ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 5

ശ്രീവത്സൻ തീയ്യാടി

Thursday, September 6, 2012

ഇനി ഞാൻ കൂടെ വന്നിട്ടുള്ളവരെ പരിചയപ്പെടുത്താം…

ആശാന്റെ ആ വാചകത്തിൽ രണ്ടു കൌതുകമാണ് തോന്നിയത്. ഒന്ന്, അദ്ദേഹത്തിൽ പൊതുവെ ശ്രദ്ധിച്ചിട്ടില്ലാത്ത ടീം ലീഡർ സ്പിരിറ്റ്‌. രണ്ട്, അതുവരെ പിന്തുടർന്ന അർദ്ധവള്ളുവനാടൻ വാമൊഴിയിനിന്ന് മുഴുവനായുള്ള വ്യതിയാനം.

“ങ്ഹാ… നി ഓരോരുത്തരായ്ട്ട് ങ്ങ്ട് മുമ്പാക്കം വര്വോ….” വീണ്ടും തന്റെ കോതച്ചിറ മലയാളത്തിലേക്ക് വഴുതി കലാമണ്ഡലം ഗോപി. നാട്യം ഏതുമില്ലാത്ത ഭവ്യതയുമായി സഹകലാകാരന്മാർ അദ്ദേഹത്തിന്റെ കസേരക്കടുത്തെക്ക് ഒന്നൊന്നായി നിരന്നു. കിഴക്കൻ ദൽഹിയിലെ അന്നത്തെ ആ ചെറിയ ഹേമന്തകാല കൂട്ടായ്മയിൽ പങ്കെടുത്ത പലർക്കും ഈ കാഴ്ച കൌതുകമായി.

“ദ് വിജയൻ. മാർഗി വിജയകുമാറ്. അരങ്ങത്ത് ന്റെ നായിക….” ഔപചാരികമായി സദസ്സിനെ വന്ദിച്ച് പ്രശസ്ത സ്ത്രീവേഷക്കാരൻ ഗോപിയാശാന്റെ അരിക് ചേർന്നുനിന്നു. നാട്ടിൽനിന്ന് വന്നിട്ടുള്ള സഹകലാകാരന്മാരെ ഓരോരുത്തരായി ആ പകലത്ത് ജനം അറിഞ്ഞു. പാട്ട്: “യിന്ന്ള്ളവരില് അരങ്ങത്ത് ഏറ്റൂം നന്നായി പാടണ ആള് ന്നന്നെ പറയട്ടെ — ശങ്കുരുട്ടി. അയായത് പത്തിയൂര് ശങ്കരൻകുട്ടി. പിന്നെ ദാ രാജീവൻ. ച്ചാ കലാനിലയം രാജീവൻ. ചെറുപ്പക്കാരില് അസ്സല് മിട്ക്കൻ.” തുടർന്ന് മേളക്കാർ: “ഇയാള് കലാമണ്ഡലം കൃഷ്ണദാസ്. ചെണ്ട. നല്ഹ അമരാ… മറ്റത് മദ്ദളക്കാരൻ. വാരരുട്ടി. കലാമണ്ഡലം അച്ചുത വാരിയര് ന്നു പറേം.” ചുട്ടി: “കലാമണ്ഡലം ശിവരാമൻ. യ്യാള്ല്യെങ്ങെ പ്പൊന്റെ (തേച്ച) മൊഖം കാണാൻ നന്നല്ലാന്നായിരിക്കുണു ….” എന്ന് പറഞ്ഞ് കുടുകുടാ ചിരിച്ചപ്പോള്‍ കൊച്ചുസദസ്സും അതിലേക്ക് കൂടി…

ഇവരെല്ലാം കൂടാതെ ട്രൂപ്പ് തലവൻ. മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധ സംഘാടകനായ പള്ളം ചന്ദ്രൻ. തലമുതിർന്ന ആസ്വാദകനായ അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ട് സമീപം. “പിന്നെ ദാ, കഥകളി വേഷങ്ങള്‍ടെ ഭംഗി നാട്ട്വാരെ മുഴുവൻ അറിയിക്കണ ഒരാളും കൂടെണ്ട്…. രാധാകൃഷ്ണ വാരര്… താടീം മുടീം ഒക്കപ്പാടെ കണ്ടാ യേശു കൃസ്ത്വാ ന്നാ തോന്ന്വാ… പക്ഷെ കോട്ടയത്ത്കാരാനാ…” വീണ്ടും കൂട്ടച്ചിരി…..

“ഇനി ഒരാളും കൂടിണ്ടേ….നെല്ലിയോട് തിരുമേനി. വാസുദേവൻ നമ്പൂതിരി. ഇപ്പൊ ബടല്യാ ന്നെള്ളൂ… ഞങ്ങടെ കൂടെ മൂന്നൂസോം കളിക്ക്ണ്ടാവും….”

നർമം അത്ര സമൃദ്ധമല്ലെങ്കിലും നിഷ്കളങ്കത കൂടെപ്പിറപ്പാണ് ആശാന്. ഇപ്പറഞ്ഞ സ്വീകരണച്ചടങ്ങിലും അത് പുറത്തുവന്നു. യുക്തിവാദി സനൽ ഇടമറുകിന്റെ ‘നവോത്ഥാന വേദി’ എന്ന സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു 2007 ഒക്ടോബർ ഒടുവിലെ ഒരു ഇടദിവസം ഉച്ചക്ക് മുമ്പുള്ള ഒത്തുകൂടൽ. കിഴക്കൻ ദൽഹിയിലെ ലേശം കുടുസുള്ള ശശി ഗാർഡൻ പോക്കറ്റിലെ ഒരു കവലയിൽ റോഡിനു ചേർന്നുള്ള വാർക്കക്കെട്ടിടത്തിന്റെ മേലത്തെ നിലയിലെ വലിപ്പം കുറഞ്ഞൊരു മുറിയിൽ ഒത്തുകൂടിയ മലയാളികളെയാണ് ആശാൻ അഭിസംബോധന ചെയ്യുന്നത്. അനുപമമായ തന്റെ കലാസപര്യയെ ചെറുതായൊന്നു ഓർത്തുപോകവേ ഒരിടത്ത് ആശാൻ ഇങ്ങനെ പറഞ്ഞു: “ഒക്ക ഗുരുവായൂരപ്പന്റെ കടാക്ഷം ന്ന് പറഞ്ഞാ മതീലോ….” രണ്ടുനിമിഷം കഴിഞ്ഞതും, അദ്ദേഹം തുടരാൻ ഭാവിച്ച വാചകം നിർത്തി, ഒന്നന്ധാളിച്ച്, തൊട്ടടുത്തിരുന്ന നിരീശ്വരവിശ്വാസി സനലിന്റെ ഭാഗത്തേക്ക് നോക്കി കൂട്ടിച്ചേർത്തു: “അല്ലാ…. ഭഗവാന്റെ പേര് ബടെ പറഞ്ഞാ ആലോഗ്യാവോ ആവോ…..”  

തുടർന്ന് പ്രസംഗിക്കാൻ തന്റെ ഊഴം വന്നപ്പോള്‍ ആതിഥേയൻ ഇടമറുക് വിഷയം ഭംഗിയായി പരാമർശിച്ചു: “ഇത്രയും സർഗശേഷിയുള്ള ഒരു കലാകാരൻ തന്റെ കഴിവ് മുഴുവൻ ഭഗവാനിൽനിന്നു ചൊരിഞ്ഞുകിട്ടിയതാണ് എന്ന് പറയുമ്പോള്‍, ആ ആളുടെ വിനയം ഞാൻ നേരിട്ടറിയുന്നു.” അൻപതിൽ കവിയാത്ത ആളുകളുള്ള സദസ്സിൽ കയ്യടി. ആശാന്റെ കവിളത്ത് പുഞ്ചിരി. “ഞാൻ കുറച്ചുകൊല്ലം കഥകളി അഭ്യസിച്ചത്‌ എന്റെ പ്രദേശത്തെ കുറിച്ചി കുഞ്ഞൻ പണിക്കരാശാന്റെ (1887-1971) കീഴിലായിരുന്നെങ്കിലും ഈ കല പഠിക്കണം എന്നെനിക്ക് മോഹം തോന്നാൻ കാരണക്കാരിൽ വേറെയും പ്രശസ്തരുണ്ട്. അതിലൊരാള്‍ ഗോപിയാശാനാണ്…..”

അന്നത്തെ മീറ്റിംഗിൽ വേറെയും പ്രമുഖരുണ്ടായിരുന്നു. കലാപണ്ഡിതനും സാഹിത്യകാരനുമായ ഡോ. അകവൂർ നാരായണൻ. ദൽഹി ഇന്റർനാഷണൽ കഥകളി സെന്ററിന്റെ അന്നത്തെ പ്രിൻസിപ്പൽ സദനം ബാലകൃഷ്ണൻ. നഗരത്തിൽ പണ്ടേ താമസമാക്കിയ വെള്ളിനേഴി കരിയാട്ടിൽ വീട്ടിലെ വേഷക്കാരൻ കലാമണ്ഡലം പദ്മനാഭൻ എന്ന പപ്പേട്ടൻ. സമകാലിക കഥകളിയിൽ ഗോപിയാശാന്റെ തിളക്കത്തെ കുറിച്ച് ചിലർ സംസാരിച്ചു. തുടർന്ന് ഇടമറുക് സദസ്സിനു ഗോപിയാശാനുമായി നേരിട്ട് സംവദിക്കാൻ അവസരം നൽകി. രംഗകലകളുമായുള്ള പരിചയക്കുറവ് കൊണ്ടും താരമൂല്യമുള്ളൊരു കലാകാരനെ (മിക്കവാറും നടാടെ) നേരിൽക്കണ്ടതിലുള്ള പകപ്പുകൊണ്ടും ആവണം, ആരും അങ്ങനെ ധാരാളമായി ഒന്നും ചോദിക്കുന്നത് കണ്ടില്ല. “ഒന്നിടപെടുമോ?” എന്ന മട്ടിൽ സനൽ എന്നെ ഇടംകണ്ണിട്ടു നോക്കി. ഞാൻ എഴുന്നേറ്റു. സദസ്സിനഭിമുഖം നിന്നു. നിശ്ശബ്ദതയുടെ ഭാരം കുറക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് ഭംഗ്യന്തരേണ സൂചിപ്പിച്ചു. “ച്ചാ ഒന്ന് വയറെളക്കണം, ലെ?” ഗോപിയാശാന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് വീണ്ടും കൂട്ടച്ചിരി.

കാര്യങ്ങള്‍ അത്രയും അയഞ്ഞ സ്ഥിതിക്ക് ലേശം കലാപരിപാടിയാവാം എന്ന് കരുതി. ആദ്യം ഒരു മിമിക്രി കിടക്കട്ടെ. “നളദമയന്തിമാർ” ഉപവിഷ്ടരായ അരങ്ങല്ലേ. ഉണ്ണായി വാരിയരുടെ ആട്ടക്കഥയിൽനിന്നുതന്നെ ആവട്ടെ പാട്ട് എന്നുവച്ചു. ‘രണ്ടാം ദിവസ’ത്തിലെ “സാമ്യം അകന്നോരുദ്യാനം” രണ്ടും കല്പിച്ചു ചൊല്ലി. പല്ലവിയും അനുപല്ലവിയും കഴിഞ്ഞ് “ഗ്രാമ്യം നന്ദനവനം” എന്ന ചരണം തുടങ്ങിയതും ശബ്ദം കനപ്പിച്ചും ലേശം കരപ്പിച്ചും പിന്നെ ലേശം വലിച്ചും പാടാൻ തുടങ്ങി. രണ്ടു വരി അങ്ങനെ ചെന്നപ്പോള്‍ ചിരിവന്ന് നിർത്തി. “ദ്പ്പൊ ആരാ പാടണ് ന്നാ?” ഗോപിയാശാന്റെ ചോദ്യം. ഞാനൊന്നിളിഞ്ഞു. “ഹല്ലാ…. നിയ്ക്ക് മനസ്സിലാവാഞ്ഞ്ട്ടല്ല; കാൺണോർക്കുംകൂടി അറിയണലോ….” ഒരുതരത്തിൽ പറഞ്ഞൊപ്പിച്ച് കഴിച്ചിലായി. (പിന്നീട് സദ്യനേരത്ത് പത്തിയൂർ കൂട്ടത്തിൽ പറഞ്ഞു: “[കലാമണ്ഡലം] ഗംഗാധരാശാനെ അനുകരിച്ചത് നന്നായിരുന്നു കെട്ടോ…)”

ഊണിനു മുമ്പ്, ശരിയായ സംഗീതവും ഉണ്ടായിരുന്നു. പത്തിയൂരും രാജീവനും ചേർന്നു രണ്ടു പദം. “ഒന്ന് കുറച്ച് പതിഞ്ഞതും അടുത്തത്‌ സ്പീഡുള്ളതും ആയ്ക്കോട്ടെ,” എന്ന് എന്റെ വക സജഷൻ. നളചരിതത്തിലെത്തന്നെ (ഒന്നാം ദിവസം) നായികയുടെ പ്രണയപാരവശ്യവും തുടർന്ന് ഹംസത്തിന്റെ മറുപടിയും വരുന്ന പാട്ടുകള്‍ ഇരുവരും വെടിപ്പായി കോർത്തിണക്കി.

ഭക്ഷണത്തിനു കാലമായപ്പോഴേക്കും നല്ല വിശപ്പുണ്ടായിരുന്നു. കാരണമുണ്ട്. രാവിലെ നേരത്തെ പുറപ്പെട്ടതാണ് കേരളാ ഹൌസിലേക്ക്. നഗരത്തിന്റെ പച്ചപ്പിന് ഒത്ത നടുവിലാണ് കെട്ടിടം. ഗോപിയാശാനടക്കം ടീമിലെ മുഴുവൻ കേരളാ അംഗങ്ങളും താമസിക്കുന്ന സ്ഥലം. ആറുവയസ്സുകാരൻ മകനെ കൂടെക്കൂട്ടി. വണ്ടി സനൽ വിട്ടുതന്നിരുന്നു. അദ്ദേഹത്തിന്റെ ആപ്പീസ് മുറിയിൽനിന്നാണ് യാത്ര തിരിച്ചതും. വാൻ യമുനാനദിപ്പാലം കടന്നു. പഴയകോട്ടയും താണ്ടി വേണ്ടിടത്ത് പറഞ്ഞ നേരത്തിനെത്തി. “ആശാൻ എപ്പഴേ റെഡി,” രാധാകൃഷ്ണ വാരിയരുടെ മറുപടി. “മേലത്തെ മുറിയിലൊണ്ട്‌.”

പടിക്കെട്ടുകള്‍ കയറി മുകളിൽ ചെന്നു. നീണ്ട ഇറയം. പറഞ്ഞ മുറി കണ്ടെത്തി. കതകിൽ മുട്ടി. തുറന്നു. ജുബ്ബ, മാല, വീതിക്കര ഡബിള്‍ മുണ്ട്. വശത്തേക്ക് വകഞ്ഞ മുടി മുഴുവൻ ഉണങ്ങിയതുപോലെ തോന്നിയില്ല. നെറ്റിയിൽ ചന്ദനക്കുറി. വെളുക്കെ ചിരിച്ചു ആശാൻ. “ബനേ കൊണ്ടന്നത് നന്നായീ,” എന്ന് കുട്ടിയെ നോക്കി പറഞ്ഞു. “യെന്താ കുട്ടന്റെ പേര്?” എന്ന് തലതാഴ്ത്തി ചോദിച്ചു. മറുപടി കേട്ടപ്പോള്‍ പറഞ്ഞു: “അസ്സലായി. മലയാളറിയൂലോ… അയ്ന്നെ വല്യ സമാധാനം…” എല്ലാവരും ചിരിച്ചു. “ന്നേ അറിയോ?”

ചോദ്യം വീണ്ടും മകനോട്‌. പൊടുന്നനെ എനിക്ക് കാലം കുറേ പിന്നോട്ട് പോയി. 1977? ഏറെക്കുറെ ഇവന്റെ പ്രായത്തിൽ ഉള്ളൊരു കുട്ടിയോട് ഇതേ ചോദ്യം ഗോപിയാശാൻ ചോദിച്ചുകേട്ടിട്ടുണ്ട്. നാട്ടിൽ ഒരു കളിസ്ഥലത്ത് നേരത്തെ എത്തിപ്പെട്ട എന്റെ കുടുംബത്തെ അണിയറയിൽ കണ്ടപ്പോള്‍ കൊച്ചനുജത്തിയോടായിരുന്നു അത്. “ന്നേ മനസ്സിലായ്യോ?” എന്നതിന് ഉവ്വെന്നു നാണത്തോടെ മറുപടി പറഞ്ഞ അവളെ ക്ഷണനേരം കൊണ്ട് പൊന്തിച്ചെടുത്തു ആശാൻ. എന്നിട്ട് ചിരിച്ചുകൊണ്ട് ഒറക്കെ പറഞ്ഞു: “അറിയുത്രെ…. അറീംന്നേയ്….” എടുത്തെറിഞ്ഞ്‌ കീഴെ വച്ചു ഇങ്ങനെയും, “എവടറിയണ്, അസ്സലായി…. വെർതെ പറയ്യാ ഓരോന്നേയ്‌…….” ഞങ്ങള്‍ കുട്ടികള്‍ക്ക് പരിചയമില്ലാഞ്ഞ ഒരു ഗന്ധം ആശാന്റെ (വിലകുറഞ്ഞ കോട്ടൻ) കുപ്പായത്തിൽനിന്ന് വമിക്കുന്നുണ്ടായിരുന്നു.

ഇവിടെ മുറിയിൽ ഇപ്പോള്‍ പനിനീരിന്റെ മണമാണ്. ഏതോ മുന്തിയ പെർഫ്യൂം ആണെന്ന് തോന്നുന്നു പൂശിയിരിക്കുന്നത്. അതെന്തോ, ആശാൻ സംഭാഷണം പെട്ടെന്ന് കാലം കയറ്റി, “ന്നാ പൊർപ്പെട്വല്ലേ?” എന്നൊരു ചോദ്യം.

നനുത്ത അനുനാസികവും നിറയെ തരികളുമുള്ള ആ ശബ്ദം തലേന്നാളും കേട്ടതാണ്. നാട്ടിൽനിന്നെത്തുന്ന കഥകളി ട്രൂപ്പിന് തലസ്ഥാനത്തെ ദിവ്യന്മാരുടെ പ്രഭാവത്തിൽ താലവും മേളവുമായി സന്ധ്യക്ക് സ്വീകരണമുണ്ടായിരുന്നു. “ഊവ് ഉവ്വ് ….നാളത്തെ പരിപാട്യല്ലേ?,” ഒരു താളവട്ടം കലാശിച്ച നേരത്തെ കൊമ്പുവിളിക്കിടെ ആശാൻ എന്നോട് ഉറക്കെ ലോഹ്യം പുതുക്കി. “മറ്റേ യ്യാള്….. ഹേയ്…. യെന്താ പേര്… മർന്നു…. ങ്ഹാ എടമറുക്… സനല്…. അയള്ന്നുംകൂടി വിളിച്ചേര്ന്നു….നാള വരാം, വിരോധല്യാ ന്ന് ഞാനും പറഞ്ഞു….” പതിവുശൈലിയിൽ വാചകത്തിന് പിന്നാലെ തല ഇടംവലം രണ്ടുമൂന്നു വട്ടം ലയത്തോടെ ഏറ്റിച്ചുരുക്കി നിർത്തി.

ഇന്നിപ്പോള്‍ ജീരകവെള്ളം പോലെ തെളിഞ്ഞ ഇളംവെയിൽ. ആശാൻ കട്ടിലിൽനിന്നെഴുന്നേറ്റു. കനത്ത ചെരിപ്പിട്ടു. പൂട്ടും മുമ്പ് വലതുകൈ കൊണ്ട് മുറിയുടെ ഒന്നുരണ്ടു ഭാഗത്തേക്കും പിന്നെ മേശപ്പുറത്തേക്കും ടക്-ടക് എന്ന് വിരൽചൂണ്ടി. വേണ്ടതെല്ലാം എടുത്തിട്ടുണ്ടല്ലോ; ഒന്നും മറന്നുവച്ചിട്ടില്ലല്ലോ എന്ന ഉറപ്പുവരുത്തലിന്റെ മുദ്രയായിരിക്കണം.

താഴത്തെത്തി. വാഹനം? അദ്ദേഹത്തിനായി വേറെ കാർ അവിടെനിന്നു ഏർപ്പാടാക്കിയിരുന്നു. അത് ഇതാ പടിക്കൽ. വാരിയർ എന്നെ ലേശം നീക്കിനിർത്തി സ്വരം താഴ്ത്തി പറഞ്ഞു: “അതുപോരന്നെ…. ഡ്രൈവറെ ഇഞ്ഞോട്ട്‌ വിളി….” കൈ ഉയർത്തിക്കാട്ടി; കാർ അടുത്തെത്തി. എന്നാൽ കയറുകയല്ലേ എന്ന മട്ടിൽ എന്റെ നിൽപ്പ് കണ്ട വാരിയർ രംഗം ഭംഗിയാക്കി. “ഹ, ഡോറ് തൊറന്നു കൊടുക്കന്നെ….” ഞാനതിനു ഒരുമ്പെടും മുമ്പ് ഓടിച്ചെന്നു അദ്ദേഹം തന്നെ ആ കൃത്യം നിർവഹിച്ചു. ആശാനരികെ സീറ്റും പിടിച്ചു. പള്ളം ചന്ദ്രനും ശ്രീമതിയും മുന്നിലെ സീറ്റിൽ കൂടി. ഇങ്ങോട്ട് വന്ന വാനിൽ ബാക്കി ട്രൂപ്പംഗങ്ങളെ കൂട്ടി ഞാനും പുറപ്പെട്ടു. അതിനു മുമ്പ് ചെയ്യേണ്ടത് മറന്നുമില്ല: “ഗോപിയാശാന്റെ തേരാളിയോട് പറഞ്ഞു: “ആപ് ഹമാരി ഗാടി കാ പീച്ഛാ കരിയേഗാ….”

പതിനഞ്ചു കിലോമീറ്റർ ദൂരമുണ്ടാവണം. വാനിൽ എല്ലാവരും തകൃതിയായി വർത്തമാനമാണ്. വഴിയിൽ  ഇന്ത്യാ ഗേറ്റ് പ്രദക്ഷിണത്തിനിടയിൽ ആവണം, ഗോപിയാശാനും മാർഗി വിജയേട്ടനും സഞ്ചരിച്ചിരുന്ന ശകടങ്ങള്‍ തമ്മിലൊരു വേർപാട് നടന്നു. പുഴയും പുറകിലാക്കി ഇടമറുകിന്റെ വഴിയടുത്തപ്പോഴേ ശ്രദ്ധയിൽ പെട്ടുള്ളൂ — “വോ ഗാടി കഹാ?” എന്ന് ഞങ്ങളുടെ ഡ്രൈവർ ചോദിച്ചപ്പോള്‍. പരിഭ്രമമായി. സനലിനെ മൊബൈലിൽ വിളിച്ചു. അദ്ദേഹം ഗോപിയാശാന്റെ തേരാളിക്ക് വഴി പറഞ്ഞുകൊടുത്തു.

ട്രൂപ്പ് കലാകാരന്മാർ മുഴുവൻ വേദിയിൽ എത്തിയിട്ടും പ്രധാന ആശാനെ കാണുന്നില്ല. “അവരെത്തും, ടെൻഷനടിക്കാതെ,” സ്ഥിരംവിശ്രാന്തിയിൽ സനൽ പറഞ്ഞു. വൈകാതെ അറിഞ്ഞു: അവർ ഇടവഴിത്തലക്കൽ തന്നെയുണ്ട്‌; പക്ഷെ സ്വീകരണസ്ഥലത്തെത്താൻ നിശ്ചയം പോര. പടിയിറങ്ങാൻ ഓടിത്തുടങ്ങിയപ്പോഴേക്കും ആശാനുണ്ട് സംഘത്തോടൊപ്പം മേലോട്ട് കയറി വരുന്നു. എന്നെ കണ്ടതും രൌദ്രം. “യെവട്യാർന്ന്???”. അയ്യോ! “ഞങ്ങള് വിചാരിച്ചു നിങ്ങള്…” എന്ന് വിശദീകരണം തുടങ്ങുമ്പോഴേക്കും തലേന്നാള്‍ വാദ്യകോലാഹലങ്ങള്‍ക്കിടയിൽ കേട്ടതിനേക്കാള്‍ എത്രയോ വലിയ ശബ്ദത്തിൽ ‘കുത്രവദ’: “യെന്ത് ഞങ്ങള് നെങ്ങള്? ഒരു കാര്യത്തിന് പൊർപ്പെട്ടാ ചൊമതല വേണം… അത് ല്യാത്തോരു പോർപ്പെടര്ത്, അത്രന്നെ….. ഒരു സ്വീകരണാ ന്ന്  പറഞ്ഞ് വെയിലത്ത്ങ്ങനെ നിർത്ത്വേ???”

അപ്പോഴേക്കും സർവരും കയറി സ്വീകരണമുറിയുടെ പടിക്കൽ എത്തിയിരുന്നു. സനലിന്റെ ചങ്ങാതിയും കഥാകാരനുമായ വി എസ് കുമാരൻ നേരെ മഹാനടന് അഭിമുഖമായി പ്രത്യക്ഷമായി. തൊഴുതും ചിരിച്ചും മൊഴിഞ്ഞു: “ആശാനെ, നമസ്കാരം!” അപരിചിതനാണ്. എന്തോ ആവട്ടെ; സ്വിച്ചിട്ടത് പോലെ ആശാന്റെ ക്രോധമിറങ്ങി. തിരിച്ചും പ്രസാദിച്ച് കൈകൂപ്പി: “നമസ്കാരം, നമസ്കാരം… നാന്നായി… നന്നായി….”

തുടർന്നുള്ള പരിചയപ്പെടുത്തലിനിടെ ഞാൻ സദസ്സിനോട് പറഞ്ഞു: “ആശാനിന്ന് ദേഷ്യപ്പെട്ടത്‌ കണ്ടപ്പോള്‍ സാഹചര്യവശാൽ എനിക്ക് ‘സുഭദ്രാഹരണം’ കഥ ഓർമ വന്നു. ആശാന്റെ ബലഭദ്രർ…. എത്ര കണ്ടിരിക്കുന്നു…” അപ്പോള്‍ ആദ്യം പൊട്ടിച്ചിരിച്ചത് ഗോപിയാശാനാണ്.

ഇതാ ഇപ്പോള്‍ ഉച്ചയൂണ്. സ്വയം വിളമ്പി കഴിക്കുന്നതിനൊപ്പം അവിടിവിടെ സൊറക്കൂട്ടങ്ങള്‍. ഇടയിൽ സനലിന്റെ ആപ്പീസുപയ്യൻ വന്ന് പറഞ്ഞു: “സനൽജി ബുലാ രഹെ ഹേ…” അപ്പുറത്തെ മുറിയിൽ മേശമേൽ കിണ്ണം വച്ച് ഗോപിയാശാൻ. “വിളിച്ചുവെന്നു പറഞ്ഞല്ലോ?” വേറൊന്നുമല്ല, സനൽ പറഞ്ഞു, “ശ്രീവൽസന്റെ കുഞ്ഞിന് ഒരുരുള ചോറ് കൊടുക്കണമത്രേ….” പെട്ടെന്ന് തല മേലോട്ടെറിഞ്ഞ് എന്നെ നോക്കി ചിരിച്ചു ആശാൻ. “യെവടെ ഉണ്ണി?” അവനെ വരുത്തിച്ചു… “ങ്ഹാ വായ കാട്ട്വോ…. ങ്ഹാ അങ്ങനെന്നെ…. അയ്ന്നെ അയ്ന്നെ…”

സദ്യ സ്വാദിഷ്ടമായി. ജനം പിരിഞ്ഞു.

ഗോപിയാശാനും സംഘത്തിനും അന്ന് വൈകിട്ട് കളിയുണ്ട്. ട്രിപ്പിലെ ആദ്യത്തേത്. നളചരിതം ഒന്നാം ദിവസം. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രസന്നിധിയിൽ. നിരീശ്വരവാദിയുടെ സങ്കേതത്തിൽനിന്ന്  രണ്ടു ഫർലോങ്ങ്‌ മാത്രമകലെ.

വിളക്ക് വെക്കുംമുമ്പ് കഥ പറയേണ്ട ചുമലതലയുണ്ട്. അമ്പലക്കമ്മിറ്റി ഭാരവാഹികളിൽ ഒരു സുഹൃത്ത് പറഞ്ഞുറപ്പിച്ചതാണ്. ഒരു വ്യാഴവട്ടക്കാലം മുമ്പ് സദനം അക്കാദമി വിട്ടശേഷം തരപ്പെട്ടിട്ടില്ല ഈ ഏർപ്പാട്. അപകടമാക്കിയില്ല. പിന്നാലെ വന്ദനശ്ലോകം. ഔട്ട്‌ലുക്ക്‌ വാരികയിൽ ജോലിയുള്ള കാലം. ക്ഷണപ്രകാരം മലയാളി ബോസ്സ് വന്നിട്ടുണ്ട്. എഡിറ്റോറിയൽ ഡെസ്ക് മേധാവി സുനിൽ മേനോൻ. തൃശ്ശൂരെ പേരുകേട്ട പുത്തേഴത്ത് കുടുംബാംഗം. ജനിച്ചുവളർന്നതെല്ലാം ഇന്ദ്രപ്രസ്ഥത്തിൽ. മുദ്രമുദ്രാന്തരം കമന്ററി. ആപ്പീസിലെ മേലാള്‍ വീട്ടിൽ അതിഥിയായി, കളിസ്ഥലത്ത് ശിഷ്യനായി…

ഗോപിയാശാന്റെ നളൻ, നെല്ലിയോടിന്റെ നാരദൻ, സദനം ബാലകൃഷ്ണേട്ടന്റെ ഹംസം, മാർഗി വിജയേട്ടന്റെ ദമയന്തി. കൂടെ, ഇന്റർനാഷണൽ സെന്ററിലെ സദനം ശ്രീനാഥ്, കലാമണ്ഡലം അനിൽകുമാർ എന്നിവരുടെ സഖിമാർ ആയിരുന്നെന്നു തോന്നുന്നു.

കളി കഴിഞ്ഞപ്പോള്‍ അണിയറയിൽ പോയി. തുടച്ച് വേഷം മാറിക്കഴിഞ്ഞിരുന്നു ഗോപിയാശാൻ. തൃശ്ശൂരെ മുണ്ടൂര് വീട്ടിലെ അയൽപ്പക്കത്തെതാകയാൽ എന്റെ ഭാര്യയോട് പ്രത്യേകം അന്വേഷണം ചോദിച്ചു. പിന്നെ എനിക്ക് നേരെ തിരിഞ്ഞു. “യെങ്ങനണ്ടായിരുന്നു?” എന്ന് ചോദ്യം. നന്നായ കളി നന്നായി എന്ന് തന്നെ പറയണമല്ലോ. അത് ചെയ്യുകയും ചെയ്തു. കൂട്ടത്തിൽ ഇങ്ങനെയൊന്നു ചേർത്തു: “നാളെയാണ് പ്രധാന കളി. കമാനി ഓഡിറ്റോറിയം എന്ന് പറഞ്ഞാൽ ഇതുപോലെയല്ല. ദൂരദർശൻ കെട്ടിടത്തിന് നേരെ എതിരെ. നഗരത്തിന്റെ ഒത്തനടുവിലെ പച്ചപ്പിൽ വലിയ ഹാളാണ്. പല നാട്ടുകാരും വരും. നമുക്കവിടെ കേമമാക്കണം.”

“അദ് ശരി,” എന്ന പോലെന്തോ ഒഴുക്കൻ മറുപടി കേട്ടതായി നേർത്തൊരോർമ.

കിഴക്കേ നടക്ക് ചേർന്നുള്ള റോട്ടിൽ ഒരം ചേർത്ത് സ്കൂട്ടർ നിർത്തിയിട്ടുണ്ട്. ഒരു വളവു തിരിഞ്ഞതും അത്രതന്നെ ദൂരമോടിച്ച് വീട്ടിലെത്തി. കഷ്ടി മൂന്നു മിനിട്ടിന്റെ ദൂരം. അപ്പാർട്ട്‌മെന്റ് പടി തുറന്നുകിട്ടാൻ വണ്ടിയുടെ വേഗം കുറച്ചപ്പോള്‍ പാറാവുകാരൻ ‘നമഷ്കാർ ജി’ ചൊല്ലി. പൂട്ട്‌ തുറന്നു ഫ്ലാറ്റിൽ കയറി, ഫാൻ നേർത്ത് ചലിപ്പിച്ചു…. “ഡൽഹിയായാലെന്താ, നാട്ടില് കളി കാണാൻ പോയ മാതിരി….” എന്ന് ഭാര്യ. “എന്താ ലേ!”

പിറ്റേന്ന്, പറഞ്ഞ നേരത്തിന് അമൃത് ലാൽ ഹാജറായി. താൻ ജോലി ചെയ്യുന്ന ‘ടൈംസ്‌ ഓഫ് ഇന്ത്യ’ പത്രത്തിനായി ഗോപിയാശാനുമായി അഭിമുഖം വേണ്ടിയിരുന്നു. നഗരത്തിൽ സന്ധിച്ച സ്ഥലത്തുനിന്ന് ഫോൺ ചെയ്തു. “ഞാനും പിന്നെ പത്രക്കാരൻ സുഹൃത്തും കൂടി പുറപ്പെടുകയായി. അര മണിക്കൂറിനുള്ളിൽ എത്തും,” എന്ന് അപ്പുറത്ത് ആശാനോട് പറഞ്ഞു. “ആയ്ക്കോട്ടെ” എന്നൊരു ശബ്ദം മാത്രം അങ്ങേ തലക്കൽ.

“ആശാനെന്തോ പരിഭവം ഉണ്ടെന്നു തോന്നുന്നു,” സമപ്രായക്കാരൻ അമൃതിനോട് പറഞ്ഞു. “അതൊന്നും കാര്യമാക്കണ്ട,” അയാളുടെ മറുപടി. “നമുക്ക് വേഗമെത്താം.”

മുറിയിൽ വീണ്ടും കയറി. കറുത്ത ടീഷർട്ടും കാവിമുണ്ടും ആണ് ഇപ്പോള്‍ വേഷം. ഇൻഫോർമൽ എന്നുതന്നെ പറയാം. പക്ഷെ വർത്തമാനം ആവിധമായി തോന്നിയില്ല. ഏതായാലും, വട്ടമിട്ടിരുന്നു. അമൃത് റിക്കോഡർ ഓൺ ചെയ്തു. ആദ്യചോദ്യം കുറിച്ചു. തണുപ്പനായാണ് മറുപടി. പന്തികേട്‌ മണത്ത് അമൃത് അടുത്ത ചോദ്യം എനിക്ക് വിട്ടുതന്നു. അതിനു സമാധാനം അതിലും ഉഴപ്പസ്സ്യ ആയിരുന്നു. തുടർന്നും ഞാനെന്തോ ആരാഞ്ഞപ്പോള്‍ ആശാൻ മുഷിപ്പ് തെല്ലും മറയ്ക്കാതെ തിരിച്ചുപറഞ്ഞു: “അല്ലാ, ആരാ ചോദ്യം ചോയ്ക്കണ്? വൽസനോ ഇങ്ങോരോ?”

പരുക്കൻ സ്വരത്തിലുള്ള ശ്രുതിഭേദത്തിന്റെ കാരണം തിരിയാതെ ഞാൻ പകച്ചു. അതിലധികം അമൃതും. അത് മനസ്സിലാക്കി അദ്ദേഹത്തിന്റെ മുഖത്തു നോക്കി ആശാൻ പറഞ്ഞു: “അല്ലാ, ഒന്ന് മനസ്സിലാക്കിക്കോളോണ്ടൂ… ചെലര്ണ്ട്, ഒരു കളി കഴിഞ്ഞ് അയ്‌പ്രായം ചോയ്ച്ചാ ‘ഇന്നത്തെ കളി എന്തോ ആവട്ടെ; നാളത്തെ കേമാക്കണം’ ന്നാ മറ്വോടി പറയ്യാ…. ങ്ങനെള്ളോര്ണ്ടലോ, കളി കാണാതിരിക്ക്യാ ഭേദം….”

ഓ! കാര്യം വേഗമോടി!! (പാവം അമൃതിന് അപ്പോഴും ഒന്നും മനസ്സിലായില്ല.) ഇന്റർവ്യൂ എങ്ങനെയോ അവസാനിച്ചു. വേഗം യാത്രപറഞ്ഞു പിരിഞ്ഞു.

അന്നേ സന്ധ്യക്ക് കമാനിയിലെ ‘കുചേലവൃത്തം’ ഇരമ്പി. നെല്ലിയോടിന്റെ കുചേലൻ. ആശാന്റെ ശ്രീകൃഷ്ണൻ. വിജയേട്ടന്റെ രുഗ്മിണി. അമ്പലത്തിൽ അല്ലാഞ്ഞതിനാൽ കാണാൻ ഇടമറുകും പഴുതുകണ്ടു. വിപ്രന്റെ ഭഗവൽഭക്തി കണ്ട് കൌതുകം പൂണ്ടു. കളിക്ക് മുമ്പ് നടന്ന വഷളനൊരു കഥക്ക് പരിപാടിക്ക് പുണ്യാഹമായി തോന്നി. എന്നിരിക്കിലും, കളി കഴിഞ്ഞതും ഒരു കലാകാരനെയും കാണാതെ സകുടുംബം വീടണഞ്ഞു.

മൂന്നാം നാളത്തെ കളിക്ക് എത്തിപ്പെടാൻ ലേശം ദുർഘടമുണ്ട്. ഒന്നാമത് ദൽഹിയിലല്ല; നോയിഡയിലാണ്. അവിടത്തെ അയ്യപ്പക്ഷേത്രം കൃത്യം എവിടെയെന്നു അറിയില്ല. നഗരത്തിലെ ‘തോടയം’ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു കളി. “ശ്രീവൽസൻ പോണ്ണ്ടെങ്കെ വിളിക്കണം,” അകവൂരദ്ദേഹം എല്പിച്ചിട്ടുമുണ്ട്. എനിക്ക്, കൂടെ മകനുണ്ട്. ഭാര്യയുടെ അമ്മയും. ഓട്ടോറിക്ഷയെ മാർഗമുള്ളൂ. അത് പിടിക്കാൻ കുറെ മിനക്കെട്ടു. ലൈസൻസ് പ്രശ്നം കാരണം മിക്ക ഡ്രൈവർമാരും യൂ.പ്പി.യിലേക്ക് പോവില്ല. കുറെ പേശലിനു ശേഷം ഒന്ന് തരപ്പെടുത്തി. (ഒന്നാം ദിവസത്തിലെ നളനെപ്പോലെ) പല ബ്ലോക്കും ജാമും ഭേദിക്കേണ്ടി വന്നു. ഒടുവിൽ അമ്പലനടയിലെത്തി. ഉള്ളിലേക്ക് തിരക്കിട്ട് നടന്നു. സ്പീക്കറിലൂടെ കേള്‍ക്കുന്നത് തോടി രാഗാലാപനം. “നല്ല പാകം, ശ്രീവൽസാ….” എന്ന് അകവൂര്. ചെന്നിരുന്നതും ‘കുവലയ വിലോചനേ’ക്ക് തിരശീല മാറ്റി. എത്രയും അഴകോടെ ഗോപിയാശാനും വിജയേട്ടനും.

അതെ, നളചരിതം രണ്ടാം ദിവസം. ആദ്യഭാഗം മാത്രം. നെല്ലിയോടിന്റെ കലി. ശ്രീനാഥന്റെ ഇന്ദ്രൻ. ബാലകൃഷ്ണേട്ടന്റെ പുഷ്ക്കരൻ. രാജാവിനെ ചൂതിൽ തോൽപ്പിച്ച് കാട്ടിലേക്കയക്കുന്ന അനുജന്റെ വിജയം വരെ.

പിന്നാലെക്ക് പിന്നാലെ മൂന്നുനാള്‍ കളി തരപ്പെടുത്തിത്തന്ന ടീമല്ലേ! യാത്ര പറഞ്ഞുപോരാം എന്ന് കരുതി. അണിയറയിൽ ആദ്യം കണ്ടത് ഗോപിയാശാനെത്തന്നെ. ഭാര്യയുടെ അമ്മക്ക് ഒരു സംശയവുമുണ്ടായില്ല; തുറന്ന വർത്തമാനം: “പറേമ്പോ നാട്ടില് ഇത്ര അടുത്താ നമ്മള്…. ന്ന്ട്ടും ആശാന്റൊരു കളി കാണാൻ ഇത്രകലെ ഡെൽഹീല് വരണ്ടിവന്നു…” കാര്യം ഒന്നുകൂടി പന്തികേടായോ എന്ന് ഞാൻ ശങ്കിക്കവേ ആശാൻ ആരോടെന്നില്ലാതെ പറഞ്ഞു: “അതെ…. യെല്ലാറ്റിനും വേണൊരു യോഗേ….”

ദശ മാറി. പിറ്റേന്ന് തുടങ്ങി തെക്കൻ ഡൽഹിയിൽ വീണ്ടും പത്രപ്പണി തുടങ്ങി.

രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ സുഹൃത്തിന്റെ വിളി. “അമ്പലത്തിലെ കഥകളിയെ കുറിച്ച് എഴുതിത്തരുമോ? നമ്മുടെ മാസികയുടെ ഈ വരുന്ന ലക്കത്തിനായാണ്.” സസന്തോഷം സമ്മതിച്ചു.

ഗോപിയാശാന്റെ നളന്റെ ചെകിട്ടിൽ ഹംസം ‘ഭീമനരേന്ദ്ര സുത ദമയന്തി’ എന്നോതുന്ന ഫോട്ടോ മുഖചിത്രമായാണ് വൈകാതെ പതിപ്പിറങ്ങിയത്. “മൊത്തം നന്നായിരിക്കുന്നു,” ഭാരവാഹി സുഹൃത്തിനോട് നന്ദി പറഞ്ഞു. “പങ്കെടുത്ത കലാകാരന്മാർ അടക്കം അന്ന് പരിപാടിക്ക് വന്ന മൊത്തം ട്രൂപ്പിന് ഓരോ കോപ്പി അയച്ചുകൊടുക്കുമോ?” അതിനെന്താ, അഡ്രെസ്സ് ഓരോന്നും തരൂ എന്ന് മറുപടി.

വൃശ്ചികമാസം വന്നണഞ്ഞു. നാട്ടിലെ അമ്പലത്തിൽ വൈകാതെ ഉത്സവം. ഇരിക്കപ്പൊറുതി കിട്ടിയില്ല; ആപ്പീസിൽ കാര്യം പറഞ്ഞു. പുത്തേഴത്തെ മേനോൻ അവധി തന്നു. നിസാമുദ്ദിനിൽനിന്ന് സ്വർണ്ണ ജയന്തി എക്സ്പ്രസ്സിന് പുറപ്പെട്ടു. വിന്ധ്യയും പശ്ചിമഘട്ടവും കടന്നു. കൊച്ചുവെളുപ്പാൻ കാലത്തെ പാലക്കാടൻ കാറ്റിനു ചെവികൊടുക്കാതെ തീവണ്ടി പാഞ്ഞു.

അവധിക്കിടെ പണ്ട് പത്രപ്രവർത്തനത്തിന്റെ തുടക്കം പഠിച്ച പ്രസ്‌ അക്കാദമിയിൽ ഒന്ന് കയറി. കൊച്ചിക്ക് സമീപം കാക്കനാട്ട്. പുതിയ ബാച്ചിന് ചെറുതായി ക്ലാസെടുത്തു. അഭിവന്ദ്യ ഗുരു എൻ.എൻ. സത്യവ്രതനെ കണ്ട് കുറെ നേരം സംസാരിച്ചിരുന്നു. “ഉച്ചയായില്ലേ, ഊണ് കഴിച്ചിട്ട് പോവാം,” സാറിന്റെ ക്ഷണം. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് മേധാവി എം രാമചന്ദ്രൻ സാറും നിർബന്ധിച്ചു.

ഹോട്ടലിൽ വലിയ തിരക്കില്ലായിരുന്നു. ഭക്ഷണത്തിന് ഓർഡർ പറഞ്ഞ് വീണ്ടും കസേരയിലേക്ക് ചാഞ്ഞതും സെൽ ഫോണിൽ തരിപ്പ്. ആരാ ഈ നേരത്ത്? എടുത്തു നോക്കി. റോമിംഗ് ആയതു മുതൽക്ക് തുടങ്ങിയതാണ്‌ മൊബൈലിന് ഈയൊരു സുഖക്കേട്‌: വിളികളെല്ലാം വരവ് ‘നോ നമ്പർ’ എന്ന് സ്ക്രീനിൽ തെളിഞ്ഞാണ്.  ഏതെങ്കിലും ഹിന്ദിക്കാരൻ ഇൻഷുറൻസ് ഏജെന്റ് ആവാനും മതി. എന്തോ ആവട്ടെ; കാള്‍ എടുത്തു. അപ്പുറത്തെ ശബ്ദത്തിന് കരകരപ്പ്. ആഹ്ലാദം നിറഞ്ഞ വർത്തമാനമാണെന്ന് മാത്രമേ മനസ്സിലായുള്ളൂ. “ആര്? രാമൻ നമ്പൂരിയോ?” എന്ന് ഞാൻ. അങ്ങനെ സംശയം ചോദിച്ചതിൽ അങ്ങേ തലക്കലെ ആള്‍ക്ക് തോന്നിയ അസ്ക്യത വ്യക്തമായിരുന്നു. “ഞാനാണ്, ഗോപി…..കലാമണ്ഡലം ഗോപി…”

അയ്യയ്യോ! ചാടിയെഴുന്നേറ്റു. ഗുരുക്കന്മാർക്ക് സുല്ല് കാട്ടി ഒഴിഞ്ഞ ഒരു മൂലക്കൽ പോയി. “ആശാൻ ക്ഷമിക്കണം, ആദ്യം ആളെ മനസ്സിലായില്ല.”

“ഹേയ്….അവൊന്നും സാരല്യാ…. വൽസന്റെ ലേഖനം കിട്ടി. യിന്ന് കാലത്തേ കണ്ടത്. വായിച്ചു. സന്തോഷായി…”

തിരിച്ചെന്തു പറയാൻ! ഭാഗ്യത്തിന് അധികം ആയാസപ്പെടേണ്ടി വന്നില്ല. അങ്ങേ തലയിൽ നിലക്കാത്ത സംസാരം. കുട്ടിക്കാലത്ത് കേട്ടിരുന്ന ഗോപിയാശാന്റെ അലയൊലി പോലെ!

“മറ്റേ, ‘ടൈംസ് ഓഫ് ഇന്ത്യ’ക്കാരന്റെ അഭിമുഖവും വന്നിട്ടുണ്ട്. അയച്ചുതരാം,” എന്ന് ഞാൻ. “ഒരു ധൃതീല്യാ…. സൗകര്യം മാതിരി മതി,” എന്ന് ആശാൻ.

സംസാരം കഴിഞ്ഞ് ഫോൺ പോക്കറ്റിൽ തിരുകി തിരികെ മാഷന്മാരുടെ അടുക്കലെത്തി. “എന്താ ശ്രീവൽസൻ?” സത്യൻ സാറിന്റെ ചോദ്യം. “താനാകെ ഒന്ന് കലങ്ങിയ മട്ടുണ്ടല്ലോ….”

“ഹേയ്, കുഴപ്പമൊന്നുമില്ല സാർ. എല്ലാമൊന്നു തെളിഞ്ഞതാണ്.”

“ആരായിരുന്നു ഫോണിൽ?”

“അതോ? അത് പഴയൊരു സ്നേഹിതൻ….”

പുറത്ത് ഉച്ചസ്സൂര്യൻ മേഘക്കീറ് വിട്ട് പുറത്തുവന്നു.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder