ഡോ. സദനം കെ. ഹരികുമാരൻ

July 27, 2012

കാലകേയ വധത്തില്‍ “സുകൃതികളില്‍ മുന്‍പനായി വന്നേന്‍ ദേവി“ എന്നു ഇന്ദ്രാണിയോടു പറയുന്ന  സന്ദര്‍ഭത്തില്‍ ആനന്ദാതിരേകത്തിന്റെ പ്രതീകമെന്നോണം അര്‍ജ്ജുനന്‍ അഷ്ട കലാശമെന്നു പറഞ്ഞ് വടക്കന്‍ ദിക്കുകളില്‍ നാലുകലാശം മാത്രം എടുക്കുന്നതിലെ യുക്തിയെ തെക്കുള്ള ചില കഥകളി നിരൂപകര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ചുനായരാശാനും കുമാരനാശാനും ചേര്‍ന്ന് അതിന് ഒരു ബദല്‍ സംവിധാനം വേണമെന്ന് ചര്‍ച്ച ചെയ്യുകയുണ്ടായത്രേ. കുമാരനാശാന്‍ അത് അനുസ്യൂതം തുടരുകയും കുഞ്ചു‍ നായരാശാന്‍ അത് ഉപേക്ഷിക്കുകയും ചെയ്തത്രേ. എന്നാല്‍ “സുകൃതികളില്‍” എന്ന സന്ദര്‍ഭത്തില്‍ പ്രയോഗിക്കാറുള്ള അഷ്ടകലാശത്തെ കത്രിച്ച് വികലമാക്കുന്നതിനു മടിച്ച കുമാരന്‍ നായര്‍ ആശാന്‍, ഹനൂമാന് ഏറ്റവും ആനന്ദം തോന്നിയേക്കാവുന്ന ഒരു സന്ദര്‍ഭമായി വാല്‍മീക്യാശ്രമത്തില്‍ വച്ച് നടന്ന കുശലവ കൂടിക്കാഴ്ചയെ കാണുകയും പ്രസ്തുത സന്ദര്‍ഭത്തില്‍ ആ പുതിയ അഷ്ടകലാശത്തെ വിന്യസിക്കുകയും ആണ് ഉണ്ടായത്. “അനിലസുതന്‍ അഹമെന്നുധരിച്ചീടുവില്‍ ബാലരേ“ എന്നു ഹനുമാന്‍ പറയുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം അതിനെ വിനിയോഗിച്ചു. ഹനൂമാന്‍ ഭീമസേനനെ കാണുന്ന സന്ദര്‍ഭവും ഇതു പോലെ തന്നെ മറ്റൊരു ‘ആനന്ദ‘മുഹൂര്‍ത്തമായും അദ്ദേഹം വിലയിരുത്തുന്നു. അവിടെയും ഈ കലാശം പതിവുണ്ട്. സുഭദ്രയുടെ വിവാഹം ഏറ്റവും അഭിലഷണീയനായ ഒരുവനുമായിട്ടാണ് നടന്നത് എന്ന് തിരിച്ചറിയുന്ന സന്ദര്‍ഭവും ഇതുപോലെ ഉള്ള മറ്റൊരു ‘ആനന്ദ മുഹൂര്‍ത്ത‘മായി അദ്ദേഹം വിലയിരുത്തുന്നു. മേല്‍പ്പറഞ്ഞ സന്ദര്‍ഭങ്ങളിലെല്ലാം പുതിയ അഷ്ടകലാശം അദ്ദേഹം എടുക്കാറുണ്ട്..എടുപ്പിക്കാറുണ്ട്.

ഭാഷാവൃത്തങ്ങളെത്തന്നെ ഭാഷയിലൂടെ വിശദീകരിക്കുവാന്‍ പ്രയാസം എന്നിരിക്കെ നൃത്തരൂപങ്ങളെ ഭാഷയിലൂടെ വിശദീകരിക്കുവാന്‍ തുനിയുന്നത് മൗഢ്യമെന്നല്ലേ പറയേണ്ടൂ? എങ്കിലും കഥകളിയില്‍ ഉണ്ടായിട്ടുള്ള നൃത്ത വിന്യാസത്തില്‍ സംഭവിച്ചിട്ടുള്ള ഒരു വിപ്ലവം എന്നനിലക്ക് പ്രസ്തുത കലാശത്തെ കാണാതിരുന്നുകൂടാ, ഗൗനിക്കാതിരുന്നുകൂടാ. ചെമ്പ താളത്തിലാണ് അഷ്ടകലാശം വരുന്നത് (ആശാന്‍ ഏതാണ്ട് എല്ലാ താളത്തിലും അഷ്ടകലാശം ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവിടെ പ്രതിപാദിക്കുന്നത് അദ്ദേഹം ആദ്യം ചിട്ടപ്പെടുത്തിയ ചെമ്പ താളത്തിലുള്ള അഷ്ടകലാശത്തെ കുറിച്ചാണ്. തനിക്കു തുല്യം ബലശാലിയും സമര്‍ത്ഥനുമായ ഒരു യുവാവിനെ കണ്ടപ്പോള്‍ അലക്‌സാണ്ടര്‍ക്ക് പുരുഷോത്തമനെ കണ്ടപ്പോള്‍ തോന്നിയ പോലെ “ആനന്ദം“ മണികണ്ഠനെ കണ്ട വാവര്‍ക്കു തോന്നിക്കാണുമെന്നുള്ള ഭാവനയില്‍ ആശാന്‍ ചെമ്പടയില്‍ ഒരു അഷ്ടകലാശം വാവര്‍ക്ക് ചിട്ടപ്പെടുത്തിയിട്ടുണ്ട്).

പത്ത് അക്ഷര ദൈര്‍ഘ്യമുള്ള (മാത്ര) ചെമ്പതാളത്തിന്റെ ഇരട്ടി – ഇരുപത് അക്ഷരദൈര്‍ഘ്യമുള്ള ഏതാനും കുറച്ചു വരികള്‍ ഇവിടെ എഴുതട്ടെ. “രാവണന്റെ ലങ്കയില്‍ ചെന്നു ദുംദുഭി കൊട്ടി മാരുതി ഹനുമാനും“ അഷ്ടകലാശത്തിലെ “തതകിടതകിത“ എന്നതിന്റെ ഘടന ഇതുപോലെയാണ്. ഇതിലെ വരികളിലെ വാക്കുകളിലെ മാത്രകളെ മാത്രമായി എഴുതിയാല്‍ “രാവണന്റെ“ എന്നതില്‍ നാലും പിന്നെ “ലങ്കയില്‍“ എന്നതില്‍ മൂന്നും “ചെന്നു“ എന്നതില്‍  രണ്ട്, പിന്നെ ഒന്ന്, ഒന്ന്, ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ ആണ് യഥാക്രമം വരിക. രാവണന്റെ(4) ലങ്കയില്‍(3) ചെന്നു(2) ദും(1) ദു(1 ഇത് മാത്രാ പഴുതിലാണ് വഴിക) ഭി(1) കൊട്ടി(2) മാരുതി(3) ഹനുമാനും(4) അതായത് – 4321(1)1234 എന്നിങ്ങനെ. ഇതിനെ തന്നെ ദൃശ്യാത്മകമായി രേഖപ്പെടുത്തിയാല്‍

0000
 000
  00
   0
   0
   0
  00
 000
0000

ഇതുപോലിരിക്കും. അല്ലെങ്കില്‍ ഒരു ഡമരുവിന്റെ (ഉഡുക്കിന്റേയോ) ആകൃതി എന്നും പറയാം.

അഷ്ട കലാശത്തിനു സമാനമായ ഈ സംഖ്യാമാലയിലെ സംഖ്യകളെ അവസാനത്തു നിന്ന് ഓരോന്നായി മുന്നിലേക്ക് കൊണ്ടു വന്നാല്‍ എങ്ങിനെ ഇരിക്കുമെന്ന് നോക്കാം.

4321(1)1234,
44321(1)123,
344321(1)12,
2344321(1)1,
12344321(1),
(1)12344321,
 21(1)123443,
321(1)12344,

ഇവിടെ ഒന്നാമത്തെകലാശം 4ഇല്‍ തുടങ്ങി 4ഇല്‍ അവസാനിക്കുമ്പോള്‍ അഞ്ചാമത്തെ കലാശം 1ഇല്‍ തുടങ്ങി 1ഇല്‍ അവസാനിക്കുന്നു. ഒന്നാമത്തെ കലാശത്തിന് ഡമരു ആകൃതി കൈ വരുമ്പോള്‍ അഞ്ചാമത്തെ കലാശത്തിനു ഡൈമണ്ട് ആകൃതി കൈവരുന്നു എന്നതും രസകരമാണ്.

ആശാന്‍ അഷ്ടകലാശത്തില്‍ അനുവര്‍ത്തിച്ച തന്ത്രം ഇതാണ്. ഉദാഹരണത്തിനായി മേല്‍ ഉദ്ധരിച്ച അക്ഷരവരിയിലെ വാക്കുകളെ ഇതുപോലെ സ്ഥാന മാറ്റത്തിന് വിധേയമാക്കിയാല്‍ എങ്ങിനെ ഇരിക്കുമെന്ന് നോക്കണമല്ലോ.

ഈ വരികളിലെ വാക്ക്‌ സഞ്ചയത്തിലെ ഓരോ വാക്കുകളേയും അനുക്രമമായി മുന്നിലേക്കു കൊണ്ടു വരുന്നു.

1.ഒന്നാമത്തെ കലാശം
രാവണന്റെ
ലങ്കയില്‍
ചെന്നു
ദും
ദു
ഭി
കൊട്ടി
മാരുതി
ഹനുമാനും

2. രണ്ടാമത്തെ കലാശം
ഹനുമാനും
രാവണന്റെ
ലങ്കയില്‍
ചെന്നു
ദും
ദു
ഭി
കൊട്ടി
മാരുതി

3 മുന്നാമത്തെ കലാശം
മാരുതി
ഹനുമാനും
രാവണന്റെ
ലങ്കയില്‍
ചെന്നു
ദും
ദു
ഭി
കൊട്ടി

4 നാലാമത്തെ കലാശം
കൊട്ടി
മാരുതി
ഹനുമാനും
രാവണന്റെ
ലങ്കയില്‍
ചെന്നു
ദും
ദു
ഭി

5. അഞ്ചാമത്തെ കലാശം
ഭി
കൊട്ടി
മാരുതി
ഹനുമാനും
രാവണന്റെ
ലങ്കയില്‍
ചെന്നു
ദും
ദു (ഇത് മാത്രാ പഴുതിലാണ് വരിക)

6. ആറാമത്തെ കലാശം
ദുംദു
ഭി
കൊട്ടി
മാരുതി
ഹനുമാനും
രാവണന്റെ
ലങ്കയില്‍
ചെന്നു

7. ഏഴാമത്തെ കലാശം
ചെന്നു
ദും
ദു
ഭി
കൊട്ടി
മാരുതി
ഹനുമാനും
രാവണന്റെ
ലങ്കയില്‍

8 എട്ടാമത്തെ കലാശം
ലങ്കയില്‍
ചെന്നു
ദും
ദു
ഭി
കൊട്ടി
മാരുതി
ഹനുമാനും
രാവണന്റെ

ഇനി മറ്റൊരു തമാശ കൂടിയുള്ളത് എന്തെന്നു വച്ചാല്‍ താഴത്തുള്ള വാക്കിനെ മുകളിലേക്ക കയറ്റുമ്പോള്‍, (അല്ലെങ്കില്‍ പിന്നിലുള്ള വാക്കിനെ മുന്നിലേക്കു നീക്കുമ്പോള്‍) കയറ്റുന്ന വാക്കിനു പകരം അതേ നീളമുള്ള മറ്റൊരു വാക്കിനെ പ്രതിഷ്ഠിക്കുവാന്‍ അദ്ദേഹം സര്‍ക്കസ് കാണിക്കുന്നുണ്ട്. ഉദാ: ഹനുമാനും എന്നതിനു പകരം ആഞ്ജനേയന്‍ എന്നോ മാരുതി എന്നതിനു പകരം വാനരന്‍ എന്നോ പ്രയോഗിക്കുന്നു. ഇങ്ങിനെ പ്രയോഗ വ്യത്യാസം വരുത്തിയതു കൊണ്ട് എണ്ണക്കണക്കിന് ദൈര്‍ഘ്യ വ്യത്യാസം വരുന്നില്ലല്ലോ. കലാശം അവസാനമാകുമ്പോഴേക്കും പക്ഷെ

“രാവണന്റെ ലങ്കയില്‍ ചെന്നു ദുംദുഭി കൊട്ടി മാരുതി ഹനുമാനും“ എന്ന ഘടന
“രാക്ഷസന്റെ കോട്ടാരം പുക്കു നാശങ്ങള്‍ തീര്‍ത്തു വാനരന്‍ രാമഭക്തന്‍“ എന്നോ മറ്റോ ആയി മാറിയിട്ടുണ്ടാകും എന്നര്‍ത്ഥം. ഈ എട്ടുകലാശങ്ങള്‍ക്കു ശേഷം അടിസ്ഥാന നൃത്തഘടനയായ “തതകിടതകിത“യെ താഴെകാണും വിധം പ്രയോഗിച്ചിട്ടുണ്ട്.

രാാാാവാാാണാാാന്റെഎഎഎ
ലാാാങ്കാാായി ീ  ല്‍
ചേഎഎഎന്നുുുു
ദുംുംുംും
ദുുുു
ഭി ീ ീ ി
കൊാാാട്ടി ി ീ ീ  
മാാാാരുുുുതി ീ ീ ി
ഹാാാനുുുുമാാാാനുംുംുംും
രാാവാണാന്റെഎ
ലാങ്കായില്‍
ചേഎന്നുു
ദുംും
ദുു
ഭി ി
കൊഒട്ടി ി
മാാരുുതി ി
ഹാനുുമാാനുംും
രാവണന്റെ
ലങ്കയില്‍
ചെന്നു
ദും
ദു
ഭി
കൊട്ടി
മാരുതി
ഹനുമാനും

കര്‍ണ്ണാടക സംഗീത പദ്ധതിയിലെ രാഗം താനം പല്ലവിയിലും മറ്റും ഇങ്ങിനെ ചെയ്യാറുണ്ട്. കഥകളിയിലെ ഇരട്ടിയിലും ഇങ്ങിനെചെയ്യാറുണ്ട്. പക്ഷെ ഇരട്ടിയില്‍ ഇത്ര തന്നെ ക്ലിഷ്ടത ഇല്ലല്ലോ.

അടപ്രഥമനെ പറ്റി ലേഖനമെഴുതുന്ന പോലെയാണിത്. എങ്കിലും ഈ സൈറ്റിന്റെ ചുമതലക്കാരനായ സുനില്‍ ആവശ്യപ്പെട്ടതനുസരിച്ച എന്നാല്‍ കഴിയുന്ന വിധം എഴുതി ഒപ്പിച്ചു അത്രയേ ഉള്ളൂ. എന്റെ ഡോക്ടറേറ് തീസീസില്‍ ഞാന്‍ ഇതിന്റെ ചിത്രം ഉണ്ടാക്കിയത് ഇവിടെ ചേര്‍ക്കേണ്ട ആവശ്യം ഇനി ഉദിക്കുന്നില്ലെങ്കിലും അതും കൂടി ഇവിടെ ചേര്‍ക്കുന്നു.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder