ലേഖകനെക്കുറിച്ച്

ശ്രീവത്സൻ

You are here

Home » ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം ഒന്ന്

ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം ഒന്ന്

ശ്രീവല്‍സന്‍ തീയ്യാടി Thursday, April 26, 2012 (All day)

Perur Gandhi Seva Sadanam (Illustration: Sneha)

(കഥകളി.ഇന്‍ഫോയില്‍ ശ്രീ ശ്രീവല്‍സന്‍ തീയ്യാടി എഴുതുന്ന കഥകളിയനുഭവങ്ങളുടെ പരമ്പര ആരംഭിക്കുന്നു)

ലേഖകനെക്കുറിച്ച്

Sreevalsan Thiyyadi

ടി കെ ശ്രീവല്‍സന്‍ എന്ന് ഔദ്യോഗികനാമം. മദ്ധ്യകേരളത്തിലെ തലപ്പിള്ളി താലൂക്കില്‍ വേരുകളുള്ള കുടുംബം. ജനനം കൊച്ചിക്ക് തെക്ക് തൃപ്പൂണിത്തുറയില്‍, 1970ല്‍‍. ഭൂരിപക്ഷവും ആ ചെറുപട്ടണത്തില്‍ ചിലവഴിച്ച ബാല്യത്തിനും കൌമാരത്തിനും ഇടയില്‍ കലാസ്വാദനം ശീലമായി. ലേശം ചെണ്ട പഠിച്ചു. കഥകളിക്കമ്പം മൂത്ത്, പഠനശേഷം, ഒറ്റപ്പാലത്തിനു കിഴക്കുള്ള സദനം അക്കാദമിയില്‍ ഒന്നര വര്‍ഷം പണിയെടുത്തു. പിന്നീട്, 25 വയസ്സില്‍, ദല്‍ഹിക്ക് പോയി. ഒരു വേനലിലെ ഫ്രീലാന്‍സ് പരിചയത്തിനു ശേഷം പത്രപ്രവര്‍ത്തനം തൊഴിലാക്കി. ന്യൂസ്‌ ഏജന്‍സി, വാരിക, വാരാന്തപ്പതിപ്പ്, ദിനപത്രം തുടങ്ങി അര ഡസന്‍ സ്ഥാപനങ്ങളിലെ ഉദ്യോഗത്തിനിടെ ഉത്തരേന്ത്യയില്‍ പലയിടത്തും ബോംബെ, മദിരാശി തുടങ്ങിയ നഗരങ്ങളിലും ജീവിച്ചു. 2011 ആഗസ്ത് മുതല്‍ തലസ്ഥാനത്തെ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രത്തില്‍ അസിസ്റ്റന്റ്‌ ന്യൂസ്‌ എഡിറ്റര്‍. സ്കൂള്‍ടീച്ചറായ ഭാര്യയും രണ്ട് മക്കളുമൊത്ത് യമുനക്ക് കിഴക്ക് താമസം. അടുത്തിടെയായി കേരളീയ ക്ലാസിക്കല്‍-പാരമ്പര്യ-നാടന്‍ കലാസംബന്ധിയായ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ സജീവാംഗം.
ഇമെയില്‍ – sreevalsan ഡോട്ട് nambiar അറ്റ് gmail ഡോട്ട് com.

പുഴുക്കം വിട്ടുമാറാത്തൊരു വേനല്‍സന്ധ്യ. ഓലമേഞ്ഞ പന്തലിനു താഴെ നിരത്തിയ ഇരുമ്പുകസേരകളിലും അരങ്ങിനു തൊട്ടുമുന്‍പില്‍ വിരിച്ച പായകള്‍ക്കും അവക്കരികിലെ മുളംതൂണുകള്‍ക്ക് പുറത്തും ഒക്കെയായി നിറയെ ആളുണ്ട്. കാറല്‍മണ്ണ സ്കൂള്‍ അങ്കണത്തില്‍ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ സപ്തതിയാഘോഷമാണ്. മുഴുരാത്രി കഥകളിക്ക് തൊട്ടുമുമ്പുള്ള  പൊതുയോഗത്തില്‍ സംസാരിക്കാനുള്ളവരില്‍ സിനിമാനടന്‍ മുരളിയുമുണ്ട്. ജനം കൊണ്ടുപിടിച്ച് സൊറ പറയുകയാണ്‌.

ഇതുതന്നെ പറ്റിയ താപ്പ്, ഞാനുറപ്പിച്ചു. പിന്നെ അമാന്തിച്ചില്ല. തോള്‍സഞ്ചി തുറന്ന്, കെട്ടഴിച്ച്, കടലാസ് വിതരണം തുടങ്ങി. ഒരു തല മുതല്‍ വേദിയുടെ മറ്റേയറ്റം വരെ. സംഗതി വായിച്ചപ്പോള്‍ ചിലര്‍ക്ക് പുതിയ അറിവായി, മറ്റുചിലര്‍ക്ക് വിശദവിവരങ്ങള്‍ കിട്ടാന്‍ കഴിഞ്ഞു, വേറെ ചിലര്‍ക്ക് ഔപചാരിക ക്ഷണമായി: രണ്ടാഴ്ചക്കുള്ളില്‍ കീഴ്പടം കുമാരന്‍ നായരുടെ എണ്‍പതാം പിറന്നാളാണ് — സദനം കഥകളി അക്കാദമിയിൽ‌.

1995 മെയ്‌ 26. സിമന്റിട്ട സ്റെയ്ജിന്‍റെ ഒരു വക്കത്ത് ഇല്ലാത്ത ഇടമുണ്ടാക്കി കുത്തിത്തിരുകുകയായിരുന്നു. സപ്തതിക്കെന്ന പോലെ അശീതിക്കും വന്‍ തിരക്ക്.

രംഗത്ത് കിരാതമൂര്‍ത്തിയും കാട്ടാളസ്ത്രീയും. അര്‍ജുനനായി രാമന്‍കുട്ടിനായരാശാന്‍. കറുത്തതാടിയുടെ കുറുമ്പന്‍ ചോദ്യങ്ങള്‍ക്ക് കനംവിടാതെയുള്ള മറുപടി. ലഹള മൂക്കുമ്പോള്‍ ഇടപെടുന്ന വേടനാരിയായി കോട്ടക്കല്‍ ശിവരാമന്‍. പിന്നണിയില്‍ തകര്‍പ്പന്‍ പാട്ടും കൊട്ടും. ഒടുവിലത്തെ കഥയായിരുന്നെങ്കിലും ഉപായത്തില്‍ തീര്‍ക്കാനുള്ള ഭാവത്തിലായിരുന്നില്ല കുമാരന്‍നായരാശാന്‍. കിരാതം ആകപ്പാടെ കസറി. നേരം വെളുത്ത് അരങ്ങൊഴിഞ്ഞപ്പോഴും അദ്ദേഹത്തിന്‍റെ നായകവേഷം രൂപഭാവചലനങ്ങള്‍ക്കൊണ്ട് കൈലാസം പോലെ ഉയര്‍ന്നുനിന്നു.

വെയില്‍ മൂക്കുംമുമ്പ് ഒടുവിലത്തെ ടാര്‍പാളിനിലും മടക്കി പെട്ടിയോട്ടോറിക്ഷയില്‍ കടത്തി പത്തിരിപ്പാല മുക്കവലക്കടുത്തുള്ള പീടികമുറിയില്‍ കൊണ്ടുചെന്നെത്തിച്ച് കണക്കുതീര്‍ത്തു. മടക്കമുള്ള അരനാഴിക വഴി നടന്ന്, പുഴവക്കത്തുള്ള താമസസ്ഥലത്തെത്തി. കുളിച്ചിട്ടും ക്ഷീണം മാറിയില്ല. പക്ഷെ മനസ്സിന് വല്ലാത്ത ലാഘവം. നെടുങ്കനൊരു പരീക്ഷ നല്ലവണ്ണം എഴുതിയ വിദ്യാര്‍ഥിയുടെ മനസ്സുഖം. കൃതാര്‍ത്ഥതയുള്ള അയവ്, രസമുള്ള ആലസ്യം.

ഒന്നരക്കൊല്ലം മാത്രമേ ഉദ്യോഗവൃത്തി നീണ്ടുള്ളൂവെങ്കിലും ഒരായുസ്സിനുള്ള ഓര്‍മകളാണ് സദനത്തില്‍നിന്ന് കിട്ടിയത്.  നിറപ്പകിട്ടുള്ളതും നരച്ചതും ചിലപ്പോള്‍ കറുത്തതും ആയവ. ഇതു മൂന്നും ഒട്ടയെടുപ്പില്‍ കഴിച്ച ഒരു കലാശച്ചവിട്ടായി ഭവിച്ചു അശീതിയാഘോഷം. കേരളീയകലകളില്‍ പലതിന്റെയും വിളനിലമായ വള്ളുവനാടിന് ലേശം കിഴക്കുള്ള ഒരു പഴയ സ്ഥാപനത്തിന്റെ സാംസ്കാരികവീഥിയില്‍ പലരോടുമൊത്ത് എനിക്കും നാട്ടാന്‍ തരപ്പെട്ട നാഴികക്കല്ല്.

കുമാരന്‍നായരാശാന്റെ പിറന്നാളാഘോഷം ഗംഭീരമാക്കണമെന്ന താല്പര്യത്തോടെ അതിനു മൂന്നുനാല് മാസം മുമ്പുതന്നെ പേരൂരെ സദനത്തില്‍ യോഗം വിളിച്ചുകൂട്ടിയെങ്കിലും അശീതിക്ക് മുമ്പുള്ള ആറാഴ്ചക്കാലത്താണ് തകൃതിയായി പണി തുടങ്ങുന്നത്. ഏതു ജോലിക്കും തയ്യാറുള്ള ഒരുപറ്റം യുവസുഹൃത്തുക്കള്‍ സഹൃദയവൃന്ദത്തിലുണ്ടായിരുന്നിട്ടും രാമന്‍കുട്ടിനായരാശാന്റെ എഴുപതാം പിറന്നാളിന്റെ ഉത്സാഹത്തിലായിപ്പോയി അവരില്‍ പലരും. മദ്ധ്യവേനലവധിയാകയാല്‍ സദനത്തിലെ എല്ലാ അദ്ധ്യാപകരേയും വിദ്യാര്‍ഥികളെയും ഏതുനേരത്തും കിട്ടുന്ന അവസ്ഥയും അല്ലാതെ പോയി. അതുപോലെത്തന്നെ കുമാരന്‍നായരാശാന്റെ ശിഷ്യപ്രശിഷ്യരും സഹകലാകാരന്മാരും സദനത്തിനടുത്ത് താമസിക്കുന്നവരായി നന്നേ ചുരുക്കം. മാത്രമല്ല, ഗുരുവന്ദ്യന് സുവര്‍ണ്ണഹാരം തയ്യാറാക്കുകയും ആഘോഷത്തിനായി കളിസ്ഥലങ്ങള്‍തോറും സംഭാവന പിരിക്കാനുമുള്ള ചുമതല അവര്‍ക്കുണ്ടായിരുന്നു.

ചുരുക്കത്തില്‍ തോഴരും തോണിയും കൈമോശംവന്ന് തുരുത്തില്‍പ്പെട്ടതുപ്പോലെ തോന്നിപ്പോയി ആരംഭത്തില്‍ ചിലപ്പോള്‍. ആ നേരത്തെ ചില വേലകള്‍ക്കെങ്കിലും അത്താണിയില്ലാഞ്ഞതുപോലെ അനുഭവപ്പെട്ടു. എന്നാല്‍ വിശേഷമടുത്തപ്പോഴേക്കും സംഘബലം കൈവന്നു തുടങ്ങി. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് കേളിമുഴക്കിയപ്പോള്‍ പേരെടുത്തൊരു കലാസദനത്തില്‍ ഒരു പുകഴ്പെറ്റ കളിയാശാന്‍റെ പിറന്നാളിന് കൊടിയേറ്റമായി. പിറ്റേന്ന് വെളുപ്പിന് കിടിലനൊരു നാലിരട്ടിയോടെ ആറാട്ടും കുളിച്ചു.

തണുത്തതെങ്കിലും ഈര്‍പ്പംകുറഞ്ഞ കാറ്റ് വീശുന്ന ഒരു വൃശ്ചികപ്പകലാണ് ആദ്യമായി സദനത്തിന്റെ പടി കടക്കുന്നത്‌ — ഉദ്യോഗാര്‍ത്ഥം. കളിഭാന്ത്‌ മൂത്ത് മദ്ധ്യകേരളത്തില്‍ പലയരങ്ങുകളിലും ധാരാളമായി വന്നുപോവുന്ന ശീലം തുടങ്ങിയിട്ട് ആറേഴു കൊല്ലമായിക്കഴിഞ്ഞിരുന്നെങ്കിലും സദനത്തിലേക്ക് എന്തുകൊണ്ടോ സന്ദര്‍ശനമുണ്ടായില്ല. പത്രപ്രവര്‍ത്തന കോഴ്സിന്റെ ഭാഗമായി തൃശ്ശൂര് “മാതൃഭൂമി”യിലെ ഇന്റെണ്‍ഷിപ്പിനിടയിലാണ് സദനത്തില്‍ പബ്ലിസിറ്റി ആപ്പീസറുടെ ഒഴിവിന് പരസ്യം കണ്ട വിവരം ഒരു എം.എ. കൂട്ടുകാരന്‍റെ കത്ത് വഴി അറിയുന്നത്. അങ്ങനെ അപേക്ഷിച്ചതാണ്.

സദനത്തിന്റെ സെന്‍ട്രല്‍ സ്കൂളിലെ ഒരു ചെറിയ മുറിയില്‍ നടത്തിയ എഴുത്തുപരീക്ഷക്ക് മൂന്ന് പയ്യന്മാര്‍ വേറെയുമുണ്ടായിരുന്നു. അതുകഴിഞ്ഞ് അരമണിക്കൂറിന് ഉള്ളിലായിരുന്നു ഇന്റര്‍വ്യു.

ശിപായിയുടെ വിളി വന്നു. നേര്‍ത്ത മരത്തട്ടിക കൊണ്ടു മറച്ച ഇടത്തിലേക്ക് കയറി. കൈയില്ലാത്ത വെള്ള ഖദര്‍കുപ്പായവും വെണ്‍ചാമരം മാതിരിയുള്ള ദീക്ഷയുമായി മരക്കസേരയില്‍ നിവര്‍ന്നിരിക്കുന്ന കുമാരേട്ടന്‍. സ്വാതന്ത്ര്യസമരസേനാനിയും സദനം സ്ഥാപകസെക്രട്ടറിയും ആയ കെ കുമാരന്‍ എന്നയാളെ കേട്ടിട്ടുണ്ട്; പക്ഷെ നടാടെയാണ് കാണുന്നത്. അദ്ദേഹത്തിന്‍റെ കൂടെ ഒരാള്‍; അദ്ദേഹത്തിന്‍റെ സംസാരത്തിനു വെടിപ്പുള്ള തിരുവിതാംകൂര്‍ ചുവ. (പത്തിരിപ്പാല ഹൈസ്കൂളില്‍ മുതിര്‍ന്ന ഹിന്ദി മുന്‍ഷിയായ ഇദ്ദേഹത്തിന്‍റെ — ഗോപാലകൃഷ്ണന്‍ മാഷ്‌ — നാടായ പാലാ രാമപുരത്തെ അമ്പലത്തില്‍ പിറ്റത്തെ കൊല്ലം നടന്ന ഉത്സവക്കളി സദനത്തിന്‍റെയായിരുന്നു.)

ചെര്‍പ്ലശ്ശേരിക്ക് തൊട്ടു വടക്ക് കാറല്‍മണ്ണയില്‍ ആയിടെ മാത്രം സമാപിച്ച മോഹിനിയാട്ടശിബിരത്തിനു പോയിരുന്നുവോ എന്ന് ചോദിച്ചു കുമാരേട്ടന്‍. സാധിച്ചില്ല, എന്നാല്‍ തൊട്ട വേനലില്‍ വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റിന്‍റെതന്നെ  കഥകളി ശില്പശാലക്ക് ആദ്യാവസാനം ഉണ്ടായിരുന്നെന്നായി ഞാന്‍. ചോദിക്കാതെതന്നെ, പാടാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞ് രണ്ടുവരി നീട്ടിച്ചൊല്ലി: നളചരിതത്തിലെ “സാമ്യമകന്നൊരു ഉദ്യാനം”. കട്ടിക്കണ്ണട വച്ച കുമാരേട്ടന്റെ മുഖത്ത് മുഷിപ്പൊന്നും കണ്ടില്ല.

കടമ്പ കടന്നു. അങ്ങനെ 23 വയസ്സില്‍ ഒരു ജോലി കിട്ടി. ‘മാതൃഭൂമി’യിലെ തൊഴില്‍പഠനപരിചയം ഒരു മാസം തികഞ്ഞതിന് പിറ്റേന്നുതന്നെ സദനത്തില്‍ മുഖംകാട്ടി ഒപ്പിട്ടു — 1993 ഡിസംബര്‍ 10ന്.

മുള്‍ക്കൊടികള്‍ വേലി തെറുത്ത ഒരുതുണ്ട് നീളന്‍ ഭൂമി. അതിന്റെ കയറ്റിറക്കങ്ങളില്‍ കരിമ്പനകളും കടുപ്പാവിട്ടകളും. അവക്കിടയില്‍ മൂന്ന് ഓട്ടുപുരകളിലായി കുടികൊള്ളുന്ന കഥകളിക്കളരി. ചെണ്ടയും മദ്ദളവും ചേര്‍ന്ന് ശബ്ദത്തിന്‍റെ വേലിയേറ്റമുണ്ടാക്കി പാട്ടിനെ അന്തര്‍ദ്ധാരയാക്കുന്ന ചൊല്ലിയാട്ട ക്ലാസ്. കനത്ത മരപ്പാളിയില്‍ ആശാന്റെ പുളിമുട്ടി വീഴുന്നതിനൊത്ത് മെയ്യനക്കുകയും മുദ്ര പിടിച്ചുവിടുകയും ചെയ്യുന്ന ശിഷ്യര്‍. വിയര്‍പ്പുചാലിറങ്ങുന്ന തവിട്ടുചുമലുകള്‍. തെല്ലു ദൂരെ, കളിക്കോപ്പ് സൂക്ഷിക്കുന്ന മച്ചകത്തിനു മുമ്പിലെ കോലായിലിരുന്ന് കൊരലാരത്തിനും തോള്‍പ്പൂട്ടിനും നിശ്ശബ്ദം തകിടുപതിക്കുന്ന ചുട്ടിക്കാരന്‍. കമഴ്ത്തിയ ചെമ്മണ്‍കലത്തില്‍ വളയംവെച്ച കത്തിവേഷമുഖത്ത് അരിമാവുകൊണ്ട് നൂലുവലിക്കുന്ന കുട്ടി. അരങ്ങിനും അണിയറക്കും പിന്നിലെ അനന്തലോകത്തെ കാഴ്ചകള്‍ ശീലംവന്നിട്ടും കൌതുകം നിറഞ്ഞതായി തുടര്‍ന്നു.

(Illustration: Sneha)

കാലം ചെന്നപ്പോള്‍ ഒന്ന് വ്യക്തമായി. കഥകളിയുടെ പിന്നാമ്പുറങ്ങള്‍ക്ക് ഒരു അനാദിച്ഛായയാണ്. വര്‍ഷക്കാലത്തെ പ്രഭാതത്തില്‍ കച്ചകെട്ടിയ രൂപങ്ങള്‍ കോതിച്ചാടുമ്പോഴാവട്ടെ, അന്തിയില്‍ കമ്പിറാന്തല്‍വെട്ടത്ത് തെളിഞ്ഞുമറയുന്ന മുദ്രകള്‍ മഞ്ഞച്ചുവരില്‍ നിഴല്‍വീഴ്ത്തുമ്പോള്‍ ആവട്ടെ, മേടമാസത്തിലെ മദ്ധ്യാഹ്നത്തില്‍ കാലിയായ കളരിനിലത്ത് വെയില്‍ച്ചീളുകള്‍ തിരനോക്കിപ്പോവുമ്പോഴാവട്ടെ , സദനത്തിന് മിക്കപ്പോഴും സ്ഥലകാലമില്ലാത്തത് പോലെയാണ്. ഇടയ്ക്കെന്നോ താക്കോല്‍കൊടുക്കാന്‍ വിട്ടുപോയ പഴയൊരു ഘടികാരംപോലെയാണതിന്‍റെ കെട്ടും മട്ടും.

താമസമുറിക്ക് ചേര്‍ന്നുള്ള കോപ്പറയിലും കോലായിലും കാര്യമായ അനക്കമുണ്ടാവുക കളിക്ക് പോവേണ്ട ദിവസത്തിലാണ്. രാവിലെയെത്തി കഥാനുസാരം കോപ്പ് നിറയ്ക്കുന്ന പെട്ടിക്കാര്‍. വെള്ളമനയോല പൊടിച്ച് എണ്ണയില്‍ ചാലിച്ചെടുക്കുന്ന പിള്ളേര്‍. കനത്ത തിരി നെട്ടനെക്കത്തി ഓട്ടിന്‍ക്കഷ്ണത്തിനടിയില്‍ കട്ടപിടിച്ചു കിട്ടുന്ന മഷി. പച്ചയോല കീറി തയ്യാറാക്കിയ നറുക്ക്. ഈര്‍ക്കിലനുറുക്കുകള്‍ വേറെ.

പച്ചതേച്ച മലമടക്കുകള്‍ പരത്തിച്ചവിട്ടി നില്‍ക്കുന്ന കിഴക്കന്‍ പാലക്കാട്ടെ ഉള്‍നാടന്‍ ക്ഷേത്രങ്ങളിലാണ് സദനത്തിന്റെ മിക്കവാറും അരങ്ങുകള്‍. വന്ദനശ്ലോകവും പുറപ്പാടും കഴിഞ്ഞാല്‍ അന്നത്തെ കഥകള്‍ ചുരുക്കിപ്പറയേണ്ട   ചുമതലയുണ്ട്. ഷര്‍ട്ടിട്ട് അരങ്ങത്തു വരുന്ന ഏക വേഷം. ആദ്യംതോന്നിയിരുന്ന സങ്കോചം വിട്ട്, കാര്യങ്ങള്‍ തഞ്ചത്തിലായപ്പോള്‍ വിചാരിച്ചു: അവസാനത്തെ കഥ തുടക്കത്തില്‍ പറഞ്ഞ്, ആദ്യത്തേത് ഒടുവില്‍ കേള്‍പ്പിച്ചാലോ? അന്ത്യത്തില്‍ പറഞ്ഞ കഥയുടെ അവതരണം എങ്ങനെയെന്ന്, കേട്ടതിന് തൊട്ടു പിന്നാലെ കണ്ടറിയാമല്ലോ. സംഗതി തെറ്റില്ല. അതങ്ങനെ ഒരു ശീലമാക്കി.

നേരം വെളുത്താല്‍ സംഘാടകര്‍ തരുന്ന പണം വാങ്ങിയെണ്ണി കവറുകളിലാക്കി കലാകാരന്മാര്‍ക്ക് കൊടുക്കുമ്പോള്‍ ഉറക്കച്ചടവ് പുറത്തു കാട്ടാതെ നോക്കണം. കാശിനെ സംബന്ധിച്ചോ അല്ലാതെയോ ട്രൂപ്പംഗങ്ങളില്‍ ചിലപ്പോഴുണ്ടാവുന്ന അല്ലറചില്ലറ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ആവത്‌ വേണം. കൊടുത്ത് തീര്‍ക്കേണ്ട തുക കഴിച്ച് ബാക്കി കുമാരേട്ടനെ ഏല്‍പ്പിക്കുമ്പോള്‍ കണക്കുപിഴവോ അനാവശ്യചിലവോ വന്നിട്ടില്ലെന്ന് ശ്രദ്ധിക്കണം. ഒക്കെ വഴിയെ ശീലമായി.

മടിച്ചുകൂടിയ മഴക്കാലം കഴിഞ്ഞ് അഷ്ടമിരോഹിണിക്കും പിന്നീട് കന്നി 12-ലെ പട്ടിക്കാംതൊടി ജയന്തിക്കുമായി കോപ്പുപെട്ടികള്‍ കണ്ണുമിഴിക്കുന്നതോടെയാണ് സദനത്തിന്റെ കളിസ്സീസണ്‍ തുടങ്ങുക.

അക്കൊല്ലം (1994-95) സദനം ഏറ്റ കളികളുടെ എണ്ണം 35 കവിഞ്ഞു. ഒട്ടും മോശമല്ല. (കുഞ്ചുനായര്‍ ട്രസ്റ്റിന്‍റെ എന്തെന്നില്ലായ്മയുടെ കാലത്താണിത്‌.) തെക്ക് പാലാ മുതല്‍ വടക്ക് താനൂര്‍ വരെയും കേരളത്തിനു പുറത്ത് മദിരാശിയിലും മൈസൂരും അക്കൊല്ലം കളി കിട്ടി. സദനത്തിന്‍റെ പതിവംഗങ്ങള്‍ക്ക് പുറമേ കുമാരന്‍ നായര്‍, രാമന്‍കുട്ടി നായര്‍, പത്മനാഭന്‍ നായര്‍, കോട്ടക്കല്‍ ശിവരാമന്‍, കെ ജി വാസു, സദനം കൃഷ്ണന്‍കുട്ടി, വാസു പിഷാരോടി, തൃപ്പലമുണ്ട നാരായണന്‍കുട്ടി പണിക്കര്‍, കലാനിലയം ഗോപാലകൃഷ്ണന്‍, കല്ലുവഴി വാസു, രാമചന്ദ്രന്‍ ഉണ്ണിത്താന്‍, പരിയാനംപറ്റ ദിവാകരന്‍, കേശവന്‍ നമ്പൂതിരി, കലാമണ്ഡലം സോമന്‍, കലാനിലയം മധുമോഹന്‍ എന്നിങ്ങനെ വേഷക്കാരും, കലാനിലയം ഉണ്ണിക്കൃഷ്ണന്‍ (പാട്ട്), കലാമണ്ഡലം പ്രഭാകര പൊതുവാള്‍, വിജയകൃഷ്ണന്‍ (ചെണ്ട), കോട്ടക്കല്‍ രവി (മദ്ദളം), കലാമണ്ഡലം ബാലന്‍ (ചുട്ടി), കുഞ്ചന്‍ (അണിയറ) തുടങ്ങി അറിയപ്പെടുന്ന പലരും അക്കുറി സദനവുമായി സഹകരിച്ചു.

അത്തവണത്തെ ശിവരാത്രിക്ക് നാല് കളികള്‍ കിട്ടിയത് സദനത്തിന് തന്‍റെടാട്ടമായി. കുമാരേട്ടന്റെ കാര്‍മികത്വത്തില്‍ ഒരുകൂട്ടര്‍ ചെര്‍പ്ലശ്ശേരി പുത്തനാല്‍ക്കലില്‍ സന്ധ്യക്കൊരു ‘കുചേലവൃത്തം’ കഴിച്ച് വടക്കന്‍ വെള്ളിനേഴിയില്‍ പുലിക്കല്‍ അമ്പലത്തില്‍ ഉറക്കമിളച്ചു. സദനം അദ്ധ്യാപകന്‍ കലാനിലയം ബാലകൃഷ്ണന്‍ തിരുവാഴിയോട്ട് ഒരേസമയം വേഷക്കാരനും ട്രൂപ്പുകാര്യസ്ഥനും ആയി. കല്ലടിക്കോട്ടേ കുന്നിന്‍ചെരുവില്‍ ഉള്ളൊരു ശിവക്ഷേത്രത്തിലേക്കാണ് എനിക്ക് കുറിവീണത്‌. കുട്ടിത്തരം വേഷക്കാര്‍ തുടങ്ങി കാരണവന്മാര്‍ വരെ പങ്കെടുത്ത ഈ യജ്ഞത്തില്‍ രണ്ടുപേരോടുള്ള പ്രത്യേക കടപ്പാട് മറന്നുകൂടാ: ചുട്ടിക്കാരന്‍ നീലംപേരൂര്‍ തങ്കപ്പന്‍ പിള്ളയും അദ്ദേഹം എറണാകുളത്ത് നിന്ന് കൊണ്ടുവന്ന രാജന്‍ ജോണും.

പരക്കെ പ്രചാരമുള്ള കഥകള്‍ അവതരിപ്പിക്കുമ്പോഴും അന്നത്തെ പ്രിന്‍സിപ്പല്‍ സദനം കെ ഹരികുമാരന്‍ രചിച്ച രണ്ടു കഥകള്‍ ഇടയ്ക്കിടെ അരങ്ങു കണ്ടു. അതില്‍ “കര്‍ണ്ണപര്‍വ”ത്തിനു മുമ്പ് അദ്ദേഹം ചിട്ടചെയ്ത “ശാപമോചന”ത്തില്‍ ശിവരാമേട്ടന്റെ ഉര്‍വശിക്ക് അര്‍ജുനനായി ഒരു പ്രശസ്ത കഥകളിനടന്‍ അന്നാണ് സദനത്തില്‍ ആദ്യമായി നാമംവെക്കുന്നത്. മറ്റാരുമല്ല, കഥകളിയുടെ നിറപറയായ കലാമണ്ഡലം ഗോപി.

Sadanam Kumaran Nair, father of Sadanam Harikumaran (Illustration - Sneha)

ഒന്നര വ്യാഴവട്ടം മുമ്പ് നടന്ന സംഭവങ്ങള്‍ക്കും അതിലൂടെ ഉറച്ചുകിട്ടിയ ബന്ധങ്ങള്‍ ചിലതിനും ഇന്നൊരു മുഴുവൃത്തം കൈവന്നത് പോലെ. സദനത്തില്‍ PRO തസ്തികക്ക് ഒഴിവുണ്ടെന്ന് വിവരമറിയിച്ച സുഹൃത്ത് പിന്നീട് എന്നെപ്പോലെ ഡല്‍ഹിയില്‍ ഉദ്യോഗസ്ഥനായി. സദനത്തിലെ ആദ്യകാല വിദ്യാര്‍ഥികള്‍ പലരും തലസ്ഥാനനഗരിയിലെ ഇന്റര്‍നാഷണല്‍ കഥകളി സെന്ററില്‍ അടുത്ത പരിചയക്കാരായി. ഒരു പതിറ്റാണ്ട് കൊല്ലം മുമ്പ് കുമാരന്‍നായരാശാന്‍റെ ശതാഭിഷേകത്തിനു പങ്കുകൊള്ളാന്‍ ഏറെ ദൂരം താണ്ടിയാണെങ്കിലും സദനത്തില്‍ത്തന്നെ വന്നെത്താന്‍ ഭാഗ്യമുണ്ടായി. അക്കാലത്ത് വിവാഹിതനായപ്പോള്‍ തൃശൂര് മുണ്ടൂര് ഭാര്യവീട്ടിന് അടുത്തുള്ള പാടം മുറിച്ചുകടന്നാല്‍ ചെന്നെത്താവുന്നത്ര അടുത്തായി ഗോപിയാശാന്‍റെ പടി. അശീതിക്കളിക്ക് കിരാതം കഥ കാണാന്‍ സ്ഥലമുണ്ടാക്കിത്തന്ന കാറല്‍മണ്ണക്കാരന്‍ സുഹൃത്ത് എം എന്‍ നീലകണ്ഠന്‍ ഏഴു വര്‍ഷത്തിനുശേഷം സദനത്തില്‍ പട്ടിക്കാംതൊടി ജയന്തിക്ക് ചെന്നപ്പോള്‍ വീണ്ടും സഹകാണിയായി.

പതിനേഴോളം കൊല്ലത്തെ ഉത്തരായണത്തെ തുടര്‍ന്ന് ഇപ്പോഴും വാസം ഇന്ദ്രപ്രസ്ഥത്തില്‍ത്തന്നെ. ആംഗല ബിസിനസ്പ്പത്രത്തിലെ സഹപ്രവര്‍ത്തകർ വാര്‍ത്താശകലങ്ങള്‍ എയ്ത് എഡിറ്റ്‌ ചെയ്യാനായി പോരിനുവിളിക്കുന്ന ഉദ്യോഗച്ചൂടില്‍ വാരാന്ത്യത്തില്‍ തരപ്പെടുന്ന ഹിന്ദുസ്ഥാനി കച്ചേരിയോ കഥക്ക് ചുവടുകളോ ഹിന്ദി നാടകങ്ങളോ കണ്ണിനും മനസ്സിനും സൌഖ്യം തരുന്നു. ഇഷ്ടമാണ് ഇവയൊക്കെ, അല്ലെന്നല്ല. പക്ഷെ നേരത്തെ പറഞ്ഞ വൃശ്ചികക്കാറ്റിന്‍റെ മട്ടാണ്. തെളിച്ചുപറഞ്ഞാല്‍, കുളിര്‍മയുണ്ടെങ്കിലും കളിയരങ്ങുകളോളം നനവ്‌ അവയില്‍നിന്ന് കിട്ടുന്നുണ്ടോ എന്ന് ശങ്കിക്കുന്നു.

മുമ്പ്‌, സദനത്തില്‍ കളി കഴിഞ്ഞ് കൊച്ചുമുറിയില്‍ എത്തിയപാടെ മരജനലുകള്‍ രണ്ടും തുറന്നിടും. തലേരാത്രി അരങ്ങു കയറിയിറങ്ങിയ ഉത്തരീയങ്ങളും മറ്റ് ഉടയാടകളും പുറത്തെ മാവിന് തണലിനു അപ്പുറമുള്ള വെയിലത്ത് ഇട്ടിരിക്കുന്നത് കാണാം. കോപ്പറയോട് ചേര്‍ന്നുള്ള മുറ്റത്തും അഴക്കോലിലും അവയങ്ങനെ പല നിറത്തിലും ആകാരത്തിലുമായി മലര്‍ന്നും ഞാന്നും കിടക്കും. കഥകളിയോര്‍മകളെയും ആ വിധം ഇടയ്ക്കൊന്ന് കാറ്റുകൊള്ളിക്കുന്നത്‌ ഒരു സുഖമാണ്. ദു:ഖവുമാണ്.

(2003ലെ സദനം കഥകളി അക്കാദമി സുവര്‍ണ്ണജൂബിലീ സ്മരണികയില്‍ വന്ന കുറിപ്പിന്റെ കാലം പുതുക്കിയുള്ള ആവിഷ്കാരം.)

(വര – സ്നേഹ (snehae അറ്റ് gmail ഡോട്ട് com))

(തുടരും)


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder