചു വെടിവട്ടവുമായി കൂടിയതാണ്‌. കഥകളി വിഷയത്തിൽ എന്തുകാര്യം പറഞ്ഞാലും ഞങ്ങൾ തമ്മിൽ ഒരു കാലത്തും യോജിക്കാൻ പറ്റാത്ത അകലമുണ്ടാവും. എന്നാലും ആ വക സന്ദർഭങ്ങളൊക്കെ ഓരോ ഉത്സവമായിട്ടാണ്‌ എനിയ്ക്ക്‌ തോന്നാറ്‌. കലാവിഷയകമായി ഈ മനുഷ്യൻ നേടിയിട്ടുള്ള ബൃഹത്തായ വിജ്ഞാനത്തിന്റെ മുമ്പിൽ അമ്പരന്നുകൊണ്ടാണ്‌ ഓരോ സംഭാഷണങ്ങളും അവസാനിയ്ക്കുക പതിവ്‌. അഹോ! ഇങ്ങിനെയുള്ളവർ എത്ര ദുർലഭം! ഹിരണ്യലോഭമോഹിതരായി കഥകളി കൊണ്ടുനടക്കുന്നവർക്കിടയിൽ ഇത്തരം ചില അപൂർവ്വവ്യക്തികൾ കൂടി അവിടവിടെ ഉള്ളത്‌ എത്രയോ ആശ്വാസകരം തന്നെയത്രെ.

കുമാരൻനായരോടൊപ്പം അരങ്ങത്തുവന്ന രണ്ടവസരങ്ങൾ ഞാൻ ഒരു കാലത്തും മറക്കുന്നതല്ല.

ഒന്ന്‌, വാഴേങ്കട ഉത്സവക്കളിയ്ക്ക്‌ ഒരു സൌഗന്ധികം. എന്റെ ഭീമനും കുമാരൻ നായരുടെ ഹനുമാനും. കൂടിയാട്ടത്തിൽ എവിടെയെങ്കിലും വെച്ച്‌ വിദ്വാൻ വല്ലതും ഒപ്പിയ്ക്കും എന്ന്‌ എനിയ്ക്കു നല്ലതീർച്ച ഉണ്ടായിരുന്നു. എന്തെന്നാൽ, ആളുടെ സ്വഭാവം അങ്ങിനെയാണ്‌. പറഞ്ഞപോലെ തന്നെ പറ്റിയ്ക്കുകയും ചെയ്തു. ഇങ്ങിനെയാണ്‌ തുടങ്ങിയത്‌ (ഓർമ്മിച്ചെഴുതുകയാണ്‌)

ഹനുമാൻ:- നീ ഏതു വഴിയ്ക്കിവിടെ എത്തി?
ഭീമൻ: നമ്മുടെ പിതാവായ വായുഭഗവാൻ നടത്തിയ വഴിയേ ഇവിടെയെത്തി.
ഹനുമാൻ:- വഴിയ്ക്കെന്തൊക്കെ കണ്ടു? വിസ്തരിച്ച്‌ പറയ്‌.
(ഇവിടെ ഫലത്തിൽ വനവർണ്ണന ആവർത്തിയ്ക്കുകയാവുമല്ലൊ ഫലം. അതു ചെയ്താലോ? അരങ്ങത്തുള്ളവരുടെ നീരസമാവും ഫലം. ഒടുവിൽ ഭീമൻ ഇങ്ങനെ പറയാനാണ്‌ നിശ്ചയിച്ചത്‌.)
ഭീമൻ:- വഴി കൊടുങ്കാടായിരുന്നു. കൂരാക്കൂരിരുട്ട്‌. സൂര്യരശ്മികൾ കടക്കാൻ പഴുതില്ല. അപ്പോൾ എന്തുകാണാൻ! ഗദകൊണ്ട്‌ വിഘ്നങ്ങൾ തട്ടിത്തെറിപ്പിച്ച്‌ ഇതേവരെ വന്നു. പിതാവായ വായുദേവന്റെ കൃപ.
ഹനുമാൻ:- അങ്ങനെ ഒഴിയണ്ടാ. നീ തപസ്സുചെയ്യുന്ന മുനിമാരെ കണ്ടില്ലേ? ഗന്ധർവ്വ-കിന്നര-കിം‌പുരുഷന്മാരേയും വിദ്യാധരന്മാരേയും കണ്ടില്ലേ?
(ഇതും ഭീമനുവെച്ച വാരിക്കുഴി തന്നെ. അനുസരിച്ചാൽ അതൊക്കെ വിസ്തരിക്കേണ്ടി വരും. ഇതിഹാസത്തിൽ പറയുന്നതൊക്കെ കാണിച്ചാൽ പ്രകടമായ ഔചിത്യഭംഗവും പറ്റും. അതുകൊണ്ട്‌ ഭീമൻ ഇങ്ങനെ ഒഴിഞ്ഞുമാറാൻ ഉറച്ചു.)
ഭീമൻ:- എനിയ്ക്കൊന്നും അറിഞ്ഞുകൂടാ. മനസ്സിൽ, എത്രയും വേഗം സൌഗന്ധികപുഷ്പം കൊണ്ടുവന്നു പ്രാണപ്രിയയായ ദ്രൌപദിയ്ക്കു കൊടുക്കണം എന്ന ആഗ്രഹമായിരുന്നു. അതിന്റെ തീവ്രതയിൽ മറ്റൊന്നും തന്നെ ശ്രദ്ധിച്ചില്ല.
ഹനുമാൻ:- അമ്പട കേമ!
എന്ന്‌ അനുമോദിച്ച്‌ അടുത്ത സന്ദർഭത്തിലേയ്ക്ക്‌ കടന്നു.

“പ്രാണവല്ലഭേടെ വാഞ്ഛിതം” എന്നിടത്ത്‌ ഭീമനെയിട്ട്‌ “എരപ്പാക്കാതെ” പൂർണ്ണമനസ്സായി അഭിനന്ദിയ്ക്കുകയാണ്‌ ഹനുമാൻ ചെയ്തത്‌. എത്ര ഉചിതമായി! വേർപിരിയുന്ന ഘട്ടത്തിൽ എത്ര നിയന്ത്രിച്ചിട്ടും കണ്ണീർ പൊട്ടി.
ആ സൌഗന്ധികം എനിയ്ക്കൊരുകാലത്തും മറക്കാനാവാത്ത ഒരനുഭവമായിരിയ്ക്കുന്നു.

മറ്റൊന്ന്‌, കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവക്കളിയ്ക്കു നടന്ന ഒരു ‘ദൂത്‌’ ആണ്‌.

കീഴ്പ്പടത്തിന്റെ ദുര്യോധനൻ; എന്റെ ശ്രീകൃഷ്ണൻ. വേഷനിശ്ചയം അറിഞ്ഞതുമുതൽ തിരിച്ചെത്തുന്നതുവരെ യാതൊരു വക സ്വൈര്യവുമില്ലായിരുന്നു. മാണിമാധവചാക്യാരുമായി സംസാരിച്ച്‌ ആ ഭാഗം ഒന്നുകൂടി ഉറപ്പുവരുത്തി. മഹാഭാരതത്തിലെ ആ രംഗം തമ്പുരാൻ തർജ്ജുമ ചെയ്തത്‌ ഒന്നുകൂടി വായിച്ച്‌ ഉറപ്പുവരുത്തി. ആട്ടങ്ങളൊക്കെ മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു. ഈ അവസ്ഥകളൊക്കെ കുമാരൻ നായരും തരണം ചെയ്തു എന്നു അദ്ദേഹം പിറ്റേന്ന്‌ കളികഴിഞ്ഞപ്പോൾ പറയുകയുണ്ടായി.

‘ദൂതി”ലെ ശ്രീകൃഷ്ണൻ എനിയ്ക്കത്രത്തോളം തൃപ്തികരമായി ആടിയതായി തോന്നിയിട്ടുള്ളത്‌ അന്നു മാത്രമാണ്‌. കൂട്ടുവേഷത്തിന്റെ ‘ഉരസലു’തന്നെയാണ്‌ അതിന്നുകാരണവും.

കുമാരൻ നായരോടൊത്ത്‌ രംഗപ്രവേശം ചെയ്യേണ്ടിവരുന്ന ഓരോ അവസരവും ഓരോ വെല്ലുവിളിയായിട്ടാണ്‌ എന്റെ മനസ്സിൽ തോന്നിയിട്ടുള്ളത്‌. അതു സ്വീകരിച്ച്‌ വിജയിപ്പിക്കാൻ സാധിക്കുന്നത്‌ എന്റെ കലാജീവിതത്തിലെ വലിയൊരു ലാഭമായിട്ടാണ്‌ ഞാൻ പരിഗണിച്ചു പോരുന്നത്‌.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder